Begin typing your search above and press return to search.
proflie-avatar
Login

പൊൻവെയിൽ മണിക്കച്ചയഴിഞ്ഞുവീണു...

പൊൻവെയിൽ  മണിക്കച്ചയഴിഞ്ഞുവീണു...
cancel

ശോഭനാ പരമേശ്വരൻ നായർ നിർമിച്ച ‘നൃത്തശാല’,പി. സുബ്രഹ്മണ്യം ഒരുക്കിയ ‘ശ്രീ ഗുരുവായൂരപ്പൻ’, പി. വിജയൻ സംവിധാനം ചെയ്ത ‘അഴിമുഖം’ എന്നീ സിനിമകളെക്കുറിച്ചും അവയിലെ പാട്ടുകളെക്കുറിച്ചും എഴുതുന്നു.പി. ഭാസ്കരനും രാമു കാര്യാട്ടും ചേർന്ന് സംവിധാനംചെയ്ത ‘നീലക്കുയിൽ’ എന്ന പ്രശസ്ത സിനിമയിൽ സ്റ്റിൽ ഫോട്ടോഗ്രാഫറായി പ്രവർത്തിച്ച വ്യക്തിയാണ് പണ്ട് തൃശൂരിൽ ശോഭനാ സ്റ്റുഡിയോ എന്ന സ്ഥാപനം നടത്തിയിരുന്ന ചിറയിൻകീഴ് സ്വദേശിയായ പരമേശ്വരൻ നായർ. പിൽക്കാലത്ത് അദ്ദേഹം സിനിമാരംഗത്ത് ശോഭനാ പരമേശ്വരൻ നായർ എന്ന പേരിൽ അറിയപ്പെട്ടു. ഒരിക്കൽ വെറുമൊരു സ്റ്റിൽ ഫോട്ടോഗ്രാഫർ മാത്രമായിരുന്ന അദ്ദേഹം ക്രമേണ മലയാള...

Your Subscription Supports Independent Journalism

View Plans

ശോഭനാ പരമേശ്വരൻ നായർ നിർമിച്ച ‘നൃത്തശാല’,പി. സുബ്രഹ്മണ്യം ഒരുക്കിയ ‘ശ്രീ ഗുരുവായൂരപ്പൻ’, പി. വിജയൻ സംവിധാനം ചെയ്ത ‘അഴിമുഖം’ എന്നീ സിനിമകളെക്കുറിച്ചും അവയിലെ പാട്ടുകളെക്കുറിച്ചും എഴുതുന്നു.

പി. ഭാസ്കരനും രാമു കാര്യാട്ടും ചേർന്ന് സംവിധാനംചെയ്ത ‘നീലക്കുയിൽ’ എന്ന പ്രശസ്ത സിനിമയിൽ സ്റ്റിൽ ഫോട്ടോഗ്രാഫറായി പ്രവർത്തിച്ച വ്യക്തിയാണ് പണ്ട് തൃശൂരിൽ ശോഭനാ സ്റ്റുഡിയോ എന്ന സ്ഥാപനം നടത്തിയിരുന്ന ചിറയിൻകീഴ് സ്വദേശിയായ പരമേശ്വരൻ നായർ. പിൽക്കാലത്ത് അദ്ദേഹം സിനിമാരംഗത്ത് ശോഭനാ പരമേശ്വരൻ നായർ എന്ന പേരിൽ അറിയപ്പെട്ടു. ഒരിക്കൽ വെറുമൊരു സ്റ്റിൽ ഫോട്ടോഗ്രാഫർ മാത്രമായിരുന്ന അദ്ദേഹം ക്രമേണ മലയാള സിനിമയിലെ പേരെടുത്ത നിർമാതാക്കളിൽ ഒരാളായി മാറി.

എം.ടി. വാസുദേവൻ നായർ ആദ്യമായി തിരക്കഥ എഴുതിയ ‘മുറപ്പെണ്ണ്’ എന്ന സിനിമയിലെ പാട്ടുകളെക്കുറിച്ച് എഴുതിയപ്പോൾ ഈ വിഷയം വിശദമായി പറഞ്ഞിട്ടുണ്ട്. മികച്ച സിനിമകൾ തുടർച്ചയായി നിർമിച്ച് സാമ്പത്തിക പരാധീനത വന്നപ്പോൾ ഈ നല്ല നിർമാതാവിനും ഒരു വിട്ടുവീഴ്ച ചെയ്യേണ്ടിവന്നു, അങ്ങനെ രൂപവാണിയുടെ മേൽവിലാസത്തിൽ ശോഭനാ പരമേശ്വരൻ നായർ നിർമിച്ച ചിത്രമാണ് ‘നൃത്തശാല’. അതുവരെ എ. വിൻ​െസന്റ്, പി. ഭാസ്കരൻ, രാമു കാര്യാട്ട് തുടങ്ങിയവരാണ് രൂപവാണിയുടെ സിനിമകൾ സംവിധാനം ചെയ്തിരുന്നത്.

