Begin typing your search above and press return to search.
proflie-avatar
Login

വൈപ്പിന്​ അതിജീവനം സാധ്യമോ?

വൈപ്പിന്​ അതിജീവനം സാധ്യമോ?
cancel

കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ഒരു പ്രദേശമായ വൈപ്പിൻ ഗുരുതര പ്രശ്​നത്തിലാണ്​. കാലാവസ്​ഥാ വ്യതിയാനത്തി​ന്റെ ഫലമായി വീടുകളിൽ വെള്ളംകയറുകയാണ്​. ദ്വീപി​ന്റെ അതിജീവനംപോലും പ്രതിസന്ധിയിലായിക്കൊണ്ടിരിക്കുകയാണ്​. എന്താണ്​ വൈപ്പിനിൽ സംഭവിക്കുന്നതെന്ന്​ നേരനുഭവത്തി​ന്റെ അടിസ്​ഥാനത്തിൽ വിശദമാക്കുകയാണ് മുതിർന്ന മാധ്യമപ്രവർത്തകനായ ലേഖകൻ.“ആയിരത്തി തൊള്ളായിരത്തി എഴുപതിൽ ആലപ്പുഴ സമ്മേളനം കഴിഞ്ഞു തിരിച്ചുവന്നപ്പോൾ ഞാൻ വളച്ചുകെട്ടി എടുത്തതാണ് ഈ പത്ത് സെന്റ് സ്ഥലം. ബില്ലിൽ പ്രസിഡന്റ് ഒപ്പു​െവച്ചില്ലെങ്കിലും ഞങ്ങൾ താമസിക്കുന്ന സ്ഥലം വളച്ചുകെട്ടി എടുക്കും എന്നായിരുന്നു...

Your Subscription Supports Independent Journalism

View Plans
കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ഒരു പ്രദേശമായ വൈപ്പിൻ ഗുരുതര പ്രശ്​നത്തിലാണ്​. കാലാവസ്​ഥാ വ്യതിയാനത്തി​ന്റെ ഫലമായി വീടുകളിൽ വെള്ളംകയറുകയാണ്​. ദ്വീപി​ന്റെ അതിജീവനംപോലും പ്രതിസന്ധിയിലായിക്കൊണ്ടിരിക്കുകയാണ്​. എന്താണ്​ വൈപ്പിനിൽ സംഭവിക്കുന്നതെന്ന്​ നേരനുഭവത്തി​ന്റെ അടിസ്​ഥാനത്തിൽ വിശദമാക്കുകയാണ് മുതിർന്ന മാധ്യമപ്രവർത്തകനായ ലേഖകൻ.

“ആയിരത്തി തൊള്ളായിരത്തി എഴുപതിൽ ആലപ്പുഴ സമ്മേളനം കഴിഞ്ഞു തിരിച്ചുവന്നപ്പോൾ ഞാൻ വളച്ചുകെട്ടി എടുത്തതാണ് ഈ പത്ത് സെന്റ് സ്ഥലം. ബില്ലിൽ പ്രസിഡന്റ് ഒപ്പു​െവച്ചില്ലെങ്കിലും ഞങ്ങൾ താമസിക്കുന്ന സ്ഥലം വളച്ചുകെട്ടി എടുക്കും എന്നായിരുന്നു സമ്മേളനത്തിലെ തീരുമാനം.”

വൈപ്പിൻ ദ്വീപസമൂഹങ്ങളുടെ ഭാഗമായ എടവനക്കാട് പഞ്ചായത്തിലാണ് വാച്ചാക്കത്തറ നാരായണന്റെ വീട്. 50 വർഷം മുമ്പ് ജന്മിയിൽനിന്ന് വീട് വളച്ചുകെട്ടിയെടുക്കുന്ന കഥയാണ് നാരായണൻ പറയുന്നത്. അത് വലിയൊരു പോരാട്ടത്തിന്റെ അവസാനമായിരുന്നു. കേരളത്തിൽ ഇപ്പോഴും പൂർത്തിയാകാത്ത ഭൂപരിഷ്കരണത്തിന്റെ ചരിത്രത്തിൽ ഇപ്പോഴും പ്രസക്തമായ ഒരു ഏട്.

“അന്നുവരെ, എന്റെ ഭൂമി എന്നൊരു വാക്കുണ്ടായിരുന്നില്ല. ഇതിനുശേഷമാണ് എന്റെ, നിന്റെ എന്നൊക്കെ ഞങ്ങൾ പറഞ്ഞുതുടങ്ങിയത്.” നാരായണൻ അഭിമാനത്തോടെ പറയുന്നു.

എന്നാൽ, ഇന്ന് കഥ വേറെയാണ്. വേലിയേറ്റ വെള്ളപ്പൊക്കത്തിൽ ഈ സ്ഥലവും വീടും ക്രമേണ മുങ്ങിക്കൊണ്ടിരിക്കുന്നു. നാരായണനും ഭാര്യ സുശീലയും മകനും ഭാര്യയും മൂന്ന് കുട്ടികളുമുള്ള കുടുംബമാണ് ഇവിടെ താമസിക്കുന്നത്. വീട്ടിലേക്കുള്ള വഴി മുഴുവൻ വെള്ളം കേറി. മുറ്റം മൂടി വെള്ളമാണ്. കിടപ്പുമുറിയിലും അടുക്കളയിലും ഇരിപ്പുമുറിയിലുമെല്ലാം വെള്ളം കയറും. ടി.വിയും അലമാരയും കസേരയുമെല്ലാം കട്ടിലിന്റെ മുകളിൽ കയറ്റി​െവച്ചിരിക്കുകയാണ്. വീടിന്റെ ഭിത്തി ഉപ്പുവെള്ളം കയറി ദ്രവിക്കുന്നു. ഭിത്തിയിൽ തൊട്ടാൽ ഷോക്കടിക്കും. ഈ കെട്ടിടം എന്നാണ് പൊളിഞ്ഞുവീഴുക എന്ന ഭയത്തിലാണ് ഇവർ ജീവിക്കുന്നതുതന്നെ. ഈ സ്ഥലം കടലെടുക്കാൻ ഇനി ഏറെ സമയമില്ല എന്ന യാഥാർഥ്യം അവർ മനസ്സിലാക്കിക്കഴിഞ്ഞു.

