കാട് കടന്നുവരുന്ന അത്യാഹിതങ്ങൾ

വേനൽക്കാലം രൂക്ഷമായതോടെ വീണ്ടും മലയോര മേഖലയിൽ വന്യജീവി സംഘർഷം വർധിക്കാനാണ് സാധ്യത. വയനാട്ടിൽ മാർച്ച് നാലിന് ഒരാൾ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ വന്യജീവി സംഘർഷത്തെക്കുറിച്ച് പരിശോധിക്കുകയും പ്രതിവിധികൾ മുന്നോട്ടുവെക്കുകയുമാണ് ലേഖിക. മലയോര മേഖലയിലെ കർഷകരുടെയും കാടരികുകളിൽ താമസിക്കുന്ന മറ്റ് ജനവിഭാഗങ്ങളുടെയും തുടർച്ചയായ പ്രതിഷേധങ്ങളുടെ ഫലമായി മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിനായി നിരവധി പദ്ധതികൾ ആവിഷ്കരിക്കപ്പെട്ട നാളുകളാണ് കടന്നുപോയത്. മനുഷ്യ-വന്യജീവി സംഘർഷം ‘സംസ്ഥാന സവിേശഷ ദുരന്തമായി’ പ്രഖ്യാപിച്ചതിന്റെ ഫലമായി വനം വകുപ്പിനെ കൂടാതെ മറ്റ് പല...
Your Subscription Supports Independent Journalism
View Plansവേനൽക്കാലം രൂക്ഷമായതോടെ വീണ്ടും മലയോര മേഖലയിൽ വന്യജീവി സംഘർഷം വർധിക്കാനാണ് സാധ്യത. വയനാട്ടിൽ മാർച്ച് നാലിന് ഒരാൾ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ വന്യജീവി സംഘർഷത്തെക്കുറിച്ച് പരിശോധിക്കുകയും പ്രതിവിധികൾ മുന്നോട്ടുവെക്കുകയുമാണ് ലേഖിക.
മലയോര മേഖലയിലെ കർഷകരുടെയും കാടരികുകളിൽ താമസിക്കുന്ന മറ്റ് ജനവിഭാഗങ്ങളുടെയും തുടർച്ചയായ പ്രതിഷേധങ്ങളുടെ ഫലമായി മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിനായി നിരവധി പദ്ധതികൾ ആവിഷ്കരിക്കപ്പെട്ട നാളുകളാണ് കടന്നുപോയത്. മനുഷ്യ-വന്യജീവി സംഘർഷം ‘സംസ്ഥാന സവിേശഷ ദുരന്തമായി’ പ്രഖ്യാപിച്ചതിന്റെ ഫലമായി വനം വകുപ്പിനെ കൂടാതെ മറ്റ് പല വകുപ്പുകളുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കഴിഞ്ഞത് ഫലം ചെയ്തു എന്നാണ് സർക്കാറിന്റെ വിലയിരുത്തൽ. 12 മിഷനുകളുടെ നേതൃത്വത്തിൽ നടക്കുന്ന ഇടപെടലുകൾ കൂടാതെ കിഫ്ബിയുടെ സഹായത്തോടെ നടപ്പാക്കുന്ന സൗരോർജവേലി മുതൽ സ്വയംസന്നദ്ധ പുനരധിവാസം വരെ നീളുന്ന കോടികളുടെ പദ്ധതികൾ വേറെയുമുണ്ട്. ഇതിന്റെയെല്ലാം ഫലമായി സംഘർഷം കുറയുന്നുണ്ട് എന്നാണ് സർക്കാറിന്റെ ഔദ്യോഗിക കണക്കുകൾ. 2026 ഫെബ്രുവരി 2ന് നിയമസഭയിൽ നൽകിയ മറുപടിയിൽ വനം മന്ത്രി എ.കെ. ശശീന്ദ്രൻ ഇക്കാര്യം കണക്കുകളിലൂടെ സമർഥിക്കുന്നുണ്ട്.
എന്നാൽ, വനം വകുപ്പ് തന്നെ തിട്ടപ്പെടുത്തിയിട്ടുള്ള കേരളത്തിലെ പല ഹോട്ട്സ്പോട്ടുകളിലും സംഘർഷത്തിന്റെ വാർത്തകൾക്ക് കുറവുണ്ടായിട്ടില്ല. ഇക്കഴിഞ്ഞ മാർച്ച് നാലിന് സംഭവിച്ച, വയനാട് വടക്കനാട് സ്വദേശി രജീവിന്റെ മരണം ജില്ലയിലെ കാടരികുകളെ വീണ്ടും ഭീതിയിലേക്കും പ്രതിഷേധങ്ങളിലേക്കും തള്ളിവിട്ടിരിക്കുകയാണ്. കൃഷിയിടത്തിൽ ആനയിറങ്ങിയതറിഞ്ഞ് തുരത്താൻ പോയപ്പോഴാണ് യുവ കർഷകനായ രജീവ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നാലുവശവും വനത്താൽ ചുറ്റപ്പെട്ട, കർഷകരും ആദിവാസികളും താമസിക്കുന്ന സെറ്റിൽമെന്റുകൾ ഏറെയുള്ള നൂൽപുഴ പഞ്ചായത്തിലെ വടക്കനാട് പ്രദേശത്ത് മുട്ടിക്കൊമ്പൻ എന്ന് നാട്ടുകാർ പേരിട്ട കാട്ടാനയുടെ സാന്നിധ്യം കുറച്ച് ആഴ്ചകളായി കൂടുതലായിരുന്നു.
കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഈ പ്രദേശത്തുനിന്നും വനം വകുപ്പ് പിടിച്ചുമാറ്റിയ വടക്കനാട് കൊമ്പന്റെയും കല്ലൂർ കൊമ്പന്റെയും സംഘത്തിലുള്ള ആനയാണ് മുട്ടിക്കൊമ്പൻ. ആദ്യമായാണ് ആദിവാസി വിഭാഗത്തിലല്ലാത്ത ഒരാൾ വടക്കനാട് ഗ്രാമത്തിൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. മനുഷ്യാധിവാസത്തിന്റെയും കൃഷിയുടെയും നീണ്ടകാല ചരിത്രമുള്ള വടക്കനാട് പ്രദേശം ശാശ്വതമായ പരിഹാരമാണ് എന്നും ആഗ്രഹിക്കുന്നതും തിരയുന്നതും. അതേസമയം, അത് ഏറെ സങ്കീർണവും കൂട്ടായ ശ്രമങ്ങളിലൂടെ മാത്രം സാധ്യമാകുന്നതുമാണെന്ന് അവർ തിരിച്ചറിയുന്നുണ്ട്. മൂന്ന് സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന വന്യജീവി സംരക്ഷിത പ്രദേശങ്ങളുമായി അതിരുപങ്കിടുന്ന ഒരു ഗ്രാമത്തിൽ വസിക്കുന്നവരെന്ന നിലയിൽ അവരുടെ ആശങ്കകൾ തികച്ചും വ്യത്യസ്തവുമാണ്.

ബന്ദിപ്പൂർ ടൈഗർ റിസർവിലേക്കുള്ള പ്രവേശന കവാടം
വടക്കനാടിനെ കുറിച്ച്
വടക്കും കിഴക്കും തെക്കും കർണാടക, തമിഴ്നാട് എന്നീ രണ്ട് അയൽ സംസ്ഥാനങ്ങളുമായി അതിര് പങ്കിടുന്ന വയനാട്ടിലെ ഏക ഗ്രാമപഞ്ചായത്താണ് നൂൽപുഴ. പടിഞ്ഞാറ് ഭാഗത്ത് സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയും നെന്മേനി പഞ്ചായത്തുമാണ്. കേരളത്തിന്റെ ഭാഗമായ പശ്ചിമഘട്ട മലനിരകളുടെയും മൈസൂർ പീഠഭൂമിയുടെയും ഇടയിലുള്ള പ്രദേശമെന്ന നിലയിൽ സവിശേഷമായ ഭൂപ്രകൃതിയാണ് ഇവിടെയുള്ളത്. നൂൽപുഴയുടെ ഭൂരിഭാഗം പ്രദേശങ്ങളും കുറിച്യാട്, മുത്തങ്ങ, ബത്തേരി എന്നീ ഫോറസ്റ്റ് റേഞ്ചുകൾ ഉൾപ്പെടുന്ന വയനാട് വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ നൂൽപുഴ ഗ്രാമപഞ്ചായത്തിൽ വനം വകുപ്പ് ഒരു പ്രധാനപ്പെട്ട ഭരണനിർവഹണ ഏജൻസിയാണ്.
