Begin typing your search above and press return to search.
proflie-avatar
Login

കുമിറ്റി മരം

കുമിറ്റി മരം
cancel

തെക്കൻ പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന അതിമനോഹരമായ ഒരു ചിത്രശലഭമാണ് ബുദ്ധമയൂരി. നമ്മുടെ സംസ്ഥാ‍ന ചിത്രശലഭംകൂടിയാണിത്. ഈ ശലഭത്തിന്റെ ജീവിതചക്രത്തെക്കുറിച്ച് പഠിക്കണമെങ്കിൽ കുമിറ്റി മരം എന്ന വൃക്ഷത്തെക്കുറിച്ച് അറിഞ്ഞേ മതിയാകൂ; കാരണം ഇതേവരെ അറിഞ്ഞിടത്തോളം ബുദ്ധമയൂരിയുടെ ലാർവകളുടെ ഒരേയൊരു ഭക്ഷണ സസ്യമാണിത്. ഇന്തോ-മലേഷ്യൻ മേഖലയിൽ കാണപ്പെടുന്ന ഒരു ഇടത്തരം വൃക്ഷമാ‍ണ് കുമിറ്റി മരം. കേരളത്തിലെ നിത്യഹരിത വനങ്ങളിലും ആർദ്ര ഇലപൊഴിയും വനങ്ങളിലും സമതലങ്ങളിലും വീട്ടുപറമ്പുകളിലും ഇത് വളരുന്നുണ്ട്. 20 മീറ്റർ വരെ പൊക്കത്തിൽ വളർന്നു കാണാറുള്ള ഇതിന്റെ തൊലിക്ക് മഞ്ഞകലർന്ന ചാരനിറമാണ്....

Your Subscription Supports Independent Journalism

View Plans

തെക്കൻ പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന അതിമനോഹരമായ ഒരു ചിത്രശലഭമാണ് ബുദ്ധമയൂരി. നമ്മുടെ സംസ്ഥാ‍ന ചിത്രശലഭംകൂടിയാണിത്. ഈ ശലഭത്തിന്റെ ജീവിതചക്രത്തെക്കുറിച്ച് പഠിക്കണമെങ്കിൽ കുമിറ്റി മരം എന്ന വൃക്ഷത്തെക്കുറിച്ച് അറിഞ്ഞേ മതിയാകൂ; കാരണം ഇതേവരെ അറിഞ്ഞിടത്തോളം ബുദ്ധമയൂരിയുടെ ലാർവകളുടെ ഒരേയൊരു ഭക്ഷണ സസ്യമാണിത്.

ഇന്തോ-മലേഷ്യൻ മേഖലയിൽ കാണപ്പെടുന്ന ഒരു ഇടത്തരം വൃക്ഷമാ‍ണ് കുമിറ്റി മരം. കേരളത്തിലെ നിത്യഹരിത വനങ്ങളിലും ആർദ്ര ഇലപൊഴിയും വനങ്ങളിലും സമതലങ്ങളിലും വീട്ടുപറമ്പുകളിലും ഇത് വളരുന്നുണ്ട്. 20 മീറ്റർ വരെ പൊക്കത്തിൽ വളർന്നു കാണാറുള്ള ഇതിന്റെ തൊലിക്ക് മഞ്ഞകലർന്ന ചാരനിറമാണ്. തൊലിപ്പുറത്ത് ത്രികോണാകൃതിയിൽ 4-5 സെന്റിമീറ്റർ ആധാരവിസ്താരമുള്ള വലിയ മുള്ളുകൾ ഉണ്ടായിരിക്കും. തടിക്ക് ഇളം മഞ്ഞനിറമാണ്. ശാഖാഗ്രങ്ങളിൽ കൂട്ടമായുണ്ടാകുന്ന പിച്ഛാകാര സംയുക്ത പത്രങ്ങൾ ഏകാന്തരക്രമത്തിൽ വിന്യസിച്ചിരിക്കുന്നു.

ഇലകൾക്ക് 30 സെന്‍റിമീറ്ററോളം നീളം കാണും. ഇതിൽ 13-23 സഹപത്രങ്ങൾ സമ്മുഖമായി ഉണ്ടാകും. സഹപത്രങ്ങൾക്ക് 7-12 സെന്റിമീറ്റർ നീളവും 4-5 സെന്റിമീറ്റർ വീതിയുമുണ്ടാകും. ഇലകൾക്ക് രൂക്ഷമായ ഗന്ധമുണ്ട്. ജൂൺ-ആഗസ്റ്റ് മാസങ്ങളിലാണ് പൂക്കുന്നത്. ശാഖാഗ്രങ്ങളിൽ കുലകളായിട്ടാണ് പൂക്കൾ കാണപ്പെടുന്നത്. പൂക്കൾക്ക് പച്ച കലർന്ന മഞ്ഞനിറം. 2-3 മില്ലിമീറ്റർ മാത്രം വലുപ്പമുള്ള പൂക്കൾക്ക് നാല് ബാഹ്യദളങ്ങളും നാല് ദളങ്ങളും അത്രതന്നെ കേസരങ്ങളും കാണാം. കായകൾക്ക് ചുവപ്പുകലർന്ന പച്ചനിറം. കുരുമുളകിന്റെ രുചിയാണ്.

