Begin typing your search above and press return to search.
proflie-avatar
Login

ദുഃഖമേ നിനക്കു പുലർകാല വന്ദനം

ദുഃഖമേ നിനക്കു   പുലർകാല വന്ദനം
cancel

"ചിത്രത്തിന്റെ പോസ്റ്ററിൽ സംവിധായകനായി മല്ലികാർജുന റാവുവിന്റെ പേര് കണ്ടപ്പോൾ ‘കണ്ടവരുണ്ടോ’ എന്ന ചിത്രം തെലുഗു സിനിമയുടെ മലയാളം പകർപ്പാണെന്നു പ്രേക്ഷകർ തെറ്റിദ്ധരിച്ചു. ഇത് ചിത്രത്തിന്റെ കലക്ഷനെ സാരമായി ബാധിച്ചു.’’ ‘കണ്ടവരു​േണ്ടാ’,‘പുഷ്‌പാഞ്‌ജലി’ എന്നീ സിനിമകളുടെ പിന്നണി ഗാനങ്ങളെക്കുറിച്ച്​ എഴുതുന്നു.മലയാള സാഹിത്യത്തിലെ മുൻനിര നോവലിസ്റ്റുകളിലൊരാളാണ് കെ. സുരേന്ദ്രൻ. മനുഷ്യമനസ്സുകളിലെ തുറക്കാത്ത അറകളെപ്പറ്റി ഇത്രയും മനോഹരമായി എഴുതിയിട്ടുള്ള മറ്റൊരു നോവലിസ്റ്റ് ഉണ്ടോ എന്നു സംശയമാണ്. അദ്ദേഹത്തിന്റെ നോവലുകളിൽ പലതും സിനിമയായിട്ടുണ്ട്. കെ.എസ്. സേതുമാധവന്റെ സംവിധാനത്തിൽ...

Your Subscription Supports Independent Journalism

View Plans

"ചിത്രത്തിന്റെ പോസ്റ്ററിൽ സംവിധായകനായി മല്ലികാർജുന റാവുവിന്റെ പേര് കണ്ടപ്പോൾ ‘കണ്ടവരുണ്ടോ’ എന്ന ചിത്രം തെലുഗു സിനിമയുടെ മലയാളം പകർപ്പാണെന്നു പ്രേക്ഷകർ തെറ്റിദ്ധരിച്ചു. ഇത് ചിത്രത്തിന്റെ കലക്ഷനെ സാരമായി ബാധിച്ചു.’’ ‘കണ്ടവരു​േണ്ടാ’,‘പുഷ്‌പാഞ്‌ജലി’ എന്നീ സിനിമകളുടെ പിന്നണി ഗാനങ്ങളെക്കുറിച്ച്​ എഴുതുന്നു.

മലയാള സാഹിത്യത്തിലെ മുൻനിര നോവലിസ്റ്റുകളിലൊരാളാണ് കെ. സുരേന്ദ്രൻ. മനുഷ്യമനസ്സുകളിലെ തുറക്കാത്ത അറകളെപ്പറ്റി ഇത്രയും മനോഹരമായി എഴുതിയിട്ടുള്ള മറ്റൊരു നോവലിസ്റ്റ് ഉണ്ടോ എന്നു സംശയമാണ്. അദ്ദേഹത്തിന്റെ നോവലുകളിൽ പലതും സിനിമയായിട്ടുണ്ട്. കെ.എസ്. സേതുമാധവന്റെ സംവിധാനത്തിൽ മഞ്ഞിലാസിനുവേണ്ടി എം.ഒ. ജോസഫ് കെ. സുരേന്ദ്ര​െന്റ ‘ദേവി’ എന്ന നോവൽ ചലച്ചിത്രമാക്കി. 1972 ഫെബ്രുവരി അഞ്ചാം തീയതി തിയറ്ററുകളിൽ എത്തിയ ‘ദേവി’യിൽ ഷീലയായിരുന്നു നായിക.

