ബെർണാഡ്... ലെവ് യാഷിന്റെ വല കുലുക്കിയ ഇന്ത്യക്കാരൻ

ലോക ഫുട്ബാളിലെ എക്കാലത്തെയും മികച്ച പെനാൽറ്റി സ്റ്റോപ്പറായി പരിഗണിക്കപ്പെടുന്ന ലെവ് യാഷിന്റെ പോസ്റ്റിൽ പന്തെത്തിക്കാൻ ഭാഗ്യം ലഭിച്ച ആ ഇന്ത്യക്കാരൻ ആരാണ്? മൈസൂർ ടീമിൽ കളിച്ച ബെർണാഡ് ആരാണ്? 1950കളിൽ, സ്വതന്ത്ര രാജ്യമെന്ന നിലയിൽ ഇന്ത്യ പിച്ചവെച്ചുതുടങ്ങുന്നേയുള്ളൂ. അന്ന് ഇന്ത്യയെ മുഖ്യധാരയിലേക്ക് കൈപിടിച്ചു നടത്തുന്നതിൽ സോവിയറ്റ് യൂനിയന് നിർണായക പങ്കുണ്ട്. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യ ഏർപ്പെട്ട ഏറ്റവും ദൃഢതയാർന്ന സൗഹൃദമായിരുന്നു അത്....
Your Subscription Supports Independent Journalism
View Plansലോക ഫുട്ബാളിലെ എക്കാലത്തെയും മികച്ച പെനാൽറ്റി സ്റ്റോപ്പറായി പരിഗണിക്കപ്പെടുന്ന ലെവ് യാഷിന്റെ പോസ്റ്റിൽ പന്തെത്തിക്കാൻ ഭാഗ്യം ലഭിച്ച ആ ഇന്ത്യക്കാരൻ ആരാണ്? മൈസൂർ ടീമിൽ കളിച്ച ബെർണാഡ് ആരാണ്?
1950കളിൽ, സ്വതന്ത്ര രാജ്യമെന്ന നിലയിൽ ഇന്ത്യ പിച്ചവെച്ചുതുടങ്ങുന്നേയുള്ളൂ. അന്ന് ഇന്ത്യയെ മുഖ്യധാരയിലേക്ക് കൈപിടിച്ചു നടത്തുന്നതിൽ സോവിയറ്റ് യൂനിയന് നിർണായക പങ്കുണ്ട്. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യ ഏർപ്പെട്ട ഏറ്റവും ദൃഢതയാർന്ന സൗഹൃദമായിരുന്നു അത്. ജവഹർലാൽ നെഹ്റു-നികിത ക്രൂഷ്ചേവ് കൂട്ടും പ്രസിദ്ധം. ഐക്യരാഷ്ട്ര സംഘടനയിൽ കശ്മീർപ്രശ്നം ഉന്നയിക്കപ്പെട്ടപ്പോഴെല്ലാം ഇന്ത്യക്കനുകൂലമായി വീറ്റോ പ്രയോഗിച്ചത് സോവിയറ്റ് യൂനിയനാണ്. ഇന്ത്യൻ വ്യവസായത്തിന്റെ നട്ടെല്ലായി മാറിയ ഭിലായ്, ബൊക്കാറോ, ഭാരത് ഹെവി ഇലക്ട്രിക്കൽസ്... എല്ലാം സോവിയറ്റ് സഹായത്താലാണ് പിറവികൊണ്ടത്. നയതന്ത്ര, രാഷ്ട്രീയ, വ്യവസായ രംഗത്ത് മാത്രമല്ല കൃഷിയും കലയും കായികവുമെല്ലാം ആ സൗഹൃദത്തിന് മാറ്റേറ്റി.
