Begin typing your search above and press return to search.
proflie-avatar
Login

'യാത്ര' -സ​ച്ചി​ദാ​ന​ന്ദ​ന്‍ എഴുതിയ കഥ

യാത്ര -സ​ച്ചി​ദാ​ന​ന്ദ​ന്‍ എഴുതിയ കഥ
cancel

ന​ന്ദ​ഗോ​പ​ന്‍മാ​ഷ്‌ തീ​വ​ണ്ടി​യാ​ത്ര ചെ​യ്തി​ട്ട് ര​ണ്ടു വ​ര്‍ഷ​മെ​ങ്കി​ലും ആ​യി​ക്കാ​ണും. ഇ​പ്പോ​ള്‍ ചെ​യ്യേ​ണ്ട​താ​ക​ട്ടെ, ത​ന്റെ പ്രാ​യം നോ​ക്കു​മ്പോ​ള്‍ ദീ​ര്‍ഘം എ​ന്ന് പ​റ​യാ​വു​ന്ന ഒ​രു യാ​ത്ര​യും- തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ ക​ണ്ണൂ​ര്‍ വ​രെ. ര​ണ്ടു മ​ക്ക​ളി​ല്‍ അ​വ​ശേ​ഷി​ച്ച ഒ​രേ​യൊ​രു മ​ക​ള്‍, ഗൗ​രി, അ​വ​ളു​ടെ മ​ക​ന്‍ നി​ഷാ​ദി​നെ​യും കൂ​ട്ടി ഇ​ട​ക്കി​ടെ വാ​രാ​ന്ത്യ​ങ്ങ​ളി​ല്‍ ത​ന്നെ കാ​ണാ​ന്‍ വ​രി​ക​യാ​ണ് പ​തി​വ്, ചി​ല​പ്പോ​ള്‍ രാ​മ​നാ​ഥ​നും ഒ​പ്പം ഉ​ണ്ടാ​വും. പ​ക്ഷേ ഇ​ക്കു​റി അ​വ​ള്‍ പു​തി​യ വീ​ടുവെ​ച്ച് താ​മ​സി​ക്കു​ക​യാ​ണ്. വീ​ട് ഇ​ങ്ങോ​ട്ട്...

Your Subscription Supports Independent Journalism

View Plans

ന​ന്ദ​ഗോ​പ​ന്‍മാ​ഷ്‌ തീ​വ​ണ്ടി​യാ​ത്ര ചെ​യ്തി​ട്ട് ര​ണ്ടു വ​ര്‍ഷ​മെ​ങ്കി​ലും ആ​യി​ക്കാ​ണും. ഇ​പ്പോ​ള്‍ ചെ​യ്യേ​ണ്ട​താ​ക​ട്ടെ, ത​ന്റെ പ്രാ​യം നോ​ക്കു​മ്പോ​ള്‍ ദീ​ര്‍ഘം എ​ന്ന് പ​റ​യാ​വു​ന്ന ഒ​രു യാ​ത്ര​യും- തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ ക​ണ്ണൂ​ര്‍ വ​രെ. ര​ണ്ടു മ​ക്ക​ളി​ല്‍ അ​വ​ശേ​ഷി​ച്ച ഒ​രേ​യൊ​രു മ​ക​ള്‍, ഗൗ​രി, അ​വ​ളു​ടെ മ​ക​ന്‍ നി​ഷാ​ദി​നെ​യും കൂ​ട്ടി ഇ​ട​ക്കി​ടെ വാ​രാ​ന്ത്യ​ങ്ങ​ളി​ല്‍ ത​ന്നെ കാ​ണാ​ന്‍ വ​രി​ക​യാ​ണ് പ​തി​വ്, ചി​ല​പ്പോ​ള്‍ രാ​മ​നാ​ഥ​നും ഒ​പ്പം ഉ​ണ്ടാ​വും. പ​ക്ഷേ ഇ​ക്കു​റി അ​വ​ള്‍ പു​തി​യ വീ​ടുവെ​ച്ച് താ​മ​സി​ക്കു​ക​യാ​ണ്. വീ​ട് ഇ​ങ്ങോ​ട്ട് കൊ​ണ്ടു​വ​ന്നു കാ​ണി​ക്കാ​ന്‍ വ​യ്യ​ല്ലോ, അ​വ​ള്‍ പ​ടം അ​യ​ച്ചി​രു​ന്നെ​ങ്കി​ലും. അ​വ​ളു​ടെ അ​മ്മ ആ​റു കൊ​ല്ലം മു​മ്പേ യാ​ത്ര​യാ​യി, പി​ന്നെ താ​ന​ല്ലാ​തെ ആ​രാ​ണ് അ​വ​ള്‍ക്കു​ള്ള​ത്‌?

പ​ണ്ട് യാ​ത്ര​ക​ള്‍ ര​സ​മാ​യി​രു​ന്നു. കാ​ഴ്ച​ക​ള്‍ ക​ണ്ടും സ്റ്റേ​ഷ​നു​ക​ളു​ടെ പേ​രു​ക​ള്‍ വാ​യി​ച്ചും അ​ധി​കം നേ​രം നി​ര്‍ത്തു​ന്നി​ട​ത്ത് ഒ​ന്നി​റ​ങ്ങി ഒ​രു ചാ​യ​യോ ജ്യൂ​സോ കു​ടി​ച്ച് വ​ണ്ടി വി​ടു​മ്പോ​ള്‍ ഓ​ടി​ക്ക​യ​റി​യു​മു​ള്ള യാ​ത്ര​ക​ള്‍. പ​ക്ഷേ ഇ​പ്പോ​ള്‍ ഒ​രു ക​ണ്ണി​നു കാ​ഴ്ച മി​ക്ക​വാ​റും ഇ​ല്ലാ​താ​യി​രി​ക്കു​ന്നു. മ​റ്റേ​തി​ന്‍റേ​ത് മ​ങ്ങി​യി​രി​ക്കു​ന്നു. വെ​ള്ളെ​ഴു​ത്ത് തു​ട​ങ്ങി​യ​പ്പോ​ള്‍ ത​ന്നെ ക​ണ്ണ​ട ഉ​പ​യോ​ഗി​ക്കാ​ന്‍ ഡോ​ക്ട​ര്‍ ഉ​പ​ദേ​ശി​ച്ച​താ​ണ്. ഇ​പ്പോ​ള്‍ ആ​ണ്ടു​തോ​റും ക​ണ്ണ​ട​ച്ചി​ല്ലി​നു ക​ട്ടി കൂ​ടി​ക്കൂ​ടി​വ​രു​ന്നു. കേ​ള്‍വി കു​റ​ഞ്ഞുതു​ട​ങ്ങി​യ​പ്പോ​ള്‍ -അ​ത് സ​മ്മ​തി​ക്കാ​ന്‍ ത​നി​ക്ക് ആ​ദ്യം വ​ലി​യ മ​ടി​യാ​യി​രു​ന്നു എ​ന്ന് അ​യാ​ള്‍ ഓ​ര്‍ത്തു- മ​ക​ള്‍ ഒ​രു ശ്ര​വ​ണ​സ​ഹാ​യി വാ​ങ്ങി​ക്കൊ​ടു​ത്തു, ആ​രും ശ്ര​ദ്ധി​ക്കാ​ത്ത​ത്ര ചെ​റി​യ​ത്. അ​വ​ള്‍ ആമ​സോ​ണി​ന്റെ മാ​തൃ​കാ ഉ​പ​ഭോ​ക്ത്രി​യാ​ണ്. പ​ല പു​തി​യ ഉ​ൽ​പ​ന്ന​ങ്ങ​ളും ആ​ദ്യം വാ​ങ്ങു​ന്ന​ത് അ​വ​ള്‍ ആ​യി​രി​ക്കു​മെ​ന്ന് തോ​ന്നു​ന്നു. ചി​ല​തെ​ല്ലാം തി​രി​ച്ച​യ​ക്കു​ന്ന​തും കാ​ണാം. ഏ​താ​യാ​ലും കാ​ഴ്ചപോ​യാ​ലും കേ​ള്‍വി​യു​ണ്ട​ല്ലോ എ​ന്ന​ത് ഈ ​തൊ​ണ്ണൂ​റ്റി​യാ​റാം വ​യ​സ്സി​ല്‍ വ​ലി​യ ആ​ശ്വാ​സംത​ന്നെ.

വാ​സ്ത​വ​ത്തി​ല്‍ ന​ല്ലൊ​രു വാ​യ​ന​ക്കാ​ര​നാ​യി​രു​ന്നു എ​ല്ലാ​വ​രും 'മാ​ഷ്‌' എ​ന്ന് വി​ളി​ച്ചി​രു​ന്ന ന​ന്ദ​ഗോ​പ​ന്‍. മ​ല​യാ​ളം അ​ധ്യാ​പ​ക​നാ​യ​തുകൊ​ണ്ടു​മാ​ത്രം വാ​യി​ക്കാ​ന്‍ തു​ട​ങ്ങി​യ ആ​ള​ല്ല, കു​ട്ടി​ക്കാ​ലം മു​ത​ലേ സാ​ഹി​ത്യ​പ്രേ​മി. ചി​ല പ​രി​മി​തി​ക​ള്‍, അ​ഥ​വാ, ഉ​റ​പ്പു​ക​ള്‍, അ​യാ​ള്‍ക്ക്‌ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന​ല്ല. എ​ല്ലാ ഉ​റ​പ്പു​ക​ളും പ​രി​മി​തി​ക​ളു​മാ​ണ​ല്ലോ. ഉ​ദാ​ഹ​ര​ണ​ത്തി​ന് ഗ​ണം തി​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത ക​വി​ത​ക​ള്‍ പു​ള്ളി​ക്കു സ​ഹി​ക്കാ​ന്‍ പ​റ്റു​മാ​യി​രു​ന്നി​ല്ല. എ​ന്തി​നാ​ണ് ന​ന്നാ​യി വൃ​ത്തം അ​റി​യും എ​ന്ന് തെ​ളി​യി​ച്ചി​ട്ടു​ള്ള​വ​ര്‍ പോ​ലും ഗ​ദ്യ​ത്തി​ല്‍ എ​ഴു​തു​ന്ന​തെ​ന്ന​ത് മാ​ഷി​ന് ഇ​പ്പോ​ഴും അ​ത്ഭു​ത​മാ​യി​രു​ന്നു. ചി​ല ക​വി​ക​ളോ​ട് മാ​ഷ്‌ അ​തു നേ​രി​ട്ട് ചോ​ദി​ച്ചി​ട്ടു​മു​ണ്ട്. ചി​ല​ര്‍ വെ​റു​തെ ഒ​ന്ന് പു​ഞ്ചി​രി​ക്കും, ചി​ല​ര്‍ ഇ​യാ​ള്‍ ഒ​രു പ​ഴ​ഞ്ച​ന്‍ എ​ന്ന മ​ട്ടി​ല്‍ മു​ഖം ചു​ളി​ക്കും. സ​ത്യം പ​റ​ഞ്ഞാ​ല്‍ ഇ​തു​വ​രെ ആ ​ചോ​ദ്യ​ത്തി​ന് മ​ര്യാ​ദ​ക്ക് ഒ​രു​ത്ത​രം മാ​സ്റ്റ​ർ​ക്ക് കി​ട്ടി​യി​ട്ടി​ല്ല. അ​തുപോ​ലെ ഒ​രു​ത​രം ഭ്ര​മം ഉ​ണ്ടാ​ക്കു​ന്ന ക​ഥ​ക​ള്‍ എ​ഴു​തു​ന്ന​വ​ര്‍. യാ​ഥാ​ർ​ഥ്യ​വു​മാ​യി എ​ന്തെ​ങ്കി​ലു​മൊ​രു ബ​ന്ധം ക​ഥ​ക്കു വേ​ണ്ടേ! ആ ​ത​ക​ഴി​യും ദേ​വും ഒ​ക്കെ എ​ന്ത് ന​ല്ല എ​ഴു​ത്തു​കാ​രാ​യി​രു​ന്നു! അ​ക്ഷ​ര​ത്തെ​റ്റു​ക​ള്‍ സ​ഹി​ക്കു​ക​യി​ല്ല എ​ന്ന​തും മ​ല​യാ​ളം അ​ധ്യാ​പ​ക​ന്‍ ആ​യി​രു​ന്ന​തി​ന്റെ അ​വ​ശി​ഷ്ട​വി​കാ​ര​മാ​കാം. ക​ർ​മ​ണി​പ്ര​യോ​ഗ​വും ക​ര്‍ത്ത​രി​പ്ര​യോ​ഗ​വും ത​മ്മി​ലു​ള്ള വ്യ​ത്യാ​സം അ​റി​യാ​ത്ത​വ​ര്‍, 'ഷ'​യും 'ക്ഷ'​യും, അ​ല്ലെ​ങ്കി​ല്‍ 'ഫ'​യും 'ഭ'​യും 'ബ'​യും, ശ​രി​ക്ക് പ്ര​യോ​ഗി​ക്കാ​നോ ഉ​ച്ച​രി​ക്കാ​നോ ക​ഴി​യാ​ത്ത​വ​ര്‍, സ​ന്ധി​യും സ​മാ​സ​വും അ​റി​യാ​ത്ത​വ​ര്‍ -ഇ​വ​രൊ​ക്കെ സാ​ഹി​ത്യ​കാ​ര​ന്മാ​രും കാ​രി​ക​ളും വൃ​ത്താ​ന്ത വാ​യ​ന​ക്കാ​രും ച​ര്‍ച്ചാ​പ്ര​മാ​ണി​ക​ളും ആ​കു​ന്ന ഒ​രു കാ​ലം അ​ദ്ദേ​ഹ​ത്തി​ന്റെ ഏ​റ്റ​വും ക്രൂ​ര​മാ​യ ദുഃ​സ്വ​പ്ന​ങ്ങ​ളി​ല്‍പോ​ലും ഉ​ണ്ടാ​യി​രു​ന്നി​ല്ല.