ഏതാണ്ട് തുല്യപ്രാധാന്യമുള്ള രണ്ടു പുരുഷകഥാപാത്രങ്ങളായി പ്രേംനസീറും മധുവും പ്രത്യക്ഷപ്പെട്ടു. സുജാത, റാണിചന്ദ്ര എന്നീ നടികൾക്കും പ്രാധാന്യമുള്ള കഥാപാത്രങ്ങളാകാൻ സാധിച്ചു. അടൂർ ഭാസി, ശങ്കരാടി, പറവൂർ ഭരതൻ, മീന, ഫിലോമിന, ഖദീജ തുടങ്ങിയവരും അഭിനേതാക്കളായി ഉണ്ടായിരുന്നു. സംവിധായകനായ സേതുമാധവൻ തിരക്കഥ തയാറാക്കി. നോവലിസ്റ്റ് കെ. സുരേന്ദ്രൻതന്നെ സംഭാഷണം എഴുതി. വയലാറും ദേവരാജനും ചേർന്ന് ഗാനങ്ങളൊരുക്കി. ഉണ്ണായിവാര്യരുടെ ‘നളചരിതം’ ആട്ടക്കഥയിലെ ‘‘സാമ്യമകന്നോരുദ്യാനം എത്രയും അഭികാമ്യം’’ എന്ന പദത്തെ അനുസ്മരിപ്പിച്ചുകൊണ്ട് വയലാർ രചിച്ച ‘‘സാമ്യമകന്നോരുദ്യാനമേ...’’ എന്നു തുടങ്ങുന്ന ഗാനമാണ് ‘ദേവി’ എന്ന സിനിമയെക്കുറിച്ചു ചിന്തിക്കുമ്പോൾ എല്ലാവരും ആദ്യം ഓർമിക്കുക.

ആ ഗാനം അത്രമേൽ സുന്ദരവും പ്രശസ്തവുമാണ്, വയലാറിന്റെ രചനയും ദേവരാജൻ മാസ്റ്ററുടെ ഈണവും യേശുദാസിന്റെ ആലാപനവും ഒരുപോലെ മികച്ചതായി.

 

പ്രേംനസീർ,മധു

പ്രേംനസീർ,മധു

‘‘സാമ്യമകന്നോരുദ്യാനമേ/ കൽപകോദ്യാനമേ -നിന്റെ/ കഥകളിമുദ്രയാം കമലദളത്തിലെൻ/ ദേവിയുണ്ടോ ദേവി..?’’ ഭാവനാസമ്പന്നനായ വയലാർ ഈ ഗാനത്തിലുടനീളം കഥകളിയുമായി ബന്ധമുള്ള പദങ്ങളും ബിംബങ്ങളുമാണ് പ്രയോഗിച്ചിട്ടുള്ളത്. ‘മഞ്ജുതര’, ‘കഥകളി മുദ്ര’, ‘കമലദളം’, ‘ദൂത് പോയൊരു മനോരഥം’ തുടങ്ങിയ പ്രയോഗങ്ങൾ ശ്രദ്ധിച്ചാൽ കഥകളിപ്രിയരായ ശ്രോതാക്കൾക്ക് ഇതു മനസ്സിലാകും. ഗാനം ഇങ്ങനെ തുടരുന്നു:

‘‘മഞ്ജുതരയുടെ മഞ്ഞിൽ മുങ്ങും/ കുഞ്ജകുടീരങ്ങളിൽ/ലാവണ്യവതികൾ ലാളിച്ചു വളർത്തും/ ദേവഹംസങ്ങളേ... -നിങ്ങൾ/ ദൂതുപോയൊരു മനോരഥത്തിലെൻ/ ദേവിയുണ്ടോ ദേവി...’’ ഈ വരികളുടെ ഭാവഭംഗിയും പ്രശംസനീയം തന്നെ. ‘‘മഞ്ജുതരകുഞ്ജലത കേളിശയനേ...’’ എന്നു തുടങ്ങുന്ന അഷ്ടപദിയിലെ വരികളിലാണ് കഥകളിയുടെ തുടക്കത്തിൽ പാടുന്ന മേളപ്പദം ആരംഭിക്കുന്നത്. എല്ലാ വിധത്തിലും പൂർണതയുള്ള ഗാനം എന്ന് ഈ പാട്ടിനെ വിശേഷിപ്പിക്കാം.