വൈപ്പിൻ ദ്വീപിലും സമീപ പ്രദേശങ്ങളിലും ഇതൊരു സ്ഥിരം കാഴ്ചയാണ്. വീടുകളിൽ സ്ഥിരമായി വെള്ളം കയറുന്നു. പണ്ടൊക്കെ വർഷത്തിൽ ഒരിക്കൽ വൃശ്ചിക വേലിയേറ്റം എന്ന് അറിയപ്പെട്ടിരുന്ന ഒരു പ്രതിഭാസമായിരുന്നു വേലിയേറ്റ വെള്ളപ്പൊക്കം. എന്നാലിപ്പോൾ വർഷത്തിൽ 12 മാസവും വീടുകളിൽ വെള്ളം കേറുന്നു. പൊട്ടിയൊലിച്ച ഡ്രെയ്നേജിൽനിന്ന് വരുന്ന നാറുന്ന വെള്ളമാണ്. പല വീടുകളും തകർന്നുവീണു കഴിഞ്ഞു. പലരും വീടുകൾ ഉപേക്ഷിച്ചുപോയിരിക്കുന്നു. ഈ പ്രശ്നത്തെക്കുറിച്ച് ഒരു ഡോക്യുമെന്ററിയുടെ ഷൂട്ടിങ്ങിനാണ് ഞങ്ങൾ നാരായണൻ ചേട്ടന്റെ വീട്ടിലെത്തിയത്:

വാച്ചാക്കത്തറ നാരായണ​ന്റെ വീട്​ വെള്ളം കയറിയ നിലയിൽ

വാച്ചാക്കത്തറ നാരായണ​ന്റെ വീട്​ വെള്ളം കയറിയ നിലയിൽ

“നിങ്ങളടക്കം ഇതിപ്പോ പതിനെട്ടാമത്തെ ചാനലാണ് ഇവിടെ ഷൂട്ടിങ്ങിന് വരുന്നത്.” ചിരിച്ചുകൊണ്ടാണ് നാരായണൻ ചേട്ടൻ പറയുന്നത്: “അവരൊക്കെ വന്നു ഷൂട്ട് ചെയ്ത് അവരുടെ വഴിക്ക് പോകും. പിന്നെ ഈ വഴി കാണില്ല.”

ഭൂമിശാസ്ത്രപരമായി സവിശേഷമായ ഒരു ചരിത്രമാണ് വൈപ്പിൻ ദ്വീപുകൾക്കുള്ളത്. 1341ലെ വൻ പ്രളയത്തിലാണ് വൈപ്പിൻ കടലിനുള്ളിൽ ഒരു ദ്വീപായി രൂപപ്പെടുന്നത്. മഹാപ്രളയത്തിൽ എക്കലും ചളിയും വന്നടിഞ്ഞുണ്ടായ കരയിൽ കായലിൽനിന്നും മണ്ണ് കുത്തിയെടുത്തു തലമുറകൾകൊണ്ട് സൃഷ്ടിച്ചതാണ് ഈ ഭൂവിഭാഗം.

എന്നാൽ, ഇന്ന് ഇപ്പോൾ കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ഒരു പ്രദേശമായി വൈപ്പിൻ മാറിയിരിക്കുന്നു. ഒരു ചതുരശ്ര കിലോമീറ്ററിൽ നാലായിരത്തോളം പേർ. കേരളത്തിന്റെ ജനസാന്ദ്രതയുടെ നാലിരട്ടി.

എളംകുന്നപ്പുഴ, ഞാറക്കൽ, നായരമ്പലം, എടവനക്കാട്, കുഴുപ്പിള്ളി, പള്ളിപ്പുറം, പുത്തൻവേലിക്കര എന്നീ പഞ്ചായത്തുകളിലായി രണ്ടു ലക്ഷത്തിലേറെ ആളുകൾ. കൊച്ചി തുറമുഖത്തുനിന്ന് വെറും അഞ്ചു കിലോമീറ്റർ മാത്രം ദൂരമേ ഇങ്ങോട്ടുള്ളൂ. ഒരു ഭാഗത്തു കടൽ, മറുഭാഗത്തു കായൽ ഇവയെ ബന്ധിപ്പിക്കുന്ന ധാരാളം ഇടത്തോടുകൾ. ഭൂവിസ്തൃതിയുടെ മൂന്നിൽ ഒരു ഭാഗവും തണ്ണീർത്തടങ്ങളാണ്. കടലും കായലും വെള്ളപ്പൊക്കവുമൊക്കെ ഇവരുടെ ചരിത്രത്തിന്റെ ഭാഗംതന്നെയായിരുന്നു. എന്നാലിപ്പോൾ കാലാവസ്ഥാ വ്യതിയാനം ഈ ജനതയുടെ അതിജീവനക്ഷമതയെ തന്നെ ദുർബലമാക്കിയിരിക്കുന്നു. 23 പഞ്ചായത്തുകളിലായി 20,000 വീടുകളിൽ ഈ പ്രശ്നമുണ്ട് എന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, ഇതെങ്ങനെ കൃത്യമായി കണ്ടെത്തും.

ഈ പ്രശ്നം സർക്കാറിന്റെ അടിയന്തര ശ്രദ്ധയിൽ കൊണ്ടുവരണം. അതിനുവേണ്ട വിവരങ്ങൾ ശേഖരിക്കണം. പഞ്ചായത്തുകളെ ഈ പ്രക്രിയയിൽ പങ്കാളികളാക്കണം. വേലിയേറ്റ വെള്ളപ്പൊക്കം മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ ദുരന്തമായി പ്രഖ്യാപിക്കണം എന്ന് പല പഞ്ചായത്തുകളും പ്രമേയം അവതരിപ്പിച്ചിട്ടുണ്ട്. ഈ രംഗത്ത് കൃത്യമായ വിവരശേഖരണത്തിനും സാങ്കേതിക പരിഹാരങ്ങൾ കണ്ടെത്താനും ജനകീയ പങ്കാളിത്തം ഉറപ്പുവരുത്താനുമുള്ള ചില ശ്രമങ്ങൾ കഴിഞ്ഞ കുറച്ചുമാസമായി നടക്കുന്നുണ്ട്. എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷൻ, ഇക്വിനോക്റ്റ്, മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് എന്നീ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

