Begin typing your search above and press return to search.
proflie-avatar
Login

വംശഹത്യ മുനമ്പിൽനിന്ന് ഒരു സങ്കടഹരജി

വംശഹത്യ മുനമ്പിൽനിന്ന് ഒരു സങ്കടഹരജി
cancel

''അട്ടപ്പാടിയിലെ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യസംരക്ഷണത്തിനായി കോടിക്കണക്കിന് രൂപ ചെലവഴിച്ചിട്ടും അട്ടപ്പാടി ആദിവാസി മേഖലയിൽ ശിശുമരണം തുടർക്കഥയാകുന്നത് എന്തുകൊണ്ടാണെന്ന് വിലയിരുത്തിയിട്ടുണ്ടോ?''''എല്ലാം ശരിയാകു''മെന്ന വാഗ്ദാനത്തോടെ അധികാരത്തിലേറിയ ഒന്നാം പിണറായി സർക്കാറിന്റെ മൂന്നാം വാർഷികാഘോഷ പരിപാടികൾ തുടങ്ങാനിരിക്കെയാണ് പതിനാലാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനത്തിൽ പാലക്കാട് എം.എൽ.എ ഷാഫി പറമ്പിൽ ഇങ്ങനെയൊരു ചോദ്യം ഉന്നയിച്ചത് (ചോദ്യ നമ്പർ 757). പട്ടികജാതി, പട്ടികവർഗ വകുപ്പ് മന്ത്രി എ.കെ. ബാലന്റെ മറുപടി ഇങ്ങനെയായിരുന്നു: ''തൂക്കക്കുറവോടുകൂടി ജനിക്കുന്ന കുഞ്ഞുങ്ങളാണ്...

Your Subscription Supports Independent Journalism

View Plans

''അട്ടപ്പാടിയിലെ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യസംരക്ഷണത്തിനായി കോടിക്കണക്കിന് രൂപ ചെലവഴിച്ചിട്ടും അട്ടപ്പാടി ആദിവാസി മേഖലയിൽ ശിശുമരണം തുടർക്കഥയാകുന്നത് എന്തുകൊണ്ടാണെന്ന് വിലയിരുത്തിയിട്ടുണ്ടോ?''

''എല്ലാം ശരിയാകു''മെന്ന വാഗ്ദാനത്തോടെ അധികാരത്തിലേറിയ ഒന്നാം പിണറായി സർക്കാറിന്റെ മൂന്നാം വാർഷികാഘോഷ പരിപാടികൾ തുടങ്ങാനിരിക്കെയാണ് പതിനാലാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനത്തിൽ പാലക്കാട് എം.എൽ.എ ഷാഫി പറമ്പിൽ ഇങ്ങനെയൊരു ചോദ്യം ഉന്നയിച്ചത് (ചോദ്യ നമ്പർ 757). പട്ടികജാതി, പട്ടികവർഗ വകുപ്പ് മന്ത്രി എ.കെ. ബാലന്റെ മറുപടി ഇങ്ങനെയായിരുന്നു: ''തൂക്കക്കുറവോടുകൂടി ജനിക്കുന്ന കുഞ്ഞുങ്ങളാണ് പ്രധാനമായും മരണപ്പെട്ടിരിക്കുന്നത്. ഇത്തരം കുഞ്ഞുങ്ങൾക്ക് ജന്മനാലോ പിന്നീടോ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതായി മരണം സംബന്ധിച്ച റിപ്പോർട്ടുകളിൽ ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. വീടുകളിൽ നടന്നിരുന്ന പ്രസവം, കുടുംബത്തിൽനിന്ന് പ്രസവപരിചരണം ലഭിക്കാതിരുന്നത്, ചികിത്സാ വൈമുഖ്യം, വാഹന സൗകര്യത്തിന്റെ അഭാവം, മുലയൂട്ടുമ്പോൾ അനുഭവപ്പെടുന്ന ശ്വാസതടസ്സം തുടങ്ങിയവയായിരുന്നു പ്രധാന മരണകാരണങ്ങൾ. സർക്കാർ വകുപ്പുകളുടെ നിരന്തര ഇടപെടൽ നിമിത്തം ഇത്തരം കാരണങ്ങൾക്ക് പരിഹാരം കണ്ടെത്തി മരണനിരക്ക് കുറച്ചുകൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്.''

മന്ത്രിയുടെ മറുപടിയിൽ ഒരു കാര്യം ശ്രദ്ധിച്ചോ? പോഷകാഹാരക്കുറവ് അട്ടപ്പാടിയിലെ ശിശുമരണങ്ങളുടെ കാരണമായി എവിടെയും സൂചിപ്പിച്ചിട്ടില്ല. എന്നല്ല, അങ്ങനെയൊരു ആരോപണത്തെ/വാദത്തെ അദ്ദേഹം പൂർണമായും തള്ളിക്കളയുകയും ചെയ്യുന്നുണ്ട്. ഉപചോദ്യത്തിനുള്ള അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ: ''ഈ സർക്കാർ അധികാരത്തിൽ വന്നശേഷം അട്ടപ്പാടിയിൽ ആകെ 32 ശിശുമരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് (2016 മേയ് മുതൽ 2018 ഡിസംബർ വരെ). ഈ മരണങ്ങളെല്ലാംതന്നെ പോഷകാഹാരക്കുറവുമൂലമല്ലെന്നും ജന്മനാലുള്ള അസുഖങ്ങൾ കാരണമോ മുലയൂട്ടുമ്പോൾ അനുഭവപ്പെടുന്ന ശ്വാസതടസ്സം കാരണമോ ആണ് സംഭവിച്ചതെന്ന് അട്ടപ്പാടി ട്രൈബൽ ഹെൽത്ത് നോഡൽ ഓഫിസർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചെറുപ്രായത്തിലുള്ള വിവാഹം, രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹം, തുടർച്ചയായുള്ള ഗർഭധാരണം എന്നിവയും ശിശുമരണങ്ങൾക്ക് കാരണമാകാറുണ്ട്... അട്ടപ്പാടിയിൽ പോഷകാഹാരക്കുറവുമൂലം ശിശുമരണം ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടില്ല.''

മുൻ സർക്കാറിന്റെ കാലത്തെ അപേക്ഷിച്ച് മേഖലയിലെ ശിശുമരണ നിരക്ക് കുറച്ചുകൊണ്ടുവരാനായി എന്നതാണ് ആ ചർച്ചയിൽ നേട്ടമായി മന്ത്രി പറഞ്ഞത്. കണക്കുകൾവെച്ചുനോക്കുമ്പോൾ ആ അവകാശവാദത്തിൽ ശരിയുണ്ട്; അപ്പോഴും കേരളത്തിലെ ശിശുമരണ നിരക്കിനേക്കാൾ ഉയർന്ന തോതിൽതന്നെ അട്ടപ്പാടിയിലെ ആദിവാസി കുഞ്ഞുങ്ങൾ മരിച്ചുവീഴുന്നുണ്ടായിരുന്നുവെന്നത് മറ്റൊരു യാഥാർഥ്യം. അതെന്തായാലും, ഈ 'നേട്ട'ങ്ങൾക്ക് കാരണമായി അദ്ദേഹം ഉയർത്തിക്കാട്ടിയത് അട്ടപ്പാടിയിൽ ആവിഷ്കരിച്ച ചില പദ്ധതികളാണ്: പാചകം ചെയ്ത ഭക്ഷണം വിതരണം ചെയ്യുന്ന കമ്യൂണിറ്റി കിച്ചൻ പദ്ധതി, കുട്ടികൾക്കും കൗമാരപ്രായമായവർക്കുമുള്ള പോഷകാഹാര വിതരണം, പരമ്പരാഗത കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള മില്ലെറ്റ് വില്ലേജ് പദ്ധതി, സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതി, അലോപ്പതി ഒ.പി ക്ലിനിക്കുകൾ, മൊബൈൽ മെഡിക്കൽ യൂനിറ്റുകൾ, ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ജനനി ജന്മരക്ഷാ പദ്ധതി, സിക്കിൾ സെൽ അനീമിയ രോഗികൾക്കുള്ള സമാശ്വാസ ധനസഹായ പദ്ധതി, അട്ടപ്പാടിയിലെ കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ പുതുതായി ലഭ്യമാക്കിയ കിടത്തി ചികിത്സ അടക്കമുള്ള സൗകര്യങ്ങൾ തുടങ്ങിയവയെക്കുറിച്ചൊക്കെയാണ് മന്ത്രി പ്രധാനമായും വിശദീകരിച്ചത്.

കേൾക്കുമ്പോൾ മനസ്സിന് കുളിർമ തോന്നുന്ന വാഗ്ദാനങ്ങളാണിവയൊക്കെയും. മേൽ സൂചിപ്പിക്കപ്പെട്ട പദ്ധതികളൊക്കെയും നടപ്പിലാക്കിയിരുന്നുവെങ്കിൽ അട്ടപ്പാടിയിൽനിന്ന് പിന്നെയും ശിശുമരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുമായിരുന്നില്ല. എന്നാൽ, മുൻ വർഷങ്ങളിലേതുപോലെത്തന്നെ മാതൃ-ശിശു മരണങ്ങളുടെ ദുരന്തകഥകൾ പിന്നെയും അവിടെനിന്നു കേട്ടുകൊണ്ടിരിക്കുന്നു. 2019 ജനുവരിയിൽ നിയമസഭയെ അറിയിച്ച പദ്ധതികളൊക്കെയും പല കാരണങ്ങളാൽ പാതിവഴിയിൽ നിലച്ചുപോവുകയോ പരാജയപ്പെടുകയോ ചെയ്തുവെന്നാണ് ഇതിൽനിന്ന് പ്രാഥമികമായി മനസ്സിലാക്കേണ്ടത്.