242.97 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള നൂൽപുഴ പഞ്ചായത്തിൽ 2011ലെ സെൻസസ് പ്രകാരം 30,125 ആണ് ജനസംഖ്യ. അതിൽതന്നെ 40 ശതമാനത്തിലധികവും (11,738) ഗോത്രജനവിഭാഗങ്ങളാണ്. പണിയർ, കുറുമർ, കാട്ടുനായ്ക്കർ, ഊരാളികൾ എന്നീ ആദിവാസി സമൂഹങ്ങളാണ് പ്രധാനമായും ഈ പ്രദേശത്തുള്ളത്. കൃഷി, കന്നുകാലി വളർത്തൽ എന്നിവയെ ആശ്രയിച്ച് ഉപജീവന മാർഗം നടത്തിവരുന്നവരാണ് അവരെല്ലാം. ഇവിടെയുള്ള ആദിവാസി ഇതര ജനവിഭാഗങ്ങളുടെയും മുഖ്യ ഉപജീവന മാർഗം കൃഷിയാണ്. തണ്ണീർത്തടങ്ങളുടെയും വറ്റാത്ത അരുവികളുടെയും ശൃംഖലയുള്ള നൂൽപുഴയിലെ വനപ്രദേശങ്ങൾ, വരണ്ട സീസണിൽ ആനകൾക്ക് വളരെ വിലപ്പെട്ട ഒരു സങ്കേതമാണ്. നൂൽപുഴ പ്രദേശം ചരിത്രപരമായി വയനാട്-നീലഗിരി വനമേഖലയെ ബന്ധിപ്പിക്കുന്ന പ്രധാന ആന സഞ്ചാരപാത (corridor) ആയിരുന്നു. വയനാട് വന്യജീവി സങ്കേതത്തിന്റെ ഭാഗമായ നൂൽപുഴയുടെ നേരിട്ടുള്ള അതിര് ബന്ദിപ്പൂർ നാഷനൽ പാർക്ക് ആണ്. ബന്ദിപ്പൂർ എന്നത് നാഗർഹോള നാഷനൽ പാർക്കുമായും മുതുമലൈ നാഷനൽ പാർക്കുമായും ചേർന്നുകിടക്കുന്ന വലിയ ഒരു വനശൃംഖലയാണ്.
വന്യജീവികളുടെ സാന്നിധ്യമുള്ള, ഇത്രയും വിശാലമായ വനമേഖലയുടെ അതിർത്തിയിലുള്ള ഗ്രാമമായിരുന്നിട്ടും നൂൽപുഴ പഞ്ചായത്തിലെ വടക്കനാട് പോലെയുള്ള പ്രദേശങ്ങൾ പതിറ്റാണ്ടുകളായി കാർഷികവൃത്തിയിലേർപ്പെട്ട് ഈ പ്രദേശത്ത് കഴിയുന്നുണ്ട്. ഗ്രാമീണരുടെ അനുഭവങ്ങളിൽ സംഘർഷം അധികരിക്കാൻ തുടങ്ങിയത് അടുത്ത കാലത്ത് മാത്രമാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിഫലനങ്ങൾ കാരണം കാർഷിക മേഖലയിലുണ്ടായ തകർച്ചയും ജലദൗർലഭ്യവും കൃഷിയെ ബാധിക്കാൻ തുടങ്ങിയ നാളുകളിൽ തന്നെയാണ് വന്യജീവികൾ കാരണമുണ്ടാകുന്ന കൃഷിനാശവും ഈ പ്രദേശത്ത് രൂക്ഷമാകുന്നത്. കാർഷിക മേഖലയിലെ ഈ ഇരട്ട പ്രതിസന്ധി കർഷകരുടെ ജീവിതത്തെ കൂടുതൽ ദുരിതത്തിലാക്കി. കാർഷിക മേഖലയിലെ വിവിധ തൊഴിലുകളിലേർപ്പെട്ടിരിക്കുന്ന ആദിവാസി സമൂഹത്തെയും ആ പ്രതിസന്ധി വല്ലാതെ ബാധിച്ചിട്ടുണ്ട്.
വഹനശേഷിയും ജനസംഖ്യയും തമ്മിലുള്ള അന്തരം, അശാസ്ത്രീയമായ ഭൂവിനിയോഗം, കൃഷിരീതികളിൽ വന്ന മാറ്റങ്ങൾ, തേക്ക്, യൂക്കാലിപ്റ്റസ്, അക്കേഷ്യ തുടങ്ങിയ അക്കേഷ്യ ഏകവിളത്തോട്ടങ്ങൾ, മഞ്ഞക്കൊന്ന, അരിപ്പൂപോലുള്ള അധിനിവേശ സസ്യങ്ങളുടെ വ്യാപനം, വനനശീകരണം, ആവാസവ്യവസ്ഥയുടെ തുണ്ടുവത്കരണം, ടൂറിസം, റിസോർട്ടുകളുടെ പെരുപ്പം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ നിരവധി കാരണങ്ങൾ ഈ പ്രദേശത്തെ മനുഷ്യ-വന്യജീവി സംഘർഷത്തിന്റെ തീവ്രതകൂട്ടിയിട്ടുണ്ട്. അതേസമയം, കാടരികിലെ മനുഷ്യ അധിവാസ പ്രദേശങ്ങളുമായുള്ള സമ്പർക്കം കാരണം മൃഗങ്ങളുടെ സ്വഭാവത്തിൽ വന്ന മാറ്റങ്ങൾ (crop raiding behaviour), വനത്തിന്റെ ആരോഗ്യത്തിൽ വന്ന മാറ്റങ്ങൾ, വനത്തിലെ ഭക്ഷ്യയോഗ്യമായ വിഭവങ്ങളുടെ ദൗർലഭ്യം, പ്രജനനത്തിനും സഞ്ചാരസ്വാതന്ത്ര്യത്തിനും നേരിടുന്ന തടസ്സങ്ങൾ തുടങ്ങിയവ വന്യജീവികളെയും പ്രതികൂലമായി ബാധിച്ചു. വന്യജീവികളുടെ എണ്ണത്തിൽ വന്ന അനിയന്ത്രിതമായ പെരുപ്പമാണ് ഏറെ പ്രാധാന്യമർഹിക്കുന്ന മറ്റൊരു കാരണം.

എ.കെ. ശശീന്ദ്രൻ
നൂൽപുഴ പഞ്ചായത്തിലെ 19 വാർഡുകളിലെ പതിനഞ്ചോളം വാർഡുകളിലും (വടക്കനാട്, പച്ചാടി, പള്ളിവയൽ, അമ്പതേക്കർ, മണലിമൂല, കുറിച്യാട്, വള്ളുവാടി, കരിപ്പൂർ, ഓടപ്പള്ളം, കല്ലൂർകുന്ന്, കൊട്ടനോട്, മറുകര, കോളൂർ, മാറോട്, മന്മദന്മൂല, ആലത്തൂർ, കല്ലുമുക്ക്, തോട്ടാന്മൂല, തകരപ്പാടി, മുത്തങ്ങ, കുമിഴി, ചുക്കാലിക്കുനി, ചെട്ടിയാലത്തൂർ ഊരംകുന്ന്) വന്യജീവി സാന്നിധ്യവും ആക്രമണവും നിരന്തരം ഉണ്ടാകുന്നുണ്ട്. കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ ആനയുടെയും കടുവയുടെയും ആക്രമണത്തിൽ പത്തിലേറെ പേരാണ് നൂൽപുഴ പഞ്ചായത്തിൽ മാത്രം മരണപ്പെട്ടത്. കൃഷിനാശവും കന്നുകാലി നഷ്ടവും വസ്തുവകകളുടെ നഷ്ടവും നേരിടേണ്ടിവന്നവരുടെ എണ്ണം നൂറിലേറെ വരും.
