Begin typing your search above and press return to search.
proflie-avatar
Login

താപനം പടർത്തുന്ന ആഗോള വീഴ്ച്ചകൾ

global warming
cancel
ആഗോളതലത്തിൽ തന്നെ ഗുരുതരവും ഗൗരവവുമേറിയ വിഷയമായി കാലാവസ്ഥാ വ്യതിയാനവും അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും മാറിക്കഴിഞ്ഞു. കാലാവസ്ഥാ വ്യതിയാന​ത്തെയും അത് സൃഷ്ടിക്കുന്ന പ്രശ്നങ്ങളെയും ബദലുകളെയും കുറിച്ച് ഗൗരവമായ ചിന്ത മുന്നോട്ടുവെക്കുകയാണ് കവി കൂടിയായ ലേഖിക.

ആവർത്തന വിരസങ്ങളുടെ ജൈവിക ചോദനകളിൽ ഉറച്ച് അന്തമില്ലാത്ത താഴ്വാരങ്ങളിൽ അടയാളങ്ങളില്ലാതെ മറഞ്ഞുപോയില്ല ഹോമോസാപ്പിയൻസ്. ജീവകുലങ്ങളിൽ സാപ്പിയൻ സ്പന്ദനം അതിവിസ്മയ പടർപ്പായത്, പടിപടിയായി കനം ​െവച്ച ആലോചനകളിൽനിന്നും വാർന്ന, തലങ്ങും വിലങ്ങും പാഞ്ഞ ചിന്തകളിൽനിന്നും ഊറിയ, അസ്വസ്ഥനിരീക്ഷണ പരീക്ഷണങ്ങളിലൂടെ നിലക്കാതെ മേഞ്ഞ എണ്ണമെത്താത്ത കൃത്രിമ ചെയ്തികൾ കൊണ്ടായിരുന്നല്ലോ? അവയിൽ ഒരുപങ്ക് മാനവരാശിയുടെ ആർദ്രതകളെയും സ്നേഹ സഹിഷ്ണുതകളെയും കണ്ടെടുത്ത് ഓമനിച്ചു ചേർത്തു പിടിച്ചിട്ടുണ്ട്. പക്ഷേ, വേറെ ചിലതുകൾ അശാന്തതയിലേക്ക്, നാശോന്മുഖ അബദ്ധങ്ങളിലേയ്ക്ക് പൂത്തു കായ്ച്ച പടുവളർച്ചകൾ ആയിരുന്നു, ആ പൊള്ളത്തരത്തിന് വീണ്ടുവിചാരങ്ങളില്ലാതെ കാവലിരുന്ന് നാം അനാവശ്യമായി വിസ്തൃതി കൂട്ടിയ ലോകം ഇന്ന് കടന്നുപോകുന്ന അവസ്ഥകൾ ഒട്ടും വിസ്മയാവഹം അല്ല, ആശാവഹവും.

ദുരന്തമാറ്റൊലി

അതീവ ജാഗ്രതകളുടെ ഒരു കാലത്തെ അതിന്റെ അപ്രതീക്ഷിതങ്ങളെ തുടരത്തുടരെ അഭിസംബോധന ചെയ്തു പോകുന്നു ലോകം. പലപ്പോഴും അഭിമാന അഹങ്കാരങ്ങളോടെ ഉയർത്തിപ്പിടിക്കുന്ന വളർച്ച മുറ്റിയ വെട്ടങ്ങളുടെ തീപ്പൊരികൾ പാറിനിറഞ്ഞ് ഭൂഗോളം ഒരൊറ്റ ദുരന്ത മാറ്റൊലിയിലേക്ക് ചേക്കേറുകയാണ് ഭീതിദമായ ആ ഇരമ്പത്തിന് ദേശ-ഭൂഖണ്ഡ, കറുപ്പ്-വെളുപ്പ്, ദരിദ്ര-സമ്പത്ത് വിവേചനങ്ങൾ ഇല്ല. അത്രമേൽ സജീവവും പൂർണവുമായ ആധുനികാനന്തര ജീവിത ധൃതികളെല്ലാം എത്രയോ ഇരട്ടിയിരട്ടിയായി അർഥശൂന്യമായേക്കാവുന്ന ക്രിട്ടിക്കൽ സ്റ്റേജിലൂടെ ഭൂമിയും അതിന്റെ സകല ആശ്രിതരും കടന്നുപോകുമ്പോൾ കടൽ-കുന്നു-മേഘങ്ങളിൽ നിരന്തരം മുഴങ്ങുന്ന കാലാവസ്ഥാ താക്കീതുകൾ കേൾവിയും കാഴ്ചയും മറ്റ​ു അക്രമ-സുഖാസക്തികൾ തുള്ളുന്ന ആരവാഘോഷങ്ങളുടെ കൊടുംതിളക്ക മൂർച്ചയിൽ തട്ടി പൊടിഞ്ഞുപോവുകയാണോ?

മുമ്പുള്ളതിനേക്കാൾ ഭാവി അതിസാങ്കേതികമുറുക്കത്തോടെ അതിപ്രധാനമാവുകയും അതിനു വേണ്ടിയുള്ള സാധ്യതാന്വേഷണസംഘർഷങ്ങൾ, അതിസൂക്ഷ്മ തെരഞ്ഞെടുപ്പുകൾ എന്നിവ ഏറിവരുകയും ചെയ്യുന്ന വർത്തമാനകാല സാഹചര്യത്തിൽ ആദ്യം കേൾക്കേണ്ടത് ഗൗരവ-നിസ്സഹായതകൾ ഒരേപോലെ നിറഞ്ഞ ആ അതിജീവന മുന്നറിയിപ്പുകളുടെ ശ്രുതിഭേദങ്ങളെയാണ്. അതൊഴിച്ചു ബാക്കിയെല്ലാം കേൾക്കുന്നു. ആവശ്യത്തിലധികം കേൾക്കുന്നു എന്നത് നടപ്പുകാല ജീവിതത്തിന്റെ നിരുത്തരവാദിത്തം നിറഞ്ഞ നിർഭാഗ്യാവസ്ഥയാണ്.

ആധികൾ താഴ്ത്താത്ത Cop സമ്മേളനങ്ങൾ

1995ലെ ആദ്യ Cop സമ്മേളനത്തിന്റെ മുപ്പതാമത്തെ ആവർത്തനവും ഇനിയും നടപ്പാക്കാൻ കഴിയാത്ത തീരുമാനങ്ങളുടെ തുടർച്ചയുമാണ് 2025 നവംബർ 10 മുതൽ 21 വരെ ബ്രസീലിലെ ബെലേമിൽ നടന്നത്. അതൃപ്തികളും വിമർശനങ്ങളും നിലനിൽക്കുമ്പോഴും കുളിർ ശാന്തി ഏറിയ ആമസോൺ മഴക്കാടിന്റെ പശ്ചാത്തലത്തിൽ വരും വർഷങ്ങളിലെ മഴ, വെയിൽ, മഞ്ഞു താളംതെറ്റലിന് ബാലൻസ് ചെയ്യാനുള്ള വിട്ടുവീഴ്ചകളില്ലാത്ത നിരന്തര പ്രയത്നങ്ങൾക്ക് ഉച്ചകോടി മുമ്പുള്ളതിനേക്കാൾ കൂടുതൽ ഗൗരവത്തിൽ പ്രചോദനപ്പെട്ടിട്ടുണ്ടാകാം എന്ന് പ്രത്യാശിക്കാം. ഉച്ചകോടികൾ ജീവനത്തിനു വേണ്ടിയുള്ള കൂടിയിരുപ്പുകളാണ് ആർക്കോ വേണ്ടി ആരുടെയൊക്കെയോ ചേർന്നിരിപ്പുകളല്ല. അവ ഒരിക്കലും വാർഷിക വഴിപാടുകൾ അല്ല മറിച്ച്, സാവധാനം എന്ന സാവകാശത്തിന് തീരെ പഴുതില്ലാത്ത ഗൗരവാസ്വസ്ഥതകളാണ്.

