Begin typing your search above and press return to search.
proflie-avatar
Login

ഇഞ്ച

ഇഞ്ച
cancel

വയനാട്ടിൽ ജോലിചെയ്തിരുന്നപ്പോൾ അങ്ങാടിമരുന്നു വിൽക്കുന്ന ഒരു കടയിൽ ചെന്ന് ‘അത്ത്’ വേണമെന്നു പറഞ്ഞു. ഇപ്പറയുന്ന ‘അത്ത്’ എന്താണെന്ന് കടക്കാരനു മനസ്സിലായില്ല. അവിടെ നിരത്തിവെച്ചിരിക്കുന്ന സാധനങ്ങൾക്കിടയിൽ അത് തൊട്ടുകാണിച്ചപ്പോൾ മാത്രമാണ് ഈ സാധനം എന്താണെന്നു അയാൾക്ക് ‘തിരിഞ്ഞത്!’ കണ്ണൂരിൽ ഇഞ്ചക്ക് ‘അത്ത്’ എന്നാണ് പറയുക. ചെറുകാടിന്റെ ഒരു നാടകത്തിൽ “ഇഞ്ച ചതയ്ക്കുന്നതു പോലെ ചതയ്ക്കും” എന്ന് ഒരു പൊലീസ് കഥാപാത്രം പറയുന്നുണ്ട്. ഇന്തോ-മലേഷ്യൻ മേഖലകളിലെ നിത്യഹരിതവനങ്ങളിലും അർധ നിത്യഹരിതവനങ്ങളിലും ചിരസ്ഥായിയായി പടർന്നു കയറുന്ന കുറ്റിച്ചെടിയാണിത്. കേരളത്തിലെ വനങ്ങളിലും കാവുകളിലും...

Your Subscription Supports Independent Journalism

View Plans

വയനാട്ടിൽ ജോലിചെയ്തിരുന്നപ്പോൾ അങ്ങാടിമരുന്നു വിൽക്കുന്ന ഒരു കടയിൽ ചെന്ന് ‘അത്ത്’ വേണമെന്നു പറഞ്ഞു. ഇപ്പറയുന്ന ‘അത്ത്’ എന്താണെന്ന് കടക്കാരനു മനസ്സിലായില്ല. അവിടെ നിരത്തിവെച്ചിരിക്കുന്ന സാധനങ്ങൾക്കിടയിൽ അത് തൊട്ടുകാണിച്ചപ്പോൾ മാത്രമാണ് ഈ സാധനം എന്താണെന്നു അയാൾക്ക് ‘തിരിഞ്ഞത്!’

കണ്ണൂരിൽ ഇഞ്ചക്ക് ‘അത്ത്’ എന്നാണ് പറയുക. ചെറുകാടിന്റെ ഒരു നാടകത്തിൽ “ഇഞ്ച ചതയ്ക്കുന്നതു പോലെ ചതയ്ക്കും” എന്ന് ഒരു പൊലീസ് കഥാപാത്രം പറയുന്നുണ്ട്. ഇന്തോ-മലേഷ്യൻ മേഖലകളിലെ നിത്യഹരിതവനങ്ങളിലും അർധ നിത്യഹരിതവനങ്ങളിലും ചിരസ്ഥായിയായി പടർന്നു കയറുന്ന കുറ്റിച്ചെടിയാണിത്. കേരളത്തിലെ വനങ്ങളിലും കാവുകളിലും കുന്നിൻ പ്രദേശങ്ങളിലും വളരുന്നു.

തടിയിലും ശാഖകളിലും അറ്റം വളഞ്ഞ നേർത്ത മുള്ളുകളുണ്ട്. പ്രായമുള്ള തടിക്ക് 4-6 പാർശ്വങ്ങൾ ഉണ്ടാകും. ദ്വിപിച്ഛകസംയുക്തപത്രം. മുഖ്യാ‍ക്ഷത്തിനു 20-25 സെ. മീറ്റർ നീളം കാണും. പത്രകങ്ങൾ വളരെ ചെറുതാണ്. 18-22 ജോടി കാണും. പൂക്കൾക്ക് വെള്ളയോ ക്രീം നിറമോ ആണ്. ദളങ്ങളും ബാഹ്യദളങ്ങളും അഞ്ചു വീതം. സ്വതന്ത്രകേസരങ്ങൾ. ഒരറയും ഒരു ബീജാണ്ഡപർണവുമുള്ള ഊർധ്വവർത്തി അണ്ഡാശയം. ഫലം13 സെ.മീറ്റർ നീളവും 2.2 സെ. മീറ്റർ വീതിയുമുള്ള പോഡ് ആണ്. പോഡിന് ഇരുണ്ട തവിട്ടുനിറം.

