ഹിന്ദുത്വക്ക് ചുവപ്പ് പരവതാനി വിരിക്കരുത്

‘‘ബൂർഷ്വയെ തോൽപിക്കാൻ ബൂർഷ്വയുടെ അപ്പനാകണം’’ എന്ന വാചകം ഒരു മലയാള സിനിമയിലെ പ്രതിനായകന്റെ ജൽപനമാണ്. അല്ല, ബൂർഷ്വാസിയെ പരാജയപ്പെടുത്താൻ അതല്ല മാർഗം. സമാനമാണ് ഹിന്ദുത്വയും. ഹിന്ദുത്വയെ തോൽപിക്കാൻ ഹിന്ദുത്വയുടെ അപ്പനായി വേഷമിട്ടുകൊണ്ട് കഴിയില്ല. ബ്രാഹ്മണ്യത്തിന്റെ സ്വാംശീകരണതന്ത്രം എന്തെന്നറിയുന്നവർ ആ നീക്കത്തിന്റെ അപകടത്തെ തുറന്നെതിർക്കും. ഹിന്ദുത്വയോട് സമരസപ്പെടുകയോ, രാജിയാവുകയോ ചെയ്യരുത്. കീഴടങ്ങിയാൽ നിങ്ങളെ അടപടലം അത് മൂടും.
ഹിന്ദുത്വ അജണ്ടയുടെ ഭാഗമായ ‘പി.എം ശ്രീ’ പദ്ധതി കേരളത്തിൽ നടപ്പാക്കാനുള്ള പിണറായി സർക്കാറിന്റെ തീരുമാനം തീർത്തും ആശങ്കയുളവാക്കുന്നതാണ്. കേന്ദ്രഫണ്ടായി ലഭിക്കേണ്ട 1500 കോടിയോളം രൂപ ‘വെറുതെ’ നഷ്ടപ്പെടുമെന്നും കുട്ടികൾക്ക് അതുവഴി കിട്ടേണ്ട നേട്ടങ്ങൾ നഷ്ടപ്പെടുമെന്നുമാണ് സർക്കാറിന്റെ ന്യായീകരണം.
പി.എം ശ്രീയിൽ ഒപ്പുവെക്കുന്നതോടെ, കേന്ദ്രം തടഞ്ഞുവെച്ച വിവിധ വിദ്യാഭ്യാസ ഗ്രാന്റുകൾ ലഭിക്കുമെന്നും പദ്ധതിയിലൂടെ മറ്റു വരുമാനങ്ങൾ സാധ്യമാകുമെന്നുമാണ് സർക്കാർ വാദിക്കുന്നത്. 2022 മുതൽ എസ്.എസ്.കെ ഉൾപ്പെടെ പദ്ധതികൾക്കായുള്ള കേന്ദ്രവിഹിതം ഇവിടേക്ക് വന്നിട്ടില്ല; 200 കോടിയോളം രൂപ ആ ഇനത്തിൽതന്നെ ലഭിക്കാനുണ്ട്. 2027ൽ പദ്ധതി അവസാനിക്കുമ്പോൾ 5000 കോടിക്കടുത്ത് തുക സംസ്ഥാനത്തിന് ലഭിക്കും. ഇത്രയും തുക വേണ്ടെന്നുവെക്കാനാകുമോ എന്നാണ് സർക്കാറും സി.പി.എമ്മും ചോദിക്കുന്നത്. പി.എം ശ്രീക്കുള്ള ധാരണാപത്രത്തിൽ ദേശീയവിദ്യാഭ്യാസ നയം നടപ്പാക്കുമെന്ന് ഒപ്പിട്ടുനൽകിയാൽ കേരളം പിന്നെ എൻ.ഇ.പിയിലെ കാവിവത്കരണ സ്വഭാവമുള്ള പരിഷ്കാരങ്ങൾ നടപ്പാക്കേണ്ടിവരും എന്നാണ് ഭരണമുന്നണിയിലെ പ്രധാനകക്ഷിയായ സി.പി.ഐയുടെ തന്നെ വാദം. വാസ്തവത്തിൽ, കടക്കെണിയിലും സാമ്പത്തിക പ്രതിസന്ധിയിലും ഉഴലുന്ന ഒരു സംസ്ഥാനത്തിന്റെ ഗതികേടുകൾ െവച്ചുനോക്കിയാൽ സി.പി.എമ്മിന്റെയും സർക്കാറിന്റെയും വാദത്തിൽ കഴമ്പ് തോന്നാം. എന്നാൽ, അതിലല്ല പ്രശ്നത്തിന്റെ കാമ്പ് കിടക്കുന്നത്.
