Begin typing your search above and press return to search.
proflie-avatar
Login

അർധരാത്രിയിലെ അ​തിർത്തി​കൾ ജനങ്ങളോട് ചെയ്ത​തെന്ത്? -വായന

അർധരാത്രിയിലെ അ​തിർത്തി​കൾ ജനങ്ങളോട് ചെയ്ത​തെന്ത്? -വായന
cancel

രാജ്യാതിർത്തികൾ നിശ്ചയിച്ചപ്പോൾ അനേകം സങ്കീർണമായ പ്രശ്നങ്ങൾ കൂടിയാണ് സൃഷ്ടിക്കപ്പെട്ടത്. മനസ്സുകൾക്കും ശരീരങ്ങൾക്കും ഇടയിൽ അതിർത്തികൾ കെട്ടിപ്പൊക്കിയതോടെ സംഭവിച്ചത് എന്താണ്? സുചിത്ര വിജയന്‍ രചിച്ച 'മിഡ്നൈറ്റ്സ് ബോര്‍ഡേര്‍സ്: എ പീപ്പിള്‍സ് ഹിസ്റ്ററി ഓഫ് മോഡേണ്‍ ഇന്ത്യ' എന്ന പുസ്തകത്തിലൂടെയുള്ളയാത്ര നമ്മെ ചില സത്യങ്ങൾ ഒാർമിപ്പിക്കുന്നുവെന്ന് ലേഖകൻ

സാദത്ത് ഹസന്‍ മേൻറായുടെ 'തിത്‍വാളിലെ നായ' എന്ന ചെറുകഥ ഒാർമവരുന്നു. വിഭജനാനന്തര ഇന്ത്യയിലെ അതിര്‍ത്തിജീവിതങ്ങളെ കുറിച്ചുള്ള ആഖ്യാനങ്ങള്‍ക്ക് മേൻറാ നല്‍കുന്ന രൂപകസാധ്യതകളാണ് ഇൗകഥയെ ഒാർമയിലെത്തിക്കുന്നത്. ഇന്ത്യയുടെയും പാകിസ്താെൻറയും പട്ടാള ബാരക്കുകൾ വേർതിരിച്ചപ്പോൾ ശേഷിച്ച 'ആരുടേതുമല്ലാത്ത ഇട'ങ്ങളിലൂടെ (No Man's Land) വാലിളക്കിയോടിയിരുന്ന നായ്ക്ക് രണ്ട് കൂട്ടരും പേരുകളിടുന്നു. അവസാനം ഇരുവശത്തെയും പട്ടാളക്കാരുടെ 'ഹാലിളക്കം' കാരണം വെടിയേറ്റ് 'നോ മാന്‍സ് ലാന്‍ഡില്‍' വീണുകിടക്കുന്ന നായെ നോക്കി കഥയിലെ പാകിസ്താനി സുബേദാര്‍ ഹിമ്മത്ത് സിങ് പറയുന്നു: ''ഹീ ഡൈഡ് എ ഡോഗ്സ് ഡെത്ത്!'' ഇത്തരത്തില്‍ അതിര്‍വരമ്പുകളിലെ പുറമ്പോക്കുകളിലും അധികാരികളില്ലാത്ത ഭൂമികകളിലും മൃഗതുല്യ ജീവിതം നയിക്കാനും മരിക്കാനും വിധിക്കപ്പെട്ട അനേകമായിരം ജനങ്ങളുണ്ട്. അവരുടെ കാഴ്ചയിലൂടെയും (അന്ധതയിലൂടെയും) ഓര്‍മയിലൂടെയും (മറവികളിലൂടെയും) കോളനിയാനന്തര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം സുചിത്ര വിജയന്‍ 'മിഡ്നൈറ്റ്സ് ബോര്‍ഡേര്‍സ്: എ പീപ്പിള്‍സ് ഹിസ്റ്ററി ഓഫ് മോഡേണ്‍ ഇന്ത്യ' എന്ന പുസ്തകത്തിലൂടെ പകർത്തുന്നു.

വിഭജനങ്ങളുടെയും അതിര്‍ത്തികളുടെയും ആഖ്യാനങ്ങളുള്‍ച്ചേര്‍ന്നിരിക്കുന്ന പുസ്തകം അഞ്ചായി വിഭജിച്ചിരിക്കുന്നു. പാകിസ്താന്‍-അഫ്ഗാൻ അതിര്‍ത്തികളിലൂടെയുള്ള യാത്രാവിവരണങ്ങളടങ്ങിയതാണ് ആദ്യഭാഗം. രണ്ടാംഭാഗത്തിൽ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തികളുടെ ചരിത്രവും വര്‍ത്തമാനവും. മൂന്നാം ഭാഗത്തില്‍ ഇന്ത്യ-ചൈന അതിര്‍ത്തിദേശങ്ങളുടെ സാംസ്കാരിക-ദേശീയ പ്രതിസന്ധികള്‍ ചര്‍ച്ചചെയ്ത് ഇന്ത്യ-മ്യാന്മര്‍ അതിര്‍ത്തിയുടെ അടരുകളെ ചിത്രീകരിച്ചിരിക്കുന്ന നാലാം ഭാഗത്തിലേക്ക് പ്രവേശിക്കുന്നു. അഞ്ചാം ഭാഗത്തിൽ ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുന്ന ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയുടെ വര്‍ത്തമാനങ്ങളാണുള്ളത്. ഔദ്യോഗിക-ദേശീയ ചരിത്രാഖ്യാന മാതൃകകളെ മറികടന്ന് ജനകീയ സാധ്യതകൾ ഉപയോഗപ്പെടുത്തിയാണ് സുചിത്ര വിജയന്‍ എഴുതുന്നത്.

സുചിത്ര വിജയൻ
പൗരത്വവും ഉടയബന്ധവും ഏറ്റവും വലിയ തകര്‍ച്ച നേരിടുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് പ്രാരംഭത്തില്‍ എഴുത്തുകാരി നിരീക്ഷിക്കുന്നുണ്ട്

