Begin typing your search above and press return to search.
proflie-avatar
Login

ചൈന എന്നേ ഒരുങ്ങി; നമ്മളോ?

ചൈന എന്നേ ഒരുങ്ങി; നമ്മളോ?
cancel

ചൈനയിലെ ഹാങ്ചോവിൽ കഴിഞ്ഞ വർഷം നടക്കേണ്ട ഏഷ്യൻ ഗെയിംസ്​ സെപ്റ്റംബർ 23 മുതൽ ഒക്ടോബർ എട്ടുവരെ നടക്കും. ഏഷ്യൻ ഗെയിംസിനായി ചൈനയിലേക്ക്​ പോകുന്ന മുതിർന്ന സ്​പോർട്​സ്​ ജേണലിസ്റ്റ്​ കൂടിയായ ലേഖകൻ ഏഷ്യൻ ഗെയിംസിനെയും ഇന്ത്യയുടെ സാധ്യതകളെയും കുറിച്ച് എഴുതുന്നു.കോവിഡ് കാരണം ടോക്യോ ഒളിമ്പിക്സ്​ ഒരുവർഷം നീട്ടി​െവച്ചപ്പോൾ സംഘാടകസമിതി രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയോട് ഒരു ഉറപ്പ് വാങ്ങിയിരുന്നു. ‘ടോക്യോ 2020’ എന്നത് 2021 ആക്കില്ല. കാരണം, മെഡൽ ഉൾപ്പെടെയെല്ലാറ്റിലും അവർ ടോക്യോ 2020 എന്ന് മുദ്രണം ചെയ്തുകഴിഞ്ഞിരുന്നു. അഥവാ എല്ലാ ഒരുക്കങ്ങളും മുമ്പ് നിശ്ചയിച്ച സമയക്രമമനുസരിച്ച്...

Your Subscription Supports Independent Journalism

View Plans
ചൈനയിലെ ഹാങ്ചോവിൽ കഴിഞ്ഞ വർഷം നടക്കേണ്ട ഏഷ്യൻ ഗെയിംസ്​ സെപ്റ്റംബർ 23 മുതൽ ഒക്ടോബർ എട്ടുവരെ നടക്കും. ഏഷ്യൻ ഗെയിംസിനായി ചൈനയിലേക്ക്​ പോകുന്ന മുതിർന്ന സ്​പോർട്​സ്​ ജേണലിസ്റ്റ്​ കൂടിയായ ലേഖകൻ ഏഷ്യൻ ഗെയിംസിനെയും ഇന്ത്യയുടെ സാധ്യതകളെയും കുറിച്ച് എഴുതുന്നു.

കോവിഡ് കാരണം ടോക്യോ ഒളിമ്പിക്സ്​ ഒരുവർഷം നീട്ടി​െവച്ചപ്പോൾ സംഘാടകസമിതി രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയോട് ഒരു ഉറപ്പ് വാങ്ങിയിരുന്നു. ‘ടോക്യോ 2020’ എന്നത് 2021 ആക്കില്ല. കാരണം, മെഡൽ ഉൾപ്പെടെയെല്ലാറ്റിലും അവർ ടോക്യോ 2020 എന്ന് മുദ്രണം ചെയ്തുകഴിഞ്ഞിരുന്നു. അഥവാ എല്ലാ ഒരുക്കങ്ങളും മുമ്പ് നിശ്ചയിച്ച സമയക്രമമനുസരിച്ച് പൂർത്തിയാക്കിയിരുന്നു. പോയവർഷം ചൈനയിലെ ഹാങ്ചോവിൽ നിശ്ചയിക്കപ്പെട്ട ഏഷ്യൻ ഗെയിംസ്​ ഈ വർഷത്തേക്കു മാറ്റിയതും കോവിഡ് മൂലമാണ്. പക്ഷേ, ചൈനയും ‘ഹാങ്ചോ 2022’ എന്നു തന്നെ പറയുന്നു. ഏഷ്യൻ ഗെയിംസ്​ സംഘാടകസമിതിയുടെ സന്ദേശങ്ങളിലെല്ലാം ‘ഹാങ്ചോ 2022’ എന്ന മുദ്രണമുണ്ട്. ജപ്പാനെപ്പോലെ ചൈനയും ഒരു വർഷം മുമ്പേ ഒരുങ്ങിയിരുന്നു എന്നുസാരം.

