Begin typing your search above and press return to search.
proflie-avatar
Login

ഇന്നത്തെ അടുക്കള മാലിന്യം നാളത്തെ ഹരിത ഇന്ധനം

ഇന്നത്തെ അടുക്കള മാലിന്യം നാളത്തെ ഹരിത ഇന്ധനം
cancel

ബ്രഹ്മപുരത്തെ പുകയുന്ന ഓർമകളിൽനിന്ന് കേരളം നടന്നുകയറുന്നത് സുസ്ഥിര ഊർജത്തിന്റെ പുതിയൊരു ലോകത്തേക്കാണ്. കൊച്ചി, ചങ്ങനാശേരി, കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളിൽ സ്ഥാപിക്കുന്ന അത്യാധുനിക ബയോ - സി.എൻ.ജി പ്ലാന്റുകൾ സംസ്ഥാനത്തിന്റെ മാലിന്യസംസ്കരണ ചരിത്രത്തിലെ തന്നെ നിർണായക ചുവടുവെപ്പാവും. കേരളം പോലെ ജനസാന്ദ്രതയേറിയ ഒരു സംസ്ഥാനത്ത് അതിവേഗത്തിലുള്ള നഗരവത്കരണത്തിന്റെ അനന്തരഫലമാണ് അനുദിനം വർധിച്ചുവരുന്ന മാലിന്യങ്ങൾ. ജൈവമാലിന്യ സംസ്കരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നു.

ശാസ്ത്രീയമായ സംസ്കരണ മാർഗങ്ങളില്ലാതെ മാലിന്യം കുന്നുകൂടിയപ്പോൾ അത് നാടിന്റെ ആരോഗ്യത്തേയും പരിസ്ഥിതിയേയും പ്രതികൂലമായി ബാധിക്കുകയും ജനങ്ങളിൽ ആശങ്കയേറ്റുകയും ചെയ്തു. എന്നാൽ, പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റിയ ചരിത്രമുള്ള കേരളത്തിന് മാലിന്യ സംസ്കരണം വെറും വാക്കല്ല. മാലിന്യം വലിച്ചെറിയാനുള്ളത് മാത്രമാണെന്ന് കരുതാതെ അവയെ മൂല്യവർധിത വിഭവമായി മാറ്റുന്ന വിവിധ 'വേസ്റ്റ് ടു എനർജി' പദ്ധതികളാക്കി സംസ്ഥാനത്തിന് പുതിയൊരു ദിശാബോധം നൽകുകയാണ് തദ്ദേശ സ്വയം ഭരണ വകുപ്പിന് കീഴിലുള്ള കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെ.എസ.ഡബ്ല്യു.എം.പി). ഇതിന്റെ മുൻനിരയിലാണ് കെ.എസ.ഡബ്ല്യു.എം.പി നടപ്പാക്കാനൊരുങ്ങുന്ന ബയോ-സി.എൻ.ജി പദ്ധതികൾ.

ബയോ-സിഎൻജി വിപ്ലവം

നമ്മൾ സാധാരണ കേൾക്കുന്ന ബയോഗ്യാസ് പ്ലാന്റുകളുടെ വലിയൊരു വ്യാവസായിക പതിപ്പ് മാത്രമല്ല ബയോ സി.എൻ.ജി എന്നുപറയുന്നത്. സാങ്കേതികവിദ്യയുടെ സഹായത്തോടെ നടത്തുന്ന ഒരു 'ശുദ്ധീകരണ യജ്ഞം' ആണിത്. വീടുകളിലെയും ഹോട്ടലുകളിലെയും ഭക്ഷ്യാവശിഷ്ടങ്ങൾ ചന്തയിലെ പച്ചക്കറി അവശിഷ്ടങ്ങൾ എന്നിവയാണ് ഇതിന്റെ അസംസ്കൃത വസ്തു. ഇവ ചെറുകഷണങ്ങളാക്കി വെള്ളം ചേർത്ത് അരച്ച്, വായു കടക്കാത്ത വലിയ ചേമ്പറുകളിൽ നിക്ഷേപിക്കുന്നു.

