Begin typing your search above and press return to search.
proflie-avatar
Login

അടുത്തതും വരുന്നു

അടുത്തതും വരുന്നു
cancel

ഹിന്ദുത്വയുടെ നടത്തിപ്പുകാർക്ക് എന്നും അജണ്ടയുണ്ടായിരുന്നു. അവരത് 'ഭംഗി'യായും 'വെടിപ്പായും' നടപ്പാക്കാൻ വിദഗ്ധരുമാണ്. ജാതിയുടെയും ബ്രാഹ്മണ്യ പ്രത്യയശാസ്ത്രത്തിന്‍റെയും സങ്കീർണതകളിൽ അമർന്ന ഒരു രാജ്യത്ത് അവർക്കത് സാധ്യമാകുന്നത് അസാമാന്യമായ മെയ് വഴക്കംകൂടി പ്രകടിപ്പിച്ചാണ്. അപരമതവിദ്വേഷത്തിന്‍റെ നടത്തിപ്പുകാർ വംശീയ ഉന്മൂലനമാണ് ലക്ഷ്യമിടുന്നത്. അവരുടെ 'ലോജിക്' പലപ്പോഴും 'പൊതു'സമൂഹത്തിന് സ്വീകാര്യമായിരിക്കുകയുംചെയ്യും. സ്വാതന്ത്ര്യം കിട്ടിയിട്ട് ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും എന്തുകൊണ്ട് ഒറ്റ സിവിൽ കോഡ് ഇല്ല എന്നഅവരുെട വാദവും പൊതുകാഴ്ചയിൽ പ്രശ്നഭരിതമാണ്. ശരിയാണല്ലോ എന്നാവും ആദ്യം...

Your Subscription Supports Independent Journalism

View Plans

ഹിന്ദുത്വയുടെ നടത്തിപ്പുകാർക്ക് എന്നും അജണ്ടയുണ്ടായിരുന്നു. അവരത് 'ഭംഗി'യായും 'വെടിപ്പായും' നടപ്പാക്കാൻ വിദഗ്ധരുമാണ്. ജാതിയുടെയും ബ്രാഹ്മണ്യ പ്രത്യയശാസ്ത്രത്തിന്‍റെയും സങ്കീർണതകളിൽ അമർന്ന ഒരു രാജ്യത്ത് അവർക്കത് സാധ്യമാകുന്നത് അസാമാന്യമായ മെയ് വഴക്കംകൂടി പ്രകടിപ്പിച്ചാണ്. അപരമതവിദ്വേഷത്തിന്‍റെ നടത്തിപ്പുകാർ വംശീയ ഉന്മൂലനമാണ് ലക്ഷ്യമിടുന്നത്. അവരുടെ 'ലോജിക്' പലപ്പോഴും 'പൊതു'സമൂഹത്തിന് സ്വീകാര്യമായിരിക്കുകയുംചെയ്യും.

സ്വാതന്ത്ര്യം കിട്ടിയിട്ട് ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും എന്തുകൊണ്ട് ഒറ്റ സിവിൽ കോഡ് ഇല്ല എന്നഅവരുെട വാദവും പൊതുകാഴ്ചയിൽ പ്രശ്നഭരിതമാണ്. ശരിയാണല്ലോ എന്നാവും ആദ്യം ഉയരുന്ന ചിന്ത. ഏക സിവിൽ േകാഡ് അല്ല, അതിനു പിന്നിലൂടെ ഒരു വംശഹത്യാ മാസ്റ്റർപ്ലാനാണ് ഹിന്ദുത്വ ഒരുക്കുന്നത്. ഇപ്പോഴവർ വീണ്ടും ഏക സിവിൽ കോഡ് വാദം പൊടിതട്ടി എടുത്തിട്ടുണ്ട്. അടുത്ത തെരഞ്ഞെടുപ്പിൽ ഇതുവഴി ഹിന്ദുസമൂഹത്തെ കൂടുതൽ വർഗീയവത്കരിക്കാനും ധ്രുവീകരണം സാധ്യമാക്കാനുമാണ് യഥാർഥ ശ്രമം.