‘നൃത്തശാല’യുടെ സംവിധായകനായി നിർമാതാവ് കണ്ടെത്തിയത് അക്കാലത്ത് മലയാളം കമേഴ്‌സ്യൽ സിനിമയിലെ ഹിറ്റ്‌മേക്കർ ആയിരുന്ന എ.ബി. രാജിനെയാണ്. ക്ലാസിക്കൽ നർത്തകിയായ ഒരു യുവതിക്ക് ഉപജീവനത്തിനുവേണ്ടി ഒരു കാബറെ നർത്തകിയായി മാറേണ്ടിവരുന്ന സംഭവമാണ് കഥയുടെ കേന്ദ്രബിന്ദു. തിക്കോടിയൻ എഴുതിയ കഥക്ക് എസ്.എൽ. പുരം സദാനന്ദൻ തിരക്കഥയും സംഭാഷണവും രചിച്ചു. കഥാനായികയായ നർത്തകിയായി ജയഭാരതി അഭിനയിച്ചു. പ്രേംനസീർ, സീമ, രാഘവൻ, ടി.എസ്. മുത്തയ്യ, സുമിത്ര, ടി.പി. രാധാമണി, കെ.പി. ഉമ്മർ, ജോസ് പ്രകാശ്, ജി.കെ. പിള്ള, കനകദുർഗ, ജയകുമാരി തുടങ്ങി സാമാന്യം നല്ല ഒരു താരനിര തന്നെ ‘നൃത്തശാല’യിൽ ഉണ്ടായിരുന്നു. വി. ദക്ഷിണാമൂർത്തി സംഗീതസംവിധാനം നിർവഹിച്ചു.

പി. ഭാസ്കരനും ശ്രീകുമാരൻ തമ്പിയും ‘നൃത്തശാല’ക്കു വേണ്ടി ഗാനങ്ങളെഴുതി; രണ്ടു പാട്ടുകൾ പി. ഭാസ്കരനും അഞ്ചുപാട്ടുകൾ ശ്രീകുമാരൻ തമ്പിയും. കെ.പി. ബ്രഹ്മാനന്ദൻ പാടിയ ‘‘ഉദയസൂര്യൻ നമ്മെയുറക്കുന്നു/രജതതാരകൾ നമ്മെയുണർത്തുന്നു’’ എന്നു തുടങ്ങുന്ന ഭാസ്കര രചനയിലെ ഔചിത്യം ആദരിക്കപ്പെടേണ്ടതാണ്. ഒരു കാബറെ നർത്തകിയുടെയും കാർണിവലിൽ പണിയെടുക്കുന്ന സഹപ്രവർത്തകരുടെയും ജീവിതം വരച്ചുകാണിച്ചിരിക്കുകയാണ് മഹാകവിയായ പി. ഭാസ്കരൻ. നമ്മുടെ രാത്രിയാണ് അവർക്കു പകൽ. നമ്മുടെ പകലാണ് അവർക്കു രാത്രി. രണ്ടു വരികളിലൂടെ കഥയുടെ ആത്മാവ് തന്നെ ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നു. ഭാസ്കരൻ മാസ്റ്ററുടെ പല രചനകൾക്കും ക്ലാസിക് ഛായ ലഭിക്കുന്നത് ഇങ്ങനെയാണ്.

‘‘ഉദയസൂര്യൻ നമ്മെയുറക്കുന്നു/ രജതതാരകൾ നമ്മെയുണർത്തുന്നു/ നിഴൽപ്പാവക്കൂത്തിലെ കളിപ്പാവകൾ ഞങ്ങൾ/ വിളക്കിന്റെ മുന്നിലെ ശലഭങ്ങൾ’’ എന്ന പല്ലവി കഥയുടെ ആത്മാവ് തന്നെ കാട്ടിത്തരുന്നു. തുടർന്നുള്ള വരികളിലും ആശയസമ്പന്നമായ കവിതയുടെ മിന്നലാട്ടം കാണാൻ കഴിയും.

‘‘ഹൃദയത്തിലെപ്പോഴും ബാഷ്‌പസമുദ്രം/ വദനത്തിൽ മഴവില്ലിൻ തേരോട്ടം/ രജനി വന്നുയർത്തുന്ന കൂടാരം പൂകി-/യണിയുന്നു നമ്മളീ മുഖംമൂടി...’’ തുടർന്നുള്ള വരികൾ കൂടുതൽ ഹൃദയസ്പർശിയായിട്ടുണ്ട്.

‘‘കളിയരങ്ങിൽ വാഴും കാമിനിമാരുടെ/ കവിളിൽ പുരട്ടിയ കാഷ്മീരം/ കാണുന്നോർക്കതു രാഗസിന്ദൂരം/ കണ്ണീരിൽ ചാലിച്ച ഹൃദയരക്തം...’’ പി. ഭാസ്കരൻ രചിച്ച രണ്ടാമത്തെ ഗാനം ‘‘മഞ്ഞണിഞ്ഞ മധുമാസനഭസ്സിൽ’’ എന്നു തുടങ്ങുന്നു.

‘‘മഞ്ഞണിഞ്ഞ മധുമാസനഭസ്സിൽ/ കഞ്ജബാണൻ കളിയാടും സരസ്സിൽ/ കഞ്ചുകമില്ലാതെ കാഞ്ചനമില്ലാതെ/ ഇന്ദുലേഖ ജലകേളിക്കിറങ്ങി -ഇവളിറങ്ങി’’ എന്ന ഗാനം എസ്. ജാനകിയാണ് പാടിയത്. പാട്ടിന്റെ ആദ്യചരണം ഇങ്ങനെ: ‘‘കണ്ണുകൾ പൊത്തുവിൻ കണ്ണുകൾ പൊത്തുവിൻ/ വെൺമേഘക്കുന്നിലെ താരകളേ.../ നീരാട്ടു കഴിയുമ്പോൾ നീന്തിനീന്തി തളരുമ്പോൾ/ നീലനിചോളമെടുത്തു ധരിച്ചോട്ടെ -ഇവൾ ധരിച്ചോട്ടെ...’’ ഏഴു പാട്ടുകളുള്ള ‘നൃത്തശാല’യിലെ അവശേഷിക്കുന്ന അഞ്ചു പാട്ടുകൾ ശ്രീകുമാരൻ തമ്പി എഴുതി. ‘‘പൊൻവെയിൽ മണിക്കച്ചയഴിഞ്ഞു വീണു’’, ‘‘ദേവവാഹിനീ തീരഭൂമിയിൽ’’ എന്നീ സൂപ്പർഹിറ്റ് ഗാനങ്ങൾ ‘നൃത്തശാല’യിൽ ഉള്ളവയാണ്.