ഇ​ങ്ങ​നെ​യൊ​ക്കെ ആ​ലോ​ചി​ച്ചു നി​ല്‍ക്കു​മ്പോ​ഴാ​ണ് വ​ണ്ടി വ​ന്നു കി​ട​ക്കു​ന്ന​ത് ന​ന്ദ​ഗോ​പ​ന്‍ ശ്ര​ദ്ധി​ച്ച​ത്. വ​ണ്ടി പ്ലാ​റ്റ്ഫോ​മി​ല്‍നി​ന്ന് വ​ള​രെ ഉ​യ​രെ നി​ല്‍ക്കു​ന്ന​താ​യി​ത്തോ​ന്നി. പ​ണ്ട് ഇ​ത്ര ഉ​യ​രെ ആ​യി​രു​ന്നി​ല്ല. ക​യ​റാ​ന്‍ നോ​ക്കു​മ്പോ​ള്‍ കാ​ല്‍ വ​ഴ​ങ്ങു​ന്നി​ല്ല. ഒ​രു ചെ​റു​പ്പ​ക്കാ​ര​ന്‍ ദ​യ കാ​ണി​ച്ച​തുകൊ​ണ്ട് റെ​യി​ല്‍പാ​ള​ത്തി​ല്‍ വീ​ഴാ​തെ ര​ക്ഷ​പ്പെ​ട്ടു. അ​യാ​ള്‍ക്ക്‌ 'ഷ'​യും 'ക്ഷ'​യും ത​മ്മി​ലു​ള്ള വ്യ​ത്യാ​സം അ​റി​യു​മോ എ​ന്തോ! ഏ​താ​യാ​ലും യൗ​വ​ന​വും വാ​ർ​ധ​ക്യ​വും ത​മ്മി​ലു​ള്ള വ്യ​ത്യാ​സം അ​റി​യാം. അ​ത്ര​യും ന​ല്ല​ത്.

ത​ന്റെ സീ​റ്റ് ഒ​രാ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ക​ണ്ടു​പി​ടി​ച്ച് ഇ​രു​ന്നു. സ്റ്റേ​ഷ​നി​ലേ​ക്ക് ഓ​ട്ടോ​യി​ലാ​ണ് വ​ന്ന​തെ​ങ്കി​ലും, ഉ​ച്ച​ക്ക് ഒ​ന്ന് കി​ട​ക്കാ​ത്ത​തി​ന്റെ​യാ​കാം, ക്ഷീ​ണ​മു​ണ്ടാ​യി​രു​ന്നു. വ​ണ്ടി ഉ​ച്ചതി​രി​ഞ്ഞ് ര​ണ്ടേ​മു​ക്കാ​ലി​നാ​യി​രു​ന്ന​ല്ലോ. അ​തു​കൊ​ണ്ട് ഇ​രു​ന്ന​യു​ട​ന്‍ ഒ​രു മ​യ​ക്ക​ത്തി​ലേ​ക്ക് വീ​ണു. അ​തി​ല്‍ എ​ല്ലാ സ്വ​പ്ന​വുംപോ​ലെ കു​ഴ​ഞ്ഞുമ​റി​ഞ്ഞ ഒ​രു സ്വ​പ്ന​വും ക​ണ്ടു. ഇ​യ്യി​ടെ കാ​ണാ​റു​ള്ള അ​ധി​കം സ്വ​പ്ന​ങ്ങ​ളി​ലും താ​ന്‍ അ​ല​ഞ്ഞു തി​രി​യു​ന്ന​താ​യാ​ണ് കാ​ണാ​റു​ള്ള​ത്‌. ചി​ല​പ്പോ​ള്‍ ത​ന്റെ വീ​ട​ന്വേ​ഷി​ച്ച്‌, ചി​ല​പ്പോ​ള്‍ സ്കൂ​ള്‍ അ​ന്വേ​ഷി​ച്ച്, സ്കൂ​ളി​ല്‍ ത​ന്നെ ത​ന്റെ ക്ലാ​സ് അ​ന്വേ​ഷി​ച്ച്, ഏ​തെ​ങ്കി​ലും ഓ​ഫീ​സ് അ​ന്വേ​ഷി​ച്ച്, വീ​ണ്ടും വീ​ണ്ടും ചു​റ്റി​ത്തി​രി​യു​ന്ന കാ​ഴ്ച​ക​ള്‍. പ​ണ്ട് കു​ന്നി​ന്‍മു​ക​ളി​ല്‍നി​ന്ന് താ​ഴെ കു​ള​ത്തി​ലേ​ക്കു വീ​ഴു​ന്ന​തും കാ​ട്ടി​ല്‍ ഒ​റ്റ​യാ​ന്റെ മു​ന്നി​ല്‍ അ​ക​പ്പെ​ടു​ന്ന​തും അ​പ്പോ​ള്‍ നി​ല​വി​ളി​ച്ചാ​ല്‍ ശ​ബ്ദം വ​രാ​ത്ത​തും മ​റ്റു​മാ​യി​രു​ന്നു. ല​ക്ഷ്മി ജീ​വി​ച്ചി​രി​ക്കു​മ്പോ​ള്‍ അ​ങ്ങ​നെ ദുഃ​സ്വ​പ്ന​ങ്ങ​ള്‍ അ​ധി​കം കാ​ണാ​റി​ല്ല. എ​ങ്ങാ​ന്‍ ക​ണ്ടു ശ​ബ്ദ​മു​ണ്ടാ​ക്കി​യാ​ല്‍ ത​ന്നെ അ​വ​ള്‍ ഒ​ന്ന് പു​റ​ത്തു ത​ട്ടി​യാ​ല്‍ അ​ത് മാ​ഞ്ഞു പോ​കു​മാ​യി​രു​ന്നു. പ​ക്ഷേ ഇ​പ്പോ​ള്‍ ന​ന്ദ​ഗോ​പ​ന്‍ ക​ണ്ട സ്വ​പ്ന​ത്തി​ല്‍ ല​ക്ഷ്മി വീ​ണ്ടും വ​ന്നു. അ​വ​ര്‍ ഒ​ന്നി​ച്ച് ഉ​മ്മ​റ​ത്തെ തി​ണ്ണ​യി​ല്‍ മ​ഴ ക​ണ്ട് ഇ​രി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നി​ല്‍ മൂ​ത്ത​വ​ള്‍, ജാ​ന​കി​ക്കു​ട്ടി, ഒ​രു പാ​ട്ടും മൂ​ളി നി​ല്‍പ്പു​ണ്ടാ​യി​രു​ന്നു. ''കു​ങ്കു​മ​പ്പൂ​വു​ക​ള്‍ പൂ​ത്തൂ'' എ​ന്ന പാ​ട്ട്. എ​പ്പോ​ഴോ പാ​ട്ട് നി​ല​ച്ചു. ജാ​ന​കി​ക്കു​ട്ടി​യെ കാ​ണാ​താ​യി.

ക​ണ്ണു തു​റ​ന്ന​പ്പോ​ള്‍ വ​ണ്ടി കൊ​ല്ല​ത്തെ​ത്തി​യി​രു​ന്നു. വ​ണ്ടി​യി​ല്‍ 'ചാ​യ ചാ​യ' എ​ന്നു പ​റ​ഞ്ഞു ന​ട​ന്നു​കൊ​ണ്ടി​രു​ന്ന​യാ​ള്‍ അ​ല്‍പ്പം സം​ശ​യ​ത്തോ​ടെ​യും വി​സ്മ​യ​ത്തോ​ടെ​യും ത​ന്നെ നോ​ക്കു​ന്ന​ത് ന​ന്ദ​ഗോ​പ​ന്‍ അ​റി​ഞ്ഞു. താ​ന്‍ പ​തി​വുപോ​ലെ വേ​ച്ചു വേ​ച്ച​ല്ല ന​ട​ക്കു​ന്ന​തെ​ന്നും ഒ​രു വി​ധം ന​ന്നാ​യി​ത്ത​ന്നെ ത​നി​ക്ക് ക​ണ്ണ് കാ​ണാ​മെ​ന്നും അ​യാ​ള്‍ ശ്ര​ദ്ധി​ച്ചു. കു​ളി​മു​റി​യി​ല്‍ ക​ട​ന്നു മു​ഖം ക​ഴു​കു​മ്പോ​ള്‍ ക​ണ്ണാ​ടി​യി​ല്‍ നോ​ക്കി അ​യാ​ള്‍ അ​മ്പ​ര​ന്നു: മു​ഴു​വ​ന്‍ ന​ര​ച്ചി​രു​ന്ന ത​ന്റെ മു​ടി​യി​ല്‍ കു​റെ​യ​ധി​കം ഭാ​ഗം ക​റു​ത്തി​രി​ക്കു​ന്നു. വ​ണ്ടി​യി​ല്‍ ചാ​രി​യി​രു​ന്ന​പ്പോ​ള്‍ എ​ന്തെ​ങ്കി​ലും പ​റ്റി​പ്പി​ടി​ച്ച​താ​വും എ​ന്നു ക​രു​തി ക​ഴു​കി നോ​ക്കി. ക​റു​പ്പ് പോ​കു​ന്നി​ല്ല. മു​ഖ​ത്തെ ചു​ളി​വു​ക​ള്‍ കു​റ​ഞ്ഞി​രി​ക്കു​ന്നു. ത​ന്റെ സ്വ​പ്നം അ​വ​സാ​നി​ച്ചി​ല്ലേ? അ​യാ​ള്‍ വീ​ണ്ടും വീ​ണ്ടും മു​ഖം ക​ഴു​കി ക​ണ്ണാ​ടി​യി​ല്‍ നോ​ക്കി. ചാ​യ​ക്കാ​ര​ന്റെ അ​ത്ഭു​തം നി​റ​ഞ്ഞ നോ​ട്ട​ത്തി​ന്റെ അ​ർ​ഥം ഇ​പ്പോ​ഴാ​ണ് അ​യാ​ള്‍ക്ക് മ​ന​സ്സി​ലാ​യ​ത്‌. പു​റ​ത്തു വ​ന്ന​പ്പോ​ള്‍ ''ന​ന്ദ​ഗോ​പ​ന്‍ സാ​റ​ല്ലേ'' എ​ന്ന് ഒ​രു ചെ​റു​പ്പ​ക്കാ​ര​ന്‍ ചോ​ദി​ച്ച​പ്പോ​ഴാ​ണ് ഇ​തു താ​ന്‍ ത​ന്നെ എ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് ബോ​ധ്യ​മാ​യ​ത്. ''അ​തെ, എ​ങ്ങ​നെ മ​ന​സ്സി​ലാ​യി?'' ''ഓ, ​സാ​റെ​ന്നെ കൊ​ട്ടാ​ര​ക്ക​ര സ​ര്‍ക്കാ​ര്‍ സ്കൂ​ളി​ല്‍ എ​ട്ടാം ക്ലാ​സി​ല്‍ പ​ഠി​പ്പി​ച്ചി​ട്ടു​ണ്ട്, ഞാ​ന്‍ അ​ത്ര ന​ന്നാ​യി പ​ഠി​ക്കു​ന്ന കു​ട്ടി​യൊ​ന്നു​മാ​യി​രു​ന്നി​ല്ല, ഓ​ര്‍ക്കാ​ന്‍ വ​ഴി​യി​ല്ല. ജോ​ര്‍ജു​കു​ട്ടി. ഇ​പ്പോ​ള്‍ കൊ​ല്ല​ത്തു ക​ഴി​യു​ന്നു. ഇ​ക്ക​ണോ​മി​ക്സ് ആ​ണ് ഒ​ടു​വി​ല്‍ പ​ഠി​ച്ച​ത്. പി​ന്നെ ഗ​വേ​ഷ​ണം എ​ന്നൊ​ക്കെ​പ്പ​റ​ഞ്ഞ് ഒ​രു കൊ​ല്ലം ജ​ർ​മ​നി​യി​ലും മ​റ്റും ക​റ​ങ്ങി​ന​ട​ന്നു. അ​ല്‍പ്പ​മൊ​ക്കെ എ​ഴു​താ​റു​ണ്ട്, കാ​ക്ക​നാ​ട​ന്‍ എ​ന്ന പേ​രി​ല്‍. ഇ​പ്പോ​ള്‍ ഇ​ര​വി​പു​ര​ത്താ​ണ് താ​മ​സം.''