പ്രശ്നത്തിന്റെ രൂക്ഷത തിരിച്ചറിഞ്ഞ് വനം വകുപ്പ് നൂൽപുഴ പഞ്ചായത്തിനെ ‘തീവ്ര സംഘർഷ മേഖല’യായി ലിസ്റ്റ് ചെയ്യുകയും വിവിധ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. സോളാർ ഫെൻസിങ്, കിടങ്ങുകൾ, കന്മതിലുകൾ തുടങ്ങി എ.ഐ സാങ്കേതികത ഉപയോഗിച്ച് പോലും വന്യജീവികളെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ ഈ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ വനം വകുപ്പ് നടത്തുന്നുണ്ട്. എന്നാൽ, ഈ ശ്രമങ്ങൾ പരാജയപ്പെടുന്നതും പലപ്പോഴും അപ്രായോഗികമായി മാറുന്നതുമായ കാഴ്ചയും ഇവിടെ കാണാം.
‘‘നാലുവശവും വനത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന ഗ്രാമമാണ് വടക്കനാട്. എവിടെ നിന്നുവന്നാലും വനപ്രദേശത്തുകൂടി മാത്രമേ വടക്കനാടെത്താൻ കഴിയൂ. അതുകൊണ്ടുതന്നെ ഇവിടത്തെ വന്യജീവി ആക്രമണത്തിന്റെ തോതും കൂടുതലാണ്. വന്യജീവികളുമായി ഏറ്റുമുട്ടാതെ വടക്കനാട്ടുകാർക്ക് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ്. കൃഷി നിർത്തി പലരും മറ്റു പ്രദേശത്തേക്ക് പോകുകയാണ്. പുതിയ വീടുകളൊന്നും തന്നെ ആരുമിവിടെ പണിയുന്നില്ല. രാത്രിയിൽ യാത്ര ദുസ്സഹമായതുകൊണ്ട് വടക്കനാടിന് പുറത്ത് ജോലിചെയ്യുന്നവർക്കോ പഠിക്കുന്നവർക്കോ മറ്റ് ആവശ്യങ്ങൾക്കു വേണ്ടി പോയവർക്കോ ഒന്നും ഇവിടേക്കെത്തിച്ചേരാൻ പ്രയാസമാണ്. വനം വകുപ്പിന്റെ സംവിധാനങ്ങളൊന്നും തന്നെ പരിഹാരമാകുന്നില്ല. വന്യജീവി സാന്നിധ്യമുണ്ടായാൽ ആർ.ആർ.ടി അംഗങ്ങൾ സ്ഥലത്തെത്താറുണ്ടെങ്കിലും അവരെത്തുമ്പോഴേക്കും കൃഷിനാശം സംഭവിച്ചുകഴിഞ്ഞിരിക്കും. കിടങ്ങുകളും കന്മതിലുകളും ഫെൻസിങ്ങുകളുമെല്ലാം ആനകൾ വേഗത്തിൽ തകർക്കുന്നുണ്ട്.
ഏത് പുതിയ പദ്ധതി സ്വീകരിച്ചാലും ആന അതിനോട് വേഗത്തിൽ പൊരുത്തപ്പെടുകയും അതിനെ ചെറുക്കുകയും ചെയ്യുന്നു. വന്യജീവികളുടെ സ്വഭാവത്തിൽ വലിയ മാറ്റങ്ങളുണ്ടാകുന്നുണ്ട്. മൃഗങ്ങളിലുണ്ടാകുന്ന അനിയന്ത്രിതമായ പെരുപ്പം തടയാനുള്ള സംവിധാനങ്ങൾ കേരളത്തിലില്ല. വന്യജീവികളുടെ എണ്ണം സംബന്ധിച്ച വിവരങ്ങളും ലഭ്യമല്ല. വനത്തിനും വന്യജീവികൾക്കും മാത്രം സംരക്ഷണം നൽകുന്ന നിയമങ്ങളാണ് നമുക്കുള്ളത്. മനുഷ്യജീവന് ഇക്കാര്യത്തിൽ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല. വന്യജീവി സംരക്ഷണ നിയമത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തണം. അല്ലെങ്കിൽ രജീവിന്റേതുപോലുള്ള മരണങ്ങൾ ഇവിടെ തുടർക്കഥയാകും’’ -നാട്ടുകാരനും പൊതുപ്രവർത്തകനുമായ എം.കെ. ബാലൻ പറയുന്നു.
രജീവിന്റെ മരണം
മാർച്ച് 4ന് ആണ് വടക്കനാട് നടുവീട്ടിൽ രജീവ് എന്ന 37 വയസ്സുകാരൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വളരെ കാലമായി കൃഷിയെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തിയിരുന്ന കുടുംബമായിരുന്നു രജീവിന്റേത്. 2023ലെ കർഷകദിനത്തിൽ പഞ്ചായത്തിലെ ഏറ്റവും മികച്ച കർഷകനുള്ള അവാർഡ് നേടിയ രജീവ് പതിവുപോലെ ഇത്തവണയും വാഴയും മരച്ചീനിയും സൂര്യകാന്തിയും കൃഷിയിറക്കിയിരുന്നു. രണ്ടായിരത്തോളം വാഴകളാണ് ഇത്തവണ പാട്ടത്തിനെടുത്ത ഭൂമിയിൽ രജീവ് കൃഷിചെയ്തിരുന്നത്. വാഴത്തോട്ടത്തിന് സമീപം ആനയിറങ്ങിയിട്ടുണ്ട് എന്ന് അയൽവാസി വിളിച്ചുപറഞ്ഞതിനെ തുടർന്ന് പതിവുപോലെ ആനയെ തുരത്താനായി പോയതായിരുന്നു രജീവ്. വാഴത്തോട്ടത്തിന് അൽപം മുകളിലേക്ക് മാറി തുറസ്സായ പറമ്പിലൂടെ ആനയെ തിരയുന്നതിനിടയിൽ അപ്രതീക്ഷിതമായി ആനയുടെ മുന്നിലെത്തുകയായിരുന്നു. ആനയുടെ തുമ്പിക്കൈക്കൊണ്ട് അടിവയറ്റിലും നെഞ്ചിലും പരിക്കേറ്റ് ആന്തരികാവയവം തകർന്നാണ് രജീവ് മരണപ്പെട്ടത് എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
രജീവിന്റെ അയൽവാസിയായ ഷിൻസ് എന്ന യുവാവാണ് സംഭവസ്ഥലത്ത് ആദ്യം ഓടിയെത്തിയത്. ‘‘രജീവിന്റെ ഫോണിലേക്ക് വിളിച്ചുകൊണ്ടാണ് ഞങ്ങൾ സ്ഥലത്തെത്തിയത്. അവിടമാകെ ആനയുടെ കാൽപ്പാടുകളുണ്ടായിരുന്നെങ്കിലും ആനയെ അടുത്തെങ്ങും കാണാനുണ്ടായിരുന്നില്ല. വീണുകിടക്കുന്ന രജീവിനെ ഞങ്ങൾ അപ്പോൾതന്നെ ബത്തേരി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെയെത്തും മുമ്പുതന്നെ രജീവ് മരിച്ചിരുന്നു. പ്രത്യക്ഷത്തിൽ പരിക്കുകളൊന്നുമില്ലായിരുന്നെങ്കിലും രജീവിന്റെ ദേഹത്ത് ഛർദിലിന്റെ അടയാളങ്ങളുണ്ടായിരുന്നു. കഴിഞ്ഞ കുറേ വർഷക്കാലമായി വന്യജീവികളുടെ നിരന്തര ആക്രമണമുള്ള സ്ഥലമാണ് വടക്കനാട് എങ്കിലും ഈ പ്രദേശത്ത് ഇതാദ്യമായിട്ടായിരുന്നു ഇങ്ങനെയൊരു ആക്രമണം.’’