ബാക്ടീരിയകളുടെ സഹായത്തോടെ മാലിന്യം വിഘടിക്കുകയും ബയോഗ്യാസ് ഉണ്ടാവുകയും ചെയ്യുന്നു. സാധാരണ ബയോഗ്യാസിൽ ഏകദേശം 60 ശതമാനം മീഥേനും ബാക്കി കൂടുതലും കാർബൺ ഡൈ ഓക്സൈഡും ആയിരിക്കും. ബയോ-സി.എൻ.ജി പ്ലാന്റുകളിൽ, ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഈ ഗ്യാസിനെ ശുദ്ധീകരിക്കുന്നു. കാർബൺ ഡൈ ഓക്സൈഡും മറ്റു മാലിന്യങ്ങളും നീക്കം ചെയ്ത്, മീഥേൻ അളവ് 95-97 ശതമാനത്തിലേക്ക് എത്തിക്കുന്നു. പിന്നീട് ഇത് ഉയർന്ന മർദത്തിൽ കംപ്രസ് ചെയ്യുന്നു. ഇതാണ് ബയോ-സി.എൻ.ജി അഥവാ സി.ബി.ജി. ലളിതമായി പറഞ്ഞാൽ, ഭൂമിക്കടിയിൽനിന്ന് ലഭിക്കുന്ന പ്രകൃതിവാതകത്തിന് തുല്യമായ ഗുണനിലവാരം മാലിന്യത്തിൽനിന്ന് ഉത്പാദിപ്പിക്കുന്ന ഈ ഇന്ധനത്തിനുണ്ട്!

ബ്രഹ്മപുരം: ഭാവിയുടെ മാതൃക

കേരളത്തിന്റെ വ്യാവസായിക തലസ്ഥാനമായ കൊച്ചിയിലാണ് ഈ മാറ്റത്തിന്റെ ശംഖൊലി ആദ്യം മുഴങ്ങുന്നത്. കൊച്ചി ബ്രഹ്മപുരത്ത് ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡുമായി (ബി.പി.സി.എൽ) ചേർന്ന് സ്ഥാപിച്ച ബയോ-സി.എൻ.ജി പ്ലാന്റ് പ്രവർത്തനസജ്ജമായിക്കഴിഞ്ഞു. പ്രതിദിനം 150 ടൺ ജൈവമാലിന്യം സംസ്കരിക്കാൻ ശേഷിയുള്ളതാണ് ഈ പ്ലാന്റ്. 75 ടൺ ശേഷിയിൽ ആദ്യഘട്ട പ്രവർത്തനം തുടങ്ങുന്ന ഇവിടെനിന്ന് ദിവസേന ഏകദേശം ആറ് ടണ്ണോളം ശുദ്ധമായ ഗ്യാസ് ഉത്പാദിപ്പിക്കും. ഇന്ധന ആവശ്യങ്ങൾക്കായി ബി.പി.സി.എൽ ഈ ഗ്യാസ് നേരിട്ട് ഉപയോഗിക്കും. ട്രക്കുകളിൽ കൊണ്ടുപോകുന്നതിന് പകരം പൈപ്പ് ലൈൻ വഴി നേരിട്ട് ഗ്യാസ് വിതരണം ചെയ്യുന്നു എന്നത് ഈ പ്ലാന്റിന്റെ പ്രത്യേകതയാണ്.

ചങ്ങനാശേരിയും വികേന്ദ്രീകൃത വികസനവും

സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ വകുപ്പും കെ.എസ്.ഡബ്ല്യു.എം.പിയും കൈകോർക്കുമ്പോൾ യാഥാർഥ്യമാകുന്നത് ഇന്ത്യയിലെ തന്നെ മികച്ച മാലിന്യ സംസ്കരണ മാതൃകകളിലൊന്നാണ്. ലോകബാങ്കിന്റെയും എ.ഐ.ഐ.ബിയുടെയും സഹായത്തോടെ കെ.എസ്.ഡബ്ല്യു.എം.പി സംസ്ഥാനത്തുടനീളം ഇത്തരം പദ്ധതികൾ വ്യാപിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ചങ്ങനാശേരിയിൽ പുതിയൊരു 'ക്ലസ്റ്റർ' പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