കഴിഞ്ഞ വർഷം സെപ്റ്റംബർ 10 മുതൽ 25 വരെ നിശ്ചയിച്ചിരുന്ന ഗെയിംസ്​ ഈ വർഷം സെപ്റ്റംബർ 23 മുതൽ ഒക്ടോബർ എട്ടുവരെയാണ് നടക്കുക. ടോക്യോ ഒരു വർഷത്തേക്കാണ് ഒളിമ്പിക്സ്​ മാറ്റി​െവച്ചതെങ്കിൽ ഹാങ്ചോ ഒരു വർഷവും രണ്ടാഴ്ചയും നീട്ടി​െവച്ചു. അതി​ന്റെ കാരണം വ്യക്തമല്ല. അടിസ്​ഥാന സൗകര്യങ്ങൾ എല്ലാം ഒരുങ്ങിയിരുന്നെങ്കിലും ഏതാനും മാസം മുമ്പുവരെ ആശങ്ക ബാക്കിയുണ്ടായിരുന്നു. ഒടുവിൽ ഹാങ്ചോ സർവസജ്ജം എന്ന് രാജ്യാന്തര ഒളിമ്പിക് സമിതി അധ്യക്ഷൻ തോമസ്​ ബാക്ക് വേദികൾ സന്ദർശിച്ച് വെളിപ്പെടുത്തിയതോടെ സംശയങ്ങൾ അകന്നു.

ഇനി റെക്കോഡുകൾ എത്ര പിറക്കുമെന്ന് ചിന്തിച്ചു തുടങ്ങാം. കളിക്കളത്തിലെ റെക്കോഡുകൾക്കു മുമ്പേ മറ്റു പലതും ചരിത്രമാകും. 2023 ജൂലൈ 15 ആയിരുന്നു താരങ്ങളുടെ എൻട്രി നൽകാനുള്ള അവസാന തീയതി; പിൻവാങ്ങാൻ 11 ദിവസം അനുവദിച്ചു. അതിനകം എൻട്രി നൽകിയവർ 12,527. ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയിലെ 45 അംഗരാജ്യങ്ങളും പങ്കെടുക്കുന്നു. അതിൽതന്നെ ആതിഥേയർക്കു പുറമെ ഇന്ത്യയും ദക്ഷിണ കൊറിയയും ജപ്പാനും തായ്​ലൻഡുമൊക്കെ അറുനൂറിലധികം അത്​ലറ്റുകളെയാണ് പങ്കെടുപ്പിക്കുക. ജകാർത്തയിൽ 570 താരങ്ങളാണ് ഇന്ത്യയിൽനിന്ന് പങ്കെടുത്തത്. 43 രാജ്യങ്ങൾ ട്രാക്ക് ആൻഡ് ഫീൽഡിൽ മത്സരിക്കും. 2018ൽ ജകാർത്ത ഏഷ്യൻ ഗെയിംസിൽ മാറ്റുരച്ചത് 11,300 അത്​ലറ്റുകൾ ആയിരുന്നു. സർവകാല റെക്കോഡിലേക്കാണ് ഹാങ്ചോ ഏഷ്യൻ ഗെയിംസ്​ നീങ്ങുന്നത്.

റഷ്യയിൽനിന്നും ബെലറൂസിൽനിന്നും അത്​ലറ്റുകൾ അതിഥികളായി മത്സരിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും നടക്കില്ല. ഇവർക്കു പുറമെ ആസ്​േട്രലിയയെയും ന്യൂസിലൻഡിനെയും കൂടി ചൈന ക്ഷണിച്ചിരുന്നെങ്കിലും അവർ പങ്കെടുക്കില്ലെന്നു മുൻകൂട്ടി അറിയിച്ചിരുന്നു. യുെക്രയ്ൻ ആക്രമണത്തെത്തുടർന്ന് ലോക കായികവേദികളിൽ ഏതാണ്ട് ഒറ്റപ്പെട്ട റഷ്യക്കും ​െബലറൂസിനും ഒരു മഹാമേളയിൽ ഏതാനും കായികതാരങ്ങളെ മത്സരിപ്പിക്കാനുള്ള അവസരമാണ് നഷ്​ടമായത്.