യേശുദാസ് തന്നെ പാടിയ ‘‘കറുത്ത സൂര്യനുദിച്ചു’’ എന്ന പാട്ടാകട്ടെ മറ്റൊരു തലത്തിലാണ് നിൽക്കുന്നത്. കഥയുടെ പ്രത്യേകസ്വഭാവവുമായി ലയിച്ചുചേരുന്നുണ്ട് ഈ ഗാനം.

‘‘കറുത്ത സൂര്യനുദിച്ചു/ കടലിൽ വീഞ്ഞു തിളച്ചു/മഞ്ഞിന്റെ മുടി നരച്ചു -മലയിൽ/ കഞ്ചാവുപുക പരന്നു.../തിങ്കൾക്കല മാനത്തു വീണൊരു/ തണുത്ത ചപ്പാത്തിക്കഷണം/ അതു തിന്നാനെൻ വിശപ്പു വീണ്ടും കൈ നീട്ടുന്നു/ എവിടെ -ഞാനെവിടെ.../ അയ്യയ്യോ! ഒരു ചാരായക്കുപ്പിയില്‍/ ഞാൻ മരിച്ചുപോയോ -മുങ്ങിമരിച്ചുപോയോ/ ഈ സമയത്തിന്നലെ ഞാനുണ്ടായിരുന്നു -ഇന്നോ/ ഇന്നു ഞാനെന്നെ തിരയുന്നു -തിരയുന്നു...’’ ഈ വരികൾ ശ്രദ്ധിക്കുക. 1972ൽ വയലാർ എഴുതിയ ഗാനം. ഇന്നത്തെ അത്യാധുനിക കവികളുടെ പ്രയോഗങ്ങളുമായി എന്തൊരു സാമ്യം!

ദേവരാജസംഗീതത്തിൽ പി. സുശീല പാടിയ അതിമനോഹരമായ ഒരു ഗാനംകൂടി ‘ദേവി’യിലുണ്ട്.

‘‘ചന്ദ്രകിരണം ചാലിച്ചെടുത്തൊരു/ സ്വർണതിലകം ചാർത്തി/ പാടാനെത്തി ഭവാനുറങ്ങും പാലാഴിക്കരയിൽ / ഞാനീ പാലാഴിക്കരയിൽ...’’ എന്നു തുടങ്ങുന്ന പാട്ട്‌.

‘‘സർവചരാചരഹൃദയമുണർത്തും/ സാഗരസംഗീതം -എന്റെ/ പുല്ലാങ്കുഴലിൽ നിറയ്ക്കാൻ/ ഏകാകിനിയായ് വന്നു -ഞാൻ/ ഏകാകിനിയായ് വന്നു.../ എന്നെ മൃത്യുവിനുള്ളിലുറക്കി/ പിന്നെയുഷസ്സിലുണർത്തി/ എന്തിനിത്ര മുഖഛായകൾ നീ/ എനിക്കു വെറുതേ നൽകി... നൽകി.’’ ഈ പാട്ടും നായികയുടെ മാനസികസംഘട്ടനവുമായുള്ള ബന്ധം ചിത്രം കണ്ടവർക്ക് മാത്രമേ മനസ്സിലാകൂ. ചിത്രത്തിൽ അവശേഷിക്കുന്ന നാലാമത്തെ ഗാനം പി. ജയചന്ദ്രൻ പാടിയതാണ്‌.

 

