ഉസ്ബെകും ജോർഡനും; ഏഷ്യൻ ഫുട്ബാളിലെ അതിശയങ്ങൾ

ലോക ഫുട്ബാളിന്റെ റാങ്ക് പട്ടികയിൽ നൂറിന് പുറത്തായിരുന്ന രണ്ട് ടീമുകൾ 2026 ലോകകപ്പ് ഫുട്ബാളിൽ അരങ്ങേറ്റം കുറിക്കുകയാണ്. എങ്ങനെയാണ് ഈ ടീമുകൾക്ക് ഈ നേട്ടം കൈവരിക്കാനായത്. ഏഷ്യൻ ഫുട്ബാളിൽ ഇവർ എങ്ങനെയാണ് മാതൃകയായത്. അന്വേഷണം. ‘ഇന്ത്യയും ഉസ്ബെകിസ്താനും ജോർഡനുമെല്ലാം ഒരേ നിലവാരത്തിലുള്ള ഫുട്ബാൾ കളിച്ച വിദൂരമല്ലാത്ത കാലമുണ്ടായിരുന്നു. അന്ന് റാങ്കിങ്ങിലും കളിമികവിലും അവരും നമ്മൾക്കൊപ്പം. 2008- 2010 വർഷങ്ങളിൽ 90-100 റാങ്കുകളിലായിരുന്നു സ്ഥാനങ്ങൾ. എന്നാൽ, ഉസ്ബെകിസ്താനും ജോർഡനും ഇന്ന് എവിടെ എത്തിനിൽക്കുന്നു. ഒന്നര പതിറ്റാണ്ടുമുമ്പ് ലോക ഫുട്ബാളിൽ നൂറിന് പുറത്തായിരുന്ന രണ്ട് ടീമുകൾ ഇത്തവണ നോർത്ത്...
Your Subscription Supports Independent Journalism
View Plansലോക ഫുട്ബാളിന്റെ റാങ്ക് പട്ടികയിൽ നൂറിന് പുറത്തായിരുന്ന രണ്ട് ടീമുകൾ 2026 ലോകകപ്പ് ഫുട്ബാളിൽ അരങ്ങേറ്റം കുറിക്കുകയാണ്. എങ്ങനെയാണ് ഈ ടീമുകൾക്ക് ഈ നേട്ടം കൈവരിക്കാനായത്. ഏഷ്യൻ ഫുട്ബാളിൽ ഇവർ എങ്ങനെയാണ് മാതൃകയായത്. അന്വേഷണം.
‘ഇന്ത്യയും ഉസ്ബെകിസ്താനും ജോർഡനുമെല്ലാം ഒരേ നിലവാരത്തിലുള്ള ഫുട്ബാൾ കളിച്ച വിദൂരമല്ലാത്ത കാലമുണ്ടായിരുന്നു. അന്ന് റാങ്കിങ്ങിലും കളിമികവിലും അവരും നമ്മൾക്കൊപ്പം. 2008- 2010 വർഷങ്ങളിൽ 90-100 റാങ്കുകളിലായിരുന്നു സ്ഥാനങ്ങൾ. എന്നാൽ, ഉസ്ബെകിസ്താനും ജോർഡനും ഇന്ന് എവിടെ എത്തിനിൽക്കുന്നു. ഒന്നര പതിറ്റാണ്ടുമുമ്പ് ലോക ഫുട്ബാളിൽ നൂറിന് പുറത്തായിരുന്ന രണ്ട് ടീമുകൾ ഇത്തവണ നോർത്ത് അമേരിക്ക വേദിയാകുന്ന ലോകകപ്പിൽ തങ്ങളുടെ അരങ്ങേറ്റം കുറിക്കാനുള്ള ഒരുക്കത്തിലാണ്.
