Begin typing your search above and press return to search.
proflie-avatar
Login

ദുരന്തകേരളം

ദുരന്തകേരളം
cancel

അനുഭവങ്ങളിൽനിന്ന് പഠിക്കാത്ത കേരളീയരെക്കുറിച്ച് ‘തുടക്കം’ എഴുതിയിട്ട് ആഴ്ചകൾപോലുമായിട്ടില്ല. അനുഭവങ്ങളിൽനിന്ന് കാര്യങ്ങൾ മനസ്സിലാക്കുകയും അടുത്ത തവണ വീഴ്ചകൾ ഒഴിവാക്കുകയുമാണ് വിവേകമുള്ള മനുഷ്യർ ചെയ്യുക. അതിന് എല്ലാ അർഥത്തിലും അപവാദമാണ് കേരളം. നമ്മൾ ഒന്നും പഠിക്കുന്നില്ല. അനുഭവിക്കുന്നതേയുള്ളൂ. അത് തുടരും. ഈ മഴക്കാലത്തെ കാഴ്ചകളും അത് ഉറപ്പാക്കുന്നു.

മതിയായ മഴ ലഭിക്കുമോ എന്നായിരുന്നു ആദ്യ വേവലാതി. എന്നാൽ അപ്രതീക്ഷിതമായി മഴ കനത്തതോടെ എല്ലാം താളംതെറ്റി. വലിയ രണ്ട് പ്രളയങ്ങളെ അതിജീവിച്ച സമൂഹ​െമന്നനിലയിൽ നിരവധി മുന്നൊരുക്കങ്ങളും മുൻകരുതലുകളും കേരളം എടുക്കേണ്ടതായിരുന്നു. അത് ഉണ്ടായില്ല.

അച്ചൻകോവിലാറും മണിമലയാറും കവിഞ്ഞൊഴുകിയതോടെ റാന്നിയിലും തിരുവല്ലയിലും പരിസരങ്ങളിലും ജനജീവിതമാകെ ഗുരുതരമായ സാഹചര്യം​ നേരിട്ടു. ഒറ്റനില മാത്രമുള്ള നൂറുകണക്കിന് വീടുകൾ വെള്ളത്തിലാണ്ടു. ഇരുനില ഭവനങ്ങളിൽ താമസിക്കുന്നവർ മുകൾമുറികളിൽ അഭയംതേടി. കോട്ടയം ജില്ലയിൽ മീനച്ചിലാറിന്റെ തീരത്തുള്ള പട്ടണമായ ഈരാറ്റുപേട്ട അതിന്റെ ചരിത്രത്തിലെ വലിയ പ്രളയത്തിനാണ് സാക്ഷിയായത്. ഉരുൾജലം പൊടുന്നനെ ഒഴുകിയെത്തിയതോടെ വീടുകളും കച്ചവട സ്ഥാപനങ്ങളുമെല്ലാം വെള്ളത്തിലാണ്ടു. കച്ചവട സ്ഥാപനങ്ങൾക്ക് കോടികളുടെ നഷ്ടമാണ് സംഭവിച്ചത്.

കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുപ്രകാരം സംസ്ഥാനത്ത് ആഗസ്റ്റ് ഒന്നുമുതൽ മൂന്നുവരെ പെയ്തത് സാധാരണ ലഭിക്കേണ്ടതിനേക്കാൾ 232 ശതമാനം അധികമഴ. 55.4 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 184.2 മില്ലിമീറ്റർ ലഭിച്ചപ്പോൾ അതിന്റേതായ പ്രത്യാഘാതങ്ങളും പിന്നാലെയെത്തി. 533 ശതമാനം അധികമഴ പെയ്താൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നത് ഊഹിക്കാവുന്നതേയുള്ളൂ. പക്ഷേ, അതല്ല പ്രശ്നം. നിങ്ങൾ എന്തു മുൻകരുതലുകൾ എടുത്ത​ുവെന്നതാണ്. മഴ മുന്നറിയിപ്പ് ലഭിച്ചിട്ടും മതിയായ സൗകര്യങ്ങൾ ഉറപ്പാക്കിയോ?

വെള്ളക്കെട്ടുകൾ ഒഴിവാക്കിയിരുന്നോ? അടഞ്ഞ ഓടകൾ തുറന്നിരുന്നോ? മരുന്നും ഭക്ഷണവും മുൻകൂട്ടി ഒരുക്കിയിരുന്നോ? ക്യാമ്പുകൾക്ക് സ്ഥലം കണ്ടിരു​​േന്നാ? സുരക്ഷാ ജീവനക്കാരെ മതിയായ അളവിൽ വിന്യസിച്ചിരുന്നോ? എല്ലാത്തിനും ഇല്ല, മതിയായ അളവിൽ ഇല്ല എന്ന ഉത്തരമാവും ഉണ്ടാവുക. അത് മോശമാണ്. സംസ്ഥാന സർക്കാർ വേണ്ടരീതിയിൽ ഉണർന്നു പ്രവർത്തിച്ചില്ല എന്ന വിമർശനവുമുണ്ട്. ഉദ്യോഗസ്ഥരെ കൂട്ടസ്ഥലംമാറ്റം നടത്തിയതിനാൽ കാര്യങ്ങൾ അവതാളത്തിലായി എന്നാണ് സി.പി.ഐ ആരോപിച്ചത്.

വർഷാവർഷങ്ങളിൽ ആവർത്തിക്കുന്ന ഈ മഴക്കാല നാശനഷ്ടങ്ങളും ദുരിതങ്ങളും നമുക്കിനിയും ശാസ്ത്രീയമായും കാര്യക്ഷമമായും പ്രതിരോധിക്കാനും പരമാവധി കുറക്കാനും സാധ്യമാവുന്നില്ല എന്ന സത്യം അംഗീകരിക്കണം. ഇതിൽ ഒരു പുനർവിചിന്തനം വേണം. പ്രളയബാധിതരെ താൽക്കാലികമായി അധിവസിപ്പിക്കൽ, അപകടത്തിലകപ്പെട്ടവരുടെ ജീവൻ രക്ഷിക്കാനുള്ള നടപടികൾ വേഗത്തിലാക്കൽ, വീടുകൾ പൂർണമായോ ഭാഗികമായോ നഷ്ടപ്പെട്ടവർക്ക് ധനസഹായം നൽകൽ എന്നിവ നടത്തേണ്ടതുണ്ട്. മഴ തീർന്നിട്ടില്ല. ഇപ്പോഴെ​ങ്കെിലും കാര്യങ്ങളെ ശാസ്ത്രീയമായി കൈകാര്യംചെയ്യണം. നമ്മുടെ ക്രമങ്ങളും രീതികളും മാറ്റണം. ഇല്ലേൽ ദുരന്തമുഖത്ത് കരയാൻ മാത്രമേ നമുക്ക് കഴിയൂ.

Show More expand_more
News Summary - Heavy Rains Expose Kerala's Failed Disaster Preparedness