ജോഗോ ബോണിറ്റോയെന്ന മിത്തും ആൽബിസെലസ്റ്റകളുടെ പ്രായോഗികതയും

ലാറ്റിനമേരിക്കയുടെ ഫുട്ബാൾ എന്നും വ്യത്യസ്തമായിരുന്നു. യൂറോപ്യൻമാരിൽനിന്ന് തീർത്തും വിഭിന്നം. അർജന്റീനയും ബ്രസീലും ഫുട്ബാൾ ആരാധകരുടെ പ്രിയ ടീമുകളാണ്. ലാറ്റിനമേരിക്കൻ ഫുട്ബാളിലും അർജന്റീന-ബ്രസീൽ ടീമുകളിലും എന്തു നടക്കുന്നുവെന്ന് വിവരിക്കുന്നു. യൂറോപ്യന്മാർക്ക് ഫുട്ബാൾ ജയിക്കാനുള്ള ശാസ്ത്രമായിരുന്നുവെങ്കിൽ ലാറ്റിനമേരിക്കക്കാർക്ക് അത് പട്ടിണി മറക്കാനുള്ള നൃത്തവും വ്യവസ്ഥിതികളോടുള്ള പോരാട്ടവുമായിരുന്നു. ഇടുങ്ങിയ തെരുവുകളിലും ദാരിദ്ര്യം നിറഞ്ഞ ചേരികളിലുമാണ് ലാറ്റിനമേരിക്കൻ ഫുട്ബാൾ പൂത്തുലഞ്ഞത്. തെരുവ് ഫുട്ബാൾ നൽകിയ വന്യമായ സ്വാതന്ത്ര്യവും മാന്ത്രികമായ വെട്ടിയൊഴിയലുകളുമാണ്...
Your Subscription Supports Independent Journalism
View Plansലാറ്റിനമേരിക്കയുടെ ഫുട്ബാൾ എന്നും വ്യത്യസ്തമായിരുന്നു. യൂറോപ്യൻമാരിൽനിന്ന് തീർത്തും വിഭിന്നം. അർജന്റീനയും ബ്രസീലും ഫുട്ബാൾ ആരാധകരുടെ പ്രിയ ടീമുകളാണ്. ലാറ്റിനമേരിക്കൻ ഫുട്ബാളിലും അർജന്റീന-ബ്രസീൽ ടീമുകളിലും എന്തു നടക്കുന്നുവെന്ന് വിവരിക്കുന്നു.
യൂറോപ്യന്മാർക്ക് ഫുട്ബാൾ ജയിക്കാനുള്ള ശാസ്ത്രമായിരുന്നുവെങ്കിൽ ലാറ്റിനമേരിക്കക്കാർക്ക് അത് പട്ടിണി മറക്കാനുള്ള നൃത്തവും വ്യവസ്ഥിതികളോടുള്ള പോരാട്ടവുമായിരുന്നു. ഇടുങ്ങിയ തെരുവുകളിലും ദാരിദ്ര്യം നിറഞ്ഞ ചേരികളിലുമാണ് ലാറ്റിനമേരിക്കൻ ഫുട്ബാൾ പൂത്തുലഞ്ഞത്. തെരുവ് ഫുട്ബാൾ നൽകിയ വന്യമായ സ്വാതന്ത്ര്യവും മാന്ത്രികമായ വെട്ടിയൊഴിയലുകളുമാണ് അവരെ ലോകത്തിന്റെ പ്രിയപ്പെട്ടവരാക്കിയത്. ആ മനുഷ്യരുടെ കാൽപന്തഴകിനോട് മലയാളിക്കും ആത്മബന്ധമുണ്ട്. അതുകൊണ്ടുതന്നെയാണ് മൈലുകൾ അകലെയാണെങ്കിലും ബ്രസീലും അർജന്റീനയും നമുക്ക് പ്രിയപ്പെട്ടവരാകുന്നത്.
