Begin typing your search above and press return to search.
proflie-avatar
Login

ഇന്ത്യയുടെ ‘കാപ്പി മാൻ’ റാക്കറ്റ് താഴ്ത്തുമ്പോൾ

ഇന്ത്യയുടെ ‘കാപ്പി മാൻ’   റാക്കറ്റ് താഴ്ത്തുമ്പോൾ
cancel

രോഹൻ ബൊപ്പണ്ണ ഇന്ത്യൻ ടെന്നിസിനോട് വിടപറഞ്ഞിരിക്കുന്നു. എന്തായിരുന്നു അദ്ദേഹത്തിന്റെ കായിക സംഭാവന? അദ്ദേഹത്തിന്റെ വേറിട്ട സവിശേഷതകൾ എന്തായിരുന്നു? അദ്ദേഹത്തിന്റെ കളി നേരിൽ കണ്ട അനുഭവവും എഴുതുന്നു. ഇന്ത്യയുടെ കായികചരിത്രത്തിൽ, തിളക്കമാർന്ന ഏട് എഴുതിച്ചേർത്ത രോഹൻ ബൊപ്പണ്ണ എന്ന ടെന്നിസ് ഇതിഹാസം 45ാം വയസ്സിൽ ടെന്നിസ് കരിയറിനോട് വിട പറഞ്ഞിരിക്കുന്നു. പുരുഷ ടെന്നിസിൽ രാജ്യാന്തരതലത്തിൽ രാജ്യത്തിന്റെ പതാകവാഹകരായ ലിയാണ്ടർ പേസ്, മഹേഷ് ഭൂപതി, രോഹൻ ബൊപ്പണ്ണ ത്രിമൂർത്തികളും വനിത ടെന്നിസിൽ ഒറ്റക്കുതന്നെ പൊരുതി വൻകരയോളം വളർന്ന ലോകോത്തര താരം സാനിയ മിർസയും റാക്കറ്റ് എ​െന്നന്നേക്കുമായി...

Your Subscription Supports Independent Journalism

View Plans
രോഹൻ ബൊപ്പണ്ണ ഇന്ത്യൻ ടെന്നിസിനോട് വിടപറഞ്ഞിരിക്കുന്നു. എന്തായിരുന്നു അദ്ദേഹത്തിന്റെ കായിക സംഭാവന? അദ്ദേഹത്തിന്റെ വേറിട്ട സവിശേഷതകൾ എന്തായിരുന്നു? അദ്ദേഹത്തിന്റെ കളി നേരിൽ കണ്ട അനുഭവവും എഴുതുന്നു.

ഇന്ത്യയുടെ കായികചരിത്രത്തിൽ, തിളക്കമാർന്ന ഏട് എഴുതിച്ചേർത്ത രോഹൻ ബൊപ്പണ്ണ എന്ന ടെന്നിസ് ഇതിഹാസം 45ാം വയസ്സിൽ ടെന്നിസ് കരിയറിനോട് വിട പറഞ്ഞിരിക്കുന്നു. പുരുഷ ടെന്നിസിൽ രാജ്യാന്തരതലത്തിൽ രാജ്യത്തിന്റെ പതാകവാഹകരായ ലിയാണ്ടർ പേസ്, മഹേഷ് ഭൂപതി, രോഹൻ ബൊപ്പണ്ണ ത്രിമൂർത്തികളും വനിത ടെന്നിസിൽ ഒറ്റക്കുതന്നെ പൊരുതി വൻകരയോളം വളർന്ന ലോകോത്തര താരം സാനിയ മിർസയും റാക്കറ്റ് എ​െന്നന്നേക്കുമായി ഭിത്തിയിൽ തൂക്കിയതോടെ ഇന്ത്യൻ ടെന്നിസിലെ സുവർണയുഗത്തിന് അന്ത്യം കുറിക്കപ്പെട്ടിരിക്കുന്നു. ഈ പോരാളി, കോർട്ടിലെ അത്ഭുത പ്രകടനങ്ങളിലൂടെ ടെന്നിസിലെ ഗ്രാൻഡ്സ്ലാം മത്സരങ്ങളിലും മറ്റു രാജ്യാന്തര മത്സരങ്ങളിലും ഇന്ത്യയുടെ കുതിപ്പുകൾക്ക് ശക്തി പകരാൻ ഇനി കളിക്കോർട്ടുകളിൽ റാക്കറ്റുമായി ഇറങ്ങുകയില്ലെന്നത് വിഷമകരമാണ്.