അട്ടപ്പാടി: കേരള ആരോഗ്യമോഡലിന്റെ കണ്ണീർ

കേരളത്തിന്റെ ആരോഗ്യമോഡൽ ആഗോളതലത്തിൽതന്നെ പ്രശസ്തമാണമല്ലോ. ഐക്യ കേരള രൂപവത്കരണത്തിനും സ്വാതന്ത്ര്യത്തിനുമൊക്കെ മുന്നേയുണ്ട് മലയാളക്കരക്ക് ഈ ഖ്യാതി. എഡ്വേർഡ് ജെന്നർ 1796ൽ ആദ്യമായി ഗോവസൂരി പ്രയോഗം വിജയകരമായി നടപ്പിലാക്കി പത്ത് വർഷത്തിനുള്ളിൽതന്നെ ആ വിദ്യ ഇങ്ങ് തിരുവിതാംകൂറിലുമെത്തി എന്നതാണ് ചരിത്രം. റാണി ഗൗരി ലക്ഷ്മിഭായ് മദ്രാസിൽനിന്ന് വിദഗ്ധരെ കൊണ്ടുവന്ന് ഒരു കന്നുകുട്ടി ലായം സ്ഥാപിച്ച് സർക്കാർ ചെലവിൽ വാക്സിനേഷൻ നടപ്പാക്കി. അതേ കാലത്തുതന്നെ ആശുപത്രികൾ സ്ഥാപിച്ച് വ്യവസ്ഥാപിതവും ശാസ്ത്രീയവുമായ ചികിത്സാ പദ്ധതികളും തിരുവിതാംകൂറിൽ ആവിഷ്കരിച്ചു. തിരുവിതാംകൂറിന്റെ ഈ സവിശേഷ ആരോഗ്യമോഡൽ പിന്നീട് തിരു-കൊച്ചിയിലേക്കും ഐക്യകേരള രൂപവത്കരണത്തിനുശേഷം മലബാറിലേക്കും വ്യാപിച്ചു. ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള പ്രഥമ സർക്കാർ കേരള മോഡലിനായി പ്രത്യേക പദ്ധതികളും നയങ്ങളും ആവിഷ്കരിക്കുകയും ചെയ്തു. തുടർന്നുവന്ന സർക്കാറുകളും അതേറ്റുപിടിച്ചതോടെ, ഇതര സംസ്ഥാനങ്ങളിൽനിന്നും ഭിന്നമായതും വികസിത രാജ്യങ്ങളോട് കിടപിടിക്കുന്നതുമായൊരു ആരോഗ്യ-ചികിത്സാ മേഖല കേരളത്തിൽ യാഥാർഥ്യമായി.

ഈ ആരോഗ്യമോഡലിന്റെ ഗുണഫലങ്ങളും കേരളീയർക്ക് ലഭിച്ചിട്ടുണ്ട്. 2018ൽ കേരളത്തിൽ റിപ്പോർട്ട് ചെയ്ത നിപയുടെ കാര്യംതന്നെ എടുക്കുക. ലോകത്ത് അത്യപൂർവമായി മാത്രം റിപ്പോർട്ട് ചെയ്തിട്ടുള്ള നിപ വൈറസിനെ കേവലം മൂന്നാഴ്ചകൊണ്ട് പിടിച്ചുനിർത്താനായി എന്നത് അത്ഭുതത്തോടെയല്ലാതെ ആരും നോക്കിക്കാണില്ല. 17 മരണം മാത്രമാണ് അന്ന് സംഭവിച്ചത്. തൊട്ടടുത്തവർഷം രോഗം റിപ്പോർട്ട് ചെയ്തെങ്കിലും കാര്യമായ പരിക്കുകളില്ലാതെ മുന്നോട്ടുപോകാൻ കഴിഞ്ഞതും നമ്മുടെ ആരോഗ്യ മോഡലിന്റെ മികവുകൊണ്ടുമാത്രമാണ്. ഈ മികവ് കോവിഡ് കാലത്തും നമുക്ക് രക്ഷയായിട്ടുണ്ട്. അതുകൊണ്ടുകൂടിയാണ് തുടർച്ചയായ വർഷങ്ങളിലും നീതി ആയോഗ് റിപ്പോർട്ടിൽ കേരളം ഒന്നാം സ്ഥാനത്ത് വരുന്നത്. എന്നാൽ, ഈ വികസന മോഡലുകളിൽനിന്നെല്ലാം സംസ്ഥാനത്തെ ആദിവാസി സമൂഹം ബഹിഷ്കൃതരാവുകയാണ്. കൊട്ടിഗ്ഘോഷിക്കപ്പെടുന്ന ആരോഗ്യമോഡലിന്റെ ഒരു ഗുണഫലവും അവർക്ക് ലഭിക്കാറില്ലെന്നതാണ് യാഥാർഥ്യം. നമ്മുടെ ആരോഗ്യസൂചികകൾതന്നെയാണ് ഇതിന്റെ ഏറ്റവും മികച്ച തെളിവ്. ഇന്ത്യയിലെ ശിശുമരണ നിരക്ക് കണക്കാക്കിയിരിക്കുന്നത് 27 എന്നാണ്. ആയിരം കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ, അവരിൽ ഒരു വയസ്സിനു മുന്നേ 27 പേർ മരണത്തിന് കീഴ്പ്പെടുന്നുവെന്നാണ് ഇതിനർഥം. കേരളത്തിൽ ഇത് കേവലം ആറ് ആണ്; അമേരിക്കയുടെ അതേ നിരക്ക്! എന്നാൽ, അട്ടപ്പാടിയിൽ മൂന്ന് വർഷത്തിനിടെ 32 പേർ മരണപ്പെട്ടുവെന്ന കണക്ക് പരിശോധിക്കുമ്പോൾ അത് ദേശീയ ശരാശരിക്ക് അടുത്തുവരുന്നു. മാതൃമരണത്തിന്റെ കാര്യത്തിലും ഈ അന്തരം കാണാം. ആരോഗ്യപരിപാലനത്തിലെ വിവേചനവും കെടുകാര്യസ്ഥതയും അഴിമതിയുമൊക്കെ ഇതിന് കാരണമായി ചൂണ്ടിക്കാണിക്കാനാവും.

അഗളിയിൽ, ഗർഭിണിയായ ആദിവാസി യുവതിയെ മുളമഞ്ചലിൽ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു (2018 ജൂൺ ആറ്)

അഗളിയിൽ, ഗർഭിണിയായ ആദിവാസി യുവതിയെ മുളമഞ്ചലിൽ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു (2018 ജൂൺ ആറ്)

കേരള ആരോഗ്യമോഡലിന്റെ ഒരു ഗുണവും ആദിവാസി വിഭാഗങ്ങൾക്ക് ലഭിക്കുന്നില്ല എന്നത് കേവലം ആരോപണമല്ല. വിവിധ അനുഭവങ്ങളും കണക്കുകളും നമുക്ക് മുന്നിൽ വെക്കുന്ന യാഥാർഥ്യം തന്നെയാണത്. അട്ടപ്പാടിയുടെ പശ്ചാത്തലത്തിൽ ആ യാഥാർഥ്യം കൂടുതൽ വെളിവായിക്കൊണ്ടിരിക്കുന്നു. ആദിവാസികൾക്കുവേണ്ടി കോടികൾ ചെലവഴിച്ചിട്ടും അവിടെ മാതൃ-ശിശു മരണങ്ങൾ തുടർക്കഥയാകുന്നത് ഇതുകൊണ്ടാണ്. പാലക്കാട് ജില്ലയിലെ അഗളി, ഷോളയൂർ, പൂതൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെട്ട ബ്ലോക്കാണ് അട്ടപ്പാടി എന്നറിയപ്പെടുന്നത്. പ്രധാനമായും മൂന്ന് ഗോത്രവർഗങ്ങളാണ് ഇവിടെയുള്ളത്: ഇരുളർ, കുറുംബർ, മുഡുഗർ. ജനസംഖ്യ ഏകദേശം 33,000 വരും.

2021 നവംബറിൽ മാത്രം അഞ്ച് കുട്ടികളും ഒരമ്മയുമാണ് അട്ടപ്പാടിയിൽ മരണപ്പെട്ടത്. ഈയടുത്തകാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും വലിയ നിരക്കാണിത്. കഴിഞ്ഞവർഷം, ഇവിടെ ഒമ്പത് ശിശുമരണം റിപ്പോർട്ട് ചെയ്തുവെന്നാണ് ഔദ്യോഗിക കണക്ക്. 'ഔദ്യോഗികം' എന്ന വാക്ക് പ്രത്യേകം ശ്രദ്ധിക്കണം. പല ശിശുമരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടാറില്ലെന്നതാണ് യാഥാർഥ്യം. ഏതാനും വർഷങ്ങൾക്ക് മുമ്പ് നടന്ന അത്തരമൊരു 'അനൗദ്യോഗിക' ശിശുമരണത്തിന്റെ കഥകൂടി പറയാം. പുലർച്ചെ കോയമ്പത്തൂർ ആശുപത്രിക്കുമുന്നിൽ കൈയിൽ ഒരു സഞ്ചിയുമായി ആദിവാസി യുവതി നിലവിട്ട് കരയുന്നു. ആളുകൾ ഓടിക്കൂടി നോക്കുമ്പോൾ ആ സഞ്ചിയിൽ അവരുടെ സ്വന്തം കുഞ്ഞിന്റെ മൃതശരീരമാണ്. അട്ടപ്പാടിയിൽനിന്ന് വന്നതായിരുന്നു അവർ. കോട്ടത്തറ ആശുപത്രിയിൽവെച്ചാണ് കുട്ടി മരണപ്പെടുന്നത്. എന്നാൽ, മരണം റിപ്പോർട്ട് ചെയ്യാതെ (അമ്മയെ അറിയിക്കുകപോലും ചെയ്യാതെ) ആശുപത്രി അധികൃതർ 'തുടർ ചികിത്സക്കാ'യി ആംബുലൻസിൽ കോയമ്പത്തൂരിലേക്ക് അയച്ചു. കോയമ്പത്തൂർ ആശുപത്രിക്കുമുന്നിൽ ആ സ്ത്രീയെ ഇറക്കിവിട്ട് ആംബുലൻസുമായി ഡ്രൈവർ മറഞ്ഞു. നിസ്സഹായതയുടെ ആ നിമിഷങ്ങളിലാണ് അവർ അവിടെ നിലവിളിച്ചുകൊണ്ടിരുന്നത്. കോയമ്പത്തൂർ ആശുപത്രിയിൽവെച്ച് മരണം 'സ്ഥിരീകരിച്ച' അവർ അവിടെനിന്ന് മടങ്ങി. അപ്പോഴും മൃതദേഹം സഞ്ചിയിൽതന്നെ. തിരിച്ച് നാട്ടിൽപോകാൻ വാഹനമില്ലാത്തതിനാൽ വഴിയിലെവിടെയോ കുഞ്ഞിനെ മറവുചെയ്ത് അവർ സ്വന്തം ഊരിലേക്ക് നടന്നു.

