Begin typing your search above and press return to search.
proflie-avatar
Login

വിദ്വേഷത്തിന്റെ കളിസ്ഥലങ്ങൾ

വിദ്വേഷത്തിന്റെ കളിസ്ഥലങ്ങൾ
cancel

ഫുട്ബാളിന്റെ ലോകം കളിക്കളത്തിനുള്ളിൽ മാത്രമല്ല. കച്ചവടം, മുതലാളിത്തം, ദേശീയത, മയക്കുമരുന്ന് എന്നിങ്ങനെ വിവിധതലങ്ങളിലേക്ക് പടർന്ന ഒന്നാണ്. ​കാൽപന്തി​ന്റെ സൗന്ദര്യം കളിയിലാണെങ്കിൽ ആ സുന്ദര കളി ഇന്നില്ല. കളവും കളത്തിനു പുറവും വാഴുന്നതാരെന്ന് അന്വേഷിക്കുകയാണ് ലേഖകൻ. ​കാൽപന്തിനെക്കുറിച്ച് ശ്രദ്ധേയമായ നിരീക്ഷണങ്ങളും പങ്കുവെക്കുന്നു. കഴിഞ്ഞ ലക്കം തുടർച്ച. രണ്ടാമതായി, വംശീയത ഇക്കാലത്ത് ജിയോപൊളിറ്റിക്കൽ ദേശീയതയുടെയും ദേശസ്നേഹത്തിന്‍റെയും മുഖംമൂടി ധരിക്കുന്നു. കുടിയേറ്റ വിരുദ്ധ വികാരം (Anti-immigrant sentiment), ഇസ്‌ലാമോഫോബിയ, സാംസ്കാരിക ദേശീയത (Cultural Nationalism) തുടങ്ങിയ രൂപങ്ങളിൽ കളിസ്ഥലത്ത് അത്...

Your Subscription Supports Independent Journalism

View Plans
ഫുട്ബാളിന്റെ ലോകം കളിക്കളത്തിനുള്ളിൽ മാത്രമല്ല. കച്ചവടം, മുതലാളിത്തം, ദേശീയത, മയക്കുമരുന്ന് എന്നിങ്ങനെ വിവിധതലങ്ങളിലേക്ക് പടർന്ന ഒന്നാണ്. ​കാൽപന്തി​ന്റെ സൗന്ദര്യം കളിയിലാണെങ്കിൽ ആ സുന്ദര കളി ഇന്നില്ല. കളവും കളത്തിനു പുറവും വാഴുന്നതാരെന്ന് അന്വേഷിക്കുകയാണ് ലേഖകൻ. ​കാൽപന്തിനെക്കുറിച്ച് ശ്രദ്ധേയമായ നിരീക്ഷണങ്ങളും പങ്കുവെക്കുന്നു. കഴിഞ്ഞ ലക്കം തുടർച്ച.

രണ്ടാമതായി, വംശീയത ഇക്കാലത്ത് ജിയോപൊളിറ്റിക്കൽ ദേശീയതയുടെയും ദേശസ്നേഹത്തിന്‍റെയും മുഖംമൂടി ധരിക്കുന്നു. കുടിയേറ്റ വിരുദ്ധ വികാരം (Anti-immigrant sentiment), ഇസ്‌ലാമോഫോബിയ, സാംസ്കാരിക ദേശീയത (Cultural Nationalism) തുടങ്ങിയ രൂപങ്ങളിൽ കളിസ്ഥലത്ത് അത് പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ഇപ്പറഞ്ഞവയെക്കാൾ ഭീകരമായി ദൃശ്യമാകുന്ന മറ്റൊരു വംശീയതാ രൂപമാണ് ആഫ്രോഫോബിയ (നെഗ്രോഫോബിയ അഥവാ ആന്‍റി-ബ്ലാക് റേസിസം).

