ചേരിക്കൊട്ട

ഇടനാടൻ ചെങ്കൽക്കുന്നുകൾ ജൈവവൈവിധ്യത്തിന്റെ കലവറകളാണ്. പശ്ചിമഘട്ടത്തിലെ സ്ഥാനികങ്ങളായ ഒട്ടേറെ സസ്യങ്ങളെ നമുക്ക് ഈ മേഖലകളിൽ കാണാം. കുന്നുകളിലെ സഞ്ചാരത്തിനിടയിൽ കണ്ടുമുട്ടുന്ന സസ്യങ്ങളിൽ ഒന്നാണ് ചേരിക്കൊട്ട. നെയ്പുല്ല് (പുരപ്പുല്ല് -പുരമേയാനായി ഉപയോഗിക്കുന്ന പുല്ല്) വളർന്നുനിൽക്കുന്ന ചെങ്കൽപ്പരപ്പുകളിൽ അപൂർവമായി കാണപ്പെടുന്ന ഇതിന്റെ പഴം തേടി അലഞ്ഞത് ചിലർക്കെങ്കിലും മധുരമായ ഓർമകളായിരിക്കും. മദ്റസക്കാലത്ത് പള്ളിപ്പറമ്പിൽനിന്ന് ചേരിക്കൊട്ടക്കായ പറിച്ചുതിന്നിരുന്ന സുഹൃത്ത് സുൽഫത്ത് പറയുന്നത് ‘മരിച്ചോരുടെ നെയ്യ് ചകിരിക്കൊട്ട തൊടില്ലത്രേ’ എന്നാണ്. ഏഷ്യയിലെ ഉഷ്ണമേഖലാ...
Your Subscription Supports Independent Journalism
View Plansഇടനാടൻ ചെങ്കൽക്കുന്നുകൾ ജൈവവൈവിധ്യത്തിന്റെ കലവറകളാണ്. പശ്ചിമഘട്ടത്തിലെ സ്ഥാനികങ്ങളായ ഒട്ടേറെ സസ്യങ്ങളെ നമുക്ക് ഈ മേഖലകളിൽ കാണാം. കുന്നുകളിലെ സഞ്ചാരത്തിനിടയിൽ കണ്ടുമുട്ടുന്ന സസ്യങ്ങളിൽ ഒന്നാണ് ചേരിക്കൊട്ട. നെയ്പുല്ല് (പുരപ്പുല്ല് -പുരമേയാനായി ഉപയോഗിക്കുന്ന പുല്ല്) വളർന്നുനിൽക്കുന്ന ചെങ്കൽപ്പരപ്പുകളിൽ അപൂർവമായി കാണപ്പെടുന്ന ഇതിന്റെ പഴം തേടി അലഞ്ഞത് ചിലർക്കെങ്കിലും മധുരമായ ഓർമകളായിരിക്കും. മദ്റസക്കാലത്ത് പള്ളിപ്പറമ്പിൽനിന്ന് ചേരിക്കൊട്ടക്കായ പറിച്ചുതിന്നിരുന്ന സുഹൃത്ത് സുൽഫത്ത് പറയുന്നത് ‘മരിച്ചോരുടെ നെയ്യ് ചകിരിക്കൊട്ട തൊടില്ലത്രേ’ എന്നാണ്.
ഏഷ്യയിലെ ഉഷ്ണമേഖലാ രാജ്യങ്ങളിൽ കാണപ്പെടുന്ന ചെറു വൃക്ഷമാണ് ചേരിക്കൊട്ട. കേരളത്തിലെ അർധ നിത്യഹരിതവനങ്ങളിലും പൊന്തക്കാടുകളിലും ചെങ്കൽക്കുന്നുകളിലും വളരുന്നു. ഇരുണ്ട തൊലിയുള്ള ശാഖകളിൽ ദീർഘവൃത്താകാരത്തിലുള്ള, അഗ്രഭാഗം കൂർത്ത ഇലകൾ ഏകാന്തര ക്രമത്തിൽ വിന്യസിച്ചിരിക്കുന്നു. ഇലയിൽ ഞരമ്പുകൾ തെളിഞ്ഞുകാണാം. പൂക്കൾക്ക് ഇളം മഞ്ഞ നിറം. കായ്കൾ പച്ച നിറമുള്ളതും ഗോളാകൃതിയുള്ളതുമാണ്. പഴുത്തകായകൾക്ക് തിളക്കമുള്ള കറുപ്പ് നിറമാണ്. മധുരമുള്ള പഴം ഭക്ഷിക്കാറുണ്ട്.