ഇതുപോലെ അധികാരികളുടെ കണക്കിൽപെടാത്ത 'സഞ്ചികളിലൊളിപ്പിച്ച' ശിശുമരണങ്ങളും അട്ടപ്പാടിയിൽ എമ്പാടുമുണ്ട്. 2013ൽ, 31 ശിശുമരണമാണ് ഇവിടെ രേഖപ്പെടുത്തിയത്. കഴിഞ്ഞ 30 വർഷത്തിനിടെ, അട്ടപ്പാടിയിലെ ശിശുമരണം ഒരുപക്ഷേ ഏറ്റവും കൂടുതൽ ചർച്ചയായ സമയംകൂടിയായിരുന്നു ഇത്. അന്ന് ഇവിടെ സന്ദർശിച്ച് യൂനിസെഫ് തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്, ൈട്രബൽ സ്പെഷാലിറ്റി ആശുപത്രിയിൽ ഗർഭിണികൾക്ക് വേണ്ട അയേൺ, ഫോളിക് ആസിഡ് ഗുളികകൾപോലുമില്ല എന്നാണ്. പ്രദേശത്തെ ഭൂരിഭാഗം സ്ത്രീകളും അനീമിയ രോഗബാധിതരുമാണെത്ര. ഇതേ സമയത്തുതന്നെ, അന്ന് പ്രതിപക്ഷ കക്ഷിയായിരുന്ന സി.പി.എം നിയോഗിച്ച, ഡോ. ഇക്ബാലിന്റെ നേതൃത്വത്തിലുള്ള ആരോഗ്യവിദഗ്ധരുടെ സംഘവും വിശദമായ മാർഗരേഖ തയാറാക്കിയിരുന്നു. ആദിവാസിക്ഷേമത്തിനായി വിവിധ കാലത്ത് ആവിഷ്കരിച്ച പദ്ധതികളെല്ലാം പൂർണമായും താളംതെറ്റിയെന്നും ഡോ. ബി. ഇക്ബാൽ കമ്മിറ്റി കണ്ടെത്തി. അട്ടപ്പാടിയുടെ ദുർഗതി മാറ്റാൻ അന്ന് കേന്ദ്രവും സഹായത്തിനെത്തി. കുറുമ്പ പാക്കേജ്, അന്നമുറപ്പാക്കൽ പദ്ധതി എന്നിവക്കായി 220 കോടിയാണ് കേന്ദ്രം പ്രഖ്യാപിച്ചത്. സംസ്ഥാന സർക്കാറും നല്ലൊരു തുക അട്ടപ്പാടിക്ക് അനുവദിച്ചു. ഇതിനൊക്കെ പുറമെയാണ്, മന്ത്രി എ.കെ. ബാലൻ നിയമസഭയിൽ വിശദീകരിച്ച പദ്ധതികൾ. എന്നിട്ടും 2021ൽ ഒമ്പത് മരണം റിപ്പോർട്ട് ചെയ്തു. 2013നുശേഷം, ഇതിനകം 125ഓളം ആദിവാസി ശിശുക്കൾ അട്ടപ്പാടിയിൽ മരണപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. ശിശുമരണങ്ങൾ ഇത്തരത്തിൽ തുടർക്കഥയായപ്പോഴാണ് ഇതുസംബന്ധിച്ച പഠനത്തിന് മാനന്തവാടി എം.എൽ.എയായ ഒ.ആർ. കേളു അധ്യക്ഷനായ നിയമസഭാ സമിതിയെ നിയോഗിച്ചത്. ഈ സമിതി സമർപ്പിച്ച പഠനറിപ്പോർട്ടിൽ അട്ടപ്പാടിയുടെ വർത്തമാന ചിത്രങ്ങൾ വ്യക്തമാണ്.

നിയമസഭ സമിതിയുടെ കണ്ടെത്തലും ശിപാർശകളും

2021 നവംബറിലെ കൂട്ടമരണത്തിന്റെ പശ്ചാത്തലത്തിലാണ് ഒ.ആർ. കേളുവിന്റെ നേതൃത്വത്തിലുള്ള സമിതി അട്ടപ്പാടിയിലെത്തിയത്. ഡിസംബർ 21നായിരുന്നു സന്ദർശനം. അട്ടപ്പാടിയിലെ തെക്കേ പൂതൂർ, വടക്കോട്ടത്തറ എന്നീ കോളനികളും കോട്ടത്തറ ഗവ. ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയും സന്ദർശിച്ച സംഘം അഗളിയിലെ കില ഓഡിറ്റോറിയത്തിൽ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്തു. പ്രസ്തുത സന്ദർശനത്തിന്റെയും ചർച്ചയുടെയും അടിസ്ഥാനത്തിൽ തയാറാക്കിയ റിപ്പോർട്ട് ഫെബ്രുവരി ഒമ്പതിന് സമർപ്പിച്ചു.

അട്ടപ്പാടിയിലെ 80 ശതമാനത്തോളം പേരും മതിയായ പോഷകാഹാരം കിട്ടാതെ രക്തക്കുറവിനാൽ വിളർച്ച ബാധിച്ചവരും അരിവാൾ രോഗം പിടിപെട്ടവരാണെന്നും റിപ്പോർട്ടിന്റെ തുടക്കത്തിൽതന്നെ വ്യക്തമാക്കുന്നുണ്ട്. തെക്കേ പൂതൂർ കോളനിയിലെത്തിയ സംഘം അവിടെ അമ്മയും കുഞ്ഞും മരിച്ച വീട് സന്ദർശിച്ചിരുന്നു. മരിച്ച സ്ത്രീക്ക് അരിവാൾ രോഗമുണ്ടായിരുന്നതായി സമിതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. കേരള മോഡലിനുള്ളിലെ ആദിവാസികളുടെ ആരോഗ്യസ്ഥിതി റിപ്പോർട്ടിൽ ഇങ്ങനെ വായിക്കാം: ''അട്ടപ്പാടിയിൽ ഒരു വർഷത്തിനിടെ ട്രൈബൽ വിഭാഗത്തിൽ പെട്ടവരിൽ 229 പേരാണ് ഗർഭിണികളായിട്ടുള്ളതെന്നും അതിൽതന്നെ ഹൈ റിസ്കിൽ 185 പേരും വെരി ഹൈ റിസ്കിൽ 42 പേരും ഉൾപ്പെട്ടിരിക്കുന്നുവെന്നും ഗർഭിണികളിൽതന്നെ 15 പേർക്ക് അരിവാൾ രോഗം സ്ഥിരീകരിച്ചിരിക്കുന്നുവെന്നും കുട്ടികളിൽ ഗുരുതരമായ തോതിൽ പോഷകാഹാരക്കുറവുള്ളത് 33 പേർക്കും മോഡറേറ്റ് പോഷകാഹാരക്കുറവുള്ളത് 162 പേർക്കുമാണെന്ന് പാലക്കാട് ഡി.എം.ഒ വ്യക്തമാക്കി. 2013നുശേഷം, അരിവാൾ രോഗത്തിന്റെ സ്ക്രീനിങ് നടത്തിയിട്ടില്ല. ഫണ്ടിന്റെ അപര്യാപ്തതയും ആവശ്യമായ ഉപകരണങ്ങൾ ഇല്ലാത്തതുമാണ് പരിശോധന മുടങ്ങാൻ കാരണം. കോട്ടത്തറ ആശുപത്രിയിൽ എത്തുന്ന ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും മാത്രമാണ് നിലവിൽ ടെസ്റ്റ് നടത്തുന്നത്; ഇതിനുപകരം, വിപുലമായ സ്ക്രീനിങ് ക്യാമ്പ് നടത്തുകയാണെങ്കിൽ രോഗികളെ കണ്ടെത്തി അവർക്ക് ചികിത്സ ഉറപ്പാക്കാമെന്നും ഡി.എം.ഒ അറിയിച്ചു.''

മേൽ സൂചിപ്പിച്ച കോട്ടത്തറ ആശുപത്രിയുടെ കാര്യം അതിലും കഷ്ടമാണെന്ന് റിപ്പോർട്ട് സാക്ഷ്യപ്പെടുത്തുന്നുണ്ട്. പരിമിതികളുടെ നടുവിലാണ് ഈ ആശുപത്രി പ്രവർത്തിക്കുന്നതെന്ന് സമിതിയും സമ്മതിക്കുന്നുണ്ട്. പ്രതിവർഷം ആയിരം ഗർഭിണികൾക്കെങ്കിലും ആശ്രയമാകുന്ന ഈ ആശുപത്രിയിൽ സ്കാനിങ് സൗകര്യം ആഴ്ചയിൽ ഒരു ദിവസം മാത്രമാണ്. പോഷകക്കുറവ്, അരിവാൾ രോഗം തുടങ്ങിയ അസുഖങ്ങൾ ഉള്ള സ്ത്രീകൾക്ക് വിദഗ്ധ ചികിത്സ നൽകാൻ ആവശ്യത്തിന് ഡോക്ടർമാരോ സംവിധാനങ്ങളോ ഇവിടെയില്ല. ഇത്തരം രോഗികളെ മറ്റു ആശുപത്രികളിലേക്ക് പറഞ്ഞയക്കുകയാണത്രെ പതിവ്. ചുരം കടന്ന് കിലോമീറ്ററുകളോളം യാത്ര ചെയ്യാനുള്ള ഗതാഗത സൗകര്യങ്ങളോ സാമ്പത്തിക സ്ഥിതിയോ അട്ടപ്പാടിയിലെ ആദിവാസികൾക്കില്ല. അതുകൊണ്ടാണ് പലപ്പോഴും 'ആദിവാസി സ്ത്രീ വഴിയിൽ പ്രസവിച്ചു' എന്ന തരത്തിലുള്ള വാർത്തകൾ നിരന്തരമായി മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.