യു​ക്രയ്ൻ അധിനിവേശത്തെ തുടർന്ന് റഷ്യയും ​െബലറൂസും ഐ.ഒ.സിയുടെ വിലക്കു നേരിടുകയാണ്. അടുത്തവർഷം പാരിസ്​ ഒളിമ്പിക്സിൽ ഇരു രാജ്യങ്ങൾക്കും പങ്കെടുക്കാനാവില്ല. എന്നാൽ, ഒളിമ്പിക്സ് പതാകക്കു കീഴിൽ ഈ രാജ്യങ്ങളിൽനിന്നുള്ള അത്​ലറ്റുകൾക്ക് പാരിസിൽ സ്വതന്ത്രരായി മത്സരിക്കാം. യൂറോപ്പിലെ യോഗ്യതാ മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയാത്ത റഷ്യൻ, ​െബലറൂസ്​ താരങ്ങൾക്ക് ഒളിമ്പിക്സ് യോഗ്യത നേടാൻ അവസരമൊരുക്കുകയാണ് ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ ലക്ഷ്യമിട്ടത്.

റഷ്യയിൽനിന്നും ​െബലറൂസിൽനിന്നുമായി അഞ്ഞൂറോളം താരങ്ങളാണ് ഹാങ്ചോവിൽ മത്സരിക്കാൻ ഒരുങ്ങിയത്. പക്ഷേ, ഗെയിംസ്​ തുടങ്ങാൻ ഏതാനും ആഴ്ചകൾമാത്രം ബാക്കിനിൽക്കെ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുടെ എതിർപ്പുവന്നു. ഏഷ്യൻ ഭൂഖണ്ഡത്തിനു പുറത്തുള്ളവരെ മത്സരിപ്പിക്കുന്നതു ശരിയല്ലെന്നാണ് ഐ.ഒ.സിയുടെ വാദം. ഇനി ഏതെങ്കിലും യൂറോപ്യൻ കായികമേളയിൽ മത്സരിച്ചുവേണം റഷ്യൻ, ​െബലറൂസ്​ താരങ്ങൾ പാരിസ്​ ഒളിമ്പിക്സിനു യോഗ്യത നേടാൻ.

റഷ്യൻ, ​െബലറൂസ്​ താരങ്ങൾക്ക് ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ മെഡൽ ലഭിക്കില്ലായിരുന്നെങ്കിലും ഒളിമ്പിക് യോഗ്യത നേടാൻ അവർ മികവു കാട്ടേണ്ടതുള്ളതിനാൽ ഏഷ്യൻ ഗെയിംസിൽ മത്സരതീവ്രത വർധിക്കുമായിരുന്നു. ഇനി അത് സാധിക്കില്ല. യഥാർഥത്തിൽ ഐ.ഒ.സിയുടെ അനുമതി വാങ്ങാതെയാണ് ഇവരെയും ആസ്​േട്രലിയ, ന്യൂസിലൻഡ് താരങ്ങളെയും ക്ഷണിച്ചത്. ഐ.ഒ.സിയുടെ വാദം ഒരു അർഥത്തിൽ ശരിയാണ്. ഇതര ഭൂഖണ്ഡങ്ങളിൽനിന്ന് താരങ്ങൾ എത്തിയാൽ ‘ഏഷ്യൻ ഗെയിംസ്​’ എന്ന സങ്കൽപം മാറും.

‘‘ഹൃദയത്തിൽനിന്നു ഹൃദയത്തിലേക്ക്, ഭാവിയിൽ’’ (heart to heart @ future) എന്നതാണ് ഹാങ്ചോ ഏഷ്യാഡി​ന്റെ ആപ്തവാക്യം. ഷെജ്യാങ് പ്രവിശ്യയുടെ തലസ്​ഥാനമായ ഹാങ്ചോ ഹൃദയങ്ങൾ കീഴടക്കാൻ ഒരുങ്ങുകയാണ്. ഗെയിംസിനു കൊടി ഉയരാൻ 100 ദിനം ബാക്കിനിൽക്കെ ജൂൺ 15ന് ഹാങ്ചോവിനു സമീപം ലിയാങ്ചു നഗരത്തിൽ ദീപശിഖക്ക് തിരിതെളിഞ്ഞു. യു​െനസ്​കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെട്ട പ്രദേശമാണിത് എന്ന പ്രത്യേകത കണക്കിലെടുത്താകാം ദീപശിഖാ പ്രയാണം ലിയാങ്ചുവിൽനിന്ന് തുടങ്ങിയത്. ദീപശിഖ തെളിഞ്ഞപ്പോൾ കാത്തിരിപ്പ് അവസാനിച്ചതി​ന്റെ ആശ്വാസത്തിലായി അത്​ലറ്റുകൾ.