യൂത്ത് ടീമുകളെ വികസിപ്പിച്ചെടുത്ത്, ദീർഘവീക്ഷണത്തോടെ ഫുട്ബാൾ സംസ്കാരം പടുത്തുയർത്തിയാൽ അത് ലക്ഷ്യം കാണുമെന്നതിന്റെ ഉദാഹരണമാണ് ഏഷ്യൻ ഫുട്ബാളിലെ പുത്തൻ പവർഹൗസുകളായ ഇരു രാജ്യങ്ങളും. അതേസമയം, എതിർ ദിശയിലാണ് ഇന്ത്യൻ ഫുട്ബാൾ. നേരത്തേ നൂറിനുള്ളിൽ പലവട്ടം ഇടം നേടിയ രാജ്യം, 140നും മുകളിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. പൊടിക്കൈ മാജിക്കുകളിൽ ഫുട്ബാൾ അടിത്തട്ടിൽ വികസിക്കില്ല. 15ഉം 20ഉം വർഷത്തെ ദീർഘകാല പദ്ധതിയിലൂടെ മാത്രമേ ജപ്പാനും ഉസ്ബെകും ജോർഡനും പോലെ ഇന്ത്യൻ ഫുട്ബാളിന് വളരാൻ കഴിയൂ...’ -മുൻ ഇന്ത്യൻതാരവും മലയാളിയുമായ റിനോ ആന്റോയുടെ വാക്കുകളാണിത്.
മോഹൻ ബഗാൻ മുതൽ ബംഗളൂരു എഫ്.സി, കേരള ബ്ലാസ്റ്റേഴ്സ്, അത്‍ലറ്റികോ ഡി കൊൽക്കത്ത തുടങ്ങിയ ക്ലബുകളിലൂടെ ഇന്ത്യൻ ഫുട്ബാളിൽ മേൽവിലാസം കുറിച്ച തൃശൂർ സ്വദേശി റിനോയുടെ വാക്കുകളിലുണ്ട് ഏഷ്യൻ ഫുട്ബാളിന്റെ പുത്തൻ കുതിപ്പും ഇന്ത്യയുടെ കിതപ്പും. ഫിഫ റാങ്കിങ് നിലവിൽ വന്ന കഴിഞ്ഞ 32 വർഷത്തിനിടെ 1996ലാണ് ഇന്ത്യൻ ഫുട്ബാൾ ഏറ്റവും മികച്ച നിലവാരം രേഖപ്പെടുത്തിയത്. അന്ന് നേടിയ 94ാം സ്ഥാനത്തിനപ്പുറം ഇന്ത്യക്ക് ഇതുവരെ മുന്നോട്ട് നീങ്ങാനായില്ല. നമ്മുടെ മണ്ണ് ഫുട്ബാളിന് വേരുപിടിക്കാത്ത മരുഭൂമിയായി മാറിയെന്നതിന് ഇതിൽപരം മറ്റെന്ത് സാക്ഷ്യം.
ഏഷ്യയിൽ മാറ്റത്തിന്റെ കാറ്റ്
യൂറോപ്പിലും തെക്കൻ അമേരിക്കൻ രാജ്യങ്ങളിലുമായി പങ്കുവെച്ചെടുക്കപ്പെട്ട ഫിഫ ലോകകപ്പ് ഫുട്ബാൾ മേള ആദ്യമായി ഏഷ്യൻ വൻകരയുടെ പടികടന്നെത്തിയത് 2002ലായിരുന്നു. യൂറോപ്യൻ, തെക്കൻ അമേരിക്കൻ രാജ്യങ്ങളുടെ കുത്തകയാണെന്ന് അവകാശപ്പെട്ട ലോകകപ്പിനെ, ലോകമെങ്ങും പടർത്താനായിറങ്ങിയ മുൻ ഫിഫ അധ്യക്ഷൻ ജോ ഹാവലാഞ്ചിന് ജപ്പാനിൽ ഒരു കളി നടത്തണമെന്ന മോഹമായി. പത്തു വർഷം മുമ്പേ ഹാവലാഞ്ച് ഇത് പറഞ്ഞപ്പോൾ, കല്ലെറിയാൻ മുന്നിൽ നിന്ന യുവേഫ അധ്യക്ഷൻ ലിനാർട് ജോൺസണും കാരണങ്ങൾ ഏറെയുണ്ടായിരുന്നു. ഒടുവിൽ, കൊറിയ-ജപ്പാൻ സംയുക്ത ആതിഥേയത്വം എന്ന ഫോർമുലയിൽ തർക്കം പരിഹരിച്ച് ലോകകപ്പ് സമ്മാനിച്ചപ്പോൾ, പടിഞ്ഞാറൻ മാധ്യമങ്ങളുടെയും ഫുട്ബാൾ സംഘാടകരുടെയും നെറ്റിചുളിഞ്ഞു.