എല്ലാ ചരിത്രങ്ങള്‍ക്കും അവയുടേതായ സാമൂഹിക ധര്‍മമുണ്ടെന്നും ആ സാമൂഹികഫലത്തെ ആശ്രയിച്ചാണ് എല്ലാ ചരിത്രവും ആത്യന്തികമായി നിലനില്‍ക്കുന്നതെന്നും ബ്രിട്ടീഷ് സാമൂഹിക ശാസ്ത്രജ്ഞൻ പോള്‍ റിച്ചാര്‍ഡ് തോംസണ്‍ നിരീക്ഷിക്കുന്നുണ്ട്.1 ദേശീയതയുടെ ജ്ഞാനശാസ്ത്രചട്ടക്കൂടുകളെയും കാലങ്ങളായിട്ടുള്ള അവയുടെ മേല്‍കോയ്മയെയും പരിമിത സ്വഭാവത്തിലെങ്കിലും അസ്ഥിരപ്പെടുത്താൻ ജനകീയ ആഖ്യാനങ്ങൾക്ക് സാധിക്കാറുണ്ട്. ജനകീയ ഓര്‍മകളുടെയും ആശങ്കകളുടെയും നിരാശകളുടെയും കേവലമായ പരിഭാഷ (mere translation) എന്നതിലുപരി ആ ഓര്‍മകളെ ദേശീയതയുടെ ഹിംസാത്മക ഭൂചരിത്രത്തിലേക്ക് (violent terretorial history) ഉള്‍ചേര്‍ത്ത് അവക്ക് ഒരു ഇടം നല്‍കാന്‍ ആഖ്യാതാവിെൻറ വ്യാഖ്യാനങ്ങള്‍ ഏറെ സഹായകരമാവുന്നുണ്ട്. കൊളോണിയല്‍ ആഖ്യാനരേഖകള്‍പോലെ, 'സാക്ഷ്യം വഹിക്കുക'യോ 'ശബ്ദമില്ലാത്തവര്‍ക്ക് ശബ്ദം നല്‍കുക'യോ അല്ല തെൻറ ലക്ഷ്യമെന്ന് സുചിത്ര വ്യക്തമാക്കുന്നു. ആഖ്യാനത്തുടര്‍ച്ചകളിലെ ഇടര്‍ച്ചകളായി കടന്നുവരുന്ന കനത്ത മൗനങ്ങളും തുടര്‍ച്ചകളില്ലാത്ത ഖണ്ഡികകളും ചിത്രങ്ങളില്ലാത്ത വിവരണങ്ങളുമെല്ലാം ഈ നൈതികതയെ പ്രകാശിപ്പിക്കുന്നുണ്ട്. അരികുവത്കരിക്കപ്പെട്ടവരെ കുറിച്ചുള്ള ആഖ്യാനങ്ങള്‍ സമാന്തര സാധ്യതയായി മാത്രം പരിഗണിക്കപ്പെട്ടുപോരുന്ന ഇന്ത്യയുടെ സാമൂഹിക സാഹചര്യത്തില്‍ പ്രത്യേകിച്ചും.

പൗരത്വവും ഉടയബന്ധവും ഏറ്റവും വലിയ തകര്‍ച്ച നേരിടുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് പ്രാരംഭത്തില്‍ എഴുത്തുകാരി നിരീക്ഷിക്കുന്നുണ്ട്. സാധാരണ പൗരന്മാര്‍ക്ക് ഏറ്റവും അടിസ്ഥാനപരമായ അന്തസ്സ് (dignity) പോലും ഉറപ്പ് നല്‍കാനാകാത്ത ദേശ-രാഷ്ട്രങ്ങള്‍ എന്ത് ദൗത്യമാണ് നിർവഹിക്കുന്നതെന്ന് സുചിത്ര ചോദിക്കുന്നു. അസമിലെ ധോല്‍പൂരില്‍ മൊയ്നുല്‍ ഹഖ് എന്ന 28കാരൻ ദേശരാഷ്ട്ര സംവിധാനത്തിെൻറ ക്രൂരസാധ്യതകളാൽ കൊല ചെയ്യപ്പെട്ടിട്ട് ഏറെ നാള്‍ കഴിഞ്ഞിട്ടില്ലെന്ന് ഒാര്‍ക്കണം. പൗരത്വമെന്ന നൈതികമായ തത്ത്വത്തെ അതിദേശീയതയുടെ വംശീയ താല്‍പര്യങ്ങളെ സംരക്ഷിക്കുന്ന സത്വരവും കേവലവുമായ രേഖകളിലേക്ക് പരിവര്‍ത്തനംചെയ്തുള്ള പ്രവൃത്തികള്‍ വേഗത്തില്‍ നടക്കുന്ന സമയമാണിത്. ഇത്തരം പ്രവൃത്തികൾക്ക് ഭരണകൂട പിന്തുണയുള്ള ഒരു ദേശരാഷ്ട്ര സംവിധാനത്തിെൻറ അകത്തുനിന്നുമാണ് രേഖകളിലൂടെയും നീട്ടിവരകളിലൂടെയും തങ്ങളുടെ ജീവിതവും ചരിത്രവും മുറിഞ്ഞുപോയവരുടെ വാക്കുകള്‍ക്കും ഓര്‍മകള്‍ക്കും കാതോർത്ത് ഒരു പുസ്തകം രചിക്കാന്‍ സുചിത്ര തുനിഞ്ഞിറങ്ങുന്നത്. വിവിധ ദേശരാഷ്ട്രങ്ങളുടെ ഉള്ളില്‍ ഞെരിഞ്ഞമർന്ന് മരണശ്വാസം വലിക്കുന്ന ജനാധിപത്യസംവിധാനങ്ങളുടെ സാമൂഹിക പരിസരങ്ങളില്‍നിന്ന് സ്വാതന്ത്ര്യത്തിെൻറയും നീതിയുടെയും സാധ്യതകളെ കുറിച്ച് ആലോചിക്കാനാവുമോ എന്ന ചോദ്യം പുസ്തകം മുന്നോട്ട് വെക്കുന്നു.