ആധുനിക യൂറോപ്യൻ ഫുട്ബാൾ ടീമുകൾ പരിശോധിച്ചാൽ ഫ്രാൻസ്, ഇംഗ്ലണ്ട്, ജർമനി, ബെൽജിയം തുടങ്ങിയ മുൻനിര ടീമുകളിലെല്ലാം വലിയൊരു ശതമാനം കളിക്കാരും ആഫ്രിക്കൻ-ഏഷ്യൻ കുടിയേറ്റ പശ്ചാത്തലമുള്ളവരാണ്. എന്നാൽ, പലപ്പോഴും അവർ ‘ജയിക്കുമ്പോൾ മാത്രം സ്വദേശിയും തോൽക്കുമ്പോൾ കുടിയേറ്റക്കാരനും’ ആയിത്തീരുന്നുണ്ട്. 2020ൽ ലണ്ടനിൽ നടന്ന യൂറോ കപ്പിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഇറ്റലി, ഇംഗ്ലണ്ടിനെ തോൽപിച്ചു. ഇതേ തുടർന്ന് ഇംഗ്ലീഷ് ടീമിലെ മാർകസ് റാഷ്‌ഫോഡ്, ജെയ്‌ഡൻ സാഞ്ചോ, ബുകായോ സാക എന്നിവർക്കെതിരെ ഇംഗ്ലീഷ് ആരാധകർ സോഷ്യൽ മീഡിയയിൽ അതിഭീകരമായ വംശീയാധിക്ഷേപമാണ് നടത്തിയത്. കളി ജയിക്കുമ്പോൾ അവരെ ഇംഗ്ലണ്ടിന്റെ ഹീറോകളായി കാണുന്ന നവദേശീയത തന്നെ കളി തോറ്റാലുടൻ അവരുടെ കുടിയേറ്റ പശ്ചാത്തലത്തെ മുൻനിർത്തി അപരവത്കരിക്കുന്നു.

ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട് ബെൽജിയൻ സ്ട്രൈക്കർ റോമെലൂ ലുകാകു. 2018 ജൂൺ 18ലെ The Players' Tribuneൽ ലുകാകു എഴുതിയ I've Got Some Things to Say എന്ന സുദീർഘ ലേഖനം കുടിയേറ്റ കുടുംബത്തിൽ പിറന്ന ഒരു പ്രതിഭാശാലിയുടെ ക്ലേശങ്ങളുടെ നേർച്ചിത്രമാണ്. അതിൽ അദ്ദേഹം, ‘‘കാര്യങ്ങൾ നന്നായി നടക്കുമ്പോൾ ഞാൻ ബെൽജിയൻ സ്ട്രൈക്കർ മാത്രമാണ്. എന്നാൽ കളി മോശമാകുമ്പോൾ അവർ എന്നെ ‘കോംഗോ വംശജനായ ബെൽജിയൻ സ്ട്രൈക്കർ’ എന്ന് വിളിക്കുന്നു’’ എന്ന് പറയുന്നുണ്ട്.

റാഷ്‌ഫോഡ് മുതൽ ലുകാകു വരെയുള്ളവരുടെ കാര്യത്തിൽ പ്രവർത്തിക്കുന്ന മറ്റൊരു പ്രധാന വികാരം ആന്‍റി-ബ്ലാക്‌നെസ് ആണ്. ഇക്കാര്യത്തിൽ അർജന്‍റീനൻ ടീം തന്നെ വ്യാപകമായി വിമർശന വിധേയമായിട്ടുണ്ട്. ബ്വേനസ് എയ്റിസിലെ അർബൻ എലീറ്റിസത്തിന്‍റെ പ്രധാന അഭിരമണ കേന്ദ്രം അവർ സ്വയം സങ്കൽപിക്കുന്ന ‘വൈറ്റ് യൂറോപ്യൻ ഐഡന്‍റിറ്റി’യത്രേ. രാജ്യചരിത്രത്തിലും സെൻസസിൽപ്പോലും (Blanqueamiento (Whitening) എന്ന നയം സ്വീകരിച്ച രാജ്യമാണ് അർജന്‍റീന. ടീമിലെ അംഗങ്ങളുടെ സ്വത്വത്തിൽ മാത്രമല്ല, ശരീരഭാഷയിൽപ്പോലും ഈ ‘ധവള മനോഭാവം’ പ്രകടമാണെന്ന വിമർശനങ്ങൾ കാണാം.

 

അതിന്‍റെ ഏറ്റവും ശക്തമായ ഉദാഹരണമാണ് 2024ലെ കോപ അമേരിക്ക ഫൈനലിന് ശേഷം ഉയർന്ന ചാന്‍റ് വിവാദം. തങ്ങളുടെ ടീം കപ്പ് നേടിയപ്പോൾ എൻസോ ഫെർണാണ്ടസ് (Enzo Fernandez) തന്‍റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്ചെയ്ത വിഡിയോ, ഫ്രഞ്ച് ടീമിന്‍റെ മൾടി-എത്‌നിക് സ്വഭാവത്തെ പരിഹസിക്കുന്ന ഒന്നായിരുന്നു. പ്രത്യേകിച്ചും കിലിയൻ എംബാപ്പെ ഉൾപ്പെടെയുള്ള ആഫ്രോ-ഫ്രഞ്ച് കളിക്കാരെ ലക്ഷ്യംവെച്ചുള്ള ആ ഗാനം ജുഗുപ്സാവഹമായ വംശീയത വമിപ്പിക്കുന്ന ഒന്നായിരുന്നു. ‘‘പാസ്പോട്ടിൽ ഫ്രഞ്ച് എന്ന് രേഖപ്പെടുത്തുകയും ഫ്രാൻസിന് വേണ്ടി കളിക്കുകയും ചെയ്യുന്നവരുടെ വേരും പൈതൃകവും അംഗോളയും കാമറൂണും നൈജീരിയയുമാണ്” എന്ന അധിക്ഷേപത്തിൽ വമനേച്ഛയുളവാക്കുന്ന നെഗ്രോഫോബിയ അടങ്ങിയിരിക്കുന്നു.

