ഇത്തി

ആയുർവേദത്തിലെ പ്രധാനപ്പെട്ട ഔഷധഗണങ്ങളിൽ ഒന്നായ നാൽപാമരത്തിലെ (നാല് പാൽമരങ്ങൾ) ഒരു ഇടത്തരം വൃക്ഷമാണ് ഇത്തി. നാൽപാമരത്തിലെ മറ്റ് വൃക്ഷങ്ങളായ അത്തി, അരയാൽ, പേരാൽ എന്നിവ പോലെ കേരളീയർക്ക് അത്ര സുപരിചിതമായ വൃക്ഷമല്ല ഇത്. ഇന്തോ-മലേഷ്യ മുതൽ പസഫിക് ദ്വീപുകൾവരെയുള്ള മേഖലകളിലും ദക്ഷിണ ചൈനയിലും കാണപ്പെടുന്നു. പശ്ചിമഘട്ടത്തിലെ നിത്യഹരിതവനങ്ങളിലും അർധനിത്യഹരിതവനങ്ങളിലും സമതലങ്ങളിലും വളരുന്നു.പലപ്പോഴും മറ്റു മരങ്ങളിൽ പറ്റിപ്പിടിച്ചു വളരാൻ തുടങ്ങുന്ന ഈ മരം പിന്നീട് സ്വതന്ത്രവൃക്ഷമായി വളരുന്നു. പതിനെട്ടു മീറ്റർ വരെ ഉയരത്തിൽ വളരാറുണ്ട്. തടിക്ക് ചാരനിറമോ, ചാരനിറം കലർന്ന തവിട്ടു നിറമോ ആണ്....
Your Subscription Supports Independent Journalism
View Plansആയുർവേദത്തിലെ പ്രധാനപ്പെട്ട ഔഷധഗണങ്ങളിൽ ഒന്നായ നാൽപാമരത്തിലെ (നാല് പാൽമരങ്ങൾ) ഒരു ഇടത്തരം വൃക്ഷമാണ് ഇത്തി. നാൽപാമരത്തിലെ മറ്റ് വൃക്ഷങ്ങളായ അത്തി, അരയാൽ, പേരാൽ എന്നിവ പോലെ കേരളീയർക്ക് അത്ര സുപരിചിതമായ വൃക്ഷമല്ല ഇത്. ഇന്തോ-മലേഷ്യ മുതൽ പസഫിക് ദ്വീപുകൾവരെയുള്ള മേഖലകളിലും ദക്ഷിണ ചൈനയിലും കാണപ്പെടുന്നു. പശ്ചിമഘട്ടത്തിലെ നിത്യഹരിതവനങ്ങളിലും അർധനിത്യഹരിതവനങ്ങളിലും സമതലങ്ങളിലും വളരുന്നു.
പലപ്പോഴും മറ്റു മരങ്ങളിൽ പറ്റിപ്പിടിച്ചു വളരാൻ തുടങ്ങുന്ന ഈ മരം പിന്നീട് സ്വതന്ത്രവൃക്ഷമായി വളരുന്നു. പതിനെട്ടു മീറ്റർ വരെ ഉയരത്തിൽ വളരാറുണ്ട്. തടിക്ക് ചാരനിറമോ, ചാരനിറം കലർന്ന തവിട്ടു നിറമോ ആണ്. തടിയിൽനിന്നും ധാരാളം വായവവേരുകൾ (aerial roots)തൂങ്ങിനിൽക്കുന്നുണ്ടാകും. തിളക്കമുള്ള, തടിച്ച ഇലകൾക്ക് 4-12 സെ.മീറ്റർ നീളവും 2-5 സെ. മീറ്റർ വീതിയും കാണും. ഇലകളുടെ അഗ്രഭാഗം കൂർത്തതാണ്. ഏകാന്തരക്രമത്തിലാണ് ഇലകളുടെ വിന്യാസം. ഇലകൾ തണ്ടിനോട് ചേരുന്നിടത്ത് 10-15 മി. മീറ്റർ വലുപ്പമുള്ള അനുപർണങ്ങൾ (stipules) ഉണ്ട്.
പൂങ്കുല ഒരു ചെറിയ കുടത്തിന്റെ ആകൃതിയുള്ള ഹൈപ്പാന്തോഡിയം (Hypanthodium) ആണ്. ഇതിനകത്താണ് പൂക്കളുള്ളത്. ആൺ പൂക്കൾക്ക് ഒരു കേസരം മാത്രമേ ഉള്ളൂ. പെൺപൂക്കൾക്ക് മൂന്നു വിദളങ്ങൾ ഉണ്ട്. ഇവക്കു പുറമെ ഗാൾ പൂക്കളും ഉണ്ടാകും. ഇവയിൽ പരാഗണം നടത്തുന്നത് പ്രത്യേക ഇനം ആൽക്കടന്നലുകൾ (Fig wasps) ആണ്. വിളഞ്ഞ കായ്കൾക്ക് (Syconium) മഞ്ഞനിറമാണ്.
