Begin typing your search above and press return to search.

ഒലിവ് റിഡ്​ലിയുടെ വരവ് നിലയ്ക്കുമ്പോൾ

ഒലിവ് റിഡ്​ലിയുടെ വരവ് നിലയ്ക്കുമ്പോൾ
cancel
camera_alt

വര: വിനോദ് അമ്പലത്തറ

കടലാമ മുട്ടയിടുന്ന ദൃശ്യംനീലേശ്വരം തൈക്കടപ്പുറത്തെ മരക്കാപ്പ് കടലോരത്ത് മുട്ടയിടാൻ എത്തിച്ചേരുന്ന കടലാമകളെക്കുറിച്ച്​ എഴുതിയ 'നീരാളിയൻ' എന്ന കഥയുടെ തുടർച്ചയും കഥാനന്തര അനുഭവങ്ങളുമാണ്​ ഇൗ എഴുത്ത്​. വംശനാശത്തി​െന്‍റ ഭീഷണിയിലേക്ക്​ ഒലിവ്​ റിഡ്​ലികൾഎങ്ങനെ എത്തിച്ചേർന്നു, എന്താണ്​ നമുക്ക്​ മുന്നിലെ പരിസ്​ഥിതി യാഥാർ​ഥ്യങ്ങൾ?

ചോരയും ചലവും നിറഞ്ഞ് വിങ്ങുന്ന വ്രണങ്ങൾപോലെ ചില എടങ്ങേറുകൾ നമ്മെ വിടാതെ പിന്തുടർന്ന് നൊമ്പരപ്പെടുത്തിക്കൊണ്ടിരിക്കും. ഇരിക്കപ്പൊറുതിയും കിടക്കപ്പൊറുതിയും കിട്ടാതാകുമ്പോൾ ആ വിങ്ങലുകളെ ഭാഷയിലേക്ക് ഇറക്കിവെച്ച് രക്ഷപ്പെടാനുള്ള കൂടോത്രമാണ് എഴുത്തെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഈവിധമുള്ളൊരു ഏറ്റുപറച്ചിലോടുകൂടിയാണ് ആദ്യ നോവലായ 'മരക്കാപ്പിലെ തെയ്യങ്ങൾ' തുടങ്ങുന്നത്.

''തൊണ്ട പൊളിയുന്ന നിലവിളികൾകൊണ്ടാണ് മനസ്സിെന്‍റ കഠിനമായ അശാന്തിയെ മനുഷ്യൻ വിവർത്തനം ചെയ്യുന്നത്. ചാരി നിൽക്കാൻ നിലവിളിയുടെ താങ്ങുപോലുമില്ലാത്തവരെ ഭ്രാന്തെടുക്കുകയോ കടലെടുക്കുകയോ ചെയ്യുന്നു. ഇപ്രകാര​െമാരു സന്ദിഗ്ധതയെ കവികൾ രചനകൊണ്ടാണ് മറികടക്കുന്നത്.

ആലോചിക്കുമ്പോൾ രസമുണ്ട്. ഉന്മാദത്തെ വെല്ലാൻ ഉന്മാദത്തി​െന്‍റ സർപ്പത്തെ തന്നെ എടുത്ത് കഴുത്തിൽ ചുറ്റുക. ആ നോവൽ ആരംഭിച്ചതുപോലെ അവസാനിച്ചതും നിലവിളിയിലാണ്. യാദൃച്ഛികമായി അങ്ങനെ സംഭവിച്ചതാണ്. എന്നാൽ പോലും എഴുത്ത് കഠിനകാലങ്ങളിൽ ഇരുകൈകളും ആകാശത്തിലേക്ക് ഉയർത്തിപ്പിടിച്ചുള്ള നിസ്സഹായനായ മനുഷ്യന്‍റെ തൊണ്ടകീറിയുള്ള ആർത്തനാദങ്ങളാണ്. അകം നിറയുന്ന അസ്വാസ്​ഥ്യത്തെ പെറ്റൊഴിക്കാനുള്ള പിടച്ചിലുകളാണ്.

ഉള്ളിനെ വിടാതെ നീറ്റിക്കൊണ്ടിരിക്കുന്ന വലിയൊരു എടങ്ങേറിൽനിന്നാണ് 'നീരാളിയൻ' എന്ന കഥ തോട് പൊട്ടിച്ച് വിരിയുന്നത്. കട​േലാരങ്ങളെക്കുറിച്ചുള്ള ഈ കഥ മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് (2013 സെപ്റ്റംബർ 22) ആദ്യം പ്രകാശിതമാകുന്നത്. 2014ൽ ഡി.സി ബുക്സ്​ പ്രസിദ്ധീകരിച്ച 'നീരാളിയൻ' എന്ന ചെറുകഥാ സമാഹാരത്തിലും ഈ കഥയുണ്ട്. ഇതേ വർഷം ഇംഗ്ലീഷിലേക്കും ഈ കഥ മൊഴിമാറ്റം ചെയ്യപ്പെട്ടു. ഇന്ത്യൻ ഭാഷകളിലെ ആഗോളതാപന വിഷയമായ ആദ്യ കഥയായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ള ഈ കഥയുടെ പിറവിക്ക് പിന്നിൽ ചില പൊള്ളുന്ന അനുഭവങ്ങളുണ്ട്.


