Begin typing your search above and press return to search.
proflie-avatar
Login

പാമ്പുവിഷബാധ മൃഗങ്ങളിൽ

പാമ്പുവിഷബാധ മൃഗങ്ങളിൽ
cancel

ചൂട് അസഹ്യമായതോടെ പാമ്പുകടിയും വർധിച്ചിരിക്കുന്നു. തണുപ്പും തണലും തേടി പാമ്പുകൾ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കുമെത്തുകയാണ്. നാഡീവ്യൂഹത്തെ ബാധിക്കുന്ന വിഷമുള്ള മൂർഖൻ, ശംഖുവരയൻ എന്നിവയും രക്തത്തെ ബാധിക്കുന്ന വിഷമുള്ള അണലിയും ചുരട്ടമണ്ഡലിയുമെല്ലാം ഭീഷണിയായി മാറിയിരിക്കുന്നു.

വളർത്തുമൃഗങ്ങളിൽ നായ്ക്കൾ, പൂച്ചകൾ, കന്നുകാലികൾ എന്നിവയെ പാമ്പുകടിക്കാനുള്ള സാധ്യത കൂടുതലാണ്. പാമ്പുകളുടെ സാന്നിധ്യം മണത്തറിഞ്ഞാൽ, അവയെ ആക്രമിക്കാനായി ചെല്ലുന്നതിനാൽ, മൃഗങ്ങളുടെ കൂട്ടത്തിൽ നായ്ക്കൾക്കാണ് കൂടുതലായി കടിയേൽക്കാറുള്ളത്. തലയിലും കൈകാലുകളിലുമാണ് കടിയേൽക്കാൻ സാധ്യത കൂടുതൽ. വിഷപ്പാമ്പുകളുടെ കടിയേറ്റാൽ ഉടൻ പോളിവലന്‍റ് ആന്‍റിവെനം ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ മരണം സംഭവിക്കും.

ലക്ഷണങ്ങൾ

കടിയേറ്റ ഭാഗത്ത് കടിയുടെ പാട്, നീർവീക്കം, രക്തവാർച്ച എന്നിവ കാണാം. വിറയൽ, ഛർദി, വയറിളക്കം, ശ്വാസതടസ്സം, ശരീരതളർച്ച എന്നീ ലക്ഷണങ്ങളുമുണ്ടാകും. അതിയായ ക്ഷീണവും ബോധക്ഷയവും സംഭവിക്കാം. ആന്തരിക രക്തവാർച്ച, മൂത്രത്തിൽ രക്തം, വൃക്കകൾക്കും പേശികൾക്കും ക്ഷതം എന്നിവയും സംഭവിക്കാം. അണലിവിഷം, കടിയേറ്റ ഭാഗത്ത് കൂടുതൽ ക്ഷതമുണ്ടാക്കും. എന്നാൽ, മൂർഖന്‍റെ വിഷമാണ് ശരീരത്തിൽ പ്രവേശിക്കുന്നതെങ്കിൽ, കടിയേറ്റ മൃഗം വേഗത്തിൽ തളർന്നുപോകും.

കടിയേറ്റാൽ ചെയ്യേണ്ട കാര്യങ്ങൾ

കടിയേറ്റ മൃഗത്തിന്‍റെ ചലനം നിയന്ത്രിക്കണം. അതിലൂടെ വിഷം ശരീരത്തിൽ വ്യാപിക്കുന്നത് കുറക്കാൻ സാധിക്കും. ഫലപ്രദമല്ലാത്ത പ്രാഥമികചികിത്സകൾ നൽകി സമയം കളയാതെ, ഉടൻതന്നെ വെറ്ററിനറി ഹോസ്പിറ്റലിലെത്തിക്കണം. സാധ്യമെങ്കിൽ കടിച്ച പാമ്പിന്‍റെ ഫോട്ടോ എടുക്കുന്നത് നല്ലതാണ്. എന്നാൽ, അതിനുവേണ്ടി സമയം കളയരുത്. എത്രയുംപെട്ടെന്ന് ആശുപത്രിയിലെത്തിച്ചാൽ മാത്രമേ, മൃഗത്തെ രക്ഷിക്കാൻ സാധിക്കൂ.

ചികിത്സ

വിഷപ്പാമ്പുകളുടെ കടിയേറ്റാൽ, എത്രയുംപെട്ടെന്നുതന്നെ പോളിവലന്‍റ് ആന്‍റിവെനം (പ്രതിവിഷം) ഞരമ്പിലൂടെ നൽകണം. അതോടൊപ്പം വേദനസംഹാരികളും ആന്‍റിബയോട്ടിക്കുകളും മറ്റു ജീവൻരക്ഷാമരുന്നുകളും നൽകേണ്ടതുണ്ട്. പ്രതിവിഷം നൽകാൻ വൈകിയാൽ ഓമനകളെ രക്ഷിക്കാൻ കഴിയാതെവരും. വെറ്ററിനറി ഹോസ്പിറ്റലുകളിൽ ആന്‍റിവെനം സ്റ്റോക്കുണ്ടാകാൻ അധികാരികൾ ശ്രദ്ധിക്കേണ്ടതുണ്ട്. മൃഗസംരക്ഷണവകുപ്പിൽനിന്ന് ലഭ്യമല്ലെങ്കിൽ, തദ്ദേശസ്ഥാപന ഫണ്ടുപയോഗിച്ച് അത്യാവശ്യത്തിനുള്ള ആന്‍റിവെനം വാങ്ങി സൂക്ഷിക്കാൻ ഹോസ്പിറ്റൽ മേധാവികൾ പ്രത്യേകം ശ്രദ്ധിക്കണം. പാമ്പുകടിയേറ്റ മൃഗങ്ങളുമായി ആശുപത്രിയിലെത്തുമ്പോൾ, ആന്‍റിവെനം തേടിനടന്ന് മൃഗങ്ങളുടെ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകരുത്.

Show More expand_more
News Summary - Snake venom in animals