എത്ര വീടുകളിൽ, എപ്പോഴൊക്കെ, ഏതൊക്കെ സമയം വെള്ളം കയറുന്നു എന്നതിന്റെ കൃത്യമായ കണക്ക് ആരുടെയും ​ൈകയിലില്ല. ജനകീയ പങ്കാളിത്തത്തോടെ ഈ കണക്കുകൾക്ക് വ്യക്തത വരുത്താനുള്ള ശ്രമമാണ് ഇക്വിനോക്റ്റിലെ ശാസ്ത്രജ്ഞരായ ഡോ. സി. ജയരാമൻ, ഡോ. ജി. മധുസൂദനൻ, ഡോ. കെ.ജി. ശ്രീജ എന്നിവർ നടത്തുന്നത്. ഇതിന് സഹായകരമാംവിധം പ്രത്യേകമായി തയാറാക്കിയ ഒരു വേലിയേറ്റ വെള്ളപ്പൊക്ക കലണ്ടർ ഉണ്ടാക്കി. ഈ പ്രദേശത്തെ ഇരുപത്തിമൂന്നോളം പഞ്ചായത്തുകളിൽ പതിനായിരത്തോളം വീടുകളിൽ ഇവർ ഈ കലണ്ടർ വിതരണംചെയ്തു.

വൈപ്പി​നിലെ പൊക്കാളി പാടം

വൈപ്പി​നിലെ പൊക്കാളി പാടം

എന്നൊക്കെ വെള്ളപ്പൊക്കമുണ്ടായി? ഏതു സമയത്താണ് വെള്ളം കയറുന്നത്? എത്ര അടി വെള്ളം കയറി. ഇതൊക്കെ കൃത്യമായി വീടുകളിൽ താമസിക്കുന്നവർതന്നെ രേഖപ്പെടുത്തണം. ഇത്തരത്തിൽ കിട്ടുന്ന വിവരങ്ങൾ പ്ര​േത്യകം തയാർചെയ്ത വെബ്‌സൈറ്റിലേക്ക് ചേർക്കുന്നു. ഇതോടൊപ്പം ചിത്രങ്ങളും വിഡിയോകളും. കഴിഞ്ഞ കുറച്ചുമാസമായി നടക്കുന്ന ഈ വിവരശേഖരണത്തിന്റെ അപഗ്രഥനം നടന്നുവരുകയാണ്, ഡോ. ജയരാമൻ പറയുന്നു.

ഇതുകൂടാതെ, പല പഞ്ചായത്തുകളിലായി ഇരുപത്തിയഞ്ചോളം റെയിൻ ഗേജുകൾ നൽകിയിരിക്കുന്നു. “പണ്ടൊക്കെ ഞങ്ങൾ അടിപൊളി മഴ എന്നാണ് പറഞ്ഞിരുന്നത്. ഇപ്പോൾ 150 മില്ലിമീറ്റർ മഴ എന്നൊക്കെ പറയാൻ പഠിച്ചു” -പുത്തൻവേലിക്കര പഞ്ചായത്തിൽ റെയിൻ ഗേജ് ഉപയോഗിച്ച് മഴയളക്കാൻ പഠിച്ച അഞ്ചാം ക്ലാസുകാരൻ പറയുന്നു.

കടലിൽനിന്ന് 10 കിലോമീറ്റർ ഉള്ളിലായി ചാലക്കുടിപ്പുഴയുടെയും പെരിയാറിന്റെയും സംഗമസ്ഥാനത്തു സ്ഥിതിചെയ്യുന്ന പഞ്ചായത്താണ് പുത്തൻവേലിക്കര. ഇതടക്കം അഞ്ചു പഞ്ചായത്തുകളിലായി 25 റെയിൻ ഗേജുകൾ സ്ഥാപിച്ചിരിക്കുന്നു.

കഴിഞ്ഞ മൂന്നു വർഷമായി ഓരോ ദിവസത്തെയും മഴയുടെ അളവ് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട് സാമൂഹികപ്രവർത്തകൻ കൂടിയായ ഗോപി മാഷ്.

ഇത്തരത്തിൽ ലഭ്യമാകുന്ന കണക്കുകൾ ഉപയോഗിച്ച് വേലിയേറ്റ വെള്ളപ്പൊക്കം ദുരന്തമായി പ്രഖ്യാപിക്കാൻ കഴിഞ്ഞാൽ പ്രശ്നപരിഹാരത്തിലേക്കുള്ള ഒരു ചെറിയ ചുവടാകുമെന്ന് ഡോ. മധുസൂദനൻ പറയുന്നു.

ഇതോടൊപ്പം കുടുംബശ്രീ സംവിധാനം ഉപയോഗിച്ച് ജനകീയ അതിജീവന ബദൽ എങ്ങനെ സൃഷ്ടിക്കാം എന്നൊരു ആലോചനയും ഉണ്ടായി. ഇതിന് നേതൃത്വം നൽകിയത് മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ ഹാബിറ്റാറ്റ് സ്റ്റഡീസ് അധ്യാപികയായ ഡോ. മഞ്ജുള ഭാരതിയാണ്. പ്രശ്നപരിഹാരത്തിന് സഹായകരമായ രീതിയിൽ കുടുംബശ്രീ സ്ത്രീകൾക്ക് മൂന്നു തരത്തിലുള്ള പരിശീലനമാണ് നൽകിയത്.

ഒന്ന്, കമ്യൂണിറ്റി മാപ്പിങ്. ഇതിലൂടെ പ്രശ്‌നബാധിത മേഖലകൾ മാപ്പ് ചെയ്യുകയും അതിന്റെ അടിസ്ഥാനത്തിൽ വാർഷിക പദ്ധതി തയാറാക്കുകയും ചെയ്യുന്നു.

രണ്ടാമതായി, കമ്യൂണിറ്റി വിഡിയോ വളന്റിയേഴ്സിന് മൊബൈൽ വിഡിയോസ് ഉണ്ടാക്കാനുള്ള പരിശീലനം.

മൂന്ന്, ജനകീയമായി സൃഷ്ടിക്കുന്ന നാടകത്തിന്റെ കമ്യൂണിറ്റി തിയറ്റർ.