ലോകോത്തര സ്റ്റേഡിയങ്ങളുടെയും പരിശീലന മൈതാനങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും കുറവ്, ഫുട്ബാളിന് വേണ്ടത്ര വേരോട്ടമില്ല, മികച്ച നിലവാരമുള്ള ടീമുകളുടെ അഭാവം, ലോകോത്തര ഫുട്ബാൾ മത്സരങ്ങളുടെ സംഘാടന പരിചയക്കുറവ് എന്നിങ്ങനെ വിമർശകർ ഏറെ കുറ്റങ്ങൾ നിരത്തി. എന്നാൽ, എല്ലാ അപവാദങ്ങളെയും കാറ്റിൽ പറത്തിയായിരുന്നു സഹസ്രാബ്ദത്തിലെ ആദ്യ ലോകകപ്പിന് ഏഷ്യ വേദിയൊരുക്കിയത്. കളിമികവും സംഘാടനവും കാണികളുടെ പങ്കാളിത്തവും പുതുചരിത്രമെഴുതിയ ആ മേളയിൽ ജപ്പാൻ പ്രീക്വാർട്ടറിലും, ദക്ഷിണ കൊറിയ സെമിയിലുമെത്തി ഫുട്ബാളിലെ ഏഷ്യൻ കരുത്തിന്റെ വരവറിയിച്ചു.
പിന്നീടുള്ള ഒരോ ലോകകപ്പിലും ഇരുരാജ്യങ്ങളും നിത്യസാന്നിധ്യമായി. അട്ടിമറി കുതിപ്പുമായി വമ്പന്മാരെപോലും ഞെട്ടിച്ചപ്പോൾ ഏഷ്യൻ ഫുട്ബാളിന്റെ കരുത്തിനെ ലോകം വിനയത്തോടെ തിരിച്ചറിഞ്ഞു തുടങ്ങുകയായിരുന്നു. തുടർന്ന്, 20 വർഷത്തിനു ശേഷം 2022ൽ ഖത്തറിൽ ലോകകപ്പ് എത്തിയപ്പോഴേക്കും യൂറോപ്യൻ കേളീശൈലിയെ വെല്ലുന്ന താരങ്ങളും ടീമുകളും ക്ലബുകളും വൻകരയിൽനിന്നുദിച്ചുയർന്നുവെന്നതും മറ്റൊരു ചരിത്രം.
ഏഷ്യൻ ഫുട്ബാളിനെ ലോക ഭൂപടത്തിൽ കൂടുതൽ മികവോടെ അടയാളപ്പെടുത്തുന്ന ലോകകപ്പിനാണ് അമേരിക്ക, മെക്സികോ, കാനഡ രാജ്യങ്ങൾ വേദിയൊരുക്കുന്നത്. ടീമുകളുടെ എണ്ണം 32ൽ നിന്നും 48ലേക്ക് ഉയർത്തിയപ്പോൾ ലഭിച്ച എട്ട് ടീം േക്വാട്ട പങ്കാളിത്ത വലുപ്പത്തിന് കാരണമായെങ്കിലും, കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിലെ ഫുട്ബാൾ വിപ്ലവം എഴുതിത്തള്ളാനാവില്ല. ഇത്തവണ നേരിട്ട് എട്ടു ടീമുകളും, ഒരു ടീം േപ്ല ഓഫിലൂടെയുമായി ഒമ്പത് രാജ്യങ്ങളാണ് ഇവിടെനിന്നും ലോകകപ്പിനെത്തുന്നത്. 40 വർഷത്തെ കാത്തിരിപ്പിനുശേഷം ഇറാഖ് ലോകകപ്പിലേക്ക് ആദ്യമായി വരവറിയിച്ചപ്പോൾ, കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ആഭ്യന്തര ഫുട്ബാളിൽ നിശ്ശബ്ദ വിപ്ലവത്തിലായിരുന്ന ജോർഡനും ഉസ്ബെകിസ്താനും അർഹിച്ചപോലെ തന്നെ ആദ്യമായി ലോകകപ്പിന് യോഗ്യതയും നേടി. ഇവർക്കു പുറമെ, ജപ്പാൻ, ഇറാൻ, ഖത്തർ, സൗദി അറേബ്യ, ദക്ഷിണ കൊറിയ, ആസ്ട്രേലിയ ടീമുകൾ മേഖലയുടെ പ്രതിനിധികളായി അമേരിക്കൻ മണ്ണിൽ കളത്തിലിറങ്ങുന്നുണ്ട്.