അതേസമയം, ഇന്ത്യയെ വിഭജിച്ച് ഭരിക്കാന്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന പ്രത്യേക മണ്ഡലങ്ങൾ (Separate electorates) ഹിന്ദു-മുസ്ലിം സംഘര്‍ഷങ്ങള്‍ക്ക് ഹേതുവായെന്ന തരം പ്രാരംഭ നിരീക്ഷണങ്ങള്‍ വിമര്‍ശനാത്മകമായ വിശകലനം അര്‍ഹിക്കുന്നുണ്ട്. വിവിധ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ സാധ്യതകളെ നിഷേധിച്ച് വര്‍ഗീയം എന്ന കൊളോണിയല്‍ സംവര്‍ഗത്തിെൻറ വീക്ഷണകോണിലൂടെ മാത്രം ഹിന്ദു-മുസ്ലിം സംഘര്‍ഷങ്ങളെ നോക്കിക്കാണുകയും അത് ആധുനികരല്ലാത്തവരുടെ നിരന്തരമായ ഹിംസാത്മക ത്വരയായി മനസ്സിലാക്കുകയും അവയെ യുക്തിപരമായി പരിഹരിക്കുന്ന ആധുനികരായി സ്വയം അടയാളപ്പെടുത്തുകയും ചെയ്താണ് ബ്രിട്ടീഷുകാര്‍ തങ്ങളുടെ ഭരണത്തിനുള്ള ന്യായീകരണം ചമക്കുന്നതെന്ന് ഗ്യാനേന്ദ്ര പാണ്ഡെ നിരീക്ഷിക്കുന്നുണ്ട്.2 വര്‍ഗീയത എന്നത്, കൊളോണിയലിസം അല്ലാതിരുന്ന സർവതിനെയും കുറിക്കാനുപയോഗിച്ചിരുന്ന കൊളോണിയലിസ്റ്റ് ജ്ഞാനത്തിെൻറ ഒരു രൂപം മാത്രമാണ് എന്ന് പാണ്ഡെ മറ്റൊരിടത്ത് അഭിപ്രായപ്പെടുന്നുണ്ട്.3 ന്യൂനപക്ഷ- കീഴാള രാഷ്ട്രീയത്തിെൻറ വളര്‍ച്ചയെയും അത് കോണ്‍ഗ്രസിനെ അസ്വസ്ഥപ്പെടുത്തിയതിനെയും ഉള്‍ക്കൊള്ളുന്നതാണ് പ്രത്യേക മണ്ഡലങ്ങൾ രൂപവത്കരിക്കുന്നതിെൻറ ചരിത്രം. അതിനെ കേവലം ബ്രിട്ടീഷുകാരുടെ അധികാരയുക്തിയിലേക്ക് പരിമിതപ്പെടുത്തുന്നത് കീഴാള-ന്യൂനപക്ഷ രാഷ്ട്രീയത്തിെൻറ സംഘര്‍ഷഭരിതമായ ചരിത്രത്തെ ന്യൂനീകരിക്കുന്നുണ്ട്.

അഫ്ഗാൻ-പാകിസ്താൻ അതിർത്തി

അഫ്ഗാന്‍-പാക് അതിര്‍ത്തിയുടെ ആഖ്യാനത്തിലൂടെയാണ് പുസ്തകം ആരംഭിക്കുന്നത്. ഏഷ്യന്‍- തെക്കനേഷ്യന്‍ രാജ്യങ്ങളിലുള്ള ആംഗ്ലോ- റഷ്യന്‍ സാമ്രാജ്യങ്ങളുടെ അധിനിവേശ ചരിത്രത്തിലൂടെയാണ് ഇന്നത്തെ അഫ്ഗാന്‍-പാക് അതിര്‍ത്തി നിലവില്‍ വന്നതെന്ന് പുസ്തകം പറയുന്നു. ഡ്യൂറൻറ് ലൈന്‍ എന്ന് ഇന്നറിയപ്പെടുന്ന ഈ രേഖ 1893ലാണ് നിലവില്‍ വന്നത്. കശ്മീര്‍ അടക്കമുള്ള ഈ പ്രദേശത്തെ മനസ്സിലാക്കണമെങ്കില്‍ കൊളോണിയല്‍, കോളനി പൂർവ ചരിത്രത്തിലേക്ക് നോക്കണമെന്ന് സുചിത്ര ആവശ്യപ്പെടുന്നുണ്ട്. ആംഗ്ലോ-അഫ്ഗാന്‍ യുദ്ധവും ആംഗ്ലോ-സിഖ് യുദ്ധവും ഈ ദേശത്തിെൻറ ഭൂ അതിര്‍ത്തികളെ പല രീതിയില്‍ മാറ്റിവരച്ചതായി ചരിത്രത്തില്‍ കാണാം. കശ്മീർ ചരിത്രം പറയുമ്പോൾ ദേശരാഷ്ട്ര നിർമിത യുക്തി നമ്മുടെ ആലോചനകളെ പലപ്പോഴും രാഷ്ട്രങ്ങൾ തമ്മിലുള്ള കേവല ഭൂതര്‍ക്കത്തിലേക്കൊതുക്കാറുണ്ട്. എന്നാല്‍, ദേശരാഷ്ട്രപൂർവ, കോളനികാല ചരിത്രത്തിലേക്കും അതിെൻറ മുമ്പിലേക്കും പോയാല്‍ മാത്രമേ ഈ ദേശത്തിെൻറ സമഗ്ര സാമൂഹിക-രാഷ്ട്രീയ ചരിത്രം ലഭ്യമാവുകയുള്ളൂ. ഇത്തരത്തില്‍, കേവല അമൂര്‍ത്തതകളില്‍ അഭിരമിക്കാതെ ഭൂബന്ധിതമായ സവിശേഷതകളാല്‍ രൂപപ്പെടുകയും സ്വാധീനിക്കപ്പെടുകയും ചെയ്യുന്ന ചരിത്രത്തിലൂടെ അഫ്ഗാനിലെ സാമ്രാജ്യങ്ങളുടെയും തുടര്‍ന്ന് രൂപപ്പെട്ട താലിബാെൻറയും മറ്റും ചരിത്രത്തെയും എഴുത്തുകാരി തുറന്ന് കാണിക്കുന്നുണ്ട്. 1800കളുടെ അവസാനം നിലവില്‍ വന്ന ഡ്യൂറൻറ് ലൈന്‍ എന്നത് ദേശരാഷ്ട്രങ്ങളുടെ നിശിതമായ അർഥത്തിലുള്ള അതിര്‍ത്തി ആയിരുന്നില്ലെന്നും മറിച്ച് തങ്ങളുടെ സ്വാധീനപ്രദേശങ്ങളെ അടയാളപ്പെടുത്തിയിരുന്ന രേഖ മാത്രമായിരുന്നെന്നും ബിജാന്‍ ഒമ്രാനിയെ ഉദ്ധരിച്ച് ഈ അധ്യായം നിരീക്ഷിക്കുന്നുണ്ട്. ഇത്തരത്തില്‍, കേവല സ്വഭാവത്തില്‍ അതിരുകളെ അടയാളപ്പെടുത്തിയിരുന്ന ഒരു സംവിധാനം നിശിതസ്വഭാവത്തിലുള്ള അതിര്‍ത്തിയായതെങ്ങനെയെന്ന് അധ്യായം തുറന്നിടുന്നു. മാറുന്ന അതിര്‍ത്തികള്‍ക്കിടയിലും അധിനിവേശകര്‍ക്കിടയിലും സ്വയം സ്ഥാനപ്പെടുത്താനാകാതെ വിവിധ വേഷങ്ങളണിഞ്ഞ് പലയാളുകള്‍ക്ക് വേണ്ടിയും ആയുധമെടുക്കേണ്ടി വന്നവരുടെ ജീവിതാഖ്യാനങ്ങളിലൂടെയാണ് അധ്യായം അവസാനിക്കുന്നത്. ''അത് അധിനിവേശകെൻറ ഭൂപടമായിരുന്നു. അവര്‍ക്ക് ഞങ്ങളുടെ മണ്ണിനോട് യാതൊരു ബഹുമാനവുമുണ്ടായിരുന്നില്ല. പിന്നെ ഞങ്ങളെന്തിന് ആ അതിര്‍ത്തികളെ ബഹുമാനിക്കണം?'' എന്ന കമാന്‍ഡര്‍ മഹ്മൂദിെൻറ ചോദ്യത്തില്‍ ഈ ദേശത്തിെൻറ ഭൂതവും വര്‍ത്തമാനവും നമുക്ക് ഉപസംഹരിക്കാം.