കമ്യൂണിറ്റി മാപ്പിങ്ങിന് പരിശീലനം നൽകിയത് ഡോ. മഞ്ജുളയും ഈ രംഗത്തെ വിദഗ്ധനായ ആന്റണി കുന്നത്തുമാണ്. ഒരു പ്രദേശത്തിന്റെ വിഭവങ്ങൾ, അവ വിന്യസിക്കുന്ന രീതി, തോടുകൾ എങ്ങനെ ഒഴുകുന്നു, എവിടെയൊക്കെ വെള്ളം കയറുന്നു എന്നതൊക്കെ അവർ മാപ്പ് ചെയ്യും. ചരിത്രപരമായി ഉണ്ടായ മാറ്റങ്ങളും മാപ്പ് ചെയ്യും.

നാടക അഭിനയത്തിൽ പ്രത്യേക പരിശീലനം ഒന്നും കിട്ടാത്ത, സാധാരണ നാട്ടുകാർ അഭിനയിക്കുന്ന ‘ചെവിട്ടോർമ്മ’ എന്ന നാടകം സംവിധാനം ചെയ്തത് സ്കൂൾ ഓഫ് ഡ്രാമയിലെ അധ്യാപകനും അറിയപ്പെടുന്ന നാടകസംവിധായകനുമായ ഡോ. ശ്രീജിത്ത് രമണൻ ആണ്. തന്റെ ദൃശ്യഭാഷ രൂപവത്കരിക്കുന്നതിൽ ഇവരുടെ അനുഭവങ്ങൾ വലുതായി സഹായിച്ചു എന്നാണ് ശ്രീജിത്ത് പറയുന്നത്. സമൂഹത്തിന്റെ ഓർമയുടെ പ്രതലമാണ് ഞങ്ങൾ അന്വേഷിച്ചത്. അവർ ഉപേക്ഷിച്ചുപോയ വീടുകളും ഉപകരണങ്ങളും എല്ലാം ഈ ഓർമയുടെ ഭാഗമാണ്.

വിഡിയോ പ്രൊഡക്ഷൻ ടീം ശേഖർ കുര്യാക്കോസിനൊപ്പം

വിഡിയോ പ്രൊഡക്ഷൻ ടീം ശേഖർ കുര്യാക്കോസിനൊപ്പം

കമ്യൂണിറ്റി വിഡിയോ പരിശീലനം നൽകിയത് ഈ രംഗത്തെ വിദഗ്ധനായ സുനിൽ പരമേശ്വരനാണ്. ഒപ്പം ഞാനും ബിന്ദുവും അബുവും. മൊബൈൽ ഫോൺ ജനകീയ ദൃശ്യഭാഷ രൂപപ്പെടുത്തുന്നതിൽ നിർണായകമായ പങ്കുവഹി​െച്ചന്ന് സുനിൽ പറയുന്നു.

ഈ മൂന്ന് പരിശീലനങ്ങൾക്കും ശേഷം ഇതിൽ പങ്കാളികളായവർ അവരുടെ അനുഭവങ്ങൾ വലിയൊരു സദസ്സിന് മുന്നിൽ അവതരിപ്പിച്ചു.

“ഇന്നലെ നിങ്ങൾ എന്നെ കാണണമായിരുന്നു.” കമ്യൂണിറ്റി മാപ്പിങ്ങിൽ പങ്കെടുത്ത ഷീല പറഞ്ഞു: “ഞാൻ ഷർട്ടും കൈലിയുമുടുത്ത് റോഡ് പണിയിലായിരുന്നു. അതിനുമുമ്പുള്ള ദിവസം തൊഴിലുറപ്പിലായിരുന്നു. ചിലപ്പോൾ പഞ്ചായത്തിന്റെ ദുരന്തനിർമാർജന സമിതിയിൽ ആയിരിക്കും… നിങ്ങൾ ആ സിനിമാ പാട്ട് കേട്ടിട്ടില്ലേ? ‘‘വേഷങ്ങൾ ജന്മങ്ങൾ. വേഷം മാറാൻ നിമിഷങ്ങൾ… അതുപോലെയാണ് ഞങ്ങളുടെ ജീവിതം...”

പക്ഷേ, കമ്യൂണിറ്റി മാപ്പിങ് തയാറാക്കാൻ ഞങ്ങളെക്കാൾ നന്നായി ആർക്കാണ് കഴിയുക. ഈ സ്ഥലങ്ങളെല്ലാം ഞങ്ങളെക്കാൾ നന്നായി ആർക്കാണ് അറിയുക?, ഷീല ചോദിക്കുന്നു.

സിനിയും അഞ്ജുവും ധന്യയും ലിന്റയും അവരുടെ കൂട്ടുകാരികളും ഒരു മാധ്യമസ്ഥാപനത്തിലും ജോലിചെയ്യുന്നവരല്ല. ലോക സിനിമകൾ കണ്ട് ദൃശ്യഭാഷ പഠിക്കുന്നവരല്ല.

എന്നാൽ, സ്വന്തം ജീവിതപരിസരങ്ങളിൽനിന്ന് അവർ ചിത്രീകരിച്ച ലഘുചിത്രങ്ങൾ കണ്ടാൽ നമ്മുടെ കണ്ണ് നിറയും.

അവർ പ്രധാനമായും കുടുംബശ്രീ പ്രവർത്തകരാണ്. വൈപ്പിൻ ദ്വീപസമൂഹങ്ങളുടെ ഭാഗമായ കുഴിപ്പള്ളി, എടവനക്കാട് തുടങ്ങിയ പഞ്ചായത്തുകളിലാണ് ഇവർ ജീവിക്കുന്നത്. ചിലർ വിനോദസഞ്ചാര മേഖലയിൽ പ്രത്യേക മുദ്ര ചാർത്തിയ കുമ്പളങ്ങിയിലും. എന്നാൽ, ഇപ്പോൾ ഒഴിവുസമയങ്ങളിൽ അവർ സ്വന്തം മൊബൈൽ ഫോണുമായി, ജീവിക്കുന്ന ചുറ്റുപാടുകളിൽ സഞ്ചരിക്കുകയും ചുറ്റുമുള്ള മനുഷ്യരോട് സംസാരിക്കുകയും അവരുടെ പ്രശ്നങ്ങൾ മൊബൈൽ കാമറയിൽ പകർത്തുകയും ചെയ്യുന്നു. സിനിമയുടെ ദൃശ്യഭാഷ പഠിക്കുന്ന വിദഗ്ധർ ഈ ചിത്രങ്ങൾ കാണണമെന്ന് ഞങ്ങൾ വിനീതമായി അഭ്യർഥിക്കുകയാണ്.