ലോകകപ്പ് യോഗ്യത നേടിയ ഉസ്ബെകിസ്താൻ ടീം
കളിക്കളത്തിലെ ഉസ്ബെക് പാഠം
കാൽപന്തു മൈതാനത്ത് വിപ്ലവങ്ങൾ സ്വപ്നം കാണുന്നവർക്ക് ഒരു പാഠപുസ്തകമാണ് ഉസ്ബെകിസ്താൻ. 20 വർഷം മുമ്പുവരെ ഫുട്ബാളിന് വലിയ വേരോട്ടമൊന്നുമില്ലാത്ത മണ്ണ്. ഒഴിഞ്ഞ ഗാലറിയും നിറംമങ്ങിയ ക്ലബുകളുമായി ഫുട്ബാൾ പച്ചപിടിക്കാത്ത നാട്ടിൽ, 2000ത്തോളം വർഷം പഴക്കമുള്ള സമ്മർകന്ദ് എന്ന നഗരമായിരുന്നു ലോകത്തിനു മുന്നിലെ ഐക്കൺ. എന്നാൽ, ഇന്ന് ആ ചരിത്രനഗരത്തോളംതന്നെ പ്രശസ്തമായി കഴിഞ്ഞു ഉസ്ബെകിസ്താൻ ഫുട്ബാളും താരങ്ങളും. നൂറ്റാണ്ട് തികക്കാൻ ഒരുങ്ങുന്ന ലോകകപ്പിലേക്ക് ആദ്യമായി ഈ മുൻ സോവിയറ്റ് രാജ്യം ബൂട്ടുകെട്ടി ഇറങ്ങാൻ ഒരുങ്ങുമ്പോൾ പതിറ്റാണ്ടുകളുടെ നിശ്ശബ്ദ പോരാട്ടത്തിന്റെകൂടി കഥയുണ്ട്.
രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളിലും കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളിൽ വിപ്ലവകരമായ മാറ്റങ്ങൾ നടത്തിയതിന്റെ തുടർച്ചയാണ് ഉസ്ബെകിന്റെ ഫുട്ബാളിലെ വളർച്ചയും. സോവിയറ്റ് പാരമ്പര്യത്തിൽ ഫുട്ബാളിൽ മികവു തെളിയിച്ച രാജ്യത്തിന് 2006 ലോകകപ്പിനുള്ള പ്രവേശനം തലനാരിഴ വ്യത്യാസത്തിലായിരുന്നു നഷ്ടമായത്. ഏഷ്യൻ നാലാം റൗണ്ടിലെത്തിയ ടീം, ഏറെ വിവാദമായ ബഹ്റൈനെതിരായ മത്സരത്തിൽ എവേ ഗോളിനായിരുന്നു അന്ന് പുറത്തായത്. പിന്നീട് 2014ൽ ദക്ഷിണ കൊറിയക്കെതിരെ ഗോൾ വ്യത്യാസത്തിലും, 2018ൽ രണ്ട് പോയന്റ് വ്യത്യാസത്തിൽ അതേ ദക്ഷിണ കൊറിയക്ക് പിന്നിലായും വീണപ്പോൾ ഏറെ കരഞ്ഞവരാണ് ഉസ്ബെക് ആരാധകർ.
ഉയരവും കായികശേഷിയുംകൊണ്ട് ജന്മനാ അത്‍ലറ്റിക് ശരീരമുള്ളവരാണ് ഈ നാട്ടുകാർ. അവരുടെ ബൂട്ടിൽ പന്തിന്റെ മാന്ത്രിക സ്പർശമുണ്ടെന്ന് തിരിച്ചറിഞ്ഞത് നിലവിലെ രാഷ്ട്ര നായകൻ കൂടിയായ ഷൗകത് മിർസിയോയേവ് ആണെന്ന് പറയാം. സോവിയറ്റ് റഷ്യയിൽനിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിനു ശേഷം, രാജ്യം അടക്കി ഭരിച്ച ഇസ്‍ലാം കരിമോവിന്റെ മരണത്തിനു പിന്നാലെ 2016ലാണ് ഷൗകത് അധികാരമേൽക്കുന്നത്. നല്ലൊരു ഫുട്ബാൾ കമ്പക്കാരൻകൂടിയായ ഷൗകത് ആദ്യം ചെയ്തത് രാജ്യത്തെ നിയമങ്ങൾ ലഘൂകരിക്കുകയും, കായിക-ടൂറിസം മേഖലകളിൽ കൂടുതൽ നിക്ഷേപങ്ങൾക്ക് അവസരം തുറക്കുകയുമായിരുന്നു.