സുദീർഘമായ കരിയറിൽനിന്നു വിരമിക്കുന്നത് എത്രമാത്രം വിഷമമുള്ള ഒന്നാണെന്നു വ്യക്തമാക്കുന്നതായിരുന്നു ബൊപ്പണ്ണയുടെ വിരമിക്കൽ കുറിപ്പ്. ‘‘ജീവിതത്തിന് അർഥം നൽകിയ ഒന്നിൽനിന്നും എങ്ങ​െന വിട പറയും? ഒരിക്കലും മറക്കാനാവാത്ത രണ്ടു ദശാബ്ദങ്ങൾക്കുശേഷം റാക്കറ്റ് താഴെ വെക്കാനുള്ള സമയമാണിത്. സർവിസിന് കരുത്തുകൂട്ടാൻ കുടകിൽ മരം വെട്ടിയതു മുതൽ മഹത്തായ ലോകവേദികളിൽ തല ഉയർത്തി നിൽക്കാൻ കഴിഞ്ഞതു വരെയുള്ള സംഭവങ്ങൾ അവിശ്വസനീയമായി തോന്നുന്നു. ഇന്ത്യയെ പ്രതിനിധാനം ചെയ്യുവാൻ കഴിഞ്ഞതാണ് ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതി.’’

രോഹൻ ബൊപ്പണ്ണ ടെന്നിസിൽനിന്ന് വിരമിക്കുന്നുവെന്ന് അറിഞ്ഞപ്പോൾ ആ പ്രശസ്തതാരത്തിന്റെ, മറ്റൊരു ലോകോത്തര താരമായ ലിയാണ്ടർ പേസുമായുള്ള അഞ്ചു സെറ്റ് നീണ്ട മാരത്തൺ കളി നേരിൽ കണ്ട അനുഭവം മനസ്സിലേക്ക് മടങ്ങിവന്നു. പതിനൊന്ന് വർഷം മുമ്പ്, 2014 സെപ്റ്റംബർ 12 വെള്ളിയാഴ്ച ടെലിവിഷന് മുന്നിൽ വാർത്തകൾ കണ്ടുകൊണ്ടിരിക്കുമ്പോൾ, ബംഗളൂരുവിൽ അന്നു ജോലിചെയ്തിരുന്ന മകൻ അഖിൽ വിജയ് വിളിക്കുന്നു. നാളെയും മറ്റന്നാളുമുള്ള ഡേവിസ് കപ്പ് മത്സരങ്ങൾക്ക് ടിക്കറ്റെടുത്തു െവച്ചിട്ടുണ്ട്. ഡബ്ൾസിൽ ബൊപ്പണ്ണയുടെ കൂടെ കളിക്കാൻ ലിയാണ്ടർ പേസ് നാളെ എത്തുമെന്നാണറിയുന്നത്.

