നെതന്യാഹു പോയോ? എങ്കിൽ അത്രയും നല്ലത്
camera_altബിന്യമിൻ നെതന്യാഹു
ഇസ്രായേലിൽ നടന്ന തെരഞ്ഞെടുപ്പിൽ യുദ്ധകുറ്റവാളിയായ ബിന്യമിൻ നെതന്യാഹുവിന് തിരിച്ചടി (പരാജയം എന്ന് പറയരുത്) എന്നത് ചെറിയ കാര്യമില്ല. രക്തക്കൊതിയനായ ഭരണാധികാരിക്ക് കിട്ടിയ ഏത് പ്രഹരവും നല്ല കാര്യം. പക്ഷേ, ഇസ്രായേൽ അടപടലം മാറുമെന്ന് കരുതരുത്. അത്രയും മിഥ്യാബോധം ലോകത്തിനില്ല എന്നത് ആശ്വാസകരം.
മന്ത്രിസഭ രൂപവത്കരിക്കാൻ പ്രസിഡന്റ് ഇസാക് ഹെർസോഗ്, പ്രതിപക്ഷ യാഷർ പാർട്ടി അധ്യക്ഷൻ ഗാദി ഐസൻകോട്ടിനെ ക്ഷണിച്ചിട്ടുണ്ട്. 19 അറബ് പ്രതിനിധികളടക്കം 67 പേർ ഐസൻകോട്ടിനെ പ്രസിഡന്റ് പദത്തിലേക്ക് പിന്തുണച്ചു. 46 പേരുടെ പിന്തുണ മാത്രമേ നെതന്യാഹുവിന് ലഭിച്ചുള്ളൂ. മുൻ സൈന്യത്തലവനാണ് ഐസൻകോട്ട്. സർക്കാർ രൂപവത്കരണത്തിന് നാലാഴ്ച സമയം അദ്ദേഹത്തിന് പ്രസിഡന്റ് അനുവദിച്ചിട്ടുണ്ട്. അതിനകം സർക്കാറുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ സമയപരിധി രണ്ടാഴ്ചകൂടി നീട്ടിക്കൊടുക്കും. അവിടെയും പരാജയപ്പെട്ടാൽ പിന്നെ രണ്ടാം സ്ഥാനക്കാരനും മൂന്നാമനുമൊക്കെ ഇതുപോലെ അവസരം നൽകും. അതൊരു ഭീഷണിയാണ്. അവിടെയും സാധ്യത തെളിഞ്ഞില്ലെങ്കിൽ വീണ്ടും തെരഞ്ഞെടുപ്പ് നടക്കും.സർക്കാർ രൂപവത്കരണത്തിനുള്ള ക്ഷണം കിട്ടിയതുകൊണ്ടുമാത്രം ഐസൻകോട്ടിന് ആശ്വസിക്കാനാവില്ല എന്നതാണ് സത്യം. അതുകൊണ്ട് നെതന്യാഹു പോയി എന്നു പറഞ്ഞ് ആശ്വസിക്കാനും വയ്യ.
നെതന്യാഹുവിന്റെ ലികുഡ് കക്ഷി നയിക്കുന്ന മുന്നണിയുടെ അംഗബലം 53 ആണ്. 2022ലെ 64ൽ നിന്ന് എട്ടു സീറ്റ് കുറഞ്ഞു. 21 കിട്ടിയ ഐസൻകോട്ടിന്റെ യാഷർ പാർട്ടിയേക്കാൾ ആറു സീറ്റ് അധികം നേടിയ ലികുഡ് തന്നെയാണ് ഇപ്പോഴും ഏറ്റവും വലിയ ഒറ്റക്കക്ഷി. പ്രസിഡന്റിന്റെ ക്ഷണം സ്വീകരിച്ച ഐസൻകോട്ട് സഖ്യം വിപുലീകരിക്കാനുള്ള ശ്രമത്തിലാണ്. ഈ മുന്നണി ഗസ്സയിലെ അധിനിവേശത്തിലടക്കം മെച്ചപ്പെട്ട നിലപാടുള്ളവരാണ് എന്നു കരുതരുത്. നെതന്യാഹുവിരോധം മാത്രമാണ് ഐക്യത്തിലെ പൊതുഘടകം.
