കരിയിലാഞ്ചി
ചിത്രങ്ങൾ: വി.സി. ബാലകൃഷ്ണൻ

“മലഞ്ചൂരൽ മടയിൽനിന്നും കുറത്തിയെത്തുന്നു വിളഞ്ഞ ചൂരപ്പനമ്പുപോലെ കുറത്തിയെത്തുന്നു കരീലാഞ്ചിക്കാട്ടിൽനിന്നും കുറത്തിയെത്തുന്നു കരീലാഞ്ചി വള്ളിപോലെ കുറത്തിയെത്തുന്നു...’’ നാലര പതിറ്റാണ്ടുമുമ്പ് കേരളത്തിലെ കവിയരങ്ങുകളിൽ കടമ്മനിട്ടയുടെ ശബ്ദത്തിലൂടെ ഈ വരികൾ മുഴങ്ങിക്കേട്ടപ്പോൾ കരീലാഞ്ചിയെന്ന സസ്യത്തെക്കുറിച്ച് അറിയുമായിരുന്നില്ല. വർഷങ്ങൾക്കുശേഷം സസ്യപഠനം ഗൗരവമായി എടുത്ത് അലഞ്ഞുനടക്കാൻ തുടങ്ങിയപ്പോഴാണ്...
Your Subscription Supports Independent Journalism
View Plans“മലഞ്ചൂരൽ മടയിൽനിന്നും
കുറത്തിയെത്തുന്നു
വിളഞ്ഞ ചൂരപ്പനമ്പുപോലെ
കുറത്തിയെത്തുന്നു
കരീലാഞ്ചിക്കാട്ടിൽനിന്നും
കുറത്തിയെത്തുന്നു
കരീലാഞ്ചി വള്ളിപോലെ
കുറത്തിയെത്തുന്നു...’’
നാലര പതിറ്റാണ്ടുമുമ്പ് കേരളത്തിലെ കവിയരങ്ങുകളിൽ കടമ്മനിട്ടയുടെ ശബ്ദത്തിലൂടെ ഈ വരികൾ മുഴങ്ങിക്കേട്ടപ്പോൾ കരീലാഞ്ചിയെന്ന സസ്യത്തെക്കുറിച്ച് അറിയുമായിരുന്നില്ല. വർഷങ്ങൾക്കുശേഷം സസ്യപഠനം ഗൗരവമായി എടുത്ത് അലഞ്ഞുനടക്കാൻ തുടങ്ങിയപ്പോഴാണ് വീട്ടിനടുത്തുള്ള കാവിൽതന്നെ ഈ സസ്യമുണ്ടെന്ന് അറിയുന്നത്.
ഇന്തോ-മലേഷ്യൻ മേഖലയിൽ കാണപ്പെടുന്ന ആരോഹി സസ്യമാണിത്. കേരളത്തിലെ ആർദ്ര ഇലപൊഴിയും വനങ്ങളിലും അർധ നിത്യഹരിത വനങ്ങളിലും കാവുകളിലും കുന്നിൻ പ്രദേശങ്ങളിലും വളരുന്നു.
ബലമുള്ള കാണ്ഡത്തിൽ നിറയെ അഗ്രഭാഗം വളഞ്ഞ കടുത്ത മുള്ളുകളുണ്ട്. മുള്ളു കൊണ്ടാൽ പഴുത്തു വ്രണമാവും. 6-12 സെ. മീറ്റർ നീളവും 3-6 സെ. മീറ്റർ വീതിയുമുള്ള ഇലകൾക്ക് വഴനയുടെ ഇലകളുമായി രൂപസാദൃശ്യമുണ്ട്. ഇലകളിൽ 3-4 ഞരമ്പുകൾ വ്യക്തമായി കാണാം. ഇലകളുടെ വിന്യാസം ഏകാന്തര ക്രമത്തിലാണ്.
പത്രവൃന്തത്തിന് രണ്ട് സെന്റീമീറ്റർ നീളം കാണും. പത്രവൃന്തത്തിന്റെ ഇരുവശങ്ങളിൽനിന്നുമുള്ള പ്രതാനങ്ങൾ മറ്റു സസ്യങ്ങളിൽ കയറിപ്പറ്റാൻ സഹായിക്കുന്നു.
മേയ്-ജൂൺ മാസങ്ങളിൽ പൂക്കുന്നു. പത്രകക്ഷങ്ങളിൽനിന്നുള്ള ഛത്രമഞ്ജരിയിലാണ് പൂക്കളുണ്ടാകുന്നത്. പച്ചകലർന്ന മഞ്ഞനിറമുള്ള പൂക്കൾ ഏകലിംഗികളാണ്. ആൺ പൂക്കളിൽ സ്വതന്ത്രമായി നിലകൊള്ളുന്ന ആറ് കേസരങ്ങൾ കാണും. പെൺപൂക്കളുടെ അണ്ഡാശയത്തിന് മൂന്ന് അറകൾ. ഗോളാകൃതിയുള്ള ഫലങ്ങൾക്ക് കുരുമുളകിനേക്കാൾ വലിപ്പമുണ്ട്.