കൊട്ടക്ക, ചേരിക്ക, ചകിരിപ്പഴം എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ വൃക്ഷത്തിന്റെ ശാസ്ത്രീയനാമം Microcos paniculata എന്നാണ്.
Grewia nervosa എന്നായിരുന്നു പഴയ പേര്. ചെമ്പരത്തിയും വെണ്ടയും പൂവരശും ഉൾപ്പെടുന്ന മാൽവേസിയേ (Malvaceae)കുടുംബത്തിൽ ഉൾപ്പെടുന്ന സസ്യമാണിത്.
ഇംഗ്ലീഷ് ഭിഷഗ്വരനും ഗ്രന്ഥകർത്താവുമായിരുന്ന നെഹെമിയ ഗ്രൂ (Nehemiah Grew - 1641-1712)വിനോടുള്ള ആദരസൂചകമായിട്ടാണ് ഈ സസ്യജനുസ്സ് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. സ്പഷ്ടമായി കാണപ്പെടുന്ന ഞരമ്പുകളുള്ളത് എന്നാണ് സ്പീഷീസ് നാമം സൂചിപ്പിക്കുന്നത്.

1678ൽ പ്രസിദ്ധീകൃതമായ ഹോർത്തുസ് മലബാറിക്കൂസ് എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ ഒന്നാം വാല്യത്തിൽ ചേരിക്കൊട്ടയുടെ ഉപയോഗത്തെക്കുറിച്ച് ഇപ്രകാരം പറയുന്നുണ്ട്: “ചതച്ചെടുക്കുന്ന ചാറ് പഞ്ചസാര ചേർത്ത് കഴിച്ചാൽ കൈകാലുകളിലെ പേശിവേദന ശമിക്കും, കഷായംകൊണ്ട് വായ് കഴുകിയാൽ സിരാതന്തുക്കൾ വീങ്ങുന്ന അസുഖത്തിനു പ്രതിവിധിയാവും. പൂക്കളുടെ ചാറും പഞ്ചസാരയും ചേർത്ത് കഴിക്കുന്നത് കരളിനും വയറിളക്കത്തിനും, ദ്രാവകം വായ്പുണ്ണിനും വിനാഗിരി ചേർത്ത് കവിൾകൊള്ളുന്നത് തൊണ്ടവീക്കത്തിനും നന്ന്. സത്ത് പഞ്ചസാര ചേർത്ത് കഴിക്കുന്നത് ജലദോഷപ്പനിക്കും നല്ലത്.’’
മുൻകാലങ്ങളിൽ മുളകൊണ്ടുള്ള തോക്കിൽ (കൊട്ടക്കത്തോക്ക്) ഇതിന്റെ കായ്കൾ വെടിയുണ്ടകളായി നിറച്ച് ‘വെടി’യുതിർക്കാറുണ്ട്. പന്ത്രണ്ട് വർഷം മുമ്പ് എന്റെ നാട്ടിലെ ഒരു കുന്നിലേക്കുള്ള യാത്രയിലാണ് കുറച്ചു കുട്ടികൾ കൊട്ടക്കത്തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുന്നത് കണ്ടത്. കണ്ണൂരിലെ ചില ദേശങ്ങളിൽ ഈ തോക്കിനു വെടിപ്പൊട്ട എന്ന് പേരുണ്ട്. മലപ്പുറത്ത് അറിയപ്പെടുന്നത് പാവുട്ടത്തോക്ക് എന്നാണ്.
ചെണ്ടക്കോലുണ്ടാക്കുന്നതിനും ഇതിന്റെ ശാഖകൾ ഉപയോഗിക്കുന്നു. കൊട്ടക്ക പ്രാണികൾ (Cotton Bugs) ഇതിന്റെ പരിസരത്ത് ധാരാളമായി ഇണചേർന്നു നിൽക്കുന്ന അവസ്ഥയിൽ കാണപ്പെടാറുണ്ട്. മാക്കൂക്കണ്ടൻ എന്നും ഈ പ്രാണികൾ അറിയപ്പെടുന്നുണ്ട്. വർണപ്പരപ്പൻ (Tricolour Pied Flat), വരയൻ പരപ്പൻ (Chestnut Angle), പൊന്തച്ചുറ്റൻ (Common Sailor) എന്നീ ചിത്രശലഭങ്ങളുടെ ലാർവാ ഭക്ഷണസസ്യമാണ്. കുന്നുകൾ നാടുനീങ്ങുന്ന കൂട്ടത്തിൽ ചേരിക്കൊട്ട മരങ്ങളും നാടുനീങ്ങിക്കൊണ്ടിരിക്കുന്നു.