‘‘പൊൻവെയിൽമണിക്കച്ചയഴിഞ്ഞു വീണു/ സ്വർണപീതാംബരമുലഞ്ഞു വീണു/ കണ്ണന്റെ മന്മഥലീലാവിനോദങ്ങൾ/ സുന്ദരി വനറാണിയനുകരിച്ചു...’’

പണ്ഡിതന്മാർക്കും സാധാരണക്കാർക്കും ഒരുപോലെ ഇഷ്ടപ്പെട്ട ഗാനമാണിത്. ഒരിക്കൽ ഒരു ട്രെയിൻ യാത്രയിൽ കണ്ടുമുട്ടിയപ്പോൾ മഹാകവി വൈലോപ്പിള്ളി ഈ പാട്ടിനെയും ഈ ലേഖകൻ എഴുതിയ മറ്റുചില പാട്ടുകളെയും കുറിച്ച് സംസാരിച്ചത് എന്നും അഭിമാനപൂർവം ഓർമിക്കും.

‘‘സന്ധ്യയാം ഗോപസ്ത്രീ തൻ മുഖം തുടുത്തു/ ചെന്തളിർമെയ്യിൽ താരനഖമമർന്നു/രാജീവനയനന്റെ രതിവീണയാകുവാൻ/രാധികേ ഇനിയും നീ ഒരുങ്ങിയില്ലേ..?’’ എന്ന ചരണവും ‘‘കാഞ്ചനനൂപുരങ്ങൾ അഴിച്ചുവെച്ചു കാളിന്ദി പൂനിലാവിൽ മയക്കമായി’’ എന്നു തുടങ്ങുന്ന രണ്ടാം ചരണവും സംഗീതപ്രേമികളായ സഹൃദയർക്ക് കാണാപ്പാഠമാണ്.

 

യേശുദാസ് തന്നെ പാടിയ ‘‘ദേവവാഹിനീ തീരഭൂമിയിൽ...’’ എന്ന ഗാനം ദക്ഷിണാമൂർത്തി സ്വാമി അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട രാഗമായ ഖരഹരപ്രിയയിലാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഈ ലേഖകനും വി. ദക്ഷിണാമൂർത്തിയും ചേർന്ന് ഖരഹരപ്രിയയിൽ ഒരുക്കിയ എല്ലാ പാട്ടുകളും സൂപ്പർഹിറ്റുകളാണ്. (‘‘ഉത്തരാസ്വയംവരം കഥകളി’’, ‘‘മനോഹരീ നിൻ മനോരഥത്തിൽ’’, ‘‘അശോകപൂർണിമ വിടരും വാനം...’’ അങ്ങനെ എത്രയെത്ര ഖരഹരപ്രിയകൾ...)

‘‘ദേവവാഹിനീ തീരഭൂമിയിൽ/ ദേവതാരപ്പൂന്തണലിൽ/ ഇന്ദ്രജാലമഹേന്ദ്രജാല ചന്ദ്രികാങ്കണത്തിൽ/നീ വരൂ സഖീ നീ വരൂ / നിൻ കിനാവിൻ മധു തരൂ...’’ എന്ന പല്ലവിക്ക് സംവിധായകൻ നൽകിയ ദൃശ്യഭാഷയും ആകർഷകമായിരുന്നു.

ആദ്യചരണം ഇങ്ങനെ: ‘‘പുളകപ്പുതുമലർത്തോരണം ചാർത്തിയ/ പുരുഷവാഹനത്തിൽ/ ദേവകുമാരിയായ്‌ നീയുയരുന്നെൻ/ മായാമോഹവിയത്തിൽ/ ഈയാനന്ദ സുഗന്ധോന്മാദം/ എന്നെ മന്മഥനാക്കി.../ നിന്നെ രതിദേവിയാക്കി’’ (പുരുഷവാഹനം എന്നാൽ ‘പല്ലക്ക്’ എന്നാണ് അർഥം. പുരുഷന്മാർ ചുമക്കുന്ന വാഹനമായതുകൊണ്ടാണ് ആ പേര് വന്നത്.)

പി. ജയചന്ദ്രൻ പാടിയ ‘‘സൂര്യബിംബം നാളെയുമുദിക്കും’’ എന്ന ഗാനവും സന്ദർഭോചിതമായിരുന്നു. ‘‘സൂര്യബിംബം നാളെയുമുദിക്കും/സൂനവാപികൾ നാളെയും പൂക്കും/ആരു ചിരിച്ചാലും ആരു കരഞ്ഞാലും/അച്ചുതണ്ടിൽ ഭൂഗോളം തിരിയും...’’ ഈ ഗാനത്തിന്റെ ആദ്യചരണം ഇങ്ങനെ: ‘‘കമ്രനക്ഷത്രത്തിൻ/കനകപ്രഭോത്സവം/കാർമേഘമെത്ര നാൾ കവർന്നുവെക്കും/മധുരപ്രവാഹിനിതൻ വഴിത്താരയിൽ/മണൽക്കൂനയെത്രനാൾ ഉയർന്നുനിൽക്കും?’’

