നീർമാതളം

“നീർമാതളപ്പൂക്കളുടെ സുഗന്ധം കാറ്റിൽ വന്നെത്തുന്ന എത്രയോ നേർത്ത ഒരു ഗാനശകലംപോലെയാണ്... നീർമാതളപ്പൂക്കളുടെ മണം അമ്മയുടെ താരാട്ടായിരുന്നു. രാത്രികാലങ്ങളിൽ ഞാൻ, ഉറങ്ങിക്കിടക്കുന്ന അമ്മയുടെ ആശ്ലേഷത്തിൽനിന്ന് സ്വന്തം ശരീരത്തെ മോചിപ്പിച്ച് എത്രയോ തവണ ജനലിലേക്ക് ഓടിയിട്ടുണ്ട്, പൂത്തുനിൽക്കുന്ന നീർമാതളം ഒരു നോക്കുകൂടി കാണുവാൻ.” (നീർമാതളം പൂത്തകാലം: അധ്യായം 7 -മാധവിക്കുട്ടി) “നീർമാതളപ്പൂവിനുള്ളിൽ നീഹാരമായ് വീണ കാലം നീലാംബരീരാഗമായി താനേ നുകർന്ന നവനീതം ചിറകാർന്നുയർന്നു വാനിൽ മനമൂയലാടിയ കാലം...” (റഫീക്ക് അഹമ്മദ് -ചിത്രം: ആമി -മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി എടുത്ത സിനിമ) മാധവിക്കുട്ടി...
Your Subscription Supports Independent Journalism
View Plans“നീർമാതളപ്പൂക്കളുടെ സുഗന്ധം കാറ്റിൽ വന്നെത്തുന്ന എത്രയോ നേർത്ത ഒരു ഗാനശകലംപോലെയാണ്... നീർമാതളപ്പൂക്കളുടെ മണം അമ്മയുടെ താരാട്ടായിരുന്നു. രാത്രികാലങ്ങളിൽ ഞാൻ, ഉറങ്ങിക്കിടക്കുന്ന അമ്മയുടെ ആശ്ലേഷത്തിൽനിന്ന് സ്വന്തം ശരീരത്തെ മോചിപ്പിച്ച് എത്രയോ തവണ ജനലിലേക്ക് ഓടിയിട്ടുണ്ട്, പൂത്തുനിൽക്കുന്ന നീർമാതളം ഒരു നോക്കുകൂടി കാണുവാൻ.”
(നീർമാതളം പൂത്തകാലം: അധ്യായം 7 -മാധവിക്കുട്ടി)
“നീർമാതളപ്പൂവിനുള്ളിൽ നീഹാരമായ് വീണ കാലം
നീലാംബരീരാഗമായി താനേ നുകർന്ന നവനീതം
ചിറകാർന്നുയർന്നു വാനിൽ മനമൂയലാടിയ കാലം...”
(റഫീക്ക് അഹമ്മദ് -ചിത്രം: ആമി -മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി എടുത്ത സിനിമ)
മാധവിക്കുട്ടി തന്റെ സ്മരണകളിലൂടെ മലയാളികളുടെ മനസ്സിലേക്ക് നീർമാതളപ്പൂക്കളുടെ സുഗന്ധമെത്തിച്ചു. അവരുടെ മരണാനന്തരം, ആരാധകരും വായനക്കാരുമായ ചിലരെങ്കിലും തങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരിയുടെ സ്മരണക്കായി മുറ്റത്തോ പറമ്പിലോ നട്ടുപിടിപ്പിക്കുന്നതിനായി നീർമാതളത്തിന്റെ തൈകൾ തേടി അലഞ്ഞിരുന്നു.
ഇന്തോ-മലേഷ്യ, ചൈന എന്നീ മേഖലകളില്‍ വളരുന്ന ചെറുവൃക്ഷമാണ് നീർമാതളം. കേരളത്തിലെ അർധനിത്യഹരിത വനങ്ങളിലെ പുഴയോരങ്ങളിലും അരുവിയോരങ്ങളിലും കാണപ്പെടുന്നു. അലങ്കാരവൃക്ഷമായി വീട്ടുപറമ്പുകളില്‍ വെച്ചുപിടിപ്പിക്കാറുണ്ട്.