വിദേശങ്ങളിൽ കഴിയുന്ന തങ്ങളുടെ താരങ്ങളെ ടീമിലെത്തിച്ച് ദേശീയ ടീം വളർത്തുക എന്ന തന്ത്രത്തിനു പകരം അടിസ്ഥാന സൗകര്യങ്ങൾ വിപുലമാക്കി പുതുതലമുറയെ വാർത്തെടുക്കുകയായിരുന്നു പദ്ധതി. സ്റ്റേഡിയങ്ങളും അക്കാദമികളും വികസിപ്പിക്കുന്നതിനൊപ്പം, മികച്ച പരിശീലനം സിദ്ധിച്ച കോച്ചുമാരെയും സൃഷ്ടിച്ചു. ഇതിന്റെ തുടർച്ചയായിരുന്നു 2022ൽ സർക്കാർ പ്രഖ്യാപിച്ച 3500 മിനി ഫുട്ബാൾ ഗ്രൗണ്ടുകൾ. അതോടൊപ്പം പതിറ്റാണ്ടുകളുടെ പഴക്കമുള്ള ഉസ്ബെക് സൂപ്പർ ലീഗ് ഫുട്ബാൾ, കൂടുതൽ ടീമുകളുടെ പങ്കാളിത്തവും വൻ തുക നിക്ഷേപവുമായി കൂടുതൽ സജീവമാക്കിയതോടെ, പുതുതലമുറക്ക് ഫുട്ബാൾ കളിക്കൊപ്പം മികച്ച പ്രഫഷനായും മാറി. പതിയെ നടന്ന പരിഷ്‍കാരങ്ങൾ അതിവേഗത്തിൽ തന്നെ ഫലംകണ്ടു തുടങ്ങി. സീനിയർ ടീം രാജ്യാന്തരതലത്തിൽ നേട്ടങ്ങളുണ്ടാക്കിയതിനൊപ്പം, യൂത്ത് ടീമുകൾ കൂടുതൽ മികവോടെ വിജയങ്ങൾ കൊണ്ടുവന്നു.
2023 അണ്ടർ 17 ലോകകപ്പ് കളിച്ച കൗമാരപ്പട ഇംഗ്ലണ്ടിനെ അട്ടിമറിച്ചും സ്പെയിനിനെ സമനിലയിൽ തളച്ചും വരവറിയിച്ചു. കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന ലോകകപ്പിൽ പരഗ്വേ, ക്രൊയേഷ്യ തുടങ്ങിയ ഫുട്ബാൾ രാജ്യങ്ങളെ അട്ടിമറിച്ച് പ്രീക്വാർട്ടർ വരെയെത്തി. അണ്ടർ 20 ടീം മൂന്നു വർഷം മുമ്പ് നടന്ന ഏഷ്യൻ കപ്പിൽ കിരീടമണിഞ്ഞാണ് ഉത്തരം നൽകിയത്. ഇതേ ടീം അടുത്തവർഷം നടന്ന ഒളിമ്പിക്സിലും പങ്കെടുത്തു. ലോകകപ്പിൽ നോക്കൗട്ട് വരെയും കുതിച്ചു.

