മുനിയുടെ മതം

നാരായണ ഗുരുകുലത്തിന്റെ അധ്യക്ഷനും ആത്മീയാചാര്യനുമായ മുനി നാരായണ പ്രസാദിന്റെ ഭൗതികദേഹം ഇനി നമുക്ക് ഒപ്പമില്ല. ഏപ്രിൽ 25ന് അദ്ദേഹം വിടവാങ്ങിയിരിക്കുന്നു. എന്നാൽ, അദ്ദേഹം പകർന്നുനൽകിയ ജ്ഞാനത്തിന്റെ വിളക്കുകൾ കെടാതെ, മങ്ങാതെ അതിന്റെ ദൗത്യം കൂടുതൽ നന്നായി നിർവഹിക്കുക തന്നെചെയ്യും. മതേതര കേരളത്തിന്, വെല്ലുവിളികൾ നേരിടുന്ന മതസൗഹാർദത്തിന് തീരാനഷ്ടമാണ് മുനിയുടെ വിയോഗം.
നാരായണ ഗുരുവിന്റെ ചിന്താധാരയുടെ ശരിയായ പൈതൃകത്തിനുടമയായിരുന്നു മുനി നാരായണ പ്രസാദ്. ഗുരുവിനെപ്പോലെ മുനിയും സംസാരിച്ചത് മൊത്തം മനുഷ്യസമൂഹത്തോടാണ്. ലോക സമാധാനത്തെയും മനുഷ്യർക്കിടയിലെ അനന്തമായ നന്മയെയും അതിന്റെ ആവശ്യകതയെയും കുറിച്ചാണ് മുനി എന്നും സംസാരിച്ചത്. മുനിയുടെ മതം വിശ്വസാഹോദര്യമായിരുന്നു, കാരുണ്യമായിരുന്നു, നീതിയായിരുന്നു, സത്യമായിരുന്നു. അദ്ദേഹം ഗുരുവിനെപ്പോലെ വാദിക്കാനോ ജയിക്കാനോ ഉള്ള ബൗദ്ധികവ്യാപാരത്തിൽ ഏർപ്പെട്ടില്ല. പകരം, അറിയാനും അറിയിക്കാനും വേണ്ടിയുള്ള ജീവിതസമരത്തിൽ ഏർപ്പെട്ടു.
നടരാജഗുരുവിന്റെയും നിത്യചൈതന്യയതിയുടെയും പിൻഗാമിയായി ഗുരുകുലധർമം സ്തുത്യർഹമായരീതിയിൽ മുനി നിർവഹിച്ചു. 1999ൽ നിത്യ ചൈതന്യ യതിയുടെ മരണത്തോടെയാണ് ഗുരുകുലത്തിന്റെ ഉത്തരവാദിത്തം മുനിയുടെ ചുമലിലാകുന്നത്. ലാളിത്യമാർന്ന ജീവിതത്തിലൂടെ ജ്ഞാനത്തിന്റെ പ്രചാരകനായി അദ്ദേഹം. ഗുരുകുലത്തിെന്റ പാരമ്പര്യത്തിൽനിന്നും രീതികളിൽനിന്നും ഒട്ടും മാറാതെ, നാരായണ ദർശനത്തെയും ബ്രഹ്മവിദ്യയെയും പഠിപ്പിച്ചുകൊണ്ട് പ്രചരിപ്പിച്ചു.
മുനിയുടെ വിയോഗം കാലം അദ്ദേഹത്തെ വളരെയധികം ആവശ്യപ്പെടുന്ന കാലത്താണ് എന്നതാണ് വാസ്തവം. ഗുരുവിൽനിന്ന് അദ്ദേഹത്തിന്റെ പേരിലുള്ള പ്രസ്ഥാനം വളരെയധികം അകന്നുപോയിരിക്കുന്ന കാലമാണിത്. എസ്.എൻ.ഡി.പിയുടെ നേതൃപദവിയിലിരുന്ന് അന്യമതവിദ്വേഷവും അപരവിരോധവും തുടർച്ചയായി പ്രചരിപ്പിക്കപ്പെടുന്ന നാളുകളിലൂടെയാണ് കേരളം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഈ വിദ്വേഷം ഹിന്ദുത്വക്ക് വളവും വെള്ളവും ചൊരിയുന്നത് എല്ലാവരും കാണുകയും അറിയുകയും ചെയ്യുന്നുണ്ട്. ഇവിടെയാണ് മുനി തീർത്തും വ്യത്യസ്തനായത്.
ഗുരുവിന്റെ പാത ഏതെന്ന് മുനി ഓരോ നിമിഷവും ഓർമിപ്പിച്ചു. ബ്രാഹ്മണ്യത്തിന്റെ നടപ്പുരീതികളെയും ചെയ്തികളെയും തന്റെ അനുശാസനകളിലൂടെ അദ്ദേഹം നിഷേധിച്ചു. ഗുരുവിന്റെ ചിന്തകൾ പിന്തുടരുന്നതിലൂടെ ആധുനിക കാലത്തും ഈ കലുഷിത കാലത്തും നമ്മൾ നേരിടുന്ന പ്രശ്നങ്ങൾക്ക് ഉത്തരമുണ്ടെന്ന് മുനി പറഞ്ഞുകൊണ്ടിരുന്നു.
എഴുത്തിന്റെയും ബൗദ്ധികചിന്തയുടെയും ലോകത്ത് മുനി അതുല്യനായിരുന്നു. നാരായണ ഗുരുവിന്റെ എല്ലാ കൃതികൾക്കും ഇംഗ്ലീഷിലും മലയാളത്തിലും മുനി ഭാഷ്യങ്ങൾ തീർത്തിരുന്നു. ‘അല്ലാഹുവിന്റെ നാമത്തിൽ’ തുടങ്ങി കൃതികൾ വേറെ. വിനയത്തിന്റെ ഭാഷയിൽ എഴുതിയ ആത്മകഥയും വായിക്കപ്പെടേണ്ടതുതന്നെ. നിശ്ശബ്ദനായി, ഏകാകിയായി, ജ്ഞാനവിദ്യാർഥിയായി മുനി നാരായണ പ്രസാദ് നിർവഹിച്ച ദൗത്യം, അദ്ദേഹത്തിന്റെ ‘മതം’ കൂടുതൽ ഉയരങ്ങളിലെത്തട്ടെ; കൂടുതൽ വിശാലമായി പടരട്ടെ.