''ഓ, ​കാ​ക്ക​നാ​ട​ന്‍! മാ​തൃ​ഭൂ​മി​യി​ല്‍ ക​ണ്ടി​ട്ടു​ണ്ട്. ചി​ല ക​ഥ​ക​ള്‍ ഇ​ഷ്ട​മാ​യി​ട്ടു​ണ്ട്. നോ​വ​ലു​ക​ളും ഉ​ണ്ട്, അ​ല്ലെ? 'സാ​ക്ഷി' ഓ​ർ​മ​യു​ണ്ട്. അ​ധി​കം വാ​യി​ച്ചി​ട്ടി​ല്ല, ഈ ​പു​തു​മോ​ടി​ക്കാ​ര്‍ എ​ഴു​തു​ന്ന പ​ല​തും എ​നി​ക്ക് മ​ന​സ്സി​ലാ​കാ​റി​ല്ലെ​ടോ. അ​ല്ല, അ​ത് എ​ന്റെ കു​റ്റ​വും ആ​കാം. ഞാ​ന്‍ പ​ഴ​യ ആ​ളു​ക​ളെ വാ​യി​ച്ചു വ​ള​ര്‍ന്ന ആ​ള​ല്ലേ!'' ''സാ​ര്‍ ഇ​പ്പോ​ഴും മാ​റി​യി​ട്ടി​ല്ല കേ​ട്ടോ, അ​തേ പ്രാ​യം'' എ​ന്നു മാ​ത്രം അ​യാ​ള്‍ ചി​രി​ച്ചു​കൊ​ണ്ട് പ്ര​തി​വ​ചി​ച്ചു.

വ​ര്‍ത്ത​മാ​നം ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് ന​ന്ദ​ഗോ​പ​ന്‍ ആ​ലോ​ചി​ച്ച​ത്: താ​ന്‍ കൊ​ട്ടാ​ര​ക്ക​ര സ്കൂ​ളി​ല്‍ പ​ഠി​പ്പി​ച്ച​ത് എ​ഴു​പ​ത്തി​ര​ണ്ടു വ​ര്‍ഷം മു​മ്പെ​ങ്കി​ലും ആ​വ​ണം. പി​ന്നീ​ടാ​ണ് പ​ല സ്കൂ​ള്‍ മാ​റി തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് ഹെ​ഡ് മാ​സ്റ്റ​ര്‍ ആ​യി റി​ട്ട​യ​ര്‍ ചെ​യ്ത​ത്. അ​യാ​ള്‍ക്ക്‌ അ​ന്ന് പ​തി​ന്നാ​ലു വ​യ​സ്സാ​യി​രു​ന്നി​രി​ക്കും. ഇ​പ്പോ​ള്‍ എ​ഴു​പ​ത്തി​നാ​ലെ​ങ്കി​ലും. പ​ക്ഷേ അ​യാ​ളെ ക​ണ്ടാ​ല്‍ അ​ത്ര​യൊ​ന്നും തോ​ന്നു​ന്നു​മി​ല്ല. എ​വി​ടെ​യോ ത​ക​രാ​റു​ണ്ട്... ഏ​താ​യാ​ലും അ​ദ്ദേ​ഹം സീ​റ്റി​ല്‍ തി​രി​ച്ചുചെ​ന്നി​രു​ന്നു. അ​പ്പോ​ള്‍ മ​റ്റൊ​രു കാ​ര്യംകൂ​ടി ഓ​ർ​മ വ​ന്നു: ഈ ​കാ​ക്ക​നാ​ട​ന്‍ മ​രി​ച്ച​താ​യി ഒ​രു വാ​ര്‍ത്ത വ​ന്നി​രു​ന്ന​ല്ലോ. ഒ​രു പ​ത്തു കൊ​ല്ല​മാ​യി​ക്കാ​ണും. അ​ടു​ത്തൊ​ന്നും ക​ഥ​ക​ളും കാ​ണാ​റി​ല്ല.

അ​ടു​ത്തി​രു​ന്ന​യാ​ള്‍ കൊ​ല്ല​ത്ത് ഇ​റ​ങ്ങി​പ്പോ​യി​ക്കാ​ണും. അ​വി​ടെ പു​തി​യ ഒ​രാ​ള്‍ ആ​ണ്. അ​പ്പോ​ഴേ​ക്കും വ​ണ്ടി പ​തു​ക്കെ നീ​ങ്ങി​ത്തു​ട​ങ്ങി​യി​രു​ന്നു. പി​ന്നെ​യും മ​യ​ക്കം വ​രു​ന്നു. താ​ന്‍ ര​ക്ത​സ​മ്മ​ർദ​ത്തി​ന്റെ ഗു​ളി​ക​ക്ക് പ​ക​രം ഉ​റ​ക്ക​ഗു​ളി​ക ക​ഴി​ച്ചു​വോ? ര​ണ്ടും ക​ണ്ടാ​ല്‍ ഒ​രു​പോ​ലെ​യാ​യി​രു​ന്നു. ഇ​ക്കു​റി ഉ​റ​ക്കം കൂ​ടു​ത​ല്‍ ആ​ഴ​ത്തി​ലാ​യി​രു​ന്നു. ശ​രി​ക്കും ഒ​രു ബ്ലാ​ക്ക് ഹോ​ളി​ല്‍ വീ​ഴുംപോ​ലെ. വ​ണ്ടി വ​ഴി തെ​റ്റി അ​ങ്ങ​നെ വ​ല്ല​യി​ട​ത്തും ചെ​ന്നു പെ​ട്ടു​വോ? ബെ​ര്‍മൂ​ഡാ ട്ര​യാ​ൻ​ഗി​ൾ പോ​ലെ? കാ​യം​കു​ള​ത്തു വ​ണ്ടി നി​ര്‍ത്തി​യ​തുത​ന്നെ മാ​ഷ്‌ അ​റി​ഞ്ഞി​ല്ല. ഇ​ത്ത​വ​ണ സ്വ​പ്നം കു​റേ​ക്കൂ​ടി പ​ഴ​യ കാ​ല​ത്തേ​താ​യി​രു​ന്നു. ല​ക്ഷ്മി​യു​ടെ ആ​ദ്യ​ത്തെ പ്ര​സ​വം. താ​ന്‍ ആ​ശു​പ​ത്രി​വ​രാ​ന്ത​യി​ല്‍ അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടും അ​ക്ഷ​മ​നാ​യി ഉ​ലാ​ത്തു​ന്നു. ആ​രൊ​ക്കെ​യോ അ​തി​ന്നി​ട​യി​ല്‍ വ​ന്നുപോ​യി. പ​ല​യി​ട​ത്തും വെ​ച്ച് ക​ണ്ട​വ​ര്‍. ചി​ല വി​ദ്യാ​ർ​ഥി​ക​ള്‍. ഒ​പ്പം പ​ഠി​ച്ച ചി​ല​ര്‍. ആ ​പ്ര​സ​വം കൊ​ട്ടാ​ര​ക്ക​ര ആ​ശു​പ​ത്രി​യി​ല്‍ ആ​യി​രു​ന്നെ​ങ്കി​ലും സ്വ​പ്ന​ത്തി​ല്‍ അ​ത് എ​റ​ണാ​കു​ളം ജി​ല്ലാ ആ​ശു​പ​ത്രി​യാ​യി​രു​ന്നു. ഡോ​ക്ട​ര്‍ ത​ന്റെ ഒ​രു അ​യ​ല്‍ക്കാ​ര​നും!

ഉ​ണ​ര്‍ന്ന​പ്പോ​ള്‍ മാ​വേ​ലി​ക്ക​ര​യി​ല്‍നി​ന്ന് ക​യ​റി​യ ആ​ള്‍ ഒ​രു ട്രാ​ന്‍സി​സ്റ്റ​ര്‍ റേ​ഡി​യോ​യില്‍ വാ​ര്‍ത്ത കേ​ള്‍ക്കു​ക​യാ​യി​രു​ന്നു. ''പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ ഗാ​ന്ധി വെ​ടി​വെ​ച്ചു കൊ​ല്ല​പ്പെ​ട്ടു. ഇ​ന്ദി​ര​യു​ടെ സെ​ക്യൂ​രി​റ്റി ഗാ​ര്‍ഡി​നെ അ​റ​സ്റ്റ് ചെ​യ്തു.'' ''ഇ​ന്ദി​രാ ഗാ​ന്ധി?'' ന​ന്ദ​ഗോ​പ​ന്‍ സ്വ​യം ചോ​ദി​ച്ചു. അ​ത് മു​പ്പ​ത്തേ​ഴു വ​ര്‍ഷം മു​മ്പ​ല്ലേ! എ​ന്താ​ണ് ഇ​ന്ന​ത്തെ റേ​ഡി​യോ​യി​ല്‍ അ​ത് പ​റ​യു​ന്ന​ത്? താ​ന്‍ എ​വി​ടെ​യാ​ണ്? അ​തോ താ​ന്‍ ഇ​പ്പോ​ഴും ഉ​റ​ങ്ങു​ക​യാ​വു​മോ? അ​ല്ല, പു​റ​ത്തേ​ക്ക് നോ​ക്കു​മ്പോ​ള്‍ ആ​ളു​ക​ളെ കാ​ണു​ന്നു​ണ്ട്.

അ​ത്ഭു​ത​ങ്ങ​ള്‍ തു​ട​ര്‍ന്നു​കൊ​ണ്ടി​രു​ന്നു. ചെ​ങ്ങ​ന്നൂ​രി​ല്‍ സ്റ്റേ​ഷ​ന്ന​ടു​ത്തു​ള്ള ഒ​രു ക​വ​ല​യി​ല്‍ നെ​ഹ്രു​വി​ന്റെ മ​ര​ണ​ത്തി​ല്‍ അ​നു​ശോ​ചി​ച്ചു ഒ​രു യോ​ഗം ന​ട​ക്കു​ന്നു. പ്ര​സം​ഗ​ക​ന്‍ സം​സാ​രി​ക്കു​ന്ന​ത്, 1964ല്‍ ​ച​ര​മ​മ​ട​ഞ്ഞ നെ​ഹ്‌​റു ആ​യി​ട​ക്കെ​ങ്ങോ മ​രി​ച്ച​പോ​ലെ​യാ​ണ്. അ​വി​ടെ വ​ണ്ടി നി​ന്ന പ​ത്ത് മി​നു​ട്ടും മാ​സ്റ്റ​ര്‍ ആ ​പ്ര​സം​ഗം ശ്ര​ദ്ധി​ച്ചു. പ​ഞ്ച​വ​ത്സ​ര​പ​ദ്ധ​തി​ക​ള്‍, നെ​ഹ്രു​വി​ന്റെ ചേ​രി​ചേ​രാ​ന​യം, അ​ദ്ദേ​ഹം ആ​സൂ​ത്ര​ണം ചെ​യ്ത സ്ഥാ​പ​ന​ങ്ങ​ള്‍... അ​ങ്ങ​നെ പോ​യി ആ ​പ്ര​സം​ഗം.