കോട്ടത്തറ ഗവ. ട്രൈബൽ ആശുപത്രിക്കുമുന്നിൽ ആദിവാസി വയോധികൻ

കോട്ടത്തറ ഗവ. ട്രൈബൽ ആശുപത്രിക്കുമുന്നിൽ ആദിവാസി വയോധികൻ

2018 ജൂൺ ഏഴിന് മലയാളത്തിലെ മിക്ക ദിനപത്രങ്ങളിലും പ്രസിദ്ധീകരിച്ച ഒരു ആദിവാസി സ്ത്രീയുടെ ചിത്രം ഈ സന്ദർഭത്തിൽ ഓർക്കാവുന്നതാണ്. അഗളി ഇടവാണിയിലെ മണി എന്ന ആദിവാസി യുവതിയെ പ്രസവവേദനയെ തുടർന്ന് മുളയിൽ കെട്ടി പുഴകടത്തി ആശുപത്രിയിലെത്തിക്കുന്നതിന്റെ അതിദയനീയ ചിത്രമായിരുന്നു അത്. ചൊവ്വാഴ്ച പുലർച്ചെ പ്രസവവേദന അനുഭവപ്പെട്ടപ്പോൾതന്നെ തൊട്ടടുത്ത പ്രാഥമികാരോഗ്യകേന്ദ്രത്തിൽ വിളിച്ച് ആംബുലൻസ് ആവശ്യപ്പെട്ടിരുന്നു. മണിക്കൂറുകൾ കാത്തിരുന്നിട്ടും വാഹനം എത്താതായതോടെയാണ് ബന്ധുക്കൾക്ക് മണിയെ മുളമഞ്ചലിലേറ്റി വന്യമൃഗങ്ങളുടെ വിഹാരഭൂമിയിലൂടെ നാലു കിലോമീറ്റർ നടക്കേണ്ടിവന്നത്. പിന്നീട് ആംബുലൻസ് എത്തി മണിയെ കോട്ടത്തറ ൈട്രബൽ ആശുപത്രിയിലെത്തിക്കുമ്പോൾ സമയം രാവിലെ ഒമ്പതര കഴിഞ്ഞു. ഇടവാണി അടക്കമുള്ള ആദിവാസി ഉൗരുകളിലേക്ക് റോഡ് സൗകര്യമില്ലാത്ത സാഹചര്യത്തിൽ ഗർഭിണികളെയും മറ്റും നേരേത്തതന്നെ ആശുപത്രികളിൽ പ്രവേശിപ്പിക്കാൻ ആരോഗ്യവകുപ്പിനും ഐ.ടി.ഡി.പിക്കും (ഇന്റേഗ്രറ്റഡ് ൈട്രബൽ ഡെവലപ്മെൻറ് േപ്രാജക്ട്) ബാധ്യതയുണ്ടായിരിക്കെയാണ് ഗുരുതരമായ ഈ വീഴ്ച. 85 വർഷം മുമ്പുതന്നെ പ്രസവശസ്ത്രക്രിയ വിജയകരമായി നടത്തി വികസിത രാജ്യങ്ങൾക്കൊപ്പം സഞ്ചരിച്ചതിന്റെ മേനിപറയുന്ന നാട്ടിലാണ് ആദിവാസി യുവതികൾക്ക് ഈ ദുർഗതിയെന്നോർക്കണം. വിഖ്യാതമായ 'ആരോഗ്യമോഡലി'ൽനിന്ന് ഒരു ജനത ആറു പതിറ്റാണ്ടിനുശേഷവും പുറത്താണെന്നതിന് ഇതിൽപരം മറ്റെന്തു തെളിവാണ് വേണ്ടത്? ആരോഗ്യമോഡലിന്റെ പഴുതുകൾ മാത്രമല്ല, അതിൽ ഈ നാട്ടിലെ ഉദ്യോഗസ്ഥരുടെ അലംഭാവംകൂടി സൂചിപ്പിക്കുന്നുണ്ട് ഈ സംഭവം.

നിയമസഭാ സമിതി റിപ്പോർട്ട് അവസാനിക്കുന്നത് അത്തരമൊരു മുന്നറിയിപ്പും ആധിയും പങ്കുവെച്ചുകൊണ്ടാണ്. കഴിഞ്ഞ എട്ടു വർഷത്തിനിടെ വിവിധ കേന്ദ്ര-സംസ്ഥാന പദ്ധതികൾക്കായി അട്ടപ്പാടിയിൽ ചെലവഴിച്ചത് 250 കോടിയിലധികം രൂപയാണേത്ര. ആളോഹരി മുക്കാൽ ലക്ഷം രൂപയെന്നർഥം. ഇത്രയൊക്കെ ചെലവഴിച്ചിട്ടും ആദിവാസി ജീവിതം പിന്നെയും ദുരിതമായി തുടരുന്നതെന്തുകൊണ്ടായിരിക്കുമെന്ന ചോദ്യം അവശേഷിപ്പിച്ചാണ് റിപ്പോർട്ട് അവസാനിക്കുന്നത്. കേളു സമിതിയുടെ ശിപാർശകളെ ഇങ്ങനെ സംഗ്രഹിക്കാം:

-അട്ടപ്പാടിയിൽ കൂടുതലായി ശിശുമരണങ്ങൾ സംഭവിക്കുന്നതിന്റെ കാരണം സംബന്ധിച്ച് സമഗ്രമായ പഠനം നടത്തണം. ചികിത്സാ ഫണ്ടുകൾ യഥാസമയം ലഭ്യമാക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം.

-വടക്കോട്ടത്തറ കോളനിയിലെ അരിവാൾ രോഗികൾക്ക് അടിയന്തര ചികിത്സാ സഹായം നൽകണം.

-കൗമാരപ്രായം മുതൽതന്നെ പെൺകുട്ടികളുടെ ആരോഗ്യപരിരക്ഷക്കായ ആവശ്യമായ നടപടികൾ വേണം.

-കമ്യൂണിറ്റി കിച്ചൺ വഴി വിതരണം ചെയ്യുന്ന ഭക്ഷണത്തിൽ പാൽ, മുട്ട, ഇറച്ചി, പച്ചക്കറി മുതലായവകൂടി ഉൾപ്പെടുത്തണം.

-കുടിവെള്ളപ്രശ്നത്തിന് ശാശ്വത പരിഹാരം വേണം.

-കോട്ടത്തറ ആശുപത്രിയിൽ ശിശു, ഗൈനക്കോളജി വിഭാഗങ്ങളിൽ സീനിയർ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണം. ആശുപത്രിയിൽ വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസ് വേണം. അരിവാൾ രോഗികൾക്കുള്ള സ്ക്രീനിങ് പുനരാരംഭിക്കണം.

-രോഗികളെ യഥാസമയം ആശുപത്രിയിലെത്തിക്കാൻ പ്രാദേശികതലത്തിൽ ആംബുലൻസുകൾ സജ്ജീകരിക്കണം.

-ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗത്തിലുള്ള കുട്ടികൾക്കും സ്കൂളുകളിൽ പ്രഭാതഭക്ഷണം വിതരണം ചെയ്യണം.

-ആദിവാസി ഊരുകളിലെ വ്യാജമദ്യ നിർമാണവും വിതരണവും തടയണം.

-അട്ടപ്പാടി മേഖലയിൽ സ്വന്തമായി ഭൂമിയില്ലാത്തവർക്ക് ഭൂമി കണ്ടെത്തി നൽകണം; ഊരുകളിലേക്കുള്ള കുടിയേറ്റവും ആദിവാസി ഭൂമി കൈയേറ്റവും തടയുന്നതിന് ശക്തമായ നടപടി വേണം.

-പരമ്പരാഗത കൃഷി പ്രോത്സാഹിപ്പിക്കണം. തൊഴിലുറപ്പ് ദിനങ്ങൾ വർധിപ്പിക്കണം.

-ഊരുകളിലേക്കുള്ള റോഡുകൾ ഗതാഗതയോഗ്യമാക്കണം.

-ആദിവാസി ഫണ്ട് വിനിയോഗത്തിന് സുതാര്യമാക്കുന്നതിന് പ്രത്യേക സമിതിയെ നിശ്ചയിക്കണം.

അട്ടപ്പാടിയുടെ ആരോഗ്യസൂചിക

അട്ടപ്പാടിയുടെ ആരോഗ്യസൂചിക

ദലിത് സമുദായ മുന്നണി അട്ടപ്പാടിയിൽ കണ്ടത്

നിയമസഭാ സമിതിയുടെ ശിപാർശകളിലൂടെയും നിർദേശങ്ങളിലൂടെയും കണ്ണോടിക്കുമ്പോൾ ഒരു കാര്യം വ്യക്തമാകും: ഇക്കാലമത്രയും അട്ടപ്പാടിയിൽ ആദിവാസികൾക്കായി പ്രഖ്യാപിച്ചതും ആവിഷ്കരിച്ചതുമായ പദ്ധതികളത്രയും തികഞ്ഞ പരാജയമായിരുന്നു. ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് മന്ത്രി എ.കെ. ബാലൻ നിയമസഭയിൽ പ്രഖ്യാപിച്ച വാഗ്ദാനങ്ങളിൽ പലതും കടലാസിൽ തന്നെയാണെന്നും ഈ റിപ്പോർട് വ്യക്തമാക്കുന്നു. എന്നാൽ, ഈ റിപ്പോർട്ട് സമഗ്രമാണെന്നൊന്നും പറയാനാവില്ല. വിഷയത്തിന്റെ മർമപ്രധാനമായ പല ഭാഗങ്ങളിലേക്ക് കടക്കാതെ കാര്യങ്ങൾ പരാമർശിച്ചുപോവുക മാത്രമാണ് ഇവിടെ ചെയ്തിരിക്കുന്നത്. ഇൗ പശ്ചാത്തലത്തിലാണ് 'ദലിത് സമുദായ മുന്നണി' അട്ടപ്പാടിയിൽ നടത്തിയ വസ്തുതാന്വേഷണ റിപ്പോർട്ട് പ്രസക്തമാകുന്നത്. നിയമസഭാ സമിതി റിപ്പോർട്ടിലെ പഴുതുകളിലേക്ക് കൂടുതൽ വ്യക്തതയോടെ സമീപിക്കുന്നു ദലിത് സമുദായ മുന്നണിയുടെ പഠനം. എന്നല്ല, ശിശുമരണങ്ങളെക്കുറിച്ച് ഇനിയും കാര്യമായ ചർച്ച നടന്നിട്ടില്ലാത്ത മേഖലകളിലേക്കും ഈ റിപ്പോർട്ട് കടന്നുചെല്ലുന്നുണ്ട്.