പ്രത്യേകിച്ച് ദൃശ്യമാധ്യമ പഠനമൊന്നും നടത്താത്ത സാധാരണ സ്ത്രീകൾ അവരുടെ ചുറ്റുപാടുകളെ അവർക്ക് സ്വന്തമായ ഭാഷയിൽ പകർത്തുകയാണ്. സവിശേഷമായ ഒരു ദൃശ്യഭാഷ ഇതിനായി ഇവർ സ്വയം വികസിപ്പിച്ചെടുത്തിരിക്കുന്നു.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ മാധ്യമ സാന്ദ്രതയുള്ള ഒരു പ്രദേശമാണ് കേരളമെന്ന് തോന്നുന്നു എന്നാൽ, സാധാരണ മനുഷ്യരുടെ ദൈനംദിന ജീവിതപ്രശ്നങ്ങൾ ഈ മാധ്യമങ്ങളിൽ നാം കാണുകയേ ഇല്ല. ഇവിടെ ഈ പ്രശ്നങ്ങളുടെ ഇടക്ക് ജീവിക്കുന്നവർതന്നെ അവരുടെ ജീവിതപരിസരം ആവിഷ്‌കരിക്കുകയാണ്.

“സത്യത്തിൽ എന്റെ കണ്ണുനിറഞ്ഞൊഴുകി.” സിനി പറയുന്നു. “ഇവിടെ കുട്ടികൾക്ക് പുറത്തിറങ്ങി കളിക്കാൻ പറ്റില്ല. അടുക്കളയിലും കിടപ്പുമുറിയിലുമെല്ലാം വെള്ളം കയറിക്കിടക്കുകയാണ്. അതും പലപ്പോഴും കക്കൂസിൽനിന്നുമൊക്കെ ഒലിച്ചിറങ്ങിവരുന്ന ദുർഗന്ധമുള്ള വെള്ളം. ഈ വെള്ളം തുടച്ചു വൃത്തിയാക്കിയിട്ടുവേണം ഓരോ ദിവസവും അവർക്ക് ജീവിക്കാൻ. എന്നാൽ എപ്പോഴാണ് വെള്ളം കയറുകയെന്ന് പറയാൻ പറ്റില്ല. രാത്രിയിലും പകലും എപ്പോൾ വേണമെങ്കിലും വെള്ളം കയറാം.”

“റോഡുകളെല്ലാം തകർന്ന് കിടക്കുകയാണ്. എന്തെങ്കിലും മെഡിക്കൽ അത്യാവശ്യം വന്നാൽ ഒറ്റ വണ്ടിപോലും ഇങ്ങോട്ട് വരില്ല”, ലിന്റ പറയുന്നു. “എത്ര പേരാണെന്നോ ടൂവീലറിൽ വരുമ്പോൾ ഇവിടെ വീഴുന്നത്.”

“നിങ്ങൾ ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന സിനിമ കണ്ടിട്ടുണ്ടാവും”, ധന്യ സന്തോഷ് പറയുന്നു, “കാണാൻ എത്ര ഭംഗിയുള്ള സ്ഥലം എന്നാവും നിങ്ങൾക്ക് തോന്നുക. ശരിയാണ്, നല്ല ഭംഗിയുള്ള ധാരാളം സ്ഥലങ്ങൾ ഇവിടെയുണ്ട്. എന്നാൽ, അതേപോലെതന്നെ മനുഷ്യർക്ക് സമാധാനമായി ജീവിക്കാൻ കഴിയാത്ത പ്രദേശങ്ങളും ധാരാളം.”

“ഞാൻ കല്യാണം കഴിഞ്ഞ് ഇവിടെ വരുമ്പോളാണ് ഇത്രയേറെ വെള്ളം നിറഞ്ഞ ഒരു സ്ഥലം കാണുന്നത്. ആദ്യമൊക്കെ നല്ല ഭംഗി തോന്നി. എന്നാൽ, പിന്നീടാണ് വീട്ടിൽപോലും വെള്ളം കേറും എന്ന് മനസ്സിലായത്. അടുപ്പിൽനിന്ന് വെള്ളം കോരിക്കളഞ്ഞ് ഞങ്ങൾ കഞ്ഞിവെച്ചിട്ടുണ്ട്. ഇതനുഭവിക്കാത്തവർക്ക് ഈ പ്രശ്നം എങ്ങനെ മനസ്സിലാകുമെന്ന് എനിക്കറിയില്ല.” ഇത് പറയുമ്പോൾ ധന്യയുടെ കണ്ണ് നിറഞ്ഞൊഴുകുകയായിരുന്നു. “സ്വന്തം വീട്ടിൽ കക്കൂസിൽ പോകാൻ കഴിയാതെ തൊട്ടടുത്ത് കുമ്പളങ്ങി ആശുപത്രിയിൽ പോയി കക്കൂസ് ഉപയോഗിക്കേണ്ടി വന്നിട്ടുണ്ട്. നല്ല റോഡില്ലാത്തതുകൊണ്ടാണ് എന്റെ അമ്മായി അമ്മയെ കോവിഡ് സമയത്ത് കൃത്യമായി ആശുപത്രിയിൽ എത്തിക്കാൻ കഴിയാതെ പോയത്. അങ്ങനെയാണ് അമ്മ മരിച്ചത്.”

