ആലം

കുട്ടിക്കാലത്ത് വീടിനടുത്തുള്ളൊരു കാവിന്റെ പരിസരങ്ങളിലായിരുന്നു ഒഴിവുദിനങ്ങൾ ചെലവിട്ടിരുന്നത്. ചുട്ടുപൊള്ളുന്നൊരു വേനൽദിനത്തിൽ കൈയിലൊരു ആലത്തിൻ കായയുമായി കുളപ്പടവിലിരിക്കുമ്പോൾ അബദ്ധത്തിൽ അത് വെള്ളത്തിൽ വീഴുകയും അതെടുക്കാനായി കുളത്തിലിറങ്ങിയ ഞാൻ മുങ്ങിപ്പോവുകയുമുണ്ടായി.കുളിച്ചുകൊണ്ടിരുന്ന മുതിർന്ന ആരോ ആയിരുന്നു എന്നെ രക്ഷപ്പെടുത്തിയത്. ആലത്തിനെക്കുറിച്ച് ആലോചിക്കുമ്പോഴെല്ലാം ഈ അനുഭവം ഓർമയിലെത്തും. അക്കാലത്ത് വീട്ടിൽ ഉപയോഗിച്ചുകൊണ്ടിരുന്ന ഉരൽ ആലത്തിന്റെ തടികൊണ്ട് ഉണ്ടാക്കിയതാണെന്ന് പറഞ്ഞു തന്നത് അമ്മയായിരുന്നു.ഉത്തര കേരളത്തിലെ പൂരോത്സവത്തിൽ പൂക്കാമന്റെ രൂപം...
Your Subscription Supports Independent Journalism
View Plansകുട്ടിക്കാലത്ത് വീടിനടുത്തുള്ളൊരു കാവിന്റെ പരിസരങ്ങളിലായിരുന്നു ഒഴിവുദിനങ്ങൾ ചെലവിട്ടിരുന്നത്. ചുട്ടുപൊള്ളുന്നൊരു വേനൽദിനത്തിൽ കൈയിലൊരു ആലത്തിൻ കായയുമായി കുളപ്പടവിലിരിക്കുമ്പോൾ അബദ്ധത്തിൽ അത് വെള്ളത്തിൽ വീഴുകയും അതെടുക്കാനായി കുളത്തിലിറങ്ങിയ ഞാൻ
മുങ്ങിപ്പോവുകയുമുണ്ടായി.കുളിച്ചുകൊണ്ടിരുന്ന മുതിർന്ന ആരോ ആയിരുന്നു എന്നെ രക്ഷപ്പെടുത്തിയത്. ആലത്തിനെക്കുറിച്ച് ആലോചിക്കുമ്പോഴെല്ലാം ഈ അനുഭവം ഓർമയിലെത്തും. അക്കാലത്ത് വീട്ടിൽ ഉപയോഗിച്ചുകൊണ്ടിരുന്ന ഉരൽ ആലത്തിന്റെ തടികൊണ്ട് ഉണ്ടാക്കിയതാണെന്ന് പറഞ്ഞു തന്നത് അമ്മയായിരുന്നു.
ഉത്തര കേരളത്തിലെ പൂരോത്സവത്തിൽ പൂക്കാമന്റെ രൂപം ചമയിക്കുമ്പോൾ കാമന് താടിയുണ്ടാക്കുന്നത് ‘ആലോത്തിൻ പൂ’ കൊണ്ടാണെന്ന് മാക്കഭഗവതിയുടെ തോറ്റം പാട്ടിലുണ്ട്. ഏഷ്യയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കാണപ്പെടുന്ന ചെറിയ വൃക്ഷമാണ് ആലം. കേരളത്തിലെ വരണ്ട ഇലപൊഴിയും വനങ്ങളിലും ചെങ്കൽക്കുന്നിൻ പ്രദേശങ്ങളിലും സമതലങ്ങളിലും വളരുന്നു.

12 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ വൃക്ഷത്തിന്റെ തൊലിക്ക് തവിട്ടുനിറമാണ്. ഒരു സെ. മീറ്ററിലധികം കനമുള്ള തൊലിയുള്ളതിനാൽ തീയെ ചെറുക്കാനുള്ള ശേഷിയുണ്ട്. 15-30 സെ. മീറ്റർ നീളവും 5-15 സെ. മീറ്റർ വീതിയുമുള്ള ഇലകൾ ഏകാന്തരക്രമത്തിൽ വിന്യസിച്ചിരിക്കുന്നു. ഇലഞെട്ടിനു ഒരു സെ. മീറ്റർ നീളം കാണും. പഴുത്ത ഇലകൾക്ക് ചുവപ്പുനിറമാണ്. ഫെബ്രുവരി-മാർച്ച് മാസങ്ങളിലാണ് പൂക്കുന്നത്. പൂക്കാൻ തുടങ്ങുന്നതിനുമുമ്പായി ഇലകൾ കൊഴിഞ്ഞുപോയിരിക്കും. ദ്വിൽഇംഗ സമമിതപുഷ്പങ്ങൾക്ക് 4-5 സെ. മീറ്റർ വ്യാസമുണ്ടായിരിക്കും.
ബാഹ്യദളപുടത്തിനും ദളപുടത്തിനും നാല് ഇതളുകൾ വീതം. കേസരങ്ങൾ അനേകം. കേസരതന്തുക്കൾക്ക് ചുവപ്പുനിറമോ ക്രീം നിറമോ ആണ്. ഇവയിൽ പലതിനും പരാഗകോശങ്ങൾ ഉണ്ടായിരിക്കില്ല. പേരക്കയുടെ ആകൃതിയുള്ള കായ്കൾക്ക് 5-7.5 സെ. മീറ്റർ വ്യാസമുണ്ടായിരിക്കും. വർത്തികയുടെയും ബാഹ്യദളങ്ങളുടെയും അവശേഷിപ്പുകളാൽ കായുടെ അഗ്രഭാഗം അലങ്കരിച്ചിട്ടുണ്ടാകും. മേയ്-ജൂൺ മാസങ്ങളിൽ കായ്കൾ വിളഞ്ഞുതുടങ്ങും. വിത്തുകൾ വഴിയാണ് പുതിയ തൈകളുണ്ടാകുന്നത്.
തെക്കൻ കേരളത്തിൽ പേഴ് എന്ന പേരിലാണ് ഈ വൃക്ഷം അറിയപ്പെടുന്നത്. Careya arborea എന്നാണ് ശാസ്ത്രീയനാമം. ലെസിത്തിഡേസിയേ(Lecythidaceae) സസ്യകുടുംബത്തിൽ ഉൾപ്പെടുന്നു. തീ ചെറുക്കാനുള്ള ശേഷിയുള്ളതിനാൽ ഇംഗ്ലീഷിൽ Slowmatch Tree എന്നറിയപ്പെടുന്നു. കടഭീ, കുംഭീ എന്നിവയാണ് സംസ്കൃതനാമങ്ങൾ.

