നായ്ത്തുമ്പ

ചെങ്കൽക്കുന്നുകൾ അതിസമ്പന്നമായ ജൈവ വൈവിധ്യത്തിന്റെ കലവറകളാണ്. ഇവിടത്തെ പല സസ്യജാതികളും ഹ്രസ്വകാലികങ്ങളാണ്. നിരവധി ചിത്രശലഭങ്ങളെയും ഇതര ഷഡ്പദങ്ങളെയും ആകർഷിക്കും വിധം പൂന്തേൻ സൂക്ഷിച്ചുവെക്കുന്ന നൂറുകണക്കിനു സസ്യങ്ങൾ ചെങ്കൽക്കുന്നുകളിൽ വളരുന്നുണ്ട്. ചെങ്കൽക്കുന്നുകളിൽ മാത്രം കാണപ്പെടുന്ന അത്തരമൊരു സസ്യമാണ് നായ്ത്തുമ്പ. കേരളത്തിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, കൊല്ലം തിരുവനന്തപുരം ജില്ലകളിൽ മാത്രമാണ് ഇത്...
Your Subscription Supports Independent Journalism
View Plansചെങ്കൽക്കുന്നുകൾ അതിസമ്പന്നമായ ജൈവ വൈവിധ്യത്തിന്റെ കലവറകളാണ്. ഇവിടത്തെ പല സസ്യജാതികളും ഹ്രസ്വകാലികങ്ങളാണ്. നിരവധി ചിത്രശലഭങ്ങളെയും ഇതര ഷഡ്പദങ്ങളെയും ആകർഷിക്കും വിധം പൂന്തേൻ സൂക്ഷിച്ചുവെക്കുന്ന നൂറുകണക്കിനു സസ്യങ്ങൾ ചെങ്കൽക്കുന്നുകളിൽ വളരുന്നുണ്ട്.
ചെങ്കൽക്കുന്നുകളിൽ മാത്രം കാണപ്പെടുന്ന അത്തരമൊരു സസ്യമാണ് നായ്ത്തുമ്പ. കേരളത്തിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, കൊല്ലം തിരുവനന്തപുരം ജില്ലകളിൽ മാത്രമാണ് ഇത് പ്രധാനമായും വളരുന്നത്.
ഒന്നര മീറ്ററോളം ഉയരത്തിൽ വരെ വളരുന്ന ഒരു വാർഷിക ഓഷധിയാണിത്. കോണുകളുള്ള ഇതിന്റെ കാണ്ഡങ്ങളിൽ ചാരനിറമാർന്ന ചെറുരോമങ്ങൾ ഉണ്ടായിരിക്കും. ഇതിന്റെ തണ്ടിൽ ഒരു മുട്ടിൽ നാല് ഇലകൾ കാണാം. ഇലകൾക്കും തണ്ടിനും പൂക്കൾക്കും രൂക്ഷമായ ഗന്ധമുണ്ട്. ഈ ഗന്ധം മൂട്ടയെ അകറ്റുന്നതിനാലാണ് മൂട്ടക്കൊല്ലി എന്നറിയപ്പെടുന്നത്. സെപ്റ്റംബർ മുതൽ ഡിസംബർ വരെയാണ് പൂക്കാലം.
ശാഖാഗ്രങ്ങളിലും ഇലയിടുക്കുകളിലുമാണ് പൂന്തണ്ടുകൾ കാണപ്പെടുന്നത്. കമ്പിത്തിരികൾപോലെ നീണ്ട പൂന്തണ്ടുകൾക്ക് 15 സെന്റിമീറ്റർ വരെ നീളമുണ്ടാകാം. ഒരു തണ്ടിൽതന്നെ നൂറുകണക്കിനു വളരെ ചെറിയ വെളുത്ത പൂക്കളുണ്ടാകും. ഓരോ പൂവിലും നാലു കേസരങ്ങൾ. താടിരോമങ്ങൾപോലെയാണ് ഇളം പിങ്ക് നിറമുള്ള കേസരങ്ങൾ. പൂമൊട്ടുകളെ പൊതിഞ്ഞുകൊണ്ട് വളരെ ചെറിയ അറകൾ (Bracts) ഉണ്ടായിരിക്കും. ഒരു പൂങ്കുലയിലെ മൊട്ടുകൾ വിരിയുന്നത് പല ദിവസങ്ങളിലായാണ്. അതിനാൽ ഓരോ പൂങ്കുലയിലും ദിവസങ്ങളോളം പൂക്കൾ വിരിഞ്ഞുകൊണ്ടേയിരിക്കും.