ഇന്ന് കൗമാരപ്രായത്തിൽ തന്നെ ലാറ്റിനമേരിക്കൻ പ്രതിഭകൾ യൂറോപ്യൻ ക്ലബുകളിലേക്ക് കുടിയേറുകയാണ്. യൂറോപ്യൻ ക്ലബുകളുടെ റഡാറുകൾ ബ്രസീലിലെയും അർജന്റീനയിലെയും ബാലൻമാർക്ക് മുകളിൽ റോന്തുചുറ്റുന്നു. ബ്രസീലിലും അർജന്റീനയിലുമെല്ലാം ലീഗ് ഫുട്ബാൾ സജീവമാണെങ്കിലും പ്രതിഭയുള്ളവരുടെയെല്ലാം സ്വാഭാവിക ഇടം യൂറോപ്പാണ്. കൂട്ടകുടിയേറ്റങ്ങളോടെ യൂറോപ്പിന്റെ കണിശമായ തന്ത്രങ്ങളും ലാറ്റിനമേരിക്കയുടെ ജൈവികതയും തമ്മിലുള്ള അകലം കുറഞ്ഞുവന്നു. കേരളത്തിലെ തെരുവോരങ്ങളിലും യൂറോപ്യൻ കൊടികൾ പറക്കുന്നുണ്ടെങ്കിലും ഇന്നും അർജന്റീനയും ബ്രസീലും തന്നെയാണ് മലയാളികളുടെ ഏറ്റവും ഇഷ്ടവിഭവങ്ങൾ.
ജോഗോ ബോണിറ്റോ: പ്രണയവും പ്രതിരോധവും
ഫുട്ബാളിന്റെ ചരിത്രപുസ്തകങ്ങൾ അളക്കപ്പെടുന്നത് കേവലം കിരീടങ്ങളുടെ ലോഹത്തിളക്കംകൊണ്ട് മാത്രമല്ല. അത് ബ്രസീലിയൻ കളിക്കാർ മനുഷ്യമനസ്സുകളിൽ തീർത്ത പ്രണയംകൊണ്ടു കൂടിയാണ്. കലയും നൃത്തവും വേഗതയും ഒത്തുചേർന്ന സൗന്ദര്യമാണ് ജോഗോ ബോണിറ്റോ. പെലെയും ഗാരിഞ്ചയും സിക്കോയും റൊണാൾഡോയും റൊണാൾഡീഞ്ഞോയുമെല്ലാം മൈതാനത്ത് വരച്ചിട്ടത് ഫുട്ബാളിനുമപ്പുറം മറ്റെന്തോ ഒന്നായിരുന്നു.
അതുകൊണ്ടാണ് 1982ലെ സ്പാനിഷ് ലോകകപ്പിൽ പ്രീക്വാർട്ടറിൽ തോറ്റ് മടങ്ങിയിട്ടുപോലും ആ ബ്രസീൽ ടീമിനെ ഇന്നും ഓർത്തിരിക്കുന്നത്. യൂറോപ്യന്മാരുടെ കണിശമായ ജ്യാമിതീയ ബോക്സുകൾക്കും കടുത്ത അച്ചടക്കങ്ങൾക്കും അപ്പുറം, ആഫ്രിക്കൻ-ഇൻഡിജിനസ് സംസ്‌കാരങ്ങളുടെ താളവും നൃത്തരൂപങ്ങളുടെ വഴക്കവും ചേർന്നതാണ് ബ്രസീലിയൻ ശൈലി. തങ്ങളെ അടിച്ചമർത്തിയ വ്യവസ്ഥിതിയോടുള്ള ആഫ്രിക്കൻ വംശജരുടെ സർഗാത്മകമായ പ്രതിരോധംകൂടിയായിരുന്നു കളിയിലെ ഈ വന്യമായ സ്വാതന്ത്ര്യം.