ബി. വസന്ത പാടിയ ‘‘മദനരാജൻ വന്നു തോഴീ’’ എന്ന സെമിക്ലാസിക്കൽ ഗാനം നായികയുടെ ക്ലാസിക്കൽ നൃത്തരംഗത്താണ് ഉപയോഗിച്ചിട്ടുള്ളത്. ‘‘മദനരാജൻ വന്നു തോഴീ/ മന്ദം അരികിലിരുന്നു/ പുളകമലിയും ചിരി പകർന്നു –അവൻ/ പുതിയ രാഗം പാടിത്തന്നു...’’ തുടർന്നുള്ള വരികളിലും ഇതേ രീതിയിലുള്ള പദങ്ങളാണ് ചേർത്തിട്ടുള്ളത്. ‘‘സുഗമസരളസുഖഗീതികൾ ചൊരിഞ്ഞു/ സുമതരുനിരകളിൽ രാക്കിളികൾ/ പ്രണയതരളമധുശ്രുതികളുണർത്തി/ മണമുണ്ടു മണമൂറും ചെറുതെന്നൽ...’’

കഥാനായികയായി അഭിനയിക്കുന്ന ജയഭാരതിയുടെ ക്ലാസിക്കൽ നൃത്തത്തിനുള്ള ഗാനമാണ് മുകളിൽ കൊടുത്തിട്ടുള്ളതെങ്കിൽ അവർ കാബറെ നൃത്തമാടുമ്പോൾ ഉള്ള ഗാനമാണ് ഇനി കൊടുക്കുന്നത്. ഈ ഗാനം പാടിയത് എൽ.ആർ. ഈശ്വരിയാണ്.

‘‘ചിരിച്ചതു ചിലങ്കയല്ല, ചിലമ്പുമെൻ പൂമനം/ വിളിച്ചതെൻ ഗാനമല്ല/ തുളുമ്പുമെൻ യൗവനം.../ യൗവനം യൗവനം യൗവനം/ പ്രേമമദം കൊള്ളും ഗാനരസം/ ഗാനമദം കൊള്ളും പാദസരം/ രാഗതാളസംഗമത്തിൻ സുഖമറിയാമോ/ രാത്രിവണ്ടിൻ ചുണ്ടിലൂറും സ്വരമറിയാമോ/ അറിയാമോ... അറിയാമോ... അറിയാമോ...’’ ഏതാണ്ട് ഇതേ ഭാവത്തിൽതന്നെയുള്ള ഒരു ചരണംകൂടി പാട്ടിലുണ്ട്.

1972 സെപ്റ്റംബർ ഒമ്പതിന് ‘നൃത്തശാല’ എന്ന സിനിമ തിയറ്ററുകളിലെത്തി. ചിത്രത്തിലെ ഏഴു പാട്ടുകളും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ ശ്രദ്ധിക്കപ്പെട്ടു. സിനിമ സാമ്പത്തിക വിജയം നേടുകയും ചെയ്തു. നീലാ പ്രൊഡക്ഷൻസിന്റെ ബാനറിൽ മെറിലാൻഡ് സ്റ്റുഡിയോയിൽ സംവിധായക നിർമാതാവായ പി. സുബ്രഹ്മണ്യം ഒരുക്കിയ ചിത്രമാണ് ‘ശ്രീ ഗുരുവായൂരപ്പൻ’. നാഗവള്ളി ആർ.എസ്. കുറുപ്പ് തിരക്കഥയും സംഭാഷണവും എഴുതിയ ഈ ചിത്രം നിർമാതാവ് തന്നെയാണ് സംവിധാനം ചെയ്തത്.

ഒ.എൻ.വി എഴുതിയ ഗാനങ്ങൾക്ക് വി. ദക്ഷിണാമൂർത്തി സംഗീതം നൽകി. ചിത്രം ഗാനസമൃദ്ധമായിരുന്നു. ഒ.എൻ.വിയുടെ ഗാനങ്ങളോടൊപ്പം മേൽപത്തൂരിന്റെ ‘നാരായണീയ’ത്തിൽനിന്നുള്ള ശ്ലോകങ്ങളും പൂന്താനത്തിന്റെ ‘ജ്ഞാനപ്പാന’യിൽനിന്നുള്ള വരികളും ചിത്രത്തിൽ ഉൾപ്പെടുത്തിയിരുന്നു. ചിത്രത്തിനുവേണ്ടി മാത്രം എഴുതപ്പെട്ട പാട്ടുകളെക്കുറിച്ചു മാത്രമേ ഇവിടെ പ്രസ്താവിക്കുന്നുള്ളൂ എന്നറിയിക്കട്ടെ.

‘‘ഈശ്വരൻ മനുഷ്യനായ് അവതരിച്ചു -ഈ/ മണ്ണിൻ ദുഃഖങ്ങൾ സ്വയം വരിച്ചു/ ഇരവും പകലും കരയും കടലും/ ഇട ചേർന്ന നാടക കളിയരങ്ങിൽ’’ എന്നു തുടങ്ങുന്ന ഗാനമാണ് കൂട്ടത്തിൽ ഏറ്റവും മികച്ചത്. യേശുദാസ് പാടിയ ഗാനം ഇങ്ങനെ തുടരുന്നു.

‘‘കർമഫലങ്ങൾ പിന്തുടരുന്നു/ കയ്പും മധുരവും പകരുന്നു/അവതാരനാടകം അവിരാമം തുടരുന്നു/ അരങ്ങുകൾ മാത്രം മാറുന്നു...’’ യേശുദാസ് പാടിയ മറ്റൊരു ഗാനം മഹാവിഷ്ണുവിന്റെ അവതാരകഥ വർണിക്കുന്നതാണ്.