‘‘കൃഷിയെ സ്നേഹിക്കുന്ന കർഷകനെന്ന നിലയിൽ തന്റെ വിളകൾ നശിപ്പിക്കപ്പെടുമോ എന്ന ഭയത്തിലാണ് ഒറ്റക്കാണെങ്കിൽപോലും രജീവ് ഇവിടെ ഓടിയെത്തിയത്. നാളുകളായുള്ള തന്റെ അധ്വാനം വെറുതെയാകുമോ എന്ന ഭയം ഏതൊരാളെയും മനഃപ്രയാസ ത്തിലാക്കും. നശിപ്പിക്കപ്പെടുന്ന വിളകൾക്ക് ലഭിക്കുന്ന തുച്ഛമായ നഷ്ടപരിഹാരംതന്നെ മണ്ണിലിറങ്ങി പണിയെടുക്കുന്നവരെ അവഹേളിക്കലാണ്. യഥാർഥ നഷ്ടത്തിന്റെ പകുതിപോലും കർഷകർക്ക് ലഭിക്കാറില്ല. ഒരു തെങ്ങ് നശിപ്പിച്ചാൽ കിട്ടുന്നത് 750 രൂപയാണ്. ഒരു തെങ്ങ് നല്ല രീതിയിൽ വളർന്നാൽ 750 രൂപയാണോ ആകെ വരുമാനമോ ലാഭമോ ആയി ലഭിക്കുക?
എത്ര മാസങ്ങളും വർഷങ്ങളും എടുത്താണ് ഓരോ കർഷകനും ഓരോ വിളകൾ നട്ടുപിടിപ്പിക്കുന്നത്. ഇനി തുച്ഛമാണെങ്കിൽതന്നെ അത് തക്ക സമയത്ത് കൊടുക്കുമോ, അതും ഇല്ല. അതിനുള്ള കാലതാമസവും അപേക്ഷിക്കുന്നതിലുള്ള സാങ്കേതികതകളും കാരണം ഭൂരിഭാഗം പേരും നഷ്ടപരിഹാരത്തിന് അപേക്ഷിക്കാറുപോലുമില്ല. വടക്കനാട് ഇപ്പോൾ പലരും കൃഷി അവസാനിപ്പിച്ച അവസ്ഥയാണ്. കാട്ടാനയും പന്നിയും മാനും കുരങ്ങും മലയണ്ണാനുമെല്ലാം നിരന്തര ഭീഷണിയാണ്. പകൽ മുഴുവൻ തോട്ടങ്ങളിലും പറമ്പിലും പണിയെടുത്ത് രാത്രിയിലും കാവൽ നിന്നാൽ മാത്രമാണ് വന്യജീവി ആക്രമണം തടയാനാകുന്നത്. കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ജനതയെ സംബന്ധിച്ച് ഇത് വല്ലാത്ത പ്രതിസന്ധിയാണ്’’ -നാട്ടുകാരനായ സുബി പുളർക്കാട്ട് പറയുന്നു.
‘‘വനത്തിൽനിന്നും വെറും 200 മീറ്ററോളം മാറിയാണ് സംഭവം. വനം വകുപ്പ് വലിയരീതിയിൽ കൊട്ടിഗ്ഘോഷിച്ച് നിർമിച്ച തൂക്കുവേലിയും മറി കടന്നാണ് ആന വന്നത്. വന്യജീവികൾക്ക് മനുഷ്യർക്കുള്ളതുപോലുള്ള അതിരുകൾ ഉണ്ടാവില്ല എന്നതു ശരിതന്നെ. പക്ഷേ, വനം വകുപ്പിന് ഉത്തരവാദിത്തമുള്ള ഈ പ്രശ്നത്തിൽ പരിഹാരം കാണേണ്ടത് പിന്നെ ആരാണ്?’’ -നാട്ടുകാരനായ മനോജ് മഞ്ഞാങ്ങൽ ചോദിക്കുന്നു.

വന്യജീവിശല്യം തടയാൻ സ്ഥാപിച്ച തൂക്കുവേലി,വയനാട് വന്യജീവി ആക്രമണത്തെക്കുറിച്ച് സംസാരിക്കുന്ന നാട്ടുകാർ
വടക്കനാട് കൊമ്പനെതിരായ ജനകീയ സമരം
വടക്കനാട്, കരിപ്പൂർ, വള്ളുവാടി ഭാഗങ്ങളിലെ ജനങ്ങൾക്ക് അത്യന്തം ഭീഷണി ഉയർത്തിക്കൊണ്ടിരുന്ന ആനയായിരുന്നു വടക്കനാട് കൊമ്പൻ. ഈ സാഹചര്യത്തിലാണ് നാട്ടുകാരുടെ നേതൃത്വത്തിൽ വടക്കനാട് ഗ്രാമസംരക്ഷണ സമിതി രൂപവത്കരിക്കപ്പെടുന്നത്. മുഴുവൻ തദ്ദേശവാസികളുടെയും പങ്കാളിത്തത്തോടെ വിപുലമായ സമരമാണ് പിന്നീട് നടന്നത്. 2018 മാർച്ച് 17 മുതൽ വൈൽഡ് ലൈഫ് വാർഡന്റെ ഓഫിസിന് മുന്നിൽ പന്തൽകെട്ടി അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നീട് ബത്തേരി നഗരത്തിലും വടക്കനാടുമൊക്കെയായി ദിവസങ്ങളോളം നീണ്ടുനിന്ന സമരത്തിന് ഐക്യദാർഢ്യവുമായി വിവിധ ജില്ലകളിൽ നിന്നായി ആയിരങ്ങൾ അണിചേർന്നു.
സമരത്തിന്റെ പ്രധാന ആവശ്യം വടക്കനാടിന് വന്യജീവിശല്യത്തിൽനിന്നും സംരക്ഷണം നൽകണമെന്നും പ്രശ്നക്കാരനായ വടക്കനാട് കൊമ്പനെ പിടികൂടണമെന്നതുമായിരുന്നു. രണ്ടാഴ്ചയോളം നീണ്ടുനിന്ന നിരാഹാര സമരത്തിൽ നാട്ടുകാരായ പുരുഷന്മാരും സ്ത്രീകളും പങ്കെടുത്തു. മൂന്നുപേരുടെ മരണത്തിന് കാരണമായിരുന്ന വടക്കനാട് കൊമ്പൻ കാരണം നിരാഹാര സമരം നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ തന്നെ മുത്തങ്ങയിൽ വെച്ച് മഹേഷ് എന്ന സ്കൂൾ വിദ്യാർഥികൂടി മരണപ്പെട്ടു. ഇത് സമരത്തെ വീണ്ടും ശക്തമാക്കി. അതോടെ, വനം വകുപ്പിന് വടക്കനാട് കൊമ്പനെ പിടികൂടുകയല്ലാതെ നിവൃത്തിയില്ലെന്നായി. ഒടുവിൽ മയക്കുവെടിെവച്ച് 2019 മാർച്ചിൽ വടക്കനാട് കൊമ്പനെ പിടികൂടി മുത്തങ്ങയിലെ ആനപ്പന്തിയിൽ എത്തിച്ചു. ഇപ്പോഴത് പല ദൗത്യങ്ങളിലും ഏർപ്പെടുന്ന വിക്രം എന്ന കുങ്കിയാനയാണ്.
വടക്കനാട് ഗ്രാമസംരക്ഷണ സമിതി കൺവീനറും സമരത്തിലെ സജീവ പ്രവർത്തകനുമായിരുന്ന കരുണാകരൻ വെള്ളക്കെട്ട് പറയുന്നു, ‘‘ആനയെ പിടികൂടുന്നത് കൂടാതെ 30 കിലോമീറ്ററോളം വരുന്ന കരഭാഗത്ത് കന്മതിലും ബാക്കിവരുന്ന നാല് കിലോമീറ്റർ ചതുപ്പ് പ്രദേശത്ത് റെയിൽ ഫെൻസിങ്ങും പണിയാമെന്ന് 2019ൽ നടന്ന മന്ത്രിതല തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് ഉറപ്പുനൽകിയിരുന്നതുമാണ്. എന്നാൽ, പലവിധ കാരണങ്ങളും ഇതിന്റെ ചെലവും ചൂണ്ടിക്കാട്ടി അത് നടപ്പാക്കാൻ പറ്റില്ലെന്നും പകരം മാങ്കുളം മോഡലിൽ അയേൺ റോപ് ഫെൻസിങ് പണിയാമെന്നും വനം വകുപ്പ് അറിയിച്ചു. നേരത്തേ തീരുമാനിച്ച റെയിൽ ഫെൻസിന് പകരം ഒരു പൈലറ്റ് പ്രവർത്തനമെന്ന നിലയിൽ നാല് കിലോമീറ്റർ ഭാഗത്ത് അയേൺ റോപ് ഫെൻസ് സ്ഥാപിക്കുന്നതിന് വനം വകുപ്പ് ടെൻഡർ വിളിക്കുകയും നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയും ചെയ്തിരുന്നു.