അതിന്റെ വേദികൾക്കു മാത്രമേ വാർഷിക തിരശ്ശീല വീഴാവൂ; അല്ലാതെയാകുമ്പോൾ പുറകെ വരുന്നത് ഉഷ്ണതരംഗങ്ങളും കൊടുങ്കാറ്റും അവയുടെ പ്രവചനാതീതമായ ആവർത്തനങ്ങളും മാത്രമാകും. ഉച്ചകോടിയുടെ 30 വർഷം ഭൂമിയെ സംബന്ധിച്ചും ജീവജാലങ്ങളെ സംബന്ധിച്ചും ഗുരുതരാവസ്ഥകൾ പരിഹരിക്കപ്പെടാനുള്ള വളരെ വലിയൊരു കാലയളവായിരുന്നു. 90കളിലെ മനുഷ്യശേഷിയും, ശാസ്ത്രസാങ്കേതികതയും ആശയവിനിമയ സാധ്യതകളും 2025ൽ എത്തിയപ്പോൾ അത്ഭുതാവഹമായി പോരായ്മകൾ പരിഹരിച്ചിട്ടുണ്ട്. പക്ഷേ, അടിയന്തരമായ ഇത്തരം സന്ദർഭങ്ങളിൽ ലോകാവബോധങ്ങളിൽ അവ എത്തരത്തിലാണ് ഉപയോഗപ്പെടുത്തേണ്ടത് എന്നതിൽ ഭീകരവീഴ്ച വന്നിരിക്കുന്നു എന്നതിന് തെളിവാണ് വിട്ടുവീഴ്ചയില്ലാത്ത കാലാവസ്ഥ തീവ്രസംഭവങ്ങൾ.

ലോകം ലക്ഷ്യംവെക്കുന്നത് എന്നും ഭൗതിക വളർച്ചയുടെ ഒന്നാം സ്ഥാനംതന്നെ ഏതിന് പ്രാധാന്യം കൊടുക്കണം എന്നറിഞ്ഞിട്ടും അത് ചെയ്യാത്ത വിദഗ്ധരുടെ തന്ത്രബന്ധിത ലോകമാണ് ഭൂഗോളത്തെ ദിനംതോറും ഇങ്ങനെ പ്രതിരോധത്തിലാക്കുന്നത്. അനിർവചനീയ ദുരന്തങ്ങൾ മാത്രം പടച്ചുവിടുന്ന ഒരു വിഷയം പരിഹാര മാർഗങ്ങളെ തൊടാൻ കഴിയാതെ കൂടുതൽ സങ്കീർണമാകുമ്പോൾ ലോകം ഉത്തരാധുനിക അഹന്തകൾ കൊണ്ടാടുന്നതിൽ എന്തർഥമാണുള്ളത്? എല്ലാത്തിനും അപ്പുറം സാമ്പത്തികമാനങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന വൻകിട ശക്തികൾക്ക് ആഗോളതാപന പ്രത്യാഘാതങ്ങൾ പരിഹരിക്കപ്പെടാതെ കിടക്കുന്നതിൽ ചെറിയ ഉത്തരവാദിത്തമല്ല ഉള്ളത്.

സ്ഥിതിഗതികൾ 2025നേക്കാൾ എത്രയോ ഭേദമായിരുന്ന സമയത്ത് 1997 ഡിസംബർ 11ന് ജപ്പാനിലെ ക്യോട്ടോയിൽ വെച്ച് രൂപവത്കരിക്കുകയും 2005ൽ പ്രാബല്യത്തിൽ വരുകയും ചെയ്ത ക്യോട്ടോ ഉടമ്പടി (kyoto Protocol), 1992ലെ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന ചട്ടക്കൂട് കൺവെൻഷൻ (UNFCCC) വിപുലീകരിച്ച ഒരു അന്താരാഷ്ട്ര ഉടമ്പടിയായിരുന്നു. ഇത് ആഗോള താപന പ്രതിരോധ വഴികളിലെ ഒരു നാഴികക്കല്ലായിരുന്നു.

ഇതിലൂടെ ആഗോള താപനത്തിന് വികസിത രാജ്യങ്ങൾ നൽകിയ കനത്ത സംഭാവനകളെ കുറിച്ച്, അത് കുറക്കാനുള്ള ധാർമിക ഉത്തരവാദിത്തങ്ങളെക്കുറിച്ച് വ്യക്തത നൽകിയെങ്കിലും ഹരിതഗൃഹ വാതക ബഹിർഗമനം കുറക്കണം എന്ന നിയമപരമായ ബാധ്യതയെ മറികടന്ന് തങ്ങളുടെ സാമ്പത്തിക വികസന താൽപര്യങ്ങൾ സംരക്ഷിക്കാൻ യു.എസിനും കാനഡക്കും കഴിഞ്ഞു. കോളനി വാഴ്ചകൾ അവസാനിച്ചശേഷം വളരെ വൈകി ഉയിർത്തെഴുന്നേറ്റ മൂന്നാം ലോക രാജ്യങ്ങൾക്ക് നിലനിൽപിന് നിലവിലെ നടപ്പു രക്ഷാമാർഗമായ വ്യവസായ വഴികൾ സ്വീകരിക്കുക അല്ലാതെ മറ്റു മാർഗങ്ങൾ ഉണ്ടായിരുന്നില്ല.

അവർ പിച്ചവെച്ച് തുടങ്ങുമ്പോഴേക്കും വൻകിട രാജ്യങ്ങൾ വികസ്വര രാജ്യങ്ങൾക്ക് അവകാശപ്പെട്ട കാർബൺ ഇടം സ്വന്തമാക്കിയിരുന്നു. ഫോസിൽ ഇന്ധനങ്ങളുടെ അതി ധൂർത്തൻ ഉപയോഗം കുറച്ച് തങ്ങളുടെ കൊതിപ്പിക്കുന്ന സാമ്പത്തിക ഭദ്രത ഇളക്കാനോ നഷ്ടം സഹിക്കാനോ വൻകിട രാജ്യങ്ങൾ തയാറായില്ല. ക്യോട്ടോ കരാറിൽനിന്ന് അമേരിക്കയും പിന്നീട് കാനഡയും പിന്മാറി തൊണ്ണൂറുകളിൽ ഗ്ലോബൽ ക്ലൈമറ്റ് ഇൻഫർമേഷൻ പ്രോജക്ടിലൂടെ (GCIP) അമേരിക്കയിൽ വിവിധ വ്യാപാര സംഘടനകളുടെ പിന്തുണയോടെ ക്യോട്ടോ കരാർ ലംഘിക്കാൻ ജനങ്ങളെ പ്രേരിപ്പിച്ചുകൊണ്ടുള്ള വലിയ പ്രചാരണങ്ങൾ നടന്നു. വികസ്വര രാജ്യങ്ങൾക്ക് ഉടമ്പടിയിൽ കൊടുത്ത ഇളവ് തികച്ചും ന്യായമായിരുന്നു എങ്കിലും ഇന്ത്യയും ചൈനയും ഏറ്റവും കൂടുതൽ ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്ന അവസ്ഥയിലേക്ക് വന്നു.