വ​ണ്ടി തി​രു​വ​ല്ലാ എ​ത്തി​യ​പ്പോ​ള്‍ മ​ണി നാ​ലേ​മു​ക്കാ​ല്‍. ചാ​യ​യു​ടെ സ​മ​യം. പു​തി​യ ഒ​രു ചാ​യ​ക്കാ​ര​നെ​യാ​ണ് ക​ണ്ട​ത്. ചാ​യ വാ​ങ്ങി​ക്കു​ടി​ച്ച് പ​ഴ്സെ​ടു​ത്തു. അ​യാ​ള്‍ പ​റ​ഞ്ഞു: ര​ണ്ട​ണ. അ​ണ​യോ? ന​ന്ദ​ഗോ​പ​ന്‍ പ​ത്തു രൂ​പ​യു​ടെ ഒ​രു നാ​ണ​യം എ​ടു​ത്തു നീ​ട്ടി. ''സാ​റേ, ഇ​ത് എ​വി​ട​ത്തെ കാ​ശാ? ദു​ബാ​യി​യി​ലെ​യോ? നോ​ക്കി​യാ​ട്ടെ... ഇ​ന്ത്യ​യി​ലെ പ​ണം കാ​ണും. ആ​ട്ടെ, ഞാ​ന്‍ തി​രി​ച്ചു വ​രു​മ്പോ ത​ന്നാ മ​തി'', അ​യാ​ള്‍ ആ ​നാ​ണ​യം മ​ട​ക്കി​ക്കൊ​ടു​ത്തു. ന​ന്ദ​ഗോ​പ​ന് ആ​കെ പ​രി​ഭ്ര​മ​മാ​യി. അ​യാ​ള്‍ തി​രി​ച്ചു വ​രു​മ്പോ​ള്‍ എ​ന്ത് ചെ​യ്യും? മാ​ഷു​ടെ പ​രി​ഭ്ര​മം ക​ണ്ടു അ​ടു​ത്തി​രു​ന്ന​യാ​ള്‍ ര​ണ്ട​ണ​യു​ടെ ഒ​രു നാ​ണ​യം കൊ​ടു​ത്തു പ​റ​ഞ്ഞു. ''സാ​റെ​ന്നെ പ​റ​ഞ്ഞാ​ല​റി​യും. രാ​മ​കൃ​ഷ്ണ​ന്‍ മാ​സ്റ്റ​റു​ടെ മ​ക​ന്‍. ശി​വ​ദാ​സ​ന്‍.'' മാ​ഷ്‌ പ​രി​ഭ്ര​മ​ത്തോ​ടെ ആ ​അ​ല്‍പ്പം പ​ഴ​യ നാ​ണ​യ​ത്തി​ല്‍ നോ​ക്കി. ര​ണ്ട​ണ! വ​ര്‍ഷം 1954. ന​ന്ദ​ഗോ​പ​ന്‍ വീ​ണ്ടും നോ​ക്കി, അ​തെ 1954! അ​മ്പ​ത്തേ​ഴി​ലാ​ണ് ന​യാ പൈ​സാ വ​ന്ന​ത്, അ​യാ​ള്‍ക്ക​ത് ന​ല്ല ഓ​ർ​മ​യു​ണ്ട്. ത​നി​ക്ക് അ​ന്ന് മു​പ്പ​ത്തി​ര​ണ്ടു വ​യ​സ്സാ​യി​രു​ന്നു. മാ​സ്റ്റ​ര്‍ക്ക് ത​ല ചു​റ്റുംപോ​ലെ തോ​ന്നി.

വ​ണ്ടി കോ​ട്ട​യം പി​ന്നി​ടു​ന്ന​ത് ന​ന്ദ​ഗോ​പ​ന്‍ അ​റി​ഞ്ഞു. ഒ​രു ചാ​യ കൂ​ടി ആ​കാം എ​ന്ന് തോ​ന്നി​യെ​ങ്കി​ലും ക​ഴി​ഞ്ഞ അ​നു​ഭ​വംവെ​ച്ച് അ​ത് വേ​ണ്ടെ​ന്നുവെ​ച്ചു. വീ​ണ്ടും ക​ണ്ണാ​ടി​യി​ല്‍ നോ​ക്കാ​നും അ​യാ​ള്‍ക്ക്‌ ഭ​യ​മാ​യി​രു​ന്നു. ഒ​പ്പം ആ​കാം​ക്ഷ​യും. വ​ണ്ടി​യി​ലെ ചി​ല യു​വ​തി​ക​ള്‍ ത​ന്നെ ശ്ര​ദ്ധി​ക്കു​ന്ന​ത് അ​യാ​ള്‍ ക​ണ്ടു. മ​ക​ളു​ടെ പ്രാ​യംപോ​ലും ഇ​ല്ലാ​ത്ത​വ​ര്‍. പ​ക്ഷേ ത​ന്നെ നോ​ക്കു​ന്ന​ത് ഒ​രു ചെ​റു​പ്പ​ക്കാ​ര​നെ നോ​ക്കുംപോ​ലെ​യാ​ണ്. താ​ന്‍ കോ​ളേ​ജി​ല്‍ പ​ഠി​ക്കു​മ്പോ​ഴും ബി.​എ​ഡ് ക​ഴി​ഞ്ഞു സ്കൂ​ളി​ല്‍ പ​ഠി​പ്പി​ക്കാ​ന്‍ തു​ട​ങ്ങു​മ്പോ​ഴും ഒ​രു യു​വ​കോ​മ​ള​ന്‍ ആ​യാ​ണ് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത് എ​ന്ന് മാ​സ്റ്റ​ര്‍ ഓ​ര്‍ത്തു. ഇ​ഷ്ടം കൂ​ടാ​ന്‍ പ​ല​രും വ​ന്നി​രു​ന്നു. ത​ന്റെ സാ​ഹി​ത്യാ​ഭി​രു​ചി​യും വാ​യ​ന​യും ക്ലാ​സു​ക​ളും എ​ല്ലാം അ​തി​നു കാ​ര​ണ​മാ​യി​രു​ന്നു. പ​ക്ഷേ ല​ക്ഷ്മി മാ​ത്ര​മാ​ണ് ത​ന്നെ വീ​ഴ്ത്തി​ക്ക​ള​ഞ്ഞ​ത്. പു​സ്ത​ക​ങ്ങ​ള്‍ ക​ടം വാ​ങ്ങാ​ന്‍ ഇ​ട​ക്കി​ട​ക്ക് അ​വ​ള്‍ താ​ന്‍ ഒ​റ്റ​ക്ക് താ​മ​സി​ച്ചി​രു​ന്ന ചെ​റി​യ വീ​ട്ടി​ല്‍ വ​രു​മാ​യി​രു​ന്നു. ഒ​രു ദി​വ​സം തി​രി​ച്ചു ത​ന്ന ബ​ഷീ​റി​ന്റെ 'പ്രേ​മ​ലേ​ഖ​ന' ത്തി​ന്ന​ക​ത്ത് അ​വ​ള്‍ ഒ​രു ക​ത്ത് വെ​ച്ചി​രു​ന്നു -സ്നേ​ഹം ക​ര​ക​വി​യു​ന്ന ഒ​രു ക​ത്ത്. പി​ന്നെ, ഭ​യംകൊ​ണ്ടാ​കാം, കു​റ​ച്ചു ദി​വ​സം വ​ന്നി​ല്ല. സ്റ്റാ​ഫ് റൂ​മി​ല്‍വെ​ച്ച് ''ല​ക്ഷ്മി വാ​യ​ന നി​ര്‍ത്തി​യോ'' എ​ന്ന് ചോ​ദി​ച്ച​പ്പോ​ഴാ​ണ് അ​വ​ളു​ടെ ക​വി​ള്‍ തു​ടു​ക്കു​ന്ന​ത് ന​ന്ദ​ഗോ​പ​ന്‍ ക​ണ്ട​ത്. അ​ന്ന് വൈ​കീ​ട്ട് അ​വ​ള്‍ വ​ന്നു. മ​ടി​ച്ചു മ​ടി​ച്ച് ''ഞാ​ന്‍ ആ ​പു​സ്ത​ക​ത്തി​ല്‍ ഒ​രു ക​ട​ലാ​സു വെ​ച്ചി​രു​ന്നു'' എ​ന്ന് പ​റ​ഞ്ഞു. ''അ​ധ്യാ​പ​ക​ര്‍ക്ക് പ്ര​ണ​യ​ലേ​ഖ​നം എ​ഴു​തു​ന്ന​ത്‌ ശ​രി​യാ​ണോ ല​ക്ഷ്മീ?'' എ​ന്ന് ചോ​ദി​ച്ച​തേ​യു​ള്ളൂ അ​വ​ള്‍ തേ​ങ്ങി​ക്ക​ര​യാ​ന്‍ തു​ട​ങ്ങി. മാ​സ്റ്റ​ര്‍ അ​വ​ളു​ടെ ക​ണ്ണീ​ര്‍ തു​ട​ച്ചു​കൊ​ടു​ത്തു. ''സാ​ര​മി​ല്ല, കേ​ട്ടോ' എ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍ അ​വ​ള്‍ ത​ന്നെ സാ​കൂ​തം നോ​ക്കി. ''ശ​രി​ക്കും? എ​ന്നെ ഇ​ഷ്ട​മാ​ണോ?'' ''ഊം'', ​അ​ധ്യാ​പ​ക​ന്റെ ഗൗ​ര​വം വി​ടാ​തെ ത​ന്നെ മാ​സ്റ്റ​ര്‍ ഒ​ന്ന് മൂ​ളി. അ​വ​ള്‍ നാ​ണി​ച്ച് ഓ​ടി​പ്പോ​യി. അ​ങ്ങ​നെ​യാ​യി​രു​ന്നു അ​ക്കാ​ല​ത്തെ നോ​വ​ലു​ക​ളി​ലെ​യും സി​നി​മ​ക​ളി​ലെ​യും പ്രേ​മ​ക​ഥ​പോ​ലു​ള്ള ആ ​തു​ട​ക്കം. വീ​ടു​ക​ളി​ല്‍ വ​ലി​യ എ​തി​ര്‍പ്പൊ​ന്നും നേ​രി​ടാ​തെ ഒ​ട്ടും വി​പ്ല​വ​ക​ര​മ​ല്ലാ​ത്ത ആ ​വി​വാ​ഹം ന​ട​ന്നു എ​ന്ന് പ​റ​ഞ്ഞാ​ല്‍ മ​തി​യ​ല്ലോ. പി​ന്നെ വ​ള​രെ പെ​ട്ടെ​ന്നാ​ണ് അ​വ​ള്‍ ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള കു​ടും​ബി​നി​യും അ​മ്മ​യു​മാ​യ​ത്. കു​റേ​ക്കാ​ലം ഒ​റ്റ​ക്ക് താ​മ​സി​ച്ച​തു​കൊ​ണ്ട് ന​ന്ദ​ഗോ​പ​ന്‍ ന​ല്ല പാ​ച​ക​ക്കാ​ര​നാ​യി​രു​ന്നു. അ​വ​ര്‍ ഒ​ന്നി​ച്ചാ​ണ് പാ​ച​കം ന​ട​ത്തു​ക. സ​ഹാ​യ​ത്തി​നു ആ​ളെ വെ​ക്കാ​നു​ള്ള വ​രു​മാ​ന​മൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഒ​ഴി​വു​ള്ള​പ്പോ​ള്‍ അ​വ​ള്‍ പൂ​ച്ചെ​ടി​ക​ള്‍ വ​ള​ര്‍ത്തി. ആ​ദ്യം ഒ​രു ഹോ​ബി​യാ​യാ​ണ് തു​ട​ങ്ങി​യ​തെ​ങ്കി​ലും പി​ന്നെ അ​ത് ഒ​രു ന​ഴ്സ​റി ആ​യി വ​ള​ര്‍ന്നു. അ​യാ​ളു​ടെ വ​ലി​യ പ​രി​ച​യ​വ​ല​യം വ്യാ​പാ​ര​ത്തി​ന് സ​ഹാ​യ​ക​വു​മാ​യി. കൂ​ട്ട​ത്തി​ല്‍ ല​ക്ഷ്മി സ്വ​കാ​ര്യ​മാ​യി പ​ഠി​ച്ചു ഒ​രു ബി​രു​ദ​വും സ​മ്പാ​ദി​ച്ചു. അ​പ്പോ​ഴേ​ക്കും ജാ​ന​കി​ക്കു​ട്ടി ജ​നി​ച്ച​തുകൊ​ണ്ട് വേ​റെ ജോ​ലി​ക്കൊ​ന്നും ശ്ര​മി​ച്ചി​ല്ല. ഭാ​ഗം കി​ട്ടി​യ പ​തി​ന​ഞ്ചു സെ​ന്റി​ലെ ന​ഴ്സ​റി കു​റ​ച്ചു കാ​ലംകൂ​ടി തു​ട​ര്‍ന്നു. മൂ​ത്ത​വ​ളു​ടെ അ​പ​ക​ട​മ​ര​ണം അ​വ​ളെ ത​ക​ര്‍ത്തുക​ള​ഞ്ഞു. ത​ന്നെ​യും അ​ത് അ​ഗാ​ധ​മാ​യി ബാ​ധി​ച്ചെ​ങ്കി​ലും പു​റ​മേ കാ​ണി​ക്കാ​തെ അ​വ​ളെ ആ​ശ്വ​സി​പ്പി​ച്ചു​കൊ​ണ്ടി​രു​ന്നു. ല​ക്ഷ്മി​ക്ക് ഉ​റ​ക്ക​മി​ല്ലാ​താ​യി. വി​ഷാ​ദ​രോ​ഗ​ത്തി​ന് ചി​കി​ത്സത​ന്നെ വേ​ണ്ടി വ​ന്നു. വാ​യ​ന നി​ന്നു. ഉ​റ​ക്ക​ഗു​ളി​ക​യും പ​തി​വാ​യി. ഗൗ​രി​യു​ടെ പി​റ​വി​യോ​ടെ​യാ​ണ് അ​ല്‍പ്പം ആശ്വാ​സ​മാ​യ​ത്.