ദലിത് സമുദായ മുന്നണി തയാറാക്കിയ വസ്തുതാന്വേഷണ റിപ്പോർട്ട്

ദലിത് സമുദായ മുന്നണി തയാറാക്കിയ വസ്തുതാന്വേഷണ റിപ്പോർട്ട്

ഒ.ആർ. കേളുവും സംഘവും അട്ടപ്പാടി സന്ദർശിച്ച് മടങ്ങി രണ്ട് ദിവസം കഴിഞ്ഞാണ് ദലിത് സമുദായ മുന്നണിയുടെ പ്രവർത്തകർ അവിടെയെത്തിയത്. സണ്ണി എം. കപിക്കാട്, ബിജോയ് ഡേവിഡ്, മണികണ്ഠൻ കാട്ടാമ്പള്ളി, ചിത്ര നിലമ്പൂർ, ആർ. അനിരുദ്ധൻ, ഡോ. ടി.എൻ. ഹരികുമാർ തുടങ്ങി മുന്നണിയുടെ സംസ്ഥാന നേതാക്കൾക്കൊപ്പം വിദഗ്ധ ഡോക്ടർമാർ, മാധ്യമപ്രവർത്തകർ, എഴുത്തുകാർ തുടങ്ങിയവരുമുണ്ടായിരുന്നു. അഞ്ച് സംഘങ്ങളായി തിരിഞ്ഞ് മൂന്ന് ദിവസം അവർ അട്ടപ്പാടിയുടെ വിവിധ ഭാഗങ്ങളിൽനിന്നായി വിവരങ്ങൾ ശേഖരിച്ചു. 17 ഊരുകൾ സന്ദർശിച്ച് 250 പേരിൽനിന്നായി വിവരശേഖരണം നടത്തി. ഇതിൽ ആശാവർക്കർമാർ, ഉദ്യോഗസ്ഥർ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവരും ഉൾപ്പെടും. ഇതിനുപുറമെ, കോട്ടത്തറ ട്രൈബൽ ആശുപത്രി, മൂന്ന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, 13 സബ് സെന്ററുകൾ എന്നിവയും സംഘം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

അട്ടപ്പാടിയിലെ ആദിവാസി വിഭാഗങ്ങൾ നേരിടുന്ന അതിജീവന വെല്ലുവിളികളെ, ശിശുമരണങ്ങളെ മുൻനിർത്തി നേരിട്ട് പഠിച്ചു മനസ്സിലാക്കുകയായിരുന്നു ഈ സംഘത്തിന്റെ പ്രധാന ലക്ഷ്യം. മേഖലയിലെ ആദിവാസികളുടെ ആരോഗ്യത്തെ സംബന്ധിച്ച് അങ്ങേയറ്റം അപകടകരമായ അവസ്ഥ നിലനിൽക്കുന്നുവെന്നും അക്ഷരാർഥത്തിൽതന്നെ ആ ജനത വംശനാശത്തിന്റെ വക്കിലാണെന്നും അന്വേഷണത്തിനൊടുവിൽ ബോധ്യപ്പെടുകയും ചെയ്തു. പ്രാഥമികമായ വിലയിരുത്തലിൽതന്നെ ശിശുമരണങ്ങളിലൂടെയും ഗർഭം അലസിപ്പോകുന്നതിലൂടെയുമെല്ലാം കഴിഞ്ഞ പത്ത് വർഷത്തിനിടെ അട്ടപ്പാടിയിൽ 200ലധികം മക്കളെ ആ ജനതക്ക് നഷ്ടമായിട്ടുണ്ട്. മറ്റൊരർഥത്തിൽ, ശിശുമരണ നിരക്ക് ദേശീയ ശരാശരിയെക്കാളും കൂടുതലാണ് ഇവിടെ. ദലിത് സമുദായ മുന്നണിയുടെ കണ്ടെത്തലുകൾ ഇങ്ങനെ സംഗ്രഹിക്കാം:

-കാക്കത്തൊള്ളായിരം പദ്ധതികളുണ്ടായിട്ടും ഗർഭിണികൾക്കും അമ്മമാർക്കും ആവശ്യത്തിന് പോഷകാഹാരം ലഭിക്കുന്നില്ല.

-വ്യക്തിശുചിത്വം, പരിസരശുചിത്വം എന്നിവയുടെ അപര്യാപ്തതമൂലം ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നു. അട്ടപ്പാടിയിലെ ഗർഭിണികളിൽ കാലിൽ കാണുന്ന നീരും നെെഞ്ചരിച്ചിലും മലബന്ധവും വിളർച്ചയും എല്ലാം വ്യാപകമാണ്. മാത്രമല്ല, ഗർഭിണികളായ യുവതികൾക്ക് വേണ്ടത്ര ശരീരഭാരം ഇല്ലായ്മയും കാരണം 60 ശതമാനത്തിലേറെ ഗർഭവും അലസിപ്പോകുന്നതായി ഊരുവാസികളുമായുള്ള സംഭാഷണത്തിൽനിന്നും വ്യക്തമായി. ആരോഗ്യസംരക്ഷണ മാർഗങ്ങളെക്കുറിച്ചുള്ള അവബോധമില്ലായ്മ ഈ പ്രശ്നത്തിന്റെ ആക്കം കൂട്ടുന്നു.

-നേരത്തേയുള്ള വിവാഹങ്ങളും ഒരേ ഊരിൽനിന്നുള്ള വിവാഹങ്ങളും ശിശുമരണ നിരക്കും ജനിതക വൈകല്യങ്ങളും വർധിക്കാൻ കാരണമാകുന്നു.

-ആശുപത്രികളെ ഉചിതസമയത്ത് സമീപിക്കുന്നതിനുള്ള വിമുഖതയും ആശുപത്രികളിൽ എത്തിച്ചേരാനുള്ള സൗകര്യക്കുറവും നിലനിൽക്കുന്നുണ്ട്. സാമ്പത്തിക പരാധീനതകളും ഗതാഗത സൗകര്യക്കുറവും ഈ ശീലത്തെ പരിപോഷിപ്പിക്കുന്നു.

-ഊരുനിവാസികളിൽ ഭൂരിപക്ഷം പേർക്കും പ്രമേഹവും രക്തസമ്മർദവുമുണ്ട്. അരിവാൾ രോഗം/വിളർച്ച, തൈറോയ്ഡ് തുടങ്ങിയ രോഗങ്ങളും വ്യാപകമാണ്.

-ഗർഭകാല പരിചരണം ഒട്ടും ലഭ്യമല്ലാത്ത അവസ്ഥ നിലനിൽക്കുന്നു.

-കോവിഡ് പോലുള്ള പകർച്ചവ്യാധികൾ നിയന്ത്രിക്കാൻ ഐസൊലേഷൻ സൗകര്യം 300 ച.അടി മാത്രം വിസ്തീർണമുള്ള വീടുകളിൽ സാധ്യമല്ലാത്തതിനാൽ രോഗം എല്ലാ കുടുംബാംഗങ്ങളിലേക്കും പടരുന്നു.

-ഒരു ഊരിലും ശുദ്ധജലം ലഭ്യമല്ല. പലയിടത്തും ശുദ്ധീകരിക്കാത്ത പുഴവെള്ളം പമ്പുചെയ്തുകൊടുക്കുകയാണ്. ഈ വെള്ളത്തിൽ കോളീഫോം ബാക്ടീരിയയുടെ അളവ് കൂടുതലായതിനാൽ ഉദരരോഗങ്ങൾ വർധിക്കുന്നതിന് കാരണമാകുന്നു.

ആരോഗ്യ പരിപാലനരംഗത്തെ കെടുകാര്യസ്ഥതയിലേക്കും റിപ്പോർട്ട് വിരൽ ചൂണ്ടുന്നുണ്ട്. അട്ടപ്പാടിയിലെ ആരോഗ്യ അടിയന്തരാവസ്ഥ പരിഹരിക്കാൻ വിവിധ പദ്ധതികൾ വിഭാവനം ചെയ്തിട്ടുണ്ടെങ്കിലും അതിന്റെയൊന്നും ഗുണഫലം ആദിവാസികൾക്ക് ലഭിക്കുന്നില്ല. 2017-18 വർഷം 116 അനീമിയ രോഗികൾക്ക് 44.5 ലക്ഷം രൂപ സാമ്പത്തിക സഹായം ചെയ്തതായും ഇതേ വർഷം ഗർഭരക്ഷക്കായി ഒരു സ്ത്രീക്ക് 18,000 രൂപ നൽകിയതായും സർക്കാർ കണക്കുകളിൽ പറയുന്നുണ്ടെങ്കിലും, അതിന്റെ ഗുണഫലം യഥാർഥത്തിൽ വട്ടപ്പൂജ്യമാണ്.

കൊട്ടിഗ്ഘോഷിച്ച് നടപ്പിലാക്കിയ ജനനി ജന്മരക്ഷാ പദ്ധതിയുടെ കാര്യം തന്നെ നോക്കൂ. സഹായതുക 18,000ൽനിന്ന് ഇരട്ടിയാക്കി എന്നാണ് സർക്കാർ ഭാഷ്യം. എന്നാൽ, ഈ പദ്ധതി മൂന്ന് മാസമായി നിർത്തിവെച്ചിരിക്കുകയാണേത്ര. അതുപോലെ, ഗർഭിണികൾക്ക് മുട്ടയും പാലും വിതരണം ചെയ്യുന്ന പദ്ധതിയും കടലാസിലൊതുങ്ങി. ധാന്യങ്ങൾ വിതരണം ചെയ്യുന്ന ഫുഡ് സപ്പോർട്ട് പദ്ധതിയും പ്രാവർത്തികമായില്ല. ചെറുധാന്യങ്ങൾ കൃഷി ചെയ്യുന്നതിന് സാങ്കേതിക സഹായം ചെയ്യുന്ന മില്ലറ്റ് വില്ലേജ് പദ്ധതിയും തികഞ്ഞ പരാജയത്തിൽ കലാശിച്ചു. കമ്യൂണിറ്റി കിച്ചന്റെ കാര്യവുമിപ്പോൾ അവതാളത്തിലാണ്. കിച്ചൺ നടത്തുന്നതിനായി നിയോഗിക്കപ്പെട്ട ആദിവാസികൾ തന്നെ പാചകത്തിനുള്ള സാധനങ്ങൾ അടുത്തുള്ള കടകളിൽനിന്ന് കടമായി വാങ്ങിക്കൊണ്ട് ഭക്ഷണം പാചകം ചെയ്യുകയാണെന്ന് സന്ദർശനത്തിനിടെ സംഘത്തിന് ബോധ്യപ്പെട്ടു. ഉദ്യോഗസ്ഥവൃന്ദങ്ങളുടെ ആത്മാർഥതയില്ലായ്മയും അധികാരികളുടെ നിസ്സംഗതയുമാണ് ഇത്തരം പദ്ധതികളുടെ പരാജയത്തിന് കാരണമെന്ന് വ്യക്തം.