വരുമല്ലോ? രണ്ടാമതൊന്ന് ആലോചിക്കാതെ പത്തുമണിയോടെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ യശ്വന്ത്പുരിലേക്ക് വണ്ടിയുണ്ടെന്ന് അറിഞ്ഞു. സാധാരണ ടിക്കറ്റ് വാങ്ങി പ്ലാറ്റ്ഫോമിൽ പ്രവേശിച്ച് മുന്നിൽ വരുന്ന അൺറിസർവ്ഡ് കമ്പാർട്മെന്റിൽ കയറാമെന്ന് കരുതി നടക്കുമ്പോൾ പരിചയമുള്ള സ്റ്റേഷൻ മാസ്റ്റർ ജയകുമാറിനെ കണ്ടുമുട്ടി. യാത്ര ടെന്നിസ് കാണാനാണെന്നും, റിസർവേഷനില്ലെന്നും മനസ്സിലാക്കിയ അദ്ദേഹം സ്റ്റേഷൻ മാസ്റ്ററുടെ മുറിയുടെ ഇടതുഭാഗത്തിട്ടിരുന്ന മര​െബഞ്ചിൽ ഇരിക്കാൻ പറഞ്ഞു. ട്രെയിൻ എത്തിയപ്പോൾ പുറത്തുവന്നു ടി.ടി.ഇയോട് സംസാരിച്ച അദ്ദേഹം കമ്പാർട്മെന്റിൽ കയറാൻ പറയുമ്പോൾ അത്യധികം സന്തോഷം തോന്നി. മൂന്നര ദശാബ്ദത്തിലേറെ നീണ്ട ബാങ്കിങ് കരിയറിൽ ശാഖകളിൽ മാത്രം, ഭൂരിഭാഗവും ഫ്രണ്ട് ഓഫിസിൽ ജോലി ചെയ്തിരുന്നതിനാൽ വലിയൊരു സൗഹൃദവലയമുണ്ടാക്കാൻ കഴിഞ്ഞതിന്റെ ഫലം. ജയകുമാർ മികച്ച സേവനത്തിനുള്ള അവാർഡ് നേടിയ ഉദ്യോഗസ്ഥനാണ്.

നൊവാക് ദ്യോകോവിച്ച് സെർബിയ ടീമിനൊപ്പം സ്വന്തം രാജ്യത്തിനായി ഡേവിസ് കപ്പിൽ ഇന്ത്യക്കെതിരെ കളിക്കാൻ വരുന്നില്ല എന്നറിഞ്ഞതിനാൽ ബംഗളൂരു യാത്ര ഒഴിവാക്കാൻ തീരുമാനിച്ചതായിരുന്നു. ആദ്യ രണ്ട് സിംഗ്ൾസ് തോറ്റതോടെ രണ്ടാം ദിനത്തിലെ ഡബ്ൾസ് നിർണായകമായി. ടീമിലുണ്ടായിരുന്നെങ്കിലും ചില സ്വകാര്യ പ്രശ്നങ്ങളാൽ ലിയാണ്ടർ പേസ് ഡബ്ൾസിൽ കളിക്കുന്ന കാര്യത്തിൽ ഉറപ്പില്ലായിരുന്നു. വർഷങ്ങൾക്കു മുമ്പ് സാറ്റലൈറ്റ് ടൂർണമെന്റിൽ കൊച്ചിയിൽ പേസിന്റെ കളി കണ്ടിട്ടുണ്ടായിരുന്നു. അപ്രതീക്ഷിതമായി ലഭിച്ച സുഖയാത്രയിൽ മനസ്സിൽ ലിയാണ്ടർ പേസ്-രോഹൻ ബൊപ്പണ്ണ ഡബ്ൾസ് മത്സരമായിരുന്നു.

ബംഗളൂരുവിൽ എത്തിയ ഉടനെ പത്രത്തിൽ ലിയാണ്ടർ പേസ് കളിക്കാൻ എത്തിയിട്ടുണ്ടെന്ന വാർത്ത വായിച്ചു. വൈകീട്ട് കർണാടക സ്റ്റേറ്റ് ​േലാൺ ടെന്നിസ് അസോസിയേഷൻ ഔട്ട്ഡോർ സ്റ്റേഡിയത്തിലായിരുന്നു കളി. ഹാർഡ് കളി കോർട്ടിൽ ആദ്യ രണ്ടു സെറ്റുകളിൽ പേസ്-ബൊപ്പണ്ണ സഖ്യം നിരാശപ്പെടുത്തി. കാണികളിൽ ചിലർ മടങ്ങാൻ തുടങ്ങി. പക്ഷേ, അടുത്ത മൂന്നു സെറ്റുകളിൽ പേസും ബൊപ്പണ്ണയും അവരുടെ പോരാട്ട മികവ് പുറത്തെടുത്തപ്പോൾ ഇന്ത്യയുടെ ഡേവിസ് കപ്പ് ചരിത്രത്തിൽ തങ്കലിപികളിൽ രേഖപ്പെടുത്തിയ മത്സരവിജയം നേരിൽ കാണുവാൻ കഴിഞ്ഞതിന്റെ സന്തോഷമായിരുന്നു. പോയ വർഷത്തെ ടെന്നിസ് സീസണിൽ അമേരിക്കയുടെ ഡബ്ൾസ് ഇതിഹാസതാരങ്ങളായ ബ്രയാൻ സഹോദരന്മാരെ ഡേവിസ് കപ്പിൽ തോൽപിച്ച ചരിത്രമുള്ള സെർബിയൻ ടെന്നിസ് ഡബ്ൾസ് ടീം ആദ്യ സെറ്റ് 6-1 എന്ന സ്കോറിനു ജയിച്ചു കയറി.

