നമ്മൾ ഒന്നും പഠിക്കുന്നില്ല

ഓരോ ദുരന്തവും അപകടവും പാഠങ്ങളാവുകയാണ് ചെയ്യുക. ബുദ്ധിയുള്ള, വിവേകമുള്ള മനുഷ്യർ അതിൽനിന്ന് പാഠങ്ങൾ ഉൾക്കൊള്ളും. അതാവർത്തിക്കാതിരിക്കാൻ മുൻകരുതൽ എടുക്കും. ദൗർഭാഗ്യവശാൽ, കേരളം ഒന്നും പഠിക്കുന്നില്ല. അതിനാൽ ഇനിയും ദുരന്തം ആവർത്തിക്കാൻ മാത്രമാണ് സാധ്യത.
പശ്ചിമഘട്ടത്തോടുള്ള നമ്മുടെ സമീപനത്തിലുമുണ്ട് ഈ ആവർത്തനം. വയനാട്ടിലെ ദുരന്തങ്ങളോടുമുണ്ട് ഇതേ ഉദാസീനത. ജൂലൈ 7ന് വയനാട്ടിൽ വീണ്ടും ദുരന്തമുണ്ടായി. ഏഴുപേർ മരിച്ചു. 2018ലെ മഹാപ്രളയശേഷം അര ഡസനിലേറെ തവണയായി പശ്ചിമഘട്ടം അതിന്റെ രൗദ്രഭാവം പുറത്തെടുത്തിട്ടുണ്ട്.
കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ-മേപ്പാടി ഇരട്ട തുരങ്കപാതയുടെ വയനാട് ഭാഗത്തെ പദ്ധതി പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിലാണ് ഏഴ് പേർ മരിച്ചത്. 2024 ജൂലൈ 30ന് വയനാട്ടിലെ ചൂരൽമല-മുണ്ടക്കൈ ഉരുൾദുരന്തത്തിന്റെ ആഘാതത്തിൽനിന്ന് നാട് പതിയെ കരകയറിക്കൊണ്ടിരിക്കുമ്പോഴാണ് ഏതാണ്ട് അതേ പ്രദേശത്തുതന്നെ വീണ്ടുമൊരു അപകടം. 2024 ൽ വയനാടൻ മലനിരകളിലെ രണ്ട് ഗ്രാമങ്ങൾ സമ്പൂർണമായി ചാലിയാറിൽ പതിച്ചു.
വയനാട്ടിലുണ്ടായ ഇപ്പോഴത്തെ ദുരന്തവും മനുഷ്യനിർമിതമാണ്. നിർദിഷ്ട ഇരട്ട തുരങ്കപാത വയനാട്ടിൽ അവസാനിക്കുന്നത് മേപ്പാടിക്കടുത്ത കള്ളാടിയിലാണ്. ഇവിടെ, തുരങ്കമുഖം വരെയുള്ള ‘കട്ട് ആൻഡ് കവർ’ പ്രവൃത്തിയാണ് നടന്നുകൊണ്ടിരിക്കുന്നത്. പാറ തുരക്കുന്നതിന് മുന്നോടിയായി മലയിലെ മേൽമണ്ണ് മാറ്റൽ. മാറ്റിയ മണ്ണ് അവിടെനിന്ന് നീക്കംചെയ്യാതെ നിന്നതാണ് ഇപ്പോഴത്തെ ദുരന്തത്തിന് കാരണം. ഇവ നീക്കംചെയ്യാൻ ആഴ്ചകൾക്കു മുമ്പേ നിർദേശിച്ചിട്ടും കരാർ കമ്പനി അത് പാലിച്ചില്ല. മഴ കനത്തതോടെ, മലകണക്കെ കുന്നുകൂട്ടിയ മണ്ണിടിഞ്ഞ് സമീപത്തെ റോഡിലേക്കും പുഴയിലേക്കും കുത്തിയൊലിച്ചു. ഇത് മുഖ്യമായും കരാർ കമ്പനിയുടെ അനാസ്ഥയാണ്.
പരിസ്ഥിതി ലോല മേഖലയിൽ ഖനനവും നിർമാണവും നടത്തുന്നതിനെതിരെ ഗാഡ്ഗിൽ റിപ്പോർട്ട് മുന്നറിയിപ്പ് നൽകിയതാണ്. എന്നിട്ടും എതിർപ്പുകൾ കണക്കിലെടുക്കാതെ ഇതേ പരിസ്ഥിതി ലോല മേഖലകൾക്കിടയിലൂടെയാണ് തുരങ്കപാത നിർമിക്കാൻ തീരുമാനിച്ചത്. വയനാട്ടിലേക്കുള്ള ഗതാഗതത്തിന് മറ്റ് മാർഗങ്ങൾ കൂടിയേ തീരൂ എന്നതിൽ തർക്കമില്ല. പക്ഷേ, അത് എത്രത്തോളം പരിസ്ഥിതി സൗഹൃദവും ശാസ്ത്രീയവുമാകണമെന്ന കാര്യത്തിൽ കൂടുതൽ ചിന്തകൾ ഉണ്ടായേ പറ്റൂ
ചോദ്യങ്ങൾ പിന്നെയും ശേഷിക്കുന്നുണ്ട്. എന്തുകൊണ്ട് മഴക്കാലങ്ങളിൽ പശ്ചിമഘട്ട മലനിരകളിൽ ആവർത്തിച്ചു ദുരന്തം ഉണ്ടാകുന്നു? വികസന പദ്ധതികളും പ്രകൃതിക്കുമേലുള്ള കടന്നുകയറ്റവും അതിൽ എന്തു പങ്കാണ് വഹിക്കുന്നത്? മനുഷ്യനിർമിതമല്ലേ ഈ ദുരന്തങ്ങൾ?
തുരങ്കപാതയിലുണ്ടായ ദുരന്തം കേവലം തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട സാങ്കേതികമായ അപാകതയായി ചുരുക്കാൻ പാടില്ല. അങ്ങനെയാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. നിർദിഷ്ട തുരങ്കനിർമാണ പ്രവൃത്തിയെ സമഗ്രമായിത്തന്നെ പുനരവലോകനത്തിന് വിധേയമാക്കേണ്ടതുണ്ട്. അതുപോലെ പശ്ചിമഘട്ടത്തെയും സവിശേഷമായി വയനാടിനോടുള്ള സമീപനത്തെയും. നമുക്ക് നല്ല പാതകൾ വേണമെന്നതിൽ സംശയമില്ല. പക്ഷേ, ദുരന്തം നമുക്ക് വേണ്ടേ വേണ്ട.
