സിനിമയുടെ നവയൗവനം

ചരിത്രം നോക്കിയാൽ, അത് ഏത് ദേശത്തും ഏത് കാലത്തുമാവട്ടെ, സിനിമയെ ചലിപ്പിച്ചത് ചെറുപ്പക്കാരായ ചലച്ചിത്രപ്രവർത്തകരാണ് എന്നു കാണാം. മുതിർന്നവരും തല നരച്ചവരും സിനിമയുടെ തലവര മാറ്റിയിട്ടില്ലെന്നല്ല. എന്നാൽ, യൗവനം മാറ്റിമറിച്ചതുപോലെ സിനിമയെ ഇന്നോളം ആരും മാറ്റിയിട്ടില്ല.
ഇപ്പോൾ മലയാളത്തിലടക്കം പുതിയ യൗവനം കടന്നുവന്നിരിക്കുന്നു. സമീപനാളിൽ ഇറങ്ങിയ ‘എക്കോ’ തന്നെ എടുക്കാം. പ്രമേയത്തിൽ, ചലച്ചിത്രത്തിന്റേതായ ഭാഷയിൽ, ഛായാഗ്രഹണത്തിൽ എല്ലാം ആ സിനിമയുടെ അണിയറപ്രവർത്തകർ തങ്ങൾ വെട്ടിയ വേറിട്ട വഴിയിലൂടെ സഞ്ചരിക്കുന്നു. ‘എക്കോ’ സിനിമയിൽ മാത്രമല്ല, പൂർണമായി കമേഴ്സ്യൽ ചിത്രമായ ‘ലോക’ പോലും മലയാളം ഇന്നുവരെ കണ്ട പരീക്ഷണങ്ങളിൽ മറ്റൊരു വഴിത്തിരിവാണ്. ശിവരഞ്ജിനി ഒരുക്കിയ ‘വിക്ടോറിയ’യെ അഭിവാദ്യംചെയ്യേണ്ടതുണ്ട്.
കഴിഞ്ഞ കുറെ നാളായി ചെറുപ്പക്കാർ മികച്ച സിനിമ ഒരുക്കുന്നുണ്ട്. ചെറിയ ബജറ്റിൽ, ചെറിയ കഥകൾ പറയാനോ വലിയ ബജറ്റിൽ വലിയ കഥകൾ പറയാനോ അവർക്ക് മടിയില്ല. പുതിയ സാധ്യതകൾ തിയറ്റർ അടക്കം സകലമാന രംഗത്തുവന്നതും ഈ ചെറുപ്പക്കാർ വിദഗ്ധമായി പ്രയോജനപ്പെടുത്തുന്നു. വേറിട്ട നാടുകളിൽനിന്ന് ആരും പറയാത്ത കഥകൾ പറയുന്നു. അവർ രാഷ്ട്രീയമായി സത്യസന്ധരാണ്, കൃത്യതയുള്ളവരാണ്. പത്തു വർഷം മുമ്പുള്ള മലയാള സിനിമയല്ല ഇന്നത്തെ മലയാള സിനിമ.
ഇത് മലയാളത്തിൽ മാത്രമല്ല സംഭവിച്ചിട്ടുള്ളത്, ബോളിവുഡിലും ലോകസിനിമയിലും എല്ലാം യൗവനം നിറഞ്ഞാടുന്നുണ്ട്. സിനിമയുടെ പശ്ചാത്തല സംഗീതത്തിൽ, എഡിറ്റിങ്ങിൽ, നിർമാണത്തിൽ, ചിത്രീകരണത്തിൽ എല്ലാം ഈ യൗവനം സിനിമക്ക് പുതിയ കുതിപ്പ് നൽകുന്നു. ഐ.എഫ്.എഫ്.ഐയിൽ പ്രദർശിപ്പിക്കപ്പെട്ട സിനിമകളിൽ പലതും നമ്മെ ഈ രീതിയിൽ പിടിച്ചുലക്കുന്നതാണ്. അവ പ്രതീക്ഷയ്ക്ക് മേൽ പതിക്കുന്ന വെളിച്ചനൂലുകളാണ്...
സിനിമയുടെ പ്രചാരണ സാധ്യതകൾ അപാരമാണ്. മറ്റൊരു മാധ്യമത്തിനും സാധ്യമല്ലാത്ത വിധത്തിൽ സിനിമക്ക് സമൂഹമനസ്സിനെ സ്വാധീനിക്കാനും ചലിപ്പിക്കാനുമാകും. അതിനാൽ, സിനിമ പുതിയകാലത്ത് ഭരണകൂടത്തിന്റെയും പ്രതിലോമശക്തികളുടെയും ആയുധമാവുന്നുണ്ട്. ബോധപൂർവം സിനിമയെ പിടിച്ചെടുക്കാനും സെൻസറിങ്ങിലൂടെയും മറ്റും തങ്ങളുടെ പ്രചാരണ ടൂൾ ആക്കാനും ശ്രമമുണ്ട്. ഇന്ത്യയിൽ ഹിന്ദുത്വശക്തികൾ അത്തരം നീക്കം ഏറെ നാളായി നടത്തിവരുന്നുണ്ട്. എന്നാൽ പ്രതീക്ഷ പുതിയ ചെറുപ്പക്കാരിലാണ്. അവർ സിനിമ എന്ന മാധ്യമത്തിന്റെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക ഉത്തരവാദിത്തം മനസ്സിലാക്കി പ്രവർത്തിക്കാൻ ശ്രമിക്കുന്നുണ്ട്. അവർ വലിയ ചെറുത്തുനിൽപുകൾ സിനിമയിലൂടെ നടത്തുന്നുണ്ട്. അതിനിയും മുന്നോട്ടുപോകുമെന്ന കാര്യം ഉറപ്പ്. സിനിമയിലെ നവ യൗവനം ശാശ്വതമായി തുടരണമെന്ന ആഗ്രഹവും പ്രതീക്ഷയുമാണ് ഈ പ്രത്യേക ലക്കം പങ്കുവെക്കുന്നത്. ആ യൗവനത്തിനൊപ്പം എന്നും നിലകൊള്ളാനും ആഴ്ചപ്പതിപ്പ് ആഗ്രഹിക്കുന്നു.