പാനിതാർ അതിര്‍ത്തിയിലെ മൈല്‍ കുറ്റികളെ സ്റ്റംപാക്കി ക്രിക്കറ്റ് കളിക്കുന്ന കുട്ടികളെ കുറിച്ച് സുചിത്ര എഴുതുന്നുണ്ട്. അവര്‍ക്ക് അതിര്‍ത്തി ദിനേന മറികടക്കാവുന്ന ഉപയോഗപ്പെടുത്താവുന്ന വസ്തു മാത്രമാണെന്ന് സുചിത്ര പരിഹസിക്കുന്നു

70 ശതമാനത്തോളം ഭാഗം വൈദ്യുതിവേലികളാല്‍ വേർതിരിക്കപ്പെട്ട ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിയാണ് അടുത്ത അധ്യായത്തില്‍. അധികാരകൈമാറ്റം വേഗത്തിലാക്കുന്നതിന് വേണ്ടി മുന്നൊരുക്കങ്ങളില്ലാതെ തയാറാക്കിയിരുന്നതായിരുന്നു ഇന്ത്യ- കിഴെക്ക പാകിസ്താന്‍ (ഇന്നത്തെ ബംഗ്ലാദേശ്) അതിര്‍ത്തി എന്ന് പഠനം നിരീക്ഷിക്കുന്നു. അതിർത്തി നിർണയം പല സ്ഥലങ്ങളിലും തമാശയും ക്രൂരതയുമായി മാറി. പല സമയങ്ങളിൽ വഴിമാറിയൊഴുകിയിരുന്ന നദികളെവരെ അതിര്‍ത്തിയാക്കിയായിരുന്നു ഭൂപടമൊരുക്കിയത്. വിഭജനത്തിന് ശേഷം നെഹ്റുതന്നെ ഈ പ്രതിസന്ധി പാര്‍ലമെൻറില്‍ വ്യക്തമാക്കിയിരുന്നു. ഓരോ മഴയിലും രൂപാന്തരപ്പെടുന്ന സുന്ദര്‍ബന്‍ വനങ്ങളും ഈ അതിര്‍ത്തിയുടെ ഭാഗമാണ്. രണ്ടതിര്‍ത്തികളിലും ജീവിക്കുന്ന ഒരു കോടിയോളം വരുന്ന ജനങ്ങള്‍ക്ക് മേല്‍ വൈകാതെ വന്നെത്തിയേക്കാവുന്ന കാലാവസ്ഥ വ്യതിയാനത്തിെൻറ പ്രത്യാഘാതങ്ങളെ കുറിച്ച് ഇരുരാജ്യങ്ങളും തീര്‍ത്തും അജ്ഞരാണ്.

പാനിതാർ അതിര്‍ത്തിയിലെ മൈല്‍ കുറ്റികളെ സ്റ്റംപാക്കി ക്രിക്കറ്റ് കളിക്കുന്ന കുട്ടികളെ കുറിച്ച് സുചിത്ര എഴുതുന്നുണ്ട്. അവര്‍ക്ക് അതിര്‍ത്തി ദിനേന മറികടക്കാവുന്ന ഉപയോഗപ്പെടുത്താവുന്ന വസ്തു മാത്രമാണെന്ന് സുചിത്ര പരിഹസിക്കുന്നു. അതിര്‍ത്തി സേനകള്‍ നടത്തുന്ന പല അതിരുകടന്ന പ്രവര്‍ത്തനങ്ങളെയും എഴുത്തുകാരി വ്യക്തമാക്കുന്നുണ്ട്. ഭക്ഷണവും സിഗരറ്റുകളും കള്ളക്കടത്ത് നടത്തുന്നവരാണ് സ്ത്രീകളും പെണ്‍കുട്ടികളുമെന്ന് എഴുത്തുകാരിയോട് പറയുന്ന ബി.എസ്.എഫ് ജവാന്‍ ''എല്ലാവരെയും സംശയത്തോടു കൂടെ മാത്രമേ നോക്കാവൂ'' എന്നും കൂട്ടിച്ചേര്‍ക്കുന്നുണ്ട്. വിഭജനവും യുദ്ധവും സംഭവിച്ച് കഴിഞ്ഞതല്ല, മറിച്ച് തീരാത്തതും തുടര്‍ന്നുകൊണ്ടിരിക്കുന്നതുമാണെന്ന് യാത്രക്കിടെ കാണുന്ന ഗാസി എന്ന യുവാവ് എഴുത്തുകാരിയോട് ഉണർത്തുന്നു. വിവിധ സ്വഭാവത്തിലുള്ള നിരന്തര പലായനങ്ങളും കുടിയേറ്റങ്ങളും കുടിയൊഴിപ്പിക്കലുകളും മറ്റ് പ്രകൃതിദുരന്തങ്ങളും ഈ ദേശത്തെ ജനങ്ങളുടെ ദേശയാഥാർഥ്യങ്ങളെയും സ്ഥാനങ്ങളെയും രൂപപ്പെടുത്തുകയും സ്വാധീനിക്കുകയും ചെയ്യുന്നുണ്ട്. ചെറിയ രീതിയിലുള്ള കള്ളക്കടത്തിനെ അനിവാര്യമാക്കുന്ന സാമൂഹിക-രാഷ്ട്രീയ ഘടനകളെ കുറിച്ചും ഗാസി സൂചിപ്പിക്കുന്നുണ്ട്. 2013ല്‍ പുറത്തിറങ്ങിയ ബി.എസ്.എഫ് ട്രെയിനിങ് മാന്വലില്‍ ബംഗാളി അതിര്‍ത്തി ജനതയെ കുറിച്ച് വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്: ''മുസ്ലിം ഭൂരിപക്ഷമുള്ള ദരിദ്രരും നിരക്ഷരരും പട്ടാളക്കാരോട് വെറുപ്പുമുള്ള ജനത. എളുപ്പത്തില്‍ പണമുണ്ടാക്കാന്‍ ത്വരയുള്ള യുവാക്കൾ.'' ഔദ്യോഗിക ലിഖിത രേഖകളിലും ആഖ്യാനങ്ങളിലുമെല്ലാമുള്ള വംശീയതയും വിദ്വേഷവും കലര്‍ന്ന ഇത്തരം മുന്‍വിധികളെ വാമൊഴി രേഖകളുടെയും ചരിത്രത്തിെൻറയും സാധ്യതകളെ ഉപയോഗിച്ചുകൊണ്ടും സാധാരണക്കാരുടെ മറു ആഖ്യാനങ്ങളെ രേഖപ്പെടുത്തിക്കൊണ്ടുമെല്ലാമാണ് ഈ പഠനം ഔദ്യോഗിക ആഖ്യാനത്തിെൻറ വംശീയ മുൻവിധികളെ ചെറുക്കുന്നത്. ഫെലനി ഖാത്തൂെൻറ കഥ അത്തരത്തിലൊന്നാണ്. സ്വന്തം കല്യാണത്തിന് വേണ്ടി ബംഗ്ലാദേശിലേക്ക് പോയ ഫെലനി ഖാത്തൂെൻറ വസ്ത്രം ഫൂല്‍ബാരി അതിര്‍ത്തിയിലെ കമ്പികള്‍ക്കിടയില്‍ കുടുങ്ങുകയും ഒച്ചവെച്ച ഖാത്തൂന് നേരെ ബി.എസ്.എഫുകാര്‍ വെടിയുതിര്‍ക്കുകയുമുണ്ടായി. നാല് മണിക്കൂറോളം വെള്ളത്തിന് വേണ്ടി കെഞ്ചിയിട്ടും അതുപോലും കിട്ടാതെ ഖാത്തൂന്‍ മരണപ്പെടുകയാണുണ്ടായത്. എന്നാല്‍, പട്ടാളക്കാരുടെ കണ്ണില്‍ ഇവര്‍ പര്‍ദക്കടിയിലൂടെ സാധനങ്ങള്‍ ഒളിച്ചുകടത്തുന്ന, പേരിന് മാത്രം ഇന്ത്യക്കാരായ കൊള്ളക്കാരും കള്ളന്മാരുമാണ്. തുടര്‍ന്ന് വെടിയുതിര്‍ത്ത ജവാനെ തെളിവുകൾ കണ്ടെത്താനായില്ലെന്ന് കാണിച്ച് കോടതി വെറുതെ വിട്ടു. ആ ജനങ്ങളുടെ ഓര്‍മകളിലല്ലാതെ ഒരു ഔദ്യോഗിക രേഖയിലും ഫെലനി ഖാത്തൂന്‍ രേഖപ്പെടുത്തപ്പെടില്ല.