വ്യാപക പ്രതിഷേധത്തെ തുടർന്ന് എൻസോ ഫെർണാണ്ടസ് പോസ്റ്റ് പിൻവലിച്ച് മാപ്പ് പറഞ്ഞെങ്കിലും അർജന്‍റീന ഫുട്ബാൾ അസോസിയേഷൻ ഒട്ടൊക്കെ നിസ്സംഗമായിരുന്നു. ടീം ക്യാപ്റ്റൻ എന്ന നിലക്ക് ലയണൽ മെസ്സി മാപ്പ് പറയണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും അദ്ദേഹമതിന് തയാറായില്ല. അർജന്‍റീനൻ വലതുപക്ഷ സർക്കാറിലെ സ്പോർട്സ് അണ്ടർ സെക്രട്ടറി യൂലിയോ ഗർറോ, സംഭവത്തിന്‍റെ പേരിൽ മെസ്സിയെ വിമർശിച്ചപ്പോൾ അയാളെ പുറത്താക്കുകയാണ് പ്രസിഡന്‍റ് ഹവിയർ മിലി (Javier Milei) ചെയ്തത്. അർജന്‍റീനൻ ഫുട്ബാൾ ആരാധകർക്കിടയിൽ ഫ്രഞ്ച് ടീമിനെ അധിക്ഷേപ സ്വരത്തിൽ ആഫ്രിക്കൻസ് എന്ന് വിളിക്കുന്ന ചാന്‍റുകൾ വർഷങ്ങളായി നിലനിൽക്കുന്നുണ്ടെന്നതാണ് വസ്തുത.

ആരാധകരുടെ പെരുമാറ്റത്തെപ്പറ്റി മുകളിൽ പറഞ്ഞിട്ടുണ്ട്. അതിന്‍റെ സാംസ്‌കാരികമായ വേരുകളെക്കുറിച്ചും. കാബോ വെർദയുമായുള്ള കളി നടക്കുമ്പോൾ IShowSpeed എന്ന, കറുമ്പനായ പ്രശസ്‌ത സ്ട്രീമറോട് “Go cry to the zoo’’ എന്ന് പറഞ്ഞുവത്രേ. ലോകത്തെമ്പാടും വലതുപക്ഷ വംശീയ കമന്‍റുകൾക്ക് ഒരേ സ്വഭാവമാണ്. അർജന്‍റീന ഫാൻസിനെപ്പറ്റി ഈജിപ്ഷ്യൻ ടീമിന്‍റെ കളിക്കാരും കോച്ചും ആരാധകരും വ്യാപകമായ പരാതി പറയുകയുണ്ടായി. ടീമിന്‍റെ ജനപ്രീതി കുറഞ്ഞുവരുകയാണെന്നും വംശീയതയുടെ പേരിൽ അവർക്ക് തിരിച്ചടി കിട്ടിക്കൊണ്ടിരിക്കയാണെന്നും Middle East Eye തുടങ്ങിയ അന്തർദേശീയ ചാനലുകളും New Lines Magazine പോലുള്ള പത്രങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.

 

ന്യൂ ലൈൻസ് മാഗസിനിൽ ജൂലൈ 10ന് സാന്റിയാഗോ ഓസ്പീനാ സെലീസ് (Santiago Ospina Celis) എഴുതിയ നിരീക്ഷണത്തിൽ പറയുന്നത് ലാറ്റിൻ അമേരിക്കൻ ഫുട്ബാൾ പ്രേമികൾ അർജന്‍റീനയിൽനിന്ന് അകലുന്നുവെന്നാണ്. മെസ്സിയുടെയും മറഡോണയുടെയും നാടായ അർജന്റീനക്ക് ഒരുകാലത്ത് അയൽരാജ്യങ്ങളുടെ പിന്തുണയുണ്ടായിരുന്നുവെന്നും എന്നാൽ, ഈ ലോകകപ്പിൽ ആ പിന്തുണ കുറഞ്ഞുവന്നെന്നും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും സെലീസ് ആരോപിക്കുന്നുണ്ട്.