എന്നാൽ, എൻ.ഐ.ടി നടത്തിയ ഒരു പഠനത്തെ പിന്താങ്ങി അയേൺ റോപ് ഫെൻസിങ് ഇവിടെ അപ്രായോഗികമായിരിക്കുമെന്ന് വനം വകുപ്പു തന്നെ വിലയിരുത്തി ആ പദ്ധതി ഉപേക്ഷിക്കപ്പെട്ടു. ഒരുകൂട്ടം ആനകൾ വന്ന് തള്ളിയാൽ അയേൺ റോപ് ഫെൻസിങ് മറിഞ്ഞുവീഴുമെന്ന എൻ.ഐ.ടി വാദത്തെയാണ് അന്ന് വനം വകുപ്പ് ഈ പദ്ധതി റദ്ദുചെയ്യാനായി ഉപയോഗിച്ചത്. ഒരുകൂട്ടം ആനകൾ വന്നു തള്ളിയാൽ മറിഞ്ഞുവീഴാത്തതായി എന്താണ് ഉള്ളത്? വളരെ ബാലിശമായൊരു വാദമാണ് അന്ന് വനം വകുപ്പ് ഏറ്റുപിടിച്ചത്. അതിനുശേഷമാണ് ഇപ്പോഴുള്ള തൂക്കുകമ്പി പണിയാമെന്ന് വനം വകുപ്പ് അറിയിച്ചത്. തദ്ദേശവാസികളുടെ വിവിധ അന്വേഷണങ്ങളുടെ ഫലമായി തൂക്കുകമ്പി ഫലപ്രദമാവില്ലെന്നു കണ്ട് ഞങ്ങൾ വടക്കനാട്, കരിപ്പൂർ, വള്ളുവാടി വാർഡുകളിൽ ഗ്രാമസഭ കൂടി തൂക്കുകമ്പി ഇവിടെ ശാശ്വതമാവില്ലെന്ന് കാണിച്ച് 2024ൽതന്നെ പ്രമേയം പാസാക്കിയിരുന്നതുമാണ്.
നിരവധി തവണ വനം വകുപ്പുമായി ബന്ധപ്പെട്ട് ഇക്കാര്യം അറിയിച്ചെങ്കിലും തൂക്കുകമ്പി നിർമാണവുമായി വനം വകുപ്പ് മുന്നോട്ടുപോകുകയായിരുന്നു. ഇക്കഴിഞ്ഞ ജനുവരി അവസാനത്തോടു കൂടിയാണ് ഇവിടെ തൂക്കുകമ്പി കമീഷൻ ചെയ്യപ്പെട്ടത്. ജനങ്ങളുടെ അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും ഒരു വിലയും കൽപിക്കാതിരുന്നതിനാലാവണം കമീഷൻ ചെയ്യപ്പെട്ട അന്നു രാത്രിതന്നെ തൂക്കുകമ്പി മറികടന്ന് ആന ജനവാസ മേഖലകളിലെത്തി. പിന്നീടങ്ങോട്ട് വടക്കനാട്-വള്ളുവാടി ഭാഗത്തെല്ലാം ദിവസേന ആനയിറങ്ങുന്നുണ്ട്.’’
നാട്ടുകാരെ ഭീതിയിലാഴ്ത്തുന്ന മുട്ടിക്കൊമ്പൻ
ഇപ്പോൾ പതിവ് സാന്നിധ്യമായിരിക്കുന്ന, മുട്ടിക്കൊമ്പൻ എന്ന് നാട്ടുകാർ വിളിക്കുന്ന ടി.ടി 1 എന്ന ആന വടക്കനാട് കൊമ്പന്റെ കൂടെ സഞ്ചരിച്ചിരുന്ന ആനകളിൽ ഒന്നാണ്. പള്ളിവയലിലെ പൗലോസ് കട്ടച്ചിറ, മണ്ട്രത്ത് ജോയ് എന്നിവരുടെയും കല്ലൂർകുന്ന്-വള്ളുവാടി മേഖലയിലെ മാങ്കുത്തേൽ ബേബി, ജോബി, മരിങ്ങാറ്റിൻകര എബി, പൂക്കോളയിൽ തങ്കച്ചൻ, തറയപറമ്പിൽ യമുന, വാരിക്കുന്നേൽ റെജി, നിരപ്പത്ത് മോൻസി എന്നിവരുടെയും കൃഷി നശിപ്പിച്ചതോടെയാണ് മുട്ടിക്കൊമ്പന്റെ സാന്നിധ്യം വീണ്ടും വടക്കനാട് ഭാഗത്ത് കണ്ടുതുടങ്ങുന്നത്. ഇവരുടെ തെങ്ങ്, വാഴ, കവുങ്ങ്, കാപ്പി, കുരുമുളക് തുടങ്ങിയ എല്ലാ വിളകളും കൊമ്പൻ നശിപ്പിക്കുകയായിരുന്നു. ആളുകൾക്കും വീടുകൾക്കും നേരെയും കൊമ്പൻ ആക്രമണ സ്വഭാവം കാണിച്ചു. വള്ളുവാടി മേഖലയിലെ പള്ളിയുടെ ഫെൻസിങ് തകർത്തു. സെമിത്തേരിയിലും നഷ്ടങ്ങളുണ്ടാക്കി.
കാടരികുകളിലെ തൂക്കുകമ്പികളിലേക്ക് മരങ്ങൾ തള്ളിയിട്ടും ഫെൻസിങ് പോസ്റ്റുകൾ കാലുകൾകൊണ്ട് തള്ളിയിട്ടുമാണ് മുട്ടിക്കൊമ്പൻ ജനവാസമേഖലകളിലേക്കെത്തുന്നത്. തൂക്കുവേലിക്ക് സമീപത്തുള്ള തേക്ക് തള്ളിയിട്ടാണ് വള്ളുവാടി ഭാഗത്ത് വേലി തകർത്തത്. നിലവിൽ 32 കിലോമീറ്റർ ആണ് തൂക്കുവേലിയുടെ നീളം. രണ്ടുകോടി രൂപയാണ് ഇതിനായി ചെലവഴിച്ചിരിക്കുന്നത്. കോൺക്രീറ്റിൽ ഇരുമ്പുകമ്പി നാട്ടി നൂലുകൾപോലെ കമ്പികൾ തൂക്കിയിട്ട് സ്ഥാപിച്ച തൂക്കുവേലിയും പരാജയമാണെന്നാണ് പതിവായുള്ള ആന സാന്നിധ്യവും രജീവിന്റെ മരണവും വ്യക്തമാക്കുന്നത്. വടക്കനാട്-വള്ളുവാടി ഭാഗത്തായി പത്തിലധികം സ്ഥലങ്ങളിലാണ് ഇക്കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ വേലികൾ തകർക്കപ്പെട്ടത്. മരങ്ങൾ തിങ്ങിനിറഞ്ഞ സ്ഥലത്ത് തൂക്കുകമ്പി നിർമിക്കുന്നത് ശാശ്വതമാകില്ലെന്നും തൂക്കുവേലിയുടെ തൊട്ടടുത്തുള്ള മരങ്ങളെങ്കിലും മുറിച്ചുമാറ്റണമെന്നും (വിസ്ത ക്ലിയറിങ്) ജനങ്ങൾ ആവശ്യപ്പെട്ടിരുന്നെങ്കിലും വനത്തിനകത്തെ മരം മുറിക്കുന്നതിലെ നിയമതടസ്സങ്ങൾ ചൂണ്ടിക്കാട്ടുകയാണ് വനം വകുപ്പ് ചെയ്തത്.