വലതുപക്ഷ കക്ഷികൾ േചർന്നാലും ഇവർക്ക് 48 സീറ്റേയുള്ളൂ. പിന്നെ അറബി കക്ഷികൾ നിർണായകമാണ്. അതിൽ റഅം പാർട്ടിയും അറബി ജൂത കക്ഷി ഹദാശ്, ഇസ്രായേലിലെ ഫലസ്തീൻ അവകാശങ്ങൾക്കായുള്ള തആൽ, ബലദ് എന്നീ പാർട്ടികളുടെ കൂട്ടുകെട്ടായ ജോയിന്റ് ലിസ്റ്റും ഐസൻകോട്ടിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അവരുടെ പിന്തുണകൂടി ചേരുമ്പോൾ പ്രതിപക്ഷ മുന്നണിയുടെ കരുത്ത് 67 സീറ്റുകളിലെത്തും. എന്നാൽ, അറബി പാർട്ടികളെ ഒന്നിനെയും സഖ്യത്തിലേക്ക് അടുപ്പിക്കേണ്ട എന്നതാണ് ജയിച്ച മുന്നണിയുടെ തീരുമാനം. ഇത്തരം പലതരം ആശയക്കുഴപ്പങ്ങൾ ഐസൻകോട്ടിന് പ്രതികൂലമാണ്. അറബി കക്ഷികളുടെ പിന്തുണയില്ലാതെ, ജൂതസംഘടനകളുടെ മാത്രം സംഘാതമായ ഗവൺമെന്റാണ് ഇപ്പോൾ ഭരണം ലക്ഷ്യമിട്ടുനീങ്ങുന്ന പ്രതിപക്ഷ മുന്നണിയുടെ ആഗ്രഹം. അത്തരത്തിലുള്ള പ്രചാരണത്തിലൂടെ ലികുഡ് പാർട്ടിയിലെ നെതന്യാഹു വിരുദ്ധ ആശയഗതിക്കാരും മറുകണ്ടം ചാടി ഒപ്പംവരുമെന്നാണ് പ്രതീക്ഷ.
പരാജയവും തുടർന്ന് അധികാരത്തിൽ നിന്നുള്ള നിഷ്കാസനവും നെതന്യാഹുവിന് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. അറബി കക്ഷികൾ 19 സീറ്റുകളിൽ നേടിയ വിജയവുംആകെ ഭ്രാന്തെടുത്ത അവസ്ഥയിൽ അയാളെ എത്തിച്ചിട്ടുണ്ട്. അറബ് വോട്ടുകളിൽ കൃത്രിമം നടന്നതായി ആരോപിച്ച് നെതന്യാഹുവും സഖ്യകക്ഷികളും ഫലം വന്നതിൽ പിന്നെ കൊണ്ടുപിടിച്ച പ്രചാരണത്തിലായിരുന്നു. എന്നാൽ, അതെല്ലാം കളവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഗസ്സ വംശഹത്യക്കെതിരായി രാജ്യത്തിനകത്തുനിന്നുതന്നെ വന്ന ശക്തമായ പ്രതിഷേധം കൂടി വോട്ടായി മാറിയതാണ് തെരഞ്ഞെടുപ്പ് ഫലം നെതന്യാഹുവിനെതിരായത് എന്ന കാര്യം സുവ്യക്തം. പക്ഷേ, അത് ഇപ്പോൾ എല്ലാവരും മറക്കുന്നതായി തോന്നുന്നു. അതിനർഥം ഇസ്രായേൽ മാറില്ലെന്ന് തന്നെയാണ്. പക്ഷേ, രക്തദാഹിക്ക് കിട്ടിയ തിരിച്ചടിയിൽ സന്തോഷിക്കുകതന്നെ വേണം.