ആ ഇളവുകൾ ക്യോട്ടോ ഉടമ്പടിക്ക് ഏറെ ദോഷങ്ങളും ഉണ്ടാക്കി. മുഖ്യമായും പണ കേന്ദ്രീകൃത ഭാവികളുടെ ഒരു ലോകജീവിത ക്രമമാണ് ഭൂരിഭാഗവും പിന്തുടരുന്നത്. അതിലേക്ക് ഉണർന്നുറങ്ങുന്ന ഒരു ആഗോള ശീലമാണ്, അതിന്റെ ഉന്മാദസ്വാർഥതകളാണ് ഏതിനും മീതെ ലോകത്തെ നയിക്കുന്നത്. കാര്യമായ ലക്ഷ്യങ്ങളിലേക്കൊന്നും ഓടിയെത്താൻ കഴിയാതെ ക്യോട്ടോ ഉടമ്പടി അവസാനിച്ചു. തുടർന്ന് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ചിന്റെ (IPCC) 2013-14 കാലഘട്ടത്തിലെ കാലാവസ്ഥാ വ്യതിയാന വിലയിരുത്തലിന്റെ അഞ്ചാം റിപ്പോർട്ടിന്റെ അവതരണത്തിലൂടെ ബോധ്യപ്പെട്ട അതീവ ഗുരുതരമായ സ്ഥിതിഗതികളെ ഉൾക്കൊണ്ടാണ് 2016 നവംബർ 4ന് പാരിസ് ഉടമ്പടി നിലവിൽവന്നത്.

ക്യോട്ടോ ഉടമ്പടിയിൽനിന്നും വിഭിന്നമായി, ഓരോ രാഷ്ട്രവും അവർക്ക് കഴിയുംവിധം ഹരിതഗൃഹ വാതക ബഹിർഗമനം (greenhouse gases emissions) നിയന്ത്രിക്കാൻ ബാധ്യസ്ഥരാണ് എന്ന് പാരിസ് ഉടമ്പടിയിൽ പ്രഖ്യാപിച്ചു. ഇതിൽ വികസ്വര വികസിത രാജ്യങ്ങളെ തരംതിരിച്ച് പ്രത്യേക നിർദേശങ്ങൾ നൽകിയില്ല. പക്ഷേ, ഇത് വികസ്വര രാജ്യങ്ങൾക്ക് വലിയ ഭാരമായി. ഇതുവരെ ഇല്ലാത്ത ഒരു ‘ബാധ്യതാസമത്വം’ വികസിത-വികസ്വര രാജ്യങ്ങൾക്കിടയിൽ ഉണ്ടായി. ലക്ഷ്യങ്ങൾ നടപ്പിലാക്കുന്നതിൽ രാജ്യങ്ങളോടുള്ള നിർബന്ധമില്ലായ്മ, ദേശീയമായി നിർണയിക്കപ്പെട്ട സംഭാവനകൾ (National determined contributions) NDC നടപ്പിലാക്കുന്നതിലെ രാജ്യങ്ങളുടെ മെല്ലെപ്പോക്ക് എന്നിവ വീണ്ടും ആഗോളതാപനം കൂട്ടുന്നതിന് കൂടുതൽ പഴുതുകൾ നൽകുന്നു എന്നുതന്നെ പറയാം.

നെഞ്ചിടിപ്പിന്റെ അളവുകൾ

ജീവനെ പാർപ്പിക്കാൻ ആവശ്യമായ ഖര, വാതക, ദ്രാവകങ്ങൾകൊണ്ട് പൂർണിച്ചുനിന്ന ഭൂമിയുടെ രക്ഷാകവചങ്ങൾ 1850കളിൽ ആരംഭിച്ച വ്യവസായിക വിപ്ലവാവേശങ്ങൾ വിരിച്ച അതിനിറ തോന്നലുകളുടെ കൂറ്റൻ കെണികളിൽ വീണു പുകഞ്ഞു തുടങ്ങിയത് ദീർഘകാലം ആരും അറിഞ്ഞില്ല. 1850നു മുമ്പ് അന്തരീക്ഷത്തിലെ കാർബൺഡയോക്സൈഡിന്റെ സാന്ദ്രത 280 ppm ( Parts Per million) ആയിരുന്നു. 2024 ആയപ്പോഴേക്കും അത് 422.5 മുതൽ 422.7 വരെ എത്തി. ഇത് 1850നേക്കാൾ 50 ശതമാനത്തിലധികം കൂടുതലാണ്. 1850നും 1950നും ഇടയിലെ 100 വർഷത്തിൽ കത്തിച്ചത്ര ഇന്ധനം ഇപ്പോൾ ഓരോ പത്ത് വർഷത്തിലും കത്തിക്കുന്നു. മീഥേന്റെ (CH4) സാന്ദ്രത 1850നു മുമ്പ് 700 PPB (Parts Per billion) ആയിരുന്നത് ഏറ്റവും പുതിയ കണക്ക് അനുസരിച്ച് 1942 PPB ആണ്. അന്തരീക്ഷത്തിന് ചൂടു കുടുക്കിയിടാനുള്ള എത്ര വിശാലതകളാണ് നാം ഒരുക്കി കൊടുത്തത്!

മറ്റൊരു ഹരിതഗൃഹ വാതകമായ നൈട്രസ് ഓക്സൈഡിന്റെ (N2o) സാന്ദ്രത 1850നു മുമ്പ് 270 PPB ആയിരുന്നത് 2024ൽ 388 PB ആയി. ജീവന്റെ സാന്ദ്രതകൾ കുത്തനെ താഴാൻ ഇനി എത്രകാലം? മാനുഷിക പ്രവർത്തനങ്ങൾ അല്ലാതെ (Anthropogenic activities) ഇതിന്റെ പഴി എവിടെ ചാരും? കരുതലും വിവേകവും ഒത്ത മാനുഷിക പ്രവർത്തനങ്ങളിലൂടെ അല്ലാതെ ഏതാണ് പരിഹാരവും? മീഥേന് 12 വർഷം അന്തരീക്ഷത്തിൽ തങ്ങിനിൽക്കാനുള്ള ശേഷിയേയുള്ളൂ. എങ്കിലും നൂറു വർഷം അന്തരീക്ഷത്തിൽ അലയാൻ ശേഷിയുള്ള കാർബൺഡയോക്സൈഡിനേക്കാൾ 80 മടങ്ങുവരെ കൂടുതൽ താപനം സൃഷ്ടിക്കാൻ അതിന് കഴിയും. സുഖങ്ങളുടെ ‘ആളോഹരി ആനന്ദം’ കൂടിവരും തോറും ആഗോള കാർബൺ പുറന്തള്ളൽ അതിവേഗം വർധിച്ചുകൊണ്ടിരിക്കുന്നു.

