അവൾക്കൊപ്പം, എന്നും

‘നടിയെ ആക്രമിച്ച കേസ്’ എന്നു പറയുന്നത് സംഭവത്തിലേക്ക് എത്താൻ ഒരു ചൂണ്ടുപലകയാണെങ്കിലും, ആ പ്രയോഗംതന്നെ കുറ്റത്തിന്റെ ആഴത്തെയും വ്യാപ്തിയെയും അതിലെ നിഷ്ഠുരതയെയും മറയ്ക്കുന്നുണ്ട്. കേവലം ഒരു ആക്രമണമല്ല നടന്നതെന്ന് ആരും ആരോടും പറഞ്ഞുകൊടുക്കേണ്ടതില്ല. ആ കേസിൽ നടൻ ദിലീപ് കുറ്റമുക്തനാണെന്നും ഒന്നു മുതൽ ആറു വരെ പ്രതികൾ കുറ്റക്കാരാണെന്നും ഡിസംബർ എട്ടിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചിരിക്കുന്നു. എൻ.എസ്. സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം, പ്രദീപ് എന്നിവരെയാണ് ജഡ്ജി ഹണി എം. വർഗീസ് കുറ്റക്കാരാണെന്ന് കണ്ടത്.
ദിലീപ് കുറ്റകൃത്യത്തിൽ പങ്കെടുത്തതിന് തെളിവില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. ഒന്നു മുതൽ ആറുവരെ പ്രതികൾക്കെതിരെ ചുമത്തിയ ബലാത്സംഗം ഉൾെപ്പടെയുള്ള കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞുവെന്നും കോടതി വ്യക്തമാക്കി. എട്ടാം പ്രതി ദിലീപിനൊപ്പം ഏഴാം പ്രതി ചാർളി തോമസ്, ഒമ്പതാം പ്രതി സനിൽകുമാർ, പത്താം പ്രതി ശരത് ജി. നായർ എന്നിവരെയും കോടതി വെറുതെവിട്ടു. കേരള ചരിത്രത്തിൽ അടുത്തെങ്ങും കേട്ടുകേൾവിയില്ലാത്തവിധം പ്രാധാന്യവും കോളിളക്കങ്ങളും ഈ കേസിനുണ്ടായി. അതിന് ഒറ്റ കാരണമേയുള്ളൂ. അതിജീവിത സമൂഹത്തിലെ മറ്റെല്ലാ സ്ത്രീകൾക്കും വേണ്ടി നിവർന്നുനിന്ന്, ആർജവത്തോടെ അവസാനം വരെ നീതിക്കായി പോരാടി എന്നതാണത്. കരുത്തരും, സ്വാധീനവും സമ്പത്തുമുള്ള പ്രതികൾക്കെതിരായ ആ പോരാട്ടം ഒട്ടും ലളിതമായിരുന്നില്ല. ഭീഷണികൾ, കോടതി മുറിയിലടക്കമുള്ള അട്ടിമറികൾ, കൂറുമാറലുകൾ, ഒറ്റപ്പെടുത്തലുകൾ, അപവാദ പ്രചാരണം, മാനസികമായും ധാർമികമായും തകർക്കാനുള്ള നീക്കങ്ങൾ എന്നിവയെല്ലാം അതിജീവിത ധീരമായി നേരിട്ടു. ആ നിലപാടിനാണ് ആദ്യ അഭിവാദ്യം.