ഇന്ത്യ-ചൈന അതിര്‍ത്തിയിലേക്കാണ് സുചിത്ര പിന്നീട് നമ്മെ എത്തിക്കുന്നത്. അതിദേശീയ വീരവാദങ്ങളുടെ മറവിലെ യഥാര്‍ഥ ഇടങ്ങളിലാണ് ഇന്ത്യ-ചൈന അതിര്‍ത്തിപ്രദേശങ്ങള്‍ നിലനില്‍ക്കുന്നത്. 1962ലെ യുദ്ധവും അതിെൻറ ഭാഗമായി വ്രണപ്പെട്ട ദേശീയതയുടെ പെരുമയെ മുറിവേല്‍പ്പിക്കാതെ സംരക്ഷിച്ച് നിര്‍ത്തുന്ന പ്രാദേശിക മിത്തുകളും ആഖ്യാനത്തിെൻറ ഭാഗമായി മാറുന്നുണ്ട്. ഇന്ത്യയും ചൈനയും യുദ്ധവുമെല്ലാം സൂചകങ്ങളായി വരുന്ന കഥകളെല്ലാം തന്നെ ഇത്തരത്തില്‍ ഒരു ദേശീയ സാങ്കൽപികതയെ ആവാഹിക്കുന്ന രൂപകങ്ങളാവുന്നു. ഇന്ത്യന്‍ 'മുഖ്യധാര' ഭൂ സങ്കൽപത്തിലെ വടക്കു-കിഴക്കന്‍ ഭാഗങ്ങള്‍ പലപ്പോഴും ഓറിയൻറലിസ്റ്റ് ഭാവനകളിൽനിന്നും ഉരുത്തിരിഞ്ഞതാണ്. വളര്‍ച്ചയും വികാസങ്ങളുമില്ലാത്ത, പ്രകൃതിയോട് ചേര്‍ന്ന് നില്‍ക്കുന്ന 'അനന്തമായ പൗരസ്ത്യം' എന്ന സങ്കൽപത്തെ പടിഞ്ഞാറ് ഉല്‍പാദിപ്പിച്ചിട്ടുള്ളതായി എേഡ്വഡ് സൈദ് ആരോപിക്കുന്നുണ്ട്.4 സമാന സ്വഭാവത്തില്‍, എല്ലാവിധ വിചിത്രഭാവനകളെയും ഗോത്രീയതയെയും ഉൾക്കൊണ്ടാണ് മുഖ്യധാര ഇന്ത്യന്‍ സങ്കൽപത്തില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ നിലനില്‍ക്കുന്നത്. ഇത് ആ പ്രദേശത്തെ ജനങ്ങളെയും അവിടത്തെ ചരിത്രത്തെയും ഒഴിച്ചുനിര്‍ത്തിയുള്ള ഭാവന മാത്രമാണ്. അവരുടെ പ്രാദേശിക സമരങ്ങളും വികസന പദ്ധതികളെ കുറിച്ചുള്ള ആശങ്കകളും പ്രാദേശിക ഭാഷകളുടെ തകര്‍ച്ചകളും വാമൊഴിവഴക്കങ്ങളുമൊന്നും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നില്ല എന്ന് പുസ്തകം നിരീക്ഷിക്കുന്നു. തവാങ്ങിെൻറ കൊളോണിയല്‍-കോളനിയനന്തര ചരിത്രവും ചെറുത്തുനില്‍പ്പിെൻറ ഭാഗമായി അന്ന് നാൽപത്തേഴോളം ഇന്ത്യന്‍ പട്ടാളക്കാരെ കൂട്ടക്കൊല നടത്തുകയും ചെയ്ത തഗിന്‍ ഗോത്രവും പുസ്തകത്തിൽ കടന്നുവരുന്നു. കോളനിയനന്തര ഇന്ത്യ എന്നത് പ്രാദേശിക- ഉപദേശീയ സങ്കൽപങ്ങളുടെ മേലുള്ള അധിനിവേശ സ്വഭാവത്തിലുള്ള കടന്നുകയറ്റത്തിലൂടെ മാത്രം സാധ്യമായ സങ്കൽപമായിരുന്നു എന്ന് അതിെൻറ രക്തം പുരണ്ട ചരിത്രം നമ്മോട് പറയുന്നുണ്ട്. അതിദേശീയഭാവനകള്‍ മാറ്റിനിര്‍ത്തുന്ന പ്രാദേശിക വൈരുധ്യങ്ങളുടെയും 1962ലെ യുദ്ധത്തിെൻറ മറു ആഖ്യാനങ്ങളെയും ഈ അധ്യായത്തില്‍ നമുക്ക് കാണാം.