മുട്ടിക്കൊമ്പനെ പിടികൂടണമെന്ന ആവശ്യവുമായാണ് നാട്ടുകാരിപ്പോൾ സമരരംഗത്തേക്ക് എത്തിയിരിക്കുന്നത്. രജീവിന്റെ മരണത്തോടെ സമരം കൂടുതൽ ശക്തിപ്പെട്ടിരിക്കുകയാണ്. വിക്രം എന്ന പേരിൽ കുങ്കിയാനയായി മാറ്റപ്പെട്ട വടക്കനാട് കൊമ്പനെ കൊണ്ടുവന്ന് മുട്ടിക്കൊമ്പനെ ഉൾക്കാട്ടിലേക്ക് തുരത്താനുള്ള രണ്ട് ശ്രമങ്ങളും മുമ്പ് പരാജയപ്പെട്ടിരുന്നു. പിന്നീട് റേഡിയോ കോളർ ധരിപ്പിക്കാനുള്ള ശ്രമവും ഫലം കണ്ടില്ല. രജീവിന്റെ മരണശേഷം ആനയെ ഓടിക്കൽ ദൗത്യം കാര്യക്ഷമമായി നടക്കുന്നുണ്ടെങ്കിലും ആനയെ പിടികൂടുമോ എന്ന കാര്യത്തിൽ വ്യക്തമായ ഉത്തരം കിട്ടിയിട്ടില്ല.
‘‘വടക്കനാട് വാർഡിൽ മുട്ടിക്കൊമ്പനടക്കമുള്ള ആനകളുടെ നിരന്തര ശല്യത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 7ന് പ്രത്യേക ഗ്രാമസഭ കൂടി പ്രമേയം പാസാക്കിയിരുന്നു. നിരന്തര ശല്യക്കാരായ കാട്ടാനകളെ മയക്കുവെടിവെച്ച് പിടിച്ച് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കണമെന്നായിരുന്നു പ്രമേയത്തിന്റെ മുഖ്യ ആവശ്യം. പഞ്ചായത്തും ഇക്കാര്യത്തിൽ അടിയന്തര നടപടികളുമായി മുന്നോട്ടുപോകാൻ ഒരുങ്ങുന്നതിനിടയിലാണ് ഇപ്പോൾ ഒരു ദുരന്തംകൂടി സംഭവിച്ചത്.
അന്ന് നടന്ന സർവകക്ഷി യോഗത്തിൽ രജീവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാമെന്നും കുടുംബം ആവശ്യപ്പെടുന്ന പക്ഷം കുടുംബത്തിലെ ഒരാൾക്ക് വനം വകുപ്പ് സംവിധാനത്തിൽ മാസത്തിൽ 24 ദിവസമെങ്കിലും വേതനം കിട്ടുന്ന തരത്തിൽ താൽക്കാലിക ജോലി നൽകാമെന്നും വനം വകുപ്പ് ഉറപ്പുനൽകിയിരുന്നു. ആനയെ പിടികൂടും വരെ പ്രദേശത്ത് കാവൽശക്തിപ്പെടുത്താനും പ്രദേശത്തെ തെരുവുവിളക്കുകൾ ശക്തിപ്പെടുത്താനും വിവരങ്ങൾ പഞ്ചായത്തിനും ജനപ്രതിനിധികൾക്കും കൈമാറാനും തീരുമാനിച്ചിരുന്നു. ഇക്കഴിഞ്ഞ ദിവസവും ആനയെ പിടികൂടാനുള്ള പദ്ധതികൾ ആലോചിക്കാനായി ഒരു ടെക്നിക്കൽ കമ്മിറ്റി രൂപവത്കരിക്കുകയും ആനയെ തുരത്തിയോടിക്കാനും വീണ്ടും ജനവാസ മേഖലയിലേക്കിറങ്ങിയാൽ മയക്കുവെടി വെച്ച് പിടികൂടാനുമുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്’’ -വടക്കനാട് വാർഡ് മെംബർ അനിൽകുമാർ പറയുന്നു.
ആനയുടെ ആക്രമണത്തിൽ മണലിമൂല കാട്ടുനായ്ക്ക ഉന്നതിയിലെ ബാബുവും കുരുമുളക് പറിക്കുന്നതിനിടെ കടുവയുടെ ആക്രമണത്തിൽ പച്ചാടി ഉന്നതിയിലെ ചടയനും മരണപ്പെട്ടതോടെയാണ് നാട്ടുകാർ കൂടുതൽ ഭീതിയിലായത്. കുറിച്യാടും പച്ചാടിയിലുമായി കടുവയുടെ ആക്രമണത്തിൽ രണ്ടു മരണങ്ങളാണ് കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ഇവിടെയുണ്ടായത്. കൃഷിനാശം പ്രതിസന്ധി സൃഷ്ടിച്ച കാലത്ത് തന്നെ മനുഷ്യജീവൻകൂടി നഷ്ടപ്പെടാൻ തുടങ്ങിയതോടെ ജനങ്ങൾ വല്ലാതെ പരിഭ്രാന്തരായി. നിരന്തര സംരക്ഷണത്തിനായി നാട്ടുകാർ മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യം വനാതിർത്തികളിൽ ശക്തമായ പ്രതിരോധ സംവിധാനങ്ങൾ നിർമിക്കുക എന്നതാണ്.
‘‘ആവശ്യമായ പ്രതിരോധ മാർഗങ്ങൾ ഉപയോഗിച്ച് വന്യജീവികൾക്ക് മനുഷ്യവാസ കേന്ദ്രത്തിലേക്ക് പ്രവേശിക്കാൻ കഴിയാത്ത തരത്തിൽ വനത്തിനും ജനവാസ മേഖലകൾക്കുമിടയിൽ കൃത്യമായ വേർതിരിവുകൾ ഉണ്ടാകണം. കർഷകർക്ക് ആവശ്യമായ സംരക്ഷണം ലഭ്യമാക്കണം. ശാശ്വതമായ പരിഹാരം എങ്കിൽ മാത്രമേയുണ്ടാവുകയുള്ളൂ.’’ വടക്കനാട് കൊമ്പനെതിരെയുള്ള സമരത്തിൽ നിരാഹാരമനുഷ്ഠിച്ചിരുന്ന അന്നത്തെ പഞ്ചായത്ത് മെംബർകൂടിയായ എം.കെ. മോഹനൻ പറയുന്നു. മരച്ചീനി, വാഴ, നെല്ല് തുടങ്ങിയ കൃഷികളിലും കോഴിവളർത്തലിലും സജീവമാണ് മോഹനൻ.
‘‘വന്യമൃഗശല്യം രൂക്ഷമായതോടെ ആളുകൾ കൃഷി ഒഴിവാക്കി മറ്റ് ജോലികളിലേർപ്പെടുകയാണ്. പലരും പുറത്ത് ജോലിക്കു പോകുന്നു. ചിലർ മറ്റു സ്ഥലങ്ങളിൽ വീടുവെച്ച് അങ്ങോട്ട് താമസം മാറ്റുന്നു. യുവജനങ്ങളൊന്നും തന്നെ ഇവിടെ താമസിക്കാൻ താൽപര്യപ്പെടുന്നില്ല. കൃഷി നിർത്തുന്നതോടെ ആ സ്വകാര്യ സ്ഥലങ്ങൾ വന്യജീവികളുടെ സ്ഥിരം വിഹാരകേന്ദ്രങ്ങളായി മാറുന്നു. ഇപ്പോൾ സ്ഥാപിച്ച തൂക്കുകമ്പി പരിഹാരമാകില്ല എന്നു ഞങ്ങൾ ആദ്യമേ പറഞ്ഞതാണ്. നിർഭാഗ്യവശാൽ, ജനങ്ങളുടെ അഭിപ്രായത്തെ മാനിക്കുന്ന വനം വകുപ്പോ സർക്കാറോ നമുക്കില്ല. ഇവിടെ തൂക്കുകമ്പി പരിഹാരമാവില്ല എന്നും ക്രാഷ്ഗാർഡ് വേലിപോലുള്ള ശക്തമായ പ്രതിരോധ മാർഗങ്ങളാണ് അനുയോജ്യമാവുക എന്നും പ്രാരംഭ ഘട്ടത്തിൽതന്നെ നാട്ടുകാർ ഗ്രാമസഭ കൂടി തീരുമാനിച്ചതാണ്. വടക്കനാടിന്റെ വിവിധയിടങ്ങളിൽ കാട്ടാനയാക്രമണത്തിൽ കൃഷിനാശം രൂക്ഷമായപ്പോഴും അക്രമകാരിയായ ആനയെ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രത്യേക ഗ്രാമസഭകൂടി പ്രമേയം പാസാക്കിയിട്ട് ഒരുമാസംപോലും തികഞ്ഞിരുന്നില്ല. അന്നേ അതിന് വനം വകുപ്പ് മുൻകൈ എടുത്തിരുന്നുവെങ്കിൽ ഇന്ന് ഒരു ജീവൻ നഷ്ടമാകുമായിരുന്നില്ല’’ നാട്ടുകാരനും എഴുത്തുകാരനുമായ ഒ.സി. ജോസ് പറയുന്നു.