തൊലി, ഇല, പൂവ്, കായ എന്നിവ ഔഷധയോഗ്യങ്ങളാണ്. ചുമ, ട്യൂമർ, ബ്രോങ്കൈറ്റിസ്, ഉദരകൃമി, അതിസാരം, വെള്ളപ്പാണ്ട്, ഗ്രഹാപസ്മാരം തുടങ്ങിയ രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്നു. തളിരില പിഴിഞ്ഞ നീര് അൽപമാത്രയിൽ കഴിച്ചാൽ അതിസാരത്തിനു ശമനമുണ്ടാകും. തൊലി ഉണക്കിപ്പൊടിച്ച് അമുക്കുരവും നറുനീണ്ടിയും ചേർത്ത് പാലിൽ തിളപ്പിച്ച് സേവിക്കുന്നത് ചർമരോഗങ്ങൾക്ക് നല്ലതാണ്. തേൾ കടിച്ചാൽ കടിവായിൽ ഇതിന്റെ തൊലി അരച്ചുപുരട്ടാറുണ്ട്.
1682ൽ പ്രസിദ്ധീകരിച്ച ഹോർത്തൂസ് മലബാറിക്കൂസ് എന്ന ഗ്രന്ഥത്തിന്റെ മൂന്നാം വാല്യത്തിൽ ഈ മരത്തെക്കുറിച്ച് ‘പേലു’ എന്ന് പരാമർശിക്കുന്നുണ്ട്. ഇതിന്റെ ഉപയോഗത്തെക്കുറിച്ച് ഈ ഗ്രന്ഥത്തിൽ ഇങ്ങനെ പറയുന്നു : “വിഷാംശമുള്ളതിനാൽ ഇതിനെ ഔഷധങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കാറില്ല. കാട്ടുപന്നികൾക്ക് ഇതിന്റെ തൊലി ഇഷ്ടമാണ്. അതുകൊണ്ടുതന്നെ പന്നി വേട്ടക്കാർ ഈ കായ് ഉപയോഗപ്പെടുത്തുന്നു.”
പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സസ്യശാസ്ത്രജ്ഞനും മിഷനറിയുമായിരുന്ന ഡോ. വില്യം കാരേയോടുള്ള (Dr. William Carey) ആദരസൂചകമായാണ് ഈ സസ്യജനുസ്സ് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. മരം പോലെ ഉയർന്നുവളരുന്നത് എന്നാണ് സ്പീഷീസ് നാമത്തിനർഥം.
അടുത്തകാലം വരെ നെല്ലുകുത്താനും ധാന്യങ്ങൾ പൊടിക്കാനും ഉപയോഗിച്ചിരുന്ന ഉരൽ നിർമിച്ചിരുന്നത് ആലം കൊണ്ടായിരുന്നു. ആധുനിക യന്ത്രസംവിധാനങ്ങൾ വന്നതോടെ ഉരലിന്റെ സ്ഥാനം ഗൃഹാന്തർഭാഗത്തുനിന്ന് മ്യൂസിയത്തിലേക്ക് മാറി. പേഴ് ‘പാഴ് മരവു’മായി. അതോടെ, ഈ മരം പറമ്പുകളിൽനിന്ന് വെട്ടിമാറ്റപ്പെടുകയും ചെയ്തു. ജൈവവൈവിധ്യസമ്പന്നമായ മാടായിപ്പാറയിൽ (കണ്ണൂർ) 1793 ൽ പണികഴിപ്പിച്ച റസ്റ്റ് ഹൗസിനോട് ചേർന്ന് നൂറ്റമ്പത് വർഷത്തിലധികം പ്രായമുള്ള ഒരു പേഴ് മരം വളർന്നു നിൽപുണ്ട്. ഈ വൃക്ഷം പൂക്കുന്ന സമയത്ത് വിവിധയിനം ശലഭങ്ങളും മറ്റു ഷഡ്പദങ്ങളും ധാരാളമായി പൂന്തേൻ നുകരാനായി എത്താറുണ്ട്.
പേഴാളൻ (Grey Count) എന്ന ചിത്രശലഭത്തിന്റെ ലാർവാഭക്ഷണ സസ്യമാണിത്. കൂടാതെ വിഷ്ണുശലഭം(Trabala vishnou), തസർ പട്ടുശലഭം - Tasar Silk Moth (Antheraea paphia), പട്ടുകാരി (Suana concolor ), Limnaecia peronodes എന്നീ നിശാശലഭങ്ങളുടെയും ലാർവാഭക്ഷണ സസ്യമാണ് ആലം.
