നീചർ വാഴും നാളുകൾ

നീചർ എന്നതിന് പലതരം അർഥങ്ങൾ നൽകാനാകും. നിഷ്ഠുരർ, അനീതികൾ നടത്തുന്നവർ, അതിക്രമവും പിടിച്ചുപറിയും ചെയ്യുന്നവർ, ഹിംസയുടെ പാത തിരഞ്ഞെടുത്തവർ, മനുഷ്യാവകാശവും പൗരാവകാശവും ലംഘിക്കുന്നവർ, ജനാധിപത്യം കശാപ്പുചെയ്യുന്നവർ, അന്യരെ ദ്രോഹിക്കുന്നവർ എന്നിങ്ങനെ പല വ്യാഖ്യാനങ്ങളും സാധ്യമാകും. ഇതെല്ലാം ചേർന്ന അർഥം തന്നെയാണ് നീചർ, നീചത്വം എന്നിവക്ക് നൽകാൻ ഇവിടെയും ഉദ്ദേശിച്ചിട്ടുള്ളൂ.
ഭൂഗോളം മൊത്തത്തിൽ തന്നെ നീചർ വാഴുന്ന കാലമാണിത്. യൂറോപ്പിൽനിന്ന് ലാറ്റിനമേരിക്കയിൽ എത്തുമ്പോൾ, ആഫ്രിക്കയിൽനിന്ന് ഏഷ്യയിലേക്ക് വരുമ്പോൾ എല്ലാം നിഷ്ഠുരരായ ഭരണാധികാരികളെ നിരവധി കാണാം. വലതുപക്ഷ തീവ്രവാദം, ഫാഷിസം മുതൽ നവ നാസിസം വരെയാണ് പലതിന്റെയും രാഷ്ട്രീയ അടിത്തറ. ഇവരിൽ നല്ല പങ്കും തെരഞ്ഞെടുപ്പുകളിലൂടെ അധികാരത്തിൽ എത്തിയതാണ് അതിലേറെ രസകരം. ജനതക്ക് അർഹിക്കുന്ന ഭരണാധികാരികൾതന്നെ!
പുതുവർഷം പിറന്നതു തന്നെ വെനിസ്വേലയിലെ അമേരിക്കൻ കടന്നുകയറ്റവുമായാണ്. വെനിസ്വേലയുടെ പ്രസിഡന്റ് നികളസ് മദൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും അമേരിക്ക പിടിച്ചുകൊണ്ടുപോയി ബന്ദിയാക്കി. മയക്കുമരുന്ന് കടത്ത് നിയന്ത്രിക്കുന്നതിൽ വെനിസ്വേല പരാജയപ്പെട്ടു എന്ന ന്യായവുമായാണ് അമേരിക്ക ഒരു സ്വതന്ത്ര രാജ്യത്ത് കടന്നുകയറിയത്. വെനിസ്വേലയുടെ ഭീമൻ ക്രൂഡ് ഓയിൽ ശേഖരത്തിലാണ് അമേരിക്കൻ കണ്ണ് എന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്. വെനിസ്വേലയുടെ ഭരണം ഫലത്തിൽ ഇപ്പോൾ അമേരിക്കയുടെ കൈയിലായിരിക്കുന്നു. മദൂറോക്കെതിരെ വെനിസ്വേലക്കുള്ളിൽ പ്രക്ഷോഭമുയർന്നിരുന്നുവെന്നത് സത്യമാണ്. അത് ആ രാജ്യത്തിന്റെ ആഭ്യന്തര കാര്യമാണ്.
അവിടേക്ക് കടന്നുകയറി ‘നീതി’ നടപ്പാക്കൽ പുറത്തുള്ളവരുടെ കടമയല്ല. പക്ഷേ, അമേരിക്കയുടെ ചെയ്തി വലിയരീതിയിൽ അപലപിക്കപ്പെടുന്നില്ല എന്നതാണ് ഖേദകരം. വൈകാതെ അമേരിക്ക, ക്യൂബ, കൊളംബിയ, മെക്സികോ എന്നീ രാജ്യങ്ങളിലേക്കുകൂടി കടന്നുകയറുമെന്ന സൂചന ട്രംപ് തന്നെ നൽകിയിട്ടുണ്ട്. വെനിസ്വേലയുടെ അഞ്ചു കോടി ബാരൽ എണ്ണ അമേരിക്കയുടെ കൈയിലാണെന്നും അതിന്റെ പണം തങ്ങൾ നിയന്ത്രിക്കുമെന്നും മെച്ചം വെനിസ്വേലയിലെയും അമേരിക്കയിലെയും ജനങ്ങൾക്കാവും എന്നുകൂടി പറയുന്നുണ്ട് ട്രംപ്.
അതേസമയം, ലോകത്ത് ചില ജനകീയ ചെറുത്തുനിൽപുകൾ ഉയർന്നുവരുന്നതും കാണാതിരുന്നുകൂടാ. ഇറാനിൽ ജനങ്ങൾ തെരുവിലാണ്. ഭരണകൂടത്തിന് പിടിച്ചുനിൽക്കാൻ കഴിയാത്ത അവസ്ഥ അവിടെ പ്രക്ഷോഭകർ സൃഷ്ടിച്ചിട്ടുണ്ട്. അവസരം മുതലാക്കി ഇറാനിലും അമേരിക്ക കടന്നുകയറിയേക്കാമെന്ന ഭീഷണിയും മറുവശത്തുണ്ട്. അതായത്, അവിടെയും അമേരിക്കയെന്ന നീചനെ, ലോക പൊലീസ് ചമയുന്ന തെമ്മാടിത്തത്തെ ഭയപ്പെടണമെന്നർഥം.
* * *
പശ്ചിമഘട്ടത്തിന്റെ കാവലാളും, ജൈവ മനുഷ്യനും, പരിസ്ഥിതി എന്ന വാക്കിന്റെ ശരിയായ അർഥവുമായ മാധവ് ഗാഡ്ഗിലും വിട പറഞ്ഞു. മനുഷ്യന്റെ ദുര പ്രകൃതിയിലേക്കും മറ്റ് ജീവജാലങ്ങളുടെ നിലനിൽപിലേക്കും നീണ്ടപ്പോൾ അരുതെന്ന് പറയാൻ ആജീവനാന്തം ശ്രമിച്ച വലിയ മനസ്സ് ഇനി നമുക്കൊപ്പമില്ല. ഈ വിടവാങ്ങലിൽ ആഴ്ചപ്പതിപ്പിനൊപ്പം പ്രകൃതിയും വേദനിക്കുന്നുണ്ടെന്നുറപ്പ്.