വാച്ചാക്കത്തറ നാരായണൺ ലേഖകൻ ജി. സാജനും ഡോക്യുമെന്ററി സംവിധായിക ബിന്ദു സാജനുമൊപ്പം

വാച്ചാക്കത്തറ നാരായണൺ ലേഖകൻ ജി. സാജനും ഡോക്യുമെന്ററി സംവിധായിക ബിന്ദു സാജനുമൊപ്പം

“എന്റെ അനിയന് ഹീമോഫീലിയ എന്ന അസുഖമാണ്. വെള്ളപ്പൊക്കം വന്നപ്പോൾ ഞങ്ങൾക്ക് വീട് വിട്ട് ഓടേണ്ടിവന്നു. മരുന്ന് വയ്ക്കാൻപോലും സ്ഥലമില്ല. ചുറ്റും പൊക്കാളി പാടമാണ്... ഇപ്പോൾ കൂടുതലും മത്സ്യകൃഷിയാണ്. എന്റെ അച്ഛൻ കൂലിപ്പണിക്കാരനുമാണ്. അച്ഛൻ വല വിരിക്കാൻ പോകും. പിടിച്ചുകൊണ്ടുവരുന്ന മീനൊക്കെ ഞങ്ങളാണ് വേർതിരിക്കുന്നത്… ഇപ്പോൾ കിട്ടുന്നതിൽ പകുതി പ്ലാസ്റ്റിക്കാണ്’’, പറയുമ്പോൾ അഞ്ജുവിന്റെ ശബ്ദം ഇടറി.

കമ്യൂണിറ്റി മാപ്പിങ് ചെയ്യുന്ന ഷീല ഒരു മത്സ്യത്തൊഴിലാളി കുടുംബത്തിൽനിന്നാണ്. “നിങ്ങൾ എന്തിനാണ് ഇപ്പോഴും ഈ പാടത്തിന്റെ കരയിൽ താമസിക്കുന്നത് എന്നാണ് ഒരു ഓഫിസിലെ സാർ എന്നോട് ചോദിച്ചത്. സാറേ, ഈ പാടവും വെള്ളവുമാണ് ഞങ്ങളുടെ ഉപജീവന മാർഗം, ഞാൻ അങ്ങേരോട് പറഞ്ഞു. ഇവിടം വിട്ടുപോയാൽ ഞങ്ങൾക്ക് വേറെ പണിയില്ല.”

ഞങ്ങൾക്കാർക്കും ഇതുപോലെ പൊതുപ്രവർത്തനത്തിന് ഇറങ്ങാനോ ഇങ്ങനെ മീറ്റിങ്ങിന് വരാനോ ഒന്നും പറ്റുന്ന അവസ്ഥയിലല്ല. ഞങ്ങളുടെ എല്ലാവരുടെയും ആരോഗ്യം അത്ര മോശം അവസ്ഥയിലാണ്, ഇവർ പറയുന്നു. എങ്കിലും ഞങ്ങൾ ഈ പ്രവർത്തനം തുടരുകതന്നെ ചെയ്യും.

വേലിയേറ്റ വെള്ളപ്പൊക്കംപോലുള്ള ദുരന്തങ്ങളെ അതിജീവിക്കാൻ കുടുംബശ്രീപോലുള്ള സംവിധാനങ്ങൾ ഉപയോഗിക്കുന്നതിന്റെ പ്രസക്തി എന്താണ്? ഡോ. മഞ്ജുള പറയുന്നു: “ഏതൊരു അവകാശത്തിന്റെയും ലംഘനമാണ് ദാരിദ്ര്യം എന്നാണ് കുടുംബശ്രീ നിർവചിക്കുന്നത്. തന്റെ ചുറ്റുപാടുകളിൽ അഭിമാനത്തോടെ ജീവിക്കാനുള്ള സ്വാതന്ത്ര്യം.”

ഐ.പി.സി.സിയുടെ ആറാമത്തെ റിപ്പോർട്ട് പ്രധാനമായും ഊന്നുന്നത് സോഷ്യൽ വൾനറബിലിറ്റിയെയാണ് എന്ന് ഡോ. മഞ്ജുള ചൂണ്ടിക്കാട്ടുന്നു. അതായത് ഇത് ഏറ്റവും ബാധിക്കുന്നത് സ്ത്രീകളും ദലിതരും കുട്ടികളും അടങ്ങുന്ന ദുർബല വിഭാഗങ്ങളെയാണ്. അതുകൊണ്ടുതന്നെ കുടുംബശ്രീ സംവിധാനം ഉപയോഗിച്ച് ഇത്തരത്തിൽ അതിജീവന സാധ്യതകൾ സൃഷ്ടിക്കാനുള്ള പരിശ്രമം വലിയ പ്രാധാന്യം അർഹിക്കുന്നുണ്ട്.

ഇത്തരത്തിൽ ജനകീയ പങ്കാളിത്തത്തോടെ മാപ്പുകളും വിഡിയോകളും ഉണ്ടാക്കുന്നതോടെ ഈ പ്രശ്നം സജീവമായി നിർത്താനും മുന്നോട്ടുകൊണ്ടുപോകാനും കഴിയുമെന്ന് ഈ പ്രദേശത്തെ സാമൂഹിക പ്രവർത്തകനായ എം.പി. ഷാജൻ പറയുന്നു.

കൊടുങ്കാറ്റും സൂനാമിയും വൈപ്പിന് പുതുമയല്ല. 2004ലെ സൂനാമിയിൽ ഇവിടെ അഞ്ചുപേർ മരിച്ചിരുന്നു. 2017ലെ ഓഖിയും 2021ലെ ടൗട്ടയും സൃഷ്ടിച്ച ആഘാതത്തിനൊപ്പം 2018ലെ പ്രളയത്തിൽ ഈ പ്രദേശം ദിവസങ്ങളോളം വെള്ളത്തിനടിയിലാവുകയും ചെയ്തു. എന്നാൽ, ഇവയിൽനിന്ന് വിഭിന്നമായി വേലിയേറ്റ വെള്ളപ്പൊക്കം ഒരു നിരന്തര ദുരന്തമായി ദ്വീപുനിവാസികളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നു.

ഈ പ്രശ്നം എപ്പോഴാണ് ഇത്രയേറെ തീവ്രമായത്?