എെന്‍റ താമസസ്​ഥലത്തുനിന്നും അഞ്ചാറു കിലോമീറ്റർ മാത്രം ദൂരത്തിലുള്ള നീലേശ്വരം തൈക്കടപ്പുറത്തെ മരക്കാപ്പ് കടലോരത്ത് മുട്ടയിടാൻ എത്തിച്ചേരുന്ന ഒലിവ് റിഡ്​ലി വിഭാഗത്തിൽപ്പെട്ട കടലാമകളെക്കുറിച്ചാണ് കഥ. പത്തിരുപത്തഞ്ച് കിലോ ഭാരം കാണും. നൂറ് വർഷം മുമ്പ് ഇവിടെ ലെതർബാക്ക് സ്​പീഷീസിൽപെട്ട കടലാമകളും ധാരാളമായി മുട്ടയിടാൻ വന്നിരുന്നുവ​െത്ര. ലെതർബാക്ക് ഭീമനാമകളാണ്. ഇന്നത്തെ നാനോ കാറിന്‍റെയൊക്കെ വലുപ്പം കാണും ഓരോന്നിനും! കഥയല്ല. കണ്ടവരുണ്ട്. മുട്ടയിട്ട് കടലിലേക്ക് തിരികെപ്പോകുന്ന ഭീമനാമയുടെ പുറത്തേക്ക് രണ്ടും മൂന്നും പേർ പാഞ്ഞ് കയറി കുറെ ദൂരം യാത്ര ചെയ്ത് തിരിച്ച് നീന്തിവരുമായിരുന്നുവ​െത്ര! പണ്ട് പണ്ടത്തെ കഥയല്ല. വെറും നൂറ് വർഷം മുമ്പ്. മരക്കാപ്പ് തീരങ്ങളിലിപ്പോഴും അതിന്‍റെ ഓർമകൾ തിരയടിക്കുന്നുണ്ട്. പിന്നപ്പിന്നെ തീരത്തെത്തുന്നത് ഒലിവ് റിഡ്​ലി മാത്രമായി.

കടലാമമുട്ടകൾക്ക് നല്ല സ്വാദുള്ളതിനാൽ ആളുകൾ മാന്തിയെടുത്ത് ഓംലെറ്റടിച്ച് തിന്നും. നായ്ക്കളും കുറുക്കന്മാരും യഥേഷ്​ടം ആഹരിക്കും. ഈയൊരു സാഹചര്യത്തിലാണ് മരക്കാപ്പ് ബീച്ചിൽ 'നെയ്തൽ' എന്ന പേരിൽ കടലാമ സംരക്ഷണ കേന്ദ്രം 2003ൽ ആരംഭിക്കുന്നത്. പി.വി. സുധീർകുമാറിെന്‍റയും പ്രവീൺ തൈക്കടപ്പുറത്തിെന്‍റയും നേതൃത്വത്തിൽ പത്തിരുപതോളം ചെറുപ്പക്കാരുടെ കൂട്ടായ്മ പുലർവേളകളിൽ കടൽത്തീരത്തിലൂടെ റോന്ത് ചുറ്റി കടലാമമുട്ടകൾ ശേഖരിച്ച് പ്രത്യേകം ഹാച്ചറികളിൽ വിരിയിച്ച് കടലിലേക്ക് കുഞ്ഞുങ്ങളെ യാത്രയയക്കുകയാണ് നെയ്തലിെന്‍റ രണ്ട് പതിറ്റാണ്ട് കാലമായുള്ള സർഗാത്​മക പ്രവർത്തനം. അ​േതാടൊപ്പം ഈ യുവാക്കൾ, കടലിൽ ഉപേക്ഷിക്കപ്പെട്ട പാഴ്വലകളിൽ കുടുങ്ങിയും കടൽയാനങ്ങളുടെ െപ്രാപ്പെല്ലറുകളിൽ തട്ടിയും പരിക്കേറ്റ് തീരങ്ങളിലടിയുന്ന കടലാമകളെ ശുശ്രൂഷിക്കുന്ന ജോലിയും ഏറ്റെടുത്തിരുന്നു. ഇതിനകം നൂറിലേറെ ആമകളെ 'നെയ്തൽ'സുഖ ചികിത്സനൽകി കടലിലേക്ക് തിരികെ പറഞ്ഞയച്ചിട്ടുണ്ട്.

നിരവധി ആമകൾ കരയിൽ ചത്തടിഞ്ഞതിെന്‍റ ഓർമകൾ നെയ്തലിൽനിന്നും പലപ്പോഴായി കേട്ടിട്ടുണ്ട്. മിക്കപ്പോഴും പ്ലാസ്റ്റിക് തിന്ന് വയർ വീർത്ത് ചത്ത ആമകളായിരിക്കും. ഭയാനകമായ അളവിലാണ് പുഴകളിലൂടെ മനുഷ്യൻ വലിച്ചെറിയുന്ന പ്ലാസ്റ്റിക് കടലിലെത്തിച്ചേരുന്നത്. കടലിൽ തെന്നി നീങ്ങുന്ന പ്ലാസ്റ്റിക് കവറുകൾ കണ്ട് ഇഷ്​ടഭക്ഷണമായ കാഞ്ഞാംപോത്തുകളാണെന്ന് (ജെല്ലിഫിഷ്) തെറ്റിദ്ധരിച്ച് ആമകൾ തിന്നും. തുപ്പുന്ന ശീലം ആമകൾക്കില്ല. ആമകൾ ചത്ത് കരക്കടിഞ്ഞാൽ എടുത്ത് കുഴിയിലിട്ട് മൂടാൻ നിയമം അനുവദിക്കുന്നില്ല. വനംവകുപ്പ് അധികൃതരെ അറിയിക്കണം. അവർ പോസ്റ്റുമോർട്ടം ചെയ്തശേഷമേ മറവ് ചെയ്യാനാവൂ. ഒരിക്കൽ ചത്ത് പൊന്തിയ ആമയുടെ വയർ കീറിയപ്പോൾ കണ്ടവരുടെ കണ്ണ് തള്ളിപ്പോയി. ഒന്നേമുക്കാൽ കിലോ പ്ലാസ്റ്റിക്കായിരുന്നു അതി​െന്‍റ വയറ്റിൽ ഉണ്ടായിരുന്നത്. മ​െറ്റാരിക്കൽ തീരത്ത് ചത്തടിഞ്ഞ കടലാമയുടെ വയറ്റിൽ നിറഞ്ഞ പ്ലാസ്റ്റിക് കയറിെന്‍റ ഒരറ്റം വായിലൂടെ പുറത്തേക്കും മറ്റേ അറ്റം മലദ്വാരത്തിലൂടെ പുറത്തേക്കും നീണ്ടുകിടന്നിരുന്നുവ​െത്ര!

