ജനങ്ങളുടെ വിധി, ശിക്ഷ

പയ്യന്നൂർ ഒരു ഇടതുേകാട്ടയാണ്. ഇളക്കം തട്ടാതെ, തെരഞ്ഞെടുപ്പുകളിൽ സി.പി.എം കാത്തുപോന്ന ഒന്ന്. എ.വി. കുഞ്ഞമ്പു, സുബ്രഹ്മണ്യ ഷേണായി, എം.വി. രാഘവൻ, പിണറായി വിജയൻ, പി.കെ. ശ്രീമതി തുടങ്ങീ കരുത്തർ പുഷ്പംപോലെ ജയിച്ച മണ്ഡലം. ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.എം തോറ്റു. പാർട്ടി വിട്ട ജില്ല കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണൻ അവിടെനിന്നും നിയമസഭയിൽ എത്തി. എന്തുകൊണ്ട്?
മറ്റൊരു ഇടതുകോട്ടയായിരുന്നു തളിപ്പറമ്പ്, മറ്റൊന്ന് അമ്പലപ്പുഴ. തളിപ്പറമ്പിൽ പാർട്ടി വിട്ട ടി.കെ. ഗോവിന്ദനും അമ്പലപ്പുഴയിൽ മുൻ സി.പി.എം നേതാവ് ജി. സുധാകരനും ജയിച്ചു. എന്തുകൊണ്ട്? ഈ ജയം സമ്മാനിച്ചതിൽ നല്ല പങ്ക് വഹിച്ചത് സി.പി.എമ്മിന്റെ അണികളും അനുഭാവികളുമാണ് എന്നതാണ് സത്യം. അവർ പാർട്ടി േനതൃത്വത്തെ വോട്ടെടുപ്പിലൂടെ ചോദ്യം ചെയ്തു. അല്ലെങ്കിൽ നിശ്ശബ്ദകലാപം നടത്തി. തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായി അധികം വൈകാതെ ഏറ്റവും വലിയ പൊട്ടിത്തെറികൾ നേരിട്ടത് ഇടതു പാർട്ടികളാണ്. നാട്ടികയിൽ സി.പി.ഐയുടെ സിറ്റിങ് എം.എൽ.എ ബി.ജെ.പി സ്ഥാനാർഥി വരെയായി.
പയ്യന്നൂരിൽ രക്തസാക്ഷി ഫണ്ട് സി.പി.എം നേതാക്കൾ തട്ടിച്ചുവെന്നായിരുന്നു വി. കുഞ്ഞികൃഷ്ണൻ ഉന്നയിച്ച ആരോപണം. അതിനോട് സി.പി.എം നേതാക്കൾ എന്ത് ധാർഷ്ട്യത്തോടെയാണ് പെരുമാറിയത് എന്ന് നോക്കൂ. തളിപ്പറമ്പിൽ പാർട്ടി സെക്രട്ടറിയുടെ ഭാര്യ സ്ഥാനാർഥിയാകുന്നതിനെതിരെയാണ്, അഥവാ സ്വജനപക്ഷപാതത്തിന് എതിരെയാണ് ടി.കെ. ഗോവിന്ദൻ കലാപക്കൊടി ഉയർത്തിയത്. അതിനെയും പുച്ഛിച്ചു തള്ളി, പാർട്ടി.
സി.പി.എമ്മും അതിന്റെ നേതൃത്വത്തിലുള്ള രണ്ടാം പിണറായി സർക്കാറും പ്രവർത്തിച്ച രീതി ഗൗരവമായിതന്നെ ആ പാർട്ടിയും അതിന്റെ അണികളും പരിശോധനാവിഷയമാക്കണം. അടിസ്ഥാന സൗകര്യ വികസനത്തിലും വികസനത്തിലും മെച്ചപ്പെട്ട സർക്കാറായിരിക്കുമ്പോഴും അത് ജനങ്ങളിൽനിന്ന് അകന്നുപോയി.
പാർട്ടിയും സർക്കാറും ഒരു വ്യക്തിയിലേക്ക്, പിണറായിയിലേക്ക് കേന്ദ്രീകരിച്ചു. ഒരു തരത്തിൽ ഏകാധിപത്യം. എതിർശബ്ദങ്ങൾ ഒന്നുമുണ്ടായില്ല. എല്ലാം വാഴ്ത്തുപാട്ടുകൾ മാത്രം. ജനകീയരായ െക.കെ. ശൈലജ, പി. ജയരാജൻ അടക്കമുള്ള പല നേതാക്കളും ഒതുക്കപ്പെട്ടു. പാർട്ടിക്ക് കൂട്ടായ നേതൃത്വം നഷ്ടമായി. കമ്യൂണിസ്റ്റ് പാർട്ടിയുടെ ചലനശക്തി തന്നെ കൂട്ടായ നേതൃത്വമാണ്. അത് നഷ്ടപ്പെട്ടതോടെ പാർട്ടിയുടെ കരുത്ത് ചോർന്നു. പാർട്ടി നേതാക്കൾ അഹങ്കാരത്തിന്റെ ഭാഷയിൽ സംസാരിച്ചു. വിമർശനങ്ങളോട് ഒട്ടും സഹിഷ്ണുത കാട്ടിയില്ല. അക്കാര്യത്തിൽ പിണറായി തന്നെയായിരുന്നു നേതാവ്.
തൊഴിലാളി വർഗ മതേതര കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കുന്നതിന് പകരം സി.പി.എമ്മും സർക്കാറും മൃദുഹിന്ദുത്വം സ്വീകരിച്ചു. ശബരിമല അടക്കമുള്ള വിഷയങ്ങളിൽ നിലപാടുകൾ മാറ്റി ഹിന്ദുത്വയെ പ്രീണിപ്പിക്കാൻ ശ്രമിച്ചു. ഇത് ഫലത്തിൽ വളമൊരുക്കിയത് ഹിന്ദുത്വക്കാണ്. ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്‍ലിംകളെ രാക്ഷസവത്കരിച്ചു. അവരെ പ്രതിസ്ഥാനത്ത് നിർത്തി ഹിന്ദുവോട്ടുകൾ നേടിയെടുക്കാനായിരുന്നു ശ്രമം. വർഗീയ വിദ്വേഷ വിഷം തുടർച്ചയായി ചീറ്റിയ വെള്ളാപ്പള്ളിയെ തള്ളിപ്പറയാെത കൂടെ കൊണ്ടുനടന്നു. അതും ബി.ജെ.പിക്കാണ് വളമായത്. വിതച്ചത് സി.പി.എമ്മാണെങ്കിലും കൊയ്തത് ബി.ജെ.പിയാണ്.
ഇനിയെങ്കിലും എന്തുകൊണ്ട് ജനവിധി തങ്ങൾക്ക് എതിരായി എന്ന് സി.പി.എം ഗൗരവപൂർവം പരിശോധിക്കണം. തെറ്റുകൾ തിരുത്തണം. ജനപക്ഷത്ത് നിൽക്കണം. അത് കാലം ആവശ്യപ്പെടുന്നുണ്ട്. തിരുത്തിയില്ലെങ്കിൽ ജനം ഇനിയും ശിക്ഷിക്കും. അത് ഏറ്റുവാങ്ങാൻ കെൽപുണ്ടാകുമോയെന്ന് മാത്രമേ അറിയേണ്ടതായുള്ളൂ.