ഈ ചോദ്യത്തിന് ഉത്തരം കിട്ടണമെങ്കിൽ ലോകമെമ്പാടും നടക്കുന്ന കാലാവസ്ഥാ വ്യതിയാനപഠനങ്ങൾ മനസ്സിലാക്കേണ്ടിവരും. ആഗോളതാപനത്തിൽ സമുദ്രങ്ങളുടെ ശരാശരി താപനം 0.85 ഡിഗ്രി സെന്റിഗ്രേഡ് ആണെങ്കിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ ഉണ്ടായ വർധന 1.2 ഡിഗ്രി സെന്റിഗ്രേഡ് ആണ്. കടൽനിരപ്പ്‌ ആഗോളതലത്തിൽ 100 മില്ലിമീറ്റർ ഉയർന്നപ്പോൾ കൊച്ചി തീരത്തുണ്ടായത് 130 മില്ലിമീറ്റർ ഉയർച്ചയാ​െണന്ന് ഗവേഷകയായ ഡോ. ശ്രീജ ചൂണ്ടിക്കാണിക്കുന്നു. ഇതിനൊപ്പംതന്നെ കായലിലും അഴിമുഖത്തും നദിയിലുമുള്ള നീരൊഴുക്കിന് വലിയ മാറ്റങ്ങളുണ്ടായി. മുനമ്പം കൊച്ചി ഹാർബറുകൾക്കുവേണ്ടി നടത്തിയ ഡ്രെഡ്ജിങ് പ്രശ്നത്തിന്റെ ആഴം കൂട്ടി.

ദ്വീപിലെ കൃഷിരീതികൾ മാറി. തെങ്ങുകൃഷി ഏതാണ്ട് ഇല്ലാതായി. ഇടത്തോടുകളിൽനിന്ന് ചളി മാന്തി തെങ്ങിൻതടത്തിനിടുന്ന രീതിയും ഇല്ലാതായി.

തോടുകളിൽനിന്ന് കടലിലേക്കുള്ള ജലപ്രവാഹം പണ്ടൊക്കെ കൃത്യമായി നിയന്ത്രിച്ചിരുന്നു. ഇപ്പോൾ അതും ഇല്ലാതായി.

പെരിയാറിലെ മത്സ്യവിഭവങ്ങളിൽ കാര്യമായ കുറവുണ്ടായി എന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. പണ്ടൊക്കെ ധാരാളമായി കിട്ടിയിരുന്ന കരിമീനും പ്രായലും തിരുതയുമൊക്കെ ഇപ്പോൾ വളരെ കുറഞ്ഞു.

കടലിന്റെ താപനിലയിൽ വ്യത്യാസമുണ്ടാകുമ്പോൾ അത് മത്സ്യസമ്പത്തിനെയും ബാധിക്കും. കടലിന്റെ ചൂട് കൂടുമ്പോൾ ആദ്യം കുറയുന്നത് മത്തി, ചാള എന്നീ മീനുകളാണ്. മത്തി കിട്ടിയെങ്കിൽ കടലിന്റെ ചൂട് കുറഞ്ഞു എന്നാണർഥം, ഡോ. മധുസൂദനൻ പറയുന്നു. പൊക്കാളി കൃഷി ഏതാണ്ട് ഇല്ലാതായി. ചെമ്മീൻകെട്ട് സൃഷ്ടിക്കുന്ന സവിശേഷമായ പ്രശ്നങ്ങൾ വേറെ. ഇങ്ങനെ ഒരു ഭൂപ്രദേശമാകെ കാലാവസ്ഥാ വ്യതിയാനത്തിന്റെയും മറ്റ് അനുബന്ധ പ്രശ്നങ്ങളുടെയും പിടിയിലാവുകയാണ്.

ഉപജീവന സ്രോതസ്സുകൾ അടയുന്നു, തണ്ണീർത്തടങ്ങൾ മൂടുന്നു, ജലം കൂടുതൽ മലിനമാവുന്നു, ജലജന്യ രോഗങ്ങൾ വ്യാപിക്കുന്നു, കൂടുതലാളുകൾ ഈ പ്രദേശം വിട്ട് പലായനം ചെയ്യുന്നു.

ക്ലൈമറ്റ് വൾനറബിലിറ്റി ഇൻഡക്സ് പ്രകാരം കേരളത്തിന്റെ ഒമ്പത് ജില്ലകളിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രശ്നമുണ്ട്. കടലാക്രമണവും ചുഴലിക്കാറ്റുമെല്ലാം ഇതിന്റെ തെളിവുകളായി നമുക്കറിയാം. എന്നാൽ, വേലിയേറ്റ വെള്ളപ്പൊക്കത്തിന്റെ രൂക്ഷത ഇപ്പോഴും പൊതുസമൂഹമോ മാധ്യമങ്ങളോ സർക്കാരോ വേണ്ടത്ര ശ്രദ്ധിച്ചിട്ടില്ല. ധനസ്ഥിതി കുറച്ച് മെച്ചപ്പെട്ടവർ ലക്ഷങ്ങൾ മുടക്കി വീടുകൾ പൊക്കുകയോ ഇവിടം വിട്ട് പോവുകയോ ചെയ്യും. ദരിദ്രരും ദുർബലരുമായ ജനത അവരുടെ സഹനം തുടരും.

പരിഹാരം എളുപ്പമല്ല. എന്നാൽ, ജനകീയമായ ധാരാളം മുന്നേറ്റങ്ങൾ നടക്കേണ്ടതുണ്ട്. ജനകീയമായ പഠനങ്ങൾ. ബദൽ സാധ്യതകൾ എല്ലാമുണ്ടാവണം.

ഇനിയെന്ത് എന്നതാണ് ചോദ്യം. സെമിനാറിൽ പങ്കെടുത്ത ഡോ. തോമസ് ഐസക് പറയുന്നു: “കാലാവസ്ഥാ വ്യതിയാനവും വെള്ളപ്പൊക്ക വേലിയേറ്റവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അക്കാദമിക് പഠനങ്ങൾ തുടരും. കിലയുമായി ബന്ധപ്പെട്ട് കാലാവസ്ഥാ ദുരന്തത്തിനെതിരെയുള്ള ജനകീയ ഇടപെടൽ സാധ്യതകളെക്കുറിച്ച് കോഴ്സുകൾ ഉണ്ടാകും. പ്രാദേശിക ദുരന്തപഠനത്തിന് ഒരു പുതിയ രീതിസമ്പ്രദായം ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ സ്ത്രീകളുടെ പങ്കും പ്രാധാന്യം അർഹിക്കുന്നു. പഠനത്തിലെ പങ്കാളിത്തം ഇവർക്ക് വലിയ ആത്മവിശ്വാസം നൽകിയിട്ടുണ്ട്. തുടർന്ന് രണ്ട് തരത്തിലുള്ള പ്രവർത്തനങ്ങൾ അനിവാര്യമാണ്.