നെയ്തലിന്‍റെ രൂപവത്കരണത്തിന്റെ രണ്ട് മൂന്ന് വർഷം മുമ്പേ മരക്കാപ്പ് തീരം എനിക്ക് പരിചിതമായിരുന്നു. 'മരക്കാപ്പിലെ തെയ്യങ്ങളെ'ഴുതാൻ സുധീറി​െന്‍റയും പ്രവീണിന്‍റെയും കൂടെ കുറെ അലഞ്ഞുതിരിഞ്ഞുനടന്നു. നെയ്തൽ രൂപവത്​കരിച്ചതിനുശേഷവും എത്രയോ പ്രാവശ്യം അവരുടെ കൂട്ടായ്മകളിൽ സംസാരിക്കാനും കടലാമ കുഞ്ഞുങ്ങളെ കൈകളിൽ ബക്കറ്റിൽനിന്നും ​േകാരിയെടുത്ത് തീരത്തിെന്‍റ നനവിൽ ഇറക്കിവെക്കാനും മരക്കാപ്പിലെത്തിയിട്ടുണ്ട്. അപ്പോഴൊന്നും കടലാമകളെക്കുറിച്ച് ഒരു കഥ ഞാൻ ചിന്തിച്ചതുപോലുമില്ല. പത്ത് വർഷക്കാലം അങ്ങനെ കടന്നുപോയി.

കടലാമ മുട്ടയിടുന്ന ദൃശ്യം

ഒരുദിവസം മരക്കാപ്പിലെത്തിയ​േപ്പാൾ നെയ്തൽ പ്രവർത്തകർ പറഞ്ഞ ഒരു കാര്യം കേട്ട് ഞാൻ നടുങ്ങിപ്പോയി. അത് എനിക്ക് ഒരു ഷോക്കായിരുന്നു. ആമകളുടെ പ്രജനനവുമായി ബന്ധപ്പെട്ട വിഷയമാണ്. ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഒരു സംഘം സയന്‍റിസ്റ്റുകൾ നെയ്തലിൽ വന്ന് പഠനം നടത്തിയപ്പോൾ തിരിച്ചറിഞ്ഞ വസ്​തുതയാണ്. മറ്റ് ജീവജാലങ്ങളെപ്പോലെ ആമകളിൽ നേരത്തേ ലിംഗനിർണയം നടക്കുന്നില്ല. മുട്ടവിരിയുന്ന സമയത്ത് അന്തരീക്ഷത്തിലെ താപനിലയാണ് കുഞ്ഞ് ആണാണോ പെണ്ണാണോ എന്നു തീരുമാനിക്കുന്നത്. 290യിൽ താഴെയാണ് താപനിലയെങ്കിൽ കുഞ്ഞുങ്ങൾ ആണായി വിരിയും. 290 മുതൽ 340 ഡിഗ്രിവരെ പ്രായേണ കുഞ്ഞുങ്ങൾ പെണ്ണായി വിരിയും. 340യിലും താപനില കൂടുതലാവുകയാണെങ്കിൽ മുട്ടകൾ വിരിയാൻ സാധ്യത കുറവാണ്. മുട്ടകൾ മുഴുവൻ ചീഞ്ഞുപോകും. ചൂട് കൂടിക്കൂടിവരുന്നതുകൊണ്ട് വിരിയുന്നത് പെൺകുഞ്ഞുങ്ങളാണ്. ആൺകുഞ്ഞുങ്ങൾ ഉണ്ടാകുന്നില്ല. ഈ അറിവുകൾ അക്ഷരാർഥത്തിൽ എന്നെ പിടിച്ചുലച്ചു. ഇപ്പോഴാണെങ്കിൽ കേരളത്തിൽ ചൂട് 400 ഡിഗ്രിവരെയൊക്കെ എത്തിത്തുടങ്ങി.