അ​തി​നി​ടെ ചി​ല ചെ​റു​പ്പ​ക്കാ​ര്‍ ത​ന്നോ​ട് സം​സാ​രി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത് ന​ന്ദ​ഗോ​പ​ന്‍ ശ്ര​ദ്ധി​ച്ചു. താ​ന്‍ പ​ണ്ടേ വാ​യി​ച്ച ത​ക​ഴി​യു​ടെ 'ചെ​മ്മീ​ന്‍' ഒ​രു യു​വാ​വ് ആ​വേ​ശ​ത്തോ​ടെ വാ​യി​ക്കു​ന്ന​ത് ക​ണ്ടു. ''ഇ​ത് പ​ഴ​യ പു​സ്ത​ക​മ​ല്ലേ?'' ന​ന്ദ​ഗോ​പ​ന്‍ അ​റി​യാ​തെ ഉ​റ​ക്കെ പ​റ​ഞ്ഞുപോ​യി. ആ ​ചെ​റു​പ്പ​ക്കാ​ര​ന് മു​റി​പ്പെ​ട്ട​താ​യി​ത്തോ​ന്നി. ''പ​ഴ​യ​തോ? ഇ​റ​ങ്ങി​യി​ട്ട് ഒ​രാ​ഴ്ച്ച​യേ ആ​യു​ള്ളൂ.'' അ​യാ​ള്‍ ടൈ​റ്റി​ല്‍ പേ​ജ് കാ​ണി​ച്ചു​കൊ​ടു​ത്തു. 1956 എ​ന്ന് വ്യ​ക്ത​മാ​യി എ​ഴു​തി​യി​രി​ക്കു​ന്നു. മാ​സ്റ്റ​ര്‍ അ​ങ്ക​ലാ​പ്പി​ലാ​യി. ത​ന്റെ ഇ​ട​തു​വ​ശ​ത്തി​രി​ക്കു​ന്ന​യാ​ള്‍ വാ​യി​ച്ചു​കൊ​ണ്ടി​രു​ന്ന 'മാ​തൃ​ഭൂ​മി ആ​ഴ്ച​പ്പ​തി​പ്പി'​ലേ​ക്കു മാ​സ്റ്റ​റു​ടെ ക​ണ്ണു​ക​ള്‍ അ​റി​യാ​തെ സ​ഞ്ച​രി​ച്ചു. ഒ​രു ക​ഥ​ക​ളി​വേ​ഷ​ത്തി​ന്റെ മു​ഖ​ചി​ത്ര​മു​ള്ള ആ ​വാ​രി​ക​യി​ലും വ​ര്‍ഷം 1956 ത​ന്നെ! അ​റു​പ​ത്ത​ഞ്ച് വ​ര്‍ഷം മു​മ്പ​ത്തേ​ത്!

മാ​സ്റ്റ​ര്‍ ത​ന്റെ മൊ​ബൈ​ല്‍ എ​ടു​ത്തു നോ​ക്കി. അ​പ്പോ​ഴാ​ണ്‌ ശ്ര​ദ്ധി​ച്ച​ത് കൂ​ടെ സ​ഞ്ച​രി​ക്കു​ന്ന എ​ല്ലാ​വ​രും ത​ന്നെ​ത്ത​ന്നെ നോ​ക്കു​ന്നു; ത​ന്റെ മൊ​ബൈ​ല്‍ ഫോ​ണി​നെ​യും. അ​വ​ര്‍ ആ​രും അ​ങ്ങ​നെ​യൊ​ന്നു ക​ണ്ടി​ട്ടി​ല്ലെ​ന്ന​ത് വ്യ​ക്തം. അ​യാ​ള്‍ക്ക്‌ ഗൗ​രി​യെ വി​ളി​ക്കാ​ന്‍ പേ​ടി​യാ​യി​രു​ന്നു. ഇ​തെ​ല്ലാം എ​ങ്ങ​നെ വി​വ​രി​ക്കും? മൊ​ബൈ​ലി​ല്‍ തീ​യ​തി 1956 ന​വം​ബ​ര്‍ 20. വ്യാ​ഴം. തീ​യ​തി​യും ആ​ഴ്ച​യും ശ​രി ത​ന്നെ. പ​ക്ഷേ വ​ര്‍ഷം മാ​റി​യി​രി​ക്കു​ന്നു. അ​പ്പോ​ഴാ​ണ്‌ പെ​ട്ടെ​ന്ന് അ​തി​ല്‍ മ​ണി​യ​ടി​ച്ച​ത്. ''അ​ച്ഛാ'', പ​രി​ചി​ത​മാ​യ ശ​ബ്ദം. മാ​സ്റ്റ​ര്‍ ഞെ​ട്ടി. മ​രി​ച്ചു​പോ​യ ജാ​ന​കി​ക്കു​ട്ടി​യു​ടെ ശ​ബ്ദം! അ​യാ​ള്‍ക്കു ക​ര​ച്ചി​ലും പ​രി​ഭ്ര​മ​വും ഒ​ന്നി​ച്ച് വ​ന്നു. ''മോ​ളേ, നീ ​എ​വി​ടെ​യാ​ണ്?'', ന​ന്ദ​ഗോ​പ​ന്‍ സം​ഭ്ര​മ​ത്തോ​ടെ ചോ​ദി​ച്ചു. ഒ​രു ക​ര​ച്ചി​ല്‍ മാ​ത്ര​മാ​യി​രു​ന്നു മ​റു​പ​ടി. അ​യാ​ള്‍ ചു​റ്റും നോ​ക്കി. സ​ഹ​യാ​ത്രി​ക​ര്‍ ത​ന്നെ വി​സ്മ​യ​ത്തോ​ടെ നോ​ക്കു​ന്നു. ഒ​രാ​ള്‍ മാ​ത്രം ചോ​ദി​ക്കാ​ന്‍ ധൈ​ര്യ​പ്പെ​ട്ടു: ''ഇ​തി​ല്‍ വ​യ​റൊ​ന്നു​മി​ല്ല​ല്ലോ. എ​ങ്ങി​നെ​യാ​ണ് സം​സാ​രി​ക്കു​ന്ന​ത്?'' ന​ന്ദ​ഗോ​പ​ന് മ​ന​സ്സി​ലാ​യി​ല്ല. ''ഇ​ത് സാം​സ​ങ്ങി​ന്റെ മൊ​ബൈ​ല്‍ ഫോ​ണ്‍.'' ''മൊ​ബൈ​ല്‍ ഫോ​ണ്‍?'' അ​യാ​ള്‍ അ​ത് വാ​ങ്ങി തി​രി​ച്ചും മ​റി​ച്ചും നോ​ക്കി. കു​റെ പേ​ര്‍ അ​യാ​ളു​ടെ ചു​റ്റും കൂ​ടി. ''പു​റ​ത്തു​നി​ന്നും വ​രു​ത്തി​യ​താ​യി​രി​ക്കും, അ​ല്ലെ?'' ''അ​ല്ല, തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നു വാ​ങ്ങി​യ​ത്.'' ''തി​രു​വ​ന​ന്ത​പു​ര​ത്തോ?'' ആ​ളു​ക​ള്‍ കൂ​ട്ട​മാ​യി ആ​ര്‍ത്തു ചി​രി​ച്ചു.


ന​ന്ദ​ഗോ​പ​നു അ​വി​ടെ​നി​ന്ന് ഗൗ​രി​യെ വി​ളി​ക്കാ​ന്‍ ധൈ​ര്യ​മു​ണ്ടാ​യി​ല്ല. അ​യാ​ള്‍ കോ​റി​ഡോ​റി​ല്‍ പോ​യി​നി​ന്ന് അ​വ​ളെ വി​ളി​ച്ചു. ''അ​ച്ഛാ'', അ​വ​ളു​ടെ ശ​ബ്ദം പ​ത​റി​യി​രു​ന്നു. ''ഞാ​ന്‍ എ​ത്ര ത​വ​ണ വി​ളി​ച്ചു! പേ​ടി​ച്ചു പോ​യി!'' ''ഞാ​ന്‍ ഉ​റ​ങ്ങി​പ്പോ​യി മോ​ളേ!'' അ​യാ​ള്‍ പ​റ​ഞ്ഞു. ''ദാ, ​കോ​ട്ട​യം വി​ട്ടു.'' മ​റ്റൊ​ന്നും അ​യാ​ള്‍ പ​റ​യാ​ന്‍ പോ​യി​ല്ല. ത​നി​ക്കു ത​ന്നെ മ​ന​സ്സി​ലാ​കാ​ത്ത കാ​ര്യ​ങ്ങ​ള്‍ എ​ങ്ങ​നെ മ​റ്റൊ​രാ​ളെ -അ​വ​ള്‍ മ​ക​ളാ​യാ​ല്‍ പോ​ലും- പ​റ​ഞ്ഞു മ​ന​സ്സി​ലാ​ക്കും?