ഒരു നഗരസഭയുടെ മാലിന്യം മാത്രമല്ല, സമീപപ്രദേശങ്ങളുടെ മാലിന്യം കൂടി ഒരിടത്ത് സംസ്കരിക്കുന്ന ക്ലസ്റ്റർ മാതൃകയാണിത്. ചങ്ങനാശേരിയിലെ പ്ലാന്റിൽ ചങ്ങനാശേരി നഗരസഭക്ക് പുറമെ, തിരുവല്ല നഗരസഭയിലെയും സമീപത്തുള്ള അഞ്ച് ഗ്രാമപഞ്ചായത്തുകളിലെയും മാലിന്യങ്ങൾ ശേഖരിച്ച് എത്തിച്ചാണ് സംസ്കരിക്കുന്നത്. 30 ടി.പി.ഡി (ടൺസ്/ഡേ) ശേഷിയുള്ള ഈ പ്ലാന്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണത്തിന്റെ ഉദാത്ത മാതൃക കൂടിയാണ്. പൊതു-സ്വകാര്യ പങ്കാളിത്തം (പി.പി.പി) വഴി നടപ്പാക്കുന്ന ഇത്തരം പദ്ധതികളിലൂടെ സർക്കാർ ഖജനാവിന് അധികബാധ്യതയില്ലാതെ തന്നെ കാര്യക്ഷമമായ പ്രവർത്തനം ഉറപ്പാക്കാൻ കഴിയും.

ഈ പദ്ധതികൾക്ക് പ്രധാനമായും മൂന്ന് മാനങ്ങളാണുള്ളത്:

1.പരിസ്ഥിതിക്ക് ആശ്വാസം:

മാലിന്യങ്ങൾ ഉപേക്ഷിക്കുമ്പോൾ ഉണ്ടാകുന്ന മീഥേൻ പുറന്തള്ളൽ ആഗോളതാപനത്തിന് വലിയൊരു കാരണമാണ്. പ്ലാന്റുകളിൽ ഇവ ഇന്ധനമായി മാറ്റുമ്പോൾ അന്തരീക്ഷ മലിനീകരണം വൻതോതിൽ കുറയുന്നു. മണ്ണും ജലസ്രോതസ്സുകളും വിഷമയമാകാതെ സംരക്ഷിക്കപ്പെടുന്നു.

2.കർഷകർക്ക് 'കറുത്ത പൊന്ന്':

മാലിന്യത്തിൽനിന്ന് ഗ്യാസ് വേർതിരിച്ച ശേഷം ബാക്കിയാകുന്ന ഖരരൂപത്തിലുള്ള അവശിഷ്ടം വെറും വേസ്റ്റ് അല്ല. അത് നൈട്രജനും ഫോസ്ഫറസും പൊട്ടാസ്യവും അടങ്ങിയ ഒന്നാന്തരം ജൈവവളമാണ്. മണ്ണിന്റെ ഫലഭൂയിഷ്ഠത വീണ്ടെടുക്കാൻ കർഷകർക്ക് ഇത് കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാം. രാസവളങ്ങളുടെ ഉപയോഗം കുറക്കാൻ ഇത് സഹായിക്കും.

3.സമ്പദ്‌വ്യവസ്ഥക്ക് കരുത്ത്

ഇറക്കുമതി ചെയ്യുന്ന ഫോസിൽ ഇന്ധനങ്ങളെ (പെട്രോൾ /ഡീസൽ/ എൽ.എൻ.ജി) ആശ്രയിക്കുന്നത് കുറക്കാൻ തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന ബയോ-സി.എൻ.ജിക്ക് കഴിയും. ഇതുവഴി വലിയൊരു തുക വിദേശനാണ്യമായി ലാഭിക്കാം.