‘‘ആദിയിൽ മത്സ്യമായി ദേവൻ അവതരിച്ചു/ വേദങ്ങൾ വീണ്ടെടുത്തു/ ആഴിയിൽ താണുപോയ മന്ഥരപർവതത്തെ/ആമയായ്... ചെന്നുയർത്തി.../വന്നു വരാഹമായ് ആ ഹിരണ്യാക്ഷനെ കൊന്നു/ വിശ്വത്തെ രക്ഷിച്ചു ദേവൻ/ഭക്തനാം പ്രഹ്ലാദനെ തുണചെയ്യുവാൻ/ ഉഗ്രനരസിംഹ മൂർത്തിയായി...’’

ഇപ്രകാരം മത്സ്യം മുതൽ കൽക്കി വരെയുള്ള പത്ത് അവതാരങ്ങളെക്കുറിച്ച് വളരെ ലളിതമായ ഭാഷയിൽ മലയാളം പ്രഫസർകൂടിയായിരുന്ന ഒ.എൻ.വി പറഞ്ഞിരിക്കുന്നു.

‘‘ഉൽക്കട ദുഃഖങ്ങൾ തേങ്ങും യുഗാന്ത്യത്തിൽ/കൽക്കിയാവുന്നു ദേവൻ...’’ എന്നിങ്ങനെ ഈ ദീർഘമായ പാട്ട് അവസാനിക്കുന്നു. യേശുദാസും സംഘവും പാടിയ ‘‘ഇന്ദീവരനയനാ -കൃഷ്ണാ/ ഇന്ദ്രനീലമണിവർണാ/ ഇന്ദിരാരമണാ നീയെന്നുള്ളിൽ/ ഇന്ദുബിംബമായ് ഉദിക്കേണം/ കൃഷ്ണാ കൃഷ്ണാ മഥുരാധിപാ കൃഷ്ണാ/ കൃഷ്ണാ കൃഷ്ണാ മധുസൂദനാ കൃഷ്ണാ’’ എന്ന പാട്ട് ഭക്തിനിർഭരമാണ്.

‘‘കറയറ്റ ഭക്തി തൻ കർപ്പൂരത്തിരിനാളം/കതിർ തൂകും ഹൃദയവുമായ്/ ഇരുളിൽ നടന്നുപോം പഥികരേ നിങ്ങൾക്കായ്/തിരുനട തുറന്നീടുന്നു -സ്വർഗത്തിൻ/ തിരുനട തുറന്നീടുന്നു...’’

ഗായിക അമ്പിളി കുട്ടിയായ പൂജാരിക്ക് വേണ്ടി പാടിയ ഗാനം സൂപ്പർഹിറ്റ് ആയി. ചിത്രത്തിലെ ഏറ്റവും ഭക്തിനിർഭരമായ രംഗങ്ങളിൽ ഒന്നായിരുന്നു അത്.

 

പി. ഭാസ്കരൻ,ശ്രീകുമാരൻ തമ്പി

പി. ഭാസ്കരൻ,ശ്രീകുമാരൻ തമ്പി

‘‘ഗുരുവായൂരപ്പന്റെ തിരുവമൃതേത്തിനു/ ഉരുളി നിറച്ചും പാൽച്ചോറുവെച്ചു/ കദളിപ്പഴം ​െവച്ചു പഞ്ചാര നേദിച്ചു/ തുളസിപ്പൂവിട്ടു ഞാൻ പൂജിച്ചു.../ ഭഗവാനിതെന്തേ കഴിക്കാത്തൂ/ ഒരു പഴം പോലുമെടുക്കാത്ത/ പുത്തരി പോരാഞ്ഞോ മധുരം പോരാഞ്ഞോ/ അച്ഛന്റെ കൈകൊണ്ടു നേദിക്കാഞ്ഞോ..?’’ എന്നിങ്ങനെ തുടരുന്ന ഗാനത്തിൽ തുടിക്കുന്ന നിഷ്കളങ്കത അനുപമമായിരുന്നു. അമ്പിളി അത് മനോഹരമായി പാടുകയും ചെയ്തു. പി. ലീലയും ശൂലമംഗലം രാജലക്ഷ്മിയും ചേർന്നു പാടിയ തുടക്കത്തിൽ വിരുത്തത്തോടു കൂടി പാടുന്ന പാട്ടും നന്നായിരുന്നു.

(വിരുത്തം എന്നാൽ രാഗഭാവത്തിനു പ്രാധാന്യം നൽകി വരികൾ താളമില്ലാതെ പാടുന്നത്)

‘‘വിരുത്തം /പീലിപ്പൂമുടി ചാർത്തി നിൽക്കും അഴകേ/ നീലാഞ്ജനശ്രീയെഴും ഫാലത്തിൽ/ ഹരിചന്ദനക്കുറിനിലാവോലുന്ന ലാവണ്യമേ/ കാലത്തിൻ നറും പാൽക്കടൽത്തിരകൾമേൽ/നീലോൽപലം പോൽ വിടർന്നാലോലസ്മിത/ കാന്തി തൂകിയഖിലം പാലിക്കുമൈശ്വര്യമേ../ പാട്ട് /ഹൃദയക്ഷേത്രതലത്തിലിരിക്കും/ മധുരമനോഹരവിഗ്രഹമേ/ അറിവായ്‌ അഴകായ് ആനന്ദത്തിൻ/ അമൃതായ് വിലസും വിഗ്രഹമേ’’ എന്നിങ്ങനെ തുടരുന്നു ഈ കീർത്തനം.

തമിഴ്‌നാട്ടിലെ പ്രശസ്തയായ ഗായികയാണ് ശൂലമംഗലം രാജലക്ഷ്മി. തമിഴ് ഭക്തിഗാനങ്ങൾ അനേകം പാടിയിട്ടുള്ള ഈ ഗായിക കർണാടകസംഗീത വിദുഷിയാണ്.