വയലാർ,ജി. ദേവരാജൻ

വയലാർ,ജി. ദേവരാജൻ

‘‘പുനർജന്മം ഇത് പുനർജന്മം/ പോകൂ പോകൂ വേദാന്തമേ -നിന്റെ/ പൊയ്‌മുഖം കണ്ടു ഞാൻ മടുത്തു.../ മടുത്തു... മടുത്തു.../ മരിച്ച വസന്തങ്ങൾ പൂവിട്ടുണർന്നു/മണ്ണിന്റെ മടിയിൽ/ മോഹഭംഗങ്ങൾ നേടി പുതിയൊരു / മുഖപ്രസാദം... ആഹാ... മുഖപ്രസാദം.../ സ്വർഗം കിട്ടി ...ഇന്നെനിക്കൊരു സ്വർഗം കിട്ടി...’’ എന്നിങ്ങനെ നീങ്ങുന്ന പാട്ട്‌ ദേവരാജസംഗീതത്തിൽ അപൂർവമായി മാത്രം പ്രത്യക്ഷപ്പെടാറുള്ള ഒരു ‘ഫാസ്റ്റ് നമ്പർ’ ആണെന്നു പറയാം. ‘ദേവി’ ഭേദപ്പെട്ട സിനിമയായിരുന്നു. പക്ഷേ, സാമ്പത്തികമായി ആ സിനിമ വേണ്ടത്ര വിജയിച്ചില്ല.

ആർ.ജെ കംബൈൻസ് ലോബജറ്റിൽ നിർമിച്ച ആക്ഷൻ ചിത്രമാണ് ‘കണ്ടവരുണ്ടോ..?’ തെലുഗു ഭാഷയിൽ ആക്ഷൻ സിനിമകൾ ചെയ്തു പ്രശസ്തനായ മല്ലികാർജുനറാവുവാണ് ‘കണ്ടവരുണ്ടോ?’ എന്ന മലയാള സിനിമയുടെ സംവിധായകൻ. ഇദ്ദേഹം സംവിധാനംചെയ്ത ചില തെലുഗു ചിത്രങ്ങൾ മലയാള ഭാഷയിലേക്കു മൊഴിമാറ്റം (ഡബിങ്) നടത്തിയിട്ടുണ്ട്.

ചിത്രത്തിന്റെ പോസ്റ്ററിൽ സംവിധായകനായി മല്ലികാർജുനറാവുവിന്റെ പേര് കണ്ടപ്പോൾ ‘കണ്ടവരുണ്ടോ’ എന്ന ചിത്രം തെലുഗു സിനിമയുടെ മലയാളം പകർപ്പാണെന്നു പ്രേക്ഷകർ തെറ്റിദ്ധരിച്ചു. ഇത് ചിത്രത്തിന്റെ കലക്ഷനെ സാരമായി ബാധിച്ചു. ആർ.ജെ കംബൈൻസ് ബാനറിൽ നിർമിക്കപ്പെട്ട ഈ ചിത്രത്തിന്റെ നിർമാതാവായി സി.ജെ. രംഗനാഥൻ എന്ന പേരാണ് എഴുതിക്കാണിക്കുന്നതെങ്കിലും യഥാർഥ നിർമാതാവ് തെലുഗുവിലും തമിഴിലും ഹിന്ദിയിലും ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ഫിലിം എഡിറ്റർകൂടിയായ ജംബുവാണ്‌. ഇദ്ദേഹംതന്നെയാണ് തുടർന്ന് മലയാളത്തിൽ ‘മിസ് മേരി’ എന്ന സിനിമയും നിർമിച്ചത്.

‘കണ്ടവരുണ്ടോ’ എന്ന ചിത്രത്തിന്റെ കഥ ഗോപിശങ്കർ എഴുതി. തിരക്കഥയും സംഭാഷണവും ഗാനങ്ങളും രചിച്ചത് ശ്രീകുമാരൻ തമ്പിയാണ്. ആർ.കെ. ശേഖർ സംഗീതസംവിധാനം നിർവഹിച്ചു. യേശുദാസ്, എസ്. ജാനകി, ജയചന്ദ്രൻ, എൽ.ആർ. ഈശ്വരി എന്നിവർ ഗാനങ്ങൾ ആലപിച്ചു. വിൻസെന്റ്, എ.വി.എം. രാജൻ, രേണുക (പുതുമുഖം), സാധന, ശങ്കരാടി, ജയകുമാരി, ശ്രീലത, മുതുകുളം രാഘവൻപിള്ള, പോൾ വെങ്ങോല തുടങ്ങിയവർ അഭിനയിച്ച ‘കണ്ടവരുണ്ടോ?’ 1972 ഫെബ്രുവരി 11ന് പുറത്തു വന്നു. ചിത്രത്തിൽ ആകെ അഞ്ചു പാട്ടുകളുണ്ടായിരുന്നു. തുടക്കം മുതൽ ഒടുക്കം വരെ സംഘട്ടനങ്ങൾ നിറഞ്ഞ സിനിമയിൽ പാട്ടുകൾക്ക് വേണ്ടത്ര സന്ദർഭങ്ങൾ ഉണ്ടായിരുന്നില്ല. ആ ദോഷം പാട്ടുകളെയും ബാധിച്ചു.