'നാഗാ സ്വാതന്ത്ര്യത്തിനായി പൊരുതി ഇന്ത്യന്‍ ഭരണകൂടം കൊലപ്പെടുത്തിയ'' എന്ന് രേഖപ്പെടുത്തിയ ശവകുടീരങ്ങള്‍ നാഗാ ഗ്രാമങ്ങളില്‍ കാണാം എന്ന് പുസ്തകം രേഖപ്പെടുത്തുന്നു

ഇന്ത്യ-മ്യാന്മര്‍ അതിര്‍ത്തിയാണ് നാലാം ഭാഗത്തിെൻറ മുഖ്യപ്രമേയം. ''അത് തര്‍ക്കപ്രദേശമാണ്. എന്തിനാണ് ഇന്ത്യക്കാര്‍ അങ്ങോട്ട് പോവുന്നതെന്ന് ഞങ്ങള്‍ക്ക് മനസ്സിലാവുന്നില്ല. അത് നിങ്ങളുടേതാണെന്നാണ് നിങ്ങളുടെ വിചാരം'' എന്ന മറുപടിയാണ് നാഗാലാന്‍ഡിലേക്കും മറ്റു ചില വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്കും പോകുന്നതിനുള്ള പെർമിറ്റിനായി കൊൽക്കത്തയിലെ നാഗാലാന്‍ഡ് ഹൗസില്‍ പോയപ്പോള്‍ ആദ്യം ലഭിച്ചതെന്ന് സുചിത്ര എഴുതുന്നു. നോര്‍ത്ത്-ഈസ്റ്റ് എന്ന പ്രയോഗം തന്നെ കൊളോണിയല്‍ ഭൂചരിത്രത്തിെൻറ ബാക്കിപത്രമാണ് എന്ന് അധ്യായം നിരീക്ഷിക്കുന്നുണ്ട്. 255ന് മുകളില്‍ വരുന്ന ഗോത്രങ്ങളെയും അവയുടെ ചരിത്രത്തെയും ഓര്‍മകളെയും ഭൂമിയെയുമെല്ലാം രാഷ്ട്രീയ സൗകര്യങ്ങളുടെയും ഭരണസൗകര്യത്തിെൻറയും പേരില്‍ ഒറ്റ പേരിലേക്ക് ചുരുക്കിയതിെൻറ ഹിംസാത്മക അടയാളമാണ് ഈ നാമം. ആറ് പതിറ്റാണ്ടോളം നീണ്ടുനില്‍ക്കുന്ന സായുധസംഘടനകളുടെയും സ്വയം നിർണയാവകാശ പ്രക്ഷോഭങ്ങളുടെയുമെല്ലാം ഇടമാണ് ഈ ദേശം. ''നാഗാ സ്വാതന്ത്ര്യത്തിനായി പൊരുതി ഇന്ത്യന്‍ ഭരണകൂടം കൊലപ്പെടുത്തിയ'' എന്ന് രേഖപ്പെടുത്തിയ ശവകുടീരങ്ങള്‍ നാഗാ ഗ്രാമങ്ങളില്‍ കാണാം എന്ന് പുസ്തകം രേഖപ്പെടുത്തുന്നു.


ശേഷം സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും വലിയ കൂട്ടക്കൊലകളിലൊന്നായ അസമിലെ നെല്ലി ഗ്രാമത്തിലേക്കാണ് ആഖ്യാനം നീങ്ങുന്നത്. 1983 ഫെബ്രുവരി 18ലെ അല്‍പം മണിക്കൂറുകള്‍കൊണ്ടാണ് കുട്ടികളും സ്ത്രീകളുമടങ്ങുന്ന 3000ത്തിലധികം മുസ്ലിംകള്‍ അവിടെ കൊലചെയ്യപ്പെട്ടത്. അസമിെൻറ അതിര്‍ത്തികളുടെയും ഉടയബന്ധങ്ങളുടെയും ചരിത്രമുറങ്ങുന്നത് നദികളിലാണെന്ന് പഠനം നിരീക്ഷിക്കുന്നു. പ്രളയങ്ങളും പലായനങ്ങളും ഒരു ജനതയുടെ പൗരത്വത്തിെൻറ ഗതിയെ തന്നെ മാറ്റിയെഴുതുന്നത് നമുക്ക് കാണാം. കുടിയേറ്റക്കാരുടെ, പ്രത്യേകിച്ചും ന്യൂനപക്ഷ വിഭാഗക്കാരുടെ പൗരത്വത്തെ സംശയിച്ചുകൊണ്ടുള്ള നടപടികള്‍ ആദ്യം ആരംഭിക്കുന്നത് അസമിലാണ്. ഈ വംശീയ വിദ്വേഷത്തിെൻറ തുടര്‍ച്ചയിലായിരുന്നു നെല്ലി വംശഹത്യ അരങ്ങേറിയതും. നിഷ്ഠുരമായ ഈ കൊലകളുടെ ചരിത്രം പേറിക്കൊണ്ട് സ്വയം നിശ്ശബ്ദരായ ജനതയാണ് നെല്ലിയിലേത്. കൃത്യമായ ആസൂത്രണത്തോടെ ഭരണകൂടത്തിെൻറയും സൈനികസംവിധാനങ്ങളുടെയും പരോക്ഷ പിന്തുണയോടെയായിരുന്നു നെല്ലി വംശഹത്യ നടന്നത്. ഒരു പ്രാദേശിക പത്രവും ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തില്ല. ആകെ നടത്തിയ ഒരു അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ടാകട്ടെ, പ്രസിദ്ധീകരിച്ചതുമില്ല. സംഭവത്തില്‍, ഇന്നേ വരെ ഒരാള്‍പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല. ഇന്ത്യ ടുഡേ ഫോട്ടോഗ്രാഫര്‍ ഭവന്‍ സിങ് എടുത്ത ചിത്രങ്ങള്‍ മാത്രമാണ് തെളിവായുള്ളത്. ഈ വംശഹത്യയെ അതിജീവിച്ച നെല്ലിയിലെ പലരും ഇപ്പോള്‍ എന്‍.ആര്‍.സി ലിസ്റ്റില്‍നിന്നും പുറത്താക്കപ്പെട്ടിരിക്കുകയാണ് എന്ന വസ്തുത സുചിത്ര രേഖപ്പെടുത്തുന്നു. ഭരണകൂടത്തിെൻറ പരോക്ഷ പിന്തുണയോടെ നടന്ന ഒരു വംശഹത്യയെ അതിജീവിച്ചവര്‍ക്ക് ഇപ്പോള്‍ ഭരണകൂടം പ്രത്യക്ഷത്തില്‍തന്നെ മുന്നിട്ട് നടത്തുന്ന പൗരത്വത്തിെൻറ പേരിലുള്ള ഹിംസക്ക് മുന്നില്‍ പകച്ച് നില്‍ക്കേണ്ടിവരുന്ന കാഴ്ച പുസ്തകം വരച്ചിടുന്നു.

