Begin typing your search above and press return to search.
proflie-avatar
Login

അത്തി

കേരളത്തിലെ സസ്യജാലങ്ങൾ -6

fig
cancel
camera_alt

ചിത്രങ്ങൾ: വി.സി. ബാലകൃഷ്ണൻ

“അത്തിപ്പഴത്തിൻ

ഇളനീർ ചുരത്തും

മുത്തം കൊതിക്കുന്ന

പൂവിൻ കവിൾപ്പൂ”

സിനിമ: നക്ഷത്രക്കൂടാരം

രചന: ബിച്ചു തിരുമല

സംഗീതം: മോഹൻ സിത്താര

പാടിയത്: കെ.എസ്. ചിത്ര,

എം.ജി. ശ്രീകുമാർ

അത്തിപ്പഴം പഴുക്കുമ്പോൾ കാക്കക്ക് വായ്പുണ്ണ്‌ എന്നൊരു പഴഞ്ചൊല്ലുണ്ട്.

പാഞ്ചാലിക്കു വേണ്ടി കല്യാണ സൗഗന്ധികം തേടി ഗന്ധമാദനത്തിലൂടെയുള്ള യാത്രയിൽ ഭീമൻ കാണുന്ന വനവൃക്ഷങ്ങളിൽ അത്തിയും ഉൾപ്പെടുന്നതായി കുഞ്ചൻ നമ്പ്യാർ കല്യാണ സൗഗന്ധികം ഓട്ടൻതുള്ളലിൽ പരാമർശിക്കുന്നുണ്ട്:

‘‘അത്തിയുമിത്തിയും പിന്നെപ്പരുത്തിയും

പുത്തെലിഞ്ഞീകൃതമാല ജാലങ്ങളും...’’

ആയുർവേദത്തിലെ പ്രധാനപ്പെട്ട ഔഷധഗണങ്ങളിൽ ഒന്നായ നാൽപാമരത്തിലെ ഒരു ഇടത്തരം വൃക്ഷം കൂടിയാണിത്.

ഇന്തോ-മലേഷ്യ മുതൽ ആസ്ട്രേലിയ വരെയുള്ള മേഖലയിൽ കാണപ്പെടുന്നു. അർധ നിത്യഹരിത വനങ്ങളിലും ഇലപൊഴിയും വനങ്ങളിലും സമതലങ്ങളിലും വളരുന്നു. നമ്മുടെ നാട്ടിൻപുറങ്ങളിലും അത്തി വളർന്നുനിൽക്കുന്നത് കാണാം.

ഇതിനു മറ്റ് ആൽവൃക്ഷങ്ങൾക്കുള്ളതുപോലെ വായവവേരുകൾ (aerial roots) ഇല്ല. 6-15 സെ.മീറ്റർ നീളവും 3-5 സെ.മീറ്റർ വീതിയുമുള്ള ഇലകൾ ഏകാന്തരക്രമത്തിൽ വിന്യസിച്ചിരിക്കുന്നു. 4-8 ജോടി പാർശ്വസിരകൾ കാണാം. പൂങ്കുല 3-4 സെ.മീറ്റർ വ്യാസമുള്ള ഒരു ചെറിയ കുടത്തിന്റെ ആകൃതിയുള്ള ഹൈപ്പാന്തോഡിയം (hypanthodium) ആണ്. ശാഖകളിലും തായ്ത്തടിയിലുമാണ് കൂട്ടമായി ഇവ ഉണ്ടാവുക. ഇതിനകത്താണ് ആൺപൂക്കളും പെൺപൂക്കളും ഉണ്ടാവുക. ആൺപൂക്കൾക്ക് രണ്ട് കേസരങ്ങൾ മാത്രമേ ഉള്ളൂ. ഇവക്കുപുറമെ ഗാൾ പൂക്കളും ഉണ്ടാകും. ഇവയിൽ പരാഗണം നടത്തുന്നത് പ്രത്യേക ഇനം ആൽക്കടന്നലുകൾ (Fig wasps) ആണ്.

ഹൈപ്പാന്തോഡിയത്തിന്റെ അഗ്രഭാഗത്തുള്ള ചെറുസുഷിരത്തിലൂടെയാണ് ചെറിയ fig waspകൾ ഉള്ളിലേക്ക് പ്രവേശിക്കുന്നതും പരാഗണം നടത്തുന്നതും മുട്ടയിടുന്നതും. ലാർവകൾ ഇതിനുള്ളിൽതന്നെ വളരുകയും കടന്നലുകളായിത്തീരുകയും ചെയ്യുന്നു. വിളഞ്ഞ കായകൾക്ക് (Syconium) ചുകപ്പുനിറമാണ്. നേർത്ത തോതിൽ രോമിലങ്ങളുമാണ്.

അത്തിയാൽ എന്നും അറിയപ്പെടുന്ന ഈ മരത്തിന്റെ ശാസ്ത്രീയനാമം Ficus racemosa എന്നാണ്.മോറേസിയെ എന്ന സസ്യകുടുംബത്തിൽ ഉൾപ്പെടുന്നു. ഇംഗ്ലീഷിൽ Cluster Fig, Country Fig, Insect Fig എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഉദുംബരഃ, സദാഫലഃ, കൃമിഫലഃ, ജന്തുഫലഃ, സേവ്യ എന്നിവയാണ് സംസ്കൃതനാമങ്ങൾ. അത്തിയുടെ ഫലങ്ങൾക്കുള്ളിൽ എപ്പോഴും ഒരുതരം പ്രാണികൾ (കടന്നലുകൾ) ഉണ്ടാകുമെന്നതുകൊണ്ടാണ് ഇതിനെ ജന്തുഫലഃ എന്ന് പറയുന്നത്.