ജോർഡൻ ഫുട്ബാൾ ടീം
2024 ജനുവരിയിൽ ഖത്തറിൽ നടന്ന ഏഷ്യൻ കപ്പും ഉസ്ബെകിസ്താൻ ഫുട്ബാളിന്റെ കരുത്തറിയിച്ച വേദിയായിരുന്നു. വമ്പന്മാരെ വീഴ്ത്തി മുന്നേറിയവർ ക്വാർട്ടർ ഫൈനൽ വരെയെത്തി ചരിത്രം കുറിച്ചു. യോഗ്യതാ റൗണ്ടിൽ ഇറാനു പിന്നിൽ രണ്ടാം സ്ഥാനക്കാരായി അമേരിക്കയിലേക്ക് ടിക്കറ്റുറപ്പിച്ച് ചരിത്രം കുറിച്ചപ്പോൾ വർഷങ്ങളായി ഈ മുഹൂർത്തത്തിന് കാത്തിരുന്ന താഷ്‍കന്റ് നഗരം ആഘോഷത്തിൽ ആറാടി.
രണ്ടു പതിറ്റാണ്ടുമുമ്പ് ആഗോള ഫുട്ബാൾ ഭൂപടത്തിൽ ഒന്നുമല്ലാതിരുന്ന ഉസ്ബെകിസ്താന്റെ ഇന്നത്തെ ദേശീയ ഹീറോയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ സെന്റർ ബാക്ക് അബ്ദുൽ ഖാദിർ ഖുസനോവ്. തുർക്കിയിലെ മുൻനിര ടീമുകളുടെ താരമായ അബ്ബാസ്ബെക് ഫൈസലോവും, ക്യാപ്റ്റൻ എൽദോർ ഷുമർദോവും മാറുന്ന ഉസ്ബെക് ഫുട്ബാളിന്റെ പ്രതീകങ്ങളാണ്. പത്തു വർഷത്തോളമായി യൂത്ത് ടീം മുതൽ ഒന്നിച്ചു കളിക്കുന്ന ഒരുപിടി താരങ്ങളാണ് ഈ ഏഷ്യൻപടയുടെ മറ്റൊരു കരുത്ത്.
വിശ്വമേളയുടെ മുറ്റത്തേക്ക് ആദ്യമായി ടീം എത്തുമ്പോൾ കുമ്മായവരക്ക് പുറത്ത് തന്ത്രങ്ങളോതി ലോകകപ്പ് ചാമ്പ്യൻ നായകനായ മുൻ ഇറ്റാലിയൻ ലെജൻഡ് ഫാബിയോ കന്നവാരോ കൂടിയാവുന്നതോടെ അമേരിക്കയിലേക്കുള്ള ഉസ്ബെക് മാജിക് പൂർണമാവുകയായി. ആരും തങ്ങളെ നിസ്സാരക്കാരായി കാണേണ്ടതില്ല, ഒരു എതിരാളിയെയും ഞങ്ങൾക്ക് ഭയവുമില്ല എന്ന മുന്നറിയിപ്പുമായാണ് കന്നവാരോയുടെ ഈ പുതുസംഘം വരുന്നത്.
ഉസ്ബെകിസ്താന്റെ ഫുട്ബാൾ വിപ്ലവത്തിന് വിഖ്യാത പരിശീലകൻ ആഴ്സൻ വെങ്ങർ നൽകുന്ന സർട്ടിഫിക്കറ്റ് ഇങ്ങനെ: ‘‘...ഉസ്ബെകിസ്താനിലേക്ക് നോക്കുക. അവർ എത്രമികവോടെയാണ് യൂത്ത് ലെവൽ ഫുട്ബാൾ വളർത്തിയെടുത്തത്. ഏറ്റവും അവിശ്വസനീയമായിരുന്നു അവർ ഒരുക്കിയ അടിസ്ഥാന സൗകര്യ വികസനം.’’