ഇത്തിയാൽ, ചിറ്റരയാൽ എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ വൃക്ഷത്തിന്റെ ശാസ്ത്രീയനാമം Ficus microcarpa എന്നാണ്. ആൽ വർഗ സസ്യങ്ങൾക്കുള്ള പൊതുവായ പേരാണ് ജനുസ്സ് നാമമായി നൽകിയിരിക്കുന്നത്. വളരെ ചെറിയ ഫലമുള്ളത് എന്നാണ് സ്പീഷീസ് നാമത്തിനർഥം. Moraceae എന്ന സസ്യകുടുംബത്തിൽ ഉൾപ്പെടുന്നു. ഇംഗ്ലീഷിൽ Chinese Banyan, Indian Laurel എന്നീ പേരുകളുണ്ട്. അശ്വഥഭേദം; ഉദുംബരം; ഗജപാദപഃ; ക്ഷീരതരു, നന്ദീവൃക്ഷം; സഥാലീവൃക്ഷം എന്നിവയാണ് സംസ്കൃതനാമങ്ങൾ.

തൊലി, വേര്, പൂമൊട്ട്, കായ എന്നിവ ഔഷധയോഗ്യങ്ങളാണ്. അതി പുരാതനകാലം മുതൽക്കുതന്നെ ഇത്തിയുടെ ഔഷധഗുണങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നു. 1678ൽ പ്രസിദ്ധീകരിക്കപ്പെട്ട ‘ഹോർത്തൂസ് മലബാറിക്കൂസ്’ എന്ന ഗ്രന്ഥത്തിന്റെ ഒന്നാം വോള്യത്തിലും 1682 ൽ പുറത്തുവന്ന മൂന്നാം വോള്യത്തിലും ഈ സസ്യത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. “മരത്തൊലി ഇടിച്ചുപിഴിഞ്ഞ് ശീലയിൽ അരിച്ചെടുത്ത് നൽകിയാൽ ഉന്മാദം മാറിക്കിട്ടും. ഇലയുടെ കഷായം എണ്ണയിൽ ചേർത്ത് പുരട്ടിയാൽ വ്രണങ്ങൾ മാറും... തൊലിയും വേരും ഇലയും എണ്ണ കാച്ചി മുറിവിനു മരുന്നുണ്ടാക്കാം. തൊലി മോരിൽ അരച്ച് കുടിച്ചാൽ മോണവീക്കം മാറും. പല്ല് ഉറപ്പിക്കും” എന്നാണ് ഇത്തിയുടെ ഉപയോഗത്തെക്കുറിച്ച് ഈ ഗ്രന്ഥത്തിൽ പറയുന്നത്.
പ്രസവശുശ്രൂഷയിൽ സ്ത്രീകളെ കുളിപ്പിക്കുന്നതിനു നാൽപാമരം വേത്(തൊലിയിട്ട് ചൂടാക്കിയ വെള്ളം) ഉപയോഗിച്ചുവരുന്നു. നാൽപാമരാദി തൈലം, ഗന്ധതൈലം, മഹാചന്ദനാദിതൈലം, ആരഗ്വധാരിഷ്ടം എന്നിവയിൽ ഇത്തിയുടെ തൊലി ചേർക്കുന്നു. ചില പ്രദേശങ്ങളിൽ കല്ലിത്തിയും (Ficus tinctoria) ഇത്തിയായി ഉപയോഗിച്ചുവരുന്നുണ്ട്.
അരളിശലഭം, പാൽവള്ളി ശലഭം, ആൽശലഭം എന്നീ ചിത്രശലഭങ്ങളുടെ ലാർവാ ഭക്ഷണസസ്യമാണ്. കൂടാതെ, വിചിത്രപതംഗം (Ocinara albicollis) എന്ന നിശാശലഭത്തിന്റെയും ലാർവാഭക്ഷണ സസ്യമാണിത്. അത്തിമരംപോലെ അത്ര സാധാരണമല്ലാത്ത ഒരു വൃക്ഷമാണിത്. കാസർകോട് ജില്ലയിൽ ചിലയിടങ്ങളിൽ വളരുന്നുണ്ട്. സൈലന്റ് വാലിയിലെ സൈരന്ധ്രിയിലും ഇത് കാണപ്പെടുന്നുണ്ട്.
ഇത്തിയോട് സാദൃശ്യമുള്ള മറ്റൊരു മരത്തിന്റെ തൈകളാണ് നഴ്സറികളിൽ പലപ്പോഴും ഇത്തിയെന്ന പേരിൽ വിറ്റു വരുന്നത്. കൊല്ലം ജില്ലയിലെ ഇത്തിക്കര, പാലക്കാട് അകത്തേത്തറയിലെ ഇത്തിങ്ങാപ്പറമ്പ് ചങ്ങനാശ്ശേരിക്കടുത്തുള്ള ഇത്തിത്താനം എന്നിവ ഇത്തിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളാണ്.
