പുല്ലാനി

പ്രധാനപ്പെട്ട രണ്ടു പൂക്കാലങ്ങളുടെ നാടാണ് കേരളം. ആദ്യത്തെ പൂക്കാലം ചെറു സസ്യങ്ങൾ പൂക്കുന്ന ഓണക്കാലമാണ്. രണ്ടാമത്തെ പൂക്കാലമാകട്ടെ വന്മരങ്ങളും വലിയ വള്ളിച്ചെടികളും പൂക്കുന്ന വേനൽക്കാലവും. അത്യുത്തര കേരളത്തിൽ ഇത് പൂരക്കാലമാണ്; പൂക്കളൂടെ പൂരം! മീനമാസത്തിലെ പൂരം നാളിൽ അവസാനിക്കുന്ന ഒമ്പതു ദിനങ്ങൾ കാമദേവ പൂജയുമായി ബന്ധപ്പെട്ട പൂരവുമാണ്. കാമദേവ പൂജയിൽ ഉപയോഗിക്കുന്ന പൂക്കളിൽ പ്രധാനമാണ് പുല്ലാനിപ്പൂവ്. കാവുകളിലും കുന്നുകളിലും ഈ സമയത്ത് പുല്ലാനിപ്പൂക്കൾ സമൃദ്ധമായി പൂത്തിരിക്കുന്നുണ്ടാകും. ഇന്തോ-മലേഷ്യൻ മേഖലകളിൽ വളരുന്ന കടുപ്പമുള്ള ആരോഹി സസ്യമാണ് പുല്ലാനി. കേരളത്തിലെ ആർദ്ര ഇലപൊഴിയും...
Your Subscription Supports Independent Journalism
View Plansപ്രധാനപ്പെട്ട രണ്ടു പൂക്കാലങ്ങളുടെ നാടാണ് കേരളം. ആദ്യത്തെ പൂക്കാലം ചെറു സസ്യങ്ങൾ പൂക്കുന്ന ഓണക്കാലമാണ്. രണ്ടാമത്തെ പൂക്കാലമാകട്ടെ വന്മരങ്ങളും വലിയ വള്ളിച്ചെടികളും പൂക്കുന്ന വേനൽക്കാലവും. അത്യുത്തര കേരളത്തിൽ ഇത് പൂരക്കാലമാണ്; പൂക്കളൂടെ പൂരം! മീനമാസത്തിലെ പൂരം നാളിൽ അവസാനിക്കുന്ന ഒമ്പതു ദിനങ്ങൾ കാമദേവ പൂജയുമായി ബന്ധപ്പെട്ട പൂരവുമാണ്. കാമദേവ പൂജയിൽ ഉപയോഗിക്കുന്ന പൂക്കളിൽ പ്രധാനമാണ് പുല്ലാനിപ്പൂവ്. കാവുകളിലും കുന്നുകളിലും ഈ സമയത്ത് പുല്ലാനിപ്പൂക്കൾ സമൃദ്ധമായി പൂത്തിരിക്കുന്നുണ്ടാകും.
ഇന്തോ-മലേഷ്യൻ മേഖലകളിൽ വളരുന്ന കടുപ്പമുള്ള ആരോഹി സസ്യമാണ് പുല്ലാനി. കേരളത്തിലെ ആർദ്ര ഇലപൊഴിയും വനങ്ങളിലും കുന്നിൻപ്രദേശങ്ങളിലും സമതലങ്ങളിലും കാവുകളിലും കാണപ്പെടുന്നു.
കാണ്ഡത്തിൽ ജലം സംഭരിച്ചുവെക്കാനുള്ള ശേഷിയുണ്ട്. പണ്ടുകാലത്തെ വനയാത്രികർ ഇതിന്റെ തണ്ട് മുറിച്ച് ഊറിവരുന്ന ജലം കുടിച്ച് ദാഹമകറ്റിയിരുന്നുവത്രെ. ഉത്തര കേരളത്തിൽ കെട്ടിയാടുന്ന തെക്കൻ കരിയാത്തൻ തെയ്യത്തിന്റെ തോറ്റം പാട്ടിൽ, ദാഹിച്ചുവലഞ്ഞ ചേകവന്മാർ പുല്ലാനി വെട്ടി നീർ കുടിക്കുന്നതായി പറയുന്നുണ്ട്.