നെല്ലി കൂട്ടക്കൊല

അനധികൃത കുടിയേറ്റവും മറ്റു ക്രിമിനല്‍ കുറ്റങ്ങളും ആരോപിക്കപ്പെട്ട് അസമിലെ ജയിലുകളില്‍ കഴിയുന്ന റോഹിങ്ക്യന്‍ അഭയാർഥികളാണ് പിന്നീട് വരുന്നത്. ഒരു ആധുനിക ഭരണകൂടത്തിന് പ്രത്യക്ഷ ഹിംസകള്‍കൂടാതെ നിയമസംവിധാനങ്ങളെ ഉപയോഗപ്പെടുത്തി ഒരു ജനതയെ എങ്ങനെ വംശീയമായി ഇല്ലാതാക്കാന്‍ സാധിക്കും എന്നതിെൻറ ഉത്തമോദാഹരണമാണ് റോഹിങ്ക്യരോട് ചെയ്യുന്ന പ്രവൃത്തികള്‍. റഷ്മിനാരാ ബീഗത്തിെൻറയും ജമീല ബീഗത്തിെൻറയും മര്‍സീന ബീഗത്തിെൻറയുമെല്ലാം കഥകള്‍ അവരുടെ മാത്രമല്ല; അനേകലക്ഷം വരുന്ന 'സംശയകാരികളും' 'അപകടകാരി'കളുമായി ജയിലുകളിലടയ്ക്കപ്പെട്ട, ൈട്രബ്യൂണലുകളുടെ വിധികാത്ത് കിടക്കുന്ന റോഹിങ്ക്യൻ ജനതയുടേതുകൂടെയാണെന്ന് പുസ്തകം പറയുന്നു. നിയമസംവിധാനത്തെ ഭരണകൂടത്തിന് മുകളിലുള്ള നൈതിക സംവിധാനമായി കാണുന്ന പ്രവണത പലപ്പോഴും മുഖ്യധാര ലിബറലുകള്‍ക്കിടയില്‍ കാണാം. എന്നാല്‍, ഈ നിയമസംവിധാനം തന്നെയാണ് എന്‍.ആര്‍.സി നടപ്പിലാക്കാനും അതിെൻറ തുടര്‍ച്ചകളും നടപടിക്രമങ്ങളും ൈട്രബ്യൂണലുകളുടെ പ്രവര്‍ത്തനങ്ങളും ഉറപ്പ് വരുത്താന്‍ മുന്നില്‍ നിന്നിരുന്നതെന്ന സത്യം ചേര്‍ത്ത് വായിക്കേണ്ടതാണ്.

അഞ്ചാംഭാഗത്ത്, കശ്മീരിനെക്കുറിച്ച് കേവല കോളനിയനന്തര ദേശരാഷ്ട്ര ആഖ്യാനങ്ങള്‍ക്കപ്പുറം കോളനി-കോളനിപൂർവ ചരിത്രത്തിലേക്കും സാമൂഹികനിലകളിലേക്കും കൂടെ അന്വേഷണം വ്യാപിപ്പിക്കേണ്ടതിെൻറ ആവശ്യകതയെ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ മാത്രമേ, പരമാധികാരം എന്ന സങ്കൽപത്തിെൻറ ജനകീയ മാനങ്ങൾ മനസ്സിലാവൂ. വീട്ട് നമ്പറുകള്‍ക്കും തെരുവുകള്‍ക്കും പകരം കൊല്ലപ്പെടുകയും കാണാതാവുകയും ചെയ്ത യുവാക്കളുടെയും സ്ത്രീകളുടെയും പേരുകളിലാണ് കശ്മീരിലെ വീടുകള്‍ അറിയപ്പെടുന്നതെന്ന് എഴുത്തുകാരി വേദനയോടെ കുറിക്കുന്നു. ഇന്ത്യന്‍ പരമാധികാരം എങ്ങനെയാണ് ഹിംസയെ കശ്മീരിലെ ദൈനംദിനതയുടെ ഭാഗമാക്കി മാറ്റിയതെന്നും നീതി എന്ന സങ്കൽപത്തെ തന്നെ ഇല്ലാതാക്കിയത് എന്നും വിവിധ ജനങ്ങളുടെയും കുടുംബങ്ങളുടെയും വ്യക്തിഗത അനുഭവങ്ങളിലൂടെ ഈ അധ്യായം നമുക്ക് കാണിച്ച് തരുന്നുണ്ട്. എണ്ണമറ്റ വ്യാജ ഏറ്റുമുട്ടലുകളിലൂടെയും വെടിവെപ്പിലൂടെയും കസ്റ്റഡി മര്‍ദനങ്ങളിലൂടെയുമെല്ലാം കൊലപ്പെട്ട ആയിരക്കണക്കിന് കൂട്ടശ്മശാനങ്ങള്‍ കശ്മീരില്‍ കാണാം. കുനന്‍ പോഷ്പോറയുടെ ചരിത്രവും പൂഞ്ച് കൂട്ടക്കൊലയുടെ ചരിത്രവുമെല്ലാം ഔദ്യോഗിക ആഖ്യാനങ്ങളില്‍ 'അടിസ്ഥാനരഹിത'വും 'കെട്ടിച്ചമച്ച'തുമാവുമ്പോള്‍ ഇത്തരത്തിലുള്ള ജനകീയ ആഖ്യാനങ്ങളിലൂടെയാണ് ചരിത്രം ഓര്‍മകളെ സംരക്ഷിച്ചുനിര്‍ത്തുന്നത്.