2024ൽ ഫോസിൽ ഇന്ധനങ്ങളിൽനിന്നുള്ള കാർബൺ പുറന്തള്ളൽ 37.4 ബില്യൺ ആയിരുന്നു. കയറ്റുമതി ഇറക്കുമതി രാജ്യങ്ങൾക്ക് ഈ പുറന്തള്ളലിൽ ഒരേ ഉത്തരവാദിത്തം തന്നെ. ഇറക്കുമതി ക്യൂവിൽ ഇന്ത്യയും രണ്ടാമതുണ്ട്. പെട്രോളിയം കയറ്റുമതി രാജ്യങ്ങളിൽ മിക്കതും വികസ്വര രാജ്യങ്ങൾ ആയതുകൊണ്ട് കാലാവസ്ഥ ഉച്ചകോടിയിലെ തീരുമാനങ്ങളിൽ പലപ്പോഴും പ്രതിസന്ധികൾ ഉണ്ടാകാറുണ്ട്. opec രാജ്യങ്ങളുടെ നിലനിൽപിന്റെ നട്ടെല്ല് തന്നെ പെട്രോളിയമാണ്. വികസിത ശക്തികൾ തന്ത്രങ്ങൾ മെനഞ്ഞ് ഉടമ്പടികൾ ലംഘിക്കുമ്പോൾ വികസ്വര രാജ്യങ്ങൾക്കെതിരെ കണ്ണടച്ച് പ്രഖ്യാപനങ്ങൾ നടത്താൻ കഴിയില്ല. പക്ഷേ, വികസ്വര-വികസിത നീതികളെ വിശകലനം ചെയ്യാനുള്ള അവസ്ഥയല്ല. ആഗോളതാപനം 1.5 ഡിഗ്രി സെൽഷ്യസോളം എത്തിനിൽക്കുന്ന അതീവ ആപത്ഘട്ടത്തിൽ; അതിജീവന പോരാട്ടങ്ങൾക്ക് ഇനി ചേരികളും ഇല്ല. ചേരികളോട് പക്ഷംചേരാൻ ഭൂമിക്ക് ഒരു സുരക്ഷാ നിഗൂഢസ്ഥാനം മാറ്റിവെക്കാനുമില്ല.

അതിസുഖ ചിന്തകൾ

എല്ലാവരും സുഖിക്കുന്ന ഇടമാണ് വികസിത രാഷ്ട്രങ്ങൾ എന്ന് പറയാൻ വയ്യ. ആരും സുഖിക്കാത്ത ഇടമാണ് വികസ്വര രാഷ്ട്രങ്ങൾ എന്നും പറയാൻ വയ്യ. അതിസുഖ ചിന്ത മൂത്ത മനുഷ്യരോ സമൂഹമോ എവിടെയുണ്ടെങ്കിലും ഇത്തരം പ്രതിസന്ധികളിൽനിന്നും ജീവനത്തിനു മോചനവുമില്ല.സുഖജീവിതം ഏതു ജീവിയുടെയും അവകാശവും, ആഗ്രഹവുമാണ്. അതിനെ ത്യജിക്കലല്ല; നിയന്ത്രണം എന്നത് ഓരോ നിമിഷം കഴിയുംതോറും അതിനിർബന്ധമായി മാറുന്നു. ആ ‘അതി നിർബന്ധം’ പരപ്രേരണയല്ല ഒരു ഉൾവിളിയാണ് ഉണ്ടാവുക എന്നത് ഇന്ന് മനുഷ്യത്വത്തിന്റെ പ്രാഥമിക ലക്ഷണമാകുന്നു. ഭൂമിയിലെ അതിസുഖജീവിത സാധ്യതകളുടെ വർധന പുതിയ നീതികൾക്ക് നിയമനിർമാണത്തിന് അനിയന്ത്രിത ഇടങ്ങൾ തീർക്കുന്നു. ഇതൊക്കെ താങ്ങേണ്ട ഭൂമിക്ക് പുതിയ നിയമങ്ങൾ സൃഷ്ടിച്ച് അതിനോട് സന്ധിചെയ്യാൻ സാധ്യമല്ലല്ലോ?

സമൃദ്ധിയിലും ഇല്ലായ്മയിലും സ്ഥിരമായി നിൽക്കേണ്ട ഒന്നാണ് പ്രകൃത്യാവബോധം. മെച്ചപ്പെട്ട ജീവിതം നയിക്കുന്നു എന്നതുകൊണ്ട് ഒരാൾ പ്രകൃതിവിഭവങ്ങളെ അതിസ്വാർഥമായി ഉപയോഗിക്കുന്നു എന്ന അധിക്ഷേപം അടിസ്ഥാനമില്ലാത്തതാണ്. ഒരാൾ മെച്ചപ്പെടുന്നു എന്നതിന്റെ മാനദണ്ഡം അതിഭൗതിക വിപണികളെ നിരന്തരം ഉപയോഗപ്പെടുത്തുന്നു എന്നതിൽ അലല്ലോ? ഒരാളുടെ പ്രകൃത്യാവബോധം ഇല്ലായ്മകൾ കൊടുക്കുന്നത് ആകരുത്. പെട്ടെന്ന് ഇല്ലായ്മകൾ പരിഹരിക്കപ്പെടുമ്പോൾ ആയാൾ അതി ഭൗതിക വിപണിയിലെ നിത്യ സന്ദർശകയോ സന്ദർശകനോ ആയി പരിവർത്തനപ്പെട്ടേക്കാം.

പക്ഷേ, വ്യക്തികേന്ദ്രീകൃതമായ ഈ അവബോധത്തെ എങ്ങനെയും മഹാമാരിക്കാലത്ത് നിർബന്ധിത പ്രതിരോധ വാക്സിനായി വ്യാപിപ്പിക്കേണ്ടതുണ്ട്. ഈ അവബോധത്തിലായിരിക്കാനുള്ള ശ്രമത്തിൽനിന്നും ആർക്കും ഇപ്പോൾ ഭൗതികാർത്തികളുടെ തീവ്രതകൾ ഭൂമിയിലെ ആയിരമായിരം കാലാവസ്ഥ സ്റ്റേഷനുകളിൽ (Weather station) അവധികളില്ലാതെ അടയാളപ്പെട്ടുകൊണ്ടിരിക്കുന്നു. നമ്മുടെ ഋതുക്കൾക്ക് ഇപ്പോൾ മഞ്ഞയും ഓറഞ്ചും ചുവപ്പുമായ അലർട്ടുകളുടെ നിറവും മണവും ആണ്.