കോവിഡ് അകന്ന് കളിക്കളങ്ങളും കളിക്കാരും മനുഷ്യജീവിതത്തിനൊപ്പം സാധാരണനിലയിലേക്ക് തിരിച്ചെത്തി എന്ന് ആശ്വസിച്ച സമയത്താണ് 2022 മേയിൽ ഹാങ്ചോ ഏഷ്യൻ ഗെയിംസ്​ മാറ്റി​െവച്ചുവെന്ന വാർത്ത വരുന്നത്. ഒപ്പം, ചൈനയിൽ തന്നെ നിശ്ചയിക്കപ്പെട്ട ലോക യൂനിവേഴ്സിറ്റി ഗെയിംസ്​ മാറ്റിവെക്കുകയും ഏഷ്യൻ യൂത്ത് ഗെയിംസ്​ റദ്ദാക്കുകയും ചെയ്തു. ഹാങ്ചോവിൽനിന്ന് 175 കിലോമീറ്റർ മാത്രം അകലെയുള്ള ഷാങ്ഹായ് എന്ന പ്രധാന നഗരത്തിൽ കോവിഡ് രൂക്ഷമാവുകയും ലോക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തതി​ന്റെ തുടർച്ചയായിരുന്നു ഈ മാറ്റിവെക്കൽ.

പത്തൊമ്പതാം ഏഷ്യൻ ഗെയിംസിനാണ് ഹാങ്ചോ വേദിയാകുന്നത്. പ്രധാന വേദിയായ ഹാങ്ചോവിനെയും ഏതാനും മത്സരങ്ങൾക്കു വേദിയൊരുക്കുന്ന വെങ്ചൗ, ജിൻഹ്വ, ഷാവോസിങ്, ഹുചൗ തുടങ്ങിയ നഗരങ്ങളെയും ബന്ധിപ്പിച്ച് 350 കിലോമീറ്റർ വേഗമുള്ള ബുള്ളറ്റ് െട്രയിൻ യാത്രയാണ് ചൈന ക്രമീകരിച്ചിരിക്കുന്നത്. ചൈനയുടെ വികസനം ലോകത്തെ ബോധ്യപ്പെടുത്താൻ വേണ്ടതെല്ലാം സംഘാടകർ ചെയ്യുമെന്ന് ഉറപ്പാണ്.

നേരത്തേ 1990ൽ ബെയ്ജിങ്ങിലും 2010ൽ ഗ്വാങ്ചോവിലും ഏഷ്യൻ ഗെയിംസും 2008ൽ ബെയ്ജിങ്ങിൽ ഒളിമ്പിക്സും വിജയകരമായി നടത്തിയ അനുഭവസമ്പത്ത് ചൈനക്കുണ്ട്. ബെയ്ജിങ്ങിൽ 36 രാജ്യങ്ങളാണ് പങ്കെടുത്തതെങ്കിൽ ഗ്വാങ്ചോയിൽ 45 രാജ്യങ്ങളും അണിനിരന്നു. ഇതിനിടെ 2022ൽ ഏറെ നിയന്ത്രണങ്ങളോടെ ശീതകാല ഒളിമ്പിക്സും ബെയ്ജിങ്ങിൽ നടന്നു. ശീതകാല ഒളിമ്പിക്സിലെ നിയന്ത്രണങ്ങൾ എന്തായാലും ഏഷ്യൻ ഗെയിംസിൽ ഉണ്ടാകില്ല. കോവിഡ് ഭീഷണി ഏതാണ്ട് ഒഴിവായിട്ടുണ്ട്.