ഭസ്​മാസുരന് വരം കിട്ടിയതു​േപാലെ മനുഷ്യൻ പ്രകൃതിയുടെ മേൽ കാണിച്ചുകൊണ്ടിരിക്കുന്ന ഭീകരമായ നൃശംസതകളെക്കുറിച്ച് ഞാൻ ചിന്തിച്ചിരുന്നുപോയി. ഇരുനൂറ് ​േകാടികൊല്ലംമുമ്പ് ദിനോസറുകളുടെ കാലത്ത് ഉദയം ചെയ്ത ജീവികളാണ് ആമകൾ. മനുഷ്യനെ വെച്ച് നോക്കുമ്പോൾ ഭൂമിയുടെ യഥാർഥ അവകാശികൾ. വെറും ഒന്നോ ഒന്നരയോ ലക്ഷം വർഷംമുമ്പ് മാത്രം ഉരുത്തിരിഞ്ഞ മനുഷ്യന് 200 കോടി വർഷം മുമ്പ് ഭൂമി വാണ ആമകളുടെ മുന്നിൽ അവകാശത്തർക്കത്തിനേ ​േകാപ്പില്ല. എന്നിട്ടും മനുഷ്യൻ സൃഷ്​ടിച്ച ആഗോളതാപനത്തിൽ കോടാനുകോടി വർഷങ്ങൾ മറ്റെല്ലാ പ്രകൃതിപ്രതിഭാസങ്ങളെയും അതിജീവിച്ച ആമവംശം ഇല്ലാതാകാൻ പോകുന്നു! ആമ ​േപായാലെന്താ എന്ന് ചിരിയൂറുന്നവരുണ്ടാകാം. ചിരിക്കാൻ വരട്ടെ. ആമ ഒരു സൂചകം മാത്രമാണ്. ആമയുടെ പിന്നാലെ പുറപ്പെടാൻ കാത്ത് നിൽക്കുന്ന മറ്റ് പല ജീവികളുണ്ട്. പ്രകൃതിയിൽനിന്ന്​ എന്നെന്നേക്കുമായി മാഞ്ഞ് ഇല്ലാതാവാൻ പോകുന്ന ജീവിവർഗങ്ങൾ. തൊട്ടടുത്ത പടിയിൽ മനുഷ്യനും നിൽപുണ്ട് എന്ന കാര്യം മറന്നുപോകരുത്. ഭസ്​മാസുരൻ ഒടുവിൽ സ്വന്തം തലയിൽ കൈവെച്ചതുപോലെ തന്‍റെ കുഴിമാടം മനുഷ്യൻ സ്വയം കുഴിച്ചുവെക്കുകയാണ്. മറ്റ് ജീവജാലങ്ങൾ നിലനിൽക്കുന്നതുകൊണ്ടാണ് താൻ നിലനിൽക്കുന്നത് എന്ന എത്രയും ലളിതമായ പ്രകൃതിപാഠംപോലും മനുഷ്യൻ തിരിച്ചറിയാത്തതെന്ത്? അതുകൊണ്ടാണ്, 'രണ്ട് മത്സ്യങ്ങൾ' എന്ന കഥയിലെ തവള, ''മനുഷ്യൻ മാത്രം ബാക്കിയാകുന്ന സങ്കൽപത്തെയാണോ, നിങ്ങൾ വികസനം, വികസനം എന്നു വിളിക്കുന്നത്?'' എന്ന് ചോദിച്ചുപോകുന്നത്.

ഇവ്വിധം മനസ്സിൽ കലങ്ങിമറിഞ്ഞ എടങ്ങേറുകളിൽനിന്ന് വിമുക്​തി കിട്ടാനാണ് 'നീരാളിയൻ' രചിച്ചത്. പ്രകൃതിയിലെ ജീവജാലങ്ങൾക്കുള്ള വിവേകം എന്തുകൊണ്ടാണ് മനുഷ്യന് ഇല്ലാതെ പോകുന്നത് എന്ന ചോദ്യത്തിെന്‍റ വിശദീകരണംകൂടിയാണ് ഇക്കഥ. ആമകളുടെ കാര്യംതന്നെ നോക്കുക. മുട്ടവിരിഞ്ഞ് കടലിലേക്ക് പോയ പെണ്ണാമകൾ വളർന്ന് വലുതായി പത്ത് പതിനാറ് വർഷങ്ങൾ കഴിയുമ്പോഴാണ് മുട്ടയിടാനായി മാതൃതീരത്തേക്കുതന്നെ തിരിച്ചെത്തുന്നത്. എന്തൊരത്ഭുതം! കടലിൽ അനേകായിരം കിലോമീറ്ററുകൾ സഞ്ചരിച്ച്, ഒരുപക്ഷേ വൻകരകൾ തന്നെ ചുറ്റി, ഇല്ലാത്ത വഴികളിലൂടെ, മുട്ടയിടാൻ വിരിഞ്ഞിറങ്ങിയ അതേ തീരത്തേക്ക് തിരിച്ചുവരുന്നതിലെ അത്ഭുതത്തിന് സമാനമായി മനുഷ്യൻ ലോകത്തിൽ ഒന്നും ഉണ്ടാക്കിവെച്ചിട്ടില്ല എന്ന് കഥ പറയുന്നുണ്ട്. മത്സ്യങ്ങളിലും മറ്റ് ജീവജാലങ്ങളിലുമെല്ലാം ഈ അത്ഭുതപ്രതിഭാസം ആവർത്തിക്കുന്നുണ്ട്. ആർടിക് ടേൺ എന്ന കൊച്ചുപക്ഷി ഉത്തരധ്രുവത്തിൽനിന്നും ദക്ഷിണ ധ്രുവത്തിലേക്ക് ആറുമാസംകൊണ്ട് പറന്ന് അതേ വഴിയിലൂടെ തന്നെ അടുത്ത ആറുമാസംകൊണ്ട് പുറപ്പെട്ട സ്​ഥലത്തേക്ക് തന്നെ തിരിച്ചെത്തുന്നതും ഇതുപോലെ മറ്റൊരത്ഭുതമാണ്. ഒരു ജീവിക്കും വഴി തെറ്റുന്നില്ല എന്നർഥം.

ഭൂമിയിൽ വഴിതെറ്റുന്ന ഒരു ജീവിയേയുള്ളൂ. മനുഷ്യൻ! മനുഷ്യന് വഴിതെറ്റിയതിെന്‍റ ദുരന്തഫലങ്ങളാണ് തലയിൽ ഇടിത്തീവീണത് പോലെ നാമിന്ന്, പ്രളയങ്ങളായും ചുഴലിക്കാറ്റുകളായും അതിവൃഷ്​ടിയായും അനാവൃഷ്​ടിയായും കൊറോണയായുമൊക്കെ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

