Begin typing your search above and press return to search.

ഗ്യാൻവാപി

ഗ്യാൻവാപി
cancel

നാണക്കേടാണ്. രാജ്യത്തിനു മാത്രമല്ല, മൊത്തം മതേതര സമൂഹത്തിനും. വാരാണസിയിൽനിന്നുള്ള ഹിന്ദുത്വനീക്കങ്ങൾ ഇനിയും അപമാനത്തിന്‍റെ പടുകുഴിയിൽ നമ്മെയെല്ലാം ആഴ്ത്താതിരിക്കട്ടെ. വാരാണസി ഗ്യാൻവാപി മസ്ജിദിൽ നമസ്കാരത്തിന് അംഗശുദ്ധി (വുദു) വരുത്താനുള്ള ജലസംഭരണി(വുദുഖാന)ക്ക് നടുവിൽ,...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages

നാണക്കേടാണ്. രാജ്യത്തിനു മാത്രമല്ല, മൊത്തം മതേതര സമൂഹത്തിനും. വാരാണസിയിൽനിന്നുള്ള ഹിന്ദുത്വനീക്കങ്ങൾ ഇനിയും അപമാനത്തിന്‍റെ പടുകുഴിയിൽ നമ്മെയെല്ലാം ആഴ്ത്താതിരിക്കട്ടെ.

വാരാണസി ഗ്യാൻവാപി മസ്ജിദിൽ നമസ്കാരത്തിന് അംഗശുദ്ധി (വുദു) വരുത്താനുള്ള ജലസംഭരണി(വുദുഖാന)ക്ക് നടുവിൽ, വെള്ളം എത്തിക്കാനുള്ള ഫൗണ്ടൻ ശിവലിംഗമാണെന്ന് 'ചിലർ' കണ്ടെത്തി. അവർ പറഞ്ഞത് യു.പി കോടതി ശരിവെച്ചു. ശിവലിംഗത്തിനു സംരക്ഷണം നൽകണെമന്നും അതു സംരക്ഷിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.

ആരാധനാലയങ്ങളുടെ സ്വഭാവം 1947 ആഗസ്റ്റ് 15ന് ഉള്ളതുപോലെ നിലനിർത്തണമെന്ന് 1991 െല പ്ലേസസ് ഓഫ് വർഷിപ് ആക്ട് പറയുന്നുണ്ട്. മറിച്ചുള്ള ഒരു വാദവും പരിഗണിക്കരുതെന്നാണ് അനുശാസനം. ആ പരിഗണന ഗ്യാൻവാപിയുടെ കാര്യത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല. അയോധ്യയിലെ ബാബരി മസ്ജിദിലും നമ്മൾ 'ചിലരുടെ' തന്ത്രങ്ങൾ കണ്ടതാണ്. 1949ല്‍ കെ.കെ. നായരുടെ സഹായത്തില്‍ ഹിന്ദുവര്‍ഗീയവാദികള്‍ ബാബരി മസ്ജിദില്‍ രാമന്റെ പ്രതിമ സ്ഥാപിച്ചത്. ഇപ്പോൾ മുസ്ലിം ആരാധനാലയത്തിൽ ശിവലിംഗമുണ്ടെന്നും വിഗ്രഹം ഉണ്ടെന്നും പറഞ്ഞാൽ അത് അടച്ചിടണമെന്ന് കോടതി നിർദേശിക്കുന്ന തലത്തിൽ എത്തിയിരിക്കുന്നു.

1669ൽ മുഗൾ ചക്രവർത്തി ഔറംഗസീബാണ് ഗ്യാൻവാപി പള്ളി നിർമിച്ചത്. അന്നുമുതൽ മുടക്കമില്ലാതെ നമസ്‌കാരം നടക്കുന്നതാണ് പള്ളി. 1780ലാണ് ഇന്ദോർ രാജ്ഞി അഹില്യ ഹോൽകർ പള്ളിക്കടുത്ത് കാശി വിശ്വനാഥ ക്ഷേത്രമുണ്ടാക്കുന്നത്. ഈ ചരിത്രമൊന്നും ഹിന്ദുത്വവാദികൾക്ക് ബാധകമല്ല. പള്ളി തകർത്ത് ഭൂമി കൈവശപ്പെടുത്താനുള്ള നീക്കത്തിന് 86 വർഷത്തെ പഴക്കമുണ്ട്. എട്ട് കേസുകൾ 'ചിലർ' പള്ളിക്കെതിരെ നൽകിയിട്ടുമുണ്ട്.