അരിക്കണ്ണി, കരുവിലാന്തി, കാട്ടുപാവ്, കീക്കേങ്ങിൻവള്ളി, ചീക്കിഴങ്ങ്, ചെന്നാർവള്ളി, രാമദന്തി, വരിക്കണ്ണി എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ സസ്യത്തിന്റെ ശാസ്ത്രനാമം Smilax zeylanica എന്നാണ്. Smilacaceae സസ്യകുടുംബത്തിൽ ഉൾപ്പെടുന്നു.

Smilax എന്നാണ് ഇംഗ്ലീഷിൽ അറിയപ്പെടുന്നത്. സംസ്കൃതനാമം വനമധുസ്നഹി എന്നാണ്.
ഒരിനം വിഷസസ്യത്തിന് ഗ്രീക് ഭാഷയിലുള്ള പേരാണ് ജനുസ്സ് നാമമായി നൽകിയിരിക്കുന്നത്. ശ്രീലങ്കയിൽനിന്നുള്ളത് എന്നാണ് സ്പീഷീസ് പദത്തിനർഥം.
ഇതേ ജനുസ്സിൽ ഉൾപ്പെടുന്ന അഞ്ച് സ്പീഷീസുകൾകൂടി കേരളത്തിൽ കാണപ്പെടുന്നുണ്ട്.
ഈ സസ്യത്തിന്റെ മുള്ളുകൾ ശരീരത്തിൽ കൊണ്ടാൽ നല്ല വേദനയുണ്ടാകും; മുള്ളുകൊണ്ടുണ്ടായ മുറിവുകൾ പഴുക്കാറുമുണ്ട്.
ഇലയും വേരും ഔഷധ യോഗ്യങ്ങളാണ്. പല്ലുവേദന, അതിസാരം, പൊള്ളൽ, നീർക്കെട്ട്, ത്വക് രോഗങ്ങൾ തുടങ്ങിയ രോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കുന്നു. ഹോർത്തൂസ് മലബാറിക്കൂസ് എന്ന ഗ്രന്ഥത്തിന്റെ ഏഴാം വാല്യത്തിൽ (1688) ഈ സസ്യത്തിന്റെ ഉപഗോഗത്തെക്കുറിച്ച് ഇപ്രകാരം പറയുന്നു: “ഈ സസ്യത്തിന്റെ വേര്; ഇഞ്ചി, മഞ്ഞൾ എന്നിവയുടെ കൂടെ തുണിയിൽ പൊതിഞ്ഞ് നല്ലെണ്ണ മേമ്പൊടി ചേർത്ത് ഉച്ഛ്വസിച്ചാൽ തലവേദനക്ക് ശമനം കിട്ടും. ഇവ തിളപ്പിച്ച് നെറ്റിയിൽ പുരട്ടുകയും ചെവിയിലൊഴിക്കുകയും ചെയ്താലും തലവേദനക്ക് നന്ന്. ദൃഢമായ കിഴങ്ങ് മഞ്ഞളിന്റെ കൂടെ അരച്ച് നല്ലെണ്ണയിൽ മൂപ്പിച്ചെടുത്തത് വയറിളക്കം ശമിപ്പിക്കും.”
നെൽക്കളങ്ങൾ (കൊയ്തു കൊണ്ടുവരുന്ന നെൽക്കറ്റകൾ മെതിക്കുന്ന കളങ്ങൾ) തൂത്തുവാരുന്നതിനുള്ള ചൂല് (മാച്ചി) ഉണ്ടാക്കുന്നതിന് ഏറെ പ്രായം ചെന്ന കരിയിലാഞ്ചിയുടെ ബലമുള്ള വേരുകൾ ഉപയോഗിക്കുന്നു. ഇത് വർഷങ്ങളോളം ചിതലെടുക്കാതെ, കേടുപറ്റാതെ നിലനിൽക്കും. കുഞ്ഞിവാലൻ, നീൾ വെള്ളിവരയൻ, ചോണൻ ശലഭം, നീലരാജൻ എന്നീ ചിത്രശലഭങ്ങളുടെ ലാർവാഭക്ഷണ സസ്യമാണ്. കൂടാതെ Amerila astreus എന്ന നിശാശലഭത്തിന്റെ ലാർവകളും ഈ സസ്യം ആഹരിച്ചു വളരുന്നുണ്ട്.
