Begin typing your search above and press return to search.
proflie-avatar
Login

കരിങ്കൂവളം

കരിങ്കൂവളം
cancel

കാമറക്കണ്ണുകൾക്ക് പ്രിയങ്കരങ്ങളായ വയൽപ്പൂക്കളിൽ ഒന്നാണ് കരിങ്കൂവളം. കരിങ്കൂവളംപോലുള്ള മിഴികൾ എന്ന് സുന്ദരമായ കണ്ണുകളെ വിശേഷിപ്പിക്കാറുണ്ട്. ‘‘പാരിജാതം തിരുമിഴി തുറന്നു’’ എന്നു തുടങ്ങുന്ന ഗാനത്തിലെ ‘‘നീലോൽപലമിഴി നീലോൽപലമിഴി’’ എന്ന വരിയും ഈ പൂവിനെ സൂചിപ്പിക്കുന്നതുതന്നെ. കാമദേവന്റെ പഞ്ചബാണങ്ങളിലൊന്നാണല്ലോ നീലോൽപലം. ഇന്ദി(ലക്ഷ്മീദേവി)ക്ക് വര(പ്രിയ)മായതിനാൽ ഇന്ദീവരമെന്നും അറിയപ്പെടുന്നു. കരിങ്കൂവളത്തിന്റെ കൂട്ടത്തെ ‘ഇന്ദീവരിണി’ എന്ന് പറയാറുണ്ട്. ‘‘ബാലേ തവ മുഖാംഭോജേ കഥമിന്ദീവരദ്വയം’’ എന്ന് കാളിദാസൻ പരാമർശിക്കുന്നുണ്ട്. നീലാംബുജമെന്നും ഈ സസ്യം അറിയപ്പെടുന്നു. പേരിൽ...

Your Subscription Supports Independent Journalism

View Plans

കാമറക്കണ്ണുകൾക്ക് പ്രിയങ്കരങ്ങളായ വയൽപ്പൂക്കളിൽ ഒന്നാണ് കരിങ്കൂവളം. കരിങ്കൂവളംപോലുള്ള മിഴികൾ എന്ന് സുന്ദരമായ കണ്ണുകളെ വിശേഷിപ്പിക്കാറുണ്ട്. ‘‘പാരിജാതം തിരുമിഴി തുറന്നു’’ എന്നു തുടങ്ങുന്ന ഗാനത്തിലെ ‘‘നീലോൽപലമിഴി നീലോൽപലമിഴി’’ എന്ന വരിയും ഈ പൂവിനെ സൂചിപ്പിക്കുന്നതുതന്നെ. കാമദേവന്റെ പഞ്ചബാണങ്ങളിലൊന്നാണല്ലോ നീലോൽപലം. ഇന്ദി(ലക്ഷ്മീദേവി)ക്ക് വര(പ്രിയ)മായതിനാൽ ഇന്ദീവരമെന്നും അറിയപ്പെടുന്നു. കരിങ്കൂവളത്തിന്റെ കൂട്ടത്തെ ‘ഇന്ദീവരിണി’ എന്ന് പറയാറുണ്ട്. ‘‘ബാലേ തവ മുഖാംഭോജേ കഥമിന്ദീവരദ്വയം’’ എന്ന് കാളിദാസൻ പരാമർശിക്കുന്നുണ്ട്. നീലാംബുജമെന്നും ഈ സസ്യം അറിയപ്പെടുന്നു.

പേരിൽ കൂവളമുണ്ടെങ്കിലും കൂവളവുമായി കുടുംബ ബന്ധമൊന്നും ഇതിനില്ല. പോണ്ടിഡെറിയേസീ (Pontederiaceae) കുടുംബത്തിലാണ് ഈ ജലസസ്യം ഉൾപ്പെടുന്നത്.

പോണ്ടിഡെറിയ വജൈനാലിസ് (Pontederia vaginalis) എന്നാണ് ശാസ്ത്രീയനാമം. പതിനെട്ടാം നൂറ്റാണ്ടിൽ ഇറ്റലിയിലെ പാദുവയിലെ സസ്യശാസ്ത്ര പ്രഫസർ ആയിരുന്ന ജൂലിയോ പോണ്ടിഡെര (Giulio Pontedera)യോടുള്ള ആദരസൂചകമാണ് ജനുസ്സ് നാമം. വജൈനാലിസ് എന്ന പദത്തിന് പോളയുള്ളത് (with a sheath) എന്നാണർഥം.