ഉസ്ബെകിസ്താന്റെ മാഞ്ചസ്റ്റർ സിറ്റി താരം അബ്ദുഖാദിർ ഖുഷനോവും ഇന്ത്യയുടെ അനിരുദ്ധ് ഥാപ്പയും. 2024 ഏഷ്യൻ കപ്പ് മത്സരത്തിനിടെ
അറബ് വീര്യവുമായി ജോർഡൻ
അറേബ്യൻ ഫുട്ബാൾ ലോകത്തെ കരുത്തരായ ജോർഡന് വൈകിയെത്തിയതാണ് ഈ ലോകകപ്പിലെ യോഗ്യത. മുൻ വർഷങ്ങളിൽ തലനാരിഴ വ്യത്യാസത്തിൽ നഷ്ടമായ ലോകകപ്പ് പ്രവേശനം, ഇത്തവണ ആധികാരികമായി തന്നെ സ്വന്തമാക്കി അമേരിക്കൻ മണ്ണിലേക്ക് പറക്കുന്നു. സൗദി അറേബ്യയും മൊറോക്കോയും ഈജിപ്തുമെല്ലാം കാഴ്ചവെക്കുന്ന പവർ ഫുട്ബാളുമായി കഴിഞ്ഞ പതിറ്റാണ്ടുകളിലെല്ലാം ജോർഡൻ ഏഷ്യൻ ഫുട്ബാളിൽ മുൻനിരയിൽ തന്നെയുണ്ടായിരുന്നു. എന്നാൽ, അവസാന ലാപ്പുകളിൽ ഇടറുന്ന പതിവിൽ നേട്ടങ്ങളും കിരീടങ്ങളും അകന്നുനിന്നതായിരുന്നു ചരിത്രം.
ഏറ്റവും ഒടുവിൽ 2024 ഏഷ്യൻ കപ്പ് ഫുട്ബാളിൽ അതി കുതിപ്പുമായി ഫൈനൽ വരെയെത്തിയാണ് ഈ സംഘം അത്ഭുതപ്പെടുത്തിയത്. കഴിഞ്ഞ വർഷം നടന്ന അറബ് കപ്പ് ഫുട്ബാളിലും ഫൈനൽ വരെയെത്തി മികവ് തെളിയിച്ചു. ഫ്രഞ്ച് ക്ലബ് റെനസിന് വേണ്ടി കളിക്കുന്ന ക്യാപ്റ്റൻ മുസ അൽ തമരി തന്നെ ഈ സീസണിൽ ടീമിന്റെ ഐക്കൺ. ജോർഡനിൽനിന്നും യൂറോപ്പിലെ ടോപ് ഫൈവ് ലീഗ് ക്ലബിൽ കളിക്കാൻ ഇടംനേടുന്ന ആദ്യ താരമെന്ന റെക്കോഡിനുടമയുമാണ് മുസ അൽ തമരി. ഗ്രൂപ് റൗണ്ടിൽ അർജന്റീന, ഓസ്ട്രിയ, അൽജീരിയ എന്നിവരടങ്ങിയ ഗ്രൂപ്പിലാണ് ‘അൽ നഷാമ’ എന്ന വിളിപ്പേരുകാരുടെ സംഘം.
പുത്തൻ ഊർജവുമായി ഇന്തോനേഷ്യ
സ്വന്തം താരങ്ങളെ വാർത്തെടുത്ത് വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ഉസ്ബെകിസ്താനും മറ്റും മേൽവിലാസം സൃഷ്ടിക്കുന്നതെങ്കിൽ മറ്റൊരു മാതൃകയിൽ ഏഷ്യൻ ഫുട്ബാളിലെ കരുത്തരായി മാറുകയാണ് ഇന്തോനേഷ്യ. രണ്ട് നൂറ്റാണ്ടുമുമ്പ് നെതർലൻഡ്സ് കോളനിയായിരുന്ന ഇന്തോനേഷ്യ ഈ പാരമ്പര്യം പിന്തുടർന്ന് തങ്ങളുടെ വംശജരെ കണ്ടെത്തിയാണ് ഫുട്ബാളിന് മികച്ച ടീമിനെ സൃഷ്ടിക്കുന്നത്. 2026 ലോകകപ്പിലേക്ക് ഇവർക്ക് യോഗ്യത നേടാനായില്ലെങ്കിലും, ശ്രദ്ധേയമായ മത്സരങ്ങൾകൊണ്ട് ആരാധക മനസ്സിൽ ചിത്രം പതിപ്പിച്ചാണ് ഇന്തോനേഷ്യയുടെ മടക്കം.
