Begin typing your search above and press return to search.
proflie-avatar
Login

പി.കെ.ബി

P.K. Balakrishnan
cancel

പി.കെ. ബാലകൃഷ്ണന്റെ ജന്മശതാബ്ദി വർഷമാണിത്. അദ്ദേഹത്തിന്റെ പേരിൽ ഒരു പതിപ്പ് ഇറക്കുമ്പോൾ പുറംചട്ടയിലും ‘തുടക്ക’ത്തിലും എന്തുകൊണ്ട് ഒരു വിശേഷണം പതിവ് മട്ടിൽ ആദ്യമേ ചേർത്തില്ല എന്ന് സംശയം ചിലരിലെങ്കിലും ഉയരാം. കൃത്യമായ ഒരു വിശേഷണം എന്താണ് എന്ന് ‘തുടക്കക്കാരന്’ ഉറപ്പില്ലാത്തതിനാൽ തന്നെയാണത്.

‘മാധ്യമ’ത്തെ സംബന്ധിച്ച് അദ്ദേഹം ഞങ്ങളുടെ ആദ്യ ചീഫ് എഡിറ്ററാണ്. എന്നാൽ, അത് അദ്ദേഹത്തിന്റെ ‘കരിയറി’ൽ അവസാനം സ്വീകരിച്ച പദവിയാണ്. അതിനുമുമ്പുതന്നെ അദ്ദേഹം ചരിത്രകാരനായിരുന്നു, നോവലിസ്റ്റായിരുന്നു, വിമർശകനായിരുന്നു, സ്വാതന്ത്ര്യസമര സേനാനിയായിരുന്നു, രാഷ്ട്രീയ നിരീക്ഷകനായിരുന്നു, വാഗ്മിയായിരുന്നു. ചരിത്രകാരൻ എന്ന വിശേഷണംപോലും കൃത്യമല്ല, അദ്ദേഹം കീഴാള, ജനകീയ ചരിത്രകാരനായിരുന്നു. കേരള ചരിത്രത്തെ തന്നെ തിരുത്തിയെഴുതുകയായിരുന്നു അദ്ദേഹം. അക്കാദമിക് ലോകത്തെ പോലും തന്റെ ചരിത്രമെഴുത്തിന്റെ ബലത്തിൽ അദ്ദേഹം കശക്കിവിട്ടു, തിരുത്തിച്ചു.

ഉറങ്ങാത്ത മനീഷി എന്നാണ് പ്രഫ. എം. കെ. സാനു അദ്ദേഹത്തെ വിശേഷിപ്പിച്ചത്. സാനു മാസ്റ്റർ എഴുതിയ ജീവചരിത്രത്തിന്റെ തലക്കെട്ട് പിന്നീട് പലരും ആവർത്തിച്ചു. നിഷേധിയായ എഴുത്തുകാരൻ, ധിക്കാരി എന്നിങ്ങനെ പല വിശേഷണങ്ങൾ വേറെയും.ചിലർ കീഴാള വിമോചന പ്രത്യയശാസ്ത്രകാരൻ എന്നും വിളിച്ചു.

ജാതിവിരുദ്ധ പോരാട്ടങ്ങളുടെ ഭൂമികയിലാണ് ബാലകൃഷ്ണൻ കാലുകൾ ഉൗന്നിയത്. അതിന്റെ തീവ്രപക്ഷത്തുനിന്നാണ് അദ്ദേഹം ശ്രീനാരായണഗുരുവിനെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും രാജ്യത്തെ വിവിധ മൂവ്മെന്റുകളെയും നോക്കിക്കണ്ടതും ഇടപെട്ടതും. കീഴാള രാഷ്ട്രീയപക്ഷത്തുനിന്നാണ് അദ്ദേഹം തന്റെ ചിന്തയെയും അതുവഴി എഴുത്തിനെയും ഉറപ്പിച്ചത്. അതേ നിലപാട് തറയിലാണ് ടിപ്പു സുൽത്താന്റെ ജീവിതം എഴുതിയത്. സ്ത്രീപക്ഷ കാഴ്ചപ്പാടിന്റെ ഉയർന്ന രൂപം ‘ഇനി ഞാനുറങ്ങട്ടെ’യിൽ വായിക്കാം.

തീർത്തും കലാപകാരിയായിരുന്നു പി.കെ.ബി. വ്യവസ്ഥിതിയോട് സന്ധിയില്ലാത്ത കലഹം അദ്ദേഹം നടത്തി. അ​േതസമയം സൗമ്യമായി അധികാരങ്ങളിൽനിന്നും ആൾക്കൂട്ട ധൂർത്തിൽനിന്നും ആഡംബരങ്ങളിൽനിന്നും അകന്നുനിന്നു. അനാവശ്യമായി വേദികളിലേക്ക് പോയില്ല. താൻപ്രമാണിത്തം പ്രകടിപ്പിക്കാൻ ഒരു നിമിഷവും ഉപയോഗിച്ചില്ല.

കേരള ചരിത്രവും സംസ്കാരവും പഠിക്കുന്ന ഒരാൾക്ക്, സാംസ്കാരിക വിമർശനത്തിന്റെ രൂപങ്ങൾ സ്വായത്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക്, ജാതിവിരുദ്ധ പ്രസ്ഥാനങ്ങൾക്ക്, കീഴാള മുന്നേറ്റങ്ങൾക്ക്, ജനപക്ഷ പത്രപ്രവർത്തനത്തിന് പി.കെ. ബാലകൃഷ്ണനെ അവഗണിച്ചോ ചാടിക്കടന്നോ പോകാൻ കഴിയില്ല. കാരണം അതിലെല്ലാം ഇഴുകിച്ചേർന്ന്, മാറ്റിമറിച്ച, ഇടപെട്ട ഒരാളുടെ സംഭാവനകൾ ഉൾക്കൊണ്ടേ മുന്നോട്ടുപോകാനാവൂ. അതുതന്നെയാണ് പി.കെ.ബി. വിശേഷണങ്ങൾക്ക് തീർത്തും അതീതൻ. ഈ പതിപ്പ് പി.കെ.ബിയുടെ സംഭാവനകളെയും ജീവിതത്തെയും ചില കോണുകളിൽ നിന്നെങ്കിലും കോറിയിടാനുള്ള ഒരു ശ്രമമാണ്. അതേ സാധ്യമാകൂ. അത്രയേ കഴിയൂ.

Show More expand_more
News Summary - P.K. Balakrishnan's birth centenary