ചിറകുകെട്ടിയ കാനറികൾ
ബ്രസീലിയൻ ഫുട്ബാളിന്റെ ഏറ്റവും മോശം കാലങ്ങളിലൊന്നിലൂടെയാണ് നാം കടന്നുപോകുന്നത്. 2002ൽ റൊണാൾഡോയുടെ മാന്ത്രികതയിൽ അഞ്ചാം കിരീടം ചൂടിയത് ഒരു ഓർമമാത്രമായി മാറിയിരിക്കുന്നു. അതിനുശേഷം അഞ്ച് ലോകകപ്പുകൾ കടന്നുപോയി. നിരാശമാത്രമായിരുന്നു ഫലം. 2006ൽ സിദാന്റെ മാന്ത്രികതക്കു മുന്നിൽ മുട്ടുമടക്കി. 2010ൽ ഡച്ച് പടയോട്ടത്തിൽ കണ്ണീർ മടക്കം. 2014ൽ സ്വന്തം നാട്ടിൽ ജർമനിയോട് ഏറ്റുവാങ്ങിയത് 7-1ന്റെ മഹാദുരന്തം. 2018ലും 2022ലും ക്വാർട്ടറിൽ യൂറോപ്യൻ കരുത്തിന് മുന്നിൽ പതറിവീണു.
കഴിഞ്ഞ കോപ്പ അമേരിക്കയിലെ ആദ്യഘട്ട പുറത്താകലും 2026 ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനവും (അർജന്റീന, കൊളംബിയ, ഉറുഗ്വായ്, പരഗ്വേ, ബൊളീവിയ എന്നിവരോടേറ്റ പരാജയങ്ങൾ) ബ്രസീൽ ഫുട്ബാളിനെ പാതാളത്തോളമെത്തിച്ചിട്ടുണ്ട്. ബ്രസീലിയൻ ഫുട്ബാൾ ഫെഡറേഷനിലെ ആഭ്യന്തര രാഷ്ട്രീയവും കോച്ചുമാരുടെ അടിക്കടിയുള്ള മാറ്റവും ഈ തകർച്ചക്ക് ആക്കംകൂട്ടി. ഒരുവേള ബ്രസീൽ യോഗ്യതപോലും നേടില്ലെന്ന് ആരാധകർ ഭയന്നിരുന്നു.
ഡ്രിബ്ലിങ്ങും മൈതാനത്തെ ജൈവികമായ ആശയവിനിമയങ്ങളും ഇല്ലാതായപ്പോൾ ബ്രസീൽ വെറുമൊരു ശരാശരി യൂറോപ്യൻ ടീം പോലെയായി മാറി. കളിയിലെ വേഗതയും വന്യതയും നഷ്ടപ്പെട്ടു. ചുരുക്കത്തിൽ, തങ്ങളുടെ ഡി.എൻ.എ അല്ലാത്ത ഒരു ശൈലി അടിച്ചേൽപിച്ചതാണ് ബ്രസീലിനെ തളർത്തിയത് എന്ന വിലയിരുത്തലുകളുണ്ട്. എന്നാൽ, ബ്രസീലിയൻ ദേശീയതയും പൂർവകാല ചരിത്രവും പറഞ്ഞിരിക്കാതെ പുതിയ സാധ്യതകൾ തേടണം എന്ന വാദവും പ്രസക്തമാണ്. തുടർച്ചയായി ബ്രസീലിയൻ കോച്ചുമാർ തോറ്റുമടങ്ങിയതും ഈ വാദത്തിന് ആക്കംകൂട്ടി.