തുടര്‍ന്ന് രാജസ്ഥാനിലെയും പഞ്ചാബിലെയും പാകിസ്താന്‍ അതിര്‍ത്തികളിലെ ചരിത്രങ്ങളിലേക്കാണ് ആഖ്യാനം നീങ്ങുന്നത്. അമ്മ പാകിസ്താനിയും അച്ഛന്‍ പഞ്ചാബിയുമായിരുന്ന സാരിബീഗത്തിെൻറ ജീവിതരേഖ തന്നെ ഇവിടെ വിഭജനത്തിെൻറ നേരാഖ്യാനമായി മാറുന്നു. വിഭജനത്തിെൻറ ഹിംസകള്‍ സമൂഹങ്ങളുടെ സമൂലമായ മാറ്റത്തിനും അവരുടെ അതിര്‍ത്തികളുടെ പുനരാലേഖനങ്ങള്‍ക്കും കാരണമായി മാറി എന്ന് ഗ്യാനേന്ദ്ര പാണ്ഡെ നിരീക്ഷിക്കുന്നുണ്ട്.5 പാകിസ്താന്‍ പട്ടാളത്തെ പ്രതിരോധിച്ച് നിര്‍ത്തിയ ഗംഗാനഗറിലെ കര്‍ഷകരുടെ വീര്യം ഗംഗാനഗറില്‍ മാത്രമൊതുങ്ങുന്ന പ്രാദേശിക മിത്തുകളായി മാറുകയാണ് ചെയ്യുന്നത്. പാകിസ്താനിലും ഇന്ത്യയിലും ഓര്‍മകളുറങ്ങുന്ന, സുചിത്രയുടെ സുഹൃത്ത് നതാഷയുടെ ഓര്‍മകളിലും ആശങ്കകളിലും നിരാശകളിലുമാണ് പുസ്തകത്തിെൻറ അവസാന അധ്യായം ആരംഭിക്കുന്നത്. ആമിര്‍ ഖാനെ ആരാധിക്കുകയും ബോളിവുഡ് സിനിമകള്‍ ലാഹോറിലിരുന്ന് കാണുകയും ചെയ്യുന്ന നതാഷയുടെ അമ്മയുടെ വ്യക്തിഗത ഓര്‍മകളില്‍ നഷ്ടങ്ങളുടെയും ഹിംസകളുടെയും ചരിത്രങ്ങളുറങ്ങുന്നുണ്ട്. ഇത്തരത്തില്‍, അനേകായിരം വ്യക്തികളുടെ ഓര്‍മകളിലൂടെയും അനുഭവങ്ങളിലൂടെയും വേദനകളിലൂടെയും നിരാശകളിലൂടെയും ഇന്ത്യൻ അതിര്‍ത്തികളുടെ ചരിത്രത്തെ ജനകീയമായി പുനര്‍നിര്‍മിക്കുകയാണ് സുചിത്ര വിജയെൻറ 'മിഡ്നൈറ്റ്സ് ബോര്‍ഡേര്‍ഡ്' എന്ന പുസ്തകം.

റോഹിങ്ക്യന്‍ അഭയാർഥികൾ

ആര് ജീവിക്കണമെന്നും ആര് മരിക്കണമെന്നും നിശ്ചയിക്കാനുള്ള അധികാരത്തിലാണ് പരമാധികാരത്തിെൻറ ഏറ്റവും വലിയ പ്രകാശനം നടക്കുന്നതെന്ന് അഷിലെ എംബെംബെ 'നെക്രോപൊളിറ്റിക്സ്' എന്ന പഠനത്തില്‍ നിരീക്ഷിക്കുന്നുണ്ട്. രാജ്യത്തിെൻറ അതിരുകളിലുള്ള ജീവിതങ്ങളെ നിരന്തരം പാനാപ്റ്റിക്കോണിയന്‍ നിരീക്ഷണം നടത്തിക്കൊണ്ടും അവരുടെ അവകാശങ്ങളെയും പൗരത്വത്തെയും വരെ ഇല്ലാതാക്കി ഡിറ്റന്‍ഷന്‍ ക്യാമ്പുകളിലടയ്ക്കുേമ്പാഴും ജനാധിപത്യത്തിെൻറയും ഭരണഘടനയുടെയും വ്യാകരണങ്ങളില്‍ വലിയ മാറ്റങ്ങളൊന്നും വരുത്തേണ്ട ആവശ്യം വരുന്നില്ല എന്നിടത്താണ് എംബെംബെ പറയുന്ന പരമാധികാരം എന്നത് 'നഗ്നജീവിത'6ങ്ങളിലേക്ക് തള്ളിയിടുന്ന ആധുനിക ദേശരാഷ്ട്രസംവിധാനം തന്നെയാണ് എന്ന് നമ്മള്‍ തിരിച്ചറിയുന്നത്. അതിരുകളില്‍ മാത്രമല്ല, തലസ്ഥാന നഗരിയിലെ പ്രമുഖ കാമ്പസുകളില്‍നിന്നും നജീബുമാര്‍ കാണാതാവുകയും രോഹിതുമാര്‍ സ്വയം ജീവനൊടുക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്ന ഒരിടത്ത് വലിയ വേലികളും ഇലക്ട്രിക് കമ്പികളും പട്ടാള ബാരക്കും മാത്രമല്ല അതിര്‍ത്തികളെ നിശ്ചയിക്കുന്നത്. മറിച്ച്, എംബെംബെ തന്നെ മറ്റൊരിടത്ത് നിരീക്ഷിക്കുന്നതുപോലെ, ജാതി-വംശ അടയാളങ്ങളാല്‍ ശരീരങ്ങള്‍തന്നെ അതിര്‍ത്തികളായി മാറുന്നുണ്ട് എന്നു കാണാം. ഇത്തരത്തില്‍ അരികുകളിലെ മനുഷ്യജീവിതങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ടും അതിര്‍ത്തികളെ മനുഷ്യരൂപകങ്ങളിലൂടെ ആവിഷ്കരിച്ചുകൊണ്ടും ദേശ-രാഷ്ട്രത്തിെൻറ കല്‍പിത പരമാധികാരത്തിനെതിരെയുള്ള ജനകീയ ആഖ്യാനരേഖയായി ഈ പുസ്തകം മാറുന്നുണ്ട്.

ഗാന്ധിനഗർ െഎ.െഎ.ടിയിൽ എം.എ (സൊസൈറ്റി ആൻഡ് കൾച്ചർ) വിദ്യാർഥിയാണ് ലേഖകൻ

ഗ്രന്ഥസൂചിക

1 The voice of the Past- Oral History

2 Guha, Ranajit. Subaltern Studies: Writings on South Asian History and Society, 1982. Print

3 Pandey, Gyanendra. The Construction of Communalism in Colonial North India. New Delhi: Oxford University Press, 2006. Print

4 Said, Edward W. Orientalism. New York: Pantheon Books, 1978. Print

5 Pandey, Gyanendra. 'Community and Violence: Recalling Partition.' Economic and Political Weekly, vol. 32, no. 32, 1997, pp. 2037–2045

6 Agamben, Giorgio, 1942- Homo Sacer. Sovereign Power and Bare Life. Stanford, Calif, Stanford University Press, 1998

Show More expand_more