Begin typing your search above and press return to search.
proflie-avatar
Login

അത്ര സുഖകരമോ വരും കാലം?

അത്ര സുഖകരമോ വരും കാലം?
cancel

പുതുവർഷത്തിന്റെ തൊട്ടു തലേനാൾ, പുതുവർഷപ്പതിപ്പിന്റെ അവസാന മിനുക്കുപണിയും കഴിയുന്ന വേളയിലും ആശങ്കയായി, അസ്വസ്ഥമായി മനസ്സിൽ നിറയുന്ന ചോദ്യമാണ് ഈ തലക്കെട്ട്. അശുഭാപ്തിവിശ്വാസിയാകുന്നതിന്റെയല്ല പ്രശ്നം. ആഘോഷ നിമിഷത്തിൽ മനസ്സുകളിൽ അശാന്തിയുടെ വിത്ത് വിതക്കുകയുമല്ല ലക്ഷ്യം.

രാജ്യത്തിന്റെയും കേരളത്തിന്റെയും വർത്തമാന അവസ്ഥകളിൽനിന്നുയരുന്നതാണ് ഈ ചോദ്യം. ചില സമകാലിക സത്യങ്ങൾ ഈ ആകുലത ബലപ്പെടുത്തുന്നു. മതേതര രാജ്യത്തിൽ ക്രിസ്മസ് ദിനത്തിൽ ഉത്തരേന്ത്യയിൽ പലയിടത്തും ക്രിസ്ത്യാനികൾ തീവ്ര ഹിന്ദുത്വ ഗുണ്ടാസംഘങ്ങളാൽ ആക്രമിക്കപ്പെട്ടുവെന്നതാണ് ഒരു സംഭവം. ക്രിസ്മസ് ആഘോഷിക്കാൻ അനുവദിക്കില്ല എന്ന തിട്ടൂരം ഇറക്കിയ മട്ടിലായിരുന്നു അതിക്രമം.

തൊഴിൽ അവകാശമല്ലാതായി, തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കപ്പെടുന്നു. തൊഴിലാളി വർഗം പോരാടി നേടിയ എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെടുന്ന ലേബർ കോഡുകൾ പാസാക്കപ്പെട്ടിരിക്കുന്നു. എസ്.ഐ.ആർ അവസാന ഘട്ടത്തിലെത്തുമ്പോൾ ലക്ഷക്കണക്കിന് പേർ കേരളത്തിലടക്കം വോട്ടർപട്ടികയിൽനിന്ന് പുറത്താകുന്നുവെന്നതാണ് മറ്റൊന്ന്. പൗരത്വം വലിയ വിഷയമായി മാറാൻ പോകുന്നുവെന്നർഥം. കർണാടകയിലെ യെലഹങ്കയിൽ കോൺഗ്രസ് സർക്കാർ ബുൾഡോസറുകൾ ഉപയോഗിച്ച് ന്യൂനപക്ഷങ്ങളും ദലിതരുമായ പാവങ്ങളുടെ വാസസ്ഥലം ഇടിച്ചുനിരത്തി വഴിയാധാരമാക്കിയിരിക്കുന്നു.

വാളയാറിൽ തൊഴിൽ തേടിയെത്തിയ ദലിത് നിർധന യുവാവിനെ ബംഗ്ലാദേശിയെന്നും ന്യൂനപക്ഷ സമുദായാംഗമെന്നും കരുതി ഹിന്ദുത്വസംഘങ്ങൾ മർദിച്ചു കൊലപ്പെടുത്തിയത് ഒരാഴ്ച മുമ്പാണ്. അതിന്റെ ചൂടാറും മുമ്പേ കണ്ണൂർ ശ്രീകണ്ഠാപുരത്ത് നഈം സൽമാൻ എന്ന യു.പി സ്വദേശി ആൾക്കൂട്ട മർദനത്തെ തുടർന്ന് മരിച്ചതായി വാർത്ത വന്നു.

ഒരുവശത്ത് മതത്തിന്റെയും ഭാഷയുടെയും ജാതിയുടെയും ലിംഗത്തിന്റെയും പേരിൽ സങ്കുചിത വെറി ശക്തമാകുന്നു. കേന്ദ്രത്തിൽ അധികാരത്തിലുള്ള ഹിന്ദുത്വ ഫാഷിസത്തിന്റെ അധികാരം ഫെഡറലിസംപോലും തകർത്ത് ശക്തമാകുന്നതിന്റെ അനുപൂരകമായാണ് ഈ സംഭവങ്ങൾ എല്ലാം നടക്കുന്നത്. ജനാധിപത്യവും മതേതരത്വവും സ്വാതന്ത്ര്യവും വെല്ലുവിളിക്കപ്പെടുന്നു. മറുവശത്ത് പ്രകൃതിക്കുമേൽ മനുഷ്യദുര ആഴത്തിൽ ഖനനമായും കടന്നുകയറ്റമായും വിപുലമാകുന്നു. ഇത്തരം നിരവധി പ്രശ്നങ്ങൾക്ക് മുന്നിൽ സ്വാഭാവികമാണ് ആദ്യത്തെ ചോദ്യം.

നമുക്ക് വേണ്ടത് സമാധാനവും ശാന്തിയും ഐശ്വര്യവുമുള്ള നാടാണ്. നന്മകളുള്ള, ജനാധിപത്യം അടിമുടി പുലരുന്ന ദിനങ്ങളാണ് ആഗ്രഹം. അത് വെറുതെ സൃഷ്ടിക്കപ്പെടില്ല. ജനങ്ങളു​െട ഇച്ഛയിലും ഉയിർപ്പിലുമാണ് അത് ഒരുങ്ങുക. അത് ഉണ്ടാകട്ടെ എന്നാണ് ഈ പുതുവർഷവേളയിലും ആശംസ.


Show More expand_more
News Summary - Employment Guarantee Scheme