 

യേശുദാസ് പാടിയ ‘‘സ്വാഗതം...സ്വാഗതം...’’ എന്ന് തുടങ്ങുന്ന ഗാനം ഇങ്ങനെ: ‘‘സ്വാഗതം സ്വാഗതം സ്വാഗതം/ സരിഗമയിൽ നീങ്ങും സംഗീതമധുരിമേ/ കണ്ണിണയാൽ കവിത ചൊല്ലും/ കളമൊഴിയേ കിളിമൊഴിയേ/ സ്വാഗതം... സ്വാഗതം.../ കൈ തൊട്ടാൽ മുട്ടുന്ന കൽക്കണ്ട മാമ്പഴം/ പാട്ടു കേട്ടാൽ തുള്ളുന്ന പഞ്ചാരമാമ്പഴം/ കല്ലെറിയാൻ പറ്റൂല്ല/ കാറ്റടിച്ചാൽ വീഴൂല്ല/ കണ്ണെറിയാനാരുണ്ട്/ കൈ കൊടുക്കാനാരുണ്ട്/ ആരുണ്ട് ആരുണ്ട് ആരുണ്ട്..?’’ എസ്. ജാനകി പാടിയ രണ്ടു ഗാനങ്ങൾ ചിത്രത്തിലുണ്ടായിരുന്നു.

‘‘വർണശാലയിൽ വരൂ വരൂ.../വസന്തരാഗം പാടുവാൻ/ വരം ലഭിക്കുവാൻ കരം പിടിക്കുവാൻ/ ഈ വർണശാലയിൽ വരൂ വരൂ.../ രാത്രിലില്ലികൾ വിടർന്നു നീളവേ/ രാക്കുയിൽ സ്വയം മറന്നു പാടവേ/ ചിത്രശാലയിൽ എൻ പുഷ്പശയ്യയിൽ/ എത്രയെത്ര ശിശിരങ്ങൾ വീർപ്പുമുട്ടുന്നു/ ആലിംഗനത്തിൻ സുഖം / അറിയുന്നവരേ വരൂ...വരൂ...’’ എന്ന ഗാനവും ‘‘ഉടുക്കു കൊട്ടി പാടും കാറ്റേ ഉത്സവമിന്നെവിടെ/ ഊരു ചുറ്റാനെന്നെക്കൂടി/ തേരിലിരുത്താമോ..? നിന്റെ/ തേരിലിരുത്താമോ..?/ കടലിൽനിന്നോ കരയിൽനിന്നോ/ കവിതക്കാരാ നീ വന്നു.../ കാട്ടിൽനിന്നോ നാട്ടിൽനിന്നോ/ കവർന്നെടുത്തു കൈതപ്പൂ/ എല്ലാർക്കും സ്വന്തക്കാരൻ/ എവിടെയും നാട്ടുകാരൻ -നീ/ എവിടെയും നാട്ടുകാരൻ’’ എന്ന ഗാനവുമാണ് എസ്. ജാനകി പാടിയത്.