രണ്ടാമത്തെ സെറ്റിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിയപ്പോൾ, മത്സരം ടൈബ്രേക്കറിലേക്ക് നീങ്ങിയെങ്കിലും അവസാനം വിജയം സെർബിയൻ ടീമിനായിരുന്നു. രണ്ടു സെറ്റ് മുന്നിലായ, 2010 ഡേവിസ് കപ്പ് ജേതാക്കൾകൂടിയായ സെർബിയ വിജയം ഉറപ്പിച്ചു. മൂന്നാം സെറ്റിലെ ആറാമത്തെ ഗെയിമിൽ നാടകീയമായി കളിയുടെ ഗതി മാറി. ബൊപ്പണ്ണ തന്റെ അളന്നുമുറിച്ച ‘ബസൂക്ക’ ​െസർവുകൾകൊണ്ട് സെർബിയയുടെ കളിയുടെ താളം തെറ്റിച്ചു. ലിയാണ്ടർ പേസ് തന്റെ പ്രശസ്തമായ ‘ചിപ് ആൻഡ് ചാർജ്’ ഗെയിമിലൂടെ കോർട്ടിൽ ആധിപത്യമുറപ്പിച്ച് കരുതലോടെ, സെർബിയൻ തന്ത്രങ്ങൾ തച്ചുടക്കുകതന്നെ ചെയ്തു.

 

അയ്യായിരത്തോളം വരുന്ന കാണികൾക്ക് ആവേശകരമായ ഒരു കളിവിരുന്നു തന്നെ ആ രാത്രിയിൽ കെ.എസ്.ടി.എ കോർട്ടിൽ ഒരുങ്ങി. മൂന്നാം സെറ്റിലെ ആറാമത്തെ ഗെയിമിൽ നെനാസ് സിമോനിക്കിന്റെ ​െസർവ് ബ്രേക്ക് ചെയ്യാൻ കഴിഞ്ഞതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവന്നു. 6-3, 6-3, 8-6 എന്ന സ്കോറുകൾക്കാണ് പേസ്-ബൊപ്പണ്ണ സഖ്യം ആദ്യ രണ്ട് സെറ്റ് പരാജയങ്ങൾക്ക് ശേഷം അടുത്ത മൂന്നു സെറ്റുകളിൽ ആധികാരിക വിജയം നേടിയത്. കരിയറിൽ മൂന്നാം തവണയാണ് പേസ്-ബൊപ്പണ്ണ സഖ്യം ഡേവിസ് കപ്പിൽ ഒരുമിച്ച് റാക്കറ്റേന്തിയത്. ഇരുവരും ഇന്ത്യയിൽ ആദ്യമായിട്ടായിരുന്നു ഡബ്ൾസിന് മത്സരിക്കാൻ ഒരുമിച്ചത്. അവസാന ദിവസം രണ്ട് റിവേഴ്സ് സിംഗ്ൾസ് വിജയിക്കേണ്ടിയിരുന്ന ഇന്ത്യക്കുവേണ്ടി സോംദേവ് ദേവ് വർമൻ ആദ്യമത്സരത്തിൽ വിജയിച്ചെങ്കിലും, മഴ മൂലം അടുത്ത ദിവസത്തേക്ക് നീണ്ട മത്സരത്തിൽ യുകി ബാംബ്രി അവസാനം പരാജയപ്പെട്ടതോടെ ലോക ഗ്രൂപ്പിലേക്ക് ഇന്ത്യക്ക് സ്ഥാനം ലഭിക്കാ​െത പോയി. കൂർഗിലെ കാപ്പി എസ്റ്റേറ്റിൽ കളിച്ചുവളർന്ന് രാജ്യാന്തര ടെന്നിസിലെ ഔന്നത്യങ്ങളിൽ രണ്ട് പതിറ്റാണ്ടിലേറെക്കാലം നിറഞ്ഞുനിന്ന ആറടി നാലിഞ്ചുകാരനായ രോഹൻ ബൊപ്പണ്ണയുടെ കളി കോർട്ടിൽ അടുത്തിരുന്നു കണ്ടത് മറക്കാൻ കഴിഞ്ഞിട്ടില്ല.