പത്തു മീറ്റര്‍ വരെ ഉയരത്തില്‍ വളരാറുള്ള നീര്‍മാതളത്തിന് മൂന്ന് സഹപത്രങ്ങളുള്ള ഇലകളാണുള്ളത്. ഇലകള്‍ ഏകാന്തര ക്രമത്തിലാണ് വിന്യസിച്ചിരിക്കുന്നത്. അണ്ഡാകാരത്തിലുള്ള സഹപത്രങ്ങളുടെ അറ്റം കൂര്‍ത്തതാണ്. ശാഖാഗ്രങ്ങളിലാണ് പൂക്കളുണ്ടാകുന്നത്. ജനുവരി-ഏപ്രില്‍ മാസങ്ങളാണ് പൂക്കാലം. പൂങ്കുലവൃന്തം നീളം കുറഞ്ഞതും തടിച്ചതുമാണ്. നാലു ബാഹ്യദളങ്ങളും നാലുദളങ്ങളുമുള്ള പൂക്കള്‍ ആദ്യം വെള്ളയോ ക്രീം നിറത്തിലോ, പൂർണമായി വിരിഞ്ഞുകഴിഞ്ഞാല്‍ ഇളം മഞ്ഞ നിറത്തിലോ ആയിരിക്കും. കേസരങ്ങള്‍ക്ക് ദളങ്ങളേക്കാള്‍ വളരെ കൂടുതല്‍ നീളമുണ്ട്. കേസരങ്ങളുടെ നിറം തവിട്ടു കലര്‍ന്ന ചുവപ്പോ ലോഹിത വർണമോ ആണ്. ചെറുനാരങ്ങയുടെ വലുപ്പമുള്ള കായ്കളുടെ പുറം തൊലിക്ക് തവിട്ടുകലര്‍ന്ന ചാരനിറമാണ്. കായ്ക്കുള്ളിലെ മാംസളമായ പള്‍പ്പിനുള്ളില്‍ ധാരാളം ചെറിയ വിത്തുകള്‍ ഉണ്ടായിരിക്കും. േമയ്-ജൂലൈ മാസങ്ങളില്‍ കായ്കൾ വിളയുന്നു.
കപ്പാരേസിയേ (Capparaceae) സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന നീര്‍മാതളത്തിന്റെ ശാസ്ത്രനാമം Crataeva magna എന്നാണ്. ഇംഗ്ലീഷില്‍ Three Leaved Caper എന്നറിയപ്പെടുന്നു. അശ്മരികാരിപുഃ, അശ്മരീഘ്ന, തിക്തശാക്, പശുഗന്ധാ, ഭ്രമരപ്രിയ, വരുണ, സേതു, കുമാരക എന്നിവയാണ് സംസ്‌കൃതനാമങ്ങൾ, ക്രട്ടേവയുടെ രണ്ട് സ്പീഷിസുകളാണ് കേരളത്തില്‍ കാണപ്പെടുന്നത്. വിഷപ്രയോഗത്തില്‍ പ്രസിദ്ധനും ഗ്രീക് പച്ചമരുന്ന് വിദഗ്ധനുമായിരുന്ന Kratevas നോടുള്ള ആദരസൂചകമായിട്ടാണ് വർഗീകരണ ശാസ്ത്രജ്ഞനായ കാൾ ലിനേയസ് ഈ സസ്യജനുസ്സിന് പേര് നൽകിയിട്ടുള്ളത്. magna എന്ന സ്പീഷിസ് നാമത്തിന്, ഐശ്വര്യമുള്ളത് എന്നാണ് ലാറ്റിൻ ഭാഷയിൽ അർഥം.
വിത്തുമൂലമാണ് സ്വാഭാവിക പുനരുത്ഭവം നടക്കുന്നത്. എന്നാല്‍, പ്രായമായ നീര്‍മാതള മരങ്ങളുടെ വേരില്‍നിന്ന് പൊട്ടിമുളക്കുന്ന തൈകളാണ് നട്ടുപിടിപ്പിക്കുന്നതിന് അനുയോജ്യം. ഔഷധസസ്യമായും അലങ്കാരവൃക്ഷമായും ഇപ്പോൾ നീര്‍മാതളം വ്യാപകമായി നട്ടുപിടിപ്പിച്ചുവരുന്നുണ്ട്. അതിനാല്‍ ഇവ തല്‍ക്കാലം വംശനാശഭീഷണി നേരിടുന്നില്ലെന്ന് വേണം കരുതാന്‍. ഒരുപക്ഷേ, മലയാളിക്ക് മാധവിക്കുട്ടിയോടുള്ള അടുപ്പവും ആദരവും നീര്‍മാതളത്തോടുള്ള അടുപ്പമായി മാറിക്കഴിഞ്ഞിട്ടുണ്ടായിരിക്കണം.