ഈ വലിയ പ്രതിസന്ധിയിലേക്കാണ് കാർലോ ആഞ്ചലോട്ടി എന്ന ഇറ്റാലിയൻ ഫുട്ബാൾ ശാസ്ത്രജ്ഞൻ കടന്നുവരുന്നത്. ബ്രസീൽ നാഷനൽ ടീമിന്റെ ചരിത്രത്തിലെ ആദ്യ സ്ഥിര വിദേശ കോച്ചാണ് അദ്ദേഹം. ക്ലബ് ഫുട്ബാളിലെ സകല കിരീടങ്ങളും ചൂടിയ ആഞ്ചലോട്ടിയെ കൊണ്ടുവരുന്നതിലൂടെ കളിക്കാരെ അച്ചടക്കം പടിപ്പിക്കാനുള്ള ഒരാളെക്കൂടിയാണ് അവർ തേടിയത്. ടിറ്റെയെപ്പോലെ കളിക്കാരെ കണിശമായ നിയമങ്ങളിൽ തളച്ചിടാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല. പകരം വ്യക്തിഗത പ്രതിഭകൾക്ക് പൂർണ സ്വാതന്ത്ര്യം നൽകുന്ന ‘ഫങ്ഷനൽ ശൈലി’യാണ് അദ്ദേഹം ബ്രസീലിൽ പരീക്ഷിക്കുന്നത്. റയൽ മഡ്രിഡിൽ താൻ വിജയകരമായി പയറ്റിയ തന്ത്രങ്ങൾ ബ്രസീൽ മഞ്ഞക്കുപ്പായത്തിലും ആവർത്തിക്കാനാണ് ഈ 66കാരന്റെ ശ്രമം.
കളിക്കാരുണ്ട്, പക്ഷേ ടീമുണ്ടോ?
ആഞ്ചലോട്ടി പ്രഖ്യാപിച്ച 26 അംഗ ലോകകപ്പ് സ്ക്വാഡ് പരിചയസമ്പത്തും കൗമാരത്തിന്റെ പ്രസരിപ്പും വിളക്കിച്ചേർത്തതാണ്. വലിയ പേരുകളുണ്ടെങ്കിലും എഡർ മിലിറ്റാവോ, റോഡ്രിഗോ, എസ്തേവാവോ വില്ലൻ തുടങ്ങിയ പല പ്രമുഖരും പരിക്ക് കാരണം പുറത്തായി.
റിയോയിലെ ടീം പ്രഖ്യാപന ഹാളിൽ കാർലോ ആഞ്ചലോട്ടി നെയ്മറെന്ന പേര് ഉച്ചരിച്ചപ്പോൾ ബ്രസീലിയൻ തെരുവുകളിൽ ആവേശം അണപൊട്ടിയിരുന്നു. 18 മാസത്തോളം പരിക്കിന്റെ പിടിയിലായിരുന്ന സൂപ്പർതാരം നെയ്മറിന്റെ തിരിച്ചുവരവ് ലോകമാകെ ആഘോഷിക്കപ്പെട്ടു. എന്നാൽ, പുതിയ പരിക്ക് കാരണം നെയ്മർ ആദ്യ മത്സരങ്ങളിൽ കളിക്കാൻ സാധ്യതയില്ല. എങ്കിലും അദ്ദേഹത്തെ ടീമിൽനിന്നും മാറ്റിനിർത്തില്ലെന്ന് കാർലോ ആഞ്ചലോട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. വിഖ്യാതമായ പത്താം നമ്പർ കുപ്പായത്തിനായി അവകാശപ്പെടില്ലെന്ന് സഹതാരങ്ങളും അറിയിച്ചിട്ടുണ്ട്.
മുന്നേറ്റനിര തന്നെയാണ് ബ്രസീലിന്റെ പ്രധാന കരുത്ത്. നെയ്മർ ഒഴികെയുള്ളവരെല്ലാം കളിക്കുന്നത് യൂറോപ്പിൽ. വിനീഷ്യസ് റയൽ മഡ്രിഡിന്റെയും റഫീന്യ ബാഴ്സലോണയുടെയും മുന്നണിപ്പോരാളികളാണ്. മതേവൂസ് കുന്യ മാഞ്ചസ്റ്റർ യുനൈറ്റഡിലെ മികച്ച സീസണിനുശേഷമാണ് എത്തുന്നത്. ഗബ്രിയേൽ മാർട്ടിനലി പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ ആർസനലിലെ ശ്രദ്ധേയ സാന്നിധ്യവും. റയലിൽ ബെഞ്ചിൽ ഇരുന്ന എൻഡ്രിക്കാകട്ടെ ഫ്രഞ്ച് ക്ലബായ ലിയോണിലേക്ക് പോയി ഫോം വീണ്ടെടുക്കുകയും ചെയ്തു.