അട്ടപ്പാടിയി​െല കുട്ടികളുടെ പോഷകാഹാരക്കുറവ് വ്യക്തമാക്കുന്ന പട്ടിക (ഇന്റർനാഷനൽ ജേണൽ ഓഫ് കണ്ടംപററി പീഡിയാട്രിക്സ്)

അട്ടപ്പാടിയി​െല കുട്ടികളുടെ പോഷകാഹാരക്കുറവ് വ്യക്തമാക്കുന്ന പട്ടിക (ഇന്റർനാഷനൽ ജേണൽ ഓഫ് കണ്ടംപററി പീഡിയാട്രിക്സ്)

സിക്കിൾസെൽ അനീമിയ എന്ന വിനാശകാരി

അട്ടപ്പാടിയിലെ ഗോത്രവിഭാഗങ്ങളെ വംശഹത്യയിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളിലൊന്ന് സിക്കിൾസെൽ അനീമിയ എന്ന മാരകമായ ജനിതക രോഗമാണ്. മനുഷ്യരക്തത്തിൽ പ്രാണവായുവായ ഒാക്സിജൻ വാഹകരായ ചുവന്ന രക്താണുക്കൾ (ആർ.ബിസി) അസാധാരണമാം വിധം രൂപപരിണാമം സംഭവിച്ച് വികസിക്കുന്ന പാരമ്പര്യ രോഗമാണ് സിക്കിൾസെൽ രോഗം. ഇതുമൂലം ചുവന്ന രക്താണുക്കൾക്ക് ഭൗതിക സ്വഭാവമാറ്റം സംഭവിച്ച് അകാലചരമമടയുകയും വിളർച്ചയുണ്ടാവുകയും ചെയ്യുന്ന അവസഥയാണ് സിക്കിൾസെൽ അനീമിയ.

ചുവന്ന രക്താണുക്കൾക്ക് ഓക്സിജൻ വഹിക്കാനുള്ള ശേഷി നഷ്ടപ്പെടുന്നതിനാൽ ഈ രോഗം ജീവനുതന്നെ ഭീഷണിയാണ്. സാധാരണഗതിയിൽ ആർ.ബി.സിയുടെ ആയുസ്സ് 100 മുതൽ 150 ദിവസം വരെയാണ്. എന്നാൽ, രോഗബാധിതർക്ക് ഇത് പത്തോ ഇരുപതോ ദിവസം മാത്രമായിരിക്കും. സാധാരണ വൃത്താകൃതിയിൽ കാണപ്പെടുന്ന ഈ കോശങ്ങൾ രോഗം ബാധിച്ചാൽ വളഞ്ഞ് ഒട്ടിച്ചേർന്ന് അരിവാൾപോലെയാകും. ഈയവസ്ഥയിൽ രക്തമൊഴുക്ക് തടസ്സപ്പെടും. അത് അവയവങ്ങളിൽ കഠിന വേദനക്കും മറ്റും കാരണമാകുന്നു. മാത്രമല്ല, സാധാരണ എല്ലാവരുടെയും രക്താണുക്കളിൽ ഹീമോഗ്ലോബിൻ എ (എച്ച്.ബി.എ)ആണ് കാണപ്പെടുന്നതെങ്കിൽ അരിവാൾ രോഗികളുടെ കാര്യത്തിൽ ഇത് ഹീമോഗ്ലോബിൻ എസ് (എച്ച്.ബി.എസ്) ആണ്. എച്ച്.ബി.എസിന് വാഹകശേഷി കുറവായതിനാൽ അവയവങ്ങളിൽ പ്രാണവായു ലഭിക്കാത്ത അവസ്ഥ സംജാതമാകുന്നു. അടുത്ത ഘട്ടത്തിൽ ബിലിറുബിൻ അടിഞ്ഞുകൂടി ഗുരുതരമായ മഞ്ഞപ്പിത്തത്തിനും കാരണമാകുന്നു.

രണ്ട് വർഷം മുമ്പ് കേരളത്തിലെ ഏതാനും ആരോഗ്യപ്രവർത്തകർ അട്ടപ്പാടിയിലെ അരിവാൾ രോഗത്തെക്കുറിച്ചും പോഷകാഹാരക്കുറവിനെക്കുറിച്ചും നടത്തിയ പഠനം ഇന്റർനാഷനൽ ജേണൽ ഓഫ് കണ്ടംപററി പീഡിയാട്രിക്സിൽ (2021 ജനുവരി) പ്രസിദ്ധീകരിച്ചിരുന്നു. അട്ടപ്പാടിയിലെ തിരഞ്ഞെടുക്കപ്പെട്ട 25 അംഗൻവാടികൾ കേന്ദ്രീകരിച്ചായിരുന്നു ഈ പഠനം. ആറ് മാസം മുതൽ 18 വരെയുള്ള കുട്ടികളെയാണ് സംഘം പഠനവിധേയമാക്കിയത്. മേഖലയിലെ 65 ശതമാനം ആദിവാസി കുട്ടികളും അരിവാൾ രോഗ ലക്ഷണങ്ങളുള്ളവരാണെന്ന് ഈ പഠനം സാക്ഷ്യപ്പെടുത്തുന്നുണ്ട്. ആറ് വയസ്സിന് താഴെയുള്ള 62 ശതമാനം ആദിവാസി കുഞ്ഞുങ്ങളും തൂക്കക്കുറവുള്ളവരാണെന്നും ഈ റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. 18 വയസ്സിനു താഴെയുള്ള മുഴുവൻ കുട്ടികളെയും കണക്കിലെടുത്താൽ ഇത് 46 ശതമാനം വരും. ഇത് ദേശീയ ശരാശരിയേക്കാളും കൂടുതലാണ്; സംസ്ഥാന ശരാശരിയേക്കാൾ ഇരട്ടിയും. ചുരുക്കത്തിൽ, അനീമിയയും പോഷകാഹാരക്കുറവും അട്ടപ്പാടിയിൽ തീർത്തും സാധാരണമായിരിക്കുന്നുവെന്നും അടിയന്തര ഇടപെൽ അനിവാര്യമാണെന്നും സംഗ്രഹിച്ചാണ് റിപ്പോർട്ട് അവസാനിക്കുന്നത്.

കൃത്യമായ ചികിത്സയുള്ള രോഗമാണ് സിക്കിൾസെൽ അനീമിയ. രോഗത്തിന്റെ കാഠിന്യം അനുസരിച്ച് ചികിത്സാരീതികളും മാറും. രക്തം കുത്തിവെക്കൽ, മജ്ജ മാറ്റിവെക്കൽ, പ്രതിരോധ കുത്തിവെപ്പുകൾ, പെൻസിലിൻ പ്രതിരോധം തുടങ്ങി കീമോതെറപ്പിവരെയുള്ള ചികിത്സാപദ്ധതികൾ ഇന്ന് നിലവിലുണ്ട്. അതുകൊണ്ടുതന്നെ, എത്രയും പെെട്ടന്ന് രോഗം തിരിച്ചറിയുക എന്നതാണ് പ്രധാനം.

സിക്കിൾസെൽ അനീമിയ പ്രതിരോധത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് അടുത്ത തലമുറയിലേക്ക് രോഗം കൈമാറുന്നത് തടയുക എന്നതാണ്. ഇതിനായി, വിവാഹത്തിന് മുമ്പ് ഓരോ വ്യക്തിയും ജനിതക പരിശോധന നടത്തി ജീൻ നിർണയം നടത്തണം. രോഗവാഹകനെ കണ്ടെത്തിയാൽ പിന്നെ പ്രതിരോധത്തിന് ചികിത്സ ലഭ്യമാണ്. അത്തരം ചികിത്സ ആദിവാസികൾക്ക് അടിയന്തരമായി ലഭ്യമാക്കുകയാണ് വേണ്ടത്.

ഈ വിഷയത്തിൽ ദലിത് സമുദായ മുന്നണിയുടെ പഠനസംഘം മുന്നോട്ടുവെച്ച നിർദേശങ്ങൾ പ്രസക്തമാണ്. അവ ഇങ്ങനെ ചുരുക്കാം:

-അട്ടപ്പാടിയിൽ ജനിതക പരിശോധന നടത്താൻ സൗകര്യമുള്ള സ്പെഷാലിറ്റി ലാബുകൾ സ്ഥാപിക്കുക.

-വിവാഹിതരാകുന്നതിന് മുമ്പ് യുവതി-യുവാക്കൾക്ക് ജനിതക പരിശോധന നിർബന്ധമാക്കുക.

-എല്ലാവർക്കും ഹീമോഗ്ലോബിൻ പരിശോധനയിലൂടെ രോഗനിർണയം നടത്തുക.

-രോഗം സ്ഥിരീകരിച്ചവരുടെ ചികിത്സക്കായി മജ്ജ മാറ്റിവെക്കൽ, രക്തം മാറ്റൽ എന്നിവക്കുള്ള സൗകര്യങ്ങൾ പാലക്കാട് മെഡിക്കൽ കോളജിൽ ലഭ്യമാക്കുക.

-ജനിതക പരിശോധനയടക്കമുള്ള എല്ലാ പരിശോധനകളും ചികിത്സയും പൂർണമായും സൗജന്യമാക്കുക.

-അട്ടപ്പാടി മേഖലയിൽ ആരോഗ്യബോധവത്കരണം നടത്തുക.