“നരന്ത വെട്ടി നീർ കുടിപ്പവരെല്ലാമന്ന്
നരന്ത വെട്ടി നീർ കുടിക്കുന്നു
പുല്ലാഞ്ഞി വെട്ടി കുടിപ്പവരെല്ലാം
അന്ന് പുല്ലാഞ്ഞി വെട്ടി നീർ കുടിക്കുന്നു”
(ഉത്തര കേരളത്തിലെ തോറ്റം പാട്ടുകൾ: എം.വി. വിഷ്ണു നമ്പൂതിരി)
പുല്ലാനിയുടെ തണ്ടിൽ പാനയോഗ്യമായ ജലം ശേഖരിച്ചു വെച്ചിട്ടുണ്ട് എന്ന അറിവും അനുഭവവുമാണ് ഈ വരികൾ സൂചിപ്പിക്കുന്നത്. പത്തു മീറ്ററിലധികം ഉയരത്തിൽ പടർന്നു വളരുന്ന പുല്ലാനിയുടെ കാണ്ഡത്തിനു തുരുമ്പിച്ച നിറമാണ്. 4-7 സെന്റിമീറ്റർ നീളവും 2-3 സെന്റിമീറ്റർ വീതിയുമുള്ള ഇലകൾ അയതാകൃതിയിലോ ദീർഘവൃത്താകൃതിയിലോ ആണ്. ഇവ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. തുരുമ്പു നിറമുള്ള തളിരിലകൾ രോമിലങ്ങളും വെൽവെറ്റ് പോലെ മൃദുലങ്ങളുമാണ്.
ശാഖാഗ്രങ്ങളിലാണ് പൂങ്കുലകൾ കാണപ്പെടുന്നത്. ഫെബ്രുവരി-ഏപ്രിൽ മാസങ്ങളിലാണ് പൂക്കാലം. പൂക്കൾക്ക് പച്ച കലർന്ന വെള്ള നിറമോ പച്ച കലർന്ന മഞ്ഞ നിറമോ ആണ്. ബാഹ്യ ദളങ്ങൾ അഞ്ചെണ്ണമുണ്ടാകും. പൂക്കൾക്ക് ദളങ്ങളില്ല എന്നത് ഈ പൂവിന്റെ പ്രത്യേകതയാണ്. രണ്ടു നിരകളിലായി 10 ചെറിയ കേസരങ്ങൾ. ചിറകുപോലുള്ള, ഉണങ്ങിയ വിദളങ്ങളോടുകൂടിയ ഫലത്തിന് 8 മി. മീറ്റർ മാത്രമേ വലുപ്പമുള്ളൂ.

ഫലങ്ങൾ പമ്പരംപോലെ കറങ്ങിക്കറങ്ങി താഴേക്ക് പതിക്കുന്നത് മനോഹരമായ കാഴ്ചയാണ്. പൂക്കൾ ജടപോലെയുള്ളതിനാൽ ജടപ്പൂ എന്നും കട്ടക്കട്ടയായി കാണപ്പെടുന്നതിനാൽ കട്ടപ്പൂ എന്നും നരച്ച നിറമുള്ളതിനാൽ നരയൻപൂ എന്നും അറിയപ്പെടുന്നു. പുല്ലാഞ്ഞി, വരവള്ളി തുടങ്ങിയ പേരുകളിലും അറിയപ്പെടുന്ന ഈ സസ്യത്തിന്റെ ശാസ്ത്രീയനാമം Getonia florifunda എന്നാണ്. അയൽപക്കം, അടുത്തത് എന്നി അർഥമുള്ള Geton എന്ന ഗ്രീക്ക് പദത്തിന്റെ ലാറ്റിൻ രൂപമാണ് ജനുസ്സ് നാമമായി നൽകിയിരിക്കുന്നത്. കെട്ടുകെട്ടായുള്ള ധാരാളം പൂക്കളുള്ളത് എന്നാണ് സ്പീഷീസ് നാമത്തിനർഥം. കടലാസുകൊണ്ടോ നേർത്ത തെർമോക്കോൾ പാളികൾകൊണ്ടോ നിർമിക്കപ്പെട്ടതുപോലെ ദളപുടങ്ങൾ കാണപ്പെടുന്നതിനാൽ ഇംഗ്ലീഷിൽ Paper flower climber എന്നറിയപ്പെടുന്നു.