അത്തരമൊരു സാഹചര്യത്തിലാണ് 1955 ജനുവരിയിൽ സോവിയറ്റ് യൂനിയൻ ഫുട്ബാൾ ടീം ഇന്ത്യ സന്ദർശിക്കാനെത്തുന്നത്. ഒന്നരമാസം നീണ്ട ആ വിരുന്നിൽ പക്ഷേ, ചെമ്പട ഇന്ത്യയോട് ഒരു സൗഹൃദവും ദയയും കാണിച്ചില്ല. ഇന്ത്യൻ ദേശീയ ടീമിനോടും വിവിധ സംസ്ഥാന/ ക്ലബ് ടീമുകളോടുമായി 19 മത്സരങ്ങൾ അവർ കളിച്ചു. എല്ലാത്തിലും വമ്പൻ മാർജിനിൽ ജയം. 100 ഗോളുകൾ സ്കോർചെയ്തു. ഏറ്റവും ദയനീയമായി തോറ്റത് തിരു-കൊച്ചി ടീം (11-0). മാന്യമായി തോറ്റത് ബോംബെ സ്റ്റേറ്റ് ടീം (1-0).
ഇഗോർ നെറ്റോയുടെ നായകത്വത്തിലായിരുന്നു സോവിയറ്റ് യൂനിയൻ ടീം. നികിത സിമോൻയാൻ, വാലന്റീൻ ഇവാനോവ് (1962 ലോകകപ്പിലെ ടോപ് സ്കോറർ) തുടങ്ങിയ വമ്പന്മാർക്കൊപ്പം കളി കണ്ട എക്കാലത്തെയും മികച്ച ഗോൾകീപ്പർ എന്ന് വാഴ്ത്തപ്പെടുന്ന സാക്ഷാൽ ലവ് യാഷിനും അന്ന് ഇന്ത്യയിലെത്തി. വിവിധ ഇന്ത്യൻ ടീമുകളെ പ്രതിനിധാനംചെയ്ത് മലയാളികളായ കെ.ടി. പവിത്രൻ, വിംകോ ബാലഗോപാൽ, ടി.എ. റഹ്മാൻ, തിരുവല്ല പാപ്പൻ, മാധവൻ, എസ്.എസ്. നാരായണൻ തുടങ്ങിയവരെല്ലാം അന്ന് സോവിയറ്റ് യൂനിയനെതിരെ കളിക്കാനിറങ്ങി.
ലവ് യാഷിനൊപ്പം ഡൈനാമോ കീവിന്റെ ഒലഗ് മാക്രോവും ഗോൾകീപ്പറായി സോവിയറ്റ് സംഘത്തിലുണ്ടായിരുന്നു. 19 കളികളിൽ നാല് ഗോളുകളാണ് അവർ ഇന്ത്യയിൽ ആകെ വഴങ്ങിയത്. മൊത്തം സ്കോർ: 4-100. അതിൽ മൂന്നും മാക്രോവ് കാവൽ നിന്ന വലയിലാണ് വീണത്. 12 കളികളിലിറങ്ങിയ യാഷിൻ വഴങ്ങിയതാവട്ടെ ഒരേയൊരു ഗോൾ. അതും പെനാൽറ്റി സ്പോട്ടിൽനിന്ന്. ലോക ഫുട്ബാളിലെ എക്കാലത്തെയും മികച്ച പെനാൽറ്റി സ്റ്റോപ്പറായി പരിഗണിക്കപ്പെടുന്ന യാഷിന്റെ പോസ്റ്റിൽ പന്തെത്തിക്കാൻ ഭാഗ്യം ലഭിച്ച ആ ഇന്ത്യക്കാരൻ ആരാണ്?

യുദ്ധഭൂമിയിൽനിന്ന് ഗോൾ പോസ്റ്റിലേക്ക്
രണ്ടാം ലോകയുദ്ധകാലത്ത് വീട് വിട്ടെറിഞ്ഞു പലായനം ചെയ്യേണ്ടിവന്നിട്ടുണ്ട് 12 വയസ്സുകാരനായ ലവ് ഇവാനോവിച്ച് യാഷിന്. വിശപ്പകറ്റാൻ തുകൽ ബെൽറ്റ് ഇട്ട് ചൂടാക്കിയ വെള്ളം സൂപ്പാക്കി കുടിച്ചിരുന്നു അവൻ. അക്കാലത്ത് മോസ്കോക്കാർ എലികളെ പോലും ചുട്ടുതിന്നിരുന്നുവത്രെ. വെടിയുണ്ട നിർമിക്കുന്ന ഫാക്ടറിയിലായിരുന്നു ജോലി. യുദ്ധങ്ങള് നിരവധി കണ്ടു. വെടിയുണ്ടകൾക്കും പീരങ്കികൾക്കും മരണങ്ങൾക്കും മുന്നിൽ മുഖാമുഖം നിന്ന ബാല്യം. ജോലി കഴിഞ്ഞ് ഫാക്ടറി ടീമിന്റെ ഗോൾവലക്ക് കാവൽ നിന്ന യാഷിനെ 1950ൽ ഇരുപതാം വയസ്സിൽ ഡൈനാമോ മോസ്കോ ടീമിലെടുത്തു. പിന്നീടുള്ളത് ലോകം അത്ഭുതാദരവുകളോടെ നോക്കിനിന്ന അതിശയങ്ങൾ.