വിദ്യാഭ്യാസ മേഖലയെ പൂർണമായും കാവിവത്കരിക്കുകയാണ് മോദിയുടെ പദ്ധതി. അതിന്റെ ആദ്യ ചുവടുകളിൽ ഒന്നായിരുന്നു ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി). അതിനെതിരെ നിലകൊണ്ട്, പൊതു വിദ്യാഭ്യാസ സംരക്ഷണത്തിനായി പ്രത്യേക പദ്ധതികൾതന്നെ സർക്കാർ ആവിഷ്‍കരിച്ചിരുന്നു. എൻ.ഇ.പി പദ്ധതിക്കെതിരെ ഏറ്റവും ശക്തമായ നിലപാടെടുത്തതും ഇടതുപക്ഷവും കേരളവുമായിരുന്നു. രാജ്യത്തെ 95 ശതമാനം സംസ്ഥാനങ്ങളും എൻ.ഇ.പി നടപ്പാക്കിയപ്പോൾ അതിൽനിന്ന് കേരളം മാറിനിന്നു. എന്നാൽ, ഇപ്പോൾ ദയനീയമായി സർക്കാർ കീഴടങ്ങിയിരിക്കുകയാണ്.
പി.എം ശ്രീ പദ്ധതി യാഥാർഥ്യമാകുന്നതോടെ, കേരളത്തിലെ 300ലധികം പൊതു വിദ്യാലയങ്ങൾ കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാകും. പൊതു വിദ്യാഭ്യാസ യജ്ഞത്തിലൂടെ മികവിന്റെ കേന്ദ്രമായി ഉയർത്തപ്പെട്ടവയായിരിക്കും അതിൽ പലതും. ആ വിദ്യാലയങ്ങളുടെ പേരിനു മുന്നിൽ ‘പി.എം ശ്രീ’ എന്നുകൂടി ചേർക്കേണ്ടിവരും; എൻ.ഇ.പിയുടെ കാവി പാഠ്യപദ്ധതികൾ പഠിപ്പിക്കേണ്ടിവരും. സമ്പൂർണമായും കാവിവത്കരിക്കപ്പെട്ട കരിക്കുലവും ബോധനരീതികളുമാണ് എൻ.ഇ.പിയുടേതെന്നത് സി.പി.എം തന്നെ ആവർത്തിക്കുന്നുണ്ട്. അപ്പോൾ പിന്നെ എങ്ങനെ അതിനോട് ഒത്തുപോകും.
ഇടതു സർക്കാർ ഹിന്ദുത്വയോട് രാജിയായിരിക്കുന്നുവെന്നതാണ് ആത്യന്തികമായി ഈ പി.എം ശ്രീ അധ്യായം വെളിപ്പെടുത്തുന്നത്. ഇപ്പോൾ വിരിച്ച ചുവപ്പ് പരവതാനിയിൽകൂടി കാവിപ്പട കടന്നുവരും. അത് നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തെയും പാഠ്യപദ്ധതികളെയും അടിമുടി തകർക്കും, കാവിവത്കരിക്കും. ഇവിടെ മുട്ടിലിഴയലല്ല വേണ്ടിയിരുന്നത്. നിവർന്നുനിന്ന് നിഷേധത്തിന്റെ, ധിക്കാരത്തിന്റെ സ്വരം ഉയർത്തുകയായിരുന്നു. അതായിരുന്നു അന്തസ്സ്, കൂടുതൽ ഉയർന്ന വിജയവും. സമയം വൈകിയിട്ടില്ല, തിരുത്താൻ ഇനിയും നേരമുണ്ട്.
------------
കുറിപ്പ്:
‘തുടക്കം’ എഴുതുമ്പോൾ, സി.പി.ഐ സമ്മർദത്തെ തുടർന്ന് ‘പി.എം ശ്രീ’ പദ്ധതിയിൽനിന്ന് പിൻമാറാൻ സർക്കാർ തീരുമാനിച്ചുവെന്നും ഇക്കാര്യം കാണിച്ച് കേന്ദ്രത്തിന് കത്ത് എഴുതുമെന്നുമുള്ള വാർത്തകൾ വരുന്നുണ്ട്.