യൂറോപ്പിൽ വംശീയാധിക്ഷേപത്തിന് പലവുരു ഇരയായ ബ്രസീലിയൻ ഫുട്ബാളറാണ് വിനീഷ്യസ് ജൂനിയർ (Vinicius Jr.). പലപ്പോഴും പാശ്ചാത്യ ഗാലറികളിൽനിന്ന് അദ്ദേഹത്തിന് നേരെ ‘മങ്കി’ എന്ന ആർപ്പുവിളികൾ ഉണ്ടായിട്ടുണ്ട്. കറുത്ത വർഗക്കാരെ വാനരതുല്യരായി കാണുന്ന (Simianization) പഴയ കൊളോണിയൽ മനോഭാവത്തിന്റെ ആധുനിക പതിപ്പ് തന്നെ. ഇതേ കഥയാണ് ഇറ്റാലിയൻ പ്ലേയർ മാരിയോ ബലോട്ടെല്ലിയു​ടേത് (Mario Balotelli). ഒരിക്കൽ ഗാലറികളിൽ നിന്നുള്ള ‘മങ്കി ചാന്‍റുകൾ’ അസഹ്യമായതിനെത്തുടർന്ന് ആൾക്കൂട്ടത്തിലേക്ക് പന്തടിച്ചു കയറ്റുക വരെ ചെയ്തിട്ടുണ്ട് ആ കളിക്കാരൻ.

ലോകകപ്പിൽ അർജന്‍റീന-കാബോ വെർദ മത്സരത്തിനിടെ IShowSpeed എന്ന സ്ട്രീമറോട് “Go cry to the zoo’’ എന്ന് പറയുന്ന അർജന്‍റീനൻ ആരാധകർ

അധികൃതരും പൊലീസും ഇടപെട്ടതിനെത്തുടർന്ന് എതിർ ക്ലബിന്‍റെ ആരാധകന് അഞ്ചു വർഷത്തോളം സ്റ്റേഡിയം വിലക്കുകയും ആ വിലക്ക് യൂറോപ്പിലുടനീളം ബാധകമാക്കുകയും ചെയ്തിട്ടുണ്ട്. മറ്റൊരിക്കൽ അദ്ദേഹത്തിന് നേരെ “There are no black Italians” എന്നും വിളിച്ചുകൂവി അദ്ദേഹത്തിന്‍റെ സ്വന്തം നാട്ടുകാരായ, ‘മുസ്സോളിനിയുടെ പിൻഗാമികൾ’. ജർമൻ ടീമിലെ മെസൂത് ഒസിൽ (Mesut ozil) ആകട്ടെ, ഇസ്‌ലാമോഫോബിയയുടെ ഇരയാണ്. ഫിഫയുടെയും വൻകിട ക്ലബുകളുടെയും വംശീയതാ വിരുദ്ധ നിലപാടുകൾ പലപ്പോഴും കപടമാണ്. ‘No to Racism’ എന്ന് ജേഴ്സിയിൽ എഴുതിവെച്ച് കാമ്പയിനുകൾ നടത്തിച്ചേക്കാം. എന്നാൽ, കോർപറേറ്റ് വരുമാനത്തെ ബാധിക്കുമെന്നതിനാൽ, കൊടും വംശീയത കാണിക്കുന്ന രാജ്യങ്ങൾക്കും ക്ലബുകൾക്കുമെതിരെ നടപടികൾ സ്വീകരിക്കാൻ മടി കാണിക്കുന്നു.

മുകളിൽപ്പറഞ്ഞ, ലുകാകുവിന്‍റെ ലേഖനം ഹൃദയസ്പർശിയാണ്. ഈ കുടിയേറ്റക്കാരുടെ ചരിത്രത്തിൽ കൊളോണിയലിസ്റ്റ് വെള്ള സാമ്രാജ്യങ്ങളുടെ മുഖംമൂടി പറിച്ചുകളയുന്ന മറ്റൊരു ചരിത്രം കൂടിയുണ്ട്. ബെൽജിയം രാജാവായിരുന്ന ലിയോപാൾഡ് രണ്ടാമൻ ക്രൂരമായ വംശഹത്യ നടത്തിയ സ്ഥലമാണ് ലുകാകുവിന്‍റെ കുടുംബ വേര് സ്ഥിതിചെയ്യുന്ന കോംഗോ. ചോരക്കറ പുരണ്ട അധിനിവേശത്തിന്‍റെ ബാക്കിപത്രമാണ് കുടിയേറ്റങ്ങൾ. ഇത്തരം കടന്നുകയറ്റങ്ങളാണ് ബെൽജിയം ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളുടെ സമ്പന്നതയുടെ അടിസ്ഥാനം. തങ്ങളുടെതന്നെ അതിക്രമങ്ങൾ കാരണം അഭയാർഥികളായി തങ്ങളുടെ രാജ്യത്തേക്ക് തന്നെ വരേണ്ടിവന്നവരുടെ പിൻഗാമികളോടാണ് വെളുമ്പന്മാർ ഈ അധിക്ഷേപങ്ങൾ നടത്തുന്നത്.