കാ​ര്യ​ങ്ങ​ള്‍ കു​ഴ​ഞ്ഞുമ​റി​യു​ക​യാ​ണ്. മാ​സ്റ്റ​ര്‍ക്ക് ബാ​ത് റൂ​മി​ല്‍ പോ​കാ​ന്‍ ത​ന്നെ പേ​ടി​യാ​യി. ക​ണ്ണാ​ടി നോ​ക്കേ​ണ്ടി വ​രു​മ​ല്ലോ. ടി​ക്ക​റ്റ് എ​ക്സാ​മി​ന​ര്‍ വ​ന്നു ന​ന്ദ​ഗോ​പ​നോ​ട് ടി​ക്ക​റ്റ് ചോ​ദി​ച്ചു. അ​യാ​ള്‍ ടി​ക്ക​റ്റ് വാ​ങ്ങി മ​റി​ച്ചും തി​രി​ച്ചും നോ​ക്കി. ''എ​ന്ത്? താ​ന്‍ ആ​ളെ പ​റ്റി​ക്കു​ക​യാ​ണോ?'' 'താ​ന്‍' എ​ന്ന സം​ബോ​ധ​ന അ​ടു​ത്ത കാ​ല​ത്തൊ​ന്നും മാ​സ്റ്റ​ര്‍ കേ​ട്ടി​രു​ന്നി​ല്ല. ''ഇ​തൊ​രു ക​ട​ലാ​സാ​ണ​ല്ലോ. ഇ​തി​ലെ തീ​യ​തി 2021 ന​വം​ബ​ര്‍ 20 ആ​ണ​ല്ലോ! താ​ന്‍ കു​റ​ച്ചു നേ​ര​ത്തെ ആ​യി​പ്പോ​യി! എ​ഴു​പ​ത്തൊ​ന്നു കൊ​ല്ലം നേ​ര​ത്തെ!'' ''സാ​ര്‍'', ന​ന്ദ​ഗോ​പ​ന്‍ വി​ക്കി: ''എ​ന്റെ മ​ക​ള്‍ നെ​റ്റി​ല്‍ ബു​ക്ക്‌ ചെ​യ്തു അ​യ​ച്ച​താ​ണ്. ബു​ക്ക്‌ ചെ​യ്ത തീ​യ​തി​യും അ​തി​ല്‍ കാ​ണും.'' വേ​റെ ഏ​തോ ഗ്ര​ഹ​ത്തി​ല്‍നി​ന്നു വ​ന്ന​യാ​ളെ​പ്പോ​ലെ ടി​ക്ക​റ്റ് എ​ക്സാ​മി​ന​റും മ​റ്റു യാ​ത്ര​ക്കാ​രും ത​ന്നെ തു​റി​ച്ചു​നോ​ക്കു​ന്ന​ത് ന​ന്ദ​ഗോ​പ​ന്‍ അ​റി​ഞ്ഞു. ''നെ​റ്റോ? എ​ന്താ മീ​ന്‍പി​ടു​ത്ത​മാ​ണോ ജോ​ലി? അ​തോ ബാ​റ്റ്മി​ന്റ​ന്‍ ക​ളി​യോ? '' ആ​ളു​ക​ള്‍ ആ​ര്‍ത്തു ചി​രി​ച്ചു. ''അ​തൊ​ന്നും എ​ന്നോ​ട് വേ​ണ്ടാ. ഇ​ര​ട്ടി ചാ​ര്‍ജു പ​ണ​മാ​യി ന​ല്‍ക​ണം.'' ന​ന്ദ​ഗോ​പ​ന് വേ​റെ വ​ഴി​യി​ല്ലാ​യി​രു​ന്നു. പ​ക്ഷേ ഇ​ര​ട്ടി ചാ​ര്‍ജ് എ​ന്ന് അ​യാ​ള്‍ പ​റ​ഞ്ഞ തു​ക ഇ​പ്പോ​ഴ​ത്തെ ടി​ക്ക​റ്റു​വി​ല​യു​ടെ ഒ​രു ചെ​റി​യ അം​ശ​മാ​യി​രു​ന്നു. ക​ഴി​ഞ്ഞകു​റി രൂ​പ​യെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍ക്ക​മോ​ര്‍ത്തു മാ​സ്റ്റ​ര്‍ ത​ന്റെ ക്രെ​ഡി​റ്റ്‌ കാ​ര്‍ഡ് എ​ടു​ത്തു​കൊ​ടു​ത്തു. ഉ​ദ്യോ​ഗ​സ്ഥ​ന്‍ വീ​ണ്ടും രോ​ഷാ​കു​ല​നാ​യി. ''ഇ​താ​ണോ പ​ണം?'' മാ​സ്റ്റ​ര്‍ പ​ഴ്സ് ത​പ്പി അ​മ്പ​തി​ന്റെ ഒ​രു നോ​ട്ടെ​ടു​ത്ത് കൊ​ടു​ത്തു സ്വ​രം താ​ഴ്ത്തി പ​റ​ഞ്ഞു, ''ബാ​ക്കി വെ​ച്ചോ​ളൂ''. ''അ​മ്പ​തി​ന്റെ ക​റ​ന്‍സി നോ​ട്ടോ? ത​ന്നെ ഞാ​ന്‍ പോ​ലീ​സി​ല്‍ ഏ​ല്‍പ്പി​ക്കും.'' ക​ണി​ശ​ക്കാ​ര​നാ​യ പ​രി​ശോ​ധ​ക​ന്‍ ഭീ​ഷ​ണി മു​ഴ​ക്കി. അ​പ്പോ​ഴും ഒ​രാ​ള്‍ സ​ഹാ​യ​ത്തി​നു വ​ന്നു. ''സ​ര്‍, ഈ ​ചെ​റു​പ്പ​ക്കാ​ര​ന്‍ ക​ണ്ടാ​ല്‍ ഒ​രു കു​ഴ​പ്പ​ക്കാ​ര​നാ​യി തോ​ന്നു​ന്നി​ല്ല. മ​ന​സ്സി​നു ന​ല്ല സു​ഖ​മി​ല്ലെ​ന്നു തോ​ന്നു​ന്നു. ഞാ​ന്‍ പ​ണം ത​രാം.'' എ​ന്നി​ട്ട​യാ​ള്‍ ഉ​ദ്യോ​ഗ​സ്ഥ​ന്‍ പ​റ​ഞ്ഞ പ​ണം എ​ടു​ത്തു ന​ല്‍കി. ത​ന്റെ ചെ​റു​പ്പ​ത്തി​ല്‍ ക​ണ്ടി​രു​ന്ന ര​ണ്ടു രൂ​പ​യു​ടെ​യും ഒ​രു രൂ​പ​യു​ടെ​യും നോ​ട്ടു​ക​ള്‍!

ത​നി​ക്കു ശ​രി​ക്കും എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​ത്‌? ന​ന്ദ​ഗോ​പ​ന്‍ ത​ല ചൊ​റി​ഞ്ഞു. ത​ന്റെ രോ​മ​ശൂ​ന്യ​മാ​യി​രു​ന്ന നെ​റ്റി​യി​ല്‍ നി​റ​യെ ത​ല​മു​ടി​യു​ള്ള​താ​യി അ​യാ​ള്‍ അ​റി​ഞ്ഞു. അ​പ്പോ​ള്‍ വീ​ണ്ടും ഫോ​ണ്‍ അ​ടി​ച്ചു. അ​ത് എ​ടു​ക്കാ​ന്‍ ത​ന്നെ അ​യാ​ള്‍ക്ക്‌ പേ​ടി​യാ​യി. വി​റ​യ്ക്കു​ന്ന കൈ​ക​ള്‍ കൊ​ണ്ട് അ​യാ​ള്‍ അ​തെ​ടു​ത്ത് ചോ​ദി​ച്ചു: ''ആ​രാ? ആ​രാ?'' ''അ​ല്ലാ, എ​ന്റെ ശ​ബ്ദം​പോ​ലും തി​രി​ച്ച​റി​യാ​താ​യോ മാ​ഷ്‌? ഇ​ത് ല​ക്ഷ്മി​യാ. ഞാ​ന്‍ വീ​ട്ടി​ല്‍ എ​ല്ലാ കാ​ര്യ​വും പ​റ​ഞ്ഞു. അ​ച്ഛ​നും അ​മ്മ​യ്ക്കും മാ​ഷെ വ​ലി​യ കാ​ര്യ​മാ​ണ്. അ​വ​ര്‍ക്ക് സ​മ്മ​തം. ഉ​ട​ന്‍ തീ​യ​തി തീ​രു​മാ​നി​ക്കാ​മെ​ന്നു പ​റ​ഞ്ഞു. മാ​ഷ്‌ എ​ന്നാ വീ​ട്ടി​ല്‍ വ​രി​ക?'' അ​തെ, അ​ത് ല​ക്ഷ്മി​യു​ടെ ശ​ബ്ദം​ത​ന്നെ​യാ​യി​രു​ന്നു. മ​ണി കി​ലു​ങ്ങും പോ​ലു​ള്ള, ത​നി​ക്കു ഭൂ​മി​യി​ല്‍ ഏ​റ്റ​വും പ്രി​യങ്കര​മാ​യ മ​നു​ഷ്യ​ശ​ബ്ദം. പി​റ​കേ നി​ര്‍ത്താ​ത്ത ഒ​രു ചി​രി​യും. ന​ന്ദ​ഗോ​പ​ന്‍ ആ​കെ വി​യ​ര്‍ത്തു ഫോ​ണ്‍ ഓ​ഫ്‌ ചെ​യ്തു കീ​ശ​യി​ലി​ട്ടു. ആ ​ചി​രി പി​ന്നെ​യും മു​ഴ​ങ്ങു​ന്ന​താ​യി അ​യാ​ള്‍ക്ക്‌ തോ​ന്നി.

ഇ​നി​യും എ​ത്ര സ്റ്റേ​ഷ​നു​ക​ള്‍ എ​ന്നാ​ലോ​ചി​ച്ച​പ്പോ​ള്‍ അ​യാ​ള്‍ക്ക്‌ ത​ല ചു​റ്റി. സ​മ​യം നോ​ക്കി, വാ​ച്ച് നി​ല​ച്ചി​രി​ക്കു​ന്നു. ഇ​നി തൃ​ശൂ​ര്‍, ഷൊ​ര്‍ണൂ​ര്‍, തി​രൂ​ര്‍, കോ​ഴി​ക്കോ​ട്, വ​ട​ക​ര, ത​ല​ശ്ശേ​രി... പി​ന്നെ​യാ​ണ് ക​ണ്ണൂ​ര്‍. രാ​ത്രി പ​ന്ത്ര​ണ്ടു ഇ​രു​പ​തി​നാ​ണ് അ​വി​ടെ എ​ത്തു​ക, സ​മ​യ​ത്തി​ന് എ​ത്തു​ക​യാ​ണെ​ങ്കി​ല്‍. ഷൊ​ര്‍ണൂ​ര്‍ നി​ന്ന് അ​ത്താ​ഴം ക​ഴി​ക്ക​ണം. പ​ക്ഷേ ത​ന്റെ പ​ണ​വും കാ​ര്‍ഡു​മൊ​ന്നും ആ​രും സ്വീ​ക​രി​ക്കു​ന്നു​മി​ല്ല. അ​ത്താ​ഴ​മൊ​ന്നും വേ​ണ്ടെ​ന്നു​വെ​ക്കാം. കൈ​യി​ല്‍ അ​ല്‍പ്പം പ​ഴ​ങ്ങ​ള്‍ ക​രു​തി​യി​ട്ടു​ണ്ട്; ബി​സ്ക​റ്റും. തൃ​ശൂ​ര്‍ എ​ത്തി​യ​ത് അ​റി​ഞ്ഞി​ല്ല. അ​വി​ട​ന്ന് കേ​റി​യ ഒ​രാ​ളു​ടെ കൈ​യി​ല്‍ ബ​ഷീ​റി​ന്റെ 'ബാ​ല്യ​കാ​ല​സ​ഖി' ക​ണ്ടു. ഏ​തോ പ​ഴ​യ പ​തി​പ്പാ​ണ്‌. കെ​ട്ടും മ​ട്ടും ക​ണ്ടാ​ല​റി​യാം. താ​ന്‍ ല​ക്ഷ്മി​യു​മാ​യി പ്രേ​മ​ത്തി​ലാ​യ കാ​ല​ത്താ​ണ് അ​ത് വാ​യി​ച്ച​ത്. ഇ​രു​പ​ത്തി​ര​ണ്ടാം വ​യ​സ്സി​ല്‍. ത​ന്റെ പ​ത്തൊ​മ്പ​താം വ​യ​സ്സി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച ആ ​പു​സ്ത​കം അ​പ്പോ​ഴേ​ക്കും പ്ര​സി​ദ്ധ​മാ​യി പ​ല പ​തി​പ്പു​ക​ള്‍ പി​ന്നി​ട്ടുക​ഴി​ഞ്ഞി​രു​ന്നു. ന​ന്ദ​ഗോ​പ​ന്‍ ആ ​കാ​ലം ഓ​ര്‍ത്തു. ബ​ഷീ​റി​ന്റെ പ്രേ​മ​ലേ​ഖ​നം പ്ര​ണ​യ​സു​ര​ഭി​ല​മാ​യ ആ ​കാ​ല​ത്ത് അ​യാ​ള്‍ക്ക്‌ കാ​ണാ​പ്പാ​ഠ​മാ​യി​രു​ന്നു. ത​ന്റെ മി​ടു​ക്ക​രും മി​ടു​ക്കി​ക​ളു​മാ​യ പ​ല ശി​ഷ്യ​രെ​യും അ​യാ​ള്‍ ഓ​ര്‍ത്തു. സ്കൂ​ള്‍ ലൈ​ബ്ര​റി​യി​ല്‍ മ​ല​യാ​ള​പു​സ്ത​ക​ങ്ങ​ള്‍ വ​രു​ത്തു​ന്ന​തും ഏ​റെ​ക്കാ​ലം അ​യാ​ളാ​യി​രു​ന്നു. അ​തുകൊ​ണ്ടാ​കാം പ​ല പു​സ്ത​ക​ങ്ങ​ളും ആ​ദ്യം ഇ​റ​ങ്ങി​യ വ​ര്‍ഷ​ങ്ങ​ള്‍ ഇ​ത്ര​യ​ധി​കം ഇ​ന്നും ഓ​ർ​മ​യി​ല്‍ നി​ല്‍ക്കു​ന്ന​ത്. ഉ​റൂ​ബി​ന്റെ 'സു​ന്ദ​രി​ക​ളും സു​ന്ദ​ര​ന്മാ​രും' ഇ​റ​ങ്ങി​യ ഉ​ട​ന്‍ വാ​യി​ച്ച ഒ​രാ​ള്‍ ന​ന്ദ​ഗോ​പ​നാ​യി​രു​ന്നു. 'മ​ല​യാ​ള​ത്തി​ല്‍ സി.​വി​ക്കു ശേ​ഷം ക്ലാ​സി​ക്കു​ക​ള്‍ ഉ​ണ്ടാ​വു​ന്നി​ല്ലെ​ന്നു ആ​രു പ​റ​ഞ്ഞു' എ​ന്ന പേ​രി​ല്‍ പ്രാ​ദേ​ശി​ക​പ​ത്ര​ത്തി​ല്‍ ഒ​രു ലേ​ഖ​ന​വും അ​തി​നെ​ക്കു​റി​ച്ചെ​ഴു​തി, അ​തി​റ​ങ്ങി​യ 1958ല്‍ ​ത​ന്നെ. എം.​ടി​യു​ടെ 'നാ​ലു​കെ​ട്ടും' ആ​വ​ര്‍ഷം ത​ന്നെ​യാ​ണി​റ​ങ്ങി​യ​ത്. അ​തി​നെ​ക്കു​റി​ച്ചും ലേ​ഖ​ന​ത്തി​ല്‍ സൂ​ചി​പ്പി​ച്ചി​രു​ന്നു. അ​തി​നും ര​ണ്ടു വ​ര്‍ഷം മു​മ്പ് പു​റ​ത്തു വ​ന്ന 'ചെ​മ്മീ​നി'​നെ​യും. ക​ള്ള​പ്പേ​രി​ലാ​ണ് ലേ​ഖ​നം എ​ഴു​തി​യ​ത്. സി.​വി​ക്കും ച​ന്തു​മേ​നോ​നും ശേ​ഷം മ​ല​യാ​ള​സാ​ഹി​ത്യം മ​രി​ച്ചു എ​ന്ന് ക​രു​തു​ന്ന കു​റെ ആ​ളു​ക​ള്‍ അ​ക്കാ​ല​ത്തു​ണ്ടാ​യി​രു​ന്നു. ബ​ഷീ​റി​നെ​പ്പോ​ലും സ​മ്മ​ത​മി​ല്ലാ​ത്ത​വ​ര്‍. ത​ര്‍ക്ക​ത്തി​നൊ​ന്നും സ​മ​യ​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് ക​ള്ള​പ്പേ​രു​പ​യോ​ഗി​ച്ച​ത്. ന​ന്ദ​ഗോ​പ​നെ 'ന​ന്ദി​താ ഗോ​പാ​ല'​നാ​ക്കി.