പ്രധാനമായും പക്ഷികളും വവ്വാലുകളുമാണ് വിത്തുവിതരണം നടത്തുന്നത്. പഴുത്ത അത്തിക്കായ്കൾ ഭക്ഷ്യയോഗ്യമാണ്. ഹൈദരാബാദിലും മറ്റ് ഉത്തരേന്ത്യൻ നഗരങ്ങളിലുമുള്ള മാർക്കറ്റുകളിലും അത്തിപ്പഴങ്ങൾ വിൽപനക്കു വെക്കാറുണ്ട്. എന്നാൽ, നമ്മുടെ നാട്ടിൽ വിൽപനക്കെത്തുന്ന അത്തിപ്പഴങ്ങൾ കേരളത്തിൽ ഉണ്ടാകുന്നവയല്ല. മെഡിറ്ററേനിയൻ രാജ്യങ്ങളിലും തെക്കു പടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങളിലും ഇന്ത്യയുടെ ഇതരഭാഗങ്ങളിലും വളരുന്ന Ficus carica (അറബി അത്തി /തേനത്തി/ശീമയത്തി) എന്ന അത്തിയുടെ പഴമാണ് മാർക്കറ്റിൽ ലഭിക്കുന്ന അത്തിപ്പഴം. അടുത്ത കാലത്തായി വലിയ ഇലയുള്ള ഒരുതരം അത്തിയും (Ficus auriculata) ഉദ്യാനങ്ങളിലും വീട്ടുപറമ്പുകളിലും നട്ടുപിടിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇതിന്റെ കായ്കളും ഭക്ഷ്യയോഗ്യമാണ്.

1678ൽ പ്രസിദ്ധീകരിക്കപ്പെട്ട ഹോർത്തൂസ് മലബാറിക്കൂസിന്റെ ഒന്നാം വാല്യത്തിൽ അത്തിയുടെ ഉപയോഗത്തെക്കുറിച്ച് ഇപ്രകാരം പരാമർശിക്കുന്നുണ്ട്: ‘‘വേര് കഷായംവെച്ച് കഴിച്ചാൽ രക്തവും കരളും ശുദ്ധമാക്കുന്നു. കോളറയുടെ തീവ്രത കുറക്കുന്നു. വേരിൽ മുറിവുണ്ടാക്കി ഇറ്റുവീഴുന്ന ചാറ് കരൾ രോഗത്തിനും കൈകൾ വിണ്ടുകീറുന്നതിനും നല്ലതാണ്.” തൊലി, ഇല, കായ, വേര് എന്നിവ ഔഷധയോഗ്യങ്ങളാണ്. ചുട്ടുനീറ്റൽ, രക്തപിത്തം, ദുർമേദസ്സ്, ചെങ്കണ്ണ്, അത്യാർത്തവം, വ്രണം, ത്വഗ് രോഗങ്ങൾ തുടങ്ങിയ അസുഖങ്ങൾക്ക് ഔഷധമായി ഉപയോഗിക്കുന്നു.

നാൽപാമരാദി തൈലം, ദിനേശ ഏലാദി തൈലം എന്നിവയിൽ പ്രധാന ചേരുവയാണ്. അത്തി ഉൾപ്പെടുന്ന നാൽപാമരത്തൊലി പ്രസവത്തെ തുടർന്നുള്ള ശുശ്രൂഷയുടെ ഭാഗമായി സ്ത്രീകൾ വേത് വെച്ച് കുളിക്കാറുണ്ട്. കണ്ണൂർ ജില്ലയിലെ മണത്തണക്കടുത്തുള്ള അത്തിക്കണ്ടം, തൃശൂർ ജില്ലയിലെ അത്തിക്കടവ്, പത്തനംതിട്ടയിലെ അത്തിക്കയം, ചേർത്തല പട്ടണത്തിന് അടുത്തുള്ള അത്തിക്കാട്, ചിറ്റൂരിലുള്ള അത്തിക്കോട്, ആലത്തൂരിനടുത്തുള്ള അത്തിപ്പറ്റ എന്നീ സ്ഥലനാമങ്ങൾ അത്തിയുമായി ബന്ധപ്പെട്ടവയാണ്.

അരളിശലഭം, പാൽ വള്ളിശലഭം, ഭൂപടശലഭം എന്നീ ചിത്രശലഭങ്ങളുടെ ലാർവാഭക്ഷണ സസ്യമാണ്. കൂടാതെ Penicillifera apicalis ,Trilocha varians,Glyphodes stolalis,Talanga sexpunctalis,Phycodes radiata, ലോലാക്ക് (Asota caricae), ഒറ്റപ്പുള്ളി വരയൻ (Asota ficus), ചോണ വരയൻ (Asota plana), പാണ്ടൻ വരയൻ (Perina nuda), Selepa celtis എന്നീ നിശാശലഭങ്ങളുടെയും ലാർവകൾ അത്തിയുടെ ഇലകൾ ആഹരിച്ച് വളരുന്നവയാണ്.

Show More expand_more
News Summary - Flora of Kerala