കറുത്ത ചിലന്തിയെന്നും കരിമ്പുലിയെന്നും അറിയപ്പെട്ടിരുന്ന ഈ വിഖ്യാത താരം, ലോക ഫുട്ബാളർക്കുള്ള ബാലൻ ഡി ഓർ പുരസ്കാരം (1963) നേടിയ ഒരേയൊരു ഗോൾകീപ്പറാണ്. ഫിഫയുടെ നൂറ്റാണ്ടിന്റെ ടീമിന്റെ ഗോൾപോസ്റ്റിലും യാഷിനാണ് അന്തിമ കാവൽക്കാരൻ. 1956 ഒളിമ്പിക്സിൽ ഫുട്ബാൾ സ്വർണം, 1960ലെ പ്രഥമ യൂറോപ്യൻ നാഷൻസ് കപ്പ് കിരീടം, 1966 ലോകകപ്പിൽ നാലാം സ്ഥാനം -സോവിയറ്റ് യൂനിയനെന്ന ഭീമൻ രാജ്യം നേട്ടങ്ങൾ കൊണ്ടുവന്ന യാഷിന്റെ അത്ഭുത കൈകളിൽ ആദരവോടെ മുത്തി. ആദ്യ ബഹിരാകാശ സഞ്ചാരി യൂറി ഗഗാറിനും മുകളിൽ യാഷിൻ സോവിയറ്റ് ജനഹൃദയങ്ങളിലൂടെ പറന്നു, ദിവ്യനക്ഷത്രമായി. അയാളെക്കുറിച്ച് കവിതകള് എഴുതപ്പെട്ടു. കലയെയും സാഹിത്യത്തെയുമെല്ലാം ആ നാമം പ്രചോദിപ്പിച്ചു.
യെവ്തുഷെങ്കോ മുതൽ ഫാക്ടറി തൊഴിലാളികൾ വരെ അദ്ദേഹത്തെ കുറിച്ചെഴുതി, അപദാനങ്ങൾ പാടി.
In war-torn Moscow’s silent strife, a boy began to grow
At twelve, he worked the factory lines, beneath the falling snow
At eighteen, shadows closed him in, his spirit nearly gone
But football found him in the dark, a new day had begun
He waited patiently on the bench, his chance was hard to find
A shaky start, a humble game, yet he never ceased to grind
On ice and grass, he proved his worth, a champion in disguise
His heart of iron, nerves of steel, reflected in his eyes...
പെനാല്റ്റി ബോക്സില് അയാൾ അതിമാനുഷനായിരുന്നു. യാഷിനെതിരെ പെനാല്റ്റിയെടുത്ത് വലയിലെത്തിക്കുകയെന്നത് എതിര് കളിക്കാരുടെ ഉറക്കം ഞെട്ടിയിരുന്ന പേടിസ്വപ്നം. വെടിയുണ്ടകൾക്കും പീരങ്കികൾക്കും ഇടയിൽനിന്ന് വന്ന് ആറടിക്കും മേലെ പൊങ്ങിനിൽക്കുന്ന യാഷിനെ പെനാല്റ്റി ബോക്സിലെ വെറും ഒരു തുകൽപന്ത് ഭയപ്പെടുത്തിയതേയില്ല.
