മലയാളത്തെ തിരുത്തിയെഴുതിയ 1500 ആഴ്ചകൾ

പ്രിയപ്പെട്ട വായനക്കാരേ,
നിങ്ങളുടെ കൈയിലിപ്പോഴുള്ളത് മാധ്യമം ആഴ്ചപ്പതിപ്പിന്റെ 1500ാം ലക്കമാണ്. അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും നിമിഷമാണിത്. കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക രംഗത്തെ മാറ്റിയെഴുതിയ 1500 ആഴ്ചകളാണ് പിന്നിടുന്നത്.
1998 ഫെബ്രുവരി 20 നാണ് മാധ്യമം ആഴ്ചപ്പതിപ്പിന്റെ ആദ്യ ലക്കം വായനക്കാരുടെ കൈകളില്‍ എത്തുന്നത്. 2017 മേയ് ഒന്നിന് ആഴ്ചപ്പതിപ്പിന്റെ 1000 ലക്കം പുറത്തിറങ്ങി. നമ്മൾ 30ാം വാർഷികത്തിലേക്ക് അതിവേഗം നടക്കുകയാണെന്ന് കൂടിയാണ് അർഥം. യുവത്വത്തിന്റെ ചുറുചുറുക്കും ഊർജസ്വലതയും കൈവിടാതെ ചടുലമായി മുന്നോട്ടുനീങ്ങുന്നു.
ആദ്യ ലക്കത്തിലെ ആദ്യ ‘തുടക്ക’ത്തില്‍ പത്രാധിപര്‍ സി. രാധാകൃഷ്ണന് എഴുതി: ‘‘ഒരു പുതിയ വാരിക ഇവിടെ തുടങ്ങുന്നു. ഇപ്പോഴേ നൂറുകണക്കിനുണ്ടല്ലോ. എന്തിന് ഇനിയൊന്നുകൂടി..?’’ അതിന് മറുപടിയായി അദ്ദേഹംതന്നെ പറഞ്ഞു: ‘‘വായനക്കാരോട് മാത്രം കടപ്പാടുള്ളതാകണം ഈ ആഴ്ചപ്പതിപ്പ്.’’ ആ ‘തുടക്ക’ത്തിന്റെ തലക്കെട്ട് ‘അപ്രിയ സത്യമെന്ന ഒറ്റമൂലി’ എന്നുമായിരുന്നു.
ആദ്യ പത്രാധിപര്‍ പറഞ്ഞ വഴികളിലൂടെ തന്നെയാണ് നമ്മള് നടന്നത്. ദേശീയ പ്രസ്ഥാനത്തിന്റെയും ജനമുന്നേറ്റങ്ങളുടെയും കാലത്ത് പ്രസിദ്ധീകരണങ്ങൾ സുപ്രധാന പങ്കുവഹിച്ചിരുന്നുവെന്ന് കാണാം. അക്കാലത്തെ ധീരമായ ചുവടുകളായി പല മാസികകളും ജനങ്ങൾക്കൊപ്പം നിന്നു. ജനത്തെ നയിച്ചു. ആ വലിയ പൈതൃകത്തിന്റെ തുടർച്ചയാണ് മാധ്യമം ആഴ്ചപ്പതിപ്പ് ഏറ്റെടുത്തത്.
ആഴ്ചപ്പതിപ്പ് എന്നും വായനക്കാരോട് മാത്രം കൂറുകാട്ടി. നമ്മൾ എന്നും പ്രതിപക്ഷത്ത് നിന്നു. അനീതികൾ അനീതിയാണ് എന്ന് വിളിച്ചുപറഞ്ഞു. എല്ലാ ജനകീയ സമരങ്ങൾക്കും ഒപ്പം നിന്നു. ഫാഷിസത്തോട് സന്ധി ചെയ്തില്ല, മനുഷ്യാവകാശ ധ്വംസനങ്ങൾ തെല്ലും വകവെച്ചുകൊടുത്തില്ല, പരിസ്ഥിതി ഹിംസകൾ നമ്മളെ തന്നെ ഇല്ലാതാക്കുമെന്ന് മടികൂടാതെ ഒച്ചയിൽ വിളിച്ചുപറഞ്ഞു. ന്യൂനപക്ഷങ്ങളോട് കാട്ടുന്ന ജനാധിപത്യ വിരുദ്ധത അതുതന്നെയാണെന്ന് എഴുതി. ഗോത്ര ജനതക്കും ദലിത് സമൂഹത്തിനുമൊപ്പം മുട്ടുമടക്കാതെ നിലകൊണ്ടു.