ഒന്ന്, അനുയോജ്യമായ വീടുകൾ മാത്രമല്ല, കക്കൂസുകളെ കുറിച്ചുകൂടി അടിയന്തരമായി ചിന്തിക്കേണ്ടതുണ്ട്. കുടിവെള്ളം പൈപ്പ് വഴി എല്ലാ വീടുകളിലും എത്തണം. ഗ്യാസ് അടുപ്പുകൾ വേണം. വീടുകളിലേക്ക് ഉയർന്ന നടപ്പാത ഒരുക്കണം. കുട്ടികൾക്ക് വെള്ളം കയറാത്ത കളിസ്ഥലം ഉണ്ടാകണം.

രണ്ട്, വേലിയേറ്റത്തിൽ വെള്ളപ്പൊക്കം ഇത്ര ഗുരുതരമാകാൻ കാരണം കായലുകളും തോടുകളും വെള്ളപ്പൊക്ക ചളികൊണ്ട് നിറഞ്ഞതാണ്. അതു നീക്കംചെയ്യാനും ജലാശയങ്ങൾ ശുചീകരിക്കാനും നടപടിയുണ്ടാകണം. ഇതിനുള്ള ഡ്രെയിനേജ് പ്ലാൻ തയാറാക്കലാണ് അടിയന്തരമായി വേണ്ടത്.’’

ഈ പ്രശ്നം നിയമസഭയിൽ ഉന്നയിക്കുമെന്ന് പ്രതിപക്ഷ നേതാവായ വി.ഡി. സതീശൻ ഉറപ്പുനൽകിയിട്ടുണ്ട്.

പ്രശ്നപരിഹാരത്തിന് ധാരാളം പുതിയ നിർദേശങ്ങൾ ഉയർന്നുവരുന്നുണ്ട്. കണ്ടൽക്കാടുകൾ വളർത്തുക എന്നതാണ് അതിലൊന്ന്. ഇപ്പോൾതന്നെ ഈ രംഗത്ത് സജീവമായി ഇടപെടുന്ന മുരുഗേശൻ അയ്യായിരത്തിലേറെ ഏക്കർ സ്ഥലത്ത് കണ്ടൽക്കാടുകൾ പുതുതായി നട്ടുകഴിഞ്ഞു. ചെന്നൈ സി.എസ്.ഐ.ആർ വികസിപ്പിച്ച ഉപ്പുവെള്ളം പ്രതിരോധിക്കുന്ന ബ്രിക്സുണ്ടാക്കാൻ അവരുമായി ഒരു ധാരണപത്രം ഒപ്പിട്ടുകഴിഞ്ഞു എന്ന് ഡോ. ജയരാമൻ അറിയിക്കുന്നു. ഇതിന്റെ നിർമാണത്തിന് പ്രാദേശികമായ പരിഹാരം കണ്ടെത്താൻ കഴിഞ്ഞാൽ അത് ധാരാളം തൊഴിൽ സാധ്യതകൾകൂടി തുറക്കും. പൊക്കാളി കൃഷിയുടെ സംരക്ഷണത്തിന് പ്രത്യേക പ്രാധാന്യം വേണം എന്ന് ഡോ. ശ്രീജ പറയുന്നു. കുടുംബശ്രീയുടെ സാധ്യതകൾ വിപുലപ്പെടുത്തി അതിജീവനത്തിന്റെ അന്വേഷണങ്ങൾ തുടരാമെന്ന് ഡോ. മഞ്ജുള നിർദേശിക്കുന്നു.

വൈപ്പിൻ ഒരു ചെറിയ ദേശത്തിന്റെ കഥയല്ല. ലോകത്തെയാകെ ഗ്രസിക്കുന്ന ഒരു പ്രശ്നത്തിന്റെ ചെറിയ സൂചനയാണ്.

ഇന്ന് നമ്മൾ വേണ്ടപോലെ മനസ്സിലാക്കിയില്ലെങ്കിൽ ലോകമെമ്പാടുമുള്ള കടൽത്തീര പ്രദേശങ്ങളെ ബാധിക്കുന്ന ഒരു പ്രശ്നത്തിന്റെ സൂചന. ഇതിനുള്ള പരിഹാരം എളുപ്പമല്ല. എന്നാൽ, പഠനത്തിലും അതിജീവന പ്രക്രിയയിലും ജനകീയ പങ്കാളിത്തം പ്രധാനമാണ്. ഇതിൽ വലിയൊരു പങ്കുവഹിക്കാൻ കഴിയുന്നത് കുടുംബശ്രീ പ്രവർത്തകർക്കാണ്. ഈ ദിശയിലേക്കുള്ള ചെറിയൊരു കാൽ​വെപ്പാണ് ഈ പ്രവർത്തനമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

“ഞാൻ മരിച്ചാൽ എന്നെ കാണാൻ ആരുവരും?” എടവനക്കാട്ടെ നാരായണൻ ചേട്ടൻ ഞങ്ങളോട് ചോദിച്ചിരുന്നു: “ഓ, നാരായണൻ മരിച്ചോ...ന്നു പറഞ്ഞ് അവര് അവരുടെ വഴിക്ക് പോകും. ഈ വെള്ളക്കെട്ടിലേക്ക് ആര് എങ്ങനെ വരാനാണ്. എന്തായാലും ഞങ്ങളുടെ കാലം കഴിയാറായി. ഞങ്ങളുടെ കുഞ്ഞുകുട്ടികളുടെ കാലത്തെങ്കിലും ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാവുമോ?”

ഞങ്ങൾ യാത്ര പറഞ്ഞിറങ്ങുമ്പോൾ ആകാശം വീണ്ടും കറുത്തിരുണ്ട് അടുത്ത മഴക്ക് വട്ടംകൂട്ടുകയാണ്. നാരായണൻ ചേട്ടൻ ആകാംക്ഷയോടെ ആകാശത്തേക്ക് നോക്കി. കുഞ്ഞുകുട്ടികൾ സ്കൂൾ വിട്ട് തിരിച്ചുവരാറായി. അതിന് മുമ്പ് മഴപെയ്യുമോ?

News Summary - survival of Vypin Island in Ernakulam