Begin typing your search above and press return to search.
proflie-avatar
Login

ശരറാന്തൽപ്പൂവ്

ശരറാന്തൽപ്പൂവ്
cancel

കേരളത്തിന്റെ ഹരിത ഗുരുവായ പ്രഫസർ ജോൺസിയോടൊപ്പം തലക്കാവേരിയിലേക്കുള്ള ട്രക്കിങ്ങിനിടയിലാണ് ശരറാന്തൽപ്പൂവ് ആദ്യമായി കാണുന്നത്. 1989 ഡിസംബർ മാസത്തിൽ നടത്തിയ ഈ ട്രക്കിങ്ങിനിടയിൽ രാത്രി തങ്ങിയത് കോട്ടഞ്ചേരി വനത്തിലായിരുന്നു. പശ്ചിമഘട്ടത്തിലെ ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ള ഒരു വനമേഖലയാണ് കോട്ടഞ്ചേരി വനങ്ങൾ. കാസർകോട് ജില്ലയിലെ ചിറ്റാരിപ്പറമ്പിൽനിന്ന് കൊന്നക്കാട് ബസിൽ കൊന്നക്കാട് ഇറങ്ങി കോട്ടഞ്ചേരിയിലേക്ക് നടക്കുകയായിരുന്നു. കോട്ടഞ്ചേരി വനത്തിലേക്കുള്ള കുത്തനെയുള്ള കയറ്റം കഴിഞ്ഞുള്ള ഒരു വളവിൽ, വള്ളികൾക്കിടയിൽ അനേകം തിരികളുള്ള റാന്തൽപോലുള്ള പൂക്കൾ ചൂണ്ടിക്കാട്ടി സുഹൃത്ത് പറഞ്ഞു:...

Your Subscription Supports Independent Journalism

View Plans

കേരളത്തിന്റെ ഹരിത ഗുരുവായ പ്രഫസർ ജോൺസിയോടൊപ്പം തലക്കാവേരിയിലേക്കുള്ള ട്രക്കിങ്ങിനിടയിലാണ് ശരറാന്തൽപ്പൂവ് ആദ്യമായി കാണുന്നത്. 1989 ഡിസംബർ മാസത്തിൽ നടത്തിയ ഈ ട്രക്കിങ്ങിനിടയിൽ രാത്രി തങ്ങിയത് കോട്ടഞ്ചേരി വനത്തിലായിരുന്നു. പശ്ചിമഘട്ടത്തിലെ ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ള ഒരു വനമേഖലയാണ് കോട്ടഞ്ചേരി വനങ്ങൾ.

കാസർകോട് ജില്ലയിലെ ചിറ്റാരിപ്പറമ്പിൽനിന്ന് കൊന്നക്കാട് ബസിൽ കൊന്നക്കാട് ഇറങ്ങി കോട്ടഞ്ചേരിയിലേക്ക് നടക്കുകയായിരുന്നു. കോട്ടഞ്ചേരി വനത്തിലേക്കുള്ള കുത്തനെയുള്ള കയറ്റം കഴിഞ്ഞുള്ള ഒരു വളവിൽ, വള്ളികൾക്കിടയിൽ അനേകം തിരികളുള്ള റാന്തൽപോലുള്ള പൂക്കൾ ചൂണ്ടിക്കാട്ടി സുഹൃത്ത് പറഞ്ഞു: “തൻബർജിയ മൈസൂറെൻസിസ്.”