പുതിയ എഴുത്തുകാർക്കും പുതിയ രചനകൾക്കും ഇടം നൽകി ചെറുപ്പമായി തന്നെ എന്നും തുടർന്നു. പുതിയ കാലത്തിന് അനുസരിച്ച് മൂല്യങ്ങളിൽ ഉറച്ചുനിന്ന് നവീകരിച്ചു. ആദ്യ എ.ഐ പതിപ്പ് പുറത്തിറക്കി. മലയാളം മാത്രമല്ല കേരളം എന്ന് വ്യക്തമാക്കി ഗോത്രഭാഷകളെയും മുന്നിലേക്ക് കൊണ്ടുവന്നു. ചരിത്രത്തെ പലവട്ടം തിരുത്തിയെഴുതി. അറിയപ്പെടാതെ കിടന്ന ചരിത്ര രേഖകളും തെളിവുകളും കണ്ടെടുത്തു.
രസിപ്പിക്കലായിരുന്നില്ല ഞങ്ങളുടെ ലക്ഷ്യം. വായനയെ രാഷ്ട്രീയ-സാമൂഹിക -സാംസ്കാരിക പ്രവര്ത്തനമാക്കുകയായിരുന്നു. കടുപ്പമുള്ള പാത താണ്ടിതന്നെയാണ് നമ്മള് ഈ ദൂരം പിന്നിട്ടത്. ആ പ്രയാണത്തില്‍ പതിറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെട്ട പ്രസിദ്ധീകരണങ്ങള്‍ നടന്ന വഴികള്‍ അപ്പാടെ മറികടന്ന്, അവരെ പോലും സഞ്ചരിക്കാന്‍ നിര്‍ബന്ധമാക്കിയ പുതിയ വഴികള്‍ വെട്ടി. നമ്മള് മുന്നില്‍ തന്നെ നടന്നു. അപ്രിയ സത്യങ്ങള്‍ വിളിച്ചു പറഞ്ഞു. അതുകേട്ട് പലര്‍ക്കും പല അധികാരങ്ങള്‍ക്കും പൊള്ളി. ചുവടുകളില്‍ പതറിച്ചയുണ്ടായില്ല. വെറും കാഴ്ചക്കാരായി നിന്നില്ല, ഇടപെട്ടു. കാലത്തിനും ഒരു ചുവട് മുന്നില്‍ നടന്നു.
മുമ്പു പറഞ്ഞത് ആവർത്തിക്കാം. ആഴ്ചപ്പതിപ്പ് എന്നും വായനക്കാരുടെ പ്രസിദ്ധീകരണമായിരുന്നു. അഭിമാനേത്താടെ പറയട്ടെ, ഈ വര്‍ഷങ്ങളില്‍ വായനക്കാര്‍ക്ക് ഏറ്റവുമധികം ഇടം നല്കിയ, വായനക്കാര്‍ എഴുത്തുകാരായ പ്രസിദ്ധീകരണം നമ്മളുടേത് തന്നെയാണ്. അഭിപ്രായങ്ങള്‍ അപ്രിയങ്ങളാണെങ്കിലും തുറന്നു പറയാന്‍ താളുകള്‍ തുറന്നുെവച്ചു. ‘ഓപണ്‍ ഫോറ’മായും ‘പ്രതികരണ’മായും ‘എഴുത്തുകുത്താ’യും രചനകളായും വായനക്കാര്‍ താളുകളില്‍ നിറഞ്ഞു. വായനക്കാരെ എഡിറ്റ് ചെയ്യാനേ പോയില്ല. അവര്‍ എഡിറ്റര്‍മാരായി. വായനക്കാര്‍ നല്ല എഡിറ്റര്‍മാരായിരുന്നു. അവര്‍ ജാഗ്രതയോടെ, വിമര്‍ശനബുദ്ധിയോടെ കൂര്‍ത്ത പേനയുമായി കാത്തിരുന്നു. ഇടറിയ ഘട്ടത്തില്‍ ആ പേനകള്‍ തലങ്ങും വിലങ്ങും വെട്ടി.
വീണ്ടും ആവര്‍ത്തിക്കട്ടെ, നമ്മള് ഒന്നിച്ച് തന്നെ സത്യം പറഞ്ഞ് മുേന്നാട്ടുപോകും. ഇടറാതെയും ചായാതെയും. ഒന്നും വെറുതെ കണ്ടു നില്‍ക്കില്ല. ഉറപ്പ്.
സ്നേഹപൂർവം, അശ്ലേഷങ്ങളോടെ
–പത്രാധിപര്‍