മുമ്പും ഹിന്ദുത്വവാദികൾ ഗ്യാൻവാപിക്ക് മേൽ കടന്നുകയറ്റശ്രമം നടത്തിയിട്ടുണ്ട്. നന്തികാള വിഗ്രഹം പള്ളിവളപ്പിനുള്ളിൽ കുഴിച്ചിടാൻ ശ്രമം നടന്നു. പിന്നീട് 2000ൽ ശിവലിംഗം പള്ളിക്കകത്തേക്ക് വലിച്ചെറിഞ്ഞ് വർഗീയസംഘർഷം സൃഷ്ടിക്കാൻ ശ്രമമുണ്ടായി. ഇപ്പോൾ പള്ളിയിൽ മുസ്‍ലിംകൾക്ക് നമസ്കാരവും മതപരമായ അനുഷ്ഠാനങ്ങളും തടയരുതെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. പള്ളിയിൽ നടത്തിയ സർവേക്കിടയിൽ ശിവലിംഗം കണ്ടെത്തിയതായി പറയുന്ന സ്ഥലം സംരക്ഷിക്കാനും ജില്ല മജിസ്ട്രേറ്റിനോട് കോടതി നിർദേശിച്ചിട്ടുണ്ട്.

2018 മാർച്ച് 8ന് നാഗ്പൂരിൽ നടന്ന സംഘ് പരിവാർ ചിന്തൻശിബിരത്തിന്റെ തീരുമാനപ്രകാരമാെണന്ന് പറയാം മുസ്‍ലിം, ക്രിസ്ത്യൻ ആരാധനാലയങ്ങൾ, സ്മാരകങ്ങൾ എന്നിവക്കുമേൽ അവകാശവാദമുയർത്തുക എന്ന രീതി വ്യവസ്ഥാപിതായി നടപ്പാക്കിവരുന്നുണ്ട്. ആദ്യം 'ചിലർ' വരും. അവർ ആരാധനാലയങ്ങൾക്കും ചരിത്രസ്മാരകങ്ങൾക്കുംമേൽ അവകാശവാദമുന്നയിക്കും. അത് പതിയെ വലുതാകും. അപ്പോൾ സംഘ്പരിവാർ രംഗത്തെത്തി അന്തരീക്ഷം സംഘർഷാവസ്ഥയിലേക്ക് എത്തിക്കും. ഇതൊരു രാഷ്ട്രീയ ചാണക്യതന്ത്രമാണ്. ലക്ഷ്യം ഹിന്ദുരാഷ്ട്ര സ്ഥാപനവും അന്യമതവിദ്വേഷം പ്രചരിപ്പിക്കലുമാണ്. സത്യവും ചരിത്രവും ഒന്നും അവർക്ക് ബാധകവുമല്ല. കോടതികൾ പക്ഷംചേരുന്നതോടെ കാര്യങ്ങൾ എളുപ്പമായി.

പക്ഷേ, ഇപ്പോൾ ഇവിടെ മതേതരത്വം സംരക്ഷിക്കപ്പെടണമെന്നു കരുതുന്നവർ ഉറക്കെ, കഴിയാവുന്നത്ര ഉച്ചത്തിൽ പറയേണ്ടത് ഇതാണ്: ഗ്യാൻവാപി മുസ്ലിംകളുടേതാണ്. അതവർക്ക് വിട്ടുകൊടുക്കുക. മറ്റെല്ലാം കാപട്യമാണ്, വഞ്ചനയാണ്.

News Summary - madhyamam weekly thudakkam