ഉക്ഷാ, നളിതാ, ശ്വേതധാതകീ, സുഷവീ എന്നിവയാണ് സംസ്കൃതത്തിലുള്ള പേരുകൾ.
മരുതും താന്നിയും ഉൾപ്പെടുന്ന കോംബ്രിട്ടേസിയെ (Combretaceae) സസ്യകുടുംബത്തിൽ ഉൾപ്പെടുന്നു. ഉത്തരമലബാറിലെ പൂരാഘോഷവുമായി ബന്ധപ്പെട്ട് കാമദേവന് അർപ്പിക്കുന്ന പൂക്കളിൽ പ്രധാനമാണിത്. ഇലകൾ ഔഷധയോഗ്യമാണ്. കഫരോഗങ്ങൾ, രക്തപിത്തം, ഹൃദ്രോഗം, വിസർപ്പം, വ്രണം തുടങ്ങിയ രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്നു.
നാട്ടുവൈദ്യത്തിൽ ഔഷധമായി ഉപയോഗിച്ചുവരുന്നു. കഫരോഗങ്ങൾ, രക്തപിത്തം, വിസർപ്പം എന്നീ രോഗങ്ങൾക്ക് പുല്ലാനിയിലയുടെ നീർ മരുന്നായി ഉപയോഗിക്കുന്നു. ഇലകളിലുള്ള കോപ്റ്റെറിൻ എന്ന ഘടകം കൃമിനാശകശേഷിയുള്ളതാണ്.
പുല്ലാനിപ്പടർപ്പുകളിൽ മൂർഖൻ ഉൾപ്പെടെയുള്ള പാമ്പുകൾ ഒളിച്ചിരിക്കാറുണ്ടെന്ന് വിശ്വാസമുണ്ട്. പുല്ലാനിവള്ളിയുടെ നിറമുള്ള മൂർഖൻ പാമ്പിനെ പുല്ലാനി മൂർഖൻ എന്ന് പറയാറുണ്ട്.
പരമ്പരാഗതമായി കുട്ടനിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന കാസർകോട് ജില്ലയിലെ ചില ആദിവാസി വിഭാഗങ്ങൾ പുല്ലാനിവള്ളി വെട്ടിയെടുത്ത് കുട്ടകൾ നിർമിക്കാറുണ്ട്. കാസർകോട് നഗരത്തിൽ ഇത്തരം പുല്ലാനിക്കൊട്ടകൾ വിൽപനക്ക് വെച്ചിരിക്കുന്നത് കാണാം. Artena dotata, Artena submira എന്നീ നിശാശലഭങ്ങളുടെ ലാർവാ ഭക്ഷണ സസ്യമാണ് പുല്ലാനി.
പെരിന്തൽമണ്ണക്കടുത്തുള്ള പുല്ലാനിക്കാട്, വർക്കലക്കടുത്തുള്ള പുല്ലാനിക്കോട്, വടക്കാഞ്ചേരിക്കടുത്തുള്ള പുല്ലാനിക്കാട്, താമരശ്ശേരിക്കടുത്തുള്ള പുല്ലാഞ്ഞിമേട്, കണ്ണൂർ ജില്ലയിലെ മുഴക്കുന്ന് പഞ്ചായത്തിലെ പുല്ലാഞ്ഞിയോട്, കുറമാത്തൂരിനടുത്തുള്ള പുല്ലാഞ്ഞിയോട് തുടങ്ങിയ സ്ഥലങ്ങൾ ഈ സസ്യവുമായി ബന്ധപ്പെട്ടവയാണ്.