അതിന്റെ അവ്യവസ്ഥകൾ താൽക്കാലിക ആസൂത്രണങ്ങളെപ്പോലും തകിടം മറിക്കുന്നു. കൃത്യമായ കാലാവസ്ഥക്കപ്പുറം മറ്റൊരു ജീവിത ചിട്ട മറ്റെന്തിലാണ് അനുഭവിക്കാൻ കഴിയുക? അതൊരു കാർഷിക കുടുംബത്തിന്റെ വാർഷിക ആശ്വാസമാണ്. വഴിയോര കച്ചവടക്കാരുടെ ദൈനംദിന ജീവിതക്കടക്കലാണ്. തെരുവു മനുഷ്യരുടെ കിടപ്പാടക്കരുതലുകളാണ്. പറവകളുടെ മഞ്ഞുകാലക്കൂടിന്റെ സ്ഥിരതയാണ്. അടിക്കടിയുണ്ടാകുന്ന വലുതും ചെറുതുമായ കാലാവസ്ഥാ ദുരന്തങ്ങളും ദുരന്ത ഞെട്ടലുകളും രക്ഷാപ്രവർത്തനം കഴിയുന്നതോടെ അമർന്നുപോകുന്നു.

ആവർത്തനങ്ങൾ ഒഴിഞ്ഞുപോകാനുള്ള കരുതൽ നടപടികൾ മിക്കയിടത്തും ആലോചനകളിൽ പോലും വരുന്നില്ല. ദുരന്തങ്ങളുടെ ഇരമ്പങ്ങളെ എത്ര നിസ്സാരമായാണ് വികസന ആസൂത്രണ ഒച്ചപ്പാടുകൾ അമർത്തിവെക്കുന്നതും? മനോഭാവങ്ങൾ മാറാതെ കൊടികുത്തിവാഴുന്ന ശാസ്ത്ര, സാങ്കേതിക, സാമ്പത്തിക, ഭൗമ നിരീക്ഷണങ്ങൾ കൊണ്ട് ഭൂമിയാറുന്ന ലക്ഷണമില്ല. റെഡ് ഡേറ്റാബുക്കിലേക്ക് കുഞ്ഞടയാളങ്ങളായി മാത്രം ചുരുങ്ങിപ്പോയത് നമ്മോടൊപ്പം നമ്മുടെ നിലനിൽപ്പിനു വേണ്ടി കൂടിയും ഈ ഭൂമിയുടെ വെള്ളവും വെളിച്ചവും പങ്കിടേണ്ടവരാണ്. മനുഷ്യവാസം എന്ന സങ്കുചിതത്വം മുറുകിവരുമ്പോൾ ജൈവവൈവിധ്യം (biodiversity) നാശത്തിന്റെ ഏറെ വഴികൾ പിന്നിടുകയാണ്. പാരിസ്ഥിതിക സംതുലിതാവസ്ഥ (Ecological balance) നിലനിർത്താൻ ഒരു ശലഭച്ചിറകിന്റെ കരുത്തുപോലും മനുഷ്യനില്ല എന്ന വലിയ കുറവ് നാം അംഗീകരിച്ചേ മതിയാവൂ.

പക്ഷേ, ശലഭത്തിന് ഇഷ്ടമുള്ള ഒരു പുൽച്ചെടിയെ വംശമറ്റു പോകാതെ പിടിച്ചുനിർത്താനുള്ള കരുതൽ വിദ്യകൾ മനുഷ്യന് മാത്രം അറിയുന്ന ഒന്നാണ്. ആ കരുതലുകളാണ് ഇന്ന് തുടരത്തുടരെ ഉണ്ടാകേണ്ടത്. ഏതാണ്ട് എല്ലാ ആലോചനകളും ചിന്താധാരകളും പ്രത്യയശാസ്ത്രങ്ങളും ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ കൂടുതൽ സുഖങ്ങളെ സ്വായത്തമാക്കാൻ വേണ്ടിയായിരുന്നു, ജീവിതം എളുപ്പമാകാൻ വേണ്ടിയായിരുന്നു. പെട്രോളിയവും കൽക്കരിയും കത്തി ആർഭാടങ്ങൾ മാത്രമല്ല ഉണ്ടായിട്ടുള്ളത്. കല-സാഹിത്യ-സാംസ്കാരിക വ്യാപനങ്ങളും ആ കത്തൽ ചൂട് വേണ്ടതിലധികം അറിഞ്ഞിട്ടുണ്ട്. ഇക്കോ ഫ്രൻഡ്‍ലി എന്ന ആശയവ്യാപനത്തിന് പോലും അത്രമേൽ ശുദ്ധമായിരിക്കുവാൻ കഴിയില്ല.

ചിന്തകൾക്ക്, നവ ആശയങ്ങൾക്ക് ലക്ഷ്മണരേഖ വരക്കാൻ കഴിയില്ല. പക്ഷേ അവയെ നടപ്പിലാക്കേണ്ടത് സെലക്ടിവ് ആയിട്ടായിരിക്കണം എന്നത് ഇന്നിന്റെ നെറിയുള്ള ഉത്തരവാദിത്തമാകുന്നു. മനുഷ്യന്റെ ഭാരിച്ച എല്ലാ സ്വപ്നങ്ങളെയും ഓമനിച്ചു വളർത്താനുള്ള ശേഷി പലയിടത്തും പലതായ ഈ ഭൂഗോളത്തിന് ഇല്ല. പ്രാചീനതയിലും ഉത്തരാധുനികതയിലും അതിന്റെ നിലനിൽപിനെ സംബന്ധിച്ച പ്രപഞ്ച നിയമങ്ങൾ തിരുത്താൻ കഴിയില്ലല്ലോ? അതിന്റെ ഭരണഘടനയിൽ വൻകിട രാഷ്ട്രങ്ങൾ നേരത്തേ നടത്തിയ തിരുത്തലുകൾ ഒതുങ്ങി ജീവിച്ച പട്ടിണി മനുഷ്യരെയും ദ്വീപ സമൂഹങ്ങളെയും ഭൂപടത്തിൽനിന്നും മായ്ച്ചുകൊണ്ടിരിക്കുന്നു. സുഖവൈവിധ്യങ്ങളുടെ ഊന്നുവടി ചുഴറ്റി ഉച്ചകോടികളെ ബഹിഷ്കരിക്കുന്നു.

അസമത്വ താപനങ്ങൾ

അടിമത്തവും അസമത്വവും മറ്റു വിവേചനങ്ങളും ഏറക്കുറെ അപ്രത്യക്ഷമായതുപോലെ തോന്നുന്നത് അവയുടെ മാനദണ്ഡങ്ങൾ കാലാനുസൃതമായി പരിഷ്കരിക്കപ്പെട്ടു എന്നതുകൊണ്ടാകാം. നിലക്കാത്ത ആഗോളതാപനച്ചൂടിലേക്ക് പുതിയ അസമത്വവാതക ചേർപ്പുകൾ കൂടി വന്നുകൂടുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട കാലാവസ്ഥാ നീതി (climate Justice) എന്ന ആശയം ഇവിടെ ഏറെ പ്രാധാന്യമർഹിക്കുന്നു. ഹരിതഗൃഹവാതകത്തള്ളിച്ചയെ വൻകിടരുടെ ഉയരാകാശങ്ങളിൽ മാത്രമായി കുടുക്കിയിടാൻ കഴിയില്ല. വ്യത്യസ്തമായ ആഘാതങ്ങൾ അതിന്റെ എല്ലാ തീവ്രതകളോടുംകൂടി കുടിൽ തൊട്ട് കൊട്ടാരം വരെ കയറിയിറങ്ങുന്നു.

