പുന്ന

പുഴയോരത്തിൽ പൂന്തോണിയെത്തീലാ... മന്ദാരം പൂക്കും... മറുതീരത്താണോ... പുന്നാഗം പൂക്കും പുഴയോരത്താണോ... ആരാനും കണ്ടോ ദൂരെയെൻ പൂത്തോണി... ‘അഥർവം’ എന്ന സിനിമയിലെ ഈ ഗാനം ഒ.എൻ.വി എഴുതിയതാണ്. പുഴയോരത്ത് പൂക്കുന്ന പുന്നാഗത്തെക്കുറിച്ച് ഇതിൽ പറയുന്നു. പുന്നാഗം പുന്നമരമാണ്. വനവാസക്കാലത്ത് പാഞ്ചാലിയുടെ ആഗ്രഹപ്രകാരം കല്യാണസൗഗന്ധികം തേടി ഗന്ധമാദന പർവതത്തിലേക്ക് ഭീമൻ നടത്തുന്ന യാത്രയിൽ പുന്നാഗം ഉൾപ്പെടെ ഒട്ടേറെ വൃക്ഷങ്ങളെ കുറിച്ച് പരാമർശിക്കുന്നുണ്ട് കുഞ്ചൻ നമ്പ്യാർ. ഉഷ്ണമേഖലാ രാജ്യങ്ങളിലെ നിത്യഹരിതവനങ്ങളിൽ കാണപ്പെടുന്ന ഒരു ഇടത്തരം നിത്യഹരിതവൃക്ഷമാണ് പുന്ന. കേരളത്തിലെ...
Your Subscription Supports Independent Journalism
View Plansപുഴയോരത്തിൽ
പൂന്തോണിയെത്തീലാ...
മന്ദാരം പൂക്കും...
മറുതീരത്താണോ...
പുന്നാഗം പൂക്കും
പുഴയോരത്താണോ...
ആരാനും കണ്ടോ
ദൂരെയെൻ പൂത്തോണി...
‘അഥർവം’ എന്ന സിനിമയിലെ ഈ ഗാനം ഒ.എൻ.വി എഴുതിയതാണ്. പുഴയോരത്ത് പൂക്കുന്ന പുന്നാഗത്തെക്കുറിച്ച് ഇതിൽ പറയുന്നു.
പുന്നാഗം പുന്നമരമാണ്. വനവാസക്കാലത്ത് പാഞ്ചാലിയുടെ ആഗ്രഹപ്രകാരം കല്യാണസൗഗന്ധികം തേടി ഗന്ധമാദന പർവതത്തിലേക്ക് ഭീമൻ നടത്തുന്ന യാത്രയിൽ പുന്നാഗം ഉൾപ്പെടെ ഒട്ടേറെ വൃക്ഷങ്ങളെ കുറിച്ച് പരാമർശിക്കുന്നുണ്ട് കുഞ്ചൻ നമ്പ്യാർ.
ഉഷ്ണമേഖലാ രാജ്യങ്ങളിലെ നിത്യഹരിതവനങ്ങളിൽ കാണപ്പെടുന്ന ഒരു ഇടത്തരം നിത്യഹരിതവൃക്ഷമാണ് പുന്ന. കേരളത്തിലെ പുഴയോരങ്ങളിലും കണ്ടൽക്കാടുകളിലും വളരുന്നു. പാർക്കുകളിൽ നട്ടുപിടിപ്പിക്കാറുമുണ്ട്. 20 മീറ്റർ വരെ ഉയരത്തിൽ വളരാറുള്ള ഈ വൃക്ഷത്തിന്റെ തൊലിക്ക് കറുപ്പ് കലർന്ന ചാരനിറമാണ്. തൊലിയിൽ അവിടവിടെയായി വിണ്ടുകീറലുകൾ ഉണ്ടാകാറുണ്ട്. 6-15 സെന്റിമീറ്റർ നീളവും 3-10.5 സെന്റിമീറ്റർ വീതിയുമുള്ള ഇലകൾക്ക് തിളങ്ങുന്ന ഇരുണ്ട പച്ചനിറമാണ്. ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു.
പരന്ന ഇലഞെട്ടിന് രണ്ടു സെന്റിമീറ്ററോളം നീളമുണ്ടാകും. സമാന്തരമായ നിരവധി പാർശ്വസിരകൾ വ്യക്തമായി കാണാം. ഡിസംബർ-ജനുവരി മാസങ്ങളിലാണ് പൂക്കുന്നത്. ഇലയിടുക്കുകളിലാണ് പൂക്കളുണ്ടാകുന്നത്. ചെറുകുലകളായി കാണപ്പെടുന്ന പൂക്കൾക്ക് വെള്ളനിറമാണ്. രണ്ടര സെന്റിമീറ്റർ വ്യാസമുണ്ട്. നാലു ദളങ്ങളും നാലു ബാഹ്യദളങ്ങളുമുണ്ട്. അണ്ഡാശയത്തിന് ഒരു അറ. കേസരങ്ങൾ അനേകം. കേസരപാദങ്ങൾ കൂടിച്ചേർന്ന് അഞ്ചോ ആറോ കറ്റകളായി കാണപ്പെടുന്നു. പൂക്കൾക്ക് ഹൃദ്യമായ ഗന്ധമാണ്. വിളഞ്ഞ കായകൾക്ക് മഞ്ഞകലർന്ന പച്ചനിറമാണ്.
പുന്നാഗം എന്നും അറിയപ്പെടുന്ന ഈ മരത്തിന്റെ ശാസ്ത്രീയനാമം Calophyllum inophyllum എന്നാണ്. kalos (സുന്ദരമായ), phyllon (ഇല) എന്നീ ഗ്രീക് പദങ്ങളുടെ ലാറ്റിൻരൂപമാണ് ജനുസ്സ് നാമമായി നൽകിയിരിക്കുന്നത്. നാരുകളുള്ള ഇലയോടുകൂടിയത് എന്നാണ് സ്പീഷീസ് നാമത്തിനർഥം. കാലോഫില്ലേസിയേ (Calophyllaceae) സസ്യകുടുംബത്തിൽ ഉൾപ്പെടുന്നു.