ഒരുകാലത്ത് കഫുവും റോബർട്ടോ കാർലോസും ഭരിച്ചിരുന്ന ഫുൾബാക്ക് പൊസിഷനുകളിൽ ഇന്ന് ലോകോത്തര കളിക്കാരുടെ വലിയ അഭാവമുണ്ട്. യൂറോപ്യൻ വിങ്ങർമാർക്ക് മുന്നിൽ ഡാനിലോ, അലക്സ് സാൻഡ്രോ എന്നിവരുടെ പ്രായവും വേഗതക്കുറവും വലിയ ചോദ്യചിഹ്നമാകും. ഭാവനസമ്പന്നരായി കളി കോർത്തെടുക്കുന്ന മധ്യനിരയുടെ അഭാവവുമുണ്ട്. വ്യക്തിഗത മികവുള്ള ഒട്ടേറെ കളിക്കാരുണ്ടെങ്കിലും ടീമെന്ന നിലയിൽ ഇവർക്ക് ഒത്തിണക്കമുണ്ടോ എന്നത് കാത്തിരുന്ന് കാണണം.
ഗ്രൂപ്പ് സി-യിൽ മൊറോക്കോ, ഹെയ്തി, സ്കോട്ട്ലൻഡ് എന്നിവർക്കൊപ്പമാണ് ബ്രസീൽ മത്സരിക്കുന്നത്. പ്രവചനങ്ങളിൽ ബ്രസീൽ ക്വാർട്ടർ ഫൈനൽ വരെ മാത്രമേ എത്തൂ എന്ന് എഴുതിത്തള്ളുന്നുണ്ടെങ്കിലും, അപ്രതീക്ഷിത കുതിപ്പുകളിലൂടെ ലോകത്തെ ഞെട്ടിച്ച ചരിത്രമാണ് ബ്രസീലിന്റേത്. 1994ൽ ഇതേ വടക്കേ അമേരിക്കൻ മണ്ണിൽ 24 വർഷത്തെ വരൾച്ച അവസാനിപ്പിച്ച് കിരീടം ചൂടിയത് 2026ലും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

കാർലോ ആഞ്ചലോട്ടി,ലയണൽ സ്കലോണി
‘തുടർ ഭരണം’ ലക്ഷ്യമിട്ട് ആൽബിസെലസ്റ്റകൾ
ലുസൈൽ സ്റ്റേഡിയത്തിലെ സുവർണവിളക്കുകൾക്ക് കീഴെ തെളിഞ്ഞ കാൽപന്ത് രാത്രി ഓർമയില്ലേ? അറേബ്യൻ ബിഷ്ത് അണിഞ്ഞ്, കാൽപന്തിന്റെ ലോകകിരീടം നെഞ്ചോടുചേർത്ത് ലയണൽ മെസ്സി പൂർണനായ ദിവസം. അത് കിരീടധാരണം മാത്രമായിരുന്നില്ല, ദശാബ്ദങ്ങളായി അർജന്റീന നെഞ്ചിലേറ്റിയ മുറിവുകളുടെയും സങ്കടങ്ങളുടെയും കണ്ണീരിന്റെയും മോചനമായിരുന്നു. എന്നാൽ, ആ കഥ അവിടംകൊണ്ടും അവസാനിച്ചില്ല. 2024 കോപ്പയിലും അവർ ആധിപത്യം തുടർന്നു. മൂന്ന് നക്ഷത്രങ്ങൾ പതിച്ച ജേഴ്‌സിയുമായി, തങ്ങളുടെ ലോകകിരീടം കാത്തുസൂക്ഷിക്കാൻ ലയണൽ സ്കലോണിയുടെ പടയാളികൾ വീണ്ടുമൊരു ലോകവേദിയിലേക്ക് ഇറങ്ങുകയാണ്.
