റോഡിൽ പൊലിയുന്ന ജീവിതങ്ങൾ

കേരളത്തിൽ വാഹനാപകടങ്ങളും ജീവൻ പൊലിയലുകളും വാർത്തയേ അല്ലാതായ മട്ടുണ്ട്. തുടർച്ചയായി ആവർത്തിക്കുന്ന എന്തും സാധാരണ കാര്യമായി മാറും. അതിനാലാവണം അത്. എന്നാൽ, മനുഷ്യസ്നേഹികളെ ഞെട്ടിക്കുന്ന വിധത്തിലാണ് കഴിഞ്ഞ കുറേ നാളുകളായി നടന്നുകൊണ്ടിരിക്കുന്ന വാഹനാപകടങ്ങൾ.
സെപ്റ്റംബർ നാലിന് തൃശൂർ ജില്ലയിലെ കൈപ്പമംഗലം പനമ്പിക്കുന്നിനു സമീപം ദേശീയപാത 66ൽ ഒരു കാർ നിർത്തിയിട്ട ലോറിയിലിടിച്ച് തമിഴ്നാട്ടുകാരായ എട്ടു വിദ്യാർഥികൾ സംഭവസ്ഥലത്തുതന്നെ മരിച്ചതാണ് ഒന്ന്. അടുത്തദിവസം ഇതേ സമയത്തുതന്നെ റോഡരികിൽ നിർത്തിയ ബൈക്കിൽ അമിതവേഗതയിൽ വന്ന കാർ ഇടിച്ചുതെറിപ്പിച്ചത് മാതാപിതാക്കളും പുത്രനുമടക്കം മൂന്നുപേരെയാണ്. രണ്ടു സംഭവത്തിലും രക്ഷാപ്രവർത്തനത്തിന് ആളെത്തും മുമ്പേ എല്ലാവരും മരണപ്പെട്ടിരുന്നു. 2026 ജൂലൈ 10ന് കണ്ണൂർ ഇരിട്ടിയിൽ കാർ വഴിയരികിലെ മരത്തിലിടിച്ച് 5 യുവ എൻജിനീയർമാർ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന അഞ്ചുപേരും മരിച്ചതുകൊണ്ടുതന്നെ ഈ അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തിയിട്ടില്ല. 2025ൽ അമ്പതിനായിരത്തോളം വാഹനാപകടങ്ങളാണ് കേരളത്തിൽ നടന്നത്. മരിച്ചത് 3733 പേർ –പ്രതിദിനം ശരാശരി പത്തുപേർ എന്ന നിരക്കിൽ. 56,922 പേർക്ക് പരിക്കേൽക്കുന്നു.
തൃശൂരിലടക്കം ദേശീയപാത 66ന്റെ വികസനപ്രവർത്തനം മതിയായ സുരക്ഷാ മുന്നറിയിപ്പുകൾ ഒരുക്കാതെയാണ് നടന്നുവരുന്നത് എന്ന ആക്ഷേപം നേരത്തേ ഉയർന്നതാണ്. ദേശീയപാത നിർമാണപ്രവൃത്തികൾ നടത്തുന്ന വിവിധ കമ്പനികൾ വ്യത്യസ്തമായ സുരക്ഷാക്രമീകരണങ്ങളാണ് ഏർപ്പെടുത്തിവരുന്നത്. പണി നടക്കുന്നിടത്തും ഗതാഗതം തിരിച്ചുവിടുന്നിടത്തുമൊന്നും ശരിയായ സൈൻബോർഡുകളോ വേഗനിയന്ത്രണ സംവിധാനങ്ങളോ സൂചകങ്ങളോ സ്ഥാപിക്കുന്നതിൽ അലംഭാവഗമാണ് കാണുന്നത്.
കേരളത്തിൽ ഇപ്പോൾ നടന്നുവരുന്ന അപകടങ്ങൾക്ക് എല്ലാം പലതരത്തിൽ സാമ്യമുണ്ട്: 1. അമിത വേഗത, 2. റോഡിന്റെ ഗതിവിഗതികൾ കൃത്യമായി മനസ്സിലാവാത്തത്, 3. എതിരെ വരുന്ന വണ്ടികൾ ഡിം ചെയ്യാത്തത്, 4. മതിയായ വിശ്രമമില്ലാതെ ദീർഘദൂരം വാഹനമോടിക്കുന്നത്, 5. മദ്യലഹരി, 6. അശ്രദ്ധ, 7. റോഡ് നിർമാണത്തിലെ അശാസ്ത്രീയത, 8. വാഹന പെരുപ്പം, 9. ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കാത്തത്, 10. അപരനുവേണ്ടി വിട്ടുവീഴ്ചയും സൗഹാർദവും കാണിക്കാത്ത ഡ്രൈവിങ്, 11. വാഹനത്തിന്റെ കുഴപ്പങ്ങൾ, കാലപ്പഴക്കം, 12. ഡ്രൈവറുടെ പരിചയക്കുറവ്, 13. ഗതാഗത നിയമങ്ങൾ പാലിക്കുന്നതിലുള്ള അലസത.
കൈപ്പമംഗലത്ത് ദേശീയപാതയിലെ സ്പീഡ് ട്രാക്കിൽ പാർക്കുചെയ്ത ലോറിക്കു പിറകിലാണ് കാറിടിച്ചത്. കുന്നംകുളം അപകടത്തിൽ ഫോൺവിളിക്കാൻ റോഡരികിലേക്ക് മാറ്റിയിട്ട ബൈക്കിൽ വന്നിടിച്ച കാർ ഓടിച്ചിരുന്നത് മദ്യപനായിരുന്നു. ഹൈവേ പട്രോളിങ്ങും നൈറ്റ് പട്രോളിങ്ങുമൊക്കെ നടക്കുന്നുണ്ടെങ്കിലും അതൊന്നും അപകടങ്ങൾ കുറക്കുന്നില്ല. വാസ്തവത്തിൽ കേരളത്തിലെ പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും പ്രവർത്തനം കൂടുതൽ കാര്യക്ഷമമാകേണ്ടതുണ്ട്.
അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിക്കുന്നതടക്കമുള്ള നടപടികളിൽ ഇപ്പോൾ വീഴ്ചവരുന്നുണ്ട്. മദ്യവും ലഹരിയും ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ നിയമാനുസൃതം പിടികൂടി കടുത്ത ശിക്ഷ നൽകണം. അതേസമയം ഒരു വാഹനസംസ്കാരത്തിലേക്ക് കേരളം മാറുകയും വേണം. യാത്രാക്ഷീണവും ഉറക്കവും മുതൽ അലസമായ മൊബൈൽ ഫോൺ ഉപയോഗം വരെയുള്ള അപകടം ക്ഷണിച്ചുവരുത്തുന്ന ശീലങ്ങൾ യാത്രകളിൽ ഒഴിവാക്കണം. ട്രാഫിക് സാക്ഷരത വ്യാപകവും ആഴത്തിലും നടപ്പാക്കണം. റോഡുകളിൽ പുതിയ വാഹനസംസ്കാരം നടപ്പിലാവാതെ അപകടങ്ങൾ കുറക്കാനാവില്ല. അതിലാവണം ഭരണാധികാരികളും ഓരോ ഡ്രൈവറും ഉൗന്നേണ്ടത്.