ഇവിടെ പിടിച്ചുനിൽക്കാൻ പാടുപെടുന്ന അവികസിത രാജ്യങ്ങളുടെ സ്വപ്നങ്ങൾ വീണ്ടും പൊള്ളി അടരുകയാണ്. തങ്ങൾക്കുള്ള പഴകിയതും ഭാരമേറിയതും ആയ ഉത്തരവാദിത്തം ദുർബലരുടെ മുതുകിൽ ​െവച്ചു കെട്ടപ്പെടുന്നു. Cop 30ൽനിന്നും അമേരിക്ക ആദ്യമായി വിട്ടുനിൽക്കുകയാണ്. പാരിസ് ഉടമ്പടിയിൽനിന്നുള്ള പിന്മാറ്റത്തിന്റെ തുടർച്ചയാണിത്; ഒന്നോർത്താൽ ദുർബലരോടുള്ള എത്ര ‘നിഷ്കളങ്കമായ’ അനീതിയാണ് കാലാവസ്ഥ വ്യതിയാന ആഘാതങ്ങളിലൂടെ നടമാടുന്നതും? വികസ്വര രാജ്യമനുഷ്യർക്ക് ന്യായമായ പങ്ക് കാലാവസ്ഥാ വ്യതിയാനത്തിൽ ഉണ്ടായി വരുമ്പോഴേക്കും ഉച്ചകോടി ചർച്ചകൾ ചൂടുപിടിക്കാൻ തുടങ്ങി. പക്ഷേ, അപ്പോഴേക്കും വികസിത രാഷ്ട്രങ്ങൾക്ക് എല്ലാം ആവശ്യത്തിലധികം കിട്ടി ബോധിച്ചിരുന്നു. ഏറ്റവും കൂടുതൽ പാരിസ്ഥിതിക അനിശ്ചിതത്വം അനുഭവിക്കുന്നതും വികസ്വര രാഷ്ട്രങ്ങളിലെ മനുഷ്യർതന്നെ.

കേരളത്തിൽപോലും സമീപകാലംകൊണ്ട് തുടർക്കഥയായ കാലാവസ്ഥാ ദുരന്തങ്ങളിൽ ഇടങ്ങൾ നഷ്ടമാകുന്നതും അതീവ ദുർബലപ്രദേശങ്ങളിൽപോലും ഭൂവിനിയോഗം തകിടം മറിച്ച ഭൂമാഫിയകൾക്കോ കോർപറേറ്റുകൾക്കോ അല്ല എന്നോർക്കണം. അവർക്ക് കാലാവസ്ഥ മാറ്റമെന്നാൽ വിപണി നഷ്ടമോ സാമ്പത്തികമാന്ദ്യങ്ങളോ സൃഷ്ടിക്കുന്ന താൽക്കാലിക ആവലാതികൾ മാത്രം. അതുകൊണ്ടുതന്നെ വളരെ തന്ത്രപരമായ നിലപാടുകളാണ് ഇവർ പലപ്പോഴും ഈ വിഷയത്തിൽ സ്വീകരിക്കാറ്. ലോക ജനസംഖ്യയുടെ പകുതിയോളം പേർക്ക് കാലാവസ്ഥ മാറ്റത്തിന് ഒന്നല്ലെങ്കിൽ മറ്റൊരുവിധത്തിൽ ഇരയാകേണ്ടിവരുമ്പോൾ ഇവരിൽ ഭൂരിഭാഗവും വികസ്വര രാജ്യങ്ങളിൽ നിന്നുള്ളവരാണ് എന്ന് ഐ.പി.സി.സി യുടെ (intergovernmental Panel on climate change) ആറാം റിപ്പോർട്ടിൽ പറയുന്നു. കാലാവസ്ഥ മാറ്റത്തിന്റെ സങ്കീർണതകൾ പലതരത്തിലാണ് വിതരണം ചെയ്യപ്പെടുക.

ദരിദ്രർ-സമ്പന്നർ, സ്ത്രീ-പുരുഷൻ, പ്രായമായവർ, കുട്ടികൾ, യുവാക്കൾ എന്നിവരിൽ അത് പലതരം ആഘാതങ്ങളുണ്ടാക്കുന്നു. പ്രതിസന്ധികളിൽനിന്നും ഒളിക്കാൻ ദുർബലർക്ക് ഒരു അത്ഭുത പെട്ടകം ഉണ്ടാകില്ല എന്നത് യാഥാർഥ്യമാണ്. ‘ആരെയും പിന്നിലാക്കരുത്’ (leave no one behind) എന്ന് ഐക്യരാഷ്ട്രസഭ ആവർത്തിക്കുമ്പോഴും അപരിചിതമായ ജീവന അനിശ്ചിതത്വങ്ങളിലൂടെ ദുർബലർ വീണ്ടും വീണ്ടും പിന്നിലാവുകതന്നെയാണ്. കാലാവസ്ഥാനീതി എന്ന ആശയം ഇനിയും ഒരുപാട് വ്യാപിക്കേണ്ടതുണ്ട്.

ജീവിച്ചിരിക്കാനുള്ള ന്യായമായ അവകാശം കടലെടുത്തും ഇടിഞ്ഞൊലിച്ചും ഇല്ലാതാകുമ്പോൾ ഒരുകാലത്തും പണബഹളമായ ജീവിത വിശാലങ്ങളിലേക്ക് ഒളിഞ്ഞുപോലും നോക്കാത്ത ഗോത്ര വിഭാഗങ്ങളും തദ്ദേശവാസികളും പരമ്പരാഗതമായി കാർബൺ ന്യൂട്രൽ ആയി തുടരുന്ന അവരുടെ ഇടങ്ങളിൽനിന്നും പാളാത്ത ജീവിതരീതികളിൽനിന്നും മങ്ങിപ്പോകുന്നു. ഗ്രീൻലാൻഡ്, കാനഡ, അലാസ്ക എന്നിവിടങ്ങളിലെ ആർട്ടിക് മേഖലകളിലെ ഇന്യൂട്ടുകളും (inuit tribes) ആഫ്രിക്കയിലെ ഇടയ സമൂഹമായ മാസായി ജനതയും ഇന്ത്യയിലെ ബാറോ സമൂഹവും കേരളത്തിലെ ആദിവാസി ഗോത്രങ്ങളും അവർക്ക് തികച്ചും അജ്ഞാതമായ അവസ്ഥയുടെ വിഷമതകൾ അതിന്റെ തീവ്രതകളിൽ അനുഭവിക്കുന്നു.