വിജയിക്കാൻ വേണ്ടത് ജനങ്ങളുടെ കയ്യൊപ്പ്

ലോകോത്തര നിലവാരമുള്ള യന്ത്രങ്ങൾ സ്ഥാപിച്ചതുകൊണ്ട് മാത്രം പദ്ധതി വിജയിക്കില്ല; അതിന് ജനങ്ങളുടെ സഹകരണം അനിവാര്യമാണ്. ബയോ-സി.എൻ.ജി പ്ലാന്റുകളുടെ 'ഭക്ഷണം' ശുദ്ധമായ ജൈവമാലിന്യമാണ്. പ്ലാസ്റ്റിക് കവറുകൾ, കുപ്പികൾ, ഇരുമ്പ് കഷ്ണങ്ങൾ എന്നിവ ഇതിൽ കലർന്നാൽ യന്ത്രങ്ങൾ തകരാറിലാകും. ഇവിടെയാണ് 'ഉറവിട മാലിന്യ തരംതിരിക്കൽ' എന്ന സംസ്കാരത്തിന്റെ പ്രസക്തി. അടുക്കളയിൽനിന്ന് തന്നെ ജൈവ – അജൈവ ഭക്ഷണ മാലിന്യങ്ങൾ വേർതിരിക്കണം. പ്ലാസ്റ്റിക്കും മറ്റ് അജൈവ മാലിന്യങ്ങളും വൃത്തിയാക്കി ഉണക്കി ഹരിതകർമ സേനക്ക് കൈമാറണം. ജൈവമാലിന്യം മാത്രമേ പ്ലാന്റിലേക്ക് നൽകാവൂ. നമ്മുടെ വീടുകളിൽ നടക്കുന്ന ഈ ചെറിയ പ്രവൃത്തിയാണ് കോടികൾ വിലമതിക്കുന്ന ഈ പദ്ധതിയുടെ നട്ടെല്ല്. നാളെ നമ്മുടെ നിരത്തുകളിൽ ഓടുന്ന വാഹനങ്ങളുടെ ഇന്ധനം വരുന്നത് വിദേശ കപ്പലുകളിൽ നിന്നാകില്ല, മറിച്ച് നമ്മുടെ അടുക്കളകളിൽ നിന്നായിരിക്കും. മാലിന്യമെന്നത് ഒരു പ്രശ്നമല്ല, മറിച്ച് ശരിയായി കൈകാര്യം ചെയ്താൽ വലിയൊരു സാമ്പത്തിക സ്രോതസാണെന്ന് കേരളം തെളിയിക്കുകയാണ്. ശുചിത്വമുള്ള, ഊർജസ്വലമായ നവകേരളത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പാണിത്.

അറിഞ്ഞിരിക്കാം മൂന്ന് കാര്യങ്ങൾ

  1. എന്താണ് സി.ബി.ജി ? - കംപ്രസ്ഡ് ബയോഗ്യാസ് ജൈവമാലിന്യത്തിൽനിന്ന് ഉത്പാദിപ്പിക്കുന്ന ശുദ്ധമായ ഇന്ധനം
  2. വാഹനങ്ങളിൽ ഉപയോഗിക്കാമോ? - തീർച്ചയായും. നിലവിൽ സിഎൻജി ഉപയോഗിക്കുന്ന ഏത് വാഹനത്തിലും ഇത് ഉപയോഗിക്കാം. മാറ്റങ്ങൾ വരുത്തേണ്ടതില്ല
  3. എത്ര ഗ്യാസ് ലഭിക്കും? - മാലിന്യത്തിന്റെ തോത്, ഗുണനിലവാരം എന്നിവയിൽ അധിഷ്ഠിതമാണ് ലഭിക്കുന്ന ഗ്യാസിന്റെ അളവ്. ഉദാഹരണത്തിന് 150 ടൺ മാലിന്യം സംസ്കരിക്കുമ്പോൾ ഏകദേശം ആറ് ടൺ ടൺ ബയോ സിഎൻജി ഗ്യാസും ടൺ കണക്കിന് ജൈവവളവും ലഭിക്കും
Show More expand_more
News Summary - Today's kitchen waste is tomorrow's green fuel