 

വി. ദക്ഷിണാ​മൂർത്തി,ശോഭനാ പരമേശ്വരൻ

വി. ദക്ഷിണാ​മൂർത്തി,ശോഭനാ പരമേശ്വരൻ

എസ്. ജാനകി പാടിയ ‘‘ഒരു വരം തേടി വന്നു...’’ എന്നു തുടങ്ങുന്ന ഗാനവും ഒട്ടൊക്കെ ശ്രദ്ധേയമായി. ‘‘ഒരുവരം തേടി വന്നു ഗുരുവായൂർ തിരുനടയിൽ/ കരുണ തൻ പാലാഴിക്കരയിൽ/ ഇരു കയ്യുമുയർത്തി ഞാൻ/ തൊഴുതു നിന്നവിടുത്തെ/ തിരുനാമമുരുവിടുന്നു -കൃഷ്ണാ, ഗുരുവായൂരപ്പാ...’’

പി. സുശീല പാടിയ ഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘പൊന്നമ്പല നടവാതിലടഞ്ഞു/സ്വർണദീപങ്ങളണഞ്ഞു/ മഞ്ജുളയുടെ മാനസശ്രീകോവിലിൽ/ കണ്ണാ -പുണ്യദർശനമാകൂ...’’ ഗുരുവായൂർ ഭക്തയായ മഞ്ജുള എന്ന കഥാപാത്രം പാടുന്ന ഗാനമാണിത്. ഗുരുവായൂർ ക്ഷേത്രത്തിന്റെ പരിസരത്തുള്ള മഞ്ജുള ആൽമരം ഈ സ്ത്രീയുടെ സ്മാരകമാണ്.

പി. സുശീലയും കെ.പി. ബ്രഹ്മാനന്ദനും പാടിയ നൃത്തഗാനത്തിനു ദൈർഘ്യം കുറവാണ്. ‘‘രാധികേ.../ രാധികേ... മമഹൃദയ രാധികേ/ രാജീവനേത്രനിതാ നിന്നരികെ/ രാഗസരസ്സിൽ നീന്തും രാജഹംസമേ -ഇനി/ രാസവിലാസകേളിയാടൂ/ മുല്ലപ്പൂ ചൂടി മണിമുത്തുച്ചിലങ്ക പാടി/ പീലികളാടി വനമാലകൾ മാറിലാടി/ രാസവിലാസ കേളിയാടൂ...ആടൂ...’’

പി. ജയചന്ദ്രനും സംഘവും പാടിയ നൃത്തഗാനം ഇങ്ങനെ: ‘‘തിരവലിക്കും തേരിലേറി/ പാഞ്ഞുപോകണ കാറ്റേ/ തിര മുറിക്കും തോണികള് വരണ കണ്ടോ/ വലവീശി വരണേ വഴിമാറിത്തരണേ/ വടിയോങ്ങി നടക്കണ വടക്കൻ കാറ്റേ...’’ ‘‘തങ്കമകുടം ചൂടി...’’ എന്നു തുടങ്ങുന്ന പാട്ട് ചിത്രത്തിന്റെ ശീർഷക ഗാനമാണ്.

‘‘തങ്കമകുടം ചൂടി നിൽപ്പൂ/ തമ്പുരാന്റെ തിരുനിലയം/ അൻപാർന്നെല്ലാം പാലിക്കുന്നൊരു/ തമ്പുരാന്റെ തിരുനിലയം.../കണ്ണിനു പൂക്കണിയാകും ഹരിയുടെ/ അഞ്ജനവിഗ്രഹം കാണേണം/ ശംഖചക്രഗദാപത്മങ്ങളും/ അംഗശോഭയും കാണേണം...’’

സംഗീത സംവിധായകനായ വി. ദക്ഷിണാമൂർത്തി തന്നെയാണ് ഈ ഗാനം പാടിയത്. ഈ പാട്ട് യേശുദാസിന്റെ ശബ്ദത്തിലുമുണ്ട്. യേശുദാസ് പാടിയ മറ്റൊരു ഗാനം ‘‘വിണ്ണിൽ തിങ്കളുദിച്ചപ്പോൾ...’’ എന്നാരംഭിക്കുന്നു.

‘‘വിണ്ണിൽ തിങ്കൾ ഉദിച്ചപ്പോൾ -അവർ/കണ്ണന്റെ പുഞ്ചിരിയെന്നോർത്തു/ നീലാമ്പൽപൂ കണ്ടവർ കണ്ണന്റെ/ കാലടിപ്പൂവുകളെന്നോർത്തു/ കൊന്നമലർക്കുല കണ്ടവർ കണ്ണന്റെ/ കിങ്ങിണിപ്പൂമണിയെന്നോർത്തു/ പൊന്നരളിപ്പൂ കണ്ടവർ കണ്ണന്റെ/ മഞ്ഞപ്പൂന്തുകിലെന്നോർത്തു...’’ ഇങ്ങനെ ഗാനം തുടർന്നുപോകുന്നു. പി. ലീല പാടിയ ഒരു ഭക്തിഗാനവും ചിത്രത്തിലുണ്ട്.

‘‘താപങ്ങളകറ്റുക താമരക്കണ്ണാ/ താമസമരുതരുതേ -കണ്ണാ / താർമകൾ തഴുകും നിൻ പദം കനിവിൻ/ താഴികക്കുടമല്ലേ..?’’ എന്നു തുടങ്ങുന്നു ഈ പാട്ട്.