പഴയശാസ്ത്രീയനാമം മോണോക്കൊറിയ വജൈനാലിസ് (Monochoria vaginalis) എന്നായിരുന്നു. Monos (ഏകം), chori (വേറിട്ടുനിൽക്കുന്ന) എന്നീ ഗ്രീക് പദങ്ങളിൽനിന്നാണ് ജനുസ്സ് നാമം നൽകിയിരിക്കുന്നത്. ഈ സസ്യം ഏഷ്യ-പസഫിക് ദ്വീപുകളിൽ ഉത്ഭവിച്ചതായി കരുതപ്പെടുന്നു. മിക്ക ഉഷ്ണമേഖലാ രാജ്യങ്ങളിലും കാണപ്പെടുന്നു. ചളിക്കുളങ്ങളിലും ചതുപ്പുകളിലും വയലുകളിലും ചെറു തോടുകളിലും ഇവ വളരുന്നുണ്ട്. അശാഖിയായ ഏകവർഷി സസ്യമാണിത്. ചളിയിലുള്ള ചെറു പ്രകന്ദങ്ങളിൽനിന്ന് തണ്ടുരൂപത്തിലുള്ള ഉരുണ്ടതും മൃദുവും ധാരാളം വായു അറകളുള്ളതുമായ പോളകൾ രൂപപ്പെടുന്നു.

പോളകളുടെ പകുതി കഴിഞ്ഞുള്ള ഭാഗം വിരിഞ്ഞ് ഹൃദയാകാരത്തിലുള്ള ഇലകളായി മാറുന്നു. പൊള്ളയായ ഇലത്തണ്ടുകളെ ഭേദിച്ചാണ് പൂങ്കുലകൾ പ്രത്യക്ഷപ്പെടുന്നത്. ഒരു പൂങ്കുലത്തണ്ടിൽ 3 മുതൽ 25 വരെ പൂക്കൾ ഉണ്ടാകാറുണ്ട്. ആറു ദളങ്ങളുള്ള പൂക്കൾക്ക് മനോഹരമായ വയലറ്റോ നീലയോ നിറമാണ്. ആറ് കേസരങ്ങളിൽ ഒന്ന് വലുപ്പം കൂടിയതായിരിക്കും. ഒരു സെന്റി മീറ്ററോളം നീളമുള്ള കാപ്സ്യൂൾ ആകൃതിയിലുള്ള ഫലത്തിനുള്ളിൽ അനേകം വളരെ ചെറിയ ചിറകളോടുകൂടിയ വിത്തുകൾ കാണാം. Lesser Water Hyacinth, Oval-leaved Pondweed, Pickerel weed എന്നിവയാണ് ഇംഗ്ലീഷ് നാമങ്ങൾ.

 ഔഷധമായും ഇലക്കറിയായും ഉപയോഗിച്ചുവരുന്നു. 1692 പ്രസിദ്ധീകരിച്ച ഹോർത്തൂസ് മലബാറിക്കൂസിന്റെ പതിനൊന്നാം വാല്യത്തിൽ ഈ സസ്യത്തെ പരാമർശിക്കുന്നത് ‘കരിം ഗൊള’ എന്ന പേരിലാണ്. ഇതിന്റെ ഔഷധ ഉപയോഗത്തെക്കുറിച്ച് അതിൽ ഇപ്രകാരം പറയുന്നു: “ഈ ചെടി സമൂലം പൊടിച്ച് പാലു ചേർത്ത് ഉപയോഗിക്കുന്നത് ‘കോളറ പനിക്ക്’ എതിരെ ഫലപ്രദമാണ്. ഈ ചെടിയുടെ കഷായമോ എണ്ണയോ തലയിൽ പുരട്ടുന്നത് കണ്ണിനുണ്ടാകുന്ന അണുബാധകൾക്കെതിരെ ഫലപ്രദമാണ്.

ഇതിന്റെ വേര് പഞ്ചസാര ചേർത്ത് കഴിക്കുന്നത് കരളിൽ ഉണ്ടാകുന്ന അസുഖങ്ങൾക്കും വായുകോപം അകറ്റുന്നതിനും ഫലപ്രദമാണ്. വെണ്ണ ചേർത്ത് പൊടിച്ച് എണ്ണയിൽ കഴിക്കുന്നത് കണ്ണിൽ ഉണ്ടാകുന്ന അണുബാധക്കും രക്തവർണം ആകലിനും എതിരെ വളരെ നല്ലതാണ്. വേരിന്റെ തൊലി പൊടിച്ച് പഞ്ചസാര ചേർത്ത് ഉപയോഗിക്കുന്നത് ആസ്തമക്ക് എതിരെ ഫലപ്രദമാണ്. ഇതുതന്നെ ചവച്ചരച്ച് കുറച്ചുനേരം കവിളിൽ കൊള്ളുന്നത് പല്ലുവേദന അകറ്റും. നമ്മുടെ വയലുകളും ചതുപ്പുകളും തോടുകളും നാശത്തിലേക്ക് നീങ്ങുമ്പോൾ ഇത്തരം സസ്യങ്ങളും നാടുനീങ്ങുകയാണ്.

News Summary - Karinkoovalam Medicinal Marvel of Kerala's Wetlands