ചമത എന്ന വനജ്വാല

ഉത്തര കേരളത്തിൽ മീനമാസത്തിൽ ആഘോഷിക്കുന്ന ഒരുത്സവമാണ് പൂരം. പൂരത്തിനു ഒമ്പതുദിവസം മുമ്പാരംഭിക്കുന്ന ആഘോഷം അവസാനിക്കുന്നത് പൂരംനാളിലാണ്. അന്ന് രാത്രി അടുത്തകൊല്ലം ‘‘നേരത്തേ കാലത്തേ വരണേ കാമാ...’’ എന്ന് ചൊല്ലിക്കൊണ്ട് കാമനെ യാത്രയയക്കുന്ന ചടങ്ങുമുണ്ട്. പൂരട എന്ന പലഹാരം നൽകിയതിനുശേഷമാണ് കാമനെ അയക്കുന്നത്. പൂരട ഉണ്ടാക്കുന്നത് പ്രധാനമായും ചമതയുടെ ഇല കുമ്പിൾ കോട്ടിയാണ്. ഞങ്ങളുടെ ചെറുപ്പകാലത്ത് പൂരട ഉണ്ടാക്കാനുള്ള ചപ്പ് (ഇല) പറിക്കുന്നത് തൊട്ടടുത്തുള്ള ഒരു ചെറിയ കാവിൽനിന്നായിരുന്നു. അവിടെ വലിയൊരു കാഞ്ഞിരമരത്തോടൊപ്പം ഉരിപ്പും മരോട്ടിയും മഞ്ഞൾ വള്ളിയും വളർന്നുനിന്നിരുന്നു....
Your Subscription Supports Independent Journalism
View Plansഉത്തര കേരളത്തിൽ മീനമാസത്തിൽ ആഘോഷിക്കുന്ന ഒരുത്സവമാണ് പൂരം. പൂരത്തിനു ഒമ്പതുദിവസം മുമ്പാരംഭിക്കുന്ന ആഘോഷം അവസാനിക്കുന്നത് പൂരംനാളിലാണ്. അന്ന് രാത്രി അടുത്തകൊല്ലം ‘‘നേരത്തേ കാലത്തേ വരണേ കാമാ...’’ എന്ന് ചൊല്ലിക്കൊണ്ട് കാമനെ യാത്രയയക്കുന്ന ചടങ്ങുമുണ്ട്. പൂരട എന്ന പലഹാരം നൽകിയതിനുശേഷമാണ് കാമനെ അയക്കുന്നത്. പൂരട ഉണ്ടാക്കുന്നത് പ്രധാനമായും ചമതയുടെ ഇല കുമ്പിൾ കോട്ടിയാണ്. ഞങ്ങളുടെ ചെറുപ്പകാലത്ത് പൂരട ഉണ്ടാക്കാനുള്ള ചപ്പ് (ഇല) പറിക്കുന്നത് തൊട്ടടുത്തുള്ള ഒരു ചെറിയ കാവിൽനിന്നായിരുന്നു. അവിടെ വലിയൊരു കാഞ്ഞിരമരത്തോടൊപ്പം ഉരിപ്പും മരോട്ടിയും മഞ്ഞൾ വള്ളിയും വളർന്നുനിന്നിരുന്നു. അതോടൊപ്പംതന്നെ ചെറിയൊരു ചമതമരവും ഉണ്ടായിരുന്നു.