‘നാരായണീയ’ത്തിലെ ശ്ലോകവും ‘ജ്ഞാനപ്പാന’യിലെ വരികളും യേശുദാസാണ് പാടിയത്. അനവധി ഗാനങ്ങൾ ഉണ്ടായിട്ടും ഒരു വലിയ മ്യൂസിക്കൽ ഹിറ്റ് എന്ന നിലയിലേക്ക് ഈ ചിത്രം ഉയർന്നില്ല. ‘‘ഈശ്വരൻ മനുഷ്യനായ് അവതരിച്ചു’’ എന്ന യേശുദാസ് ഗാനവും ‘‘ഗുരുവായൂരപ്പന്റെ തിരുവമൃതേത്തിന്’’ എന്ന അമ്പിളിയുടെ ഗാനവും മാത്രമേ കാലത്തെ അതിജീവിക്കുകയുണ്ടായുള്ളൂ. 1972 സെപ്റ്റംബർ 11ന് ‘ശ്രീ ഗുരുവായൂരപ്പൻ’ റിലീസ് ചെയ്തു.ചിത്രം സാമ്പത്തികവിജയം നേടി. ചിത്രം തമിഴിലേക്കും തെലുഗുവിലേക്കും പരിഭാഷപ്പെടുത്തുകയും ചെയ്തു.

1972 സെപ്റ്റംബർ 22ന്​ കേരളത്തിലെ തിയറ്ററുകളിൽ എത്തിയ ‘അഴിമുഖം’ എന്ന സിനിമ ക്രിയേച്ചർ ആർട്സിനുവേണ്ടി പി. വിജയനാണ് സംവിധാനം ചെയ്തത്. മധു, ജയഭാരതി, സുജാത, അടൂർ ഭാസി, കെ.പി. ഉമ്മർ, ജോസ് പ്രകാശ്, ബഹദൂർ, നെല്ലിക്കോട് ഭാസ്കരൻ, ശ്രീലത, കൊച്ചിൻ ഹനീഫ, ടി.കെ. ബാലചന്ദ്രൻ, വഞ്ചിയൂർ രാധ തുടങ്ങിയവർ അഭിനയിച്ചു. പി.കെ. മാത്യുവിന്റെ കഥക്ക് ജേസി തിരക്കഥയും സംഭാഷണവും എഴുതി. മങ്കൊമ്പ് ഗോപാലകൃഷ്ണനും നാടകഗാനരചയിതാവ് എന്ന നിലയിൽ പ്രശസ്തനായ പൂച്ചാക്കൽ ഷാഹുൽ ഹമീദും എഴുതിയ ഗാനങ്ങൾക്ക് എം.എസ്. ബാബുരാജ് ഈണം നൽകി. യേശുദാസ്, എസ്. ജാനകി, എൽ.ആർ. ഈശ്വരി, സി.ഒ. ആന്റോ എന്നിവരോടൊപ്പം എം.എസ്. ബാബുരാജും പാട്ടുകൾ പാടി. ആകെ ആറു പാട്ടുകൾ ചിത്രത്തിലുണ്ടായിരുന്നു. മൂന്നു പാട്ടുകൾ മങ്കൊമ്പും മൂന്നു പാട്ടുകൾ ഷാഹുൽ ഹമീദും എഴുതി. മങ്കൊമ്പ് എഴുതിയ ‘‘കലിയോടു കലികൊണ്ട കടലലകൾ’’ എന്നു തുടങ്ങുന്ന ഗാനമാണ് യേശുദാസ് ആലപിച്ചത്

‘‘കലിയോടു കലികൊണ്ട കടലലകൾ/ കരയിലേക്കലറിക്കൊണ്ടടുക്കുന്നു.../ അര ഞൊടിക്കുള്ളിലീ തീരത്തിൽ/ അവസാനം തല തല്ലിത്തകരുന്നു’’ എന്ന് പല്ലവി. ‘അഴിമുഖം’ എന്ന പേരിനോട് അടുത്തുനിൽക്കുന്നു കടൽ, തിരകൾ എന്നീ ബിംബങ്ങൾ.

ആദ്യത്തെ ചരണം ഇങ്ങനെയാണ്: ‘‘മരണവും ജനനവും ഈ തീരത്തു വന്നിരുന്നു/ മണ്ണപ്പം ചുട്ടു കളിക്കുന്നു/ മുഖത്തോടു മുഖം നോക്കും ഉദയാസ്തമയങ്ങൾ/ മൂടുപടത്തിനുള്ളിൽ ഒളിക്കുന്നു...’’ ഗോപാലകൃഷ്ണന്റെ മികച്ച രചനകളിലൊന്ന്. ബാബുരാജിന്റെ ഈണവും മോശമായില്ല. മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ ‘‘അരികിൽ അമൃതകുംഭം’’ എന്നു തുടങ്ങുന്ന പാട്ട് മാദകത്വം നിറഞ്ഞതാണ്. സ്വാഭാവികമായും എൽ.ആർ. ഈശ്വരിയാണ് ആ വരികൾക്ക് ശബ്ദം നൽകിയത്.

എം.എസ്. ബാബുരാജ്,പൂച്ചാക്കൽ ഷാഹുൽ ഹമീദ്

എം.എസ്. ബാബുരാജ്,പൂച്ചാക്കൽ ഷാഹുൽ ഹമീദ്

 

‘‘അരികിൽ അമൃതകുംഭം/ അചുംബിതമെൻ നിതംബം/ അതിലും മധുരം അധരം/ അതിഥീ എന്നെ പുണരൂ...’’ എന്നിങ്ങനെ തുടങ്ങുന്ന ഗാനത്തിന്റെ പൊതുസ്വഭാവം വ്യക്തം. വരികൾ തുടരുന്നു: ‘‘മുന്നിൽ ഞാൻ സുരസുന്ദരി/ മുകർന്നാൽ ഉന്മാദലഹരി/ പുളകം മെയ്യിലുണരാൻ/ പുണരൂ എന്നെ പുണരൂ...’’