അർജന്റീനക്കാർക്ക് ഫുട്ബാൾ എന്നത് ഒരു കായികവിനോദമല്ല, അതൊരു മതമാണ്. കുട്ടികൾ നടക്കാൻ പഠിക്കുന്നതിനൊപ്പം തന്നെ പന്തുരുട്ടാനും പഠിക്കുന്ന മണ്ണാണത്. തെരുവിന്റെ വന്യതയും അസാധ്യമായ ഡ്രിബ്ലിങ്ങുകളും മൈതാനത്തെ ചടുലമായ നീക്കങ്ങളും ചേർന്നൊരു ജാലവിദ്യയാണ് ആൽബിസെലസ്റ്റൻ ഫുട്ബാൾ. എന്നാൽ, ഈ ഇതിഹാസ പാരമ്പര്യത്തിനൊപ്പം നാടകീയതകളും കാൽപനിക സങ്കടങ്ങളും അർജന്റീനയുടെ കൂടെപ്പിറപ്പായിരുന്നു. 2014 ലോകകപ്പ് ഫൈനലിലെ തോൽവി, 2015ലും 2016ലും കോപ്പ അമേരിക്ക ഫൈനലുകളിലെ പരാജയം... ഒടുവിൽ തോൽവികളുടെ ഭാരം താങ്ങാനാവാതെ 2016ൽ മെസ്സി അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ദിവസങ്ങൾ... ആ കനൽവഴികളിൽനിന്നാണ് ഇന്നത്തെ അർജന്റീനയുടെ പോരാട്ടവീര്യം ജനിച്ചത്.
യൂറോപ്യൻ ലീഗുകളുടെ അതിപ്രസരം ലോക ഫുട്ബാളിനെ മുഴുവൻ ഒരേ അച്ചിലിട്ടതുപോലെ മാറ്റിയപ്പോൾ അർജന്റീനയും അതിൽ പെട്ടുപോയിരുന്നു. കളി വളരെ വേഗതയേറിയതും ശാരീരികക്ഷമതക്ക് പ്രാധാന്യമുള്ളതുമായി മാറി. എന്നാൽ, അർജന്റീനയുടെ വിജയം എന്തെന്നാൽ, അവർ യൂറോപ്യൻ ഫുട്ബാളിന്റെ കണിശതയും വേഗതയും ഉൾക്കൊള്ളുമ്പോഴും തങ്ങളുടെ തനത് ശൈലിയായ ‘പാസ് ആൻഡ് മൂവ്’ കൈവിട്ടില്ല എന്നതാണ്. യൂറോപ്പിലെ വമ്പൻ ക്ലബുകളിൽ കളിക്കുമ്പോഴും അർജന്റീനൻ കളിക്കാർ മൈതാനത്ത് ഒരു പ്രത്യേകതരം സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു.
അർജന്റീന ടീമിൽ എന്തുകൊണ്ട് കറുത്ത വർഗക്കാരായ കളിക്കാർ ഇല്ല എന്നത് പലപ്പോഴും വലിയ ചർച്ചയാകാറുണ്ട്. ബ്രസീൽ, കൊളംബിയ തുടങ്ങിയ അയൽരാജ്യങ്ങളിൽ ഒട്ടേറെ കറുത്ത വർഗക്കാരായ കളിക്കാർ തിളങ്ങുമ്പോൾ അർജന്റീന ടീമിൽ അവരെ കാണാത്തതിന് പിന്നിൽ ആ രാജ്യത്തിന്റെ വർണവിവേചനത്തിന്റെ കൂടി ചരിത്രമുണ്ടെന്ന വിമർശനമുണ്ട്.
രാജ്യത്തെ ചരിത്രപരമായുള്ള കറുത്തവരോടുള്ള അസ്പൃശ്യത കാരണം ഇന്ന് അർജന്റീനയിൽ ആഫ്രിക്കൻ വംശജർ ജനസംഖ്യയുടെ ഒരു ശതമാനത്തിലും താഴെ മാത്രമാണ്. ഈ കറുത്ത വംശീയ ചരിത്രത്തിന്റെ പ്രതിഫലനമാണ് ഫുട്ബാൾ ടീമിലുള്ളതെന്ന വിമർശനം പലകോണുകളിൽനിന്നും ഉയർന്നിട്ടുണ്ട്. വിജയാഘോഷങ്ങൾക്ക് പിന്നാലെ ആരാധകരും കളിക്കാരും നടത്തിയ വംശീയമായ അധിക്ഷേപങ്ങളും വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു.