ഏഷ്യയുടെ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ വളരുന്ന ഒരു ഇടത്തരം വൃക്ഷമാണ് ചമത എന്ന പ്ലാശ്. കേരളത്തിലെ വരണ്ടതോ ഈർപ്പമുള്ളതോ ആയ ഇലപൊഴിയും വനങ്ങളിലും കുന്നിൻപ്രദേശങ്ങളിലും ചെങ്കൽക്കുന്നുകളിലെ കാവുകളിലും ഈ വൃക്ഷം കാണപ്പെടുന്നു. 12 മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഇതിന്റെ തൊലിക്ക് ചാരനിറമോ തവിട്ടുകലർന്ന ചാരനിറമോ ആണ്. മൂന്ന് സഹപത്രങ്ങൾ ചേർന്ന സംയുക്തപത്രകങ്ങൾ ഏകാന്തരക്രമത്തിൽ വിന്യസിച്ചിരിക്കുന്നു. ആദ്യത്തെ ഒരു ജോടി സഹപത്രകങ്ങൾക്ക് 8.8-13.7 സെന്റിമീറ്റർ നീളവും 5.5-11 സെന്റിമീറ്റർ വീതിയും ഉണ്ടാകും. അഗ്രഭാഗത്തുള്ളപത്രകത്തിന് 12.5-15 സെന്റിമീറ്റർ നീളവും 11-15 സെന്റിമീറ്റർ വീതിയും കാണും. മാർച്ച്-ഏപ്രിൽ മാസങ്ങളിലാണ് പൂക്കുന്നത്. പൂക്കുന്നതിനു മുന്നോടിയായി ഇലകൾ പൊഴിക്കാറുണ്ട്. തീജ്വാലപോലെ വർണോജ്ജ്വലങ്ങളാണ് പൂക്കൾ. ദളപുടങ്ങൾക്ക് ഓറഞ്ചും ചുകപ്പും കലർന്ന നിറമാണ്. ബാഹ്യദളങ്ങൾ അഞ്ച്. അഞ്ച് ദളങ്ങളിൽ പതാകദളം വലുതാണ്. 10 കേസരങ്ങൽ കാണും. ഇതിൽ ഒമ്പതെണ്ണം യോജിച്ചും ഒന്ന് സ്വതന്ത്രമായും നിൽക്കുന്നു. ഒരു അറയുള്ളതും ഒരു വിത്തുമാത്രമുള്ളതുമായ പോഡാണ് കായ. കായക്ക് 12.5-25 സെന്റി മീറ്റർ നീളമുണ്ടാകും.
ജ്വാലമരം, പ്ലാശ്, ബ്രഹ്മവൃക്ഷം, വഹ്നിച്ചമത, വനജ്വാല എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ വൃക്ഷത്തിന്റെ ശാസ്ത്രീയനാമം Butea monosperma എന്നാണ്. പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന, ലണ്ടനിലെ ക്യൂ ഗാർഡന്റെ ഡയറക്ടർ ആയിരുന്ന മൂന്നാമത്തെ ബ്യൂട്ട് പ്രഭു (3rd Earl of Bute) ജോൺ സ്റ്റുവാർട്ടിനോടുള്ള (John Stuart ) ആദരസൂചകമായാണ് ബ്യൂട്ടിയ എന്ന ജനുസ്സ് നാമം. ഒരു വിത്ത് മാത്രമുള്ളത് എന്നാണ് സ്പീഷീസ് പദത്തിനർഥം. പയറുവർഗ ചെടികളുടെ കുടുംബമായ Fabaceae സസ്യകുടുംബത്തിൽ ഉൾപ്പെടുന്നു. Flame of the Forest എന്നാണ് ഇംഗ്ലീഷിൽ അറിയപ്പെടുന്നത്. കിംശുകഃ, പർണഃ, പലാശഃ, യാജ്ഞികം, ഹരിണീ എന്നിവയാണ് സംസ്കൃതനാമങ്ങൾ.
1686ൽ പ്രസിദ്ധീകൃതമായ ലാറ്റിൻ ഭാഷയിലുള്ള ഗ്രന്ഥമായ ഹോർത്തൂസ് മലബാറിക്കൂസിന്റെ ആറാം വാല്യത്തിൽ പ്ലാശിനെക്കുറിച്ച് വിശദമായി പറയുന്നുണ്ട്. ഇതിന്റെ ഉപയോഗത്തെക്കുറിച്ച് ഈ ഗ്രന്ഥത്തിൽ പറയുന്നത് ഇപ്രകാരമാണ്. ‘‘തടിയും ഇലയും മതപരമായ കർമങ്ങൾ ചെയ്യുന്നതിന് ഉപയോഗിക്കുന്നു. കായ്കൾ പൊടിച്ച് ഉപയോഗിച്ചാൽ വിരകൾ നശിക്കുന്നതാണ്. മരത്തൊലിയും ഇതേപോലെ പൊടിച്ച് ചുക്ക് ചേർത്ത് ഉപയോഗിച്ചാൽ അണലി വിഷം ശമിക്കും.”
