ക്രൈം കേരളം

കേരളത്തിൽ അടുത്ത ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ക്രൈം വാർത്തകൾ ആരെയും അസ്വസ്ഥപ്പെടുത്തുകയും ആശങ്കയിലാഴ്ത്തുകയും ചെയ്യുന്നതാണ്. കുട്ടികളടക്കം നിരവധിപേർ കുറ്റകൃത്യങ്ങളിലും കൂട്ടംചേർന്ന് ആക്രമിക്കലിലും പങ്കാളിയായി പിടിയിലായി. ആക്രമങ്ങളുടെ പല വാർത്തകളും ആരെയും പേടിപ്പെടുത്തുന്നതുമാണ്.
കുറ്റകൃത്യങ്ങളുടെ ചില മാതൃകകൾ ഇതാ: കൽപറ്റയിൽ 16കാരനെ സഹപാഠികൾ കൂട്ടംചേർന്ന് ക്രൂരമായി മർദിച്ചു. 21ന് കൽപറ്റ മെസ് ഹൗസ് റോഡിൽ എൻ.സി.സി ഓഫിസിനടുത്ത് ആളൊഴിഞ്ഞ ഗ്രൗണ്ടിലേക്ക് 16കാരനെ മൊബൈലിൽ വിളിച്ചുവരുത്തിയാണ് മർദിച്ചത്. ഇതിന്റെ ഏഴു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയാണ് പുറത്തുവന്നത്. ആക്രമണത്തിൽ വിദ്യാർഥിയുടെ മുഖത്തും തലക്കും പരിക്കേറ്റു. വലിയ വടിയുപയോഗിച്ചാണ് മുഖത്തും തലയിലും അടിച്ചത്. മുഖത്ത് തൊഴിക്കുകയും നിലത്തുവീണപ്പോൾ നിർബന്ധിച്ച് കാലുപിടിച്ച് മാപ്പുപറയിപ്പിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. സംഭവത്തിൽ കൽപറ്റ സ്വദേശി മുഹമ്മദ് നാഫിലിനെയും (18) പ്രായപൂർത്തിയാകാത്ത മൂന്നു ആൺകുട്ടികളെയും പൊലീസ് അറസ്റ്റ് ചെയ്തു. കാറിൽ കടത്തിയ 11.2 ഗ്രാം എം.ഡി.എം.എയുമായി മൂന്നു പേരെ ജില്ല ലഹരിവിരുദ്ധ സ്ക്വാഡും വൈത്തിരി പൊലീസും ചേർന്ന് പിടികൂടി.
തടമ്പാട്ടുതാഴം സ്വദേശി വൈശാഖൻ (36) ഭാര്യയുടെ ബന്ധുവായ യുവതിയെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായി. വർഷങ്ങളായുള്ള പ്രണയം മൂലം യുവതി വിവാഹത്തിന് നിർബന്ധിച്ചതോടെയാണ് വൈശാഖൻ കൊലപാതകം ആസൂത്രണം ചെയ്തത്. ഒരുമിച്ച് ആത്മഹത്യചെയ്യാമെന്ന് ധരിപ്പിച്ച് ഉറക്കഗുളിക കലർത്തിയ ജ്യൂസ് നൽകിയശേഷം സ്റ്റൂളിൽ കയറി കഴുത്തിൽ കുരുക്ക് ഇടുവിച്ചു. തുടർന്ന് വൈശാഖൻ സ്റ്റൂൾ തട്ടിമാറ്റുകയായിരുന്നു. തൂങ്ങിയ നിലയിൽത്തന്നെ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുന്നതുൾപ്പെടെയുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പ്രതി നൽകിയത്. ജനുവരി 26ന് കോട്ടയം പാമ്പാടിയിൽ ഭാര്യയെ വെട്ടിക്കൊന്ന് യുവാവ് തൂങ്ങിമരിച്ചു.
ഈ പട്ടിക നീളുകയാണ്. ഒരിക്കലും ചുരുങ്ങുന്നില്ല. 2025ൽ 1,59,573 ഐ.പി.സി കേസുകളടക്കം 5,14,183 കേസുകളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടത്. കുട്ടികൾക്കെതിരെയുള്ള അതിക്രമത്തിൽ 2025 നവംബർ വരെ കേരളത്തിൽ 5165 കേസുകൾ രജിസ്റ്റർചെയ്തു. 120 കേസുകൾ തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ടതാണ്. സ്ത്രീകൾക്കെതിരായ അതിക്രമം 2025ൽ നവംബർ വരെ മാത്രം 16,838 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2735 കേസുകൾ ബലാത്സംഗവുമായി ബന്ധപ്പെട്ടതാണ്. ഇതേ കാലയളവിൽ 970 എസ്.സി, എസ്.ടി അതിക്രമങ്ങളും രജിസ്റ്റർ ചെയ്യപ്പെട്ടു.
എന്തുകൊണ്ട് കുറ്റകൃത്യങ്ങളുടെ നാടായി കേരളം മാറുന്നുവെന്ന് ഗൗരവമായി പഠിക്കേണ്ടതുണ്ട്. പലതരം കാരണങ്ങൾ കുറ്റകൃത്യങ്ങൾക്കായി പറയപ്പെടുന്നുണ്ട്. പണത്തോടുള്ള ആർത്തി, പക, ലൈംഗിക താൽപര്യം, വഞ്ചന, അക്രമം നിറഞ്ഞ സിനിമകളുടെ സ്വാധീനം, ഉപഭോഗസംസ്കാരം, മൂല്യച്യുതി എന്നിങ്ങനെ ന്യായീകരണം പലതാണ്. പക്ഷേ, സമൂഹം എന്നനിലയിൽ കേരളത്തിന് അപമാനകരമാണ് ഈ കുറ്റകൃത്യങ്ങൾ. ഭരണകൂടവും പൊലീസും ബോധപൂർവംതന്നെ കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കാനുള്ള നടപടികളെടുക്കണം. ഇല്ലെങ്കിൽ പുതിയ തലമുറ കൂടുതൽ കുറ്റകൃത്യങ്ങളിലേക്ക് സഞ്ചരിക്കാൻ മാത്രമാണ് സാധ്യത.