അഴിമതിയിൽ മുങ്ങിയ പ്രഖ്യാപനങ്ങളും പദ്ധതികളും

പ്രഖ്യാപനങ്ങളുടെയും വാഗ്ദാനങ്ങളുടെയും കുറവ് ഒരുകാലത്തും അട്ടപ്പാടിയിലെ ആദിവാസികൾക്ക് ഉണ്ടായിട്ടില്ല. ആ പ്രഖ്യാപനങ്ങളൊക്കെയും യാഥാർഥ്യമായിരുന്നുവെങ്കിൽ ഇന്ന് ആ പ്രദേശം ഭൂമിയിലെ സ്വർഗമായി മാറിയേനെ. പ്രഖ്യാപിക്കപ്പെട്ടതിൽ പലതും കടലാസിലൊതുങ്ങി; ബാക്കിയുള്ളവ പാതിവഴിയിൽ നിലച്ചു. വിജയകരമായി പൂർത്തിയാക്കി/ തുടരുന്നു എന്ന് സർക്കാർ അവകാശപ്പെടുന്ന പദ്ധതികളാകട്ടെ, മേഖലയിലെ ആദിവാസികളെ സ്വയം പര്യാപ്തതയിലേക്ക് നയിക്കാൻ പാകമായിരുന്നുമില്ല.

2013ലെ ശിശുമരണങ്ങൾ വിവാദമായതോടെയാണ് തൊട്ടടുത്ത വർഷം അഡീഷനൽ ട്രൈബൽ സബ് പ്ലാൻ (എ.ടി.എസ്.പി) എന്നൊരു പദ്ധതിക്ക് സർക്കാർ രൂപം നൽകിയത്. വീടില്ലാത്തവർക്ക് വീട്, കുടിവെള്ളം, ശൗചാലയം, പുനരധിവാസം, തൊഴിലുറപ്പ് വഴി തൊഴിലവസരം ഉണ്ടാക്കൽ, ആരോഗ്യം, ഭക്ഷണം, ഗോത്രസംസ്കൃതി സംരക്ഷണം, ദാരിദ്ര്യനിർമാർജനം എന്നിവയൊക്കെയാണ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരുന്നത്. ഈ പദ്ധതിയുടെ ഭാഗമായാണ് അരിവാൾ രോഗികൾക്ക് സാമ്പത്തികസഹായവും ജനനി ജന്മരക്ഷയും കമ്യൂണിറ്റി കിച്ചനുമൊക്കെ നടപ്പാക്കിയത്. അംഗൻവാടി കുട്ടികൾക്ക് മുട്ടയും പാലും വിതരണം, കൗമാരക്കാരായ പെൺകുട്ടികൾക്ക് 'സബല' കിറ്റ് നൽകൽ തുടങ്ങിയ പദ്ധതികളും വിഭാവനംചെയ്ത മാതൃകയിൽ നടപ്പായില്ലെന്ന് വർഷങ്ങൾക്കിപ്പുറം ഊര് സന്ദർശിച്ച സകല സംഘങ്ങളും സാക്ഷ്യപ്പെടുത്തുന്നു. അധികാരികളുടെ തികഞ്ഞ നിസ്സംഗതയും അനാസ്ഥയുമാണ് എല്ലായിടത്തും വെളിവാകുന്നത്.

അഴിമതിയും ഈ പ്രശ്നങ്ങളുടെ ആഴം വർധിപ്പിച്ചിട്ടുണ്ട്.

ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് നടപ്പാക്കിയ മില്ലറ്റ് ഗ്രാമം പദ്ധതിയാണ് അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും മറ്റൊരുദാഹരണം. ആദിവാസികളുടെ പോഷകാഹാരക്കുറവിനു പരിഹാരം ചെറുധാന്യകൃഷിയാണെന്ന് തിരിച്ചറിഞ്ഞ് കൃഷിവകുപ്പ് അട്ടപ്പാടിയിൽ 6.87 കോടിയുടെ മില്ലറ്റ് പദ്ധതി (ചെറുധാന്യ കൃഷി) തുടങ്ങി. അട്ടപ്പാടി സ്പെഷൽ അഗ്രികൾച്ചറൽ സോണിൽ 2017^18ൽ തുടങ്ങി 2019 ^20 വരെ തുടരുന്ന മൂന്ന് വർഷത്തെ പദ്ധതി. അഞ്ച് ഊരുകളെ പദ്ധതിയുടെ മാതൃക കേന്ദ്രങ്ങളായി തിരഞ്ഞെടുത്തു. വലിയ പ്രഖ്യാപനങ്ങളായിരുന്നു തുടക്കത്തിൽ. ആദിവാസി ഊരുകളില്‍ കൃഷി ചെയ്യുന്ന ധാന്യങ്ങളിൽനിന്ന് അവരുടെ ആവശ്യം കഴിഞ്ഞ് അധികമായി വരുന്ന ധാന്യങ്ങൾ സംഭരിച്ച് സംസ്കരണം നടത്തി മൂല്യവര്‍ധിത ഉൽപന്നങ്ങളാക്കി വിപണി കണ്ടെത്തും. വി.എഫ്.പി.സി.കെ, ഹോര്‍ട്ടികോര്‍പ്, സിവില്‍ സൈപ്ലസ് തുടങ്ങിയ സംഭരണ വിൽപനകേന്ദ്രങ്ങള്‍ വഴി വിറ്റഴിക്കും. അട്ടപ്പാടിയിലെ ആദിവാസി ഉൽപന്നങ്ങളെന്ന പേരിലാകും വിപണി കണ്ടെത്തുക. ഇതിനായി ആദിവാസി കര്‍ഷകരെ ഉള്‍പ്പെടുത്തി ഫാമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി തുടങ്ങും. കമ്പനി രൂപവത്കരിക്കുന്നതിന്റെ ഭാഗമായി 15 അംഗ ഡയറക്ടർ ബോർഡും തെരഞ്ഞെടുത്തു. ധാന്യങ്ങള്‍ സംഭരിക്കുന്നതിനായി സംഭരണ മില്ല് നിര്‍മിക്കും.

പദ്ധതി വൻവിജയം എന്ന നിലയിലാണ് അന്ന് കൃഷിവകുപ്പ് കാര്യങ്ങൾ നിയമസഭയിലടക്കം അവതരിപ്പിച്ചത്. മൂന്ന് വർഷത്തിനിടെ 1500 മെട്രിക് ടൺ ധാന്യങ്ങൾ സംഭരിച്ചുവെന്നും ഇതിന്റെ ആനുകൂല്യം 1300ലധികം ഗുണഭോക്താക്കൾക്ക് ലഭിച്ചുവെന്നുമൊക്കെയായിരുന്നു കൃഷിവകുപ്പിന്റെ കണക്ക്. ഈ കണക്ക് ശരിയെങ്കിൽ, കേരളത്തിൽ ഏറ്റവും കൂടുതൽ പോഷകാഹാരം ലഭിക്കുന്ന മേഖലയായി അട്ടപ്പാടി മാറുമായിരുന്നു. അതുകൊണ്ടുതന്നെ, ഇക്കാര്യത്തിൽ സംശയം തോന്നിയവർ ചോദ്യങ്ങൾ ഉന്നയിക്കാൻ തുടങ്ങി. ധനകാര്യവിഭാഗത്തിന്റെ പരിശോധനയിൽ സർവം കള്ളമാണെന്ന് വ്യക്തമായി. ഒരു ഉദാഹരണം മാത്രം പറയാം. 200 ഹെക്ടറിൽ റാഗി കൃഷി ചെയ്തുവെന്നാണ് ഫാം ഇൻഫർേമഷൻ ബ്യൂറോ അറിയിച്ചത്. സ്വാഭാവികമായും 900 മെട്രിക് ടൺ ഉൽപാദനം നടക്കണം. ആ നിലയിൽ കൃഷിവകുപ്പ് കണക്കുമെഴുതി. എന്നാൽ, വിളവെടുത്തപ്പോൾ ആകെ ലഭിച്ചത് 19 മെട്രിക് ടൺ! ഇതുപോലെ ചാമയും തിനയുമെല്ലാം പ്രതീക്ഷിച്ചതിന്റെ (കടലാസുകണക്ക്) പത്ത് ശതമാനം മാത്രമാണ് വിള ലഭിച്ചത്. പിന്നെ, അധികാരികൾക്ക് ചെയ്യാനുണ്ടായിരുന്നത് കണക്കൊപ്പിക്കുകയാണ്. അതിനായി, ആദിവാസികൾ സ്വയം ചെയ്യുന്ന കൃഷിവരെ മില്ലറ്റ് പദ്ധതിയുടേതാക്കി മാറ്റി.

കുടിയേറ്റവും മാറുന്ന കാലാവസ്ഥയും

1947ലെ മദ്രാസ് റവന്യൂ റിപ്പോർട്ട് അനുസരിച്ച്, അട്ടപ്പാടിയിൽ പതിനായിരം ആദിവാസികളും 200 അനാദിവാസികളുമാണ് ഉണ്ടായിരുന്നത്. 99 ശതമാനം ആദിവാസികളുണ്ടായിരുന്ന ഈ പ്രദേശത്തേക്ക്, സംസ്ഥാന രൂപവത്കരണാനന്തരം കേരളത്തിന്റെ ഭാഗമായതോടെ തമിഴ്നാട്ടിൽനിന്നും മധ്യകേരളത്തിൽനിന്നും കുടിയേറ്റം ആരംഭിച്ചു. ഇതോടെ, ആദിവാസി ജനസംഖ്യ ക്രമാതീതമായി കുറയാൻ തുടങ്ങി. 2011ലെ സെൻസസ് പ്രകാരം മേഖലയിലെ ആദിവാസി ജനസംഖ്യ കേവലം 32,956 ആണ്; 44 ശതമാനം! മറ്റൊരർഥത്തിൽ, അട്ടപ്പാടിയിൽ ആദിവാസി ജനതയിപ്പോൾ ന്യൂനപക്ഷമാണ്.