രോഹൻ ബൊപ്പണ്ണയുടെ മഹേഷ് ഭൂപതി, ലിയാണ്ടർ പേസ് എന്നിവരും ചേർന്നുള്ള പുരുഷ ഡബ്ൾസ് മത്സരങ്ങളും, സാനിയ മിർസയുടെ കൂടെയുള്ള മിക്സഡ് ഡബ്ൾസ് മത്സരങ്ങളും ഒടുവിൽ 44ാം വയസ്സിൽ ലോകത്തിലെ ഒന്നാം നമ്പർ ഡബ്ൾസ് താരമെന്ന ബഹുമതിയിൽ ബൊപ്പണ്ണയെ എത്തിച്ചു. നന്നായി കളിച്ചിട്ടും, മികച്ച ഡബ്ൾസ് കൂട്ടുകെട്ടുകളുണ്ടായിരുന്നെങ്കിലും പലപ്പോഴും കലാശക്കളികളിൽ വിജയിച്ചു കയറാൻ ബൊപ്പണ്ണയുടെ സഖ്യത്തിന് കഴിയാതെ പോയി. രണ്ട് ഗ്രാൻഡ്സ്‌ലാം കിരീടങ്ങൾ മാത്രമേ കരിയറിൽ ബൊപ്പണ്ണയുടെ പേരിൽ ടെന്നിസ് ചരിത്ര പുസ്തകത്താളുകളിൽ കാണാൻ കഴിയൂ. 2017 ഫ്രഞ്ച് ഓപണിൽ പാരിസിലെ റോളണ്ട് ഗരോസിൽ കാനഡയുടെ ഗാബ്രിയേല ഡബ്രോസ്കിയുമായി മിക്സഡ് ഡബ്ൾസിൽ നേടിയതാണ് കന്നി കിരീട നേട്ടം. 2024 ആസ്ട്രേലിയൻ ഓപണിൽ മാത്യു എബ് ഡണുമായി ചേർന്ന് പുരുഷ ഡബ്ൾസിൽ ബൊപ്പണ്ണ കിരീടം നേടുമ്പോൾ ലോകത്തിലെ ഏറ്റവും പ്രായംകൂടിയ രാജ്യാന്തര ഒന്നാം നമ്പർ ഡബ്ൾസ് താരമെന്ന ഒരുപക്ഷേ അടുത്തകാലത്തൊന്നും തകർക്കാൻ കഴിയാത്ത റെ​േക്കാഡാണ് കുറിച്ചത്. ആറ് തവണയാണ് ബൊപ്പണ്ണക്ക് ഗ്രാൻഡ്സ്‌ലാം ഫൈനലുകളിൽ വിജയതീരമണയാൻ കഴിയാതെ പോയത്.