പി. ജയചന്ദ്രൻ പാടിയ ‘‘പ്രിയേ നിനക്കുവേണ്ടി നിറച്ചു ഞാനെൻ/ ഹൃദയമധുപാത്രം -പ്രേമ/ വസന്തമധുപാത്രം/ പ്രിയേ നിനക്കുവേണ്ടി...’’ എന്ന് തുടങ്ങുന്ന ഗാനം ഇങ്ങനെ തുടരുന്നു:

‘‘നിനക്കുവേണ്ടി വിരിച്ചു ഞാനെൻ മോഹനീരാളം/ നിനക്കു കേൾക്കാൻ പാടി ഞാനെൻ സ്വർഗസുഖഗാനം/ ഓഹോ... ഓഹോ... പ്രിയേ നിനക്കുവേണ്ടി...’’ എൽ.ആർ. ഈശ്വരി പാടിയതാണ്‌ ചിത്രത്തിലെ അഞ്ചാമത്തെ ഗാനം. ആ ഗാനം ഇതാണ്​: ‘‘കണിക്കൊന്നപോൽ പൊട്ടിച്ചിരിക്കും മാരൻ/ വിരുന്നു വന്നു -രാവിൽ വിരുന്നുവന്നു / മാറിൽ പടർന്നുനിന്നു.../ വർണവാനിൽ സ്വർണമേഘം / സ്വപ്നകാവ്യം നെയ്തുനിന്നു/ മറഞ്ഞുനിന്നു തിങ്കൾ ഒളിഞ്ഞുനോക്കി.../ എത്ര രാഗം പൂത്തിറങ്ങി/ എത്ര നേരം നാമുറങ്ങി/ ഉണർന്നുപോയി -സ്വപ്നം/ കഴിഞ്ഞുപോയി...’’

നിർമാണ​ച്ചെലവ് കുറവായതുകൊണ്ട് ‘കണ്ടവരുണ്ടോ..?’ എന്ന ചിത്രത്തിന് വലിയ നഷ്ടമുണ്ടായില്ല. ചിത്രം തെലുഗുവിലേക്ക് ഡബ് ചെയ്യാൻ സംവിധായകൻ മല്ലികാർജുനറാവുവിന്റെ പേര് സഹായകരമാവുകയും ചെയ്തു. ശ്രീകുമാരൻ തമ്പി-അർജുനൻ ടീമിന്റെ ഹിറ്റ് ഗാനങ്ങളുമായി പ്രേംനസീർ മൂന്നു വേഷങ്ങളിൽ അഭിനയിച്ച ‘പുഷ്‌പാഞ്‌ജലി’ എന്ന സിനിമ പുറത്തുവന്നതും 1972 ഫെബ്രുവരിയിലാണ്. ഡോ. നിഹാർ രഞ്ജൻ ഗുപ്തയുടെ പ്രശസ്ത കഥക്ക് മലയാളത്തിൽ തിരക്കഥയും സംഭാഷണവും ഗാനങ്ങളും എഴുതിയത് ശ്രീകുമാരൻ തമ്പിയാണ്.

ബംഗാളി സിനിമയിലെ സൂപ്പർസ്റ്റാറായിരുന്ന ഉത്തംകുമാർ മൂന്നു വേഷങ്ങളിൽ അഭിനയിച്ച ബംഗാളി ചിത്രത്തിന്റെ കഥയുടെ അവകാശം വിലയ്ക്കുവാങ്ങിയാണ് അസിം കമ്പനിയും പി.വി. സത്യവും ചേർന്ന് ഈ മലയാള ചിത്രം നിർമിച്ചത്. ശശികുമാർ ചിത്രം സംവിധാനംചെയ്തു. ഇതേ കഥ ചില്ലറ മാറ്റങ്ങളോടെ തമിഴിലും നിർമിക്കപ്പെട്ടു, ‘ദൈവമകൻ’ എന്ന പേരിൽ. ഈ ചിത്രത്തിൽ ശിവാജി ഗണേശൻ മൂന്നു വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടു.