രക്ഷകനും മിശിഹയും
2018ൽ ജോർജ് സാംപോളിക്കുശേഷം ലയണൽ സ്കലോണി ഇടക്കാല പരിശീലകനായി വരുമ്പോൾ വലിയ വിമർശനങ്ങളാണ് ഉയർന്നത്. അന്താരാഷ്ട്രതലത്തിൽ മുൻപരിചയമില്ലാത്ത ഒരാൾ എങ്ങനെ അർജന്റീനയെ നയിക്കും എന്നായിരുന്നു ചോദ്യം. ഒരു ട്രാഫിക് േബ്ലാക്കുപോലും നിയന്ത്രിക്കാൻ അറിയാത്തവനെന്നായിരുന്നു മറഡോണയുടെ പ്രസ്താവന.
എന്നാൽ, കഴിഞ്ഞ ആറു വർഷംകൊണ്ട് സ്കലോണി ലോക ഫുട്ബാളിലെതന്നെ ഏറ്റവും മികച്ച തന്ത്രശാലിയായി മാറി. സ്കലോണി ആദ്യം ചെയ്തത് അർജന്റീനൻ ടീമിന് ചുറ്റുമുണ്ടായിരുന്ന നെഗറ്റിവ് അന്തരീക്ഷം മാറ്റുക എന്നതായിരുന്നു. പ്രതീക്ഷാനിർഭരമായ നീക്കങ്ങളിലൂടെ അദ്ദേഹം കളിക്കാരുടെ സമ്മർദം കുറച്ചു. മെസ്സിയെ മാത്രം ആശ്രയിക്കുന്ന കളിശൈലി ഉടച്ചുവാർത്തു. പകരം ഡി പോൾ, പരേദസ്, ലോ സെൽസോ തുടങ്ങിയ യുവനിരയെ വളർത്തി ശക്തമായ മധ്യനിരയുണ്ടാക്കി. കളി ജയിക്കുക എന്നത് മാത്രമാണ് ലക്ഷ്യമെന്നും അതിനായി മൈതാനത്ത് ഏത് ശൈലിയും സ്വീകരിക്കാൻ മടിക്കാത്ത വഴക്കവും നൽകി. കോപ്പ അമേരിക്ക 2021, ഫൈനലിസിമ, ഖത്തർ ലോകകപ്പ് 2022, കോപ്പ അമേരിക്ക 2024 എന്നിങ്ങനെ തുടർച്ചയായ നാല് കിരീടങ്ങളിലേക്ക് അർജന്റീനയെ നയിച്ചതോടെ സ്കലോണിക്ക് ഒരു മഹാരക്ഷകന്റെ പരിവേഷമായി.
38ാം വയസ്സിൽ തന്റെ ആറാമത്തെ ലോകകപ്പിനാണ് ലയണൽ മെസ്സി ബൂട്ടുകെട്ടുന്നത്. ഇനിയൊരു ലോകകപ്പിനുണ്ടാകില്ല എന്നതുറപ്പ്. ഒരു പക്ഷേ, ലോകകപ്പിനുശേഷം അർജന്റീന കുപ്പായവും ഊരും. ഇങ്ങനെയൊക്കെയാണെങ്കിലും ആരാധകർക്ക് മെസ്സിയില്ലാത്ത അർജന്റീന എന്നത് ഉൾക്കൊള്ളാനാകില്ല. എന്നാൽ, ഇന്റർ മിയാമിയിൽ വെച്ചേറ്റ ഹാംസ്ട്രിങ് പരിക്കും ശാരീരിക ക്ഷീണവും മെസ്സിയെ അലട്ടുന്നുണ്ട്. പഴയതുപോലെ 90 മിനിറ്റും മെസ്സിയെ ആശ്രയിച്ച് കളിക്കുന്ന അവസ്ഥ ഇന്ന് അർജന്റീനക്കില്ല.