‘‘മുട്ടിക്കൊമ്പനടക്കമുള്ള പ്രശ്നക്കാരായ ആനകളെ പിടിച്ചതുകൊണ്ടുമാത്രം വടക്കനാടിന്റെയോ വയനാടിന്റെയോ കേരളത്തിന്റെ ഒന്നാകെയോ ഉള്ള വന്യജീവി ആക്രമണങ്ങൾ ഇല്ലാതാക്കാൻ കഴിയില്ല എന്നാണ് അനുഭവങ്ങൾ തെളിയിക്കുന്നത്. വടക്കനാട് കൊമ്പനെ പിടിച്ചതിനുശേഷം മുട്ടിക്കൊമ്പനുണ്ടായതുപോലെ ഇനിയുമിനിയും കാട്ടാന സാന്നിധ്യവും ആക്രമണവുമെല്ലാം ജനവാസ മേഖലകളിൽ ഉണ്ടായിക്കൊണ്ടിരിക്കും. ആനയുടെയും കടുവയുടെയും ആക്രമണമുണ്ടാകുമ്പോൾ മാത്രമാണ് വലിയരീതിയിലുള്ള വാർത്തകളും പ്രക്ഷോഭങ്ങളും ഉണ്ടാകുന്നത്. എങ്കിലും, അതിനേക്കാൾ ഭീകരമാണ് പന്നി, കുരങ്ങ്, മാൻ, മലയണ്ണാൻ എന്നീ വന്യജീവികൾമൂലം കർഷകരനുഭവിക്കുന്ന പ്രശ്നങ്ങൾ. ആന പോലുള്ള വലിയ ജീവികളെയാണ് നമ്മുടെ പ്രതിരോധ മാർഗങ്ങൾ ലക്ഷ്യം വെക്കുന്നത്.
കുരങ്ങുശല്യം മൂലം പൊറുതിമുട്ടിയിരിക്കുകയാണ് ജനങ്ങൾ. വന്യജീവി പ്രശ്നമനുഭവിക്കുന്ന പ്രദേശത്ത് എന്തു പദ്ധതി നടപ്പാക്കുമ്പോഴും അത് അവിടത്തെ ജനങ്ങളെകൂടി മുഖവിലക്കെടുത്തുകൊണ്ടായിരിക്കണം. മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആലോചനകൾ മുതൽ പദ്ധതി നടപ്പാക്കും വരെയും തുടർന്നും പ്രശ്നബാധിതരായ ജനങ്ങൾക്കും തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കും തുല്യ പ്രാതിനിധ്യവും പങ്കാളിത്തവും ലഭിക്കണം. വന്യജീവി പ്രശ്നം കൂടുതലനുഭവിക്കുന്ന പഞ്ചായത്തുകൾക്ക് കൂടുതൽ അധികാരവും ഫണ്ടും നൽകാൻ സർക്കാർ തയാറാകണം’’ -നാട്ടുകാരനും മുത്തങ്ങ വാർഡ് മെംബറുമായ ബെന്നി കൈനിക്കൽ പഞ്ചായത്തുകൾക്കും ജനങ്ങൾക്കും കൂടുതൽ അധികാരങ്ങളും പങ്കാളിത്തവും നൽകേണ്ടുന്നതിന്റെ ആവശ്യകത വിശദമാക്കി.
ഇവിടെ ആദിവാസി ഇതര സമൂഹത്തിലെ ഒരാൾക്ക് വന്യജീവി ആക്രമണംമൂലം ജീവൻ നഷ്ടപ്പെടുന്നത് ആദ്യമാണെങ്കിലും ആദിവാസി സമൂഹങ്ങളിൽ മരണങ്ങൾ പതിവായിരിക്കുകയാണ്. പ്രകൃതിയോടും വന്യജീവികളോടും ഇണങ്ങി സഹവർത്തിത്വത്തോടെ ജീവിച്ചിരുന്ന വനാശ്രിത ആദിവാസി സമൂഹങ്ങളാണ് നൂൽപുഴ പഞ്ചായത്തിൽ ഏറെയുമുള്ളത്. പക്ഷേ, പരമ്പരാഗത രീതികളിലൂടെ വന്യജീവികളെ പഴയപോലെ പ്രതിരോധിക്കാൻ ഇന്ന് അവർക്കും കഴിയാത്ത സ്ഥിതിയുണ്ട്. കാട്ടാനയാക്രമണത്തിൽ മരണപ്പെട്ട മണലിമൂല കാട്ടുനായ്ക്ക ഉന്നതിയിലെ ബാബുവിന്റെ അച്ഛൻ മാരൻ പറയുന്നു. ‘‘ജോലികഴിഞ്ഞ് വീട്ടിലേക്കു വരും വഴിയാണ് എന്റെ മകൻ അപ്രതീക്ഷിതമായി ആനയുടെ മുന്നിൽപെടുന്നത്. അപകടം പറ്റി കഴിഞ്ഞിട്ടും ഞങ്ങൾക്ക് മകന്റെ അടുത്തെത്താൻ കഴിഞ്ഞില്ല. മൃതദേഹത്തിനടുത്തുതന്നെ നിന്ന് ആന ചിന്നംവിളിക്കുകയായിരുന്നു. വളരെ വൈകിയാണ് അവന്റെ മരണത്തിനുള്ള നഷ്ടപരിഹാരം ലഭിക്കുന്നത്.
എത്ര പണം കിട്ടിയിട്ടെന്താ, ഞങ്ങൾക്ക് ഞങ്ങളുടെ മകനെ നഷ്ടപ്പെട്ടില്ലേ? മുമ്പൊന്നും ഇവിടെ വന്യജീവികൾ വരാറുണ്ടായിരുന്നുവെങ്കിലും ഈ അടുത്തകാലത്തായാണ് ആക്രമണങ്ങൾ കൂടുന്നത്. വന്യജീവികളൊന്നും ഞങ്ങൾക്കൊരു ശല്യമായിരുന്നില്ല. അവയുമായി ഇണങ്ങി ജീവിക്കാൻ ഞങ്ങൾക്കറിയാമായിരുന്നു. എന്നാൽ, ഇപ്പോൾ അതല്ല അവസ്ഥ. മൃഗങ്ങളുടെ സ്വഭാവത്തിലൊക്കെ വലിയ മാറ്റങ്ങളുണ്ട്. എണ്ണത്തിലും പെരുകി. ഓരോ സീസണനുസരിച്ച് വിറകെടുക്കാനും തേൻ, മഞ്ഞൾ, കുറുന്തോട്ടി, നെല്ലിക്ക, കുന്തിരിക്കം, പൂപ്പൽ, മരുന്നുകൾ തുടങ്ങിയവയെല്ലാം എടുക്കാനായി കാട്ടിൽ സ്ഥിരമായി പോകാറുണ്ടായിരുന്ന ഞങ്ങൾക്കിപ്പോൾ പോകാൻ പേടിയാണ്. പോകുകയാണെങ്കിൽ തന്നെ ഒറ്റക്ക് പോകാതെ കൂട്ടമായി മാത്രമേ പോകാറുള്ളൂ. കാടിനെയും വനവിഭവങ്ങളെയും ആശ്രയിച്ച് ജീവിക്കുന്ന ഞങ്ങളെ ഇത് ബാധിക്കുന്നുണ്ട്.’’