പൂവ്, ഇല, കായ, തൊലി, തൊലിയിൽനിന്ന് ഊറിവരുന്ന കറ എന്നിവ ഔഷധയോഗ്യമാണ്. പലാശ ക്ഷാരം, ചെറിയ അരിമേദാദി തൈലം, അയസ് കൃതി, ബലാതൈലം, പലാശാദി കഷായം എന്നീ മരുന്നുകളിൽ ചേരുവയാണ്.

പഴയകാലത്ത് ചമതയില കുമ്പിൾകുത്തി, മഞ്ഞൾപ്പൊടിയിട്ട ആട്ടിൻപാൽ അതിലൊഴിച്ച് വെയിലത്തുവെച്ച് ജൽപരുവത്തിലാക്കി കുട്ടികൾക്ക് കഴിക്കാൻ കൊടുക്കാറുള്ളതായി വി.കെ. ശ്രീരാമൻ എഴുതുന്നുണ്ട്. കോലരക്ക് പ്രാണികളുടെ ഒരു ആതിഥേയസസ്യമാണിത്. പൂവിൽനിന്ന് ഒരുതരം ചായം നിർമിച്ചിരുന്നു. ഇത് ഹോളി ഉത്സവവേളകളിൽ ചായം പൂശാൻ ഉപയോഗിച്ചിരുന്നു. സാധനങ്ങൾ പൊതിയുന്നതിനും ആഹാരസാധനങ്ങൾ പൊതിയാനും ഇലകൾ ഉപയോഗിക്കുന്നു. ഹോമത്തിന് അഗ്നി ഉണ്ടാക്കാനായി ചമതക്കോൽ ഉപയോഗിക്കാറുണ്ട്. ബ്രാഹ്മണരുടെ ചില ചടങ്ങുകൾക്കും ഇത് ഉപയോഗിക്കുന്നു.
ചരിത്രപ്രസിദ്ധമായ പ്ലാസി യുദ്ധം (1757) നടന്ന പലാശി (ബ്രിട്ടീഷുകാർ പ്ലാസി -Plassey- എന്ന് പേരിട്ടു) അറിയപ്പെടുന്നത് ഈ വൃക്ഷത്തിന്റെ പേരിലാണ്. പശ്ചിമബംഗാളിൽ വസന്തകാലവുമായി ബന്ധപ്പെട്ടാണ് പ്ലാശ് അറിയപ്പെടുന്നത്. വസന്തോത്സവത്തിനു ഒഴിച്ചുകൂടാൻ വയ്യാത്ത ഒന്നായിട്ടാണ് പ്ലാശിൻ പൂക്കൾ പരിഗണിക്കപ്പെട്ടിരുന്നത്. ഉത്തർപ്രദേശിന്റെയും ഝാർഖണ്ഡിന്റെയും സംസ്ഥാന പുഷ്പമാണിത്. തലശ്ശേരിക്കടുത്തുള്ള തൃപ്പങ്ങോട്ടൂർ പഞ്ചായത്തിലെ ചമതക്കാട്, പയ്യാവൂരിനടുത്തുള്ള ചമതച്ചാൽ എന്നിവ ഈ വൃക്ഷത്തിന്റെ പേരിൽ അറിയപ്പെടുന്ന സ്ഥലനാമങ്ങളാണ്.
കരിമ്പൊട്ടുവാലാട്ടി, പൊട്ടുവാലാട്ടി, സൂര്യശലഭം, മുനസൂര്യശലഭം, പഠാണിനീലി, പയർനീലി, നീലകൻ, നാട്ടുമാരൻ, മഞ്ഞ തകരമുത്തി, വർണപ്പരപ്പൻ എന്നീ ചിത്രശലഭങ്ങളുടെയും Mocis undata (Brown-striped Semi-looper), Trabala vishnou (Rose-myrtle lappet moth -വിഷ്ണുശലഭം) എന്നീ നിശാശലഭങ്ങളുടെയും ലാർവാ ഭക്ഷണ സസ്യംകൂടിയാണിത്.