 

മെസൂത് ഒസിൽ

കോർപറേറ്റ് ഫുട്ബാളിന്‍റ സ്വഭാവം ഈഗ്ൾടൻ പറഞ്ഞ ക്രാക് കൊക്കെയ്ൻ എന്നത് മാത്രമല്ല. അത് ഉൾക്കൊള്ളലിന്‍റെയും പുറന്തള്ളലിന്‍റെയും മൂലധന സംസ്കാരവുമായിക്കൂടി ബന്ധപ്പെടുന്ന ഒന്നാണ്. ഒരാളെ അല്ലെങ്കിൽ അയാളുടെ പ്രവർത്തനത്തെ നിയമബാഹ്യമാക്കുകയോ നിയമപ്രകാരം അസാധുവാക്കുകയോ ചെയ്യുന്നതിനാണ് കളിയിൽ ഓഫ്സൈഡ് എന്നുപറയുക.

കളിനിയമങ്ങളിലെ ഏറ്റവും രാഷ്ട്രീയമായ രൂപകമാണ് ഓഫ്സൈഡ്. ഓഫ്സൈഡിലേക്ക് തള്ളപ്പെടുന്ന, പാർശ്വവത്കരിക്കപ്പെടുന്ന ബഹുഭൂരിപക്ഷത്തെക്കുറിച്ചാണ് ഈ ലേഖനത്തിന്‍റെ മൂലധനഭാഗത്തും വംശീയ ഭാഗത്തും പ്രതിപാദിച്ചിട്ടുള്ളത്. ആത്യന്തികമായി തൊഴിലാളികളും കീഴാളരും കറുത്തവരും കുടിയേറ്റക്കാരും... എന്തിന് ഫാൻസ് പോലും ഓഫ്സൈഡ് അഥവാ സൈഡ്‌ലൈൻ ചെയ്യപ്പെടുകയാണ്. ഓൺസൈഡിൽ കോർപറേറ്റുകളും അധികാരശക്തികളും നിലകൊള്ളുകയും ചെയ്യുന്നു.

കാൽപന്തുകളി ഉൾപ്പെടെ, ആളുകൾ ഒരുമിക്കുന്ന എല്ലായിടങ്ങളും പ്രത്യയശാസ്ത്രങ്ങളുടെയും രാഷ്ട്രീയത്തിന്‍റെയും ഇടങ്ങൾ കൂടിയായിരിക്കേണ്ടതുണ്ട്. കോർപറേറ്റ് മൂലധനത്തിന്റെയും വംശീയതയുടെയും രാക്ഷസീയമായ കടന്നുകയറ്റങ്ങൾക്കിടയിലും, വളരെ വലിയൊരു വിഭാഗം ഫുട്ബാൾ പ്രേമികളിൽനിന്നും ഗാലറികളിൽ ഉണ്ടാകുന്ന ചെറുത്തുനിൽപുകളും പല കളിക്കാരുടെയും ടീമുകളുടെയും വംശീയ വിരുദ്ധ നിലപാടുകളും കാൽപന്തുകളിയെ ഇപ്പോഴും ജീവസ്സുറ്റതാക്കി നിർത്തുന്നുണ്ട്. കമ്പോളത്തിന്റെ കളിനിയമങ്ങളെ അട്ടിമറിച്ചുകൊണ്ട് ജനതയുടെ അതിജീവനത്തിന്റെ രാഷ്ട്രീയമായി മാറാൻ ഫുട്ബാളിന് ഇനിയും സാധിക്കുമെന്ന പ്രത്യാശയിൽ നമുക്കിനിയും കളിക്കളത്തിൽ പന്തുരുട്ടാം, ഗാലറികളിൽ ആർപ്പുവിളിക്കാം.

(അവസാനിച്ചു)

News Summary - From Congo To Stadium Colonialism Still Plays