‘‘മുമ്പുള്ളതിനേക്കാൾ കൂടുതൽ മൃഗങ്ങൾ ഇപ്പോൾ കാട്ടിലുണ്ട്. ഒരാളെങ്കിലും കൂടെയില്ലാതെ വനത്തിനകത്ത് പോകാൻ കഴിയില്ല. ആദിവാസികളിൽ മിക്കവർക്കും കൃഷിഭൂമിയില്ലാത്തതുകൊണ്ട് ഞങ്ങൾക്കാർക്കും കൃഷിനാശം ഉണ്ടാകുന്നില്ല. പക്ഷേ, കന്നുകാലികളെ വളർത്തി ഉപജീവനം നടത്തുന്നവർക്ക് വലിയ നഷ്ടങ്ങളുണ്ടാകുന്നുണ്ട്. ഇവിടെ തന്നെ നിരവധി പേരുടെ കന്നുകാലികളെ കടുവ പിടിച്ചു. ഈ ഉന്നതിയിൽ വെച്ചു തന്നെ രണ്ടു പേരാണ് ആനയാക്രമണത്തിൽ മരിച്ചിട്ടുള്ളത്. ആന ചവിട്ടി മുഖത്ത് പരിക്കേറ്റ ഒരാളും ഇവിടെയുണ്ട്. രാത്രിയിൽ മാത്രമല്ല പകൽ പോലും പേടിയോടെയാണ് പുറത്തിറങ്ങുന്നത്. മക്കളെ പുറത്ത് റെസിഡൻഷ്യൽ സ്കൂളുകളിൽ വിട്ടാണ് പഠിപ്പിക്കുന്നത്’’ -15 വർഷത്തോളമായി ഫോറസ്റ്റ് വാച്ചർ ആയി ജോലിചെയ്യുന്ന അമ്പതേക്കർ കോളനിയിലെ ചിക്കണ്ണൻ കൂട്ടിച്ചേർത്തു.

മുത്തങ്ങ ചുക്കാലിക്കുനി കാട്ടുനായ്ക്ക ഉന്നതിയിലെ മണി ആനയുടെ ആക്രമണത്തിന് ഇരയായതിനെ തുടർന്ന് വാർഡ് മെംബർ ബെന്നി കൈനിക്കലിന്റെ നേതൃത്വത്തിൽ കൂടിയ അടിയന്തര യോഗം. ഗുരുതരമായി പരിക്കേറ്റ മണി ഇപ്പോഴും ചികിത്സയിലാണ്
പങ്കാളിത്തമാണ് പരിഹാരം
വടക്കനാടെ അനുഭവങ്ങൾ വ്യക്തമാക്കുന്നത് ജനങ്ങൾക്കുകൂടി പങ്കാളിത്തവും അധികാരവും നൽകുന്ന സംവിധാനങ്ങളുണ്ടെങ്കിൽ മാത്രമേ വന്യജീവി സംഘർഷം ലഘൂകരിക്കാൻ കഴിയുകയുള്ളൂ എന്നാണ്. പക്ഷേ, അത്തരത്തിലുള്ള പങ്കാളിത്ത പ്രവർത്തനങ്ങളിലേക്ക് വിവിധ സർക്കാർ സംവിധാനങ്ങൾ, പ്രത്യേകിച്ച് വനം വകുപ്പ് എത്തിച്ചേർന്നിട്ടില്ല എന്നത് ഒരു വലിയ പരിമിതിയായി നിലനിൽക്കുകയാണ്. മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിനായി ലാൻഡ്സ്കേപ് അധിഷ്ഠിത പഞ്ചായത്തുതല നിവാരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുമെന്നാണ് വനം വകുപ്പിന്റെ നയ സമീപനരേഖ പറയുന്നത്. മെച്ചപ്പെട്ട പൊതുജന പങ്കാളിത്തം ഉറപ്പാക്കുമെന്നും രേഖ പറയുന്നുണ്ട്. ലാൻഡ്സ്കേപ് അധിഷ്ഠിത പ്രവർത്തനങ്ങൾ ആവിഷ്കരിക്കുന്നതിനായി തീവ്ര സംഘർഷ ബാധിതം, സംഘർഷ ബാധിതം എന്നിങ്ങനെ രണ്ടായി 30 പഞ്ചായത്തുകളെ വനം വകുപ്പ് ലിസ്റ്റ് ചെയ്തിട്ടുമുണ്ട്.
എന്നാൽ, ജനാഭിപ്രായം കേൾക്കുന്നതിനും പങ്കാളിത്തം ഉറപ്പാക്കാൻ കഴിയുന്നതിനുമുള്ള ഒരു പദ്ധതിയും നിലവിൽ ഇല്ല എന്നതാണ് വസ്തുത. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി രൂപവത്കരിച്ച വനം വകുപ്പിന്റെ റാപ്പിഡ് റെസ്‌പോൺസ് ടീമും (ആർ.ആർ.ടി) നാട്ടുകാരുടെ പങ്കാളിത്തത്തോടെയുള്ള പ്രവർത്തനങ്ങൾ നടത്തുന്നില്ല. മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിനായി സർക്കാർ രൂപവത്കരിച്ച 12 മിഷനുകളിൽ മിക്കവയുടെയും പ്രവർത്തനങ്ങളിൽ പങ്കാളിത്തത്തിന്റെ അഭാവം നിഴലിക്കുന്നുണ്ട്. മിഷൻ പ്രൈമറി റസ്പോൺസ് ടീം എന്ന സന്നദ്ധ പ്രാഥമിക പ്രതികരണ സേന (പി.ആർ.ടി) ആണ് ജനങ്ങൾക്കുകൂടി പങ്കുചേരാൻ കഴിയുന്ന ഒരു മിഷൻ. ഒരു വാർഡിൽനിന്ന് 15 പേർ അടങ്ങുന്ന പ്രാഥമിക പ്രതികരണ സേനയുടെ പ്രഖ്യാപനം കഴിഞ്ഞ വർഷം നടന്നെങ്കിലും തീവ്ര സംഘർഷ ബാധിതമായ പല പഞ്ചായത്തുകളിലും അത്തരത്തിലുള്ള ഒരു ടീം രൂപപ്പെടുത്താൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല.
പതിറ്റാണ്ടുകളായി വനാതിർത്തികളിൽ താമസിക്കുകയും കൃഷിചെയ്യുകയും ചെയ്യുന്ന കർഷകരെയും തദ്ദേശീയമായ കാടറിവുകളുള്ള ആദിവാസി സമൂഹത്തെയും കേൾക്കാതെ മുന്നോട്ടുപോവുക എന്നത് ഇനി വനം വകുപ്പിന് പ്രയാസമാണ്. ഗ്രാമസഭകളിൽ ജനങ്ങൾ ഒത്തുചേർന്ന് ആലോചിക്കുകയും അംഗീകരിക്കുകയും ചെയ്ത പ്രതിരോധ മാർഗങ്ങൾ നൂൽപുഴയിൽ അവഗണിക്കപ്പെട്ടു എന്നത് ഏറെ ഗൗരവമുള്ള വിഷയമാണ്. കോടികൾ ചെലവാക്കി ഉയർത്തുന്ന വേലികൾ പരാജയപ്പെടുമ്പോൾ ആ പരാജയം മുന്നേ ഉറപ്പിച്ചുപറഞ്ഞ നാട്ടുകാരെ കേൾക്കാതെ പോകരുത്.
==============
(ദിണ്ടിഗലിലെ ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷക വിദ്യാർഥിയാണ് ലേഖിക. മനുഷ്യ-വന്യജീവി സംഘർഷം എന്ന വിഷയത്തിലാണ് ഗവേഷണം)