കടലാമ മുട്ടകൾ ശേഖരിച്ച് ഹാച്ചറിയിൽ സൂക്ഷിക്കുന്നു

കടലാമകളിലേക്ക് തന്നെ തിരിച്ചുവരാം. മുട്ടയിടാൻ രാത്രികാലങ്ങളിൽ കടൽത്തീരത്തേക്ക് കയറി വരുന്ന ആമകൾ പൂഴി വീശിയെറിഞ്ഞ് വന്ന വഴിയിലെ കാൽപാടുകളും കൈപ്പാടുകളുമെല്ലാം മായ്ച്ച് കളയും. കുഴിയെടുത്ത് മുട്ടകൾ നിക്ഷേപിച്ച ശേഷം മണ്ണിട്ട് മൂടി നന്നായി അടിച്ചുറപ്പിക്കും. അതിനുശേഷം അതിെന്‍റ അടയാളങ്ങൾ ശത്രുക്കൾക്ക് പിടികിട്ടാതിരിക്കാനായി അവിടെയും പൂഴി വീശിയെറിയും. കടലിലേക്ക് തിരിച്ചിറങ്ങിപ്പോകുന്ന വഴിയും മായ്ച്ച് കളഞ്ഞിട്ടേ ആമകൾ തീരം വിട്ട് പോവുകയുള്ളൂ. അതിജീവനത്തിനു വേണ്ടിയുള്ള കരുതലുകളാണ്!

പക്ഷേ, മനുഷ്യൻ നിർമിക്കുന്ന കടൽഭിത്തികളും പുലിമുട്ടുകളും ആമകളുടെ പ്രജനനത്തിന് സൃഷ്​ടിക്കുന്ന വിഘാതങ്ങൾ ചെറുതല്ല. പക്ഷേ, അതൊന്നും 'വികസന' മനുഷ്യന്‍റെ വിഷയമല്ലല്ലോ. അടുത്തകാലത്തുണ്ടായ ഒരനുഭവം ഇതാണ്. മുട്ടയിടാൻ വേണ്ടി പൂഴിപ്പരപ്പിലേക്ക് കയറിവന്ന കടലാമ കുഴിമാന്തിക്കൊണ്ടിരിക്കെ മനുഷ്യൻ നിക്ഷേപിച്ച കരിങ്കൽച്ചീളിൽ തട്ടി തുഴ മുറിഞ്ഞു. കുഴിയിൽ ചോര പടർന്നു. മുട്ടയിടാതെ ആമ കടലിലേക്ക് തന്നെ തിരിച്ചു​േപായി. പോയ വഴിയിലുടനീളം ചോരപ്പാടുകൾ കാണാമായിരുന്നുവ​െത്ര!

പ്രകൃതിയിലെ ജീവജാലങ്ങൾക്കെല്ലാം പൊരുന്നയിരിക്കാനും കുഞ്ഞുങ്ങളെ ഓമനിച്ചു വളർത്താനും ഭാഗ്യമുണ്ടെങ്കിലും കടലാമകളുടെ അവസ്​ഥ പരിതാപകരമാണ്. 'നീരാളിയനി'ലെ കഥാനായിക സുധർമിണി അഖിലിനോട് ഇങ്ങനെ മിണ്ടുന്നു:

''നെനക്കറിയോ അഖിലേ, കരേലും കടലിലുമുള്ള ജീവികളില് ഏറ്റ്വേം നിർഭാഗ്യം പെണ്ണ് കടലാമയ്ക്കാ. മാതൃത്വം എന്നുപറയുന്ന ഒര് സംഗതി അയിന് വിധിച്ചിട്ടില്ല. കടലില് മൊട്ടയിടാൻ പാങ്ങില്ല. മൊട്ടയെല്ലാം മീൻ തീന്നും. കരയിലാണെങ്കിലോ മൊട്ടയിട്ട് മണ്ണ് മൂടി കടലിലേക്ക് ഒറ്റ പാച്ചില് പായണം. അല്ലാങ്കില് ശത്രുക്കള് അയിന വകവരുത്തും. അടയിരിക്കാനോ കുഞ്ഞ് വിരി​േഞ്ഞാന്നറിയാനോ, സ്വന്തം ചോരേല് പെറ്റതിനെ ഒര് നോക്ക് കാണാനോ, ഒന്ന് താലോലിക്കാനോ ഭാഗ്യല്ലാത്ത ജീവ്യോളാ...''

ഉള്ളിൽനിന്നും ഒഴുകിപ്പരക്കുന്ന സുധർമിണിയുടെ സങ്കടത്തിൽ അവൾ സ്വയം അനുഭവിക്കുന്ന അനപത്യതാ ദുഃഖത്തിെന്‍റ നീറ്റലുകളുമുണ്ട്. ഭർത്താവായ തങ്കുട്ടൻ ശേഖരിച്ചുകൊണ്ടുവരുന്ന ആമമുട്ടകളെ ഭദ്രമായി സൂക്ഷിച്ച് കുഞ്ഞുങ്ങൾ വിരിയുമ്പോൾ സുരക്ഷിതമായി കടലിലേക്ക് വിട്ടയക്കുന്ന ജോലിയാണ് സുധർമിണി ചെയ്യുന്നത്. പക്ഷേ, സ്വന്തമായി ഒന്നിനെ പെറ്റ് പോറ്റാൻ ഭാഗ്യമുണ്ടായില്ല. അവൾ അഖിലിനോട് പറയും:

''ഒര് കുഞ്ഞീനെ പെറ്റ് വളർത്താന് ഞാനെത്ര മോഹിച്ച്! െന്‍റ കാലക്കേട്. ഈ കാലത്തിനെടേല് പതിനായിരം ആമക്കുഞ്ഞോള ഈ കയ്യോണ്ട് കോരി കടലിലിക്ക് ജീവനോടെ വിട്ടിറ്റ്ണ്ട്. പക്ഷെ എനക്ക് കരക്കൊന്നിന കിട്ടീല്ല.''