Alexandrian Laurel ball tree ,Indian Laurel,Beauty Leaf,Oil nut Tree, Beach calophyllum എന്നിവയാണ് ഇംഗ്ലീഷിലുള്ള പേരുകൾ. സംസ്കൃതത്തിൽ പുന്നാഗഃ എന്നറിയപ്പെടുന്നു. പുന്നയുടെ തൊലി, ഇല, വിത്ത് എന്നിവ ഔഷധമായി ഉപയോഗിക്കുന്നു. തൊലിയുടെ കറ വ്രണങ്ങൾ ഉണക്കാൻ സഹായിക്കുന്നു. പുന്നയുടെ വിത്തിൽനിന്ന് തയാറാക്കുന്ന പുന്നാഗതൈലം ചർമരോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കുന്നു. വാതരോഗങ്ങൾക്ക് പുറമേ പുരട്ടുന്നതിനായും ഉപയോഗിക്കുന്നു.
1683ൽ പ്രസിദ്ധീകൃതമായ ‘ഹോർത്തൂസ് മലബാറിക്കൂസ്’ എന്ന ലാറ്റിൻ ഗ്രന്ഥത്തിന്റെ നാലാം വാല്യത്തിൽ പൊന്ന എന്ന പേരിൽ ഈ സസ്യത്തെക്കുറിച്ചുള്ള വിവരണമുണ്ട്. പൊന്ന എന്നത് പൊന്ന് അകത്തുള്ളത് എന്ന അർഥത്തിലാണ് ഉപയോഗിച്ചിട്ടുള്ളത്. ഈ പേര് കായിലെ ഇരുണ്ട തൊണ്ടിനകത്തുള്ള മഞ്ഞനിറമുള്ള പരിപ്പിനെ സൂചിപ്പിക്കുന്നു. ഈ ഗ്രന്ഥത്തിൽ പുന്നയുടെ ഉപയോഗത്തെക്കുറിച്ച് ഇപ്രകാരം പറയുന്നുണ്ട്: ‘‘ഇതിന്റെ പരിപ്പ് ഉണക്കി ആട്ടിയെടുക്കുന്ന എണ്ണ വിളക്ക് കത്തിക്കാൻ ഉപയോഗിക്കുന്നു.
കൈ-കാൽ വേദനയുണ്ടാവുമ്പോൾ ഈ എണ്ണ തടവുന്നത് വളരെയധികം ആശ്വാസം തരുന്നു. വേരിന്റെ തൊലി ചതച്ച് വിനാഗിരിയിൽ ചാലിച്ച് സത്തെടുത്ത് നെറ്റിയിൽ പുരട്ടുന്നത് തലവേദന ഇല്ലാതാക്കും.’’ വിത്തിൽ വിഷാംശമുണ്ട്. പുന്നയുടെ തടി പണ്ടുകാലത്ത് കപ്പൽ നിർമാണത്തിനായി ഉപയോഗിച്ചിരുന്നു. ബോട്ട് നിർമാണത്തിലും കാർഷികോപകരണങ്ങൾ ഉണ്ടാക്കുന്നതിനും ഉപയോഗിക്കുന്നു.
ചീനവല കെട്ടുന്നതിനായും തടി ഉപയോഗിച്ചിരുന്നു. ഗോലികളിയിൽ ഇതിന്റെ കായ ഉപയോഗിക്കാറുണ്ടായിരുന്നു. ജൈവ ഡീസൽ ഉണ്ടാക്കുന്നതിനായി ചില രാജ്യങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. പോളിനേഷ്യയിൽ പലയിടത്തും ഇതിനെ പുണ്യവൃക്ഷമായി കരുതപ്പെടുന്നുണ്ട്. അവരുടെ വിശുദ്ധവനങ്ങളിൽ ഇവയെ സംരക്ഷിക്കുകയും ചെയ്യുന്നു. ചില ദേവതകളുടെ ആവാസസ്ഥാനമായും ഈ മരത്തെ കണക്കാക്കുന്നു.

Amplypterus panopus, Homona coffearia എന്നീ നിശാശലഭങ്ങളുടെ ലാർവാ ഭക്ഷണ സസ്യമാണ്. നമ്മുടെ പാതയോരങ്ങളിൽ നട്ടുപിടിപ്പിക്കാൻ അനുയോജ്യമായ ഒരു മരമാണിത്. നിത്യഹരിതവൃക്ഷമായതിനാൽ തണുപ്പുള്ള തണൽ നൽകുന്നു. വവ്വാലുകളാണ് പ്രധാനമായും ഇതിന്റെ വിത്തുവിതരണം നടത്തുന്നത്.
കോട്ടയം താലൂക്കിലെ പുന്നത്തുറ, പുന്നക്കൽ, ചങ്ങനാശ്ശേരിക്കടുത്തുള്ള പുന്നവേലി കോഴഞ്ചേരിക്കടുത്തുള്ള പുന്നക്കാട്, മല്ലപ്പള്ളി താലൂക്കിലെ പുന്നവേലി എറണാകുളം ജില്ലയിലെ പുന്നയ്ക്കൽ, കണ്ണൂർ ജില്ലയിലെ പുന്നാട് തുടങ്ങിയ സ്ഥലങ്ങൾ ഈ വൃക്ഷവുമായി ബന്ധപ്പെട്ടിരിക്കുന്നു.