ഹാങ്ചോ ഏഷ്യൻ ഗെയിംസി​ന്റെ ദീപശിഖ

ഹാങ്ചോ ഏഷ്യൻ ഗെയിംസി​ന്റെ ദീപശിഖ

നാൽപത് സ്​പോർട്സ്​ ഇനങ്ങളിൽ 481 മെഡൽ വിഭാഗങ്ങൾക്കായിട്ടായിരിക്കും മത്സരം. കപ്പിൾ ഡാൻസ്​, ഫ്രീ സ്​കേറ്റിങ് ഇനങ്ങൾ പങ്കാളിത്തത്തി​ന്റെ കുറവുകൊണ്ട് ഒഴിവാക്കപ്പെട്ടു. നേരത്തേ 483 സ്വർണമായിരുന്നു മത്സരാർഥികളെ കാത്തിരുന്നത്. രണ്ടെണ്ണം കുറഞ്ഞു. ചുരുങ്ങിയത് ആറു രാജ്യങ്ങൾ എൻട്രി നൽകിയാലേ ഒരു മെഡൽ ഇനം ഉൾപ്പെടുത്താവൂ എന്നതാണ് ഏഷ്യൻ ഗെയിംസിലെ ചട്ടം.

ഏഷ്യൻ ഗെയിംസി​ന്റെ പത്തൊമ്പതാം പതിപ്പിൽ ഇ-സ്​പോർട്സും േബ്രക്ക് ഡാൻസും േബ്രക്കിങ്) ആണ് പുതിയ ഇനങ്ങൾ. ഇ-സ്​പോർട്സ്​ പ്രദർശന ഇനമായി ജകാർത്തയിൽ ഉൾപ്പെടുത്തിയിരുന്നു. 2010ലും ’14ലും നടന്ന ക്രിക്കറ്റ് (ട്വന്റി 20) മടങ്ങിയെത്തുന്നു. 2006ലും ’10ലും ഉൾപ്പെട്ടിരുന്ന ചെസും ഹാങ്ചോവിൽ മത്സര ഇനമാണ്. ഇ-സ്​പോർട്സിൽ ഏഴു മെഡലുകൾ നിർണയിക്കപ്പെടും. ജകാർത്തയിൽ ഉണ്ടായിരുന്ന മൂന്ന് ഇനങ്ങൾ ഇക്കുറിയില്ല. പാരാൈഗ്ലഡിങ് ആണ് ഇതിൽ പ്രധാനം.

മെഡലുകളുടെ സെഞ്ച്വറി ലക്ഷ്യമിട്ട് ഇന്ത്യ

ഒട്ടേറെ ഇനങ്ങളിൽ 100 നാൾ മുമ്പുതന്നെ ടീമിനെ പ്രഖ്യാപിക്കാൻ സാധിച്ചത് ഇന്ത്യക്കു നേട്ടമാണ്. അശ്വാഭ്യാസത്തിലെ ഷോ ജംപിങ്ങിൽ 2021 ഒക്ടോബറിൽതന്നെ നാല് ഇന്ത്യൻ താരങ്ങൾ യോഗ്യത നേടിയിരുന്നു. യഥാർഥത്തിൽ ഇന്ത്യൻ ടീമി​ന്റെ ഒരുക്കങ്ങൾ അവിടെനിന്നു തുടങ്ങുന്നു. ഇന്ത്യയുടെ വനിതാ നീന്തൽ താരങ്ങൾ 2006നു ശേഷം ആദ്യമായി മത്സരിക്കുമ്പോൾ വാട്ടർപോളോയിൽ നമ്മുടെ പുരുഷ ടീം 1986നു ശേഷം ആദ്യമായി മത്സരിക്കും.