യേശുദാസ്,പി. സുശീല

യേശുദാസ്,പി. സുശീല

ശ്രീകുമാരൻ തമ്പിയും അർജുനനും ചേർന്നൊരുക്കിയ ‘പുഷ്‌പാഞ്‌ജലി’യിലെ അഞ്ചു ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടു എന്നു മാത്രമല്ല, മൂന്നുപാട്ടുകൾ സൂപ്പർഹിറ്റുകളാവുകയും ചെയ്തു. യേശുദാസും പി. സുശീലയും മാത്രമേ ഈ സിനിമയിൽ പാടിയിട്ടുള്ളൂ. യേശുദാസ് പാടിയ ‘‘ദുഃഖമേ, നിനക്കു പുലർകാലവന്ദനം/ കാലമേ ,നിനക്കഭിനന്ദനം’’, ‘‘പ്രിയതമേ പ്രഭാതമേ...’’, നീലരാവിനു ലഹരി’’, ‘‘പവിഴം കൊണ്ടൊരു കൊട്ടാരം’’ എന്നീ ഗാനങ്ങളും പി. സുശീല പാടിയ ‘‘നക്ഷത്രകിന്നരന്മാർ വിരുന്നു വന്നു...’’ എന്ന ഗാനവുമാണ് ‘പുഷ്പാഞ്ജലി’യിലെ അഞ്ചു പാട്ടുകൾ. ധനവാനായ അച്ഛൻ, ജനിച്ചപ്പോൾതന്നെ അച്ഛനാൽ ഉപേക്ഷിക്കപ്പെട്ട മൂത്ത മകൻ, അച്ഛൻ ലാളിച്ചുവളർത്തി അങ്ങേയറ്റം വഷളനായിത്തീർന്ന ഇളയ മകൻ... ഇങ്ങനെ മൂന്നു വേഷങ്ങളിലാണ് പ്രേംനസീർ അഭിനയിച്ചത്.

യേശുദാസ് പാടിയ ‘‘ദുഃഖമേ, നിനക്കു പുലർകാല വന്ദനം’’ എന്ന ഗാനത്തിന് ദർബാരി-കാനട രാഗത്തിൽ അർജുനൻ നൽകിയ ഈണം വളരെ മികച്ചതായി. യേശുദാസ് അതിമനോഹരമായി ഈ ഗാനം ആലപിക്കുകയുംചെയ്തു.

‘‘ദുഃഖമേ, നിനക്കു പുലർകാലവന്ദനം/ കാലമേ, നിനക്കഭിനന്ദനം/ എന്റെ രാജ്യം കീഴടങ്ങി/ എന്റെ ദൈവത്തെ ഞാൻ വണങ്ങി.../ ദുഃഖമേ... ദുഃഖമേ...’’ ജനിച്ചപ്പോൾതന്നെ ഉപേക്ഷിക്കപ്പെട്ട മകൻ വളർന്നതിനു ശേഷം രഹസ്യമായി വന്ന് സ്വന്തം അമ്മയെ കണ്ടതിനുശേഷം പാടുന്ന പാട്ടാണിത്. ഗാനം ഇങ്ങനെ തുടരുന്നു:

‘‘കറുത്ത ചിറകുള്ള വാർമുകിലേ/ കടലിന്റെ മകനായ് ജനിക്കുന്നു നീ!/ പിറക്കുമ്പോൾ അച്ഛനെ വേർപിരിയും/ ഒരിക്കലും കാണാതെ നീ കരയും/ തിരിച്ചു പോകാൻ നിനക്കാവില്ല/ തരിച്ചു നിൽക്കാൻ നിനക്കിടമില്ല/നിനക്കിടമില്ല...’’ ‘‘നക്ഷത്ര കിന്നരന്മാർ വിരുന്നു വന്നു...’’ എന്ന ഗാനം സുശീല മലയാളത്തിൽ പാടിയ മികച്ച ഗാനങ്ങളിലൊന്നായി പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

‘‘നക്ഷത്രകിന്നരന്മാർ വിരുന്നുവന്നു.../നവരംഗ ചിത്രവേദിയൊരുങ്ങിനിന്നു/ യാമിനീകന്യക തൻ മാനസവീണയിൽ/ സ്വാഗതഗാനം തുളുമ്പി നിന്നു’’ എന്ന പല്ലവി വളരെ പ്രസിദ്ധമാണ്. ആദ്യചരണം ഇങ്ങനെ:

‘‘പാൽക്കടൽത്തിരമാല പാടി/ പാതിരാത്തെന്നലേറ്റുപാടി/ ശരത്കാല മേളയിൽ മുഴുകാൻ/ ശശിലേഖ മാത്രം വന്നില്ല/ കാത്തിരിപ്പൂ... രജനി... കാത്തിരിപ്പൂ...’’

