വിവ ലുല!

ബ്രസീൽ വീണ്ടും ചരിത്രമെഴുതി. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ സ്ഥാനാർഥി ഫ്ലാവിയോ ബൊൽെസാനാരോയെ പരാജയപ്പെടുത്തി ഇടതുപക്ഷ നേതാവ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ വീണ്ടും അധികാരത്തിലെത്തി. നാലാം തവണയാണ് ലുല ബ്രസീലിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്.
വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 80കാരനായ ലുലക്ക് 51.79 ശതമാനം വോട്ടുകൾ ലഭിച്ചു. എതിരാളിയായ 45കാരൻ ഫ്ലാവിയോ ബൊൽെസാനാരോക്ക് 48.21 ശതമാനം വോട്ടുകളാണ് നേടാനായത്. 44 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ലുലയുടെ വിജയം. ബ്രസീലിൽ 1980കളിൽ ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ടശേഷം ആദ്യഘട്ടത്തിൽ രണ്ടാംസ്ഥാനത്തെത്തിയ സ്ഥാനാർഥി രണ്ടാംഘട്ട വോട്ടെടുപ്പിലൂടെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത് ആദ്യമാണ്. സാവോ പോളോയിൽ അനുയായികളെ അഭിസംബോധന ചെയ്ത ലുല, ജനാധിപത്യത്തിന്റെ വിജയമാണിതെന്ന് പ്രഖ്യാപിച്ചു.
അതേസമയം, തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഫ്ലാവിയോ ബൊൽെസാനാരോ. വോട്ടെടുപ്പ് സമയം രണ്ടുമണിക്കൂർ നീട്ടിയ സുപ്രീംകോടതി ജഡ്ജി ക്രിസ്റ്റ്യാനോ സാനിന്റെ തീരുമാനമാണ് അദ്ദേഹം ചോദ്യം ചെയ്യുന്നത്. വോട്ടെടുപ്പ് നടക്കുന്നതിനിടെ നിയമങ്ങൾ മാറ്റിയെന്ന് ആരോപിച്ച ബൊൽെസാനാരോ, തെരഞ്ഞെടുപ്പ് റദ്ദാക്കാൻ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി. എന്നാൽ, വോട്ടെടുപ്പ് സമയം നീട്ടണമെന്ന് ബൊൽെസാനാരോയുടെ പ്രചാരണസംഘവും നേരത്തേ ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ടുണ്ട്. മുൻ പ്രസിഡന്റ് െജയ്ർ ബൊൽെസാനാരോയുടെ മകനാണ് ഫ്ലാവിയോ ബൊൽെസാനാരോ. 2022ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ലുലയോട് പരാജയപ്പെട്ട ജെയ്ർ ബൊൽെസാനാരോയും തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാൻ തയാറായിരുന്നില്ല.
ബ്രസീലിൽ ലുല നേടിയ വിജയം വലതുപക്ഷത്തിന് മേൽ നേടിയ വിജയം മാത്രമല്ല. മെറ്റ എന്ന ആഗോള ടെക് കമ്പനിയുടെ പക്ഷപാത ഇടപെടലിനെതിരായ വിജയംകൂടിയാണ്. മെറ്റയുടെ ഇൻസ്റ്റ അടക്കമുള്ള പ്ലാറ്റ് ഫോമുകളിൽ ലുലയുടെ രാഷ്ട്രീയ പ്രചാരണങ്ങളുടെ റീച്ച് തുടർച്ചയായി കുറച്ചിരുന്നു. ഇത് തെളിവ് സഹിതം പുറത്തുവന്നതിനെ തുടർന്ന് ബ്രസീലിലെ തെരഞ്ഞെടുപ്പ് കോടതി മെറ്റക്ക് മേൽ കനത്ത പിഴ ചുമത്തി. എതിർ സ്ഥാനാർഥി ഫ്ലാവിയോ ബൊൽെസാനാരോയുടെ ദൃശ്യത കൂട്ടുന്ന തരത്തിൽ മെറ്റയുടെ അൽഗോരിതം പ്രവർത്തിച്ചുവെന്നും ബ്രസീലിലെ മാധ്യമങ്ങളും സ്വതന്ത്ര സംഘടനകളും വ്യക്തമാക്കിയിട്ടുണ്ട്.
ദരിദ്ര കുടുംബാംഗമായ ലുല, സാവോ പോളോയിലെ ഒരു ഓട്ടോമൊബൈൽ പാർട്സ് നിർമാണ ഫാക്ടറിയിൽ മെറ്റൽ വർക്കറായി ജോലി ചെയ്യുമ്പോൾ, 17ാം വയസ്സിൽ കൈയിലെ ഒരു വിരൽ അറ്റുപോയിരുന്നു. രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നതിനിടെ അവിടത്തെ ഒരു ഹൈഡ്രോളിക് പ്രസിലെ യന്ത്രത്തിന് തകരാർ സംഭവിച്ചു. അതു നന്നാക്കാൻ ശ്രമിക്കുന്നതിനിടെ ലുലയുടെ ഇടതു കൈയിലെ ചെറുവിരൽ യന്ത്രത്തിനുള്ളിൽ പെട്ട് ചതഞ്ഞുപോയി.
ലുല തൊഴിലാളി യൂനിയൻ നേതാവായും പിന്നീട് ബ്രസീലിന്റെ വലിയൊരു രാഷ്ട്രീയ ശക്തിയായും ഉയർന്നുവന്നപ്പോൾ, രാഷ്ട്രീയ എതിരാളികൾ അദ്ദേഹത്തിന്റെ ഈ ശാരീരിക അവസ്ഥയെ ആണ് ആദ്യം ലക്ഷ്യം വെച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും ചർച്ചകളിലും ലുലയെ അധിക്ഷേപിക്കാൻ അവർ അദ്ദേഹത്തെ ‘ഒമ്പത് വിരലുകാരൻ’ എന്ന് വിളിച്ചു പരിഹസിച്ചു. ലുലയുടെ വിജയത്തിന് ശേഷം അദ്ദേഹത്തിന്റെ ഈ നാല് വിരലുകൾ ഉയർത്തിയുള്ള ചിത്രങ്ങൾ ലോകമെമ്പാടും തരംഗമായി മാറിയിട്ടുണ്ട്.
തീവ്ര വലതുപക്ഷത്തെ അധികാരത്തിൽ നിന്ന് അകറ്റിനിർത്തിയ ബ്രസീൽ ജനത അഭിനന്ദനം അർഹിക്കുന്നു. എന്നാൽ, ബ്രസീലിന്റെ വർത്തമാന അവസ്ഥകൾ ദയനീയവും ഭീകരവുമാണ്. അവിടെ ലുലക്ക് വിജയിക്കാനാവുമോയെന്നാണ് അറിയേണ്ടത്. അമേരിക്കയെ ലുല എങ്ങനെ പ്രതിരോധിക്കുമെന്നും കണ്ടറിയേണ്ടിയിരിക്കുന്നു.