2023ൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളും 2024ലെ ലോക്സഭ തെരഞ്ഞെടുപ്പും മുന്നിൽകണ്ടാണ് നീക്കം. പൗരത്വ ഭേദഗതി, മുത്തലാഖ് നിരോധനം, രാമക്ഷേത്ര നിർമാണം, ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയൽ എന്നിവക്കുശേഷം ഇപ്പോൾ എടുത്തുയർത്തുന്ന ഏക സിവിൽകോഡ് അതിനാൽതന്നെ തുറന്ന് എതിർക്കപ്പെടണം.

ബി.ജെ.പി ഭരണത്തിലുള്ള സംസ്ഥാനങ്ങൾ സ്വന്തം നിലക്ക് ഏക സിവിൽ കോഡ് നടപ്പാക്കലുമായി മുന്നോട്ടുപോവുകയാണ്. ഉത്തരാഖണ്ഡിൽ ഏക സിവിൽകോഡ് നടപ്പാക്കാനുള്ള തീരുമാനം മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പ്രഖ്യാപിച്ചിട്ടുണ്ട്. ഹിമാചൽപ്രദേശ് മുഖ്യമന്ത്രി ജയ്റാം ഠാകൂറും അതേ പാതയിൽ മുന്നോട്ടുപോകുന്നു. യു.പിയിലും ഏക സിവിൽകോഡ് നടപ്പാക്കുമെന്ന് ഉപമുഖ്യമന്ത്രി മൗര്യ വ്യക്തമാക്കി. ആദ്യം ചില സംസ്ഥാനങ്ങളിൽ നടപ്പാക്കുകയും പിന്നീട് പാർലമെന്റിൽ ബില്ലവതരിപ്പിച്ച് ഒറ്റ നിയമം കൊണ്ടുവരുകയാണ് പദ്ധതി. വിവാഹം, വിവാഹമോചനം, സ്വത്തവകാശം, ദത്ത് മുതലായ വിഷയങ്ങളിൽ ഒരേ നിയമമാണ് ലക്ഷ്യം.

ഭരണഘടനയുടെ മാർഗദർശകതത്ത്വമായി 44ാം ഖണ്ഡികയിൽ രേഖപ്പെടുത്തിയിരിക്കുന്ന, രാജ്യത്തെയാകെ ഏക സിവിൽ കോഡിൽ ബന്ധിക്കാൻ നിയമനിർമാണം നടത്താൻ സ്റ്റേറ്റ് ബാധ്യസ്ഥമാണെന്നതാണ് ഹിന്ദുത്വവാദികൾ ഉയർത്തുന്ന ആദ്യ വാദമുഖം. മോദിസർക്കാർ തന്നെ നിയമിച്ച ജസ്റ്റിസ് ബി.എസ്. ചൗഹാൻ അധ്യക്ഷനായ നിയമ കമീഷൻ രാജ്യത്ത് ഏകീകൃത വ്യക്തിനിയമം അഭികാമ്യമല്ലെന്നാണ് വ്യക്തമാക്കിയത്. ഭരണഘടനപ്രകാരമുള്ള മൗലികാവകാശത്തെ ഖണ്ഡിക്കുന്നില്ലെന്ന് ഉറപ്പുവരുത്തി വ്യക്തിനിയമങ്ങളുടെ വൈവിധ്യം നിലനിർത്തുകയാണ് നല്ലത് എന്നും പറഞ്ഞിരുന്നു. അത് തള്ളിയാണ് ഇപ്പോൾ ബി.ജെ.പി മുന്നോട്ടുപോകുന്നത്.

ഏകത്വമല്ല, വൈവിധ്യമാണ് ഇന്ത്യയുടെ ശക്തി. വൈവിധ്യത്തെ, ബഹുസ്വരതയെ അംഗീകരിക്കലും ഉൾക്കൊള്ളലുമാണ് മഹത്ത്വം. വൈവിധ്യങ്ങളെ തകർക്കുന്ന ഏതൊരു നീക്കവും മൗലികാവകാശങ്ങളെ നിഷേധിക്കാനുള്ള ഏതൊരു ശ്രമവും ഈ രാജ്യത്തെ തകർക്കും. രാജ്യമുണ്ടാകും, ഇന്ത്യയെന്ന മഹത്തായ സങ്കൽപം ഉണ്ടാവില്ല.

News Summary - madhyamam weekly thudakkam