ഇന്ത്യൻ ദുരിതങ്ങൾ

ഭൂപ്രകൃതിയുടെ കിടപ്പ് അനുസരിച്ച് കാലാവസ്ഥാ വ്യതിയാനത്തിന്റെ തിരിച്ചടികളും പലതരത്തിലാണ്. അവിശ്വസനീയമാംവിധം വൈവിധ്യങ്ങൾ പേറുന്ന ഇന്ത്യൻ ഭൂപ്രകൃതി ലോകത്തിലെ ഏറ്റവും വൈവിധ്യമുള്ള ഭൂപ്രകൃതികളിൽ ഒന്നാണ്. അതുകൊണ്ടുതന്നെ കാലാവസ്ഥ വ്യതിയാനങ്ങളുടെ ആഘാതങ്ങളും അത്രമേൽ വൈവിധ്യമാർന്നിരിക്കുന്നു. ഉഷ്ണതരംഗം, വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വരൾച്ച, ഹിമാലയൻ പർവതനിരകളിലെ മഞ്ഞുരുകൽ, കൃഷിനാശം, സമൃദ്ധനിരപ്പ് ഉയരൽ തുടങ്ങിയ ബഹുമുഖങ്ങളായ പാരിസ്ഥിതിക ആഘാതങ്ങളുടെ സ്ഥിരമായ ഇരിപ്പിടംകൂടിയാണ് ഇന്ത്യ.

ജർമൻ വാച്ച് സംഘടനയുടെ കണക്കനുസരിച്ച് 1995 മുതൽ 2024 വരെയുള്ള കാലയളവിൽ തീവ്ര കാലാവസ്ഥാ സംഭവങ്ങളിൽ നാശനഷ്ടം നേരിട്ട ഒമ്പതാമത്തെ രാജ്യമാണ് ഇന്ത്യ. ഡൊമിനിക്കൻ റിപ്പബ്ലിക് പോലുള്ള ദ്വീപരാഷ്ട്രങ്ങൾ കാലങ്ങളായി ഒന്നാം റാങ്കിൽതന്നെ നിലനിൽക്കുകയാണ്. ഏറ്റവും പുതിയ കാലാവസ്ഥ അപകടസൂചിക പ്രകാരം (climate Risk index 2026) 1995 മുതൽ 2024 വരെ ഇന്ത്യയിൽ ഏകദേശം 430 കാലാവസ്ഥ ദുരന്തങ്ങൾ ഉണ്ടായിട്ടുണ്ട്. 80,000ലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. പതിനേഴായിരം കോടി യു.എസ് ഡോളറിന്റെ സാമ്പത്തിക നഷ്ടം ഉണ്ടായി. ഇന്ത്യയിലെ വലിയ ജനസംഖ്യയും, ഭൂരിഭാഗം പേരും താമസിക്കുന്ന ദുർഘടം പിടിച്ച പ്രദേശങ്ങളിൽ ദുരന്തത്തിന്റെ ആഘാതം വർധിപ്പിക്കുന്നു. വർഷം കഴിയുംതോറും പുനരധിവാസം ദുർഘടവും അസാധ്യവുമാകും. കാലാവസ്ഥാ അഭയാർഥികൾ കൂടുതൽ ഉണ്ടാവുക ഇന്ത്യ പോലെയുള്ള രാജ്യങ്ങളിൽതന്നെയാകും.

പാരിസ്ഥിതിക ആധി

പുതിയ തലമുറയിൽ ഈ പാരിസ്ഥിതിക ആഘാതങ്ങളെ കുറിച്ച ധാരണ വളർത്തൽ ഒട്ടും എളുപ്പമുള്ള കാര്യമല്ല, രണ്ടായിരത്തിനുശേഷം ജനിച്ചവരുടെ ഓർമയിൽ നമ്മുടെ ഭൂമിയും അതിന്റെ ഋതുക്കളുമില്ല. ഉഷ്ണതരംഗവും ന്യൂനമർദവും ഉരുൾപൊട്ടലും അവരെ സംബന്ധിച്ച് സ്വാഭാവിക കാഴ്ചകളാണ്. പലതരം ദുരന്തങ്ങളുടെ ദൃശ്യവിരുന്നായിട്ടാണ് ലോകം അവരെ അഭിസംബോധന ചെയ്യുന്നത്. എല്ലാത്തിനോടും ഒരു ഉദാസീന കാഴ്ചപ്പാട് ഇത്തരം കാഴ്ചകളിലൂടെ അവരിൽ ഉറക്കുന്നുണ്ട്. ’90കളിലെ ജൂൺ-ജൂലൈ മാസത്തിലെ മഴയവധിയുടെ കേൾവിയനുഭവവും 2025 ഒക്ടോബറിലെ മഴയവധിയുടെ നേരനുഭവവും അവർക്ക് ഒരേ പോലെയാണ്. സ്വാതന്ത്ര്യശേഷം ജനിച്ചവരോട് എത്ര പൊടിപ്പും തൊങ്ങലും വെച്ച് സ്വാതന്ത്ര്യസമരപോരാട്ട വീരചരിത്രം ആവർത്തിച്ചാലും അനുഭവമില്ലാത്ത ഒരു ആവേശക്കുറവ് മുന്നിട്ടുനിൽക്കും.

തലമുറ കടക്കുന്തോറും ചരിത്രത്തോട് വൈകാരിക ബന്ധവും പ്രതിബദ്ധതയും കുറയാനാണ് സാധ്യത. അത്രയും ജാഗ്രതയുള്ള കുട്ടികൾ ഒരുപക്ഷേ തിരിച്ചറിയുന്നുണ്ടെങ്കിലും അവരുടെ എണ്ണം കുറവാണ്. സ്വാഭാവിക പ്രകൃതി, പരിസ്ഥിതിയെ വരച്ചിടുന്ന അവരുടെ പാഠപുസ്തകങ്ങളിലെ ശുദ്ധ പച്ചകൾക്കിടയിൽ പതുങ്ങിനിൽക്കുന്ന ഭീഷണികൾ അവരിനിയും കൂടുതൽ വ്യക്തമായി കാണേണ്ടതുണ്ട്. കൂടുതൽ ശക്തവും വ്യക്തവുമായി അവതരിപ്പിക്കപ്പെടുമ്പഴേ, ആവർത്തനങ്ങൾക്ക് തുടർച്ചയുണ്ടാകുമ്പഴേ, പരിസ്ഥിതി സംതുലിതാവസ്ഥയുടെ വീണ്ടെടുപ്പ് ഏറ്റവും അത്യാവശ്യമായും സ്ഥിരമായും അവരിൽ ഉറയ്ക്കൂ, നീണ്ടുകിടക്കുന്ന സ്വപ്നങ്ങൾക്ക്, ഭാവിക്ക്, പാരിസ്ഥിതിക വെല്ലുവിളികളുടെ ഭീമൻ തടസ്സങ്ങൾ അവരെ കാത്തിരിപ്പുണ്ട്. പ്രതിസന്ധികൾ തരണംചെയ്ത് എങ്ങനെയെങ്കിലുമൊക്കെ വളർന്നുവരാനുള്ള സാധ്യതകൾ മാത്രമാണ് മുന്നിലിപ്പോൾ ഉള്ളത്. പരിസ്ഥിതിയോട് അലസ മനോഭാവം ​െവച്ചു പുലർത്താനുള്ള സ്വാതന്ത്ര്യം ഇന്നൊരു ബാല്യത്തിനുമില്ല.