വ​ണ്ടി ഷൊ​ര്‍ണൂ​ര്‍ ജ​ങ്ഷ​നി​ല്‍ നി​ന്ന​പ്പോ​ള്‍ എ​ട്ട​ര മ​ണി​യാ​യി​രു​ന്നു. അ​ല്‍പ്പം ലേ​റ്റ് ആ​ണ്. സ്റ്റേ​ഷ​ന്‍ ചു​വ​രു​ക​ളി​ല്‍ മു​ഴു​വ​ന്‍ ഇ.​എം.​എ​സി​ന്റെ ചി​ത്ര​ങ്ങ​ള്‍. 'ഇ.​എം.​എ​സ് മ​ന്ത്രി​സ​ഭ അ​ധി​കാ​ര​മേ​റ്റു' എ​ന്ന് ചു​വ​ന്ന അ​ക്ഷ​ര​ത്തി​ല്‍ അ​ച്ച​ടി​ച്ച പോ​സ്റ്റ​റു​ക​ളും. അ​ധി​കം ദി​വ​സം പ​ഴ​ക്ക​മി​ല്ല. ആ ​ദി​വ​സം അ​യാ​ള്‍ക്ക്‌ ഓ​ർ​മ​യു​ണ്ട്. റോ​ഡു നീ​ളെ ചെ​ങ്കൊ​ടി​ക​ളാ​യി​രു​ന്നു. 1957 ഏ​പ്രി​ല്‍ അ​ഞ്ച്. ത​നി​ക്കും അ​ല്‍പ്പം സ​ന്തോ​ഷം തോ​ന്നാ​തി​രു​ന്നി​ല്ല. ഒ​ന്നു​മി​ല്ലെ​ങ്കി​ല്‍ അ​ധി​ക​വും പ​ഠി​പ്പു​ള്ള മ​ന്ത്രി​മാ​രാ​ണ​ല്ലോ. കൃ​ഷ്ണ​യ്യ​രും മു​ണ്ട​ശ്ശേ​രി​യും എ.​ആ​ര്‍. മേ​നോ​നും...​വി​ശ​പ്പ്‌ തോ​ന്നി​യ​പ്പോ​ള്‍ ഒ​രു ആ​പ്പി​ളും ഏ​ത്ത​പ്പ​ഴ​വും ക​ഴി​ച്ചു വെ​ള്ളം കു​ടി​ച്ചു. അ​തി​നെ അ​യാ​ള്‍ അ​ത്താ​ഴം എ​ന്ന് വി​ളി​ക്കാ​ന്‍ തീ​ര്‍ച്ച​യാ​ക്കി.

തി​രൂ​ര്‍ സ്റ്റേ​ഷ​നി​ല്‍ ഒ​രു പ​യ്യ​ന്‍ സാ​യാ​ഹ്ന പ​ത്ര​വു​മാ​യി ഓ​ടി ന​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ''ച​ങ്ങ​മ്പു​ഴ കൃ​ഷ്ണ​പി​ള്ള അ​ന്ത​രി​ച്ചു, സാ​യാ​ഹ്ന​പ​ത്രം, കാ​ല​ണ'' എ​ന്ന് വി​ളി​ച്ചു പ​റ​ഞ്ഞാ​ണ് അ​വ​ന്‍ ഓ​ടിന​ട​ന്നി​രു​ന്ന​ത്. പ​ല​രും പ​ത്രം വാ​ങ്ങു​ന്നു​ണ്ടാ​യി​രു​ന്നു. ന​ന്ദ​ഗോ​പ​നും കൗ​തു​കം​കൊ​ണ്ട് ഒ​രെ​ണ്ണം വാ​ങ്ങി. ആ​ദ്യം നോ​ക്കി​യ​ത് തീ​യ​തി​യാ​ണ്. 1948 ജൂ​ണ്‍ 17. പ​ഴ​യ ചി​ത്ത​ഭ്ര​മം തി​രി​ച്ചു വ​രുംപോ​ലെ. നാ​ല്‍പ്പ​ത്തെ​ട്ടി​ല്‍ ത​നി​ക്കു ഇ​രു​പ​ത്തി​മൂ​ന്ന് വ​യ​സ്സ്. ആ ​ദി​വ​സം അ​യാ​ള്‍ക്ക്‌ ഓ​ർ​മ​യു​ണ്ട്. ര​മ​ണ​ന്‍ കാ​ണാ​പ്പാ​ഠ​മാ​ക്കി​യ ഒ​രാ​ള്‍ക്ക്‌ അ​ത് ഓ​ര്‍ക്കാ​തെ വ​യ്യ​ല്ലോ. സാ​ക്ഷ​ര​കേ​ര​ളം മു​ഴു​വ​ന്‍ ഏ​ങ്ങ​ല​ടി​ച്ചു ക​ര​ഞ്ഞ ദി​വ​സ​ങ്ങ​ളാ​യി​രു​ന്നു ആ ​ആ​ഴ്ച മു​ഴു​വ​ന്‍. ആ ​പ​ത്ര​ത്തി​ല്‍ സു​മു​ഖ​നാ​യ ച​ങ്ങ​മ്പു​ഴ​യു​ടെ ഒ​രു ചി​ത്ര​വും ചി​ല ക​വി​ത​ക​ളു​ടെ വ​രി​ക​ളും ര​മ​ണ​ന്റെ പ്ര​സി​ദ്ധ​മാ​യ ആമു​ഖ​പ്ര​സ്താ​വ​വു​മെ​ല്ലാം ഉ​ണ്ടാ​യി​രു​ന്നു; കൃ​തി​ക​ളു​ടെ അ​പൂ​ർ​ണ​മാ​യ ഒ​രു പ​ട്ടി​ക​യും. വ​ണ്ടി അ​ല്‍പ്പംകൂ​ടി മു​ന്നോ​ട്ടു​നീ​ങ്ങി​യ​പ്പോ​ള്‍ വി​ലാ​പ​ജാ​ഥ​പോ​ലെ ക​റു​ത്ത ബാ​ഡ്ജ് ധ​രി​ച്ച ഖ​ദ​ര്‍ധാ​രി​ക​ളു​ടെ ഒ​രു സം​ഘം മൂ​ക​മാ​യി നീ​ങ്ങു​ന്ന​ത്‌ ക​ണ്ടു. ഗാ​ന്ധി​യു​ടെ പ​ടം മാ​ല​യ​ണി​യി​ച്ചു മു​ന്നി​ല്‍ ഒ​രാ​ള്‍ കൈ​യി​ല്‍ പി​ടി​ച്ചി​ട്ടു​ണ്ട്. ചി​ല​ര്‍ പോ​സ്റ്റ​റു​ക​ളും പി​ടി​ച്ചി​രി​ക്കു​ന്നു. 'ഗാ​ന്ധി ജ​യി​ക്ക​ട്ടെ!', 'മ​ഹാ​ത്മാ​വി​ന്റെ കൊ​ല​പാ​ത​കി​യെ ഉ​ട​ന്‍ അ​റ​സ്റ്റു ചെ​യ്യു​ക' ഇ​ങ്ങ​നെ ചി​ല മു​ദ്രാ​വാ​ക്യ​ങ്ങ​ള്‍. ജൂ​ണി​ല്‍നി​ന്ന് മു​മ്പ​ത്തെ ജ​നു​വ​രി​യി​ലേ​ക്ക് അ​ല്‍പ്പം ചി​ല കി​ലോ​മീ​റ്റ​റു​ക​ളെ ഉ​ള്ളൂ എ​ന്ന് ന​ന്ദ​ഗോ​പ​ന് തോ​ന്നി. ഒ​പ്പം മ​റ്റൊ​രു കാ​ര്യ​വും ശ്ര​ദ്ധ​യി​ല്‍പെ​ട്ടു: അ​ടു​ത്തൊ​ന്നും വ​ഴി​യി​ല്‍ വ​ലി​യ കെ​ട്ടി​ട​ങ്ങ​ളൊ​ന്നും കാ​ണാ​നി​ല്ലാ​യി​രു​ന്നു. മൂ​ന്നു വ​ര്‍ഷം മു​മ്പു യാ​ത്ര ചെ​യ്ത​പ്പോ​ള്‍ വ​ഴി​യ​രി​കി​ല്‍ ഒ​രു​പാ​ട് വ​ലി​യ ക​ട​ക​ളും സൂ​പ്പ​ര്‍ സ്റ്റോ​റു​ക​ളും ഹോ​ട്ട​ലു​ക​ളും ക​ണ്ടി​രു​ന്നു. സ്റ്റേ​ഷ​നു​ക​ള്‍ക്കും കൂ​ടു​ത​ല്‍ പ​ഴ​ക്കം തോ​ന്നി​ച്ചു. ചി​ല യാ​ത്ര​ക്കാ​ര്‍ ഷ​ര്‍ട്ട്‌ പോ​ലും ഇ​ട്ടി​രു​ന്നി​ല്ല.