അതിനുള്ള വഴികൂടിയായിരുന്നു, 'കടലാമകളുടെ പ്രജനന സവിശേഷതകൾ' എന്ന വിഷയത്തിൽ റിസർച്ച് ചെയ്യാനെത്തി സുധർമിണിയുടെ വീട്ടിൽ താമസിക്കുന്ന അഖിൽ. മനുഷ്യനുണ്ടാക്കിയ സദാചാര സങ്കൽപത്തിനകത്തല്ല, നിലനിൽപിനായുള്ള പ്രകൃതിയുടെ ബോധ്യത്തിലാണ് തങ്കുട്ടനും സുധർമിണിയും നില​െകാള്ളുന്നത്. പക്ഷേ ആ തിരിച്ചറിവിലെത്താൻ പറ്റാതെ അഖിൽ കുറ്റബോധമുള്ളവനായിത്തീരുന്നു. തങ്കുട്ടനും സുധർമിണിക്കും ഇല്ലാത്ത കുറ്റ​േബാധം അഖിലിനെ വലയ്ക്കുന്നു.

ആ കുറ്റബോധത്തിന് മേലാണ് കോടാനുകോടി വർഷങ്ങൾ അതിജീവിച്ച കടലാമകളുടെ വംശം ഇല്ലാതാകാൻ പോകുന്നു എന്ന തിരിച്ചറിവ് ഇടിത്തീപോലെ വന്നുവീണ് അഖിൽ ഹതാശനായിത്തീരുന്നത്. മുട്ടകൾ വിരിയാൻ ഒരാഴ്ച വൈകിയപ്പഴേ അഖിലിന് ഉത്​കണ്ഠയായിരുന്നു. വിരിഞ്ഞപ്പഴോ? രാത്രി വിരിയുന്നതിനു പകരം പകലായി! മാത്രമല്ല പത്ത് നാന്നൂറോളം കുഞ്ഞുങ്ങൾ തോട് പൊട്ടിച്ച് പൂഴിപ്പരപ്പിലേക്ക് ഒന്നിച്ച് കയറിവരേണ്ടതിന് പകരം ആകെ കയറിവന്നത് പത്ത് പതിനഞ്ചോളം മാത്രം! കാലത്തിെന്‍റ ഈ താളം തെറ്റലാണ് മുന്നറിയിപ്പായി കമലപ്പരുന്ത് പുലർച്ചെ വന്ന് വിളിച്ച് കൂവിയത് എന്ന് അഖിൽ തിരിച്ചറിയുന്നുണ്ട്. താപനിലയിലാണ് ആമകളിൽ ലിംഗനിർണയം നടത്തുന്നത് എന്ന് വിവരിച്ച് അഖിൽ പറയുന്നു.

''മുപ്പത്തിനാലിലും ചൂട് കൂടിയാൽ മുട്ട വിരിയുകയേ ഇല്ല. എല്ലാം ചീഞ്ഞ് പോകും. ആണും പെണ്ണും ഇല്ലാതാകും. ആമ എന്ന വംശം തന്നെ ഭൂമിയിൽ ഇല്ലാതാകും.'' അത്രയും പറഞ്ഞ് ഞാൻ ഇവിടം വിട്ട് പോവുകയാണ് എന്ന് അഖിൽ പറയുന്നു. നാട്ടിലേക്കാണോ എന്ന് സുധർമിണി അത്ഭുതപ്പെടുമ്പോൾ മറുപടി ഇതാണ്:

''ഞാൻ പോയിട്ടുള്ള വൻകരകൾക്കടുത്ത് ആമകൾ മുട്ടയിടുന്ന കുറെ ചെറുദ്വീപുകളുണ്ട്. ഒരു ഫുട്​ബാൾ ഗ്രൗണ്ടിെന്‍റ വലുപ്പമേ കാണൂ. മനുഷ്യവാസമില്ലാത്ത ദ്വീപുകൾ. ഭൂപടത്തിലൊന്നും വരച്ചുവെച്ചിട്ടില്ലാത്ത ദ്വീപുകൾ. സുഹേലി പോലെ... മെ​േറാപോലെ... പിന്നെ പേരില്ലാത്ത കുറെ എണ്ണം. ഏതിലെങ്കിലും പോയി ഞാൻ താമസിക്കും. ചൂട് കൂടി ദ്വീപ് മുങ്ങുമ്പോൾ ഞാനും മുങ്ങും.''

കഥാന്ത്യത്തിലും കടലാഴത്തിലേക്ക് മുങ്ങുന്ന ദൈന്യത അഖിലിെന്‍റ മുഖത്ത് കാണാം.

'നീരാളിയൻ' എന്ന വാക്കിെന്‍റ അർഥം എന്താണ്? മുക്കുവർക്കിടയിൽ, ''വെള്ളം തളിക്കുന്നവൻ'' എന്ന ചടങ്ങ് നിർവഹിക്കുന്ന ആചാരക്കാരനുണ്ട് എന്ന ചിന്ത എെന്‍റ ഉള്ളിൽ എങ്ങനെയൊ കയറിക്കൂടിയിരുന്നു. കഥ എഴുതിക്കഴിഞ്ഞശേഷം ഞാൻ പ്രവീൺകുമാറിനെയും സുധീറിനേയും വിളിച്ചു. അവർ പറഞ്ഞു, അങ്ങനെ ഒരു ആചാരക്കാരൻ ഇല്ല. ഞാനാകെ സന്ദിഗ്ധതയിലായി. പെട്ടെന്ന് ശബ്ദതാരാവലി നോക്കി. ആ വാക്ക് ഉണ്ടോ എന്നറിയാൻ. ആശ്വാസമായി. ഉണ്ട്. വെള്ളത്തിൽ മുങ്ങുന്നവൻ എന്ന അർഥവും കൊടുത്തിട്ടുണ്ട്. കഥക്ക്​ കൂടുതൽ ചേരുന്ന അർഥമാണ്.