ഫുട്ബാളിലെ ഇന്തോനേഷ്യൻ വിപ്ലവത്തിന്റെ രഹസ്യങ്ങൾ ചികയുമ്പോൾ ചെന്നെത്തിനിൽക്കുന്നത് വേരറുക്കാൻ കഴിയാത്തൊരു പാരമ്പര്യത്തിലേക്കാവും. രണ്ട് നൂറ്റാണ്ടുകാലം ഇന്തോനേഷ്യയെ തങ്ങളുടെ സജീവ കോളനികളിലൊന്നാക്കി അടക്കിവാണ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയിൽനിന്നും തുടങ്ങുന്നു ആ പാരമ്പര്യം. 200 വർഷത്തോളം നീണ്ട കോളനികാലത്തിനു ശേഷം ഡച്ചുകാർ രണ്ടാം ലോകയുദ്ധത്തോടെ ദ്വീപ് രാജ്യം ഉപേക്ഷിച്ച് മടങ്ങിയെങ്കിലും ഇരു രാജ്യങ്ങളിലുമായി വേരാഴ്ന്ന ബന്ധങ്ങളിലൂടെ ഫുട്ബാൾ തുടർന്നു.

ജോർഡൻ താരം അബ്ദുല്ല നസിബ്
കഴിഞ്ഞ അര നൂറ്റാണ്ടിലേറെ ശൈശവത്തിലായിരുന്നു ഇന്തോനേഷ്യൻ ഫുട്ബാളെങ്കിലും സമീപകാല പതിറ്റാണ്ടുകളിൽ കാര്യമായ വളർച്ചയാണ് കൈവരിക്കുന്നത്. പഴയ കോളനികാലത്തിന്റെ പാരമ്പര്യത്തിനാണ് ഫുട്ബാൾ മികവിൽ അഭിമാനിക്കുന്ന പുതിയ തലമുറ ഇപ്പോൾ നന്ദി അറിയിക്കുന്നത്.
രണ്ട് നൂറ്റാണ്ടിലേറെ നീണ്ടുനിന്ന കോളനി കാലത്തിനിടയിൽ തൊഴിൽ തേടിയും മറ്റും നെതർലൻഡ്സിലേക്ക് കുടിയേറിയ ഇന്തോനേഷ്യക്കാരുടെ പിൻ തലമുറ, കാൽപാദം നിറയെ ഫുട്ബാൾ പ്രതിഭയുമായി വളർന്നുവലുതായപ്പോൾ പൂർവികരുടെ നാടിന്റെ അഭിമാനമാകാൻ തിരികെയെത്തി തുടങ്ങുകയാണിപ്പോൾ.
നെതർലൻഡ്സിലെ അയാക്സും പി.എസ്.വി ഐന്തോവനും ഫെയ്നൂർദും ഉൾപ്പെടെ മുൻനിര ക്ലബുകളുടെ അക്കാദമികളിൽ കളി പഠിച്ച് വളർന്നവർ ഫിഫയുടെ സിറ്റിസൺഷിപ് നിയമത്തിന്റെ പഴുതിലൂടെ തങ്ങളുടെ പൂർവികരുടെ മണ്ണ് തേടിയെത്തുന്നതാണ് ഇന്തോനേഷ്യക്ക് ഫുട്ബാളിൽ നല്ലകാലം സമ്മാനിക്കുന്നത്.
അതിന് പൂർണ പിന്തുണ നൽകുകയാണ് നല്ലൊരു ഫുട്ബാൾ ആരാധകൻകൂടിയായ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ. പൂർവികരുടെ വേരുകളിലേക്ക് തിരികെയെത്താൻ കൊതിക്കുന്ന താരങ്ങൾക്ക് പൗരത്വം ഉൾപ്പെടെ നടപടികൾ എളുപ്പമാക്കുന്ന വിധത്തിൽ ഭരണകൂട നയങ്ങൾ വരെ പ്രബോവോ മാറ്റിയെഴുതി. 2023ലെ അണ്ടർ 17 ലോകകപ്പ് ആതിഥേയത്വം മുതൽ ഫുട്ബാൾ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചും സ്റ്റേഡിയങ്ങൾ പണിതും ക്ലബുകളുടെയും അക്കാദമികളുടെയും നിലവാരം വർധിപ്പിച്ചും അദ്ദേഹം കാൽപന്തിന്റെ കുതിപ്പിന് പരവതാനി വിരിച്ചു. അതിന്റെ തുടർച്ചയായിരുന്നു നെതർലൻഡ്സിൽനിന്നും ഇന്തോനേഷ്യക്കാരുടെ പിൻമുറക്കാരായ താരങ്ങളുടെ കൂട്ടത്തോടെയുള്ള തിരിച്ചുവരവും.