യേശുദാസ് പാടിയ ‘‘പ്രിയതമേ, പ്രഭാതമേ...’’ എന്ന ഗാനത്തിന്റെ പല്ലവി: ‘‘പ്രിയതമേ, പ്രഭാതമേ/ ഇരുളല തിങ്ങും കരളിന്നിതളിൽ/ വരവർണിനിയായ്‌ വാരൊളി തൂകും/വാസന്ത സൗന്ദര്യമേ...’’ പ്രഥമ ചരണം ‘‘എത്ര കൊതിച്ചു ഞാൻ ഓമനേ...’’ എന്നു തുടങ്ങുന്നു.

‘‘എത്ര കൊതിച്ചു ഞാൻ ഓമനേ നിൻ/ ചിത്രശാലാങ്കണമൊന്നു കാണാൻ/ എത്ര കൊതിച്ചു നിൻ ശീതളപല്ലവ-/ തൽപത്തിലെന്നെ മറന്നുറങ്ങാൻ/ മഞ്ഞലച്ചാർത്തിൽ നീരാടാൻ/ മന്ദപവനനിൽ ചാഞ്ചാടാൻ...’’ യേശുദാസ് പാടിയ ‘‘നീലരാവിനു ലഹരി...’’ എന്നു തുടങ്ങുന്ന ഗാനവും ശ്രോതാക്കൾക്ക് ഇഷ്ടപ്പെട്ടു.

‘‘നീലരാവിനു ലഹരി/ നിയോൺവിളക്കിനു ലഹരി/ആതിര ചന്ദ്രിക കോരിക്കുടിക്കും/ ആകാശത്തിനു ലഹരി.../ ലഹരി...ലഹരി...’’ വരികൾ ഇങ്ങനെ തുടരുന്നു: ‘‘നിന്റെ മിഴികൾ വീഞ്ഞിൽ വളരും/ നീലമത്സ്യങ്ങൾ -സഖീ / നീലമത്സ്യങ്ങൾ/ നിന്റെ നടനം മാനസസരസ്സിൻ/ സ്വപ്നചലനങ്ങൾ/ നിനക്കു ലഹരി എനിക്കു ലഹരി/ ഈ നിമിഷത്തിനു ലഹരി...’’ അടുത്ത ചരണം ‘‘അധരവും അധരവും അടരാടും അസുലഭസുന്ദരരജനി...’’ എന്ന്‌ ആരംഭിക്കുന്നു. യേശുദാസ് തന്നെ പാടിയ ‘‘പവിഴംകൊണ്ടൊരു കൊട്ടാരം...’’ എന്ന ഗാനവും ശ്രോതാക്കൾ ഇഷ്ടപ്പെട്ടു.

‘‘പവിഴംകൊണ്ടൊരു കൊട്ടാരം/ പളുങ്കുകൊണ്ടൊരു കൊട്ടാരം/ കൊട്ടാരത്തിലെ രാജകുമാരിക്ക്/ കൂത്തു കാണാൻ മോഹം/ തെരുക്കൂത്തു കാണാൻ മോഹം.../ രാജ്യമില്ലാത്ത തെരുവുതെണ്ടി/ രാജാപ്പാർട്ടു കെട്ടി/ അന്തപ്പുരത്തിലെ അങ്കണത്തോട്ടത്തിൽ/ രാജാവായവൻ ആടി/കണ്ടവരെല്ലാം നിന്നുചിരിച്ചു/ കേട്ടവരെല്ലാം കൂടെച്ചിരിച്ചു/ രാജകുമാരി തൻ നെഞ്ചിൽ മാത്രം/ താലപ്പൊലിയെടുത്തു... സ്വപ്നം/ താലപ്പൊലിയെടുത്തു.’’

എല്ലാ പാട്ടുകളും നല്ല നിലവാരം പുലർത്തിയ സിനിമയായിരുന്നു ‘പുഷ്‌പാഞ്‌ജലി’. 1972 ഫെബ്രുവരി 18ന് ചിത്രം തിയറ്ററുകളിലെത്തി.

(തുടരും)

News Summary - weekly sangeethayathrakal