ഈങ്ങ, ചെടങ്ങ, പാലിഞ്ച, വെളുത്ത ഇഞ്ച എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ സസ്യത്തിന്റെ ശാസ്ത്രീയനാമം Senegalia caesia എന്നാണ്. ആഫ്രിക്കൻ രാജ്യമായ സെനഗാളിൽനിന്ന് കണ്ടെത്തിയതിനാൽ Senegalia എന്ന ജനുസ്സ് നാമം നൽകിയിരിക്കുന്നു. പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഫെഡെറികൊ സെസി (Federico Cesi) എന്ന ഇറ്റാലിയൻ സസ്യശാസ്ത്രജ്ഞനോടുള്ള ആദരസൂചകമാണ് സ്പീഷീസ് നാമം. പയർ വർഗ സസ്യങ്ങളുടെ കുടുംബമായ ഫാബേസിയെ (Fabaceae)) എന്ന സസ്യകുടുംബത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇംഗ്ലീഷിൽ Soapbark plant എന്നറിയപ്പെടുന്നു. നികുഞ്ജികാ എന്നാണ് സംസ്കൃതഭാഷയിലുള്ള പേര്.

മൂപ്പെത്തിയ ശാഖകളിലെ തൊലി ചതച്ചെടുത്ത് തയാറാക്കുന്ന അത്ത് (ഇഞ്ച) മേല് തേച്ച് കുളിക്കാൻ ഉപയോഗിക്കുന്നു. നേരിയ സുഗന്ധമുള്ളതാണിത്. ചർമരോഗങ്ങൾക്കും നല്ലതാണ്. തൊലിയും പൂക്കളും ഔഷധയോഗ്യമാണ്. പൂക്കൾ ക്രമംതെറ്റിയ ആർത്തവത്തിനു സാന്താൾ സ്ത്രീകൾ ഉപയോഗിക്കുന്നു.

1686ൽ പ്രസിദ്ധീകൃതമായ ഹോർത്തൂസ് മലബാറിക്കൂസ് എന്ന ഗ്രന്ഥത്തിന്റെ ആറാം വാള്യത്തിൽ ഇഞ്ചയുടെ ഉപയോഗത്തെക്കുറിച്ച് പറയുന്നുണ്ട്: “ഇലയിലെയും മരത്തൊലിയിലെയും നീര് അൽപം ഉപ്പു ചേർത്ത് കഴിച്ചാൽ വയറുവേദന ശമിക്കുന്നു. മരത്തൊലിയിൽനിന്നും തേച്ചുകുളിക്കാനുള്ള വസ്തു ലഭിക്കുന്നു. മരത്തൊലി പൊടിച്ചത് വ്രണങ്ങൾ ഉണങ്ങാൻ ഫലപ്രദമായി ഉപയോഗിക്കുന്നു.”

ഇരുവരയൻ പൊന്തച്ചുറ്റൻ, നവാബ്, പുള്ളിനവാബ്, പയർനീലി, കരിവേല നീലി, വരയൻ നീലി, വെള്ളിവരയൻ നീലി, സഹ്യാദ്രി ഫ്ലാഷ്, സ്ലേറ്റ് ഫ്ലാഷ്, നരിവരയൻ, പുലിവരയൻ എന്നീ ചിത്രശലഭങ്ങളുടെ ലാർവാ ഭക്ഷണ സസ്യമാണ്. കൂടാതെ Chiasmia eleonora, Endoclita malabaricus, Episothalma robustraria എന്നീ നിശാശലഭങ്ങളുടെ ലാർവകളും ഇഞ്ച ആഹാരസസ്യമാക്കുന്നുണ്ട്.

ശൂരനോടിനടുത്തുള്ള ഇഞ്ചക്കാട്, കൊട്ടാരക്കര താലൂക്കിലെ ഇഞ്ചക്കാട്, മന്നാങ്കണ്ടത്തിനടുത്തുള്ള ഇഞ്ചത്തൊട്ടി, വണ്ടൻമേടിനടുള്ള ഇഞ്ചപ്പടപ്പ്, വരന്തരപ്പിള്ളിയിലെ ഇഞ്ചക്കുണ്ട് തുടങ്ങിയ സ്ഥലങ്ങൾ ഈ സസ്യവുമായി ബന്ധപ്പെട്ട് അറിയപ്പെടുന്നവയാണ്.

News Summary - The Healing Bark of Kerala Forests