കഥയുടെ തുടക്കത്തിൽ, സുധർമിണിയുടെ വീട്ടുമുറ്റത്തെ ടാങ്കിൽ ഉള്ള രണ്ട് ആമകളാണ് നീരാളിയും ഭഗവതിയും. കഥ എഴുതുന്ന കാലത്ത് 'നെയ്ത'ലിെന്‍റ വാട്ടർടാങ്കിൽ രണ്ട് ആമകൾ ഉണ്ടായിരുന്നു. ഒന്നിെന്‍റ മുൻ തുഴകൾ നഷ്​ടപ്പെട്ടതിനാൽ അതിന് നീന്താൻ പ്രയാസമുണ്ടായിരുന്നു. ഇടക്കിടെ വെള്ളത്തിൽ മുങ്ങിപ്പോകുന്നപോലെ എനിക്ക് തോന്നിയിരുന്നു. ഭഗം ഉള്ളവളാണല്ലോ ഭഗവതി. പക്ഷേ, മുൻ തുഴകൾ നഷ്​ടപ്പെട്ടതുകൊണ്ട് നീരാളിയന് ഭഗവതിയെ കഥയിൽ പ്രാപിക്കാനാവുന്നില്ല. രണ്ടും കഥയെഴുതുമ്പോൾ പെട്ടെന്ന് തോന്നിയ പേരുകളാണ്. കഥ പ്രസിദ്ധീകരിച്ചുവന്നശേഷം നാട്ടുകാർ ആ ആമകളെ നീരാളിയനെന്നും ഭഗവതിയെന്നും പേര് ചൊല്ലി വിളിക്കുമായിരുന്നുവെന്നും അറിയാനിടയായപ്പോൾ ഏറെ കൗതുകം തോന്നി.

കടലാമകളുടെ വംശം അവസാനിക്കുകയായോ എന്ന ഭയം 'നീരാളിയനിലൂ'ടെ പങ്കുവെക്കുമ്പോൾ ഒരു നൂറ് കൊല്ലത്തിനുള്ളിൽ അങ്ങനെ സംഭവിക്കും എന്ന് വിചാരിച്ചതല്ല. പക്ഷേ, ഒരു ദശകംപോലും വേണ്ടിവന്നില്ല. കഥയെഴുതി ഏഴ് വർഷമാകുമ്പോഴേക്കും തന്നെ കഥയിലെ ഭീതി മുമ്പിൽ ഫണം വിരിച്ച് ഭയാനകമായി നിൽക്കുകയാണ്. കഴിഞ്ഞ വർഷം മരക്കാപ്പ് കടപ്പുറത്ത് ആമകളൊന്നും മുട്ടയിടാനെത്തിയില്ല. വൈകി, കാലം തെറ്റി വന്ന ഒരാമ നിക്ഷേപിച്ച മുട്ടകളെല്ലാം ചീഞ്ഞ് പോവുകയും ചെയ്തു. ഈ വർഷം ആറേഴ് ആമകൾ എത്തിയെങ്കിലും കുറച്ച് മുട്ടകളെ വിരിഞ്ഞുള്ളൂ...

ആഗോളതാപനം കടലാമകളുടെ പ്രജനനത്തിെന്‍റ സീസൺ തന്നെ മാറ്റുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത് (കണിക്കൊന്ന മാസങ്ങൾക്ക് മുമ്പേ കാലം തെറ്റി പൂവണിഞ്ഞ് നിൽക്കുന്നപോലെ). മുൻകാലങ്ങളിൽ സെപ്റ്റംബർ മുതലാണ് ആമകൾ മുട്ടയിടാനെത്തിയതെങ്കിൽ ഇപ്പോൾ ജനുവരിയാകുന്നു. മുമ്പ് ഡിസംബർ- ജനുവരി മാസങ്ങളിൽ വിരിയുന്ന കുഞ്ഞുങ്ങളിൽ ഏറിയ കൂറും ജീവനുള്ളവയായിരുന്നു. ഇപ്പോൾ ഏപ്രിൽ-മേയ് മാസങ്ങളിൽ നല്ല ചൂടിൽ മുട്ടകൾ വിരിയാതെ മിക്കതും ചീഞ്ഞ് പോകുന്ന അവസ്​ഥയാണ്. ആ​േഗാള താപനം സൃഷ്​ടിക്കുന്ന ഈ സീസൺമാറ്റം ഒഡിഷയിലടക്കം ലോകത്തിൽ എല്ലായിടത്തും നടക്കുന്ന പ്രതിഭാസമാണെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.

ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചടികളാണ് മനുഷ്യകുലം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. പരിണാമ പ്രക്രിയയിലെ ആദ്യബിന്ദു എന്നു വിശേഷിപ്പിക്കാവുന്ന, ബാക്ടീരിയയെപ്പോലെ ഒരു കോശഘടനപോലുമില്ലാത്ത വൈറസുകൾ 'ആേന്ത്രാ​േപാസീൻ' യുഗം സൃഷ്​ടിച്ച മനുഷ്യനെ ഇങ്ങനെ വിറപ്പിച്ചുകളയുമെന്ന് നാം ഒരിക്കലും പ്രതീക്ഷിച്ചതല്ല. (പ്രകൃതിയിലെ മനുഷ്യ​ന്‍റെ അനിയന്ത്രിതമായ ഇടപെടലാണ് ഈ ദുരന്തത്തിനും കാരണമായത്) ഇത് എഴുതിക്കൊണ്ടിരിക്കുമ്പോൾ ഒഡിഷയിൽനിന്നും ഓക്സിജൻ നിറച്ച 'ഓക്സിജൻ തീവണ്ടി' കേരളത്തിലെത്തിയിരിക്കുകയാണ്. മലയാളികൾക്ക് പ്രാണവായു നൽകാൻ! ഇന്നലെ വരെ 'ഓക്സിജൻ തീവണ്ടി' എന്ന സങ്കൽപംപോലും നമുക്ക് സാധ്യമായിരുന്നില്ലല്ലോ.