മങ്കൊമ്പിന്റെ മൂന്നാമത്തെ രചനക്ക് ശബ്ദം നൽകിയത് എസ്. ജാനകിയാണ്. ‘‘ഓരില ഈരില കാടുറങ്ങി/ ഓമനത്തിങ്കൾക്കുടമുറങ്ങി/ ആശ തൻ ആരംഭപ്പൂമോനേ/ ആരോമലേ നീയുറങ്ങുറങ്ങൂ’’ എന്നു തുടങ്ങുന്ന താരാട്ട് വ്യത്യസ്തതയുള്ളതാണ്. ഈ ഗാനത്തിന്റെ രണ്ടാമത്തെ ചരണം നന്ന്. അതിങ്ങനെയാണ്: ‘‘കണ്ണീർ കുടിക്കാനീ ദുനിയാവിൽ –എന്റെ/ ഖൽബിലെ കനിയായ് നീ പിറന്നു/ കണ്മണിയായ് നീ വളരേണം –എൻ/ കണ്ണീർ തുടക്കാൻ വളരേണം...’’

പൂച്ചാക്കൽ ഷാഹുൽ ഹമീദ് എഴുതിയ ‘‘അഴിമുഖം കണി കാണും പെരുമീനോ...’’ എന്ന ഗാനം എം.എസ്. ബാബുരാജ് തന്നെയാണ് പാടിയത്. സിനിമാ ഗാനങ്ങൾ അധികമൊന്നും എഴുതിയിട്ടില്ലെങ്കിലും പൂച്ചാക്കൽ ഷാഹുൽ ഹമീദ് ഇരുത്തം വന്ന ഗാനരചയിതാവാണ്‌; പ്രത്യേകിച്ചും മാപ്പിളപ്പാട്ടുകളുടെ രചനയിൽ. സംഗീതസംവിധായകൻ തന്നെ പാടിയ ഈ ഗാനം പരിശോധിക്കാം.

‘‘തനതന്ത താനാ തന്ത താനിനാനോ തന്ത/ താനിന്നാനോ തന്ത താനിനാനോ/ അഴിമുഖം കണികാണും പെരുമീനോ –എന്റെ/ കരളില് ചാടിവീണ കരിമീനോ.../ തുഴ മുത്തി വിരിക്കുന്ന നുണക്കുഴികൾ/ പുഴയെന്നു കടം നൽകി പറയൂല്ലേ/ അയലത്തെ മുല്ലവള്ളി പൂത്ത രാവിൽ –നാണം/ കസവിട്ട പട്ടുതട്ടം നിലാവ് തന്നു... /കിനാവിൽ വന്നുണർത്തീട്ടു മറഞ്ഞുപോയി / കരിവള ചിലച്ചപ്പോൾ ഭയന്നുപോയി...’’ എന്നിങ്ങനെ അനായാസം ഒഴുകുന്നു ഷാഹുൽ ഹമീദിന്റെ വരികൾ.

 

എസ്. ജാനകി പാടിയ ‘‘കറുകവരമ്പത്ത്...’’ എന്നു തുടങ്ങുന്ന പാട്ടും ഷാഹുൽ ഹമീദ് തന്നെയാണ് എഴുതിയത്. ‘‘കറുകവരമ്പത്ത് കൈതപ്പൂ കണ്ടെന്റെ/ കരളില് കൊതിച്ചതു നേരായി.../ പുന്നാരം ചൊല്ലി പുളകങ്ങൾ തന്നവൻ/ പൂത്താലിയണിയിക്കുമെന്നെ -പൊന്നിൻ/ പൂത്താലിയണിയിക്കുമെന്നെ...’’

സി.ഒ. ആന്റോ പാടിയ ‘‘പണ്ടു പണ്ടൊരു മുത്തപ്പായ്ക്കുണ്ടായൊരു പൂതി...’’ എന്ന ഗാനമാണ് ഷാഹുൽ ഹമീദ് എഴുതിയ മൂന്നാമത്തെ ഗാനം. ‘‘പണ്ടു പണ്ടൊരു മുത്തപ്പായ്ക്കുണ്ടായൊരു പൂതി/കൊച്ചീപ്പട്ടണം കാണുവാൻ/ കൊച്ചീപ്പട്ടണം കാണുവാൻ/ കെട്ട്യോള് തന്നുടെ അലുക്കത്ത് വിറ്റിട്ട്/ മൂപ്പരണഞ്ഞൊരു മൂവന്തിക്ക്’’ എന്നു തുടങ്ങുന്ന ഗാനം രസകരമാണ്.

‘‘കപ്പല് ആ തോണികൾ ചിങ്കളത്തി പെണ്ണുങ്ങൾ/മുത്തപ്പാ കണ്ട് അന്തം വിട്ടുപോയി... നമ്മടെ/ മുത്തപ്പാ കണ്ട് അന്തം വിട്ടുപോയി.../ പള്ളിക്കടുത്തുള്ള കുണ്ടനിടവഴിയിൽ/ കണ്ടുമുട്ടി ഒരു ഹൂറിയെ...’’ ഹൂറിയെ ബീടരാക്കിയതും മറ്റുമാണ് തുടർന്നുള്ള വരികളിൽ പറയുന്നത്. ‘അഴിമുഖം’ പരാജയമായില്ല. കുറഞ്ഞ ബജറ്റിൽ നിർമിച്ച ചിത്രം സാമാന്യവിജയം നേടി.

(തുടരും)

News Summary - weekly sangeetha yathrakal