കുടിയേറ്റം ആദിവാസികളെ ന്യൂനപക്ഷമാക്കുക മാത്രമല്ല ചെയ്തത്. അവരുടെ കൈവശമുണ്ടായിരുന്ന ഏക്കർകണക്കിന് ഭൂമിയും അവർക്ക് നഷ്ടമായി. കഴിഞ്ഞവർഷം, സൗത്ത് ഏഷ്യ റിസർച്ച് ജേണൽ പ്രസിദ്ധീകരിച്ച ഒരു പഠനം (എലിസബത്ത് എഡിസൺ, രുഗ്മിണി ദേവി), ഈ ഭൂമി കൈയേറ്റത്തിന്റെ ആഴവും വ്യാപ്തിയും വിവരിക്കുന്നുണ്ട്. അട്ടപ്പാടിയിലെ ഊരുനിവാസികളുമായി സംഭാഷണം നടത്തിയതിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു പഠനം. ഓരോ കുടുംബത്തിനും, കൈവശമുണ്ടായിരുന്ന ശരാശരി ആറേക്കർ ഭൂമിയെങ്കിലും നഷ്ടമായത്രെ. സാധാരണഗതിയിൽ, ആദിവാസികൾ അവരുടെ അധീനതയിലുള്ള ഭൂമി അതിരുകെട്ടി തിരിക്കാറില്ല. ആവശ്യമുള്ളിടത്ത് കൃഷി ചെയ്തും മറ്റും ജീവിക്കുകയാണ് ചെയ്യുക. ഇങ്ങനെ ജീവിതോപാധിയായി ഉപയോഗിച്ചിരുന്ന ഭൂമി നഷ്ടപ്പെട്ട കാര്യമാണ് ഈ പഠനസംഘത്തോട് ആദിവാസികൾ വെളിപ്പെടുത്തിയത്.

സ്വാതന്ത്ര്യത്തിന് മുമ്പ് 200ൽ താഴെ മാത്രമുണ്ടായിരുന്ന അനാദിവാസികൾ ജനസംഖ്യയിൽ ഇപ്പോൾ 60 ശതമാനത്തിനു മുകളിലെത്തിയിരിക്കുന്നു; അവിടത്തെ ഭൂമിയും അധികാരവുമുള്ള പ്രബലവർഗമായി അവർ മാറിയിരിക്കുന്നു.

1940 വരെ ആദിവാസി സ്വയംഭരണ ഭൂപ്രദേശമായിരുന്നുവേത്ര അട്ടപ്പാടി. സാമൂതിരി കോവിലകത്തിന്റെ 'ജന്മാവകാശ'മായി പരിഗണിക്കപ്പെട്ടിരുന്ന ഈ മേഖല പിന്നീട് മൂന്ന് ജന്മികൾക്ക് കൈമാറിയതോടെയാണ് കാര്യങ്ങൾ മാറിത്തുടങ്ങിയത്. ഇവരാണ് ഭൂമി ആദ്യമായി പാട്ടത്തിന് നൽകിയത്. ഇവരുമായുള്ള കരാറിലൂടെയാണ് ബ്രിട്ടീഷുകാർ ഇവിടെ പ്ലാന്റേഷനുകൾ ആരംഭിച്ചത്. ഇങ്ങനെ ആരംഭിച്ച കുടിയേറ്റം/ കൈയേറ്റം ഹെക്ടർ കണക്കിന് വനഭൂമി നഷ്ടപ്പെടാൻ കാരണമായി. ആദിവാസികൾ പതിയെ നിഷ്കാസിതരായി തുടങ്ങുന്നത് ഇതോടെയാണ്; വനത്തെയും വനവിഭവങ്ങളെയും ആശ്രയിച്ചു ജീവിച്ചിരുന്ന ഇവർക്ക് ഉപജീവന മാർഗമാണ് ഇല്ലാതായത്. സ്വാഭാവികമായും ഇത് കൃഷിയെയും ബാധിച്ചു. പരമ്പരാഗതമായി ചെയ്തിരുന്ന മുഴുവൻ കാർഷികവൃത്തികളും അവതാളത്തിലായി. കുടിയേറ്റക്കാരുടെ അടിമകൾ എന്ന നിലയിലേക്ക് ആദിവാസി ജീവിതം ചുരുങ്ങി. 1960-77 കാലത്ത് പതിനായിരം ഏക്കർ ഭൂമി അന്യാധീനപ്പെട്ടിട്ടുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. യഥാർഥ കണക്ക് ഇതിലും എത്രയോ കൂടുതലാണെന്ന് ആർക്കും ബോധ്യപ്പെടും. അന്യാധീനപ്പെട്ട ഭൂമി ആദിവാസികൾക്ക് തിരിച്ചുനൽകാനുള്ള നടപടികൾ സ്വീകരിക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. ഈ വഴിയിൽ ചില നിയമനിർമാണ നീക്കങ്ങളൊക്കെ നടന്നെങ്കിലും അതൊന്നും ഫലവത്തായില്ലെന്നതാണ് യാഥാർഥ്യം.

കുടിയേറ്റത്തിന്റെയും കൈയേറ്റത്തിന്റെയും കെടുതികൾക്കുപുറമെ, കാലാവസ്ഥാ മാറ്റവും ഇപ്പോൾ ആദിവാസി ജനതയെ ദുരിതത്തിലാഴ്ത്തിയിട്ടുണ്ട്. 1957ൽ അട്ടപ്പാടിയുടെ 83 ശതമാനം മേഖലയും വനമായിരുന്നു; 96ൽ അത് 20 ശതമാനത്തിലെത്തി. ഇത്രയും വലിയ അളവിൽ വനം ഇല്ലാതായത് മേഖലയിൽ കാര്യമായ കാലാവസ്ഥ മാറ്റത്തിന് വഴിവെച്ചിട്ടുണ്ടെന്ന് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. നേരത്തേ, 17 ഡിഗ്രിയായിരുന്നു ഇവിടത്തെ ശരാശരി താപനില; അതിപ്പോൾ 22 ഡിഗ്രിക്കും മുകളിലായിരിക്കുന്നു. സ്വാഭാവികമായും ഇത് മഴലഭ്യതയെയും മറ്റും ബാധിക്കും. ഇൗ മാറ്റം ഏറ്റവും ആദ്യം പ്രതിഫലിക്കുക കാർഷിക മേഖലയിലായിരിക്കും. എന്തുകൊണ്ട് മില്ലറ്റ് പദ്ധതിയിൽ പ്രതീക്ഷിച്ച വിള ലഭിച്ചില്ലെന്നതിന്റെ ഉത്തരവും ഇതിലുണ്ട്. കാലാവസ്ഥയിലുണ്ടായ ഈ മാറ്റം ആദിവാസികളുടെ ആരോഗ്യത്തെ എങ്ങനെയെല്ലാമാണ് ബാധിച്ചതെന്നത് മറ്റൊരു പഠനം ആവശ്യപ്പെടുന്നുണ്ട്.

അട്ടപ്പാടിയി​ലെ ആദിവാസി അമ്മയും കുഞ്ഞും

അട്ടപ്പാടിയി​ലെ ആദിവാസി അമ്മയും കുഞ്ഞും

ഉപസംഹാരം

അട്ടപ്പാടിയിലെ ആദിവാസികൾ വംശനാശത്തിന്റെ മുനമ്പിലാണെന്ന യാഥാർഥ്യം ഇന്നിപ്പോൾ എല്ലാവരും അംഗീകരിക്കുന്നുണ്ട്. അവർക്കുവേണ്ടി നൂറുകണക്കിന് പദ്ധതികളുമുണ്ട്, അതൊന്നും നടപ്പാകുന്നില്ലെങ്കിലും. ഇച്ഛാശക്തിയുള്ള സർക്കാർ നിയമസഭാ സമിതിയുടെ റിപ്പോർട്ടിൽ നിർദേശിച്ചപോലെ അവയത്രയും വേഗത്തിൽ നടപ്പാക്കുകയാണ് വേണ്ടത്. ഇത് അട്ടപ്പാടിയുടെ മാത്രം വിഷയമല്ലെന്നും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. കേരളത്തിലെ ആദിവാസി ജനങ്ങളിൽ ഏഴ് ശതമാനം മാത്രമാണ് അട്ടപ്പാടിയിലുള്ളത്. ഇവിടെയാണ് പത്ത് വർഷത്തിനിടെ 200ലധികം ശിശുമരണങ്ങൾ സംഭവിച്ചിരിക്കുന്നത്. 39 ശതമാനം ആദിവാസികൾ ജീവിക്കുന്ന വയനാട്ടിലും ശിശുമരണങ്ങൾ പലപ്പോഴായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പോഷകാഹാരക്കുറവിന്റെയും അനീമിയയുടെയുമെല്ലാം കെടുതികൾ പേറുന്നവരാണ് ഇടുക്കിയിലെയും മലപ്പുറത്തെയും പത്തനംതിട്ടയിലെയും ആദിവാസികൾ. കേരളത്തിലെ മുഴുവൻ ജില്ലകളിലെയും ആദിവാസികളുടെയും ജീവിതത്തെയും ആരോഗ്യത്തെയും കുറിച്ച സമഗ്രമായ പഠനം നടത്തിയാൽ ഞെട്ടിക്കുന്ന വിവരങ്ങളായിരിക്കും പുറത്തുവരിക. അത്തരമൊരു പഠനവും അനിവാര്യമാണ്.

പ്ര​ധാ​ന റ​ഫ​റ​ൻ​സു​ക​ൾ

1. പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ ക്ഷേ​മം സം​ബ​ന്ധി​ച്ച നി​യ​മ​സ​ഭ സ​മി​തി റി​​പ്പോ​ർ​ട്ട്

2. അ​ട്ട​പ്പാ​ടി ആ​ദി​വാ​സി ശി​ശു​മ​ര​ണ​ങ്ങ​ൾ- വ​സ്തു​താ​നേ​ഷ​ണ റി​പ്പോ​ർ​ട്ട്; ദ​ലി​ത് സ​മു​ദാ​യ മു​ന്ന​ണി

3. Anganwadi based nutritional survey of children in Attappadi; International Journal of Contemporary Pediatrics

4. വ​​​ഞ്ച​​​ന​​​യു​​​ടെ കൃ​​​ഷി​​​പാ​​​ഠം തീ​​​ർ​​​ത്ത്​ മി​​​ല്ല​​​റ്റ്; ആ​ർ. സു​നി​ൽ; മാ​ധ്യ​മം ആ​ഴ്ച​പ്പ​തി​പ്പ് 2021 ജ​നു​വ​രി

5. Socio-economic problems of Irula tribes in Attappadi area; Preemy P. Thachil; Indian Journal of Economics and Development; 2016

6. Adaptation trajectories and challenges in the Western Ghats: A case study of Attappady, South India; Journal of Rural Studies

7. TRIBAL LAND ALIENATION, AGRICULTURAL CHANGES AND FOOD CULTURE TRANSITION IN ATTAPPADY; Elizabeth Edison and Rugmini Devi; SOUTH ASIA RESEARCH 2019

News Summary - A Study on The Tribal Of Attappadi