'നീരാളിയൻ' പോലെ 2015ൽ 'പ്രാണവായു' എഴുതുമ്പോഴും ഓക്സിജൻ കിട്ടാതെ ആളുകൾ പിടഞ്ഞ് മരിക്കും എന്ന് വിചാരിച്ചിട്ടില്ല. മനസ്സിലെ ഭീതിയായിരുന്നു ഒറ്റശ്വാസത്തിൽ എഴുതിത്തീർത്തത്. പക്ഷേ ആറുവർഷം കഴിയുമ്പോഴേക്കും ഭയന്നതെല്ലാം കൺമുന്നിൽ കാണേണ്ടിവരുന്നു!

മനുഷ്യൻ സൃഷ്​ടിച്ച സംഹാരാത്മകമായ ആേന്ത്രാപോസീൻ യുഗം ആരംഭിക്കുന്നത് 1945 മുതലാണ് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ആ കാലത്തുതന്നെ വൈക്കം മുഹമ്മദ് ബഷീർ എഴുതിയ 'ശബ്ദങ്ങളി'ൽ (1947) ''ഞാനീ ഭൂഗോളത്തെ ആകെ സ്​നേഹിക്കുന്നുണ്ട്'' എന്നും ''ഭൂമിയിലെ ജീവജാലങ്ങളെല്ലാം എെന്‍റ ബന്ധുക്കളാണ്'' എന്നും പറഞ്ഞതിനുശേഷം ഞെട്ടിക്കുന്ന ഒരു ​േചാദ്യം ബഷീർ ചോദിച്ചിട്ടുണ്ട്:

''ഈ ഭൂമി ഒരുകാലത്ത് മരിച്ച ലോകമായിത്തീരുമോ?''

പിൽക്കാലത്ത് ബഷീർ എഴുതിയ 'ഭൂമിയുടെ അവകാശികളിൽ' ഈ ഭയം ഇങ്ങനെ വർധിതമാകുന്നു:

''ഒരഞ്ഞൂറ് കൊല്ലത്തിനകത്ത് ഈ ഭൂമിയിലുള്ള സർവ ജന്തുക്കളെയും പക്ഷികളെയും മൃഗങ്ങളെയും എല്ലാം മനുഷ്യൻ കൊന്നൊടുക്കും. മരങ്ങളെയും ചെടികളെയും നശിപ്പിക്കും. മനുഷ്യൻ മാത്രം ഭൂമിയിൽ അവശേഷിക്കും. എന്നിട്ട് ഒന്നടങ്കം ചാകും.''

ബഷീർ അവസാനകാലത്തെഴുതിയ 'ചെവിയോർക്കുക അന്തിമകാഹള'ത്തിൽ എത്തുമ്പോൾ നാം ഒന്നുകൂടെ ചകിതരായിത്തീരും. ബഷീർ വായനക്കാരെ പേടിപ്പിക്കുകയായിരുന്നില്ല. മുന്നറിയിപ്പുകൾ തന്നു​െകാണ്ടേയിരിക്കുകയായിരുന്നു. ഏതാണ്ടിതേ കാലത്ത് കവിതയിൽ പി. കുഞ്ഞിരാമൻ നായരും ബഷീറിനെപ്പോലെ പരിസ്​ഥിതി ജാഗ്രതയുടെ കാവലാളായി പാടിനടക്കുകയായിരുന്നു. നമ്മുടെ കാലത്ത് ജീവിച്ച, ലോകം കണ്ട വലിയ ബുദ്ധിജീവിയും ശാസ്​ത്രജ്ഞനുമായ സ്റ്റീഫൻ ഹോക്കിങ്​ പറഞ്ഞത്, മനുഷ്യൻ ഇങ്ങനെ

പോയാൽ നൂറ് വർഷം കൂടി കാണില്ല എന്നാണ്. (ബഷീർ ഇന്നു ജീവിച്ചിരുന്നെങ്കിൽ 500ൽനിന്ന് ഒരു പൂജ്യം എടുത്തുകളഞ്ഞേനെ.)

ആഗോളതാപനം സൃഷ്​ടിച്ചുകൊണ്ടിരിക്കുന്ന വിപത്തുകൾ നമ്മുടെ മുമ്പിൽ ചുഴലിക്കാറ്റുകളായും പ്രളയങ്ങളായും അതിവൃഷ്​ടികളായും അനാവൃഷ്​ടികളായും മഞ്ഞുരുകലായും മറ്റും സ്​ഥൂലതലത്തിൽ താണ്ഡവനൃത്തം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. സൂക്ഷ്മതലത്തിൽ പൂക്കുന്ന ചെടികളിലും പ്രജനനത്തിനായി ഒരുങ്ങുന്ന ജീവികളിലും ദൂരവ്യാപകമായ മാറ്റങ്ങൾക്ക് കാരണമാകുന്നു. ഭൂമിക്കുമേൽ മനുഷ്യൻ പല പ്രകാരങ്ങളിൽ നടത്തിക്കൊണ്ടിരിക്കുന്ന കൊള്ളകളും കൊള്ളരുതായ്മകളും അവസാനിക്കുമെന്ന് പ്രതീക്ഷിക്കാമോ? കമലപ്പരുന്തിെന്‍റ തിരിച്ചറിവെങ്കിലും മനുഷ്യനുണ്ടാകുമോ? ഞങ്ങളുടെ അത്യുത്തര കേരളത്തിലെ പ്രധാനപ്പെട്ട തെയ്യങ്ങളിലൊന്നായ വയനാട്ടുകുലവന്‍റെ ഉരിയാട്ടത്തിലെ ഒരു വാക്യം ഓർമിച്ചുപോകുന്നു:

''കറന്ന് കുടിക്കേ...

അരിഞ്ഞ് കുടിക്കല്ലേ...''

Show More expand_more
News Summary - Olive ridley sea turtle srory