മൂന്നു തവണ വീതം ഇരു ഡബ്ൾസുകളിലുമാണത്. സാനിയ മിർസയുടെ വിടവാങ്ങൽ മത്സരത്തിൽ 2023 ആസ്ട്രേലിയൻ ഓപൺ ഫൈനലിൽ ബൊപ്പണ്ണ മികച്ച പ്രകടനം കാഴ്ചവെച്ചെ ങ്കിലും സാനിയക്ക് ഉന്നത നിലവാരം പുലർത്താനായില്ല. 2023ൽ തുടർച്ചയായി മൂന്ന് ഗ്രാൻഡ്സ്‌ലാം ചാമ്പ്യൻഷിപ് ഫൈനലുകളാണ് ബൊപ്പണ്ണ-എബ്ഡൻ സഖ്യത്തിന് കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായത്. 2023 യു.എസ് ഓപൺ ഫൈനലിൽ നിർണായകമായ മൂന്നാം സെറ്റിൽ 2-4ന് പിറകിൽ നിൽക്കുമ്പോഴാണ് മത്സരത്തിൽ പിടിച്ചുനിൽക്കാൻ, തന്റെ സെർവ് നിലനിർത്താൻ എബ്ഡൻ ഒരു തകർപ്പൻ ഫോർഹാൻഡിലൂടെ പന്ത് എതിർ കോർട്ടിലേക്ക് തട്ടിയിട്ടത്. ഏഴാം ഗെയിമിൽ സ്കോർ 15-15. പെട്ടെന്ന് ബൊപ്പണ്ണ അമ്പയറുടെ അടുത്തേക്ക് പോയി എങ്ങനെയാണ് പോയന്റ് വിധിച്ചതെന്ന് അന്വേഷിച്ചു.

അമ്പയർക്ക് ബൊപ്പണ്ണയുടെ ആവശ്യമെന്തെന്ന് ആദ്യം മനസ്സിലായില്ല. എബ്ഡൺ അടിച്ച പന്ത് കോർട്ടിന്റെ മറുഭാഗത്ത് ഇറങ്ങുന്നതിനുമുമ്പ് തന്റെ വലതു കൈയിൽ തട്ടിയതായി ബൊപ്പണ്ണ വിശദീകരിച്ചു. അമ്പയർ ഫ്രണ്ട് ഓപൺ റീപ്ലേയിലൂടെ ബൊപ്പണ്ണ ചൂണ്ടിക്കാണിച്ച പിഴവ് മനസ്സിലാക്കി. തികച്ചും ദുർബലമായ ഒരു സ്പർശമായിരുന്നെങ്കിലും പോയന്റ് എതിരാളികൾക്ക് നൽകാൻ ബൊപ്പണ്ണ ചെയർ അംപയറോട് അഭ്യർഥിച്ചു. ന്യൂയോർക്കിലെ ആർതർ ആഷേ സ്റ്റേഡിയത്തിൽ തുടർച്ചയായി മൂന്നാം വർഷവും സ്വന്തം മണ്ണിൽ യു.എസ് ഓപൺ ഡബ്ൾസ് അന്നു നേടിയ അമേരിക്കയിലെ ഇലിനോയിയിൽനിന്നുള്ള ഇന്ത്യൻ വംശജൻ രാജീവ് റാമും, മെംഫിസിൽനിന്നുള്ള ജോ സാലിസ്ബറിയും ബൊപ്പണ്ണയുടെ അസാധാരണ പ്രവൃത്തിയെ മത്സരാവസാനം പുകഴ്ത്താൻ മറന്നില്ല. ടെന്നിസ് ലോകം മുഴുവൻ ബൊപ്പണ്ണക്ക് അഭിനന്ദനങ്ങൾ ചൊരിഞ്ഞ ആ സംഭവം മറക്കാനും കഴിയില്ല.