പശ്ചിമഘട്ടത്തിലെ ഒരു സ്ഥാനികസസ്യമാണ് ശരറാന്തൽപ്പൂവ്. നിത്യഹരിതവനങ്ങളിലും അർധനിത്യഹരിതവനങ്ങളിലും വളരുന്നു. മറ്റു സസ്യങ്ങളിലേക്ക് പടർന്നുകയറുന്ന ചിരസ്ഥായിയായ ഒരു ആരോഹി സസ്യം. ഇലകൾക്ക് 10-14 സെ. മീറ്റർ നീളവും 4-8 സെ. മീറ്റർ വീതിയുമുണ്ടാകും. സമ്മുഖവിന്യാസം. ഇലഞെട്ടിന് 15 സെ. മീറ്റർ നീളം കാണും. ഡിസംബർ-മാർച്ച് മാസങ്ങളിലാണ് പൂക്കുന്നത്. പത്രകക്ഷങ്ങളിൽനിന്ന് താഴോട്ടു തൂങ്ങിനിൽക്കുന്ന പൂങ്കുലക്ക് 50 സെ. മീറ്റർ വരെ നീളമുണ്ടാകും. ഒരു കുലയിൽതന്നെ ധാരാളം പൂക്കളുണ്ടാകും. മധ്യഭാഗം സ്വർണ മഞ്ഞനിറവും മറ്റുഭാഗങ്ങൾ കടും ചുവപ്പുനിറത്തിലുമാണ്. 15-20 സെ.മീറ്റർ നീളവും 5-12 സെ.മീറ്റർ വീതിയുമുള്ള പർണങ്ങൾക്ക് തവിട്ടുകലർന്ന ചുവപ്പുനിറവുമാണ്. ഫലത്തിന് 3 സെ.മീറ്റർ നീളമുണ്ടാകും.

ഇതിനു ശരറാന്തൽപ്പൂവെന്ന് പേരു കൊടുത്തത് അടുത്തകാലത്തുമാത്രമാണ്. Thunbergia mysorensis എന്നാണ് ശാസ്ത്രീയനാമം. പാർവതിപ്പൂവും ആടലോടകവും കുറിഞ്ഞിയും ഉൾപ്പെടുന്ന അക്കാന്തേസീ (Acanthaceae) സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഈ സസ്യത്തിന് Clock Vine, Mysore Trumpet Vine എന്നീ ഇംഗ്ലീഷ് പേരുകളുമുണ്ട്.

വർഗീകരണ ശാസ്ത്രത്തിന്റെ പിതാവായിരുന്ന കാൾ ലിനേയസിന്റെ ശിഷ്യനും സ്വീഡിഷ് സസ്യശാസ്ത്രജ്ഞനുമായിരുന്ന Carl Peter Thunberg നോടുള്ള ആദരസൂചകമായിട്ടാണ് ഈ സസ്യജനുസ്സിനു പേരു നൽകിയിരിക്കുന്നത്. മൈസൂരിൽനിന്നുള്ളത് എന്നാണ് സ്പീഷീസ് പദത്തിനർഥം. കുടക് ജില്ലയിലെ പല വീടുകളിലും ഇത് അലങ്കാരസസ്യമായി വളർത്തുന്നുണ്ട്. ഇന്ത്യയിലും ഒട്ടേറെ വിദേശരാജ്യങ്ങളിലും ഇപ്പോൾ അലങ്കാര സസ്യമായി വളർത്താറുണ്ട്.

Erebidae കുടുംബത്തിൽപ്പെടുന്ന അമ്പിളിത്തെയ്യം (Tinolius eburneigutta) എന്ന നിശാശലഭത്തിന്റെ ലാർവാ ഭക്ഷണ സസ്യമാണിത്. ഇതേ ജനുസ്സിൽപ്പെടുന്ന ചുവന്ന പൂക്കളുണ്ടാകുന്ന Thunbergia coccinea എന്ന സസ്യവും വയനാട്ടിലും ഇടുക്കിയിലും കുടകിലും അലങ്കാരസസ്യമായി വളർത്തുന്നുണ്ട്. പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതിലോല പ്രദേശങ്ങളുടെ നാശം ശരറാന്തൽപ്പൂ‍വ് ഉൾപ്പെടെ ഈ മേഖലയിലെ ഒട്ടേറെ സ്ഥാനികസസ്യജാലങ്ങൾക്ക് കടുത്ത ഭീഷണിയാണ്.

News Summary - Rare Garland Flower Lights Western Ghats