ബേഠീ ബചാവോ

രാജ്യത്ത് പെൺകുട്ടികളോടുള്ള അതിക്രമം അനുദിനം വർധിക്കുകയാണ്. ഒരു പരിഷ്‍കൃത സമൂഹത്തിൽ, ജനാധിപത്യ രാജ്യത്തിൽ സംഭവിക്കാൻ പാടില്ലാത്തതാണ് ഇത്. കുട്ടികളെ, പ്രത്യേകിച്ച് പെൺകുട്ടികളെ സംരക്ഷിക്കാൻ കഴിയാത്ത സമൂഹവും ഭരണകൂടവും എന്ത് തരമാണ് എന്നത് തുറന്ന ചർച്ചക്ക് വിഷയമാക്കേണ്ട ഒന്നാണ്.
സെപ്റ്റംബർ 19ന് രാത്രി ബിഹാറിലെ ജമുയിയിൽ സംഭവിച്ചത് ഒറ്റെപ്പട്ട സംഭവമല്ല. രാത്രി ഏഴിന് ട്യൂഷൻ കഴിഞ്ഞ് സുഹൃത്തിനോടൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ പെൺകുട്ടിയെ ഒരുപറ്റം യുവാക്കൾ മാരകമായി ആക്രമിച്ചു. തന്നെ കയറിപ്പിടിക്കാൻ ശ്രമിക്കുന്ന മുഖംമൂടിയണിഞ്ഞ അക്രമിസംഘത്തോട് അലറിക്കരഞ്ഞ് കൈകൾ കൂപ്പി യാചിക്കുന്ന പത്താം ക്ലാസ് വിദ്യാർഥിനിയുടെയും ബലമായി വലിച്ചിഴച്ച് കൊണ്ടുപോകാൻ ശ്രമിക്കുന്ന അക്രമിസംഘത്തിന്റെയും ദൃശ്യങ്ങൾ പ്രചരിക്കുന്ന വിഡിയോകളിലുണ്ട്. ഇരുവരും അടുത്തുള്ള സ്കൂട്ടറിലേക്ക് ഓടിക്കയറാൻ ശ്രമിക്കുന്നതും അക്രമിസംഘം അവരെ പിന്തുടർന്ന് ആക്രമിക്കുന്നതുമുണ്ട് ദൃശ്യങ്ങളിൽ. പ്രതികളെ മുഴുവൻ തിരിച്ചറിഞ്ഞതായി ബിഹാർ പൊലീസ് വ്യക്തമാക്കിയിരുന്നു.
മുഖ്യപ്രതി നന്ദൻ യാദവ് ഉൾപ്പെടെ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏഴ് ദിവസത്തിനുള്ളിൽ വിശദമായ നടപടി റിപ്പോർട്ട് ആവശ്യപ്പെട്ട് ദേശീയ വനിതാ കമീഷൻ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് പ്രീതി വർമക്ക് കത്തെഴുതിയിട്ടുണ്ട്. കേസ് സമയബന്ധിതമായി അന്വേഷിക്കണമെന്നും ഇരകൾക്ക് സുരക്ഷ, നിയമസഹായം, മനഃശാസ്ത്ര കൗൺസലിങ് എന്നിവ നൽകണമെന്നും കമീഷൻ ചെയർപേഴ്‌സൺ വിജയ രഹത്കർ നിർദേശിച്ചു.
അറസ്റ്റിനിടെ, പ്രതികളിൽ ഒരാൾ പൊലീസിന് നേരെ വെടിയുതിർത്തു. അറസ്റ്റിലായ രണ്ട് പ്രതികളും പ്രായപൂർത്തിയായവരാണ്. ബി.ജെ.പി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാറിനെതിരെ ദേശീയതലത്തിൽതന്നെ രൂക്ഷമായ വിമർശനം ഉയർന്നിട്ടുണ്ട്.
വൈകീട്ട് ഏഴു മണിക്കുപോലും പെൺകുട്ടികൾക്ക് റോഡിലിറങ്ങി നടക്കാൻ സുരക്ഷിതമല്ലാത്ത സ്ഥിതി എന്തുകൊണ്ടെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചോദിച്ചു.കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ ജമുയിയിൽ പെൺകുട്ടിക്കുനേരെ നടന്ന അതിക്രമം ലജ്ജാകരമെന്ന് വിമർശിച്ചതോടൊപ്പം ഡൽഹിയിൽ പതിനേഴുകാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെ ഓർമിക്കുന്നുവെന്നും പറഞ്ഞു.
നാരിശക്തി വന്ദൻ, ബേഠീ ബചാവോ പോലുള്ള പ്രഘോഷണങ്ങൾ, പ്രചാരണങ്ങളും ബി.ജെ.പി നടത്തുന്നുണ്ട്. എന്നാൽ, സദാചാര ഗുണ്ടായിസത്തിന്റെ വക്താക്കളായി ഹിന്ദുത്വസേനകൾ മാറുകയും സ്ത്രീകളെയും പെൺകുട്ടികളെയും ആക്രമിക്കുന്നത് തുടരുകയും ചെയ്യുകയാണ്. 2012ൽ രാജ്യത്തെ മുഴുവൻ ഞെട്ടിച്ച നിർഭയ കേസിനെ തുടർന്നാണ് അന്നത്തെ യു.പി.എ സർക്കാർ പോക്സോ ക്രിമിനൽ നിയമം കൊണ്ടുവന്നത്.
പ്രായപൂർത്തിയാവാത്ത ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും നേരെ നടക്കുന്ന ലൈംഗികാക്രമണങ്ങൾക്ക് പരമാവധി കടുത്ത ശിക്ഷ ഉറപ്പാക്കുന്ന പോക്സോ നിയമം പ്രാബല്യത്തിൽ വന്നശേഷവും പക്ഷേ, അത്തരം ആക്രമണങ്ങൾ വർധിക്കുകയല്ലാതെ ഒട്ടും കുറക്കാൻപോലും സർക്കാറുകൾക്ക് സാധിച്ചിട്ടില്ലെന്നാണ് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ അനാവരണം ചെയ്യുന്നത്. ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര സംസ്ഥാനങ്ങളാണ് ബാലപീഡനക്കേസുകളുടെ മുൻപന്തിയിൽ. 2023നെ അപേക്ഷിച്ച് 2024ൽ ആറ് ശതമാനം കൂടുതലാണ് രാജ്യത്ത് മൊത്തം രജിസ്റ്റർ ചെയ്യപ്പെട്ട കേസുകൾ. പോക്സോ കേസുകളുടെ എണ്ണമാവട്ടെ 69,191 വരും, അതായത് 37 ശതമാനം. സമീപകാലത്ത് കേരളത്തിലും പ്രായപൂർത്തിയാകാത്ത കുട്ടികൾ ഇരകളായ ലൈംഗികാതിക്രമങ്ങൾ കുറയുകയല്ല, കൂടുകയാണ്.
അടിയന്തരമായിതന്നെ കുട്ടികൾക്കു മേലുള്ള ഏതുതരം അക്രമവും അവസാനിപ്പിക്കണം. കുറ്റക്കാർക്ക് ശരിയായ ശിക്ഷ ഉറപ്പാക്കണം. ഭരണകൂടത്തിനെ അതിന് നിർബന്ധിക്കുന്നതിൽ മാത്രമല്ല, ശരിയായ സമൂഹസംവിധാനം സാധ്യമാക്കുന്നതിലും പൗരർ ഉണർന്ന് പ്രവർത്തിക്കേണ്ട സമയംകൂടിയാണിത്.