ഇടനാട്ടിലെയും മലനാട്ടിലെയും പുഴയോരങ്ങളിലും അരുവിയോരങ്ങളിലും സ്വാഭാവികമായി വളര്‍ന്നുകാണുന്നതും പുഴയോരങ്ങളുടെ സംരക്ഷണ കവചങ്ങളുമായ ഒട്ടേറെ വൃക്ഷങ്ങളും കുറ്റിച്ചെടികളുമുണ്ട്. ആറ്റുവഞ്ചി, ആറ്റുഞാവല്‍, ആറ്റുനൊച്ചി, ആറ്റുകനല, കൈത എന്നിവ അവയില്‍ ചിലതാണ്. പുഴയോര സംരക്ഷണത്തില്‍ നീര്‍മാതളവും പ്രധാനപ്പെട്ട ഒന്നാണ്.
പണ്ടു മുതലേ ഉപയോഗിച്ചുവരുന്ന ഔഷധസസ്യമാണിത്. ഇല, തൊലി, വേരിന്മേൽ തൊലി എന്നിവയാണ് ഔഷധയോഗ്യ ഭാഗങ്ങൾ. 1682ൽ പ്രസിദ്ധീകരിച്ച ‘ഹോർത്തൂസ് മലബാറിക്കൂസ്’ എന്ന ഗ്രന്ഥത്തിന്റെ മൂന്നാം വാല്യത്തിൽ ഈ വൃക്ഷത്തിന്റെ ഉപയോഗത്തെക്കുറിച്ച് ഇപ്രകാരം പറയുന്നു: “ഇലയരച്ച ചാറിൽ ലിനൻ തുണി മുക്കി അടിവയറ്റിൽ തേച്ചാൽ മൂത്രം പോകും. കായ്കൾ പൊടിച്ചുകലക്കി ഉപ്പും കർപ്പൂരവും പൂച്ചക്കാഷ്ഠവും ചേർത്ത് കുഴമ്പാക്കി അടിവയർ ഭാഗത്ത് തേച്ചാലും ഇതേ ഫലമാണ്.”
വാതം, മൂത്രാശയ രോഗങ്ങൾ, വൃഷണവീക്കം തുടങ്ങിയ രോഗങ്ങളുടെ ചികിത്സയിലും ഉപയോഗിക്കുന്നു. വരുണാദി കഷായം, പ്രഭാഞ്ജനം കുഴമ്പ്, ചന്ദ്രപ്രഭ ഗുളിക, ധാന്വന്തരം ഘൃതം എന്നീ ഔഷധങ്ങളിലും നീർമാതളം ചേരുവയാണ്. ഭ്രമരപ്രിയ എന്ന സംസ്കൃതനാമം സൂചിപ്പിക്കുന്നതുപോലെ ധാരാളം ഷഡ്പദങ്ങൾ പൂന്തേൻ നുകരാനായി നീർമാതളപ്പൂക്കളിൽ എത്താറുണ്ട്. നീർമാതള ശലഭം, ചെഞ്ചിറകൻ, പൊട്ടുവെള്ളാട്ടി എന്നീ ചിത്രശലഭങ്ങളുടെ ലാർവാ ഭക്ഷണ സസ്യം കൂടിയാണിത്.
ഇടുക്കി, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ വരണ്ട ഇലപൊഴിയും വനങ്ങളില്‍ വളരുന്ന മാവലിംഗവും നീര്‍മാതളവുമായി ഏറെ സാദൃശ്യമുള്ളതാണ്. Crataeva adanonsii ssp.odora എന്നാണ് ഈ ചെറുവൃക്ഷത്തിന്റെ ശാസ്ത്രനാമം. ഇതിന്റെ കായ്കള്‍ക്ക് ചുവപ്പുനിറമായിരിക്കും. നഴ്സറികളിൽ നീർമാതളം എന്ന് പറഞ്ഞ് വിൽക്കുന്ന മാവലിംഗത്തിന്റെ തൈകൾ ഇപ്പോൾ കേരളത്തിന്റെ പല ഭാഗങ്ങളിലും വീടുകളിൽ നട്ടുപിടിപ്പിക്കുന്നുണ്ട്.