400 മത്സരങ്ങളിൽ 270 ക്ലീൻചിറ്റും 151 പെനാൽറ്റി സേവുകളും! അസാമാന്യ മനക്കരുത്തിൽ യാഷിൻ കളിയുടെ ചരിത്രപുസ്തകങ്ങളിൽ ഔദ്യോഗികമായി കുറിച്ചുവെച്ച ഈ കണക്കുകൾതന്നെ വിസ്മയഭരിതം. ചിതറിപ്പോയ സോവിയറ്റ് യൂനിയന്റെ വിവിധ പ്രവിശ്യകളെ ഒരാളിന്റെ ഓർമ ഇന്നും ആവേശംകൊള്ളിക്കുകയും ഒരുമിപ്പിക്കുകയുംചെയ്യുന്നുണ്ടെങ്കിൽ അത് യാഷിനാണ്.

മൈസൂർ x സോവിയറ്റ് യൂനിയൻ
1955 ഫെബ്രുവരി 19ന് ബാംഗ്ലൂരിലെ സമ്പങ്കി (ഇന്ന് ശ്രീകണ്ഠീരവ) സ്റ്റേഡിയത്തിലാണ് മൈസൂർ സ്റ്റേറ്റ്- സോവിയറ്റ് യൂനിയൻ മത്സരം അരങ്ങേറിയത്. മുപ്പതിനായിരത്തോളം കാണികളും മുഖ്യമന്ത്രി ഹനുമന്തയ്യ ഉൾപ്പെടെയുള്ള പ്രമുഖരും മത്സരം വീക്ഷിക്കാനെത്തി.
കളിക്കാരുമായി പരിചയപ്പെടാം...
മൈസൂർ സ്റ്റേറ്റ്: കുപ്പുസ്വാമി, യേശുദാസ്, മുത്തു ജയറാം, മുനിറാം, എസ്.എ. ബഷീർ (ക്യാപ്റ്റൻ), കെമ്പയ്യ മാരിയപ്പ, രാമകൃഷ്ണ, ചെലുവീരയ്യ, മഹേഷ്, ബെർണാഡ്, ജോസഫ് ആന്റണി.
സോവിയറ്റ് യൂനിയൻ: യാഷിൻ, പോർഖുനോവ്, ബഷാഷ്കിൻ, ബി. കുസ്നെറ്റ്സോവ്, വോയ്നോവ്, നെറ്റോ (ക്യാപ്റ്റൻ), താതുഷിൻ, യു. കുസ്നെറ്റ്സോവ്, സിമോൻയാൻ, സാൽനികോവ്, ഫോമിൻ.
70 മിനിറ്റ് ഫുട്ബാളിന്റെ കാലമാണ്. നാലാം മിനിറ്റിൽതന്നെ ഫോമിൻ മൈസൂർ വലയിൽ പന്തെത്തിച്ചു. ആദ്യ പകുതി അവസാനിക്കുമ്പോൾ സന്ദർശക ടീം നാല് ഗോളുകൾക്ക് മുന്നിൽ. രണ്ടാം പകുതി തുടങ്ങി പന്ത്രണ്ടാം മിനിറ്റിൽ മൈസൂർ ഒരു ഗോൾ തിരിച്ചടിച്ചു. പെനാൽറ്റിയിലൂടെ ബെർണാഡാണ് ഗോൾ നേടിയതെന്ന് The Rec. Sport. Soccer Statistics Foundation (RSSSF) പറയുന്നു. പൂർണമായ പേരോ മറ്റു വിവരങ്ങളോ ലഭ്യമല്ല. രണ്ടാം പകുതിയിൽ മൂന്ന് ഗോളുകൾകൂടി നേടിയ സോവിയറ്റ് യൂനിയൻ തീർത്തും ഏകപക്ഷീയമായി (7-1) ന് കളി ജയിച്ചു. സിമോന്യാന്റെ ഹാട്രിക്കായിരുന്നു മത്സരത്തിന്റെ ഹൈലൈറ്റ്.
ബെർണാഡിനെ തേടി...