കരിമുരിക്ക്, കാട്ടുമുരിക്ക്, കുയിലാംകൊട്ട, കുയിലിമരം, കൊത്തുമുരിക്ക്, തേജസിമരം, മുള്ളിലം എന്നീ പേരുകളും അറിയപ്പെടുന്ന ഈ വൃക്ഷത്തിന്റെ ശാസ്ത്രീയനാമം Zanthoxylum rhetsa എന്നാണ്. മഞ്ഞനിറമുള്ള തടിയുള്ളത് എന്നാണ് ജനുസ്സ് നാമമായ Zanthoxylum എന്ന പദത്തിന്റെ അർഥം. നാരക കുടുംബമായ Rutaceae യിൽ ഉൾപ്പെടുന്നു. Indian Prickly Ash എന്നാണു ഇംഗ്ലീഷ് പേര്. സംസ്കൃതത്തിൽ ആരൂകം, ലഘുവൽക്കല എന്നീ പേരുകളുണ്ട്. ഈ ജനുസ്സിൽപെട്ട മൂന്ന് സ്പീഷീസുകൾ കേരളത്തിൽ കാണപ്പെടുന്നുണ്ട്.

ഔഷധാവശ്യങ്ങൾക്കായി പണ്ടുകാലത്തുതന്നെ കുമിറ്റി മരം ഉപയോഗിക്കുന്നുണ്ട്. 1685ൽ പ്രസിദ്ധീകരിക്കപ്പെട്ട

‘ഹോർത്തൂസ് മലബാറിക്കൂസ്’ എന്ന ഗ്രന്ഥത്തിന്റെ അഞ്ചാം വാല്യത്തിൽ ഈ മരത്തിനെക്കുറിച്ച് മുള്ളി ഇല എന്ന പേരിൽ സചിത്ര വിവരണം നൽകുന്നുണ്ട്. ഇതിന്റെ ഉപയോഗത്തെക്കുറിച്ച് പ്രസ്തുത ഗ്രന്ഥത്തിൽ ഇപ്രകാരം പറയുന്നു.

‘‘ചെറുനാരങ്ങക്കും കുരുമുളകിനും പകരം ആഹാരത്തിലിട്ടു തിളപ്പിക്കുന്നു. അത് പഞ്ചസാരയിലോ തേനിലോ സൂക്ഷിച്ചുവെച്ച് കഴിച്ചാൽ ആമാശയത്തിന് ബലവും ആഹാരം പുളിപ്പിക്കലും കൃമികളെ നശിപ്പിക്കലും നടക്കുന്നു. ഉപ്പും വിനാഗിരിയും കടുകും ഇഞ്ചിയും ചേർത്ത് അച്ചാറുണ്ടാക്കാം.’’

 

കായ, തൊലി, വേരിന്മേൽത്തൊലി എന്നിവ ഔഷധയോഗ്യങ്ങളാണ്. ഗ്രഹണി, അതിസാരം, വയറിളക്കം എന്നിവയുടെ ചികിത്സയിൽ ഉപയോഗിക്കുന്നു.

കുടക് ജില്ലയിലെ ആളുകൾ കറികളിൽ മസാലയായി ഇതിന്റെ കായ്കൾ ഉപയോഗിക്കുന്നുണ്ട്.കുമിറ്റി മരത്തിന്റെ തടിയിലെ മുള്ളുകൾ അടർത്തിയെടുത്ത് ബ്ലേഡ്കൊണ്ടോ പേനാക്കത്തികൊണ്ടോ അതിൽ അക്ഷരങ്ങൾ കൊത്തിയെടുത്ത് സീൽ ഉണ്ടാക്കുന്നത് ചെറുപ്പകാലത്തെ ഒരു വിനോദമായിരുന്നു. ഇത് മഷിയിൽ മുക്കി പാഠപുസ്തകത്തിന്റെ ആദ്യ പേജുകളിൽ പതിപ്പിക്കാറുണ്ടായിരുന്നു.

കളിക്കോപ്പുകൾ ഉണ്ടാക്കുന്നതിനും തടി ഉപയോഗിക്കുന്നു. ‘പടുമരം’ എന്ന് പറഞ്ഞ് നാട്ടിൻപുറത്തുനിന്ന് അടുത്തകാലത്തായി വ്യാപകമായി മുറിച്ചുനീക്കപ്പെട്ട മരങ്ങളിലൊന്നാണിത്.ബുദ്ധമയൂരിക്ക് പുറമെ നാരകക്കാളി, ചുട്ടിക്കറുപ്പൻ, കൃഷ്ണശലഭം, ചുട്ടിമയൂരി എന്നീ കിളിവാലൻ ശലഭങ്ങളുടെ ലാർവാഭക്ഷണ സസ്യംകൂടിയാണ് കുമിറ്റി മരം. ഇതിന്റെ നാശം അതുകൊണ്ടുതന്നെ നമ്മുടെ സംസ്ഥാന ചിത്രശലഭമായ ബുദ്ധമയൂരി ഉൾപ്പെടെയുള്ള ചില ശലഭങ്ങളുടെ വംശനാശത്തിലേക്ക് വഴിവെച്ചേക്കാം. ഇതു തടയുന്നതിനായി കുമിറ്റി മരം വ്യാപകമായി നട്ടുപിടിപ്പിക്കേണ്ടതുണ്ട്. ഇന്ത്യയിലെ വലിയ നിശാശലഭമായ നാഗശലഭത്തിന്റെ (Sri Lankan Atlas Moth) ലാർവകൾ ഈ വൃക്ഷത്തിന്റെ ഇലകളും ആഹരിക്കാറുണ്ട്.

News Summary - Kumitti Tree Lifeline of State Butterfly