പ്രോസിക്യൂഷന്റെതന്നെ വാദപ്രകാരം, പണവും പ്രശസ്തിയും ബന്ധങ്ങളും ഡിജിറ്റൽ സാങ്കേതികവിദ്യയും ചേർന്നു നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന, അപൂർവത്തിൽ അപൂർവമായ ക്രിമിനൽ മാതൃകയായിരുന്നു ഈ കേസ്. 2017 ഫെബ്രുവരി 17നാണ് രാജ്യത്തുടനീളം ചർച്ചയായ ആക്രമണം നടന്നത്. തൃശൂരിൽനിന്ന് ഒരു സിനിമയുടെ ഡബിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന നടിയെ അങ്കമാലി അത്താണിക്ക് സമീപത്തുവെച്ച് കാറില്‍ അതിക്രമിച്ചു കയറിയ ആക്രമിസംഘം ശാരീരികമായി ഉപദ്രവിക്കുകയും വിഡിയോയും ചിത്രങ്ങളും പകർത്തുകയും ചെയ്തുവെന്നതാണ് കേസ്. പല നാടകീയ സംഭവങ്ങൾക്കും ശേഷം ദിലീപിന്‍റെ അറസ്റ്റ്, ആഴ്ചകൾ നീണ്ട ജയിൽവാസം തുടങ്ങിയ സംഭവ പരമ്പരകൾക്കും കേരളം സാക്ഷിയായി. നടിയെ ആക്രമിക്കാൻ ദിലീപും മുഖ്യപ്രതി പൾസർ സുനിയും ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. ദിലീപിന്‍റെ ഇടപെടൽ വ്യക്തമായതോടെ ആദ്യഘട്ടത്തിൽ മകനെപ്പോലെ സംരക്ഷിക്കുമെന്ന് പറഞ്ഞ താരസംഘടന എ.എം.എം.എയും നിലപാട് മനസ്സില്ലാമനസ്സോടെ മാറ്റി. ഡബ്ല്യൂ.സി.സി രൂപവത്കരണവും സിനിമയിലെ പ്രശ്നങ്ങൾ പഠിക്കാനായി ഹേമ കമ്മിറ്റിയെ നിയോഗിച്ചതുമെല്ലാം ഇതിന്‍റെ തുടർച്ചയാണ്.
കേസിൽ നീതിന്യായ സംവിധാനം മുഴുവൻ അതിജീവിതക്ക് എതിരായാണ് നിലകൊണ്ടത്. കോടതിയുടെ ഇടപെടലുകൾ നടന് അനുകൂലമായി നടക്കുന്നു എന്ന ആക്ഷേപവും അതിജീവിതയുടെ അഭിഭാഷകയും മറ്റും പരസ്യമായിത്തന്നെ പറയുകയുണ്ടായി. കേസിലെ ജഡ്ജി ഹണി എം. വർഗീസിനെ മാറ്റണമെന്ന് അതിജീവിത തന്നെ ആവശ്യപ്പെട്ടു. മെമ്മറി കാർഡിൽ തിരിമറി നടന്നതുമായി ബന്ധപ്പെട്ട ഫോറൻസിക് റിപ്പോർട്ട് രഹസ്യമാക്കിവെച്ചു. കോടതിയുടെ രഹസ്യവും അത്യന്തം സെക്യൂരിറ്റിയുള്ളതുമായ അറയിൽ ജഡ്ജി സൂക്ഷിച്ചിരുന്ന ആ മെമ്മറി കാർഡ് എട്ടാം പ്രതിയുടെ കൈയിൽ എങ്ങനെ കിട്ടിയെന്നതിനും അതിന്റെ ഹാഷ് ടാഗ് എങ്ങനെ മാറിയെന്നതിനും ഉത്തരം കിട്ടിയിട്ടില്ല. സൂത്രധാരനില്ലാത്ത കുറ്റകൃത്യമായി ഈ കേസ് മാറിയിട്ടുണ്ട്. വിധി വന്നശേഷവും ആൺകൂട്ട ഹിംസയും അക്രമാത്മകമായ പ്രതികരണങ്ങളും പ്രകടമായി. വിധിക്കെതിരെ സർക്കാർ അപ്പീൽ പോകുമെന്നത് പോരാട്ടം അവസാനിച്ചിട്ടില്ലെന്നതിന്റെ സൂചനയാണ്; പ്രതീക്ഷയാണ്. ഇപ്പോഴും എപ്പോഴും ആവർത്തിക്കുന്നു, അവനൊപ്പമല്ല, അവൾക്കൊപ്പംതന്നെയാണ് ആഴ്ചപ്പതിപ്പ്. നീതി പുലരുമെന്നുതന്നെയാണ് വിശ്വാസം.