ഇ​ക്കു​റി സ്വ​പ്ന​ത്തി​ല്‍ ക​ണ്ട​ത് നാ​ട്ടി​ന്‍പു​റ​ത്തെ അ​മ്പ​ല​ത്തി​ലെ ഉ​ത്സ​വ​മാ​യി​രു​ന്നു. ആ​ള്‍ക്കൂ​ട്ട​ത്തി​ല്‍ താ​ന്‍ ഒ​റ്റ​പ്പെ​ടു​ന്നു. അ​ച്ഛ​നെ​യും അ​മ്മ​യെ​യും കാ​ണാ​നി​ല്ല. ക​ര​ഞ്ഞുകൊ​ണ്ട് ന​ട​ക്കു​ന്ന​തി​നി​ട​യി​ല്‍ ഒ​രാ​ന ഓ​ടി വ​രു​ന്നു...​ഒ​രു ബ​ഹ​ളം കേ​ട്ടാ​ണ് ന​ന്ദ​ഗോ​പ​ന്‍ ഉ​ണ​ര്‍ന്ന​ത്. അ​ത് സ്വ​പ്ന​മാ​യി​രു​ന്നി​ല്ല, കോ​ഴി​ക്കോ​ടാ​യി​രു​ന്നു. ഒ​രു പ​യ്യ​ന്‍ ''ര​മ​ണ​ന്‍, ര​മ​ണ​ന്‍, നാ​ല​ണ മാ​ത്രം'' എ​ന്ന് വി​ളി​ച്ചു ന​ട​ക്കു​ന്നു. ച​ങ്ങ​മ്പു​ഴ​യു​ടെ പു​സ്ത​ക​ത്തി​ന്റെ കു​റെ കോ​പ്പി​ക​ളും നെ​ഞ്ചോ​ട്‌ ചേ​ര്‍ത്തുപി​ടി​ച്ചി​ട്ടു​ണ്ട്. ഒ​രു പാ​ടു പേ​ര്‍ അ​ത് വാ​ങ്ങു​ന്നു​ണ്ട്, കു​റേ​പ്പേ​ര്‍ സ്ത്രീ​ക​ള്‍. പി​ന്നെ ഒ​രു കം​പാ​ർ​ട്മെ​ന്റി​ല്‍ നി​റ​യെ ഉ​ണ്ടാ​യി​രു​ന്ന പ​ട്ടാ​ള​ക്കാ​ര്‍. പ​യ്യ​ന്റെ കൈ​ക​ള്‍ വേ​ഗം ശൂ​ന്യ​മാ​യി. പു​സ്ത​കം ഇ​റ​ങ്ങി​യി​ട്ടേ​യു​ള്ളൂ എ​ന്ന് വ്യ​ക്തം. എ​ന്നാ​യി​രു​ന്നു ര​മ​ണ​ന്‍ ഇ​റ​ങ്ങി​യ​ത്‌? ന​ന്ദ​ഗോ​പ​ന്‍ ഓ​ര്‍ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​യാ​ളു​ടെ അ​ധ്യാ​പ​ക​മ​ന​സ്സ് അ​ധി​കം സ​മ​യ​മെ​ടു​ത്തി​ല്ല: 1936. അ​യാ​ള്‍ ആ ​സ​മ​ര്‍പ്പ​ണം പോ​ലും ഓ​ര്‍ത്തു, ഒ​രു പ്ര​ക​ട​പ്ര​സം​ഗ​ത്തി​ന് വേ​ണ്ടി പ​ഠി​ച്ച​താ​ണ്, സ്കൂ​ളി​ല്‍ ആ​റാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍:

''ശ്രീ​മാ​ൻ ഇ​ട​പ്പ​ള്ളി രാ​ഘ​വ​ൻ​പി​ള്ള!''

ഒ​രു ഗ​ദ്ഗ​ദ​സ്വ​ര​ത്തി​ല​ല്ലാ​തെ 'കൈ​ര​ളി'​ക്ക് ഒ​രി​ക്ക​ലും ഉ​ച്ച​രി​ക്കു​വാ​ൻ സാ​ധി​ക്കാ​ത്ത ഒ​ന്നാ​ണ് ആ ​നാ​മ​ധേ​യം!

അ​സ​ഹ​നീ​യ​മാ​യ അ​സ്വ​ത​ന്ത്ര​ത​യു​ടെ​യും നീ​റി​പ്പി​ടി​ക്കു​ന്ന നി​രാ​ശ​യു​ടെ​യും ന​ടു​വി​ൽ​പ്പെ​ട്ട്, ഞെ​ങ്ങി​ഞെ​രി​ഞ്ഞു വി​ങ്ങി​വി​ങ്ങി​ക്ക​ര​യു​ന്ന ആ​ത്മാ​ഭി​മാ​ന​ത്തി​ന്റെ ഒ​രു പ​ര്യാ​യ​മാ​യി​രു​ന്നു അ​ത്!

ആ​യി​ര​ത്തി ഒ​രു​നൂ​റ്റി​പ്പ​തി​നൊ​ന്നാ​മാ​ണ്ടു മി​ഥു​ന​മാ​സം ഇ​രു​പ​ത്തി​യൊ​ന്നാം തീ​യ​തി ശ​നി​യാ​ഴ്ച രാ​ത്രി കേ​വ​ലം ആ​ക​സ്മി​ക​മാ​യി,

ആ '​മ​ണി​നാ​ദം' ദ​യ​നീ​യ​മാം​വി​ധം അ​വ​സാ​നി​ച്ചു!

അ​ന്ധ​മാ​യ സ​മു​ദാ​യം -നി​ഷ്ഠു​ര​മാ​യ സ​മു​ദാ​യം- അ​ദ്ദേ​ഹ​ത്തി​ന്റെ ചി​താ​ഭ​സ്മ​ത്തെ​പ്പോ​ലും ഇ​താ, ഇ​പ്പോ​ഴും അ​ല​ട്ടി​ക്കൊ​ണ്ടി​രി​ക്കു​ന്നു!

പ​ക്ഷേ, ആ ​പ്ര​ണ​യ​ഗാ​യ​ക​ന്റെ ആ​ത്മാ​വ് ഏ​തു ഭൗ​തി​കാ​ക്ര​മ​ങ്ങ​ൾ​ക്കും അ​തീ​ത​മാ​യ നി​ത്യ​ശാ​ന്തി​യെ പ്രാ​പി​ച്ചു​ക​ഴി​ഞ്ഞു!

ആ ​ഓ​മ​ന​ച്ചെ​ങ്ങാ​തി​യു​ടെ പാ​വ​ന​സ്മ​ര​ണ​ക്കാ​യി, അ​ദ്ദേ​ഹ​ത്തി​ന്റെ ശ​വ​കു​ടീ​ര​ത്തി​നു മു​ന്നി​ൽ ഈ ​സൗ​ഹൃ​ദോ​പ​ഹാ​രം ഞാ​നി​താ ക​ണ്ണീ​രോ​ടു​കൂ​ടി സ​മ​ർ​പ്പി​ച്ചു​കൊ​ള്ളു​ന്നു.''


ആ​ളു​ക​ള്‍ ക​യ​റു​ക​യും ഇ​റ​ങ്ങു​ക​യും ചെ​യ്തു​കൊ​ണ്ടി​രു​ന്നു. ത​ന്റെ അ​ടു​ത്ത് വ​ന്നി​രു​ന്ന​യാ​ള്‍ ചോ​ദി​ച്ചു: ''കു​ട്ടി എ​ങ്ങോ​ട്ടാ? ഒ​റ്റ​യ്ക്കാ​ണോ?'' ന​ന്ദ​ഗോ​പ​ന് എ​ന്ത് പ​റ​യ​ണം എ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നു. അ​യാ​ള്‍ അ​ടു​ത്ത സീ​റ്റു​ക​ളി​ലേ​ക്ക് നോ​ക്കി. അ​വ​യി​ലൊ​ന്നും കു​ട്ടി​ക​ള്‍ ഇ​ല്ലാ​യി​രു​ന്നു. അ​യാ​ള്‍ ഒ​ന്നും പ​റ​യാ​തി​രി​ക്കു​ന്ന​തു ക​ണ്ട​പ്പോ​ള്‍ സം​സാ​രം നി​ല​ച്ചു. താ​ന്‍ ഊ​മ​യാ​ണെ​ന്നു അ​യാ​ള്‍ ക​രു​തി​യി​രി​ക്കാം. ഇ​നി​യു​മു​ണ്ട് ര​ണ്ടു മ​ണി​ക്കൂ​ര്‍. ന​ന്ദ​ഗോ​പ​ന്‍ വീ​ണ്ടും ഉ​റ​ങ്ങാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും അ​സാ​ധാ​ര​ണ​മാ​യ ഒ​രു ഭ​യം അ​യാ​ളെ പി​ടി​കൂ​ടി​യി​രു​ന്നു. വ​ട​ക​ര​യി​ലും ത​ല​ശ്ശേ​രി​യി​ലും ആ​ളു​ക​ള്‍ ഇ​റ​ങ്ങു​ക​യും ക​യ​റു​ക​യും ചെ​യ്തെ​ങ്കി​ലും ആ​രോ​ടും സം​സാ​രി​ക്കാ​ന്‍ അ​യാ​ള്‍ ധൈ​ര്യ​പ്പെ​ട്ടി​ല്ല. വെ​ള്ളം കു​ടി​ക്കാ​ന്‍ നോ​ക്കി​യ​പ്പോ​ള്‍ താ​ന്‍ വ​ല്ലാ​തെ ചെ​റു​താ​യി​രി​ക്കു​ന്നു എ​ന്നു മാ​ത്രം അ​യാ​ള്‍ക്ക്‌ മ​ന​സ്സി​ലാ​യി.

അ​വ​സാ​നം അ​താ ക​ണ്ണൂ​ര്‍. പാ​തി​രാ ആ​യ​തി​നാ​ല്‍ സ്റ്റേ​ഷ​നി​ല്‍ അ​ധി​കം പേ​രി​ല്ല. പെ​ട്ടി പൊ​ക്കാ​ന്‍ പ്ര​യാ​സ​മാ​യി​രു​ന്നു. മു​ക​ളി​ല്‍നി​ന്ന് അ​തെ​ടു​ക്കാ​ന്‍ ആ​രോ സ​ഹാ​യി​ച്ചു. വാ​തി​ല്‍ക്ക​ല്‍ കൊ​ണ്ടു​ത​രി​ക​യും ചെ​യ്തു. ഇ​റ​ങ്ങു​ന്ന​വ​രെ​യൊ​ക്കെ നി​രീ​ക്ഷി​ച്ചു​കൊ​ണ്ട് ഗൗ​രി നി​ല്‍പ്പു​ണ്ട്. നി​ഷാ​ദ് ഉ​റ​ങ്ങി​യി​രി​ക്കും. എ​ങ്കി​ലും അ​വ​നെ ത​നി​ച്ചാ​ക്കി മ​ക​ള്‍ വ​ന്ന​ത് അ​യാ​ള്‍ക്ക്‌ ഇ​ഷ്ട​മാ​യി​ല്ല. രാ​മ​നാ​ഥ​ന്‍ യാ​ത്ര​യി​ലാ​യി​രു​ന്ന​ല്ലോ. എ​ന്താ​ണ് ഗൗ​രി ത​ന്നെ നോ​ക്കാ​ത്ത​ത്? ''ഗൗ​രീ, ഞാ​ന്‍ ഇ​വി​ടെ​യു​ണ്ട്'', ന​ന്ദ​ഗോ​പ​ന്‍ വി​ളി​ച്ചു​പ​റ​ഞ്ഞു, പ​ക്ഷേ ഒ​ച്ച പൊ​ങ്ങു​ന്നി​ല്ലാ​യി​രു​ന്നു. ഗൗ​രി ''അ​ച്ഛാ, അ​ച്ഛാ'' എ​ന്ന് വി​ളി​ച്ചു പ്ലാ​റ്റ്ഫോ​മി​ലാ​കെ അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടും പാ​ഞ്ഞു​കൊ​ണ്ടി​രു​ന്നു. സ്റ്റേ​ഷ​നി​ല്‍നി​ന്നു​ള്ള വെ​ളി​ച്ചം പൊ​ട്ടി​ച്ചൂ​ട്ടു​പോ​ലെ ത​ന്നെ വ​ഴി തെ​റ്റി​ച്ചു ഞെ​രി​ക്കാ​ന്‍ കൈനീ​ട്ടും​പോ​ലെ ന​ന്ദ​ഗോ​പ​നു തോ​ന്നി. വ​ണ്ടി ആ​ന​ക​ളു​ടെ ഒ​രു നി​ര​യാ​ണെ​ന്നും. അ​യാ​ളു​ടെ ക​ര​ച്ചി​ല്‍ ഉ​ത്സ​വ​പ്പ​റ​മ്പി​ല്‍നി​ന്ന് വാ​ങ്ങി ഈ​മ്പി​ക്കു​ടി​ച്ച ക​രി​മ്പി​ന്‍ ക​ഷ​ണ​ത്തി​ന്റെ ച​ണ്ടി​പോ​ലെ തൊ​ണ്ട​യി​ല്‍ ത​ട​ഞ്ഞു​നി​ന്നു.

l

News Summary - sachidanandan malayalam story