Begin typing your search above and press return to search.
proflie-avatar
Login

ഹിമാലയൻ ദുരന്തം

ഹിമാലയൻ ദുരന്തം
cancel

നേപ്പാളിലും തിബത്തിലും അടുത്തിടെയുണ്ടായ പ്രളയം അതിഭീകരമായിരുന്നു. നാശത്തിന്റെ കണക്കുകൾ ഇനിയും പൂർണമായി ലഭ്യമായിട്ടില്ല. മരണം 1100ലേറെ എന്നാണ് അനുമാനം.

ഹിമാലയൻ മലനിരകളിൽനിന്നുള്ള കൂറ്റൻ മഞ്ഞുപാളികൾ പൊട്ടിപ്പിളർന്നു പതിച്ചതി​ന്റെ ആഘാതത്തിലുണ്ടായ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലുമാണ് നേപ്പാളിലും തിബത്തിലും വൻ നാശം വിതച്ചത്. നേപ്പാളിലെ മിന്നൽ പ്രളയത്തിൽനിന്ന് ഇതുവരെ 163 ഇന്ത്യക്കാരെയാണ് രക്ഷിച്ചത്. അതേസമയം, കാണാതായ മലയാളികളെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. മുപ്പതോളം രാജ്യങ്ങളിൽനിന്നുള്ള ആയിരത്തിലേറെ പേർ അപായത്തിൽപെട്ടു. നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിനെയും തിബത്തിലെ ലാസയെയും ബന്ധിപ്പിക്കുന്ന ഭോട്ട്കോശി നദീ താഴ്വാരം മലവെള്ളപ്പാച്ചിൽ നക്കിത്തുടച്ചു.

കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് ഹിമാലയൻ മഞ്ഞുപാളികളുടെ കൂറ്റൻ പതനമാണ് വൻ വിപത്തിനിടയാക്കിയതെന്നാണ് ഏ​റക്കുറെ സ്ഥിരീകരിക്കപ്പെട്ട വിവരം. ഹിമാലയൻ മഞ്ഞുമലനിരകളിൽനിന്ന് മഞ്ഞും പാറയും ചളിമണ്ണും ചേർന്ന വൻ ഹിമപാളികൾ താഴോട്ടു പതിച്ചതിനെ തുടർന്നുണ്ടായ ഭൂകമ്പസമാനമായ സാഹചര്യം റസുവ, നുവാകോട്ട് ജില്ലകളെയൊന്നാകെ വിഴുങ്ങി.

പാറയും മണ്ണും, നൂറ്റാണ്ടുകളോളമുള്ള പ്രക്രിയയിൽ ഉറഞ്ഞുറച്ചുണ്ടായ കുത്തനെയുള്ള മലഞ്ചരിവുകളോടുകൂടിയ ഹിമാലയൻ മേഖല ദുരന്തസാധ്യത കൂടിയ ഭൂഭാഗമാണ്. അന്തരീക്ഷ ഊഷ്മാവ് വർധിക്കു​മ്പോൾ ഈ മലഞ്ചരിവുകൾ ഉരുകിയൊലിച്ച് അസ്ഥി​രപ്പെടും. ഒരു ഭൂകമ്പമോ ഭ്രംശങ്ങളോ വന്നുപെടുമ്പോൾ ഈ അവശിഷ്ടങ്ങളൊന്നായി താഴോട്ട് പൊട്ടിത്തകർന്നുവീഴും. ആർട്ടിക്, അന്റാർട്ടിക് മേഖലകൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മഞ്ഞുസംഭരണികൾ അടങ്ങുന്നതാണ് ഹിമാലയം. മഞ്ഞുപാളികൾ ഉരുകിയൊലിച്ചുണ്ടായ മഞ്ഞുതടാകങ്ങൾ കരകവിഞ്ഞു താഴോട്ടൊഴുകിയും ദുരന്തമുണ്ടാവാറുണ്ട്.കഴിഞ്ഞ വർഷം ​ഇത്തരമൊരു സംഭവത്തിൽ നേപ്പാളിൽ ഒമ്പതുപേർ മരിച്ചു. ഉത്തരാഖണ്ഡിലെ ​ചമോലിയിലും ധരാലിയിലും സിക്കിമിലുമൊ​ക്കെ ഹിമാലയൻ ദുരന്തങ്ങൾ ആവർത്തിക്കപ്പെട്ടു.

ഭോട്ട്കോശി നദി തീർത്ത മലവെള്ള പ്രളയദുരന്തം സമീപകാലത്തെ ഏറ്റവും മാരകമാണ് എന്നാണ് വിദഗ്ധർ പറയുന്നത്. ഇനിയും ഇതിന്റെ ആവൃത്തി കൂടിവരാനാണ് സാധ്യതയെന്നും അതേക്കുറിച്ച് മുൻകൂട്ടി പ്രവചിക്കാനാവില്ലെന്നുകൂടി വിദഗ്ധർ പറയുമ്പോൾ സ്ഥിതി കൂടുതൽ ആശങ്കജനകമാവുകയാണ്. ഇത്തരം ദുരന്തങ്ങൾ മുൻകൂട്ടിയറിയാനുള്ള സംവിധാനങ്ങൾ ഇന്ത്യയിൽ ലഭ്യമല്ല. ആ​ഗോളതാപനത്തെ തുടർന്ന് ക്രമാതീതമായ മഞ്ഞുരുക്കം വ്യാപകമായിരി​ക്കെ മഞ്ഞുപാളി നിമിത്ത ദുരന്തങ്ങൾ ആവർത്തിക്കപ്പെടുമെന്നു തന്നെയാണ് മുന്നറിയിപ്പ്.

ഹിമാലയൻ മഞ്ഞുമലകളുരുകിയൊലിച്ചെത്തുന്ന വെള്ളമാണ് നേപ്പാൾ, പാകിസ്താൻ, ഇന്ത്യ, ചൈന അടക്കമുള്ള രാജ്യങ്ങളിലെ നദികൾ നിറക്കുന്നത്. ശതകോടി ജനങ്ങളാണ് ഈ നദികളിലെ ജലത്തെ ആശ്രയിക്കുന്നത്. പ്രളയഭീഷണി പോലെതന്നെ മഞ്ഞുപാളികൾ നേർത്താൽ ജലദൗർലഭ്യമായിരിക്കും മറ്റൊരു കെടുതി. അതുകൊണ്ട് സുസ്ഥിരമായൊരു മാനേജ്മെന്റ് സംവിധാനത്തിന് ലോകരാഷ്ട്രങ്ങളുടെ മു​ൻകൈയിൽ ശ്രമമുണ്ടായേ തീരൂ.

നദീതീരങ്ങളിലെയും മലമടക്കുകളിലെയും നിർമാണ പ്രവൃത്തികൾ, നദി കൈയേറ്റങ്ങൾ, പരിസ്ഥിതി ലോല പ്രദേശങ്ങളിലെ അനധികൃത നിർമാണങ്ങൾ തുടങ്ങിയവയിൽ നിയന്ത്രണം വേണം. ആഗോളതാപനത്തിന് എതിരെ നിലവിലെ സംവിധാനങ്ങൾ പോരാ. ഹിമാലയത്തെയും കോടിക്കണക്കിന് ജനങ്ങളെയും സംരക്ഷിക്കാൻ കൂടുതൽ ശാസ്ത്രീയ നടപടി വേണം. മഞ്ഞുമലയുടെ അറ്റമല്ല, ആഴമാണ് തേടേണ്ടത്.

Show More expand_more
News Summary - Nepal Flood Wipes Out Bhotekoshi Valley