2023 യു.എസ് ഓപൺ ഫൈനലിനുശേഷം നടന്ന അഭിമുഖത്തിൽ ഗാലറിയിൽ കളി കാണാൻ മകൾ തീർഥക്ക് ഒപ്പം എത്തിയിരുന്ന ഭാര്യ സുപ്രിയ അന്നയ്യ പറഞ്ഞതോർക്കുന്നു. സൈക്കോളജിസ്റ്റും, രോഹൻ ബൊപ്പണ്ണ ടെന്നിസ് ഡെവലപ്മെന്റ് ഫൗണ്ടേഷൻ ഡയറക്ടറുമാണ് സുപ്രിയ. ഒളിമ്പിക്സ് വിശ്വ കായികമേളയിൽ മൂന്നുവട്ടം ഇന്ത്യക്കായി റാക്കറ്റേന്തിയിട്ടുണ്ട് ബൊപ്പണ്ണ. 2024 പാരിസ് ഒളിമ്പിക്സോടെ ദേശീയ ടെന്നിസ് കരിയറിൽനിന്നും വിരമിച്ചു. പ്രഫഷനൽ ടെന്നിസിൽ 2003ൽ കളിക്കാൻ തുടങ്ങിയ ബൊപ്പണ്ണയുടെ വിജയ പരാജയ റെ​േക്കാഡ് 539-410. ഡേവിസ് കപ്പിൽ 22-27. ഇരുപത്തിയാറ് എ.ടി.പി കിരീടങ്ങളു​െട അവകാശിയാണ് ബൊപ്പണ്ണ. 2018ലും 2022ലും രാജ്യത്തിനായി ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ നേടി. 2003ൽ നടന്ന ആഫ്രോ-ഏഷ്യൻ ഗെയിംസിൽ ഡബ്ൾസിലും, ടീമിനത്തിലും നേടിയ സ്വർണ മെഡലുകൾ ബൊപ്പണ്ണയുടെ ഷോകേസിലുണ്ട്. ആറടി നാലിഞ്ച് ഉയരം രോഹൻ ബൊപ്പണ്ണക്ക് കളിമികവ് ഉയർത്തുവാൻ സഹായകമായി. കരുത്തുറ്റ സർവുകളും കിടയറ്റ കൃത്യതയാർന്ന റിട്ടേണുകളും രാജ്യാന്തര ടെന്നിസിൽ തുടക്കത്തിൽതന്നെ ശ്രദ്ധ പിടിച്ചുപറ്റുന്നതിൽ സഹായകമായി.

തുടക്കത്തിൽ പാകിസ്താൻ കളിക്കാരനായ അയ്സാമുൽ ഹഖ് ഖുറൈശിയുമായുള്ള സഖ്യം 2010ൽ യു.എസ് ഓപൺ ഡബ്ൾസ് ഫൈനലിൽ എത്തിയതോടെ ടെന്നിസ് ലോകം ഈ കുടകുകാരൻ ‘കാപ്പി മാനെ’ കുറിച്ച് കൂടുതൽ അറിയാൻ താൽപര്യമെടുത്തു. രോഹൻ ബൊപ്പണ്ണയെ രാജ്യം അർജുന, പത്മശ്രീ പുരസ്കാരങ്ങൾ നൽകി ആദരിച്ചിരുന്നു. ഒരുസമയത്ത് ലിയാണ്ടർ പേസുമായുള്ള അസ്വാരസ്യങ്ങൾ പരസ്യമായിതന്നെ പ്രകടിപ്പിച്ച ബൊപ്പണ്ണ ദേശീയ ടീമിൽ കോർട്ട് പങ്കിടുകയില്ലെന്ന് പ്രഖ്യാപിച്ചത് വലിയ വിവാദമായി. ഡേവിസ് കപ്പ്, ഏഷ്യൻ ഗെയിംസ്, ഒളിമ്പിക്സ് തുടങ്ങിയ രാജ്യാന്തര മത്സരങ്ങളിൽ ഇന്ത്യക്ക് മെഡലുകൾ നഷ്ടപ്പെടാൻ ബൊപ്പണ്ണ-പേസ് പ്രശ്നം കാരണമായി. ബൊപ്പണ്ണ ടെന്നിസിൽനിന്നു നേടിയതിന് പകരമായി രാജ്യത്തിന് കഴിയുന്നതു മടക്കിനൽകാൻ തയാറെടുക്കുകയാണ്. കുട്ടികളെ കണ്ടെത്തി അവരെ കഠിനാധ്വാനത്തിലൂടെ വലിയ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനായി പഠിപ്പിക്കാൻ ഈ കായികപ്രതിഭ തയാറെടുക്കുകയാണ്. രോഹൻ ബൊപ്പണ്ണ, താങ്കൾ ടെന്നിസ് കോർട്ടിൽനിന്നും നേടിയതിനു മാത്രമല്ല. പ്രായം ഒരു അളവുകോലല്ല, പരിശ്രമമാണ് ആവശ്യമെന്ന സന്ദേശം പകർന്നുനൽകിയതിനും ഒരായിരം നന്ദി.

News Summary - Tennis legend Rohan Bopanna