നൂറ്റാണ്ടിന്റെ ഗോൾകീപ്പർ ലവ് യാഷിന്റെ പോസ്റ്റിൽ പെനാൽറ്റി ഗോൾ നേടിയ ബെർണാഡിനെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ നിരാശയായിരുന്നു ഫലം. പൂർണമായ പേരോ, നാടോ, ക്ലബോ... ഒരു വിവരവും ലഭിക്കാനില്ല. മൈസൂർ ടീമിൽ അദ്ദേഹത്തോടൊപ്പം കളിച്ച യേശുദാസ്, എസ്.എ. ബഷീർ, കെമ്പയ്യ, ജോസഫ് ആന്റണി തുടങ്ങിയവരെല്ലാം പരിചിതർ. ബെർണാഡിനെ ആരും കേട്ടിട്ടില്ല. പഴയ പത്രക്കോപ്പികളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. 1955 ഫെബ്രുവരി 20ന് ഇറങ്ങിയ ബംഗാളി പത്രം ‘ജുഗന്താറി’ലും ‘ഇന്ത്യൻ എക്സ്പ്രസി’ലും വാർത്തയുണ്ട്.
‘ഇന്ത്യൻ എക്സ് പ്രസ്’ വിശദമായിതന്നെ മത്സരം റിപ്പോർട്ട് ചെയ്തിരിക്കുന്നു. സോവിയറ്റ് ടീമിന്റെ ക്ലോക്ക് വർക്ക് നീക്കങ്ങളും അവരുടെ കളിക്കാരുടെ വേഗതയും കുതറലും കരുത്തുമെല്ലാം വിവരിക്കുന്നുണ്ട്. മൈസൂരിന് പെനാൽറ്റി ലഭിക്കാനിടയായ സംഭവം വിശദീകരിക്കുന്നത് ഇങ്ങനെ –ബോക്സിന് പുറത്തേക്ക് ഇറങ്ങിനിൽക്കുകയായിരുന്നു യാഷിൻ. കുതിച്ചുവരുന്ന ചെലുവീരയ്യ തന്നെ മറികടന്ന് മുന്നേറുമെന്ന് കണ്ടപ്പോൾ യാഷിൻ നടത്തിയ ‘കൈക്കളി’ക്കു പിന്നാലെ റഫറി രച്ചണ്ണ പെനാൽറ്റി സ്പോട്ടിലേക്ക് വിരൽചൂണ്ടി. ബെർണാഡ് പെനാൽറ്റി ഗോളാക്കി മാറ്റിയെന്നും വാർത്ത പറയുന്നു. മറ്റൊന്നുംതന്നെ അദ്ദേഹത്തെ കുറിച്ചില്ല.
അങ്ങനെയിരിക്കെയാണ് 1951ലെ പുട്ടയ ട്രോഫിയുടെ ഫൈനൽ റിപ്പോർട്ട് (ഇന്ത്യൻ എക്സ് പ്രസ്) അപ്രതീക്ഷിതമായി മുന്നിൽ വന്നുവീഴുന്നത്. ബാംഗ്ലൂർ ബ്ലൂസ്-ഹിന്ദുസ്ഥാൻ എയർക്രാഫ്റ്റ് (നിലവിൽ എച്ച്.എ.എൽ) മത്സരത്തിൽ വിമാനക്കമ്പനി ടീമിലെ ലോകനാഥന് ഗോളടിക്കാൻ പാസ് നൽകുന്നത് ബെർണാഡാണ്. അന്വേഷണം എച്ച്.എ.എല്ലിലേക്ക് നീണ്ടു. ചരിത്രഗോളിനുടമയെ അവരെല്ലാം എന്നോ മറന്നിരിക്കുന്നു.