യഥാർഥത്തിൽ, മെസ്സിയില്ലാതെ ജീവിക്കാൻ അർജന്റീന പഠിച്ചുകഴിഞ്ഞു. കഴിഞ്ഞ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ മെസ്സി പരിക്കേറ്റ് പുറത്തിരുന്നപ്പോഴും ഉറുഗ്വായിയെ ഒന്നിനെതിരെയും ബ്രസീലിനെ 4-1നും തകർക്കാൻ അർജന്റീനക്കായി. 2024 കോപ്പ അമേരിക്കയിൽ പെറുവിനെതിരെയുള്ള മത്സരത്തിലും മെസ്സി ബെഞ്ചിലായിരുന്നു. വരാനിരിക്കുന്ന ലോകകപ്പിൽ മെസ്സി ഒരു മുഴുവൻ സമയ കളിക്കാരനേക്കാൾ, ടീമിന്റെ നേതാവും തന്ത്രപരമായ ആയുധവുമായിരിക്കും.

അർജന്റീന ഫേവറിറ്റ് തന്നെയാണ്
2026 ലോകകപ്പ് യോഗ്യത റൗണ്ടിൽ ഒന്നാം സ്ഥാനക്കാരായാണ് അർജന്റീന എത്തിയത്. സെപ്റ്റംബറിൽ കൊളംബിയയോട് 2-1ന് തോറ്റതൊഴിച്ചാൽ അൽബിസെലസ്റ്റയുടെ കുതിപ്പ് തടയാൻ ആർക്കുമായില്ല. ഉറുഗ്വായിയെ തോൽപിച്ചും ബ്രസീലിന്റെ മണ്ണിൽ പോയി അവരെ 4-1ന് നാണംകെടുത്തിയും സ്കലോണിയുടെ പടയാളികൾ തങ്ങളുടെ ലോക ചാമ്പ്യൻമാരെന്ന പദവി കാത്തുസൂക്ഷിച്ചു.
സ്കലോണി പ്രഖ്യാപിച്ച 26 അംഗ ടീമിൽ ഖത്തർ ലോകകപ്പ് വിജയിച്ച 17 കളിക്കാർ നിലവിലുണ്ട്. പരിചയസമ്പത്തും കൗമാര പ്രസരിപ്പും ചേർന്നൊരു തുല്യാവസ്ഥയാണിത്. ആസ്റ്റൺ വില്ലയുടെ എമിലിയാനോ ബ്യൂണ്ടിയ, റോമയുടെ പൗലോ ഡിബാല, ചെൽസിയുടെ അലക്സാൻഡ്രോ ഗർനാച്ചോ, റയൽ മഡ്രിഡിന്റെ ഫ്രാങ്കോ മസ്റ്റുൻറ്റാനോ തുടങ്ങിയ വമ്പൻ പേരുകൾക്ക് പുറത്തിരിക്കേണ്ടിവന്നു എന്നത് അർജന്റീനയുടെ ടീം ഡെപ്ത് എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നു.
ഫുട്ബാൾ എന്നാൽ കേവലം കളിക്കളത്തിലെ 90 മിനിറ്റ് മാത്രമല്ല. അത് ഒരു ജനതയുടെ അതിജീവനത്തിന്റെ കഥയാണ്. ലയണൽ മെസ്സിയുടെ അവസാന ലോകകപ്പാകും ഇത് എന്നത് വൈകാരികതയുടെ ആഴം കൂട്ടുന്നു. ജൂൺ 17ന് അൽജീരിയക്കെതിരെ കളി തുടങ്ങി, ഓസ്ട്രിയയെയും ജോർഡനെയും നേരിട്ട് അർജന്റീന മുന്നോട്ടു പോകുമ്പോൾ ലോകം മുഴുവൻ അവർക്കുവേണ്ടി ആവേശത്തോടെ കൈയടിക്കും.