അണ്ഡാശയത്തിന് നാല് അറകൾ. ഓരോ അറയിലും ഓരോ വിത്ത് രൂപപ്പെടുന്നു. തുളസി കുടുംബമായ Lamiaceaeയിൽ ഉൾപ്പെടുന്ന ഈ സസ്യത്തിന്റെ ശാസ്ത്രീയനാമം Pogostemon quadrifolius എന്നാണ്. താടിരോമങ്ങൾ (Pogo) പോലുള്ള കേസരങ്ങൾ (stemon-stamen) എന്നാണ് ജനുസ്സ് നാമത്തിനർഥം. ഒരു മുട്ടിൽ നാലിലകൾ ഉള്ളത് എന്ന അർഥത്തിലാണ് സ്പീഷീസ് നാമം നൽകിയിരിക്കുന്നത്.
കമ്പിത്തിരിപ്പൂ, മൂട്ടക്കൊല്ലി, മൂട്ടക്കൊള്ളി എന്നീ പേരുകളും ഇതിനുണ്ട്. പൂങ്കുലകൾ കമ്പിത്തിരി പോലെയുള്ളതിനാലാണ് കമ്പിത്തിരിപ്പൂവെന്ന് വിളിക്കുന്നത്. Four-Leaf Shrub-Mint എന്നാണ് ഇംഗ്ലീഷിൽ അറിയപ്പെടുന്നത്.
നായ്ത്തുമ്പയുടെ ഇലകളിലും തണ്ടുകളിലും രൂക്ഷഗന്ധമുള്ള ചില ആൽക്കലോയ്ഡുകൾ അടങ്ങിയിരിക്കുന്നുണ്ട്. ഇത് മൂട്ടകളെ അകറ്റാൻ കഴിവുള്ളതാണ്. പണ്ടു കാലത്ത് മരക്കട്ടിലുകളിൽ മൂട്ടശല്യം രൂക്ഷമായാൽ ഇതിന്റെ ഇലകളും തണ്ടുകളും കട്ടിലിൽ വിരിച്ച് മൂട്ടകളെ തുരത്താറുണ്ട്.
ചില നാട്ടുവൈദ്യന്മാർ ഈ സസ്യം കരിന്തുമ്പയായി ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ പൂക്കൾ ശലഭങ്ങൾ ഉൾപ്പെടെ ധാരാളം ഷഡ്പദങ്ങളെ ആകർഷിക്കുന്നതാണ്. ഒരൊറ്റ ചെടിയിൽ തന്നെ മുപ്പതിലധികം ഇനം ശലഭങ്ങൾ ഒരേ സമയത്ത് തേൻ നുകരുന്നത് കണ്ടിട്ടുണ്ട്. അതിനാൽ, ശലഭോദ്യാനങ്ങളിൽ വെച്ചു പിടിപ്പിക്കേണ്ട നല്ലൊരു പൂന്തേൻ സസ്യംകൂടിയാണിത്.
ഈ ചെടിയുടെ വേരിൽനിന്ന് ആഹാരം സ്വീകരിക്കുന്ന ഒരു മൂല പരാദസസ്യമായ അള്ളാൻ കിഴങ്ങ് (striga gesnerioides)എന്ന സസ്യം മാടായിപ്പാറയിൽ ഇതോടൊന്നിച്ച് വളരുന്നതായി കാണാം.