കർണാടകയിലെ ബ്രസീൽ എന്നറിയപ്പെടുന്ന സ്ഥലമാണ് ഗൗതംപുര. പഴയകാല കളിക്കാരും സംഘാടകരുമെല്ലാം കൂട്ടത്തോടെ താമസിക്കുന്ന ഇടം. ബാംഗ്ലൂരിലെ മലയാളി പത്രപ്രവർത്തകൻ സന്ദീപ് മേനോനൊപ്പം ഗൗതംപുരയിൽ നടത്തിയ അന്വേഷണമാണ് ബെർണാഡിലേക്ക് വഴിതെളിച്ചത്. ബാംഗ്ലൂർ ഫുട്ബാൾ സ്റ്റേഡിയത്തിന് സമീപം അശോക് നഗറിലായിരുന്നു ബെർണാഡിന്റെ വീട്. അവിടെ നടത്തിയ അലച്ചിലിൽ അദ്ദേഹത്തിന്റെ മകൻ ഫെലിക്സിനെ കണ്ടുമുട്ടി. ഫോട്ടോഗ്രാഫറായി ജോലിചെയ്യുന്ന അദ്ദേഹത്തിന് പിതാവ് നേടിയ ചരിത്ര ഗോളിനെ കുറിച്ചൊന്നും ധാരണയില്ല. അതിന്റെ പ്രാധാന്യവും അറിയില്ല. 1980ൽ ഹൃദയാഘാതത്തെ തുടർന്ന് വളരെ ചെറിയ പ്രായത്തിൽതന്നെ പിതാവ് മരിച്ചതായി ഫെലിക്സ് പറഞ്ഞു -(യാഷിൻ മരിക്കുന്നതിനും പത്ത് വർഷം മുമ്പ്). ഓർമക്കായി സൂക്ഷിച്ചുവെച്ചിരുന്ന ഏതാനും ഫോട്ടോകൾ അദ്ദേഹം എടുത്തു നൽകി.
ബെന്നി എന്ന വിളിപ്പേരിലായിരുന്നു ബെർണാഡ് അറിയപ്പെട്ടിരുന്നത്. യഥാർഥ പേര് രത്നം ബെർണാഡ്. ലെഫ്റ്റ് ഇൻസൈഡ് ഫോർവേഡായി ബാംഗ്ലൂർ ബ്ലൂസ്, എച്ച്.എ.എൽ ടീമുകൾക്ക് കളിച്ചു. 1950 മുതൽ 1958 വരെ മൈസൂർ സ്റ്റേറ്റ് സന്തോഷ് ട്രോഫി ടീമിൽ. 1952-53ൽ ബംഗാളിനെ തോൽപിച്ച് ജേതാക്കൾ. 1957ൽ തൃശൂർ ചാക്കോള സ്വർണക്കപ്പ് നേടിയ എച്ച്.എ.എൽ ടീമിന്റെ നായകൻ. കോഴിക്കോട് നാഗ്ജിയിൽ ആദ്യ മൂന്ന് കിരീടവും (1952, 53, 54) നേടിയ ടീമിന്റെ ഗോളടിയന്ത്രം. പെൻഡാങ്കുലർ കപ്പിൽ സൗത്ത് ഇന്ത്യൻ ടീമിന്റെ നായകൻ. പലപ്പോഴും ഇന്ത്യൻ ഇലവനിലെ സ്ഥിരക്കാരൻ...
ബെർണാഡിനെ കുറിച്ച് കിട്ടാവുന്ന വിവരങ്ങളും ഫോട്ടോകളുമെല്ലാം ശേഖരിച്ചശേഷം നാട്ടിലേക്ക് മടങ്ങാനായി ഖലാസിപ്പാളയത്ത് ബസ് കാത്തുനിൽക്കുമ്പോൾ മഹാനായ ആ കളിക്കാരന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തില് പോയി കണ്ണ് സൂം-ഇന് ചെയ്തു. കാലം അടുത്ത തലമുറകൾക്കായി ആ കളിക്കാരനെ പോയിട്ട്, ആ ചരിത്രഗോൾപോലും ചെറുതായിപ്പോലും കോറിയിട്ടില്ലല്ലോ എന്നതിൽ ഏറെ നിരാശ തോന്നി. ലോകം ബ്യൂട്ടിഫുൾ ഗെയിമിനെ ആവേശത്തിന്റെ പരകോടിയിൽ പുൽകുന്ന കാലത്താണിപ്പോൾ നമ്മുടെ നാട്ടിലെ കളി അതിന്റെ ചരിത്രത്തിലെ ഏറ്റവും ദൈന്യതയാർന്ന ഒരു പ്രതിസന്ധിയുടെ പെനാൽറ്റി ബോക്സിൽ നിൽക്കുന്നത്. കളത്തിനു പുറത്തെ രാഷ്ട്രീയ കരുനീക്കങ്ങളിൽ കളിപോലും കടലെടുത്ത കാലത്ത് ബെർണാഡ്, നിങ്ങളെ ഞങ്ങൾ എങ്ങനെ ഓർമിക്കാൻ?