മുൻ ബാല്യങ്ങളെ കൗമാരങ്ങളെ അപേക്ഷിച്ച് ജീവിതഭാരങ്ങൾ വഹിക്കേണ്ട അവസ്ഥയിൽനിന്നും ഇന്നത്തെ ഭൂരിഭാഗം കുട്ടികൾക്കും ഒഴിഞ്ഞുനിൽക്കാൻ കഴിയുന്നു എങ്കിലും അസംതുലിത പ്രകൃതി അവരെ പരോക്ഷമായി കനത്ത ഉത്തരവാദിത്തമാണ് ഏൽപിച്ചിരിക്കുന്നത്. അവർക്ക് ഒരു വാർഷിക പരിസ്ഥിതി ദിനം മതിയാകില്ല, അതിന്റെ തിടുക്ക സന്ദേശങ്ങളും ​െഗ്രറ്റ ത്യുൻ​ബെറിനെപ്പോലെ ഒരാളോ ഒരു കൂട്ടമോ അല്ല തെളിഞ്ഞു തണുത്ത ജലപാളികൾക്കും ശുദ്ധ ആകാശത്തിനും വേണ്ടി മുറവിളികൂട്ടേണ്ടത്. അവരുടെ വെള്ളിയാഴ്ചകൾ ലക്ഷ്യപ്രാപ്തി എത്തുംവരെ പഠന ശൂന്യമാകണം. നമ്മളെ തണുപ്പിച്ച നമ്മൾ കൊണ്ട മഴകളെ ഉണക്കിപ്പൊടിച്ചാണല്ലോ നാം അവരെ തളിർപ്പിച്ചതും. 2000നു ശേഷം കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട കോഴ്സുകൾ പ്രമുഖ സർവകലാശാലകൾ നടത്തുന്നുണ്ട്. എന്നാൽ, അതിനെ ഒരു ഭാവി ഉറപ്പിന്റെ സാധ്യത എന്ന നിലയിൽ സമീപിക്കാൻ പാടില്ല.

ജർമൻ വാച്ച് പരിസ്ഥിതി സംഘടന പുറത്തിറക്കിയ ഏറ്റവും പുതിയ കാലാവസ്ഥാ അപകടസൂചിക പ്രകാരം ലോകത്തിലാകെ 9400 അധിക തീവ്ര കാലാവസ്ഥ സംഭവങ്ങൾ ഉണ്ടായി 7,65,000 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 4.2 ട്രില്യൻ ഡോളറിന്റെ സാമ്പത്തികനഷ്ടം ഉണ്ടായി. ഈ കണക്കുകളുടെ ആശങ്കകൾ പരിഹരിക്കാനുള്ള ഒരു സാധ്യതയും നിലവിൽ നിലനിൽക്കുന്നില്ല. 2010നു ശേഷം പല വർഷങ്ങളും ചൂടേറിയ വർഷങ്ങളായിരുന്നു. വ്യവസായ വിപ്ലവത്തിനു ശേഷമുള്ള ആഗോള ശരാശരി താപനിലയിലെ വർധന 1.4 ഡിഗ്രി സെൽഷ്യസിൽ എത്തി. ആർട്ടിക് മേഖലയിലെ താപനം ആഗോള ശരാശരിയെക്കാൾ കൂടുതലാണ്. ആഗോളതാപനത്തിന്റെ 90 ശതമാനത്തോളം ചൂടും സമുദ്രങ്ങൾ ആഗിരണംചെയ്യുന്നു. കനത്ത ചൂടിൽ ജലവികാസവും സമുദ്രനിരപ്പിൽ മാറ്റവും വരുന്നു. അമ്ലീകരണംകൊണ്ട് പവിഴപ്പുറ്റുകൾ ഉടഞ്ഞ് അതിന്റെ കാൽപനികതകൾ വെടിയുന്നു.

കടൽജീവികൾ നെട്ടോട്ടമോടുന്നു. ഇതുവരെ ലോകം നേരിട്ട പ്രതിസന്ധികളിൽ ഇത്രയും പരിഹാര വിഷമതകൾ നേരിടുന്ന മറ്റൊന്നും ഉണ്ടായിട്ടില്ല. ഒരു യുദ്ധം നിർത്താൻ, ഒരു അടിച്ചമർത്തൽ അവസാനിപ്പിക്കാൻ ഒരാളോ ഒരു കൂട്ടമോ മതി, ഒരു നിമിഷത്തെ ആലോചന മതി. തനിയെ കെട്ടടങ്ങുന്ന ഒന്നിന്റെ പ്രതീക്ഷ ഒരണുപോലും ഇല്ലാത്ത ഈ ദയനീയ ദുരിതത്തിന് മുന്നിൽ അന്താരാഷ്ട്ര സംഘടനകളുടെ വലുപ്പം ചുരുങ്ങിയൊളിയുന്നു. അതിന്റെ ആകുലതകൾ ഏറ്റെടുക്കുന്ന സർവമത-രാഷ്ട്രീയ കൂട്ടായ്മകൾ ഇല്ല. മുന്നിൽ നിന്ന് നേതൃത്വം നൽകാൻ ഇത് ഒരു പ്രത്യേക ഉടമയുടേതല്ല. ഞങ്ങൾ എന്നുപറയാൻ ഒരു രാഷ്ട്രത്തിനോ ഞാൻ എന്നു പറയാൻ ഒരു വ്യക്തിക്കോ ബാധ്യതയില്ല.

ബുദ്ധിയുറച്ച എല്ലാ മനുഷ്യരും ഒരേപോലെ അതിതാപനഭൂമിക്ക് ഉടമകളാണ്. അതിന് ആധാരമോ ഉടമ്പടികളോ നികുതി രസീതുകളോ ഇല്ല. ജീവിതം എന്നതിനപ്പുറം മറ്റൊരു മഹത്തായ പ്രലോഭനവുമില്ല. സ്ഥിരതയുള്ള ഭൂമിക്കുള്ള ഏറ്റവും വലിയ കൂട്ടായ്മ. ജീവശ്വാസം എന്നേക്കുമായി വിലങ്ങുന്നു എന്ന ഒടുക്ക അറിയിപ്പിൽ നാമെത്ര ദൂരവും സൈക്കിൾ ഓടിക്കും. വാർഷിക ഉച്ചകോടികൾക്കപ്പുറം 24 മണിക്കൂറും താപനഭൂമി നമ്മുടെ ഉത്തരവാദിത്തമാകട്ടെ, അസംതുലിത ഭൂമിയെ കൂടുതൽ കൂടുതൽ ചർച്ചകൾ ചെയ്യുന്ന ഇടങ്ങൾ പെരുകട്ടെ. അധികാര വെൺതണുപ്പുകൾ ഉപേക്ഷിച്ച് മൺചൂട് ഏറ്റെടുക്കാൻ കെൽപുള്ള ജനപ്രതിനിധികൾ ഉണ്ടാകട്ടെ. ആഗോളതലത്തിൽ മുതലെടുപ്പുകൾക്കല്ലാതെ പരിസ്ഥിതി സൗഹാർദങ്ങൾ ഉണ്ടാകട്ടെ.

Show More expand_more
News Summary - Climate change and life on Earth