നീരജ് ചോപ്ര
നീരജ് ചോപ്ര

ഏഷ്യൻ ഗെയിംസിൽ മടങ്ങിയെത്തുന്ന ക്രിക്കറ്റിലും ചെസിലും ഇന്ത്യക്ക് സ്വർണംതന്നെ ലക്ഷ്യമിടാം. ക്രിക്കറ്റിൽ ഇന്ത്യ ആദ്യമാണ് മത്സരിക്കുന്നത്. ഒക്ടോബർ അഞ്ചിന് ഏകദിന ലോകകപ്പ് ക്രിക്കറ്റ് ഇന്ത്യയിൽ തുടങ്ങുന്നതിനാൽ പുരുഷവിഭാഗത്തിൽ ഇന്ത്യ ‘ബി’ ടീമിനെയാണ് ഇറക്കുക. വനിതാ ടീമിൽ ഒന്നാം നിര ക്രിക്കറ്റ് താരങ്ങൾതന്നെ അണിനിരക്കും. കബഡിയിൽ ജകാർത്തയിൽ ഇറാനു മുന്നിൽ കീഴടങ്ങിയ ഇന്ത്യക്ക് സ്വർണം വീണ്ടെടുക്കേണ്ടതുണ്ട്. ഭാരോദ്വഹനം, ബാഡ്മിന്റൺ, ഗുസ്​തി, ഷൂട്ടിങ് എന്നിവയിലൊക്കെ ഇന്ത്യ ശക്തമായ സാന്നിധ്യമാണെങ്കിലും അത്​ലറ്റിക്സിലായിരിക്കും കൂടുതൽ മെഡൽ സാധ്യത. ബുഡാപെസ്റ്റ് ലോക അത്​ലറ്റിക് ചാമ്പ്യൻഷിപ്പിൽ ജാവലിനിൽ സ്വർണം നേടിയ നീരജ് ചോപ്ര നിലവിൽ ഏഷ്യൻ ഗെയിംസ്​ ചാമ്പ്യനുമാണ്. പുരുഷന്മാരുടെ 4x400 മീറ്റർ റിലേയിൽ ഫൈനലിൽ കടന്ന ഇന്ത്യൻ ടീം ഏഷ്യൻ റെക്കോഡ് തിരുത്തിയിരുന്നു. ജകാർത്തയിലെ പ്രകടനം ട്രാക്ക് ആൻഡ് ഫീൽഡിൽ മെച്ചപ്പെടുത്താൻ കഴിയണം.


പുരുഷ, വനിത ഫുട്ബാൾ ടീമുകളെ ഇന്ത്യ ഹാങ്ചോവിൽ പരീക്ഷിക്കുന്നു. ആകെ 634 അത്​ലറ്റുകളെയാണ് (320 പുരുഷന്മാർ; 314 വനിതകൾ) ഇന്ത്യ ഇത്തവണ കളത്തിൽ ഇറക്കുന്നത്. 38 മലയാളി താരങ്ങൾ ഇന്ത്യൻ സംഘത്തിലുണ്ട്. 850 താരങ്ങളുടെ പേരാണ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ സമർപ്പിച്ചത്. കേന്ദ്ര സ്​പോർട്സ്​ മന്ത്രാലയം അത് 634 ആയി വെട്ടിച്ചുരുക്കി. ഏഷ്യയിലെ എട്ടാം റാങ്കാണ് കുറഞ്ഞ യോഗ്യതയായി നിശ്ചയിച്ചതെങ്കിലും ഫുട്ബാൾ ഉൾപ്പെടെ ചില ഇനങ്ങളിൽ ഇളവു നൽകി.

ജകാർത്തയിൽ 15 സ്വർണം, 24 വെള്ളി, 30 വെങ്കലം എന്നിങ്ങനെയായിരുന്നു ഇന്ത്യയുടെ നേട്ടം. ഉത്തേജക പരിശോധനയിൽ പിന്നീട് ചില താരങ്ങൾ പിടിക്കപ്പെട്ടപ്പോൾ ഇന്ത്യയുടെ മെഡൽനില മെച്ചപ്പെട്ടെങ്കിലും ഔദ്യോഗികമായി രേഖപ്പെടുത്തിക്കാണുന്നില്ല (അനൗദ്യോഗികമായി 16 സ്വർണം ഉൾപ്പെടെ 70 മെഡലാണ് ഇന്ത്യയുടെ നേട്ടം). ഇത്തവണ ഇന്ത്യ മെഡലുകളുടെ സെഞ്ച്വറി ലക്ഷ്യമിടുന്നു. ഗുസ്​തി താരങ്ങളുടെ പ്രതിഷേധ സമരം, പല സംഘടനകളുടെയും അംഗീകാരം നഷ്​ടമായത്, ഉത്തേജക പരിശോധനയിൽ ഒട്ടേറെ പ്രമുഖ താരങ്ങൾ പരാജയപ്പെട്ടത് തുടങ്ങിയവയൊക്കെ തിരിച്ചടിയായി. പക്ഷേ, ജകാർത്തയിലെക്കാൾ മികച്ച പ്രകടനം ഇന്ത്യ ഹാങ്ചോവിൽ കാഴ്ചവെക്കുമെന്നു പ്രതീക്ഷിക്കാം.

News Summary - Asian Games Hangzhou 2022 Curtain raiser story